Saturday, September 22, 2007

മനോഹരമായ ഒരു കാര്‍ട്ടൂണ്‍

കാര്യമായ എഴുത്തുകളൊന്നുമില്ലാതെ.. വ്യഗ്യമധുരമായി നമ്മുടെ രാഷ്ട്രീയത്തിന്റെ ദുരവസ്ഥയെ നമ്മുടെ മനസ്സിന്റെ പൂമുഖത്ത് നമ്മുടെ പാരംബര്യപൊങ്ങച്ചങ്ങളിലൂടെ പ്രകാശിപ്പിക്കുന്ന മാതൃഭൂമിയുടെ ഗോപീകൃഷ്ണന്റെ ഇന്നത്തെ (22-9-07)കാര്‍ട്ടൂണ്‍ ചിത്രകാരനു വളരെ ഇഷ്ടമായി. കരടിത്തോലായി വെളിയത്തിന്റെ കാല്‍ക്കീഴില്‍ കിടക്കുന്ന വീഎസ്സും, വേട്ടക്കാരനായ വെളിയത്തിന്റെ നാടന്‍ സംഭാഷണ ശകലത്തിലൂടെ പുറത്തുവരുന്ന കൂസലില്ലായ്മയും, വെളിയത്തിന്റെ വീരേതിഹാസങ്ങളുടെ പശ്ചാത്തലവും ദ്വനിപ്പിക്കുന്ന ഇന്നത്തെ രാഷ്ട്രീയത്തിന്റെ നല്ലൊരു കാര്‍ട്ടൂണ്‍ ചിത്രം.

ചുമരില്‍ പഴയ തറവാട്ടു പൂമുഖങ്ങളില്‍ ഒരു 30 കൊല്ലം മുന്‍പുവരെ സ്ഥനം പിടിച്ചിരുന്ന കാട്ടുപോത്തിന്റേയും,കലമാന്റേയും,പുലിയുടെയും തലകള്‍ , അന്നുണ്ടായിരുന്ന അതേ ഫ്രൈം സഹിതം ..... ഗോപീകൃഷ്ണന്‍ നമ്മുടെ ഓര്‍മ്മയിലേക്ക് തിരിച്ചുകൊണ്ടുവരുന്നു.
മനോഹരമായിരിക്കുന്നു.... ഗോപീകൃഷ്ണന്‍.

Wednesday, September 19, 2007

സൂഷ്മ ജീവികളായ മനുഷ്യര്‍


ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും മനുഷ്യന്റെ നിസ്സാരത, മനുഷ്യനു ബോധ്യപ്പെടാത്തത് എന്തുകൊണ്ടായിരിക്കും ??

മനുഷ്യന്‍ ചിത്രകാരന്‍ വിശേഷിപ്പിക്കുന്നതുപോലെ ഒരു സൂഷ്മ ജീവിയാണെന്ന് ആരും വിശ്വസിക്കണമെന്നു പറയുന്നില്ല.

എങ്കിലും, നാം ജീവിക്കുന്ന ഈ പ്രപഞ്ചത്തിന്റെ വിശാലത ഒന്നു വെറുതെ സങ്കല്‍പ്പിക്കനെങ്കിലും നാം മുതിരേണ്ടതല്ലേ ?!

അതുമല്ലെങ്കില്‍ പ്രപഞ്ചത്തിന്റെ അനന്തതയില്‍ ദ്രവ്യത്തിന്റെ സൂഷ്മ തരി മാത്രമായ ഭൂമിയുമായെങ്കിലും നമ്മുടെ ശരീരത്തിന്റെ വലിപ്പം താരതമ്യം ചെയ്ത് മനുഷ്യന്റെ നിസ്സാരത നമുക്കു ബോധ്യപ്പെടേണ്ടതല്ലേ ?!

