Thursday, November 27, 2008

ക്രിക്കറ്റും,സിനിമയും പോലെ... ആഘോഷിക്കുക

നമ്മേ ഒന്നും ഉണര്‍ത്തുന്നില്ല. ക്രിക്കറ്റും സിനിമയും കാണുന്ന ത്രില്ലോടുകൂടി രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളും വന്‍ ദുരന്തങ്ങളും കണ്ടാസ്വദിക്കാന്‍ നമ്മള്‍ ശീലിച്ചിരിക്കുന്നു. ആര്‍ക്കും രാഷ്ട്രീയ ബോധമോ ,രാജ്യസ്നേഹമോ തങ്ങളുടെ കളിക്കളത്തിന്റെ ഗ്യാലറിക്കപ്പുറം പ്രകടിപ്പിക്കാവുന്ന അവകാശമായി,...കര്‍ത്തവ്യമായി അനുഭവപ്പെടുന്നില്ല. അടിമകളുടെ മന്ദത ! വളര്‍ത്തുമൃഗങ്ങളുടെ രാഷ്ട്രീയ ബോധം. ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുംബോള്‍ പോലും ഒന്നു അലമുറയിട്ടു കരയാന്‍പോലും അനുവദിക്കാത്ത ദുരഭിമാനത്തിന്റെ നാട്യത്തിനകത്തുനിന്ന് ഒരു ബ്ലോഗ് കുറിപ്പെഴുതി കൈകഴുകുന്ന ഈ ചിത്രകാരനോടുപോലും ചിത്രകാരനു വെറുപ്പുതോന്നുന്നു. സഹതാപം തോന്നുന്നു.

പ്രിയങ്കയുടെ കുട്ടിക്കു പാലുകൊടുക്കുന്ന രാഷ്ട്രീയക്കാരന്‍, അപ്പി കോരുന്ന രാഷ്ട്രീയക്കാരന്‍, രാഹുലിനും കൂട്ടുകാര്‍ക്കും കാലു തടവിക്കൊടുക്കുന്ന രാഷ്ട്രീയക്കാരന്‍, അമ്മ മഹാ രാജ്ഞിക്ക് കാല്‍ വിരല്‍ ഞെട്ടയിട്ടുകൊടുക്കുന്നവര്‍, അടിവസ്ത്രം അലക്കിക്കൊടുക്കുന്നവര്‍.... നമ്മുടെ രാഷ്ട്രീയക്കാര്‍ തിരക്കിലാണ്.
സമാധാനപരമായി രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇസ്ലാമിക സംഘടനകള്‍ക്കും അവകാശമുണ്ടെന്ന് പ്രജ്ഞാസിങ്ങിനേയും സംഘ പരിവാര്‍ തീവ്രവാദികളേയും ചൂണ്ടിക്കാട്ടി സമത്വ സിദ്ധാന്തം ശക്തിയുക്തം സമര്‍ത്ഥിക്കുന്ന കൂലി ബുദ്ധിജീവികള്‍. , ഇടതു പക്ഷക്കാര്‍... എല്ലാവരും ഇപ്പോള്‍ തിരക്കിലാണ്.
മാസത്തില്‍ നാലു ദുരന്തങ്ങളുണ്ടായാലേ ചാനല്‍ ചര്‍ച്ചയില്‍ നിറഞ്ഞു നിന്ന് നാട്ടിലെ ഉണ്ണാമന്മാരെ തന്റെ സ്ഥാനം ബോധ്യപ്പെടുത്തിക്കൊടുക്കാനാകു !
ഇന്നത്തെ മാത്രുഭൂമിയില്‍(27-11-08) രാഷ്ട്രീയ നേതൃത്വം പ്രതിക്കൂട്ടില്‍ എന്ന വാര്‍ത്ത എഴുതിയ എന്‍.അശോകന്‍ രാജ്യം നേരിടുന്ന അനാഥത്വത്തെക്കുറിച്ചും, രാഷ്ട്രീയ ഷണ്ഡത്വത്തെക്കുറിച്ചും എഴുതിയിരിക്കുന്നു.
നമുക്ക് ക്രിക്കെറ്റും,സിനിമയും പോലെ... ഹര്‍ത്താലും, ഭീകര സ്ഫോടനങ്ങളും ആഘോഷിക്കാം. ശീലിച്ചാല്‍ ... എല്ലാം നല്ലതിനെന്ന് പറയാനാകും. ശീലക്കേടുകളാണു പ്രശ്നം.

Thursday, November 20, 2008

അഭയ - സഭക്ക് കുമ്പസരിക്കാമായിരുന്നു !


അറിഞ്ഞോ അറിയാതെയോ തെറ്റു പറ്റാതെ ആര്‍ക്കും ജീവിക്കാനാകില്ല. അപ്പപ്പോള്‍ തെറ്റു മനസ്സിലക്കി തിരുത്തിക്കൊണ്ടിരിക്കുന്നത് വ്യക്തിശുദ്ധിക്കായി ഒരോരുത്തരും അനുഷ്ടിക്കേണ്ടതായ ഒരു സാംസ്ക്കാരിക മര്യാദ. അഥവ കാപട്യമില്ലായ്മ. പശ്ചാത്താപത്തോളം മഹത്വമുള്ളൊരു നന്മയില്ല. പിടിക്കപ്പെടും എന്ന് തോന്നുമ്പോഴെങ്കിലും ഒരു കുറ്റസമ്മതം നടത്താനുള്ള സദ്ബുദ്ധിയും തന്റെ കുറ്റത്തെക്കുറിച്ചുള്ളൊരു ശരിയായ അവബോധവും എത്ര മഹത്തരമാകുമായിരുന്നു. കുറ്റവാളികള്‍ക്ക് അത് തോന്നിയില്ലെങ്കിലും, കേരളത്തിലെ കൃസ്ത്യന്‍ സഭകള്‍ക്കെങ്കിലും അത് തോന്നിയിരുന്നെങ്കില്‍ സുമനസ്സുകളുടെ തുടര്‍ന്നുള്ള ധാര്‍മ്മിക രോക്ഷത്തില്‍ നിന്നും രക്ഷപ്പെടാമായിരുന്നു... !!!
ഇതിപ്പോള്‍ കേരളത്തിലെ സഭകളുടെ തകര്‍ച്ചയുടെ ആരംഭമായി പരിണമിച്ചിരിക്കുന്നു.
തങ്ങളുടെ കൂടെ 16 വര്‍ഷം മുന്‍പുവരെ സഭാപ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥ സേവനം നടത്തിക്കൊണ്ടിരുന്ന അഭയ എന്ന ഒരു പാവം കന്യാസ്ത്രീയെ കൊലക്കുകൊടുത്തതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും രക്ഷപ്പെടാന്‍...സഭക്ക് ഒന്നു കൈകഴുകാനെങ്കിലുമുള്ള ധാര്‍മ്മിക ബാധ്യത പോലും തോന്നാത്തത് എന്തൂകൊണ്ടായിരിക്കും ? !! കൃസ്തുവിനെ കുരിശില്‍ തറച്ച കാലത്തേക്കാള്‍ ഇന്നത്തെ സഭാപുരോഹിതര്‍ കളങ്കിതരായിരിക്കുന്നു എന്നതല്ലേ ഇതു സൂചിപ്പിക്കുന്നത്. പണവും,രാഷ്ട്രീയ സ്വാധീനവും,സ്വത്തുക്കളും സഭയെ അത്രക്ക് ദുഷിപ്പിച്ചിരിക്കാം. കേവലം എന്തും വില്‍ക്കുന്ന കച്ചവടക്കാരാക്കിയേക്കാം...!!!

എന്തായാലും ക്രൈസ്തവ സഭയിലെ പരിശുദ്ധപിതാക്കന്മാര്‍ അങ്ങനെ ആധരവോടെ വിളിക്കപ്പെടാന്മാത്രം ആത്മശുദ്ധിയുള്ളവരല്ലെന്നും വെറും കീടങ്ങളാണെന്നും അവരുടെ മൌനവും കൊലക്കേസ് അപ്രധാനമാക്കി നിസാരവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും സൂചന നല്‍കുന്നു. ഒരു പാഠപുസ്തകത്തിനെതിരെപ്പോലും കലിതുള്ളിയ നികൃഷ്ട ജീവികള്‍ തങ്ങള്‍ക്കൊപ്പം മഹനീയമാണെന്ന് കരുതപ്പെടുന്ന സേവനത്തില്‍ മുഴുകിയിരിക്കുന്ന ഒരു സ്ത്രീയുടെ കൊലപാതകത്തെ ആത്മഹത്യയാക്കാന്‍ സഭയുടെ സകല ബന്ധങ്ങളും, സല്‍പ്പേരും,പത്രവും ഉപയോഗപ്പെടുത്തുക എന്നത് എത്രമാത്രം നിന്ദ്യവും മാപ്പര്‍ഹിക്കാത്തതുമായ ധാര്‍ഷ്ട്ര്യമാണ് ?!!

