Saturday, February 5, 2011

തലശ്ശേരി അണ്ടല്ലൂര്‍ കാവ് ഉത്സവം

2011ലെ അണ്ടല്ലൂര്‍ കാവ് ഉത്സവം ഈ ഫെബ്രുവരിമാസമാണ്. കഴിഞ്ഞവര്‍ഷം ചിത്രകാരന്‍ അണ്ടല്ലൂര്‍ കാവ് ഉത്സവത്തെക്കുറിച്ച് കേട്ടറിഞ്ഞ് നേരില്‍ കാണുകയുണ്ടായി. സന്ദര്‍ശനം രാത്രിയായിരുന്നു. അസാധാരണമായ ഒരു ഉത്സവമായി അനുഭവപ്പെട്ടു. ഏക്കറുകണക്കിനു സ്ഥലത്തായി പരന്നുകിടക്കുന്ന കാവും അതിന്റെ ഉത്സവ പറമ്പുകളും സാമൂഹ്യ ശാസ്ത്രത്തിന്റെ ഭൂതകാലത്തിന്റെ ഒരു ഖനിതന്നെ സൂക്ഷിച്ചു വച്ചിരിക്കുന്നു. ഒരു നാടു മുഴുവന്‍ ഉത്സവത്തിന്റെ ഹൃദയ സ്പന്ദനങ്ങള്‍ക്കനുസരിച്ച് അണിഞ്ഞൊരുങ്ങുകയും
അതിന്റെ ഭാഗമായി നിറഞ്ഞാടുകയും ചെയ്യുന്ന അസാധാരണ ലോകമാണ് അണ്ടല്ലൂര്‍ കാവ് ഉത്സവ സീസണില്‍ സംജാതമാകുന്നത്. ഈ കാലയളവില്‍ ഇവിടങ്ങളിലെ വീടുകളെല്ലാം അണിഞ്ഞൊരുങ്ങും. വീട്ടില്‍ സ്വന്തം പ്ലാവില്‍ ചക്കയുണ്ടായാല്‍ പോലും ആര്‍ക്കും അവ വെട്ടി ഉപയോഗിക്കാന്‍ അധികാരമില്ല. ചക്കവെട്ട് എന്ന ചടങ്ങ് അണ്ടല്ലൂര്‍ കാവ് തറവാട്ടില്‍ നടന്നതിനു ശേഷം മാത്രമേ ജനം ചക്ക വെട്ടുകയുള്ളു. അതുപോലെ ഉത്സവകാലത്ത് കണ്ണൂര്‍ക്കാര്‍ക്ക് ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാകാത്ത മത്സ്യം ഒരു വീട്ടിലും പാചകം ചെയ്യുന്നതല്ല. ഉത്സവം തീര്‍ന്ന്, പ്രത്യേക അവകാശാധികാരങ്ങളുള്ള മുക്കുവ സ്ത്രീ അണ്ടല്ലൂര്‍ തറവാട്ടു കാരണവര്‍ക്ക് മത്സ്യം കാഴ്ച്ചവക്കുന്നതുവരെ ആരും മത്സ്യം ഉപയോഗിക്കില്ല. തറവാട് കേന്ദ്രീകൃതമായി കേരളത്തില്‍ നിലവിലുണ്ടായിരുന്ന പ്രാദേശിക ഭരണ ക്രമത്തിന്റെ അവശേഷിക്കുന്ന തെളിവുകൂടിയാണ് അണ്ടല്ലൂര്‍ കാവും ഈ ജന സമൂഹവും.സ്ഥലത്തെ എല്ലാ ജാതി മതസ്തര്‍ക്കും അണ്ടല്ലൂര്‍ കാവിന്റെ ഉത്സവ ചടങ്ങുകളില്‍ തങ്ങളുടേതായ ഉത്തരവാദിത്വങ്ങളും ചുമതലകളും അവകാശങ്ങളുമുണ്ട്.ഇവിടെ കണ്ട തീപന്തങ്ങളുടെ പ്രത്യേകത ആദ്യമായാണ് കാണുന്നത്. കാവിലെ മരങ്ങളുടെ സ്വാഭാവിക വളര്‍ച്ചയും പ്രാധാന്യവും കണ്ടറിയേണ്ടതു തന്നെയാണ്. ഉത്സവകാലത്ത് അണ്ടല്ലൂര്‍ പ്രദേശത്ത് എത്തിപ്പെടുന്നവര്‍ക്ക് ഏതു വീട്ടില്‍ നിന്നും ഒരേയൊരു ഭക്ഷണമായിരിക്കും ലഭിക്കുക.അവില്‍ പഴം തുടങ്ങിയ വിഭവങ്ങളടങ്ങിയ അണ്ടല്ലൂര്‍ കാവിലെ ദൈവത്താറുകളുടെ പ്രസാദം. പഠിക്കപ്പെടേണ്ട ഒട്ടേറെ സാമൂഹ്യശാസ്ത്ര പ്രാധാന്യമുള്ള ഈ കാവിലെ കഴിഞ്ഞ വര്‍ഷത്തെ ഉത്സവ ചിത്രങ്ങള്‍ താഴെ പോസ്റ്റുന്നു. ഈ വര്‍ഷത്തെ ഉത്സവ സമയത്തിനു മുന്‍പുള്ള പകല്‍ ചിത്രങ്ങള്‍ കൂടി താഴെ ചേര്‍ക്കുന്നതാണ്.കാവിനെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാന്‍ ആ കാഴ്ച്ചകള്‍ കൂടി ഉപകാരപ്പെടും. ചിത്രകാരന്‍ ഒരു ഭക്തനോ വിശ്വാസിയോആയല്ല അണ്ടല്ലൂര്‍ കാവിനെ നോക്കിക്കാണുന്നത്. ബ്രാഹ്മണ ഹിന്ദുമതത്തിന്റെ ആരംഭത്തിനും മുന്‍പുള്ള നമ്മുടെ സമൂഹത്തിന്റെ പ്രാചീന ചരിത്രം അണ്ടല്ലൂര്‍ കാവുപോലുള്ള സ്ഥലങ്ങളില്‍ നിന്നും വേര്‍ത്തിരിച്ചെടുക്കാമെന്ന് പ്രതീക്ഷിക്കാം.
