Saturday, May 10, 2008

പിച്ച വാങ്ങുന്ന കാവാലത്തെ നാടകാചാര്യന്‍ !

മാതൃഭൂമി കണ്ണൂര്‍ എഡിഷനില്‍ കലാ-സാഹിത്യ കേരളത്തിനു നാണക്കേടു തോന്നേണ്ട ഒരു വാര്‍ത്തയും ചിത്രവും കണ്ടുകൊണ്ടാണ് ചിത്രകാരന്റെ ഇന്നത്തെ(10-5-08) പ്രഭാതം ആരംഭിച്ചത്. കാവാലം നാരയണ പണിക്കര്‍ക്ക് ഏതൊ ഒരു ബ്രാഹ്മണ്യത്തിന്റെ പാരംബര്യ ഹൈന്ദവന്‍ നംബൂതിരി ജാതിക്കാരന്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ അടുക്കള ചായ്പ്പില്‍ നിന്നും കാവാലം നാരയണപ്പണിക്കര്‍ എന്ന ഉഗ്രപ്രതാപിയായ നാടക വിദഗ്ദന് നാടകാചാര്യ പട്ടംവും, രാജ പ്രതാപത്തിന്റെ ചിഹ്നമായ പട്ടും വളയും എച്ചിലുപോലെ എറിഞ്ഞുകൊടുക്കുന്ന ചിത്രം ദയനീയമായ ഒരു കാഴ്ച്ചയാണ്.
കാവാലം നാരായണപ്പണിക്കര്‍ തന്റെ അടിമത്വത്തിന്റെ വിനീത വിധേയമായ ബോഡി ലാഗ്വേജിന്റെ അകംബടിയോടെ താണു തൊഴുത് പ്രസ്തുത വര്‍ഗ്ഗീയ-ജന്മിത്വ പുരസ്കാരം കൈപ്പറ്റുന്നത് സഹതാപത്തോടെ മാത്രമേ ആത്മാഭിമാനമുള്ളവര്‍ക്ക് കാണാനാകു.
ഒരു കാലത്ത് ഹിന്ദു മതത്തിന്റെ പ്രചരണത്തിനുവേണ്ടി ബുദ്ധമത വിശ്വാസികളായവരെ അംഗീകാരങ്ങളും,പാരിതോഷികങ്ങളും,പദവികളും നല്‍കി സ്വന്തം വരുതിയിലാക്കുകയും,അവരുടെ സാമൂഹ്യ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി ഹിന്ദുമതം എന്ന നീച സംസ്കാരത്തിനു പ്രചാരം കൂട്ടുകയും ചെയ്തിരുന്ന ബ്രാഹ്മണ അജണ്ടയുടെ തുടര്‍ച്ചതന്നെയാണ് കാവാലത്തിനു ലഭിച്ച ബഹുമതി എന്ന ഈ നാണം കെട്ട പരിപാടിയും എന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.

Wednesday, May 7, 2008

അക്ഷയതൃതീയക്കുപിന്നിലെ ഭൂതം!

പണവും സ്വര്‍ണ്ണവും സ്വന്തമാക്കുന്നതിലൂടെ സത്യത്തില്‍ ദൈവവും, അതിന്റെ ആത്മാവായ നന്മയും നമ്മുടെ മനസ്സില്‍ നിന്നും പുറത്താക്കപ്പെടുകയാണ് ചെയ്യാറുള്ളത്. സ്വര്‍ണ്ണം നമ്മുടെ ഐശ്വര്യത്തിന്റേയും,സ്നേഹത്തിന്റേയും പ്രതീകമായി പ്രതിഷ്ടിക്കുന്നത് ആരാണെന്നും പൊതുജനത്തിനറിയില്ല. അരാണ് വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍ എന്ന് നമ്മുടെ പത്രമാധ്യമങ്ങളും പറയില്ല.
കാരണം ഇന്ത്യന്‍ മാധ്യമലോകത്തിനും,ജ്വല്ലറിവ്യവസായത്തിനും ഉദാരമായി കോടികള്‍ ഒഴുക്കിക്കൊടുക്കുന്ന വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍ ചെറിയൊരു പ്രസ്ഥാനമല്ല.

ലോക സ്വര്‍ണ്ണ ഖനി ഉടമകളുടെ സംഘടനയാണ് വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍ എന്നറിയുമ്പോഴേ നമ്മെക്കൊണ്ട് അക്ഷരതൃതീയ ആഘോഷിപ്പിച്ച് , നമ്മുടെ ജീവിതം ഐശ്വര്യപൂര്‍ണ്ണമാക്കി കുളിപ്പിച്ചു കിടത്താനുള്ള ഈ പ്രസ്ഥാനത്തിന്റെ ഉത്സാഹത്തിന്റെ കാരണം ചിലര്‍ക്കെങ്കിലും മനസ്സിലാകുകയുള്ളു.

ഇന്ത്യയിലെയും,ഗള്‍ഫിലേയും പല പ്രമുഖ ജ്വല്ലറികള്‍ക്കും തങ്ങളുടെ പരസ്യചിലവിന്റെ 33% സബ്സിഡിയായി- കോടികള്‍ തന്നെ -നല്‍കുന്ന ഈ സംഘടന പൊങ്ങച്ചം മാത്രം കൈമുതലായുള്ള മലയാളിയെക്കൊണ്ട് സ്വര്‍ണ്ണം തീറ്റിച്ചാലും അതിശയപ്പെടാനില്ല.