യേശുകൃസ്തു എന്ന പാവം ആശാരി ചെക്കന്റെ പേരില്‍ നടത്തപ്പെടുന്ന ഈ വിശ്വാസി സമൂഹത്തിന്റെ മുഴുവന്‍ വിശ്വാസ്യതയും, കുറച്ചു പള്ളീലച്ഛന്മാര്‍ക്ക് കന്യാസ്ത്രീ മഠങ്ങളില്‍ രാത്രി ഒളിച്ചുകയറി കന്യാസ്ത്രീകളുമായി ലൈംഗീകമായി ബന്ധപ്പെടാനുള്ള സന്മാര്‍ഗ്ഗ വിരുദ്ധ അവകാശത്തിനായി ഉപയോഗിക്കുകയെന്നത് എത്രമാത്രം വലിയ പാപമാണ് ?

അസാന്മാര്‍ഗ്ഗിക കാര്യങ്ങളില്‍ മുഴുകുന്നതും അതിനുവേണ്ടി മൌനാനുവാദം നല്‍കുന്നതും ഒരുപോലെ കുറ്റകരമായതിനാല്‍ കുറ്റബോധം ജനങ്ങള്‍ക്കുന്മുന്നില്‍ കുമ്പസാരത്തിലൂടെ ഏറ്റുപറയാത്ത വിഷം കൂടിയതും കുറഞ്ഞതുമായ എല്ലാ പള്ളീലച്ചന്മാര്‍ക്കും,കുഞ്ഞാടുകള്‍ക്കും അഭയ കൊലപാതകത്തില്‍ ധാര്‍മ്മികമായ പങ്കുണ്ട്. രാജ്യദ്രോഹികളായ ഇസ്ലാമിക തീവ്രവാദികളെ എങ്ങിനെയാണോ മുസ്ലീം സമൂഹം ഇപ്പോള്‍ തള്ളിപ്പറയുന്നത് അതുപോലെ ഈ കപട സന്ന്യാസികളെ തള്ളിപ്പറയാനുള്ള ബാധ്യത സഭക്കു മാത്രമല്ല മുഴുവന്‍ കൃസ്തിയ സമൂഹത്തിനുമുണ്ട്. ജാതിമതഭേദമെന്യേ മുഴുവന്‍ മലയാളികള്‍ക്കുമുണ്ട്.
ഒരു പള്ളീലച്ഛനോ കന്യാസ്ത്രീക്കോ പരസ്പ്പര സമ്മതപ്രകാരം ലൈംഗീകമായി ബന്ധപ്പെടുന്നതിനോ , കൂട്ട സംഭോഗങ്ങള്‍ തന്നെ സംഘടിപ്പിക്കുന്നതിലോ പ്രകൃതിവിരുദ്ധതയൊന്നുമില്ല. എന്നാല്‍ അവര്‍ പുലര്‍ത്തുന്ന കാപട്യമാണ് സമൂഹത്തിലെ സാമൂഹ്യ പരിസ്തിതിയെ നശിപ്പിക്കുന്ന ഘടകം. കന്യാസ്ത്രീ മഠങ്ങള്‍ക്കുമുന്നില്‍ ദേവദാസികള്‍ എന്നോ തേവ്ടിച്ചിസമൂഹം എന്നോ ബോര്‍ഡ് വച്ച് വേശ്യവൃത്തിയേയും ലൈംഗീകതയേയും സത്യസന്ധമായി തുറന്നു പറയുകയാണെങ്കില്‍ ആര്‍ക്കും കപടത ആരോപിക്കാനാകില്ല. ഈ സ്ഥലങ്ങളില്‍ ഇടക്കിടക്ക് ഒരു കൊലപാതകം നടന്നാല്പോലും(അതിന്റെ ആവശ്യം വരുന്നില്ലല്ലോ) അതു പോലീസിന്റെ ജോലിയായി കണ്ട് സമൂഹത്തിനു ശുദ്ധിയോടെ മാറിനില്‍ക്കാം.

ഇതിപ്പോള്‍ മഠങ്ങളില്‍ നടക്കുന്ന വ്യഭിചാരവും, അതു മറച്ചുവക്കാനുള്ള കൊലപാതകവും, തെളിവു നശിപ്പിക്കാനുള്ള പണമൊഴുക്കും, അധികാരവും സ്വാധീനവും ഉപയോഗിച്ചുള്ള ഭരണ വ്യവസ്ഥയേയും, രാഷ്ട്രീയത്തേയും കളങ്കപ്പെടുത്താനുള്ള പരക്കം പാച്ചിലും, സ്വന്തം പത്രത്തിലൂടെയും, മറ്റു പത്രങ്ങളെ തെറ്റിദ്ധരിപ്പിച്ചും ജനങ്ങളെ വിഢികളാക്കാനുള്ള ശ്രമവും എല്ലാം കൂടി സഭ ഒരു സാമൂഹ്യ തിന്മയുടെ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടിരിക്കുമ്പോഴും സഭ വേദമോതുന്നു. തങ്ങള്‍ ദൈവത്തിന്റെ ദാസന്മാരാണെന്ന് പറയാന്‍ ഈ ചെകുത്താന്മാര്‍ക്ക് ഒട്ടും ലജ്ജതോന്നുന്നില്ല !!!

ഇതിന്റെ ഫലമെന്താണ് ?

വിശ്വാസികളായ കുഞ്ഞാടുകള്‍കൂടി ചെകുത്താന്മാരാകുന്നു.കേരളത്തില്‍ നല്ലതായിരുന്ന ഒരു ചരിത്രമുണ്ടായിരുന്ന കൃസ്ത്യാനികള്‍ വര്‍ഗ്ഗീയമായി സംഘടിക്കുകയും, വംശവര്‍ദ്ദനവിലൂടെ ജനാധിപത്യാവകാശങ്ങള്‍ കുത്തകയായി പിടിച്ചെടുക്കുന്നതിനായി ആഹ്വാനം ചെയ്തുകൊണ്ട് മക്കളെയുണ്ടാക്കല്‍ യജ്ഞങ്ങള്‍ക്കായി ഇടയ ലേഖനങ്ങള്‍ പുറപ്പെടുവിക്കുന്നു ! സഭ ശരീയത്ത് കോടതികളെപ്പോലെ വര്‍ഗ്ഗീയ കോടതികള്‍ പോലും സ്ഥാപിച്ച് രാജ്യത്തിനകത്തെ കാന്‍സറാകാന്‍ ഒരുക്കം കൂട്ടുന്നു !! ഇതൊക്കെ വേണോ വിശ്വാസികളേ ?
കോടതിക്ക് പ്രതികളെ ശിക്ഷിക്കാനായാലും,ഇല്ലെങ്കിലും ജനം അവര്‍ക്കുള്ള സ്ഥാനം നല്‍കിക്കഴിഞ്ഞു. ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റെര്‍ സെഫി എന്നീ പ്രതികളെ അറസ്റ്റുചെയ്തതായി പത്രങ്ങളില്‍ വായിച്ച് ചിത്രകാരന് വളരെ സന്തോഷം തോന്നുന്നു.
ഇത്രയും പിടിപാടുള്ള മഹാന്മാരായ പിതാക്കന്മാരേയും, ദൈവത്തിന്റെ മണവാട്ടിയേയും ഇക്കോലത്തില്‍ കാണാന്‍ ഭാഗ്യമുണ്ടായല്ലോ.

നന്മയുടെ ഈ വിജയത്തിനുവേണ്ടി മാനുഷ്യത്വമുള്ള പ്രവൃത്തികളാല്‍ സാമൂഹ്യ സേവനം ചെയ്ത ജോമോന്‍ പുത്തന്‍ പുരക്കലിനും, ഉന്നതങ്ങളില്‍ നിന്നുള്ള കേസ് തേച്ചു മാക്കാനുള്ള സമ്മര്‍ദ്ധങ്ങളെത്തുടര്‍ന്ന് സി.ബി ഐ. യിലെ തന്റെ ജോലി രാജിവച്ച് പ്രതിഷേധിച്ച ആദര്‍ശ ധീരനായ അന്വേഷണ ഉദ്ദ്യോഗസ്ഥന്‍ വര്‍ഗ്ഗീസ് പി. തോമസ് , സി.ബി.ഐ.യെ സത്യത്തിന്റെ സൂചിമുനയില്‍ നിര്‍ത്തി നീതിബോധത്തിന്റെ ഉജ്ജ്വല മുഖം ജുഡീഷ്യറിക്കു സംഭാവന നല്‍കിയ ജഡ്ജ്, നാര്‍ക്കോ അനാലിസിസ് ടെസ്റ്റു നടത്തിയ ലാബിലെ മനുഷ്യത്വബോധമുള്ള ശാസ്ത്രജ്ഞര്‍,പ്രതികള്‍ക്കും തല്‍പ്പര കക്ഷികള്‍ക്കും ജനങ്ങളുടെ ദൃഷ്ടിയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ അവസരം കൊടുക്കാതെ വെള്ളിവെളിച്ചം പരത്തിയ വിഷ്വല്‍ മീഡിയ, സത്യത്തിനുവേണ്ടി അക്ഷരം ധാനം ചെയ്ത പത്രങ്ങള്‍ .... തുടങ്ങിയവരെ നന്മനിറഞ്ഞ മനസ്സുകള്‍ സ്നേഹത്തോടെ, കടപ്പാടോടെ നമിക്കും.