ഇതിന്റെയൊക്കെ വ്യക്തമായ ചിത്രങ്ങള്‍ (ചിത്രം വലുതായി കാണാന്‍ ഇവിടെ ഞെക്കുക.) ശാസ്ത്രകാരന്മാര്‍ നമുക്കു പ്രാപ്യമായി നല്‍കിയിട്ടും , ചെറിയ ചെറിയ ജാതി-മതങ്ങളുടേയും , പീക്കിരി ദൈവങ്ങളുടേയും ദാസ്യത്തിനും, അവര്‍ നല്‍കുന്ന അടിമത്വത്തിന്റെ നുകത്തിനും കീഴില്‍ കൊന്നും കൊലവിളിച്ചും മൃഗസദൃശരായി ജീവിക്കുന്നതാണ് മഹത്തരമെന്നു കരുതുന്ന ഭൂരിപക്ഷം മനുഷ്യരുടേയും ബുദ്ധിമാന്ദ്യത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയായിരിക്കും ?
ജാതി-മതങ്ങളെയും , ദൈവങ്ങളേയും, നമ്മുടെ തിന്മകളേയും ന്യായീകരിക്കാനായി നാം ചിലവാക്കുന്ന ബുദ്ധികൊണ്ട് ഒരു പത്തുപ്രാവശ്യം ഇന്ത്യക്കാര്‍ക്കുപോലും ചന്ദ്രനില്‍ പോയി വരാന്‍ കഴിയും.
അതിലധികം ഊര്‍ജ്ജ്യം നാം നമ്മളിലെ തിന്മയെയും, അറിവില്ലായ്മയേയും പോറ്റാന്‍ ദുര്‍വിനിയോഗം ചെയ്യുന്നുണ്ടാകും.

Saturday, September 15, 2007

മാതൃഭൂമിയിലെ ചിത്രംആര്‍ട്ടിസ്റ്റ് മദനന്‍ ചിത്രകാരന്റെ സുഹൃത്താണ്. ഇരുപതു വര്‍ഷം മുന്‍പ് ചിത്രഭൂമിയില്‍ “പറയാനും വയ്യാ...“ എന്ന ഒരു ബാലിശ കാര്‍ട്ടൂണ്‍ പംക്തി വരച്ചിരുന്ന ചിത്രകാരന്‍ ചിത്രഭൂമിയുടെ സബ്എഡിറ്ററെ (അന്തരിച്ച എ.ജനാര്‍ദ്ദനന്‍) ഒന്നു നേരില്‍ കണ്ടുകളയാം എന്ന ഉദ്ദേശത്തില്‍ കോഴിക്കോട്ടെ മാതൃഭൂമി ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍ ഗൃഹലക്ഷ്മി എഡിറ്റര്‍ ഡോ. പി ബി ലല്‍ക്കാറാണ് ചിത്രകാരന് മാത്രുഭൂമിയുടെ പ്രശസ്തരായ ചിത്രകാരന്മാരെ പരിചയപ്പെടുത്തിത്തന്നത്.


സ്വന്തം അനുഭവത്തിന്റെ കടലിനുമുന്നില്‍ തുളച്ചുകയറുന്നകണ്ണുകളുമായി കാവലിരിക്കുന്ന ഋഷിതുല്യനായ അന്തരിച്ച എ എസ് നായര്‍ ആയിരുന്നു അന്ന് ചീഫ് ആര്‍ട്ടിസ്റ്റ്. തൊട്ടടുത്ത് ഇപ്പഴത്തെ ചീഫ് ആര്‍ട്ടിസ്റ്റുമാരായ പ്രസാദേട്ടനും,മദനനും. ഹൃദ്യമായ ആ പരിചയപ്പെടലിന്റെ ദൃശ്യങ്ങള്‍ ഇന്നും ചിത്രകാരന്റെ മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ട്. പിന്നീട് സ്വന്തം അമ്മയുടെ നിര്‍ബന്ധം സഹിക്കവയ്യാതെ ഫൈന്‍ ആര്‍ട്സ് കോളേജിലെ പഠനം ഉപേക്ഷിച്ച് മാതൃഭൂമിയില്‍ ട്രൈനിയായി കോഴിക്കോട് ജോലിചെയ്തപ്പോഴും ,അതിനുശേഷവും പലവുരു ആര്‍ട്ടിസ്റ്റ് മദനനെ ഒഫീസിലും,വീട്ടിലുമായി കണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിവാഹത്തിനും,തിരുവനതപുരത്തുവച്ചുനടന്ന ചിത്രകാരന്റെ വിവാഹത്തിനും കണ്ടിരിക്കുന്നു.