ഇത്രയും ചരിത്ര പ്രാധാന്യമുള്ള അണ്ടല്ലൂര്‍ കാവിലെ ഉത്സവ വിശേഷങ്ങള്‍ മാതൃഭൂമി കലണ്ടറില്‍ ഇല്ലെന്നത്... അത്ഭുതകരമാണ്.പുലയന്‍,ബ്രാഹ്മണന്‍,വണ്ണാന്‍,വണ്ണാത്തി,മുക്കുവന്‍,നായര്‍,മുസ്ലീം,തച്ചന്‍,
വാണിയന്‍,മലയന്‍,കാവുതിയ്യന്‍,കുശവന്‍,മുകയന്‍,തട്ടാന്‍,കൊല്ലന്‍,കണിയാന്‍ തുടങ്ങിയ എല്ലാ ജാതി മതസ്തര്‍ക്കും ഉത്സവ നടത്തിപ്പിന്റെ ചുമതലയുള്ള അണ്ടല്ലൂര്‍ കാവില്‍ തിക്കല്‍ എന്നൊരു ആയോധന പ്രാധാന്യമുള്ള ചടങ്ങുണ്ട്. ബനിയന്‍ പോലുള്ള പ്രത്യേക വേഷം ധരിച്ചാണ് തിക്കിത്തിരക്കാനുള്ള യുവാക്കള്‍ എത്തിച്ചേരുക. തിക്കല്‍ കാണാന്‍ സ്ത്രീകള്‍ക്ക് മാത്രം ഇരിക്കാവുന്ന ഗ്യാലറിപോലുള്ള പന്തല്‍ കാവില്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്ഥലത്തെ ഒരു തിയ്യ തറവാട്ട് കാവായി തുടര്‍ന്നിരുന്ന അണ്ടല്ലൂര്‍ കാവ് ഇപ്പോള്‍ ഒരു ട്രസ്റ്റിന്റെ ഭരണത്തിന്‍ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കാവിന്റെ പുരോഹിതരും സ്ഥാനികരും തിയ്യരാണ്.സ്ഥാനികനായ ഊരാളനെ പാനോളി അച്ഛന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.ബ്രാഹ്മണ തന്ത്രി കാവില്‍ കയറിക്കൂടിയിട്ടുണ്ടെന്നതിനാല്‍ കാവിനെ രാമായണ കഥയുമായി ബന്ധിപ്പിച്ച് ഹിന്ദുമതത്തിലേക്ക് വിഴുങ്ങി ലയിപ്പിക്കാനുള്ള കള്ളക്കഥകള്‍ പുരാണങ്ങളായി ഇവിടെ ബ്രാഹ്മണ ഉപജാപങ്ങളിലൂടെ പ്രചരിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ഹിന്ദു മതത്തിനും,ബുദ്ധമതത്തിനും മുന്‍പുള്ള മലയന്മാരുടെയും,വണ്ണാന്മാരുടേയും ദൈവസംങ്കല്‍പ്പങ്ങളുടെ ഭാഗമായുള്ള സാംസ്ക്കാരികതയായിരിക്കണം അണ്ടല്ലൂര്‍ കാവില്‍ നാമാവശേഷമാകാതെ നിലനില്‍ക്കുന്നതെന്ന് ചിത്രകാരന്‍ കരുതുന്നു.ഡോക്റ്റര്‍ സഞ്ജീവന്‍ അഴീക്കോട് എഴുതിയ തെയ്യത്തിലെ ജാതിവഴക്കം എന്ന ഗവേഷണഗ്രന്ഥത്തിലെ ഒരു ടേബിള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. രാജാക്കന്മാരിലുപരി കേരളം ഭരിച്ചിരുന്ന തറാവാട് വ്യവസ്ഥിതിയിലേക്ക് വെളിച്ചം വീശുന്നതാണ് ജാതി വഴക്കത്തിന്റെ ആ ഡയഗ്രം.
അണ്ടല്ലൂരിന്റെ സാമൂഹ്യ ശാസ്ത്രത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു ഡയഗ്രാം