മാതൃഭൂമിയിലെ കാക ദൃഷ്ടിയില്‍ കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്‍ വരച്ച കാര്‍ട്ടൂണിലെ വാചകം അസ്സലായി. “ഒരു കോടതി ഡയറിക്കുറിപ്പ്”

ഇന്നത്തെ ഫ്ലാഷ് പത്രത്തില്‍ (20-11-08) അഞ്ചാം പേജില്‍ വടയാര്‍ സുനില്‍ എഴുതിയ ഒരു അഭയ വാര്‍ത്ത ശകലം കൂടി താഴെ ചേര്‍ക്കുന്നു.(ചിത്രങ്ങള്‍ക്ക് മാതൃഭൂമിയോട് കടപ്പാട്)

Wednesday, November 12, 2008

കുറ്റിച്ചൂലുകള്‍ നാടുനീങ്ങുന്നില്ല !

ഒബാമയും,തീവ്രവാദവും,...അതുപോലുള്ള ധാരാളം വാര്‍ത്തകളും സുനാമിപോലെ ബോധത്തില്‍ വന്ന് തിമര്‍ത്താടി പോയെങ്കിലും സമയക്കുറവിനാല്‍ ഒന്നും ഡയറിക്കുറിപ്പില്‍ രേഖപ്പെടുത്താനായില്ല.
രേവതി പട്ടത്താനത്തെക്കുറിച്ച് ഇന്നത്തെ ഹിന്ദു പത്രത്തില്‍(12-11-08) പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയും ചിത്രവും പോസ്റ്റുന്നു.( കൂടുതല്‍ എഴുതുന്നില്ല.
ചിത്രകാരന്റെ ചിന്തകള്‍ ഏതുവഴിക്കാകുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളു.)
എന്നോ മരിച്ചു പോകേണ്ടിയിരുന്ന പാരംബര്യ ആചാരങ്ങള്‍ ആസനത്തിലെ ആനത്തഴമ്പ് തടവാനുള്ള അസുലാഭാവര്സരമായി വീണ്ടും കെട്ടിയാടുംബോള്‍
നാം ഉച്ഛാടനം ചെയ്ത തിന്മയുടെ തിരിച്ചു വരവിന് മാന്യതയും,പരിപാവനത്വവും കല്‍പ്പിച്ചു നല്‍കുകയാണ്.
ക്ഷേത്രങ്ങളില്‍ നിന്നും ബ്രാഹ്മണ പൂജാരിമാരെ ഇറക്കിവിടാന്‍ വേണ്ടി(പകരം ചെറുമക്കളും,ചെരുപ്പുകുത്തികളും,ബാര്‍ബര്‍മാരും പൂജ കര്‍മ്മം ചെയ്യട്ടെ. അപ്പോള്‍ ക്ഷേത്രങ്ങള്‍ ബഹിഷ്ക്കരിക്കുന്നവര്‍ വര്‍ണ്ണവെറിയന്മാരും, ജാതി ഭ്രാന്തന്മാരുമാകുമെന്നതിനാല്‍ അവരുടെ ഭ്രാന്ത് കൈകാര്യം ചെയ്യാന്‍ എളുപ്പമാകും. ) പുരോഗമന പ്രസ്ഥാനങ്ങള്‍ മുന്നോട്ടു വന്നില്ലെങ്കില്‍ നമ്മുടെ സമൂഹം കൂടുതല്‍ രോഗ ഗ്രസ്തമാകുമെന്നതില്‍ സംശയം വേണ്ട.

Wednesday, October 15, 2008

താരങ്ങള്‍ ഇരുട്ടിന്റെ സൃഷ്ടികള്‍ !!


നക്ഷത്രങ്ങള്‍ സൂര്യപ്രകാശത്തില്‍ കാണപ്പെടുകയില്ല. സമൂഹത്തില്‍ അന്ധകാരം പരക്കുംബോള്‍ ജന്മം കൊള്ളുന്ന മിന്നാമിനുങ്ങുകളാണ് താരങ്ങള്‍.

(കോപ്പി രൈറ്റ് ചിത്രകാരന് തന്നെ)

അതുകൊണ്ടുതന്നെ താരങ്ങള്‍ക്കെതിരെയുള്ള യുദ്ധം ഒരു പ്രഭാതത്തിലേക്കുള്ള വഴിയാകുന്നു. പക്ഷേ, നമ്മുടെ സമൂഹത്തില്‍ താരങ്ങള്‍ ദൈവങ്ങളായി വാഴുംബോള്‍ ആ യുദ്ധം പലപ്പോഴും അപകടകരമായ ഒറ്റയാള്‍ പോരാട്ടങ്ങളാകും. ഒഴുക്കിനെതിരെ, പൊതു ധാരക്കെതിരെയുള്ള കലാകാരന്റെ പ്രവര്‍ത്തനങ്ങളെയെല്ലാം വിഢിത്തമായെ സമൂഹം വിശേഷിപ്പിക്കു. കാരണം, ഇരുട്ട് സമൂഹത്തില്‍ വെളിച്ചമായി കൊണ്ടാടപ്പെടുമ്പോള്‍ പുതിയൊരു വെളിച്ചത്തിനു ശ്രമിക്കുന്നവന്‍ വിഢിയാണെന്ന് വിഢികള്‍ക്ക് 99% ഭൂരിപക്ഷമുള്ള സമൂഹം ഉറച്ചു വിശ്വസിക്കുന്നു !


ഇത്രയും എഴുതിയത് ഇന്നലെ പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ സുബ്രഹ്മണ്യപുരം എന്ന സിനിമയെക്കുറിച്ച് നല്ലൊരു ലേഖനം ശരിയായ കാഴ്ച്ചപ്പാടില്‍ എഴുതിയതു വായിച്ചതിനാലാണ്.

ലേഖകന്‍ ഡോ.കെ.ജെ.അജയകുമാറിനോടും,മാതൃഭൂമി വീക്കിലി പത്രാധിപരോടും ചിത്രകാരന്‍ നന്ദി പറയുന്നു.

അലസതയില്‍ ഉറങ്ങിക്കിടക്കുന്ന സമൂഹത്തെ ഉണര്‍ത്താന്‍ കഴിയണമെങ്കില്‍ ഇങ്ങനെ കലാകാരന്മാരും,പത്രപ്രവര്‍ത്തകരും കുറച്ച് നേരത്തേ ഏണീക്കുന്നവരാകണം. അല്ലാതെ, ധനികന്റെ പാര്‍ട്ടിയില്‍ പങ്കെടുത്ത് രാത്രിമുഴുവന്‍ സൌജന്യ മദ്യ സേവ നടത്തി ... വൈകി ഏണീറ്റ് കീര്‍ത്തനമെഴുതുന്നവരാകരുത് കലാകാരന്മാരും, പത്രപ്രവര്‍ത്തകരും.


അതെ, പ്രഭാതം അകലെയല്ല !!!
സുബ്രമഹ്ണ്യപുരത്തിന്റെ സംവിധായകനും,നിര്‍മ്മാതാവും,നടനും എല്ലാമെല്ലാമായ ശശികുമാറിനെക്കുറിച്ച് നല്ല മതിപ്പുണ്ടായെങ്കിലും,അക്കാര്യം സിനിമ കണ്ടിട്ട് പറയുന്നതായിരിക്കുമല്ലോ ഉചിതം. വര്‍ഷങ്ങളായെന്നു തോന്നുന്നു സിനിമ കണ്ടിട്ട്. അറബിക്കഥ കണ്ടതാണ് ! ബാര്‍ബര്‍ ബാലനെ കാണാത്തതിന്റെ വിഷമമുണ്ട്. ആ സിനിമയുടെ പേരന്തായിരുന്നു ?