ഇത്രയും അടുത്ത സൌഹൃദം പുലര്‍ത്തുന്ന, അദ്ദേഹത്തിന്റെ കഴിവുകളെ വിസ്മയത്തോടെ നോക്കിനില്‍ക്കുന്ന ചിത്രകാരന്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നത് തെറ്റിദ്ധരിക്കപ്പെടരുത് എന്ന് ആത്മാര്‍ത്ഥമായ ആഗ്രഹത്താലാണ് മുകളില്‍ ഇത്രയധികം പഴമ്പുരാണം ആമുഖമായി എഴുതിയത്.


ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ ഒന്നാം പേജില്‍ വിനായകചതുര്‍ത്തി പ്രമാണിച്ച് പ്രസിദ്ധീകരിച്ച ചിത്രമാണ് ചിത്രകാരനെ പ്രകോപിപ്പിച്ചത്. ചിത്രകാരന്റെ കാഴ്ച്ചക്കുറവുകൊണ്ടാണോ എന്നറിയില്ല.,

ആദ്യം ഫോട്ടോയാണെന്നാണ് വിചാരിച്ചത്. പിന്നെ താഴെ മദനന്റെ ഒപ്പും, പെയിന്റിങ്ങ് :മദനന്‍ എന്ന അടിക്കുറിപ്പും.

രാവിലെത്തന്നെ വിഢിയാക്കപ്പെട്ടതുപോലെ !

എത്ര വിദഗ്ദമായാണ് ... അന്യൂനമായാണ് ശ്രീ മദനന്‍ ഈ ചിത്രം വരച്ചിരിക്കുന്നത് ! സത്യമായും ചിത്രകാരനു പ്രണമിക്കാന്‍ തോന്നും വിധം കലാകാരന്റെ ആത്മാത്ഥതയും, സര്‍ഗ്ഗസിദ്ധിയും,അദ്ധ്വാനവും സമ്മേളിച്ചിരിക്കുന്നു.


എന്നാല്‍,

പ്രിയ മദനന്‍ ... താങ്കള്‍ എന്തിന് ഈ ചിത്രം വരച്ചു ?

താങ്കള്‍ നോക്കി വരക്കാന്‍ ഉപയോഗിച്ചത് വിനായകന്റെ ഒരു ചന്ദന ശില്‍പ്പമോ, ശില്‍പ്പത്തിന്റെ ഒരു ഫോട്ടോ പ്രിന്റോ ആയിരിക്കാം. ഒരു ഡിജിറ്റല്‍ ക്യാമറകൊണ്ട് അഞ്ചുപൈസ ചിലവില്ലാതെ അഞ്ചുമിനിറ്റുകൊണ്ട് നടത്താമായിരുന്ന ഈ സംഗതിക്ക് താങ്കള്‍ വിനിയോഗിച്ച അഥവ പാഴാക്കിയ സിദ്ധി കണക്കാക്കുംബോള്‍ ചിത്രകാരനു തലകറക്കം അനുഭവപ്പെടുന്നു.

ശ്രീ മദനന്റെ അദ്ധ്വാനത്തെ എങ്ങിനെയാണ് ന്യായീകരിക്കുക ?

ഇതിനു പുറമേയാണ് ഈ ചിത്രം പ്രസിദ്ധീകരിക്കുന്നതിലൂടെ ജനത്തിനു നല്‍കുന്ന തെറ്റായ സന്ദേശം:


ചിത്രകാരനു പറയാനുള്ളത്:

പല്ലുപറിക്കാന്‍ ജെ സി ബി ഉപയോഗിക്കരുത് എന്നാണ്.

ചിത്രം എന്നാല്‍ കോപ്പി ചെയ്യലാണെന്നും, ചിത്രകാരന്‍ എന്നാല്‍ കോപ്പിചെയ്യുന്നതിലുള്ള വൈദഗ്ദ്യമാണെന്നും ജനം തെറ്റിദ്ധരിക്കുന്നത് ജനത്തിന്റെ പുരോഗതിയുടെ വഴിയില്‍ തെറ്റായ വഴികാട്ടികള്‍ സ്ഥാപിക്കുന്നതിനു തുല്യമാണെന്ന് ചിത്രകാരന്‍ കരുതുന്നു.


മദനന്‍ എന്ന ചിത്രകാരന്‍ അദ്ദേഹത്തിന് ഇഷ്ടമുള്ളതു വരക്കട്ടെ... ചിത്രകാരന് അതിലെന്തുകാര്യം എന്ന ന്യായവുമായി പലരും വരും എന്നുള്ളതുകോണ്ട് പറയട്ടെ.