കേരളത്തിലെ സ്വര്‍ണ്ണക്കടകളുടെ ശൃഘലകള്‍ വ്യാപിപ്പിക്കുന്നതിനു പിന്നിലും, സ്വര്‍ണ്ണം ആന നെറ്റിപ്പട്ടം കെട്ടിയതുപോലെ അണിഞ്ഞാല്‍ മാത്രമേ സ്ത്രീക്ക് അന്തസ്സും കുലമഹിമയും ഉണ്ടാകു എന്ന് വിശ്വാസം പടര്‍ത്തുന്നതിലും നിശബ്ദം പ്രവര്‍ത്തിച്ച വേള്‍ഡ് ഗോള്‍ഡ് കൌണ്‍സിലിനെ നമുക്ക് ,നമ്മുടെ സാമൂഹ്യ ശാസ്ത്രജ്ഞ്ഞര്‍ക്കും,രാഷ്ട്രതന്ത്രജ്ഞര്‍ക്കും,രാഷ്ട്രീയക്കാര്‍ക്കും കാണാനാകാത്തത് കാഴ്ച്ചക്കുറവിന്റെ പ്രശ്നം മാത്രമാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ നമ്മുടെ പാവപ്പെട്ട പ്രവാസികള്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്റെ പകുതിയും പൊങ്ങച്ചം കാണിക്കാനല്ലാതെ ഒന്നിനും ഉപയോഗിക്കാനാകാത്ത ഈ മഞ്ഞലോഹം തന്ന് വാങ്ങിക്കൊണ്ടുപോകുന്ന സ്വര്‍ണ്ണ ഖനി ഉടമകളെ കാണാനാകില്ല. എന്നാല്‍ അവരുടെ ഏജന്റുമാരാണ് നമ്മുടെ പ്രമുഖ സ്വര്‍ണ്ണക്കടകളെല്ലാം.

24 കാരട്ട് സ്വര്‍ണ്ണത്തെ തങ്കമെന്നാണ് പറയുക. ബിസ്ക്കറ്റുപോലെ പൊട്ടുന്നതിനാല്‍ 24 കാരറ്റില്‍ ആഭരണമുണ്ടാക്കാറില്ല. ഈ തങ്കത്തില്‍നിന്നും 24 ല്‍ 2ഭാഗം മാറ്റി അത്രയും കോപ്പര്‍(ചെമ്പ്)ചേര്‍ക്കുംബോഴാണ് 91.6%സ്വര്‍ണ്ണം അഥവ 22 കാരട്ട് ശുദ്ധ സ്വര്‍ണ്ണം ഉണ്ടാക്കുന്നത്. പൊതുവെ 22 കാരറ്റ് ശുദ്ധ സ്വര്‍ണ്ണവും വളരെ ബലം കുറഞ്ഞതാണ്. അതുകൊണ്ട് ആഭരണമുണ്ടാക്കിയാല്‍ വേഗം പൊട്ടുകയും,ഒടിയുകയും ചെയ്യും.16, 18, 20 കാരറ്റ് ഉപയോഗിക്കേണ്ട കാര്യമേയുള്ളു ആഭരണ നിര്‍മ്മാണത്തിന്. പവന് ആയിരങ്ങളുടെ വിലക്കുറവുമുണ്ടാകും. പക്ഷേ , വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍ കുറഞ്ഞ കാരട്ടുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നു മാത്രമല്ല,നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. കാരണം സ്വര്‍ണ്ണത്തില്‍ ബലത്തിനുവേണ്ടി ചെമ്പോ,വെള്ളിയോ ചേര്‍ത്താണ് കാരട്ടു കുറക്കുക. അപ്പോള്‍ ആഭരണത്തില്‍ അവരുടെ സ്വര്‍ണ്ണത്തിന്റെ അളവു കുറയും. സ്വര്‍ണ്ണത്തിനു വിലയും കുറയും. വേള്‍ഡ് ഗോള്‍ഡ് കൌണ്‍സിലിന് അതു സഹിക്കാനാകില്ല.
(ഇത്രയും പറഞ്ഞതുകൊണ്ട് സ്വര്‍ണ്ണത്തെക്കുറിച്ച് സംശയങ്ങളൊന്നും ചിത്രകാരനോട് ചോദിക്കരുതേ... കുറച്ചുവര്‍ഷങ്ങള്‍ ഒരു ജ്വല്ലറുടെ മാര്‍ക്കറ്റിങ്ങ് കണ്‍സല്‍ട്ടന്റായിരുന്നതുകൊണ്ടുണ്ടായ വിവരമാണ് ഇവിടെ എഴുതിയത്)

നമ്മുടെ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കാനും,അതിനുവേണ്ടി പ്രചരണങ്ങള്‍ പത്രക്കാരെക്കൊണ്ട് എഴുതിക്കാനും ധാരാളം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെ അഡ്വെര്‍റ്റോറിയല്‍ എന്നാണ് ഓമനപ്പേരിട്ടു വിളിക്കുന്നത്. ഇന്ത്യയിലെ ഏതു പത്രത്തെവേണമെങ്കിലും പണം കൊടുത്ത് വിലക്കെടുക്കാം. ടൈംസ് ഓഫ് ഇന്ത്യപോലുള്ള പത്രങ്ങളാണ് വായനക്കാരന്റെ വിശ്വാസത്തെ കുത്തക ഭീമന്മാര്‍ക്ക് വ്യഭിചരിക്കാന്‍ സൌകര്യം ചെയ്തുകൊടുക്കുന്നതില്‍ മുന്നിലുള്ളത്.