23-11-08

ചിത്രകാരനും സുബ്രഹ്മണ്യപുരം കണ്ടു. ഇന്നിന്റെ ...തികച്ചും ശരിയായ ചലച്ചിത്രകാരന്റെ കവിതപോലുള്ള സിനിമ ! അഭിനേതാക്കളോ സിനിമാതാരങ്ങളോ സംവിധായകരോ, തിരക്കഥാകൃത്തോ ഇല്ലാത്ത ഒറിജിനല്‍ സിനിമ. കഥാപാത്രങ്ങളും കാലവും ഹൃദയമിടിപ്പോടെ, ശ്വാസനിശ്വാസങ്ങളോടെ , കലാകാരന്റെ മാനുഷ്യത്വപൂര്‍ണ്ണമായ ഇച്ഛാശക്തിക്കുമുന്നില്‍ ജീവനോടെ നൃത്തം ചെയ്യുന്ന സിനിമ. രാത്രിയില്‍ മുങ്ങിപ്പോയ ഇന്ത്യന്‍ സിനിമയിലെ സൂര്യോദയം !!!
മാതൃഭൂമിയിലെ സുബ്രഹ്മണ്യപുരം നിരൂപണം വായിച്ചതിനാല്‍ ശ്രീനിവാസന്റെ കഥപറയുംബോള്‍ എന്ന സിനിമയും കണ്ടു. എല്ലാം നന്നായെങ്കിലും മമ്മുട്ടിയുടെ ഉലക്ക വിഴുങ്ങിയ ബാല്യകാല സ്നേഹപ്രകടനം കണ്ട് അറപ്പുതോന്നി. മമ്മുട്ടിക്ക് ശ്രീനിവാസനോട് എന്തോ അയിത്താചരണമുള്ളതുപോലെ !!!
വല്ല മോഹന്‍ലാലോ ഷാരൂക്ക് ഖാനോ അഭിനയിച്ച് ജീവിത ഗന്ധിയാക്കേണ്ടിയിരുന്ന ആ കഥാപാത്രം സിനിമയെ കഴുത്ത് ഞെരിച്ച് കൊന്നിരിക്കുന്നു. എന്നിട്ടും പടം വിജയിച്ചു എന്നത് ശ്രീനിവാസനിലെ പ്രതിഭയുടെ തിളക്കം തന്നെ.

Sunday, October 12, 2008

അല്‍ഫോണ്‍സാ റിയാലിറ്റി ഷോ !!


സെന്റും അത്തറും പുരട്ടി വിശുദ്ധയാക്കപ്പെട്ട സിമന്റും,പ്ലാസ്റ്റെര്‍ ഓഫ് പാരീസും,പെയിന്റും ഇനി അല്‍ഫോണ്‍സാ നിന്തിരുവടികളായി ആരാധിക്കപ്പെടും. ടിവി.യില്‍ മെഗാ റിയാലിറ്റി ഷോകളിലൂടെ താരങ്ങളായവര്‍ കാലക്രമത്തില്‍ പൊലിഞ്ഞുപോയ്ക്കൊണ്ടിരിക്കുമെങ്കിലും, മതത്തിന്റെ റിയാലിറ്റി ഷോകളിലൂടെ വാഴ്ത്തപ്പെടുന്നവരും, വിശുദ്ധരാക്കപ്പെടുന്നവരും കാലക്രമത്തില്‍ ദൈവങ്ങളുടെ അന്തസ്സിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കും.

മതപുരോഹിതരുടെ ഉപജാപ സമാനമായ വൈദിക കണ്‍കെട്ടു വിദ്യയിലൂടെയാണ് ദൈവങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് എന്നതിന്റെ കണ്മുന്നില്‍ ലഭ്യമായ ഒരു തെളിവുകൂടിയാണ് ചത്തുപോയ അല്‍ഫോണ്‍സ ചേച്ചിയുടെ ദൈവീകവല്‍ക്കരണം.

ഈ പുരോഹിതര്‍തന്നെ പിന്നീടു തല്ലിക്കൊന്നു കുരിശില്‍ കെട്ടിത്തൂക്കിയ പാവം ആ നസ്രാണിചെക്കനും ഇതേപോലെ ദൈവമായ അല്ലെങ്കില്‍ ദൈവ പുത്രനായ ഒരു രക്തസാക്ഷിയാണ്. അവനെക്കുറിച്ച് പിന്നീട് മൂക്കറ്റം തിന്നു കുടിച്ചിരിക്കുന്ന പുരോഹിതന്മാര്‍ പടച്ചുണ്ടാക്കിയ പീഢന കഥകള്‍ കേട്ടാല്‍ ...ഏതു ദൈവവും തലകറങ്ങി വീഴും എന്നത് ഇപ്പോഴും കുരിശില്‍ നിന്നും ഇറക്കി കിടത്തതെ പീഢിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കുരിശിലെ കൃസ്തു നമ്മേ ഓര്‍മ്മിപ്പിക്കുന്നു.

മതങ്ങള്‍ക്ക് മാത്രമല്ല, സ്ഥാപിത താല്‍പ്പര്യങ്ങളിലധിഷ്ടിതമായ മറ്റു ചെകുത്താന്‍ സംഘടനകള്‍ക്കും പുതിയ പുതിയ ആഘോഷങ്ങളും, ആരാധനാമൂര്‍ത്തികളും,രക്തസാക്ഷികളും അതിന്റെ വളര്‍ച്ചക്കും, ജനകീയതക്കും ഒഴിച്ചുകൂടാനാകാത്ത ആവശ്യമാണ്.

ഒരു നൂറോ ഇരുനൂറോ കൊല്ലങ്ങള്‍ കഴിയുമ്പോള്‍ ഇപ്പോള്‍ സഭ സെന്റടിച്ച് വിശുദ്ധയാക്കിക്കൊടുക്കുന്ന അല്‍ഫോണ്‍സ ചേച്ചി ചിലപ്പോള്‍ ലോകത്തിന്റെ മുഴുവന്‍ അമൃതാനന്ദമയിയായി അംഗീകരിക്കപ്പെടുകയും, ഇസ്ലാം-ഹിന്ദു മതങ്ങളെ ഭൂമിയില്‍ നിന്നും ഉന്മൂലനം ചെയ്യാന്‍ ഭൂമിയിലവതരിച്ച ശക്തി സ്വരൂപിണിയായ ദൈവ പുത്രിയാണെന്ന് വിശ്വസിക്കപ്പെടുകയും ചെയ്തേക്കാം. ഇതൊക്കെ മതങ്ങളുടേയും, പുരോഹിതന്മാരുടേയും കണ്‍കെട്ടു വിദ്യയാണെന്ന് വിളിച്ചു പറയാന്‍ ഇവിടെ ആരുമില്ലല്ലോ കര്‍ത്താവേ ?
(എല്ലാ മനുഷ്യരേയും ഒരുപോലേ സ്നേഹിക്കാനാകുന്ന മാനവികതാ ബോധത്തിന് ഈ അല്‍ഫോണ്‍സ ചേച്ചിയുടെ ബൊമ്മകളും, ശ്രീനാരയണ ഗുരുവിന്റെ ബൊമ്മകളും തടസ്സങ്ങളാണ്. -ബൊമ്മകള്‍ എന്ന പ്രയോഗം മനപ്പൂര്‍വ്വം)

സത്യത്തില്‍ ഇത്രയും നല്ലൊരു വിഢിത്തം (മതത്തിന്റെ കപട നാടകം) നമ്മുടെ കണ്മുന്നില്‍ നടന്നിട്ടും,പന്തം കണ്ട പെരുച്ചാഴികളെപ്പോലെ നോക്കി നില്‍ക്കാനല്ലാതെ നമ്മുടെ കലാ-സാംസ്ക്കാരിക-രാഷ്ട്രീയ രംഗത്തുള്ള ബുദ്ധി രാക്ഷസന്മാര്‍ക്ക് ഒന്നും ഉരിയാടാനാകുന്നില്ലെന്നത് രസകരമായി തോന്നുന്നു !!! ഒരു മത നിരപേക്ഷത നിലപാടുപോലും ആര്‍ക്കും മനസ്സില്‍ പോലും തോന്നുന്നില്ലല്ലോ ദൈവമേ !! ഇത്രക്ക് അടിമകളാകാമോ മനുഷ്യര്‍ ?
ശ്രീനാരായണഗുരുവിന്റെ വിഗ്രഹവല്‍ക്കരണത്തിലൂടെ ഹിന്ദുക്കള്‍ക്കിടയിലെ പുരോഗമന ദാഹം അവസാനിച്ചത് നാം എന്തുകൊണ്ട് കാണുന്നില്ല?
എല്ലാവര്‍ക്കും വിഗ്രഹങ്ങളാണു വേണ്ടത്.
വിഗ്രഹങ്ങള്‍ക്കെതിരെ പോരാടുന്നവര്‍ക്കുപ്പോലും
വിഗ്രഹമാകാന്‍ മോഹം.
ബ്ലോഗിലൂടെയെങ്കിലും ഈ വിഗ്രഹങ്ങളെ
തല്ലിയുടക്കാന്‍ (വാക്കു കൊണ്ടു മാത്രം)
മുന്നോട്ടു വരാന്‍ ചിത്രകാരന്‍
ഉണര്‍ന്നിരിക്കുന്നവരോട് അഭ്യര്‍ത്ഥിക്കുന്നു.
വിഗ്രഹങ്ങളും,വിഗ്രഹമാകാനുള്ള
മോഹങ്ങളും തന്നെയാണ് നമ്മുടെ നന്മയെ നശിപ്പിക്കുന്നത്.
ഒരുതരം ഭോഗാസക്തിയാണിത്.
ആത്മ രതി !