2010ലെ അണ്ടല്ലൂര്‍ കാവ് ഉത്സവപ്പറമ്പ്
പ്രകൃതിയും മനുഷ്യനും ഒരുമിച്ച് ഉത്സവം ആഘോഷിക്കുകയാണ്

ഉത്സവത്തിന്റെ ഭാഗമായുള്ള തിക്കലില്‍ പങ്കെടുക്കുന്ന മൂന്നു ചെറുപ്പക്കാരെ വലതുവശത്തു കാണാം
അണ്ടല്ലൂര്‍ കാവില്‍ മാത്രം കാണപ്പെടുന്ന പ്രത്യേക തരം പന്തങ്ങള്‍ കുളത്തോടു ചേര്‍ന്ന് 
സജ്ജമാക്കി വച്ചിരിക്കുന്നു
ഘോഷയാത്രക്ക് ഉപയോഗിക്കാനുള്ള പന്തങ്ങളില്‍ എണ്ണയൊഴിക്കുന്ന ചെറുപ്പക്കാരന്‍

കുറച്ചൊന്നുമല്ല പന്തങ്ങള്‍ !
ഉത്സവ പറമ്പില്‍ ഓടക്കുഴല്‍ വില്‍ക്കുന്ന കച്ചവടക്കാരന്‍....
ഏത് ഉത്സവത്തിന്റേയും മുഖലക്ഷണങ്ങള്‍.
ഹൈഡ്രജന്‍ നിറച്ച ബലൂണുകള്‍
ഉത്സവ പറമ്പില്‍ കായ്ച്ചു നില്‍ക്കുന്ന ഹൈഡ്രജന്‍ അപ്പിളുകള്‍

2011 ജനുവരി 23 ന് എടുത്ത അണ്ടല്ലൂര്‍ കാവിലെ
പകല്‍ ദൃശ്യങ്ങള്‍ താഴെ കൊടുക്കുന്നു
മെയിന്‍ കാവില്‍ നിന്നും കുറെ അകലെയുള്ള ഉത്സവ തറകള്‍
തെയ്യത്തിന് ഇരിക്കാനുള്ള ഇരിപ്പിടം
വിശാലമായ മൈതാനങ്ങളും പച്ചപ്പുമാണ് കാവിന്റെ ശരീരം

ചമ്പകം എന്ന് കണ്ണൂര്‍ ഭാഗങ്ങളില്‍ വിളിക്കപ്പെടുന്ന കള്ളി മരങ്ങള്‍
ഉത്സവ പറമ്പുനിറയെ നൃത്തം ചെയ്യുകയാണ്.


കള്ളിമരങ്ങളുടെ നൃത്തം ചിത്രകാരനെ എന്നും ആകര്‍ഷിക്കുന്ന പ്രകൃതിയുടെ 
നൈസര്‍ഗ്ഗീക ശില്‍പ്പഭംഗിയാണ്... കണ്ടു നിന്നു പോകും.

ഒരു തുഗ്ലക്ക് പരിഷ്ക്കാരം പോലെ ......
കോണ്‍ക്രീറ്റുകൊണ്ട് അവലക്ഷണ മണ്ഡപം നിര്‍മ്മിച്ചു വച്ചിരിക്കുന്നു.
ഉത്സവ പറമ്പ്

നാഗക്കാവ്
കാവിന്റെ അക്ഷരമാലതന്നെ സര്‍പ്പക്കാവില്‍ നിന്നുമാണ് ഉത്ഭവിക്കുന്നത്.

കുളത്തിനു സുരക്ഷാ ചുറ്റുമതില്‍
കണ്ണൂരിലെ കുളങ്ങള്‍ക്കെല്ലാം അക്കങ്ങള്‍ പിഴക്കാത്ത നിശ്ചിത രൂപഭംഗിയുണ്ട്

കാവിന്റെ കേന്ദ്രഭാഗം
ശ്രീകോവിലെന്ന് പറഞ്ഞ് അപമാനിക്കേണ്ട. ശ്രീകോവിലുകളെല്ലാം ഉത്ഭവിക്കുന്നതിനു മുന്നെയുള്ള 
ദേവസ്ഥാനങ്ങളെക്കുറിച്ച് സങ്കല്‍പ്പങ്ങളാണ് കാവുകളുടേത്
ദൈവത്താറിന്റെ നിലപാടു തറയാണെന്നു തോന്നുന്നു.
രഹസ്യങ്ങളും, മന്ത്രങ്ങളും, തന്ത്രങ്ങളും, സ്വര്‍ണ്ണം പൊതിഞ്ഞ ഭക്തിപ്രകടനവുമില്ലാത്ത
 കാവിന്റെ സ്വതന്ത്രമായ മടിത്തട്ട്
സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഇരുന്ന് തിക്കല്‍ കാണാവുന്ന പന്തലുപോലുള്ള ചെറിയ ഗ്യാലറികള്‍
 ചുറ്റും ജനം തങ്ങാളുടേ സംഭാവനയായി പണി കഴിപ്പിച്ച് നല്‍കിയിരിക്കുന്നു.

ദൈവ വേഷധാരിക്ക്(തെയ്യത്തിന്) ഇരിക്കാനുള്ള പ്രത്യേക പീഠം
കാവിലെ പരിപാലകരിലൊരാള്‍
കാവിന്റെ ഐശ്വര്യമായ ഒരു നാടന്‍ ചായക്കട. കപ്പ ബാജി ബെസ്റ്റ് !!
ഉത്സവത്തിനുള്ള കുശവരുടെ സമര്‍പ്പണവും കച്ചവടവും ഉദ്ദേശിച്ച് ഉത്സവം തുടങ്ങുന്നതിനു മുന്നേ എത്തിച്ചേര്‍ന്നതാണെന്നു തോന്നുന്നു മണ്‍പാത്രങ്ങള്‍


പ്രവേശന കവാടം.