ഇത്തരം സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് വേള്‍ഡ് ഗോള്‍ഡ് കൌണ്‍സിലും നമ്മുടെ മനസ്സിലേക്ക് ശ്രീകൃഷ്ണന്റേയും, മഹാലക്ഷ്മിയുടേയും,ശ്രീരാമന്റേയും വേഷം ധരിപ്പിച്ച് തിന്മയുടെയും,പൊങ്ങച്ചങ്ങളുടേയും,പ്രതീകങ്ങളെ വേഷപ്രച്ഛന്നരാക്കി കടത്തിവിടുന്നത്.
ഈ കള്ളത്തരത്തിന്റെ ഒരോ ബ്രാന്‍ഡ് നെയ്മുകള്‍ മാത്രമാണ് അക്ഷയതൃതീയയും,മറ്റു ദൈവീക മുഹൂര്‍ത്ത ദിനങ്ങളും !!!

ഇത്തരം വിഷയങ്ങള്‍ പത്രമാധ്യമങ്ങളിലൂടെ പ്രചരിക്കില്ല എന്നതിനാല്‍, നമ്മള്‍ പരസ്പര സംസാരത്തിലൂടെ കൈമാറുകയേ നിവൃത്തിയുള്ളു.

Tuesday, April 29, 2008

നരസിംഹം എന്ന നികൃഷ്ട ഹിന്ദു ദൈവം

ഇന്ത്യയില്‍ നിന്നും ബുദ്ധമതത്തേയും,അതിന്റെ വിശ്വാസികളേയും കൊന്നൊടുക്കിയും, ഭീഷണിപ്പെടുത്തിയും,അശരണരാക്കിയും, ചരിത്രം ഐതിഹ്യകഥകളാല്‍ നശിപ്പിച്ചും മുന്നേറിയ ബ്രാഹ്മണ ഹിന്ദു മതത്തിന്റെ പൈശാചിക മതപ്രചരണചരിത്രത്തിന്റെ രക്തം പുരണ്ട ചിത്രമാണ് മഹാവിഷ്ണു എന്ന കപട ദൈവത്തിന്റെ അവതാരമായ നരസിംഹ മൂര്‍ത്തി. ഈ ജാര ദൈവം ധര്‍മ്മിഷ്ടനായ ഹിരണ്യകാശിപന്‍ എന്ന മഹാരാജാവിന്റെ രാജ്യത്ത് നുഴഞ്ഞുകയറി, രാജാവിന്റെ പത്നിയേയും,പ്രഹ്ലാദന്‍ എന്ന മകനേയും തന്റെ ഭക്തരാക്കിമാറ്റി കൊട്ടരത്തില്‍ പ്തിയിരുന്ന് രാജാവിനെ ചതിച്ചുകൊല്ലുന്ന കഥയെ വീരസാഹസികത കലര്‍ത്തി അവതരിപ്പിക്കുന്നത് കുട്ടിക്കാലത്ത് ചിത്രകാരനും ഭക്ത്യാദരപൂര്‍വ്വം വായിച്ചും,കേട്ടും ആവേശം കൊണ്ടിട്ടുണ്ട്.
കാരണം അന്ന് അതിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കാന്‍ അറിവില്ലായിരുന്നു. എന്നാല്‍ ഇന്ന് ചിത്രകാരനിലെ മാനുഷികതക്ക് വിഷ്ണുവിന്റെ അവതാരമായ നരസിംഹം നടത്തിയ തന്തയില്ലായ്മ സഹിക്കാനാകുന്നില്ല.
ഒന്നാമത് ഒരു ദൈവത്തിനോ, നന്മ നിറഞ്ഞദൈവത്തില്‍ വിശ്വസിക്കുന്ന ഒരു വിശ്വാസിക്കോ മനുഷ്യനെ കൊല്ലാനാകില്ലെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.
സ്വന്തം അച്ഛനെ ക്രൂരമായി കൊല്ലുന്നതുകണ്ട് ജയജയ ഹരി,ജയജയ മഹാവിഷ്ണു എന്നു കീര്‍ത്തിച്ചുകൊണ്ട് മകന്‍ അച്ഛന്റെ ഘാതകന് പുഷ്പ്പഹാരം ചാര്‍ത്താന്‍ മുതിരുന്നതിലൂടെ ഹിന്ദു മതം നമുക്കു നല്‍കുന്ന സദാചാരമൂല്യം എത്രമാത്രം വിഷലിപ്തമാണ് എന്ന് നമുക്ക് എന്തുകൊണ്ട് തിരിച്ചറിയാനാകുന്നില്ല എന്നാണ് അതിശയം തോന്നുന്നത്.

തിന്മയുടെ മതമായ ഹിന്ദു മതത്തെ തിരിച്ചറിയാന്‍ ... പഴയ വിശ്വാസങ്ങളുടെ പൊള്ളത്തരം ബോധ്യപ്പെടാന്‍ നരസിംഹം എന്ന ഹിന്ദുക്കളുടെ ഈ അക്രമിയായ ദൈവത്തെ വിശകലനം ചെയ്താല്‍ മതിയാകും.
കുട്ടിക്കാലത്ത് എല്ലാ പിറന്നാള്‍ ദിവസങ്ങളിലും ഗുരുവായൂരില്‍ പോകുമായിരുന്ന ചിത്രകാരന്‍ ഗുരുവായൂരംബലത്തില്‍ നരസിംഹാവതാരത്തിന്റെ അനവധി ചിത്രങ്ങള്‍ ചില്ലിട്ട് അലങ്കരിച്ചുവച്ചത് കണ്ടിട്ടുണ്ട്. വല്ല കുട്ടിച്ചാത്തന്‍/കുട്ടി ശാസ്തന്‍ കാവോ മറ്റോ അ യിരുന്ന ഇന്നത്തെ ഗുരുവായൂരപ്പന്‍ ക്ഷേത്രം(കരുവാരപ്പന്‍) ഈ നികൃഷ്ട ദൈവത്തിന്റെ മറ്റൊരവതാരമാണെന്നാണ് ബ്രാഹ്മണ്യത്തിന്റെ കെട്ടുകഥയില്‍ പറയുന്നത്.