Sunday, September 28, 2008

ഒക്റ്റോബര്‍ 9 ശ്രീ ബുദ്ധ ജയന്തി

ഈ വരുന്ന ഒക്റ്റോബര്‍ 9 നാണ് അറിവിന്റേയും, ബോധോദയത്തിന്റേയും, ഭാരതത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തിനു തുടക്കം കുറിച്ച ശ്രീ ബുദ്ധന്റെ ഈ വര്‍ഷത്തെ ജന്മദിനവാര്‍ഷികം. ഒരുകാലത്ത് ഭാരതം മുഴുവന്‍ അറിവിന്റേയും, നന്മയുടേയും, സൂര്യോദയവാര്‍ഷികമായി കൊണ്ടാടിയിരുന്ന ശ്രീ ബുദ്ധ ജയന്തി ദിവസത്തില്‍ ധനിക-ദരിദ്ര-പണ്ഡിത-പാമര-ഗോത്ര ഭേദമില്ലാതെ കുട്ടികള്‍ക്ക് വിദ്യാരംഭം നടത്തിയിരുന്ന ദിനമായും കൊണ്ടാടിയിരുന്നു. കേരളത്തിലെ കുടിപ്പള്ളിക്കൂടങ്ങളില്‍ ബുദ്ധമത മിഷണറിമാരായിരുന്ന ആശാന്മാര്‍ കുട്ടികളെ അന്ന് എഴുത്തിനിരുത്തിയിരുന്നു.
എന്നാല്‍, ഇത്തിക്കണ്ണി സംസ്കാരത്തിന്റെയും, അടിമത്വത്തിന്റേയും, കുടിലതയുടേയും, വേശ്യ സംസ്ക്കാരത്തിന്റേയും,ഇന്ത്യയിലെ ഉറവിടമായ ബ്രാഹ്മണ ഹിന്ദു മതം ബുദ്ധന്റെ ഓര്‍മ്മകളെ വേരോടെ പിഴുതു നശിപ്പിക്കുന്നതിനായി നിര്‍മ്മിക്കപ്പെട്ട കള്ള ചരിത്രങ്ങളിലൂടെ (ഐതിഹ്യങ്ങള്‍) ബുദ്ധ ജയന്തിയോടനുബന്ധിച്ചുള്ള വിദ്ധ്യാരംഭ ദിനം അസുരന്മാരെ നിഗ്രഹിച്ച് ബ്രാഹ്മണലോകത്തെ സുസ്ഥിരമാക്കിയതിന്റെ വാര്‍ഷികാഘോഷമാക്കി മാറ്റിയെടുത്തിരിക്കുന്നു.
സംസ്കൃതം കേള്‍ക്കുകപോലും ചെയ്യുന്ന നായരുടെ (ശൂദ്രന്മാരുടേ) ചെവിയില്‍ ഇയ്യം തിളപ്പിച്ച് ഒഴിക്കണമെന്ന നിയമത്തില്‍ വിശ്വസിക്കുന്ന ബ്രാഹ്മണ്യത്തിന്റെ കാല്‍ക്കീഴില്‍ കിടന്ന് ബ്രിട്ടീഷുകാര്‍ വരുന്നതുവരെ അടിമത്വം അനുഭവിക്കേണ്ടി വന്ന 80%ല്‍ ഏറെ വരുന്ന ഭാരതീയരുടെ നീണ്ട ചരിത്രമാണ് അറിവിന്റെ സവര്‍ണ്ണവല്‍ക്കരണത്തിലൂടെ നാം കണ്ടത്.
എന്തായാലും കൊല്ലപ്പെട്ട അസുരന്‍ ബുദ്ധന്റെ ഓര്‍മ്മകള്‍ നിറഞ്ഞ ഭാരതത്തിന്റെ വസന്തകാലമല്ലാതെ മറ്റൊന്നുമല്ല.
അങ്ങിനെയാണ് ... ഹിന്ദുക്കളുടെ ആണും പെണ്ണും കെട്ട ദൈവമായ മഹാവിഷ്ണുവിന്റെ പേരായ “ഹരിശ്രീ” കുഞ്ഞുങ്ങളുടെ നാവില്‍ എഴുതിക്കൊണ്ട് ബ്രാഹ്മണ്യം ബുദ്ധമത ചടങ്ങായ വിദ്യാരഭത്തെ ഹൈന്ദവവല്‍ക്കരിച്ചത്.
നിരുപദ്രവമെന്നു തോന്നിയേക്കാവുന്ന ഇത്തരം ചെറിയ കാര്യങ്ങളിലൂടെയാണ് സാമൂഹ്യമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടുന്നത് എന്നതിനാല്‍ സാംസ്കാരിക ബോധമുള്ളവരും, മാനവികതയില്‍ വിശ്വാസമുള്ളവരും “ഹരിശ്രീ” എന്ന വിദ്ദ്യാരഭ ആദ്യാക്ഷരങ്ങളെ പരസ്യമായി എതിര്‍ക്കേണ്ടതാണ്.
പകരം “അ” എന്ന് കുഞ്ഞുങ്ങളെക്കൊണ്ട് അരിയിലെഴുതിച്ച് വിദ്യാരംഭം കുറിക്കുന്നതായിരിക്കും പ്രബുദ്ധത എന്ന് ചിത്രകാരന്‍ നിര്‍ദ്ദേശിക്കുന്നു.
നാവിലെഴുതുന്ന പ്രാകൃത ഏര്‍പ്പാട് നിര്‍ത്തലാക്കേണ്ടിയുമിരിക്കുന്നു.
പുരോഗമന പ്രസ്ഥാനങ്ങള്‍ എഴുത്തിനിരുത്തിന്റെ ആഘോഷങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നത് കച്ചവട ലക്ഷ്യം മാത്രമുളള പത്രങ്ങള്‍ക്ക് സവര്‍ണ്ണ വേശ്യ സംസ്കൃതിയുടെ പ്രചരണത്തിലൂടെ സര്‍ക്കുലേഷന്‍ കൂട്ടാന്‍ മാത്രമായി വ്യാപാരവല്‍ക്കരിക്കപ്പെടുന്നുണ്ട്. ഇത് അവസാനിപ്പിക്കാനായി
എ.കെ.ജി.യുടേയോ, ശ്രീ നാരായണ ഗുരുവിന്റേയോ,അംബേദ്ക്കറുടേയോ, അയ്യന്‍ കാളിയുടേയോ, മഹാത്മാഗാന്ധിയുടേയോ ഫോട്ടോക്കു മുന്നില്‍ വച്ചെങ്കിലും വിദ്യാരംഭം ആഘോഷപൂര്‍വ്വം നടത്തുന്ന ഒരു സംബ്രദായത്തിനു തുടക്കം കുറിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ബുദ്ധമതം കേരളത്തില്‍ എന്ന വിക്കി ലേഖനത്തിന്റെ ലിങ്ക്.