Tuesday, February 1, 2011

നാടിന്റെ മാനം കാക്കുന്ന കോടതി വിധി

ബുദ്ധിമാന്ദ്യം അനുഭവിക്കുന്ന നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെയും സര്‍ക്കാരിന്റേയും പരാധീനത കാരണം കൈവിട്ടുപോകുമായിരുന്ന നാടിന്റെ സ്വത്ത് ഹൈക്കോടതിയുടെ സുപ്രധാന വിധിയിലൂടെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കപ്പെടുമെന്ന് അറിയാനായതിനാല്‍ ചിത്രകാരന്‍ ഏറെ സന്തോഷിക്കുന്നു. തിരുവനന്തപുരം ശ്രീ പദ്മനാഭക്ഷേത്രം തിരുവിതാംകൂറിലെ ശൂദ്രരാജകുടുംബത്തിന്റെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ച് സ്വകാര്യ സ്വത്താക്കിക്കൊള്ളുവാന്‍ താണുകേണ് അപേക്ഷിച്ച് ഓച്ഛാനിച്ചു നിന്ന കേരള സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധവും നിരുത്തരവാദപരവും കുറ്റകരവുമായ നിലപാടിനെതിരെ തിരുവനന്തപുരം സ്വദേശിയുംഅഭിഭാഷകനുമായ സുന്ദരരാജന്‍ നല്‍കിയ ഹര്‍ജിയില്‍ വിശദമായ വാദം കേട്ടാണ് കേരള ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അഡ്വക്കേറ്റ് സുന്ദരരാജനോടും, കേരള ഹൈക്കോടതിയോടും നാടിനുവേണ്ടിയുള്ള ജാഗ്രതയുടെപേരില്‍ കേരളം കൃതജ്ഞത അറിയിക്കെണ്ടിയിരിക്കുന്നു.
കരിംങ്കല്ലില്‍ തീര്‍ത്ത ഒട്ടേറെ അത്ഭുതകരമായ കരവിരുത് പ്രകടിപ്പിക്കുന്ന ശില്‍പ്പങ്ങളുള്ള ശ്രീ പത്മനാഭ ക്ഷേത്രം ചിത്രകാരന്‍ വളരെ ഇഷ്ടപ്പെടുന്നു. തിരുവനന്തപുരം ഗവ.ഫൈന്‍ ആര്‍ട്സ് കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെയും, തുടര്‍ന്ന് മാതൃഭൂമിയുടെ കോട്ടക്കകത്തുണ്ടായിരുന്ന യൂണിറ്റില്‍ ജോലിചെയ്തുകൊണ്ടിരിക്കുംബോഴും നേരില്‍ കണ്ട് ചിത്രകാരന്‍ മനസ്സില്‍ താലോലിച്ചു കൊണ്ടിരുന്ന ക്ഷേത്രമാണ് ശ്രീപത്മനാഭ ക്ഷേത്രം. പലതവണ അതിലെ ഒറ്റക്കല്‍ മണ്ഢപത്തില്‍ കയറി ശില്‍പ്പസൌന്ദര്യം ഹൃദയത്തിലേക്കും പേപ്പറിലേക്കും ഒപ്പിയെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിനകത്തെ തണുപ്പും ശില്‍പ്പങ്ങളുടെ സൌന്ദര്യവും ഒരോ മലയാളിയും ജീവിതത്തില്‍ അനുഭവിക്കേണ്ടതായ പൈതൃകാഭിമാനമാണ്. അവ അതിന്റെ ചരിത്ര പശ്ചാലത്തോടെ (ബ്രാഹ്മണരും,സവര്‍ണ്ണ മൂരാച്ചികളും പ്രചരിപ്പിക്കുന്ന കള്ളക്കഥകളുടെ പശ്ചാത്തലമല്ല) ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്ന വിധം എക്കാലവും സംരക്ഷിക്കപ്പെടേണ്ടതാണ്. ചരിത്ര പഠിതാക്കള്‍ക്കും, സാമൂഹ്യശാസ്ത്ര തല്‍പ്പരര്‍ക്കും, കലാകാരന്മാര്‍ക്കും ഹൃദയത്തിലാവാഹിക്കാനായി പരിരക്ഷിക്കേണ്ട അമൂല്യ് നിധിയാണ് ശ്രീപത്മനാഭ ക്ഷേത്രം. ഒട്ടേറെ ചരിത്ര രേഖകളും അമൂല്യ സൂക്ഷിപ്പുകളുമുള്ള ക്ഷേത്രത്തെ ഓരോ കേരളീയന്റേയും, ദക്ഷിണേന്ത്യക്കാരന്റേയും, ഇന്ത്യക്കാരന്റേയും,ലോകമാനവികതയുടേയും പൈതൃക സ്വത്തായി കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.
നായന്മാരും പട്ടന്മാരുമല്ലാത്ത ഭൂരിപക്ഷം വരുന്ന അവര്‍ണ്ണ ജനങ്ങളില്‍ നിന്നും മുലക്കരമടക്കമുള്ള മനുഷ്യത്വ രഹിത കര-കൊള്ള-പിടിച്ചുപറി നടത്തിയും, ക്ഷേത്ര-നിരത്ത്-കൊട്ടാര നിര്‍മ്മാണങ്ങള്‍ക്കടക്കം ഈഴവരേയും സുറിയാനി കൃസ്ത്യാനികളെ അടക്കമുള്ള എല്ല അവര്‍ണ്ണജനങ്ങളേയും ഊഴിയം എന്ന പ്രതിഫല രഹിത നിര്‍ബന്ധിത അടിമ ജോലിയിലൂടെ നിര്‍മ്മിച്ചെടുത്തിരിക്കുന്നതുമായ ഈ പൈതൃക സ്വത്തുകള്‍ ജീവിതത്തിലിന്നെവരെ അദ്ധ്വാനിച്ചിട്ടില്ലാത്ത ഇത്തിക്കണ്ണികളായ അല്ലെങ്കില്‍ പ്രാദേശിക കൊള്ളക്കാരായിരുന്ന രാജാക്കന്മാരുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിക്കാനുള്ളതല്ല. കവടിയാര്‍ രാജ കൊട്ടാരമടക്കമുള്ള എല്ലാ പൈതൃക സ്വത്തുക്കളില്‍ നിന്നും രാജാവകാശത്തിന്റെ ആനത്തഴംബ് തിരുമ്മിയിരിക്കുന്ന ഇത്തിക്കണ്ണികളെ കുടിയൊഴിപ്പിക്കേണ്ടതാകുന്നു എന്നാണ് ചിത്രകാര മതം.
അതിനായി ജനകീയ സര്‍ക്കാരിനും, രാഷ്ട്രീയക്കാര്‍ക്കും കുറച്ച് ചരിത്രബോധവും സാമൂഹ്യ ശാസ്ത്ര അറിവും ഉണ്ടാകേണ്ടിയിരിക്കുന്നു. അഡ്വക്കേറ്റ് സുന്ദരരാജന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