ഹിന്ദു ഐതിഹ്യങ്ങളില്‍(ബ്രാഹ്മണരുടെ കള്ളക്കഥകളില്‍) നാം തിന്മയുടെ പ്രതീകങ്ങളായി സംങ്കല്‍പ്പിച്ച് അസുരന്‍‌മാരെന്നു വിളിച്ച് രോക്ഷത്തോടെ അപമാനിക്കുന്ന അധര്‍മ്മികളായ,അഹങ്കാരികളായ രാജാക്കന്മാര്‍ ആരായിരുന്നു എന്ന് എപ്പൊഴെങ്കിലും ഒന്നു ചിന്തിച്ചിട്ടുണ്ടോ? ഹിന്ദു ദൈവങ്ങള്‍ ചതിയിലൂടെ കൊലപ്പെടുത്തിയ രാജാക്കന്മാര്‍ എത്രയാണെന്ന് അന്വേഷിച്ചിട്ടുണ്ടോ? അവരെല്ലാം ചെയ്ത കുറ്റമെന്തായിരുന്നു ? അവരെല്ലാം ബുദ്ധമത വിശ്വാസികളായിപ്പോയി. അത്രേള്ളു ! ബുദ്ധമതത്തെ ഉന്മൂലനം ചെയ്യാനുള്ള ബ്രാഹ്മണന്റെ കെട്ടുകഥകളെ തൊണ്ടതൊടാതെ വിഴുങ്ങാനുള്ള അടിമബോധം നാം ഇപ്പോഴും വച്ചുപുലര്‍ത്തേണ്ടതുണ്ടോ? നല്ലവനായ മഹാബലിയെ കുള്ളന്‍(വാമനന്‍) ബ്രാഹ്മണന്റെ വേഷത്തില്‍ ചെന്ന പിച്ചക്കാരന്‍ വിഷ്ണു പാതാളത്തിലേക്കായാലും,മറ്റെവിടേക്കായാലും ചവിട്ടിത്താഴ്ത്തുംബോള്‍ അരുതെന്നു പറയാന്‍,അനീതിയെന്ന് ചൂണ്ടിക്കാട്ടാന്‍ നമുക്ക് ഇതുവരേയും കഴിയാതെപോകുന്നതെന്തുകൊണ്ട് ?
ശക്തനും ദുഷ്ടനുമായ ഒരു യജമാനന്റെ കീഴിലെ സുരക്ഷിതത്ത്വം (അടിമത്വം)മാത്രമേ നാം കൊതിക്കുന്നുള്ളോ?
സ്വന്തം അച്ചനെ കൊല്ലുന്നവന് ജെയ് വിളിക്കുന്ന ജനതയെ എന്താണ് ചിത്രകാരന്‍ വിളിക്കേണ്ടത്?

ഇതൊക്കെ പഠിച്ച് വിശകലനം ചെയ്ത് സത്യം കണ്ടെത്താതെ മുന്നോട്ടു പോകുന്ന പുരോഗമന പ്രസ്ഥാനങ്ങളൊന്നും ലക്ഷ്യത്തിലെത്തില്ലെന്ന ഉറപ്പള്ളതിനാലാണ് ചിത്രകാരന്‍ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. സത്യങ്ങളെ കുഴിച്ചുമൂടിക്കൊണ്ട് ആര്‍ക്കും മുന്നോട്ടു പോകാനാകില്ല. നമ്മുടെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പരാചയത്തിന്റെ പാഠം ആ സത്യം തന്നെയാണ് ഓര്‍മ്മിപ്പിക്കുന്നത്.

2008 ഏപ്രില്‍ 19 ന് കൊച്ചിയില്‍ നിന്നും കണ്ണൂരിലേക്കുള്ള യാത്രക്കിടക്ക് ആലുവ ഭാഗത്ത് ഒരു നരസിംഹമൂര്‍ത്തിയുടെ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കെട്ടിയുയര്‍ത്തിയ ഹോര്‍ഡിങ്ങില്‍ നിന്നും ഫോട്ടോ എടുത്തതാണ് നരസിംഹ പിശാചിന്റെ മുകളില്‍ കൊടുത്ത ചിത്രം.
ഇത്രയും നികൃഷ്ടനായ ഒരു ദൈവത്തെ ചുമക്കുന്ന ഹിന്ദുക്കളേ.... നാണം തോന്നാന്‍ അമാന്തിക്കരുത് !! ബ്രഹ്മണ്യത്തിന്റെ വിഷത്തെ തിരിച്ചറിഞ്ഞ് നന്മയിലേക്ക് കണ്ണുതുറക്കുവിന്‍ ! മനുഷ്യരാകുവിന്‍.