Wednesday, September 24, 2008

അപര്‍ണ്ണാ ലവകുമാര്‍

വായുവും,വെള്ളവും പോലെ നമ്മുടെ നാട്ടില്‍ നന്മയും സുലഭമാണെന്ന് കാണിക്കുന്ന ഒരു ഉദാഹരണമാണ് അപര്‍ണ്ണ ലവകുമാര്‍ എന്ന പോലീസ് ഉദ്ദ്യോഗസ്ഥയുടെ സല്‍‌പ്രവര്‍ത്തി. ഇതുപോലെ നന്മ നിറഞ്ഞ ധാരാളം ഉദ്ദ്യോഗസ്ഥര്‍ നമുക്കുണ്ട്. സത്യത്തില്‍ ഭൂരിഭാഗം തന്നെയാണിവര്‍. എന്നാല്‍, നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയും,ശീലങ്ങളും ഇവരെ കണ്ടെന്നു നടിക്കാറില്ലെന്നു മാത്രമല്ല,അവരുടെ നല്ല മനസ്സിനെ ദൌര്‍ബല്യമായി കണ്ട് ചൂഷണം ചെയ്യുകയല്ലാതെ അപര്‍ണ്ണാലവകുമാറിനെ ആദരിച്ചതുപോലെ ആദരിക്കാന്‍ മിനക്കെടാറില്ല. പൊതുവെ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ പീഢിപ്പിക്കപ്പെടുന്ന വിഭാഗമാണ് ഈ കൂട്ടം. ആത്മാഭിമാനമുള്ളവരും പാദസേവ ചെയ്യാത്തവരും,സേവന സന്നദ്ധരുമായ ജീവനക്കാര്‍ അഴിമതി നിറഞ്ഞ വ്യവസ്ഥിതിയില്‍ അധികാരികളുടെ കണ്ണിലെ കരടാണ്. പക്ഷേ, അപര്‍ണ്ണാലവകുമാര്‍ ആദരിക്കപ്പെട്ടിരിക്കുന്നു.
എങ്ങിനെയായിരിക്കും അതു സംഭവിച്ചിരിക്കുക ? ഇതേക്കുറിച്ചു വന്ന പത്ര വാര്‍ത്തകളുടെ വിശദാംശങ്ങള്‍ ചിത്രകാരന്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല. ആ നന്മനിറഞ്ഞ പോലീസ് ഉദ്ദ്യോഗസ്ഥയുടെ പ്രവര്‍ത്തിയുടെ അലകള്‍ സമൂഹത്തെ നന്മയോട് ആഭിമുഖ്യമുള്ളവരാക്കുന്നതില്‍ കാര്യമായ പങ്കു വഹിക്കും എന്നതില്‍ സംശയമില്ല. ആദ്യമായി അപര്‍ണ്ണാ ലവകുമാര്‍ ചെയ്ത ഉപകാരം അതിന്റെ മഹത്വം മനസ്സിലാക്കി കൈപ്പറ്റിയ പാവപ്പെട്ട ആ കുടുംബത്തിന്റെ ഹൃദയ ശുദ്ധിയെ നമിക്കുന്നു. പിന്നീട്.. ഈ വാര്‍ത്ത ജനങ്ങളിലെത്തിച്ച നാട്ടുകാരേയും,ജേണലിസ്റ്റുകളേയും,പത്ര-മാധ്യമങ്ങളേയും നമിക്കേണ്ടിയിരിക്കുന്നു.
ഇവിടെ ടിക്കറ്റെടുക്കാതെ ലോട്ടറിയടിച്ചത് കേരള സര്‍ക്കാരിനും, അതിന്റെ പോലീസ് ഡിപ്പാര്‍ട്ടുമെന്റിനുമാണ്. ചീത്തപ്പേരുമാത്രം കൈമുതലായുള്ള പോലീസ് വകുപ്പിന് ഒരു മാലാഖയുടെ പരിവേഷം അപര്‍ണ്ണാ ലവകുമാറിനെ ആദരിച്ചതിലൂടെ ലഭിച്ചിരിക്കുന്നു.

അക്ഷയ മലയാളം കം‌മ്പ്യൂട്ടിങ്ങ് പ്രൊജക്റ്റ്

ഇന്ന് രാവിലെ കണ്ണൂരില്‍ കലക്റ്ററുടെ അദ്ധ്യക്ഷയില്‍ വച്ചു നടന്ന അക്ഷയ പ്രൊജക്റ്റ് കണ്ണൂരിന്റെ മലയാളം കം‌മ്പ്യൂട്ടിങ്ങ് - ജില്ലാ തല പബ്ലിസിറ്റി കമ്മിറ്റിയില്‍ കേരള ബ്ലോഗ് അക്കാദമി എന്ന ആശയത്തിന്റെ പ്രചാരകനെന്ന നിലയില്‍ മലയാളം കം‌പ്യൂട്ടിങ്ങിന്റെ ജനകീയവല്‍ക്കരണത്തിനായി ഞാന്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുണ്ടായി.

1) വിശാലമായ കാഴ്ച്ചപ്പാട്
മലയാളം കം‌മ്പ്യൂട്ടിങ്ങ് എന്നത് ഇന്റെര്‍നെറ്റിലൂടെ മലയാളത്തിലുള്ള കത്തെഴുത്തും വെബ് വായനയും മാത്രമായി ഒതുങ്ങാതെ, ജനകീയമായ ആശയപ്രകാശനത്തിന്റെയും സംവേദനത്തിന്റേയും വേദിയിലേക്ക് ഉയര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.മലയാളം ബ്ലോഗുകള്‍ , മലയാളം വിക്കിപ്പീഡിയ പോലുള്ള സ്വതന്ത്ര വിജ്ഞാനകോശങ്ങള്‍,പാദമുദ്ര പോലുള്ള മലയാളം ഓണ്‍ലൈന്‍ ഡിക്‍ഷണറി രചന,പഴംചൊല്ലുകളുടെ ശേഖരണം,നാടന്‍ പാട്ടുകളുടേയും അനുഷ്ടാനങ്ങളുടേയും ശബ്ദരേഖകളുടെ പോഡ്‌കാസ്റ്റിങ്ങ്,വീഡിയോ അപ്‌ലോഡിങ്ങ്, തുടങ്ങിയ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്ന തരത്തില്‍ അക്‍ഷയയുടെ മലയാളം കം‌മ്പ്യൂട്ടിങ്ങ് എന്ന പ്രവര്‍ത്തന ശാഖ വികസിക്കേണ്ടിയിരിക്കുന്നു.

2) അഗ്രഗേറ്ററുകള്‍
മുകളില്‍ പറഞ്ഞ തരത്തിലുള്ള വികസനം യാഥാര്‍ത്ഥ്യമാക്കുന്നതിന് മലയാളം യൂണിക്കോഡ് ഫോണ്ടുകളും,അതുമായി ബന്ധപ്പെട്ട അക്ഷയയുടേയും ജില്ല ഭരണകൂടത്തിന്റേയും,വിവിധ വകുപ്പുകളുടേയും വെബ് സൈറ്റുകളുടെ വിലാസങ്ങള്‍ വിതരണം ചെയ്യുന്നതോടൊപ്പം അന്തര്‍ദ്ദേശീയമായ തലത്തില്‍ വികസിച്ചു പ്രവര്‍ത്തിക്കുന്ന മലയാളികളുടെ പൊതുവേദിയായ “ബൂലോക“ത്തിന്റെ പ്രവേശന വഴിയായ ബ്ലോഗ് അഗ്രഗേറ്ററുകളുടേയും,ബ്ലോഗ് കമന്റ് അഗ്രഗേറ്ററുകളുടേയും,മലയാളം വിക്കിപ്പീഡിയ പോലുള്ള പൊതുജനോപകാരപ്രദമായ ഓണ്‍ലൈന്‍ വിശ്വവിജ്ഞാനകോശങ്ങളുടേയും വിലാസവും, ഉപയോഗവും ജനങ്ങളെ അറിയിക്കേണ്ടിയിരിക്കുന്നു.
3) ബ്ലോഗ് വായനശാലകള്‍
സംസ്ഥാനത്തെ എല്ലാ അക്‍ഷയ കേന്ദ്രങ്ങളിലും ബ്ലോഗ് വായനശാലകള്‍ എന്ന പേരില്‍ ഇന്റെര്‍നെറ്റ് കണക്‍ഷനുകളുള്ള രണ്ടു കം‌മ്പ്യൂട്ടറുകളെങ്കിലും ഉള്‍പ്പെടുത്തി പൊതുജനത്തിന് അനായാസമായി ഈ പുതിയ മാധ്യമലോകത്ത് പിച്ചവക്കാനുള്ള സന്ദര്‍ഭം സംജാതമാക്കേണ്ടിയിരിക്കുന്നു.ബ്ലോഗുകളെക്കുറിച്ച് പരിജ്ഞാനമുള്ള ഉദ്ദ്യോഗസ്ഥരുടെ സേവനവും ബ്ലോഗ് വായന ശാലകളില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

4) കഫേകളില്‍ യൂണിക്കോഡ് നിര്‍ബന്ധമാക്കുക
സര്‍ക്കാര്‍ തലത്തില്‍എടുക്കുന്ന ഒരു തീരുമാനത്തിലൂടെയോ ജില്ലാ ഭരണാധികാരികളുടെ അധികാരമുപയോഗിച്ചോ കേരളത്തിലെ എല്ലാ ഇന്റെര്‍നെറ്റ് കഫേകളിലും അവര്‍ വാടകക്കു നല്‍കുന്ന എല്ലാ കം‌മ്പ്യൂട്ടറുകളിലും അജ്ഞലി ഓള്‍ഡ് ലിപി പോലെ സര്‍വ്വത്രികമായി ഉപയോഗിക്കപ്പെടുന്ന മലയാളം യൂണിക്കോഡ് ഫോണ്ടുകളും,മലയാളം എഴുത്തുപകരണങ്ങളും നിര്‍ബന്ധമാക്കേണ്ടിയിരിക്കുന്നു. (ഇതിന്‍ കഫെ ഉടമക്ക് പ്രത്യേക ചിലവുകളൊന്നുമുണ്ടാകുന്നില്ല. (സോഫ്റ്റ് വെയറുകളെല്ലാം സൌജന്യമായി ലഭ്യമാണ്.)ഇപ്പോള്‍ ഏറിയഭാഗവും അനാവശ്യ സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഇന്റെര്‍നെറ്റ് കഫെകളെ കേരളത്തിന്റെ വായനശാലകളായും,എഴുത്തുപുരകളായും,സാംസ്കാരിക കേന്ദ്രങ്ങളായും പരിവര്‍ത്തനം ചെയ്തെടുക്കാന്‍ ഇത്തരമൊരു ശ്രമം വഴിവക്കും. എന്നുമാത്രമല്ല, മലയാളം കം‌മ്പ്യൂട്ടിങ്ങിന്റെ പ്രചാരണത്തിന് ഈ പ്രവൃത്തി ഒഴിച്ചുകൂടാനാകാത്തതുമാണ്.
6-9-08

Tuesday, September 16, 2008

വേദവ്യാസന്‍.. വിശുദ്ധ ജാരന്‍ !