ഇപ്പോള്‍ (2.2.10)കൂട്ടിച്ചേര്‍ക്കുന്നത് :
അറിവില്ലായ്മയുണ്ടാക്കുന്ന മുന്‍‌വിധിയില്‍ ഉറങ്ങുന്നവരാണ് മലയാളികള്‍. നമുക്ക് എല്ലാം അറിയാം എന്ന് നാം അഭിമാനിക്കുന്നു. എന്നാലൊന്നും അറിയുകയുമില്ല. ഒരു ക്ഷേത്രം, ഒരു പള്ളി എന്നതൊക്കെ വിശ്വാസത്തിന്റെ ഭാഗമായ ഒരിടം എന്നതില്‍ കവിഞ്ഞ് , അവയെ ചരിത്രത്തിന്റേയും സംസ്ക്കാരത്തിന്റേയും കലയുടേയും ശേഷിപ്പുകളായി തിരിച്ചറിയാനൊന്നും നാം മിനക്കെടാറില്ല. നമുക്ക് ആകെ അറിയുന്നത് അവിടെ കുമിഞ്ഞുകൂടുന്ന ധനത്തിന്റെമൂല്യത്തെക്കുറിച്ചു മത്രമാണ്. ലജ്ജാവഹമാണ് നമ്മുടെ വിദ്യാസമ്പന്നരുടേയും, പുരോഗമനവാദികളുടേയുമടക്കമുള്ള ബോധനിലവാരം.
തിരുവനന്തപുരം ശ്രീപദ്മനാഭക്ഷേത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ താരതമ്യമൂല്യത്തിലധിഷ്ഠിതമായ സാധാജനങ്ങളുടെ കാഴ്ച്ചപ്പാടിലൂടെത്തന്നെ നമുക്ക് നോക്കാം.
കേരളത്തിലെ ഏറ്റവും പ്രശസ്തവും നിന്നു തിരിയാന്‍ ഇടമില്ലാത്തതുമായ ക്ഷേത്രങ്ങളായ ഗുരുവായൂര്‍, ശബരിമല ക്ഷേത്രങ്ങളുമായി പദമനാഭ ക്ഷേത്രത്തെ താരതമ്യം ചെയ്യുകയാണെങ്കില്‍ അവ പദ്മനാഭ ക്ഷേത്രത്തിന്റെ നൂറിലൊന്നുപോലും വരില്ല. കാരണം , പദ്മനാഭ ക്ഷേത്രം എന്ന പേരില്‍ നാം പുറത്തു നിന്നും കാണുന്നത് ചുറ്റുമതിലിലുള്ള പ്രവേശന കവാടമെന്നോ പടിപ്പുരയെന്നോ പറയാവുന്ന അലങ്കാര ഗോപുരം മാത്രമാണ്.അലങ്കാര ഗോപുരം തന്നെ അര ഏക്കറിലോ ഒരു ഏക്കറിലോ സ്ഥിതി ചെയ്യുന്നതായിരിക്കാം. അതുകഴിഞ്ഞ്  അകത്തു കടന്നാല്‍ മാനുഷികാദ്ധ്വാനത്തിന്റേയും ശില്‍പ്പകലയുടെയും ഒട്ടും ചെറുതല്ലാത്ത ഒരു വനമാണ്. കണ്ണും മറ്റ് ഇന്ദ്രിയങ്ങളും ഉപയോഗിച്ച് മനസ്സ് തുറന്നിരിക്കണമെന്നു മാത്രം. ഭക്തന്മാര്‍ ആയിരം തവണ അവിടെ പോയിട്ടും വലിയ കാര്യമൊന്നുമില്ല. നായ കപ്പലു കാണാന്‍ പോയപോലാണ് ഭക്തരുടെ കാര്യം. കൂറ്റന്‍ കരിങ്കല്ലു സ്ലാബുകള്‍ കൊണ്ടുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള നടപ്പന്തല്‍ വിളക്കുമായി തൂണുകളില്‍ ചേര്‍ന്നു നില്‍ക്കുന്ന ശില്‍പ്പങ്ങള്‍, രതിക്രീഡകളില്‍ മുഴുകിയിരിക്കുന്നവര്‍, മൃഗങ്ങളുമായും, വ്യാളികളുമായും സംഭോഗ സാധ്യമാണെന്ന് ഉദാഹരിക്കുന്ന ദാസിമാരുടെ വിവിധ പോസിലുള്ള ശില്‍പ്പങ്ങള്‍. പ്രത്യ്യ്ക ടിക്കറ്റെടുത്ത് മാത്രം പ്രവേശനം ലഭിക്കുന്ന ഒറ്റക്കല്‍ മണ്ഡപമെന്നകരിം കല്ലുകൊണ്ടുള്ള കവിതപോലുള്ള വിശാലമായ ശില്‍പ്പനിബിഢമായ ചരിത്ര വിസ്മയം. തുടര്‍ന്നങ്ങോട്ട് ശ്രീകോവിലിലേക്ക് നടന്നാല്‍ ഒരു പ്രതിഷ്ഠയെന്നൊന്നും വിശേഷിപ്പിക്കാനാകാത്ത വലിയ ശ്രീകോവിലിനകം നിറഞ്ഞ് കിടക്കുന്ന ശ്രീ പദ്മനാഭനെന്ന് ഇന്ന് പേരുവിളിക്കുന്നതും പുറത്തു നില്‍ക്കുന്ന സന്ദര്‍ശകര്‍ക്ക് മൊഴുവന്‍ രൂപം കാണാനാകാത്തതുമായ ഭീമാകാരനായ ബുദ്ധ പ്രതിമ. പ്രതിമയെ അലങ്കരിച്ച് മഹാവിഷ്ണുവിന്റെ ശിവകാശി കലണ്ടര്‍ രൂപമാക്കിയിരിക്കുന്നു എന്നതില്‍ കവിഞ്ഞ് ഹൈന്ദവീയതയൊന്നും ശ്രീകോവിലിനകത്തില്ല. അതിനു പുറമേയാണ് ജനങ്ങളില്‍ നിന്നും കൊള്ളയടിച്ചുണ്ടാക്കിയ പുരാതനമായ നിലവറകളിലെ സ്വത്തുക്കളുടെയും, അമൂല്യ താളിയോലകളുടേയും, വിളംബരങ്ങളുടേയും ചരിത്ര പ്രധാനമായ ശേഷിപ്പുകളും. ഇത്രയെല്ലാം മഹത്വമുള്ള മറ്റൊരു ക്ഷേത്രം കേരളത്തിലില്ല. സത്യത്തില്‍ നമ്മുടേ യൂണിവേഴ്സിറ്റികളിലെ ചരിത്രാദ്ധ്യാപകരും, ചരിത്ര വിദ്യാര്‍ത്ഥികളും, മലയാള ഭാഷാഗവേഷകരും, സാമൂഹ്യശാസ്ത്ര ചിന്തകരും നിരന്തരം പഠിക്കേണ്ടതായ അമൂല്യ സ്മാരകമാണ് ശ്രീ പത്മനാഭ ക്ഷേത്രം. ഭക്തര്‍ ആറ്റുകാല്‍ പൊങ്കാലക്കോ, ശബരിമല പുല്‍മേട് ദുരന്തത്തിനോ, ഗുരുവായൂര്‍ ദര്‍ശനത്തിനായുള്ള ക്യൂകളിലോ തിക്കിത്തിരക്കി കണ്ണുമടച്ച്  കാത്തു നിന്നുകൊള്ളും. എന്നാല്‍ ചരിത്ര സ്മാരകങ്ങള്‍ ഭക്തരുടെ ഈച്ചക്കൂട്ടത്തിനു മുന്നിലേക്ക് വലിച്ചെറിഞ്ഞുകൊടുത്ത് നിശബ്ദരും ഉദാസീനരുമായിരിക്കാന്‍ ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് കഴിയാന്‍ പാടില്ലാത്തതാണ്. കാരണം, നമ്മുടെ സമൂഹത്തിനു മുന്നോട്ടുപോകാന്‍ നമ്മുടെ ചരിത്രം സംരക്ഷിക്കപ്പെടുകതന്നെ വേണം.