ഒരു കലാകാരന് എന്തും വരക്കാം. പക്ഷേ അതു പൊതുജന മധ്യേ പ്രദര്‍ശിപ്പിക്കുന്നതോടെ അതു ജനങ്ങളുടെ കൂടി ആത്മാവിഷ്ക്കാരമായി മാറുന്നുണ്ട്. ജനങ്ങളുടെകൂടി ആത്മാവിഷ്ക്കാരമായി മാറാനും, ജനത്തെ നവീകരിക്കാനും കല ശ്രമിച്ചില്ലെങ്കില്‍ അതില്‍ ഇടപെടേണ്ട ബാധ്യത ജനത്തിനുണ്ട് . പ്രത്യേകിച്ച് കലയെക്കുറിച്ച് അറിയുന്നവര്‍ക്ക്.
ജനത്തെ നവീകരിക്കാത്ത കല സമൂഹത്തില്‍നിന്നും നിഷ്ക്കാസനം ചെയ്യപ്പെടേണ്ടത് സമൂഹത്തിന്റെ രാഷ്ട്രീയപരമായ ആവശ്യംകൂടിയാണ്.

മുകളില്‍ കൊടുത്ത ചിത്രത്തിന്റെ പേരില്‍ ചിത്രകാരന് അതു വരച്ച കലാകാരനേക്കാളും, അതു പ്രസിദ്ധീകരിച്ച പത്രധിപരോടാണ് പ്രതിഷേധമുള്ളത്.
കാരണം കേരളത്തിന്റെ ബോധമണ്ഡലത്തെ സ്വാധീനിക്കുകയും,നിയന്ത്രിക്കുകയും ചെയ്യുന്ന മാത്രുഭൂമി, മനോരമ തുടങ്ങിയ പത്രങ്ങളുടെ പത്രാധിപര്‍ക്ക് കേരളത്തിലെ ഭരണ പ്രതിപക്ഷ നേതാക്കളെക്കാള്‍ ഉയര്‍ന്ന സ്ഥാനം ജനമനസാക്ഷി കല്‍പ്പിച്ചു നല്‍കുന്നതിനാല്‍ അവരുടെ ഉത്തരവാദിത്വം വളരെ വളരെ പ്രധാനപ്പെട്ടതാണ്.
ഒരു ചിത്രം ചിത്രകാരനു വരുത്തിവക്കുന്ന മനക്ലേശം നോക്കണേ!!!!
സ്വന്തം ജോലിത്തിരക്കുകാരണം ഈ വിഷയം കുറെക്കൂടി ഗ്രാഹ്യമായ രീതിയില്‍ എഴുതാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു. തണുത്തുപോകാതിരിക്കാന്‍ അക്ഷമയോടെ എഴുതിയ ഈ പൊസ്റ്റ് ചൂടോടെ പൊസ്റ്റുന്നു.


Thursday, September 13, 2007

കൊതുകിനെ കൊല്ലാന്‍...