കുറേ കാലമായി ചിത്രം വരച്ചിട്ട്. ആ റു വര്‍ഷം മുന്‍പ് -2002-വണ്ടൂരില്‍ വച്ചു നടത്തപ്പെട്ട ഒരു ചിത്ര കല ക്യാമ്പിലാണ് അവസാനമായി വരച്ചത്. ഈ തിരുവോണത്തിന് (12-9-08)വീണ്ടും വരച്ചു. ഓയില്‍ സ്കെച്ച് പേപ്പറില്‍ ഓയില്‍ പെയിന്റുകൊണ്ടൊരു സ്കെച്ച് നടത്തി. വേദവ്യാസന്‍ പാണ്ഡവ-കൌരവര്‍ക്ക് ജാര ജന്മം നല്‍കുന്നതിന്റെ മുഹൂര്‍ത്തം ഇങ്ങനെയാണ് ചിത്രകാരന്റെ മനസ്സില്‍ തെളിഞ്ഞു വന്നത്. ഈ ചിത്രം അപൂര്‍ണ്ണമാണ്. എങ്കിലും ഒരു ചിത്രമാണ്.
വേദ വ്യാസന്‍ വിശുദ്ധ ജാരനോ അതോ വിത്തുകാളയോ ? ഏതായിരിക്കും കൂടുതല്‍ യോജിക്കുക ?!!
കൂടുതല്‍ ചിന്തക്കായി ഉദ്ബുദ്ധരായ മനുഷ്യര്‍ക്ക് സമര്‍പ്പിക്കുന്നു.
ചിത്രകാരനെ വീണ്ടും ചിത്രരചനയിലേക്ക് ആകര്‍ഷിച്ച ബ്ലൊഗ് എന്ന മാധ്യമത്തിനു നന്ദി.

സന്ദര്‍ഭം:
മഹാഭാരത കര്‍ത്താവായ വേദ വ്യാസന്‍ രാജാവിന്റെ പട്ടമഹര്‍ഷിമാരെ ഗര്‍ഭിണികളാക്കി ഉണ്ടാക്കിയെടുത്ത രണ്ടു പൊന്നു തംബുരാക്കന്‍ന്മാരാണ് പേടു രാജാക്കന്മാരായ പാണ്ഡുവും,ധൃതരാഷ്ട്രരും രണ്ടും ഷണ്ഡന്മാര്‍ ! ഷണ്ഡത്വം കൂടാതെ ഒന്നിനു പാണ്ഡു രോഗവും,മറ്റവന് അന്ധതയും ! വിത്തുകാളയുടെ ബീജം ഒന്നാം തരം തന്നെ !!
ഇതിനെതിരെയുള്ള ചോദ്യങ്ങള്‍ക്ക് വ്യാസന്‍ കഥയുണ്ടാക്കിയതാണ് അതിലും രസകരം. അന്നേ ദിവസം താന്‍ രാജകൊട്ടാരത്തിലെ ഒരു വേലക്കാരിക്കുകൂടി ഗര്‍ഭമുണ്ടാക്കിയിട്ടുണ്ടെന്ന് ! അങ്ങനെ ശൂദ്രയായ വേലക്കാരിയുടെയും ഭര്‍ത്താവിന്റേയും മിടുക്കനായ കുട്ടി ഭരണാധികാരമില്ലെങ്കിലും രാജാവിന്റെ മക്കളുടെ ലിസ്റ്റിലേക്ക് വരവുവക്കപ്പെട്ടു. അവനാണു വിതുരര്‍.

അംബിക മഹാറാണിയുടെ കിടപ്പറയില്‍ പ്രവേശിച്ച വേദവ്യാസനെ കണ്ട് ആ പാവം സ്ത്രീ കണ്ണുകള്‍ ഇറുക്കിയടച്ചത്രേ! (സുധാകരന്‍ സാമിമാരെപ്പറ്റി പറഞ്ഞത് ഓര്‍മ്മ വരുന്നു. സാമിമാരൊന്നും അണ്ടര്‍വെയര്‍ ഇടാറില്ലത്രേ!) അതുകൊണ്ടാണ് ധൃതരാഷ്ട്രര്‍ കുരുടനായതെന്നൊരു വിശദീകരണക്കുറിപ്പും വ്യാസന്‍ എഴുതി ചേര്‍ത്തു.
അംബാലിക മഹാറാണി കിടപ്പറയില്‍ കയറിക്കൂടിയ ഈ ദുഷ്ട ജന്തുവിനെ കണ്ട് വിളറി വെളുത്തതിനാലാണ് സന്തതിയായി പിറന്ന പാവം പാണ്ഡു പാണ്ഡുരോഗം പിടിച്ച് കഷ്ടപ്പെട്ട് അകാലത്തില്‍ മരിക്കേണ്ടി വന്നതത്രേ !

ശൂദ്രയായ വേലക്കാരി സന്തോഷപൂര്‍വ്വം വ്യാസ ബീജം ഉള്‍ക്കൊണ്ടതിനാല്‍ വിതുരര്‍ ബുദ്ധിമാനുമായി.

അങ്ങിനെ ... വ്യഭിചാരം സന്തോഷപൂര്‍വ്വം ചെയ്യേണ്ട ഹിന്ദു മത അനുഷ്ടാനമാണെന്നു വേദവ്യാസന്‍ ശൂദ്രര്‍ക്ക് ബുദ്ധി കോരി ഒഴിച്ചുകൊടുത്തു. അങ്ങിനെയാണ് ഇന്ത്യ കുട്ടിച്ചോറായതും, കേരളം ഭ്രാന്താലയമായതും എന്ന് !!!
(കഥയറിയാതെ ആട്ടം കണ്ടാല്‍ കഥകളിയാകുമല്ലോ എന്നു കരുതി വിശദീകരിച്ചതാണ്. രസ ഭംഗം വന്നവര്‍ പൊറുക്കുക, ക്ഷമിക്കുക !)

Monday, September 15, 2008

കൃസ്തുവിന്റെ കാല്‍ തല്ലിയൊടിച്ചു !



പാവം കൃസ്തു ഭഗവാന്‍ !! കാലു തല്ലിയൊടിക്കപ്പെട്ട്, കൈ മുറിച്ചുമാറ്റപ്പെട്ട് .... ഒരു ആംബുലന്‍സിന്റെ വരവും പ്രതീഷിച്ച് തന്റെ ഡണ്‍ലപ്പ് മെത്തയായ കുരിശില്‍ പതിവുപോലെ ഖിന്നനായി തൂങ്ങിക്കിടന്നു. ദേശാഭിമാനി പത്രമാണ് ഈ ദാരുണദൃശ്യം രാവിലെത്തന്നെ ചിത്രകാരന്റെ മുന്നിലെത്തിച്ചത്. പത്രം ദേശാഭിമാനിയായതുകൊണ്ട് പ്രത്യേക ചേതോവികാരമൊന്നും തോന്നിയില്ല. ഏടാ.. വെളവന്മാരേ.., നിങ്ങളിതും വോട്ടാക്കാന്‍ തുടങ്ങിയല്ലേ എന്നു മനസ്സു പറഞ്ഞതുമാത്രം കേട്ടു.
ഇനി റോമില്‍ നിന്നും അമേരിക്കയില്‍ നിന്നും ന്യൂനപക്ഷ പീഡനത്തിനെതിരെ പ്രതിഷേധ പ്രകടനം കൂടി വരാനിരിക്കുന്നു. എന്തായാലും കൊള്ളാം. ഇന്ത്യയിലെ കൃസ്ത്യന്‍ വര്‍ഗ്ഗീയ വാദികള്‍ക്കും, ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ക്കും,മുസ്ലീം വര്‍ഗ്ഗീയ വാദികള്‍ക്കും ഇപ്പോള്‍ വളര്‍ച്ചയുടെ സൂപ്പര്‍ ഹൈവെകളാണ് തുറന്നിട്ടു കിട്ടിയിരിക്കുന്നത്.
നഷ്ടം മനുഷ്യനു മാത്രം. മനുഷ്യത്വമാണ് ഏറ്റവും വലിയ ദൈവീകമായ ഭാവമെന്ന് വിശ്വസിച്ചിരിക്കുന്നവര്‍ കൂട്ടാത്തോടെ ആ വിശ്വാസം ഉപേക്ഷിച്ച് വര്‍ഗ്ഗീയതയിലേക്ക് അണിചേര്‍ക്കപ്പെടുംബോള്‍ മനുഷ്യനല്ലാതെ ആര്‍ക്കാണു നഷ്ടം? (ചെകുത്താന്റെ സംഘടനകളായ മതങ്ങളും, സവര്‍ണ്ണ രാഷ്ട്രീയ പാര്‍ട്ടികളും നശിക്കട്ടെ !!)