Thursday, January 27, 2011

തുഞ്ചന്‍പറമ്പ് അറവുശാലയോ ?


മലയാളം സംസാരിക്കുന്ന ഏവര്‍ക്കും സ്വാഭാവികമായും ബഹുമാനം തോന്നുന്ന വാക്കുകളാണ് തുഞ്ചത്തെഴുത്തച്ഛന്‍, തുഞ്ചന്‍ പറമ്പ് എന്നിവ. മലയാള ഭാഷയെ അതിമനോഹരമായി മലയാളിയുടെ ജീവിത മധുരമാക്കിമാറ്റിയ എഴുത്തച്ഛനെ നന്ദിയോടെ മാത്രമേ സ്മരിക്കാനാകു. അഭിമാനപൂരിതമായ  സ്നേഹാദര ബോധത്തോടെ തന്റെ പൈതൃകമായ ഭാഷ തറവാട്ടിലേക്ക് വിരുന്നുവരുന്നതുപോലെ തുഞ്ചന്‍ പറംബിലേക്ക് കാലെടുത്തുകുത്തുന്ന മലയാളിയുടെ അഭിമാനത്തെ പുലഭ്യം വിളിച്ച് അപമാനിക്കുന്ന തരത്തില്‍ സ്വാഗതം ചെയ്യുന്ന തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ ഫ്ലെക്സ് ബോര്‍ഡുകള്‍ അസഹനീയമായ കാഴ്ച്ചയാണ്. മനുഷ്യനെ പിടിച്ചു പറിച്ച് കഴുത്തുവെട്ടിയാണെങ്കിലും പണം കൈക്കലാക്കാന്‍ നില്‍ക്കുന്ന തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ ദാര്‍ഷ്ട്ര്യം നിറഞ്ഞ മനസ്സാണ് ഓരോ ഫ്ലെക്സ് മുന്നറിയിപ്പ് ബോര്‍ഡും വിളിച്ചു കൂവുന്നത്.

തിരുവനന്തപുരം പത്മനാഭപുരം കൊട്ടാരത്തില്‍(തക്കല) സിനിമ ചിത്രീകരണത്തിന് ചുമത്തുന്ന ഫീസിന്റെ ചുവടുവച്ചാണ് ക്യാമറയുള്ളവരെ തുഞ്ചന്‍പറമ്പ് ട്രസ്റ്റ് പിഴിഞ്ഞെടുക്കുക. ഈ സാധനത്തില്‍ എന്തെങ്കിലും കാണാന്‍ ഉണ്ടെങ്കില്‍ കുഴപ്പമില്ലായിരുന്നു. പത്തായം പോലുള്ള ഒരു സിമന്റ് ഒലക്കെട്ടും, അതിന്റെ മോളിലൊരു മന്തുപിടിച്ച ബാലമാസികയിലെ സിമന്റ് തത്തയുമാണ് എഴുത്തച്ഛന്റെ പൈങ്കിളി സാന്നിദ്ധ്യമായി അവിടെ ആകെ നിര്‍മ്മിച്ചു വച്ചിരിക്കുന്നത്. പിന്നെ ചെറിയ ഒന്നു രണ്ട് മണ്ഡപങ്ങളുമുണ്ട്- തലയില്‍ പൊളിഞ്ഞുവിഴാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് അല്‍പ്പനേരം ചാരി നില്‍ക്കാം. മൊത്തമൊരു മരുപ്പറമ്പ് പോലെ കിടക്കുന്ന തുഞ്ചന്‍ പറമ്പില്‍  മലയാള ഭാഷ തറവാട്ടിലേക്ക് ആദരപൂര്‍വ്വം കാലുകുത്തുന്നവര്‍ക്ക് നേരെയൊന്ന് ഇരിക്കാനോ നില്‍ക്കാനോ പോലുമുള്ള സൌകര്യങ്ങളൊന്നുമില്ല. ട്രസ്റ്റിന്റെ മൊത്തത്തിലുള്ള ഭീഷണികളും നിയമനിബന്ധനകളും എല്ലാ ബോര്‍ഡുകളില്‍ നിന്നും വായിച്ചറിയുന്നതോടെ ഒരു വിമ്മിഷ്ടം സന്ദര്‍ശകന് അനുഭവപ്പെടും. സ്ഥിരമായി തുഞ്ചന്‍ പറമ്പ് കാണുന്നവര്‍ക്ക് ഫ്ലെക്സ് ഭീഷണികള്‍ ശീലമാകുന്നതിനാല്‍ വിഷമം തോന്നാനിടയില്ല.