ചിക്കുന്‍ ഗുനിയയുടേയും, കൊതുകു പരത്തുന്ന മറ്റു രോഗങ്ങളുടേയും ഭീതിക്കിടയില്‍ കൊതുകുശല്യമില്ലാതെ സുഖമായുറങ്ങാന്‍ ചൈനക്കാരുടെ ഈ ഇലക്ക്ട്രിക്ക് ബാറ്റ് നല്ലൊരു അനുഗ്രഹമാണ്. വൈകുന്നേരം അഞ്ചുമിനിട്ടുവീതം ഓരോ റൂമിലൂടെയും ഒന്നു നടന്നാല്‍ കൊതുകിന്റെ ശല്യമില്ലാതെ ഉറങ്ങാം. റീചാര്‍ജ്ജ് ചെയ്യുന്ന ബറ്ററിയാല്‍ പ്രവര്‍ത്തിക്കുന്നതായതിനാല്‍ കറന്റുള്ള എല്ലാ വീട്ടിലും കൊതുകിനെ നശിപ്പിക്കാന്‍ കാര്യമായ ചിലവൊന്നും ഇല്ല. നൂറു രൂപയാണ് ഈ ചൈനീസ് ഉപകരണത്തിന്റെ മാര്‍ക്കറ്റ് വില. ചിലര്‍ 130 വാങ്ങിയെന്നിരിക്കും. റീചാര്‍ജ്ജ് ചെയ്യാനാകാത്ത ബാറ്ററിയുള്ള ഇന്ത്യന്‍ ബാറ്റിന് 300 രൂപ വിലയുണ്ടത്രേ. എന്തായാലും ചിത്രകാരന്‍ ഒരു മാസമായി കൊതുകിനെകൊല്ലാന്‍ ഈ ഉപകരണം ഉപയോഗിക്കുന്നു. നല്ല അഭിപ്രായമാണ് ഉള്ളത്. വീണു പൊട്ടിപ്പൊകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നുമാത്രം. ഇതിന്റെ ഏജന്‍സിയോ, കമ്മീഷനോ ലഭിക്കുന്നതുകൊണ്ടല്ല ഈ വിവരം ബ്ലൊഗിലിടുന്നത്. കൊതുകിനെക്കുറക്കാന്ഉള്ള മാര്‍ഗ്ഗങ്ങള്‍ എല്ലാവരും നടത്തണമല്ലോ.
ലളിതമായ സാങ്കേതികവിദ്യകൊണ്ടു പ്രവര്‍ത്തിക്കുന്ന പൊതുജനോപകാരപ്രദമാകുന്ന ഇത്തരം ഉപകരണങ്ങള്‍ നമ്മുടെ നാട്ടില്‍ കണ്ടുപിടിക്കാനും, നിര്‍മ്മിക്കാനും ആര്‍ക്കും തോന്നുന്നില്ലല്ലോ എന്നൊരു ആത്മഗതം കൂടി ബാക്കിനില്‍ക്കുന്നു.

Wednesday, September 12, 2007

ഹനുമാന്മാര്‍ വഴിതടയുന്നു !!


രാമായണം നശിച്ച ഒരു പുരാണ ഗ്രന്ഥമാണെന്ന് ഇന്ന് ചിത്രകാരന്‍ മനസ്സിലാക്കി. ഇന്ത്യക്കാരനെ കുരങ്ങന്മാരാക്കുന്ന തിന്മയുടെ വേദ പുസ്തകം തന്നെയാണ് രാമായണം. സ്ത്രീയെ ഏതുകാട്ടിലും ഉപേക്ഷിക്കാനും, നന്മയുള്ള മനുഷ്യരെ ചതിച്ചുകൊല്ലുന്നതിനും ന്യായീകരണം നല്‍കുന്ന ഈ നശിച്ച ആദികാവ്യം ഇന്ത്യക്കാരന്റെ ബുദ്ധിയെ മരവിപ്പിക്കുന്ന വിഷസാഹിത്യം തന്നെയാണ്. അതിലെ സാഹിത്യ ഭംഗികളൊന്നുംതന്നെ മാനുഷിക നന്മക്കുമുന്നില്‍ സൌന്ദര്യമായി പുകഴ്ത്തപ്പെടുവാന്‍ യോഗ്യമല്ലാത്തതുമാണ്.

ചിത്രകാരന് രാമായണത്തോട് പെട്ടെന്ന് ഇത്ര അരിശം തോന്നാന്‍ കാരണം ഇന്നു രാവിലെ 8 മണിമുതല്‍ 11 മണീവരെ രാമേശ്വരം രാമ സേതു രക്ഷാസമിതിയുടെ നേതൃത്വത്തില്‍ വഴിതടയല്‍ സമരം നടക്കുന്നതിനിടയില്‍ ചിത്രകാരനും കുറച്ചു കഷ്ടപ്പെടേണ്ടിവന്നു. ഇതെഴുതുംബോഴും ഹിന്ദു വാനരന്മാര്‍ വഴിയില്‍ നാലു പ്ലക്കാര്‍ഡുകളും പിടിച്ച് നാഷണല്‍ ഹൈവെയും ചെറുറോഡുകളും തടസ്സപ്പെടുത്തുന്നത് വിജയിപ്പിച്ചുകോണ്ടിരിക്കുന്നു. നമ്മുടെ പോലീസ് ഈ മാക്രികളെ പിടിച്ച് അറസ്റ്റു ചെയ്തുനീക്കാതെ ഇതികര്‍ത്തവ്യമൂഡരായി നോക്കിനില്‍ക്കുന്നു.