നരസിംഹത്തിന്റെ ക്രൂരതകളോട് സാമ്യമുള്ള ചില സമീപകാല ക്രൂരതകളുടെ വീഡിയോ ലിങ്കു കൂടി ഇവിടെ നല്‍കുന്നു. ഈ ലിങ്കുകള്‍ ഹൃദയാലുകളായവരും, കഠിന ഹൃദയരല്ലാത്തവരും കാണാന്‍ ശ്രമിക്കരുതെന്ന് മാനുഷികതയുടെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു.ഒരു പക്ഷേ ചിലര്‍ക്ക് മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.ഇതിലെ ഒരു ചിത്രം കണ്ടതിനാല്‍ ചിത്രകാരന്റെ ഒരു ദിവസം മുഴുവന്‍ മൂഡ് നഷ്ടപ്പെടാന്‍ കാരണമായിരുന്നു.
എന്നാല്‍, ചിത്രകാരന്മാര്‍,സാഹിത്യകാരന്മാര്‍,തത്വചിന്തകര്‍,മനുഷ്യാവകാശ പ്രവര്‍ത്തകര്‍,രാഷ്ട്രീയപ്രവര്‍ത്തകര്‍,ശാസ്ത്രജ്ഞര്‍ തുടങ്ങിയ സമൂഹത്തെ നവീകരിക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നല്ല മനസ്സുകള്‍ ഇതുപോലുള്ള ലിങ്കുകള്‍ കാണേണ്ട്തും, തങ്ങളുടെ സമൂഹത്തിനാവശ്യമയ മാനുഷികമായ പ്രതിരോധത്തിന്റെ മനസ്സാക്ഷിയുണര്‍ത്തല്‍ ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കേണ്ടതുമാണെന്ന അഭിപ്രായമാണ് ചിത്രകാരനുള്ളത്.

http://www.charonsboat.com/cgi-bin/ItemView.cgi?id=57 stoning Iraqi girl to death

http://www.charonsboat.com/cgi-bin/ItemView.cgi?id=66 of a Nepali by Islamic Fundamentalists

http://www.charonsboat.com/cgi-bin/ItemView.cgi?id=19 unknown by Iraqi militants

http://www.charonsboat.com/cgi-bin/ItemView.cgi?id=84 of a Russian by Chechnian Rebels

തെറ്റ് ആരു ചെയ്താലും തെറ്റാണെന്നു പറയാനുള്ള സത്യസന്ധത സമൂഹത്തില്‍ വളര്‍ത്തുക എന്നതാണ് നമ്മുടെ സാമൂഹ്യ വളര്‍ച്ചക്ക് ആദ്യം നാം ചെയ്യേണ്ട തറക്കല്ലിടല്‍ കര്‍മ്മം.
ജാതികള്‍ക്കും, മതങ്ങള്‍ക്കും ഉപരിയായി നമുക്ക് മനുഷ്യനെ സ്നേഹിച്ചുകൂടേ സഹോദരങ്ങളെ !!!

Monday, April 28, 2008

ഭൂമിയില്‍ വേരൂന്നുന്ന ബൂലോകം !!!

ബൂലോകം എന്ന മലയാളിയുടെ ആശയവിനിമയത്തിന്റെ ഭാവിയിലെ കൊടുമുടിക്ക് ഭൂമിയില്‍ വേരുണ്ടാകണമെന്ന് ഉറച്ചു വിശ്വസിച്ചതിന്റെ അനന്തര ഫലമാണ് കേരള ബ്ലോഗ് അക്കാദമി എന്ന ബ്ലോഗ് പ്രചരണ വേദിക്ക് ജന്മം നല്‍കാന്‍ കാരണമായത്.

നിലവിലുള്ള പ്രിന്റ്-ദൃശ്യ-ശ്രവ്യ മാധ്യമങ്ങളുടെ ആശയ പ്രതിഫലന ശേഷി ബ്ലോഗ് എന്ന മാധ്യമത്തിന്റെ ശേഷിയുമായി താരതമ്യം ചെയ്യുബോള്‍ വളരെ നിസ്സാരമാണ്. ഇതു തിരിച്ചറിഞ്ഞതുകൊണ്ടുകൂടിയാണ് പരംബരാഗത മാധ്യമങ്ങള്‍ തങ്ങളുടെ മാധ്യമങ്ങളെ ബ്ലോഗും ഇന്റര്‍നെട്ടുമായി കൂട്ടിയിണക്കുന്ന മാര്‍ഗ്ഗത്തില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്. എന്നാല്‍ ബ്ലോഗ് നമ്മുടെ ഉദാസീനതകൊണ്ടോ, അറിവില്ലായ്മകൊണ്ടോ വേണ്ടവിധം പ്രചരിപ്പിക്കപ്പെടാതെ, ഒരു വിനോദമോ, ഹൈട്ടെക്ക് തമാശപറയാനുള്ള ഇടമോ മാത്രമായി ചിത്രീകരിക്കപ്പെട്ട് പാര്‍ശ്വ്വല്‍ക്കരിക്കപ്പെട്ടുകിടക്കുന്നത് നമ്മുടെ സമൂഹത്തിന്റെ വളര്‍ച്ചക്കുറവിനിടയാക്കുമെന്ന വസ്തുത കണക്കിലെടുക്കേണ്ടതുണ്ട്.