ആറ്റുനോറ്റ് തുഞ്ചന്‍ പറമ്പ് കണ്ടുകളയാം എന്ന മോഹത്തോടെ വരുന്ന മലയാളിയുടെ മൊബൈല്‍ ഫോണില്‍ ഈ മരുഭൂമി ചിത്രമെടുക്കുന്നതിനുവരെ 25 ഉലുവ കൊടുത്ത് മൊബൈല്‍ ഫോണ്‍ ഫോട്ടോ എടുക്കാനുള്ള സമ്മതപത്രം തുഞ്ചന്‍ പറമ്പ് സ്മാരക ട്രസ്റ്റില്‍ നിന്നും വാങ്ങേണ്ടതാണ്. കയ്യില്‍ ഏതെങ്കിലും വിധമുള്ള ഒരു സ്റ്റില്‍ ക്യാമറയുണ്ടെങ്കില്‍ ഫോട്ടോ ഏടുത്തില്ലെങ്കില്‍ പോലും അപമാനിക്കപ്പെടാതിരിക്കാന്‍ ട്രസ്റ്റ് തംബ്രാന്മാര്‍ക്ക് 50 ഉലുവ കാണിക്കയായി നല്‍കി റസീറ്റ് കൈവശം വക്കേണ്ടതാണ്. വീഡിയോ ക്യാമറക്ക് 200 രൂപ... അതും ഒരു മണിക്കൂറിന് ഹഹഹഹ...!!! ക്യാമറ കാണാത്ത പഹയന്മാര്‍ ! ഇങ്ങനെയും പണ പ്രാന്തുണ്ടാകുമോ എന്ന് തുഞ്ചന്‍ പറമ്പ് സന്ദര്‍ശിക്കുമ്പോള്‍ ചോദിച്ചുപോകും.

നാലുവര്‍ഷം മുന്‍പ് ജീവിതത്തിലാദ്യമായി തുഞ്ചന്‍പറമ്പ് സന്ദര്‍ശിക്കാന്‍ ഒരു ഉള്‍വിളിയുണ്ടായി ... കണ്ണൂരില്‍ നിന്നും തിരൂര്‍ തുഞ്ചന്‍ പറംമ്പിലെത്തി, പ്രവേശന കവാടത്തിലെ ക്യാമറ ഫീസ് കണ്ട് , റോഡില്‍ നിന്നും ഒരു പടവുമെടുത്ത് , തുഞ്ചന്‍ പറമ്പ് സ്മാരക ട്രസ്റ്റിന്റെ മരുഭൂമി മനസ്സ് ഒരു ഓട്ടപ്രതിക്ഷണം നടത്തി, മറ്റു പടങ്ങളെടുക്കാതെ തിരിച്ചു പോയവനാണ് ചിത്രകാരന്‍ :)

സ്മാരക പരിപാലനത്തിനായി ഒരാളില്‍ നിന്നും അഞ്ചോ പത്തോ പ്രവേശന ഫീ ആയോ, കഴിയുന്നവിധമുള്ള സംഭാവനകളായോ വാങ്ങി മലയാളിസ്നേഹത്തോടെ നടത്തേണ്ട ഒരു സ്മാരകം എന്നാണാവോ ദാര്‍ഷ്ട്ര്യത്തിന്റെ
പിടിയില്‍ നിന്നു  പുറത്തു വരിക. തുഞ്ചന്‍ പറമ്പ് ട്രസ്റ്റ് അംഗങ്ങള്‍ ആരെല്ലാമാണെന്നറിയാനും താല്‍പ്പര്യമുണ്ടായിരുന്നു. ഈ സ്നേഹ ശൂന്യതയുടെ കാരണക്കാരെ അറിഞ്ഞിരിക്കാമല്ലോ :)