സത്യത്തില്‍ ഇന്ത്യയില്‍ സവര്‍ണ്ണരും അവര്‍ണ്ണരും എന്ന രണ്ടു വിഭാഗമേയുള്ളു.
ക്രൈസ്തവനായാലും,മുസ്ലീമായാലും, ദളിതനായാലും അവര്‍ണ്ണരാണ്. മതങ്ങളുടെയും,പാര്‍ട്ടികളുടേയും മുഖാവരണവും കണ്ണടയും ഉപേക്ഷിച്ച് നോക്കിയാല്‍ മനുഷ്യത്വമുള്ള അവര്‍ണ്ണരും, അതില്ലാത്ത സവര്‍ണ്ണരും തമ്മിലുള്ള സമരമാണ് ഇന്ത്യയില്‍ ഇക്കാലമത്രയും നടന്നുകൊണ്ടിരിക്കുന്നത്. ക്രൈസ്തവര്‍ക്കെതിരേയും, മുസ്ലീങ്ങള്‍ക്കെതിരേയും,ദലിതര്‍ക്കെതിരേയും നടക്കുന്ന ആക്രമണങ്ങളെ സവര്‍ണ്ണ ചോറ്റുപട്ടാളത്തിന്റെ ആക്രമണമായി മനസ്സിലാക്കാന്‍ പ്രാപ്തിയുണ്ടാകുംബോഴേ ഇവിടെ മനുഷ്യന്‍ ജയിക്കുകയുള്ളു.

ബ്രാഹ്മണ ജനത പാര്‍ട്ടിയില്‍ മാത്രമല്ല സവര്‍ണ്ണരുള്ളത്. എല്ലാ പാര്‍ട്ടികളിലും സവര്‍ണ്ണരുണ്ട്. അതുകൊണ്ടുതന്നെ കൃസ്തുവിന്റെയും, മറ്റു മനുഷ്യ പുത്രന്മാരുടേയും കയ്യും കാലും തല്ലിയൊടിക്കപ്പെടുകയും, നടുറോഡില്‍ ദളിതനെ നഗ്നനാക്കി നടത്തുകയും, മലം വാരിപ്പിക്കുകയും ചെയ്യുന്ന സവര്‍ണ്ണ ഗുണ്ടായിസത്തിനെതിരെ സമരം ചെയ്യാന്‍ തയ്യാറുള്ള പ്രസ്ഥാനങ്ങള്‍ക്കു മാത്രമേ ഇനി ഇന്ത്യയില്‍ പ്രസക്തിയുള്ളു.

ലോക മുതലാളിത്തം, അമേരിക്കന്‍ സാമ്രാജ്യത്വം, തുടങ്ങിയ ദുര്‍ഭൂതങ്ങള്‍ക്കെതിരെ വാചകമടിച്ച് ശത്രു സംഹാര പൂജ നടത്തിയെന്ന് നടിക്കുന്ന കപടതൊഴിലാളി സവര്‍ണ്ണ നേതാക്കളെ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഓടിക്കുക.

Friday, August 22, 2008

പന്തക്കാരന്‍ - ഇലസ്റ്റ്രേഷന്‍ പരീക്ഷണം

പത്തിരുപത് വര്‍ഷം മുന്‍പ് ഒരു ജോലി സ്വപ്നം കാണുന്ന കാലത്ത് ധാരാളം ഇലസ്റ്റ്രേഷനകളും, കാരിക്കേച്ചറുകളും, കാര്‍ട്ടൂണുകളും വരച്ചു കൂട്ടിയിരുന്നു. അക്കാലത്ത് ഇലസ്റ്റ്രേഷന്‍ ചിത്രകാരനു വഴങ്ങുമെന്ന് ഉറപ്പുവരുത്താന്‍ ഏതോ കഥയോ,സാങ്കല്‍പ്പിക കഥയോ മനസ്സിലിട്ട് രൂപപ്പെടുത്തിയ ഒരു ബ്ലാക്ക്/വയ്‌റ്റ് ഇലസ്റ്റ്രേഷനാണിത്. മാതൃഭൂമി ചീഫ് ആര്‍ട്ടിസ്റ്റായിരുന്ന ഏ.എസ്സിന്റെ കറുപ്പും വെളുപ്പും ഇലസ്റ്റ്രേഷനുകളുടെ സ്വാധീനം ഇതിലുണ്ട്. കൂടാതെ, അന്നത്തെ ചിത്രകാരന്റെ മനസ്സിലുള്ള സാംസ്കാരികതയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും ഇപ്പോള്‍ വായിക്കാനാകുന്ന വിധം തെളിഞ്ഞു വന്നിരിക്കുന്നു. അന്നൊക്കെ തിരുമാന്താംകാവിലെ പതിനൊന്നു പൂരങ്ങളും ആദ്യാവസാനം ചിത്രകാരന്‍ പങ്കെടുത്തിരിക്കും. ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് (പൂരം) എഴുന്നള്ളത്തിനുമുന്നില്‍ രാത്രി കത്തിച്ചു പിടിക്കുന്ന മൂന്നു പന്തങ്ങളുള്ള കത്തിക്കാത്ത ഒരു വിളക്കും പിടിച്ചു നില്‍ക്കുന്ന കഥാപാത്രം !!

Wednesday, August 20, 2008

രാഷ്ട്രീയ ദൈവങ്ങളും , വിശ്വാസികളും !

1990/92ല്‍ ചിത്രകാരന്‍ വരച്ച ഒരു ഓയില്‍ പെയിന്റിങ്ങ്. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള അകലത്തില്‍ ആകുലത തോന്നിയ ചിത്രകാരന്റെ സമൂഹത്തോടുള്ള പ്രതികരണം. ഒരു മീറ്റര്‍ സമചതുരത്തിലുള്ളതായിരുന്നു ഈ പൈന്റിങ്ങ് എന്നാണോര്‍മ്മ. അഞ്ചാറു വര്‍ഷം മുന്‍പ് ചിത്രത്തിനു സൌന്ദര്യം പോരേന്ന തോന്നലില്‍ പെയന്റിങ്ങ് കീറിക്കളഞ്ഞു. ഇപ്പോള്‍ ഒരു ഫോട്ടോ മാത്രം ബാക്കി. ഇനി അതും നഷ്ടപെട്ടാല്‍ അതൊരു ഓര്‍മ്മ മാത്രമായേക്കും ! അതിനുമുന്‍പ് ബ്ലോഗില്‍ തൂക്കിയിടട്ടെ !

ഇന്നത്തെ ദേശീയ പണിമുടക്ക് -കം-ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ പോസ്റ്റു ചെയ്യുന്ന ദിവസം പ്രസക്തമായെന്നു തോന്നുന്നു.

വി.പി.എസ്.എല്‍.വി വിക്ഷേപണം !

വി.പി.സിങ്ങ് ഭരണത്തിലേറുന്ന കാലത്ത് ... ചിത്രകാരന്‍ ഒരു മത്സരത്തിനയക്കാനായി വരച്ച കാര്‍ട്ടൂണ്‍. ഹിന്ദുസ്ഥാന്‍ ടൈംസിനായിരിക്കണം. (അക്കാലത്തുതന്നെയാണ് എ.എസ്സ്.എല്‍.വി. കടലില്‍ വീണിരുന്നത്.) കുറെ വര്‍ഷങ്ങളുടെ പഴക്കമുള്ള ആ കാര്‍ട്ടൂണിന്റെ ഫോട്ടോകോപ്പി ഇവിടെ സ്കാന്‍ ചെയ്തു വക്കുന്നു. ചിത്രകാരന്‍ ഇങ്ങനെയൊക്കെ കാര്‍ട്ടൂണ്‍ വരച്ചിരുന്നു എന്ന് മക്കള്‍ക്കെങ്കിലും ഓര്‍മ്മിക്കാന്‍ ... ഗൂഗിളിനു നന്ദി !!
ഇതേ ഗണത്തിലെ ചിത്രകാരന്റെ മറ്റൊരു കാര്‍ട്ടൂണ്‍ ലിങ്ക്: ഇന്ത്യ/മഹാത്മാ ഗാന്ധി
ചിത്രകാരന്റെ മുഴുവന്‍ കാര്‍ട്ടൂണുകളും .