ബ്ലോഗിനോളം ശക്തമായ ഒരായുധം നമ്മുടെ ഒരു മൌസ് ക്ലിക്ക് അകലത്തിലിരുന്നിട്ടും, നാം നിരാലംഭരും,പ്രതികരണ ശേഷിയില്ലാത്ത കഴുതകളുമായി തുടരാന്‍ തീരുമാനിക്കുന്നത് മൌഢ്യമാണ്.
ഇന്നത്തെ ബൂലോകത്തിന് സമൂഹത്തില്‍ ചെറുതായി ശ്രദ്ധ നേടാന്‍ കഴിയുന്നുണ്ടെങ്കിലും, ഒരു സമൂഹ ഇച്ഛാശക്തിയുടെ പ്രതിഫലന വേദിയായി വളരാനായിട്ടില്ല എന്നത് അഭ്യസ്ത വിദ്യരായ കേരളീയരെ സംബന്ധിച്ച് നാണക്കേടുണ്ടാകേണ്ട കാര്യമാണ്. കൂടുതല്‍ എഴുത്തുകാരും, വായനക്കാരും ബ്ലോഗില്‍ എത്തുന്നതോടെ മാത്രമേ ബ്ലോഗ് പൊതുജന ജിഹ്വയായി സമൂഹം അംഗീകരിക്കുകയും, വിലമതിക്കുകയും ചെയ്യു. അല്ലാത്ത കാലത്തോളം കേവലം ചായക്കടയിലെയും, ബാര്‍ബര്‍ ഷോപ്പിലേയും,കള്ളു ഷാപ്പിലേയും ചര്‍ച്ചയോളമേ ബ്ലോഗിനു സാധ്യതയുണ്ടാകു. ഇത്രയും കാലം അതുതന്നെയായിരുന്നു നമ്മുടെ വിലനിലവാരം !

മറ്റെല്ലാ മാധ്യമങ്ങളുടേയും ശക്തി അതിലെ അഭിപ്രായങ്ങള്‍ എത്രപേര്‍ കാണുന്നു, കേള്‍ക്കുന്നു, വായിക്കുന്നു എന്നതിനെ ആശ്രയിച്ചുതന്നെയാണിരിക്കുന്നത്. ബ്ലോഗിനും ആ റീച്ച് ബാധമാണ്. എന്നാല്‍, അത്തരം മാധ്യമങ്ങളെ കടത്തിവെട്ടുന്ന ചില സൂപ്പറ് പ്രത്യേകതകള്‍കൂടി ബ്ലോഗിനുണ്ട്. അതിലൊന്ന് വേഗതയാണ്. ഒരു നിമിഷംകൊണ്ട് ലോകത്തെംബാടും പ്രസരിക്കപ്പെടാനുള്ള അത്ഭുതശക്തി ബ്ലോഗിനുമാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളു. മറ്റൊന്ന് സ്ഥലപരമായ അതിരുകള്‍ , ഭേദഭാവങ്ങള്‍, സൃഷ്ടിയുടെ രൂപങ്ങളോടുള്ള സ്വന്തം പരിമിതി എന്നിവയൊന്നും ബ്ലോഗിനെ ബാധിക്കുന്നില്ലെന്ന സര്‍വ്വലൌകീകതയാണ് ഈ മാധ്യമത്തിന്റെ ആത്മാവായി നില്‍ക്കുന്നത്.

എന്തായാലും ഈ പ്രത്യേകതകള്‍ ബ്ലോഗിനെ സര്‍വ്വശക്തമായ നാളെയുടെ മാധ്യമമായി നില്‍ക്കുംബോള്‍ അത് എത്രയും പെട്ടെന്ന് ജനങ്ങളുടെ കയ്യിലെത്തിച്ച് നമ്മുടെ സമൂഹത്തെ പുനരുദ്ധരിക്കേണ്ടതും, ശക്തരാക്കേണ്ടതും അവരുടെ വിയര്‍പ്പിന്റെ ഫലംകോണ്ട് വളരാന്‍ ഭാഗ്യം ലഭിച്ച അഭ്യസ്തവിദ്യരായ യുവത്വത്തിന്റെ കര്‍ത്തവ്യമാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
സത്യമായും, ഇതൊരു നവോദ്ധാനത്തിന്റെ നാന്ദിയായിത്തന്നെ കാണേണ്ടിയിരിക്കുന്നു. കാരണം , ഈ വളര്‍ച്ചയില്‍ എല്ലാവര്‍ക്കും തുല്യ അവസരമായതിനാല്‍ ഇവിടെ ആര്‍ക്കും ഒന്നും നഷ്ടപ്പെടുന്നില്ല. കിട്ടാനുള്ളതോ... ആത്മാഭിമാനത്തിന്റെ പുതിയൊരു ലോകവും.
ചിത്രകാരന്റെ അമിത പ്രതീക്ഷകളാകാതിരിക്കട്ടെ ഈ ബൂലോക സ്വപ്നം !
.......................................................
കോഴിക്കോട് വച്ച് 27-04-08 ന് നടത്തിയ മലയാളം ബ്ലോഗ് ശില്‍പ്പശാല ബൂലോകത്തെ ഭൂമിയില്‍ നട്ടു നനച്ചു വളര്‍ത്താനുള്ള ചരിത്രപ്രധാനമായ ഒരു സന്ദര്‍ഭവും, അതില്‍ ഭാഗഭാക്കാകാനുള്ള ഭാഗ്യമായും, നിമിത്തമായും , ചുമതലയായും ആത്മസംതൃപ്തിയോടെ നമുക്ക് ഓര്‍ക്കാം. ഇതിന്റെ തുടര്‍ ചലനങ്ങള്‍ സാംസ്കാരിക കേരളത്തില്‍ നിന്നും പ്രതിധ്വനിക്കാതിരിക്കില്ല.
ബൂലോകത്തെ വ്യക്തിപരമായി ഒരു മാനിയയായി കൊണ്ടു നടന്ന നിലവിലുള്ള പല ബ്ലോഗേഴ്സിനും തങ്ങളുടെ ലഹരിയുടെ കെട്ട് വിട്ട് ഭൂമിയില്‍ കാലൂന്നാനുള്ള അവസരം കൂടിയാണ് ഈ ശില്‍പ്പശാലയുടെ വിജയം സൂചിപ്പിക്കുന്നത്.
കോഴിക്കോടിന്റെ നന്മ നിറഞ്ഞ മണ്ണില്‍ ഒരു നടീല്‍ കര്‍മ്മം !
തെറി വിളിക്കുന്നവനെന്നു ചീത്തപ്പേരുള്ള ചിത്രകാരന്‍ എന്ന ഒരു വിമത വ്യക്തിക്കുപോലും
സംഘടനാശേഷി നല്‍കുന്ന,ആസൂത്രണ സാധ്യത നല്‍കുന്ന അതുല്യ പ്രതിഭാസംതന്നെയാണ് ബ്ലൊഗെന്നതിന്റെ ഉത്തമോദാഹരണം തന്നെയാണ് ശില്‍പ്പശാലയുടെ വിജയം.