Tuesday, January 25, 2011

ബൈപോളാര്‍ മൂഡ് ഡിസോര്‍ഡര്‍

വിചിത്രമായ ഒരു സ്വഭാവപ്രകൃതിയാണ് ബൈപോളാര്‍ മൂഡ് ഡിസോഡര്‍.വിഷാദാവസ്ഥയില്‍ ഒന്നിനും കൊള്ളാത്ത അശക്തമായ ഒരു മനുഷ്യനായി കാണപ്പെടുന്ന വ്യക്തി പെട്ടെന്ന് നേരെ വിപരീതദിശയിലുള്ള അസാമാന്യ ഊര്‍ജ്ജ്വസ്വലതയോടെ ചിലപ്പോള്‍ അസാധാരണ കഴിവുകള്‍ പ്രകടിപ്പിച്ചുകൊണ്ട് കൂടെയുള്ളവരെ പോലും അതിശയിപ്പിക്കുന്ന പ്രകടനം നടത്തിയെന്നുവരും.ബൈപൊളാര്‍ മൂഡ് ഡിസോര്‍ഡറിന്റെ വ്യത്യസ്ഥ അവസ്ഥകളില്‍ വിഷാദ രോഗി പെട്ടെന്ന് രോഗിയല്ലാതാകുന്ന അവസ്ഥയാണുണ്ടാകുക. ഒരു പത്തു പതിനഞ്ചു വര്‍ഷമായി വിചിത്രമായ ഈ ബൈ പോളാറുകാരെ ധാരാളമായി ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഇതൊരു രോഗമാണെന്ന് അറിയുമായിരുന്നില്ല.
ഇവരെ മോശം സ്വഭാവക്കാര്‍ എന്നോ,ചതിയന്മാര്‍,മലയാളിയുടെ പൊതു സ്വഭാവം, വിശ്വസിക്കാന്‍ കൊള്ളാത്തവര്‍ എന്നൊക്കെ കരുതിയിരുന്നു.എന്നാല്‍, ഇതൊരു രോഗം തന്നെയാണെന്ന് ചിത്രകാരന്‍ അറിയുന്നത് ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഒരു ലേഖനം വായിച്ചതിലൂടെയാണ്. പലപ്പോഴും ആത്മഹത്യയുടെ വക്കിലെത്തുന്ന വിഷാദാവസ്ഥയില്‍ നിന്നും, തന്റെ ദുരവസ്ഥക്ക് കാരണമായ,അല്ലെങ്കില്‍ തന്നെ അപകര്‍ഷപ്പെടുത്തുന്ന ഒരു വ്യക്തിയെ കണ്ടെത്തുന്നതിലൂടെ ചീറ്റപ്പുലിയായി മാറുകയോ, അത്ഭുത പ്രവര്‍ത്തനങ്ങള്‍ പോലും നടത്താന്‍ കഴിവുള്ള ഒരു മനുഷ്യ ദൈവമായി സ്വയം ഉറഞ്ഞുതുള്ളുകയോ പോലും ചെയ്യാനുള്ള ശേഷി ഇവര്‍ക്ക് അനായാസം ലഭിക്കുന്നു.അതായത് വിഷാദാവസ്ഥയുടെ നേരെ വിപരീതദശയിലുള്ള അസാധാരണ വ്യക്തിത്വത്തിലേക്കാണ് ഇവര്‍ ഞൊടിയിടയില്‍ മാറുക. സൈക്ലിക്കലായി തിരിച്ചും മാറാം. ഇതില്‍ മനുഷ്യ ദൈവമായിമാറുന്നവര്‍ ഈ രോഗാവസ്ഥയെ ഫലപ്രദമായി നിയന്ത്രണത്തിലാക്കിയ സമര്‍ത്ഥരാണ്. അസുഖത്തെ അനുഗ്രഹമാക്കിമാറ്റുന്നവര്‍ !അങ്ങനെ ഈ രോഗത്തെ അനുഗ്രഹമാക്കി മാറ്റുന്നതില്‍ കലാ-സാഹിത്യരംഗത്തുള്ളവരും കുറവല്ല. നമ്മുടെ ഫെമിനിസ്റ്റുകളില്‍ പരക്കെ കാണപ്പെടുന്ന മാനസികാവസ്ഥയും ബൈപൊളാര്‍ മൂഡ് ഡിസോര്‍ഡര്‍ തന്നെയാണെന്ന് ചിത്രകാരന്‍ കരുതുന്നു. മത സംഘടനകള്‍ അന്യ വിശ്വാസങ്ങളെക്കുറിച്ച് സംശയവും,വിദ്ധ്വേഷവും, പകയും,പ്രതികാരവും വളര്‍ത്തുന്നതിലൂടെ തീവ്രവാദികളെ ഉത്പ്പാദിപ്പിക്കാനും അവരെ എന്തുക്രൂരതയും പ്രവര്‍ത്തിക്കാനുമുള്ള കരുത്തുള്ളവരാക്കാനും ഈ മാനസികാവസ്ഥയെ വ്യപകമായി ഉപയോഗിക്കുന്നുണ്ടെന്നു തോന്നുന്നു. വസ്തുതാപരമായി നടത്തുന്ന ഏതുവാദഗതിയേയും വൈകാരികമായ ന്യായങ്ങള്‍ നിരത്തി എതിരിടാന്‍ ഈ രോഗികള്‍ക്ക് ഒരു വിഷമവുമുണ്ടാകില്ല. ബുദ്ധിയും ഓര്‍മ്മ ശക്തിയും അതിന്റെ പാരമ്യത്തില്‍ നില്‍ക്കുന്ന ഓവര്‍സ്മാര്‍ട്ട്നെസ്സ് കണ്ട് സത്യസന്ധമായി ന്യായം പറയുന്നവര്‍ കണ്ണുതള്ളിപ്പോകും. മലയാളികളില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ധാരാളമായി കണ്ടുവരുന്ന ബൈപൊളാര്‍ മൂഡ് ഡിസോര്‍ഡറിനെക്കുറിച്ച് കൂടുതലറിയാന്‍ വിക്കിപ്പീഡിയയിലെ ഈ ലിങ്കൊന്ന് ക്ലിക്കുന്നത് ഉചിതമായിരിക്കും.
ഇതോടൊപ്പം കൊടുത്തിരിക്കുന്നത് കണ്ണൂരില്‍ നിന്നും ഇറങ്ങുന്ന ഒറ്റമൂലി മാസികയില്‍ 2010ല്‍ പ്രസിദ്ധീകരിച്ച  ഡോ.ഗോപിനാഥന്‍ നമ്പ്യാരുടെ ലേഖനത്തിന്റെ പേജുകളാണ്.