സമരം ചെയ്യുന്നതും, വഴിതടയുന്നതും നമ്മുടെ നാട്ടില്‍ പൌരാവകാശത്തില്‍ ഏറ്റവും മഹനീയമായ മാനുഷിക അവകാശമായി ഉള്‍പ്പെടുത്തിയിരിക്കുന്ന പൊതുജന ബോധത്തിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍!!! (#&*+?+?#?*?%%#!!!!! )

രാമേശ്വരത്തെ കപ്പല്‍ ചാല്‍ നിര്‍മ്മാണത്തിനെതിരെ ഒരു നശിച്ച ഗ്രന്ഥത്തിലെ കുട്ടിക്കഥ ഉയര്‍ത്തിക്കാട്ടി ഇന്ത്യന്‍ വികസനത്തിന് എതിരുനില്‍ക്കുന്ന മന്ദബുദ്ധികളായ മര്‍ക്കടന്മാരെ പാര്‍പ്പിക്കാന്‍ നമ്മുടെ നാട്ടില്‍ ധാരാളം മാനസ്സികാരോഗ്യകേന്ദ്രങ്ങള്‍ കൂടി ആവശ്യമായിരിക്കുന്നു. ധാരാളം മനശ്ശാസ്ത്രവിദഗ്ദരും, ബോധമുള്ള രാഷ്ട്രീയപ്രവര്‍ത്തകരും.

Monday, September 3, 2007

എക്സിബിഷന്‍ ഉദ്ഘാടനം


1993ല്‍ നടത്തിയ ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടന ഫോട്ടോകൂടിയായാല്‍ ഈ ബ്ലൊഗ് ബൂലോകത്തിനു സമര്‍പ്പിച്ച് ചിത്രകാരന് മാറിനില്‍ക്കാനാകുമെന്നു കരുതുന്നു.
പ്രശസ്ത നോവലിസറ്റ് ശ്രീ. സിവി.ബാലകൃഷ്ണന്‍ പെയിന്റിങ്ങ് എക്സിബിഷന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു. സമീപം കാര്‍ട്ടൂണിസ്റ്റ് പിവി.കൃഷ്ണന്‍, മാത്രുഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ രവിന്ദ്രനാദ്, ന്യൂസ് എഡിറ്റര്‍ എന്‍പി.രാജേന്ദ്രന്‍, റീജണല്‍ മാനേജര്‍ രവീന്ദ്രന്‍ എന്നിവരും മറ്റു ബന്ധുമിത്രാധികളും, ... ഫ്ലാഷ് ലൈറ്റടിച്ച് ചിത്രകാരനും.
1993ല്‍ സെപ്തംബര്‍ 28,29,30 ദിവസങ്ങളിലായിരുന്നു പ്രദര്‍ശനം എന്നാണ് ഓര്‍മ്മ.

Saturday, September 1, 2007

ബോം‌മ്പേന്തിയ മനുഷ്യന്‍-man with a bomb


കണ്ണൂരിലെ ബോംബു രാഷ്ട്രീയം ചിത്രകാരനെക്കോണ്ട് വരപ്പിച്ച ചിത്രം. ഓയില്‍ പെയിന്റിങ്ങ്.,കാന്‍‌വാസ്.

1993ല്‍ കണ്ണൂരില്‍ വച്ച് വരച്ച ചിത്രം. പുലര്‍ച്ചെ മൂന്നുമണിക്ക് ഒരു ബോധോധയത്തില്‍‌നിന്നെന്നപോലെ ... എണീറ്റിരുന്നു വരച്ചതിന്റെ ഓര്‍മ്മ ഇപ്പഴും മനസ്സില്‍ രസം നിറക്കുന്നു. പകല്‍ ഈ കാന്‍‌വാസില്‍ മറ്റൊരു ചിത്രത്തിന്റെ ഔട്ട് ലൈന്‍ ഇട്ടുവച്ചിരുന്നതാണ്. ഓയിലില്‍ കുതിര്‍ന്നുകിടന്ന ആ കറുത്ത വരകള്‍ കോട്ടണ്‍ വേസ്റ്റ് കൊണ്ട് തുടച്ച്കളഞ്ഞ് ബോം‌മ്പേന്തിയ മനുഷ്യന്റെ ഔട്ട് ലൈന്‍ വരച്ചുതീര്‍ത്തപ്പോള്‍... ഒരു പ്രസവസുഖം !!