Thursday, April 24, 2008

പ്രകാശ് വര്‍മ്മ-മലയാളിക്ക് അഭിമാനിക്കാന്‍ ഒരു പ്രതിഭ !

പ്രകാശ് വര്‍മ്മ ഡയോരമയില്‍ തന്റെ അനുഭവങ്ങളും,നിരീക്ഷണണ്‍ഗളും പങ്കുവക്കുന്നു.

ഇന്ത്യന്‍ ടിവി പരസ്യ രംഗത്തെ അതുല്യ പ്രതിഭ തന്നെയാണ് പ്രകാശ് വര്‍മ്മ. ദൃശ്യമാധ്യമത്തിലൂടെ ജനങ്ങളുടെ ഹൃദയത്തിലേക്ക് വഴികാണിക്കുന്ന ഈ ചെറുപ്പക്കാരന്‍ പ്രശസ്തിയുടേയും,അംഗീകാരത്തിന്റേയും ഉച്ചിയിലെത്തുന്നതിനുമുന്‍പ് അനുഭവിച്ചതും,മനസ്സിനെ പാകപ്പെടുത്താന്‍ ലഭിച്ചതുമായ സന്ദര്‍ഭങ്ങളെക്കുറിച്ച് നിഷ്ക്കളങ്കമായും,ആത്മാര്‍ത്ഥതയോടെയും സംസാരിച്ചപ്പോള്‍ , കേരളാ അഡ്വെര്‍റ്റൈസിംഗ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 19 ന് പാലാരിവട്ടത്തെ റിനൈസന്‍സ് കോണ്‍ഫറന്‍സ് ഹാളില്‍ സമ്മേളിച്ച കേരളത്തിലെ പരസ്യകലാരംഗം കാതുകൂര്‍പ്പിച്ചു കേട്ടു.അനുഭവങ്ങളും,നിരീക്ഷണങ്ങളും ഒരു പ്രതിഭയെ സംസ്ക്കരിച്ചെടുക്കുന്നതില്‍ എന്തുമാത്രം സ്വാധീനം ചെലുത്തുന്നുണ്ടെന്നതിന്റെ ഉദാഹരണമാണ് പ്രകാശ് വര്‍മ്മ.ഒത്തുതീര്‍പ്പുകള്‍ക്കു വശംവദനാകാത്ത കരുത്തുറ്റ മനസ്സും,ആ മനസ്സിനെ കോട്ടയായി നിന്നുകൊണ്ടു പരിരക്ഷിക്കുന്ന പ്രകാശ് വര്‍മ്മയുടെ സഹദര്‍മ്മിണിയും,പ്രൊഡക്ഷന്‍ മാനേജറുമായ സ്നേഹ ഐപ്പ് വര്‍മ്മയുടെകൂടി വിജയകഥയാണ് പ്രകാശ് വര്‍മ്മ എന്ന പരസ്യചിത്രകാരന്‍.
മൊറോക്കോയിലെ അതിര്‍ത്തിയിലെ കംബിവേലിക്കിടയിലെ ഫ്രീ ലാന്‍ഡില്‍ വച്ച് പന്തുകളിക്കുന്ന കുട്ടികളുടെ എയര്‍ ടെല്‍ പരസ്യം,കഴിഞ്ഞ ജന്മത്തിലെ കാമുകിയെ തേടിവരുന്ന പഞ്ചാപി കുട്ടിയുടെ ഹാസ്യാത്മകമായ ഗ്രീന്‍ പ്ലയ് പരസ്യം,വൊഡാഫോണിന്റെ നായ്ക്കുട്ടി അനുഗമിക്കുന്ന പരസ്യം, വോള്‍ട്ടാസിന്റെ ഹൃദയത്തില്‍ തൊടുന്ന എ.സി.കുപ്പിയിലാക്കി കൊണ്ടുപോയി അച്ഛനു സമ്മാനിക്കുന്ന മകളുടെ നിഷ്ക്കളന്കത മുറ്റിയ പരസ്യം,ബജാജ് ബൈക്കിന്റെ അനിമേഷനിലൂടെ നിര്‍മ്മിക്കപ്പെടുന്ന അത്ഭുതകരമായ കണ്‍സെപ്റ്റ് .... എന്നിങ്ങനെ ഹൃദ്യമായ പരസ്യ ചിത്രങ്ങളുടെ നീണ്ട നിരതന്നെ പ്രകാശ് വര്‍മ്മയുടേതായുണ്ട്.ചിത്രകാരന് ക്ഷ്യ ബോധിച്ചു. ഒന്നൊഴിച്ച്...! പ്രകാശിന്റെ പേരിന്റെ പിന്നിലെ നാറുന്ന വര്‍മ്മ വാലൊഴിച്ച് !! (പരസ്യകലയില്‍ വാലുകള്‍ക്ക് വളരെയധികം പ്രസക്തിയുണ്ടെന്നറിയാഞ്ഞിട്ടല്ല, ബ്ലൊഗില്‍ വരുംബോള്‍ പരസ്യകലയെ പാടെ തള്ളിപ്പറഞ്ഞ് മനുഷ്യന്റെ ഭാഗത്ത് നില്‍ക്കുക എന്നൊരു നിലപാട് ചിത്രകാരന്‍ ആത്മ പരിശോധനയുടെ ഭാഗമായി എടുത്തതാണ്. അതില്‍ വെള്ളം ചേര്‍ക്കുക വയ്യ.)


സിംഹവും,സിംഹിനിയും.നിര്‍വ്വാണ ഫിലിംസിന്റെ ഡയറക്റ്റര്‍ പ്രകാശ് വര്‍മ്മയും,പ്രൊഡ്യൂസര്‍ സ്നേഹ ഐപ്പ് വര്‍മ്മയും.

പ്രകശ് വര്‍മ്മ ഡയോരമ ഉദ്ഘാടനം ചെയ്യുന്ന സിനിമാനടന്‍ ദിലീപ്,സമീപം ദിലീപിനെ വിളക്കുകൊളുത്താന്‍ പഠിപ്പിക്കുന്ന കെ.ത്രി.എ.ജനറല്‍ സെക്രട്ടറി ജൈംസ് വളപ്പില, ഏഷ്യാനെറ്റ് സുരേഷ്,പ്രസൂണ്‍,പ്രകാശ് വര്‍മ്മ,മുരളി,കെ ത്രി എ പ്രസിഡന്റ് പി.ടി.എബ്രഹാം എന്നിവര്‍.

Sunday, April 20, 2008

തിരുമാന്താംകാവ് പത്താം പൂരം

സ്വന്തം അദ്ധ്വാന ഫലമായ അമ്മയുടെ സ‌മൃദ്ധിയില്‍നിന്നും പുഴയുടെ അക്കരെയിലേക്ക് 60 അടി അയിത്തം പറഞ്ഞ് ബ്രഹ്മണര്‍ തങ്ങളെ പുറത്താക്കിയെങ്കിലും വള്ളുവനാടിന്റെ ഐശ്വര്യത്തിന്റെ കാരണക്കാരായ ഈ പുലയരുടെ കാളകള്‍ക്ക് തിരുമാന്താം കുന്നിലമ്മ അമ്മയല്ലാതാകുമോ ? അമ്മയുടെ പൂരഘോഷത്തിന് അപമാനത്തിന്റെ കണ്ണീരുകുടിച്ചാണെങ്കിലും സര്‍വ്വ ഐശ്വര്യങ്ങളും നേര്‍ന്നുകൊണ്ട് അവര്‍ പുഴയുടെ ഇക്കരെ നൂറ്റാണ്ടുകള്‍ക്കുശേഷവും തങ്ങളുടെ ആചാരവും, ബന്ധവും,കടപ്പാടും തെറ്റിക്കാതെ അണിഞ്ഞൊരുങ്ങിനില്‍ക്കുന്നു. പട്ടികജാതിക്കാര്‍ മനുഷ്യരാണെന്ന് നമുക്ക് ഇപ്പോഴും തോന്നിത്തുടങ്ങിയിട്ടില്ലാത്തതിനാല്‍ ക്ഷേത്രനടത്തിപ്പുകാര്‍ ഈ കളകള്‍ക്കും കറുത്തമനുഷ്യര്‍ക്കും അംബലത്തിന്റെ മുറ്റത്ത് അന്തസ്സര്‍ന്ന ആദരവുനല്‍കാന്‍ ഇതുവരെ മനസ്സുവച്ചിട്ടില്ല. മനസ്സു വികസിക്കാഞ്ഞാല്‍ ഭയമുണ്ടാകുമെന്നല്ലാതെ ഒന്നും മനസ്സിലാകില്ലല്ലോ.

ഇന്നത്തെ പട്ടികജാതിക്കാരായ പുലയരുടെ(ചെറുമക്കള്‍) പുരാതനകാലത്തെ ദേശത്തിന്റെ കാവും, അവരുടെ തലവന്‍ വള്ളുവക്കോനാതിരിയുടെ കുലദൈവവുമായിരുന്ന തിരുമാന്താംകുന്ന് കാവില്‍ ഇന്ന് (20-4-2008) വള്ളുവനാടിന്റെ ദേശീയോത്സവമായ പൂരത്തിന്റെ പത്താം ദിവസം ആഘോഷിക്കുകയാണ്. പത്താം പൂരം എന്നുപറയും.
കുന്നിന്റെ മുകളിലുള്ള കാവിനു താഴെ ഭാരതപ്പുഴയുടെ കൈവഴികളിലൊന്നായ പുഴയില്‍ കുളിപ്പിക്കാനായി തിരുമാന്ദാംകുന്നിലമ്മയെ പരിവാരസമേതം കൊണ്ടുപോയപ്പോള്‍ .... അമ്മ കുളികഴിഞ്ഞു വരുന്നതുകാണാന്‍ സ്ഥലപിടിച്ചു കാത്തുനില്‍ക്കുന്ന വള്ളുവനാട്ടുകാര്‍.


ബ്രാഹ്മണരുടെ അധിനിവേശത്തോടെ കാവിനകത്തു കയറാനും, അമ്മയെ നേരില്‍ കാണാനും അവകാശം നഷ്ടപ്പെട്ട ദൈവങ്ങളുടെ തെയ്യക്കോലധാരികള്‍ പുഴക്കക്കരെനിന്നും അമ്മയെ ഒരു നോക്കുകാണാന്‍ കുളിപ്പുരയിലേക്ക് കണ്ണും നട്ട് അപകര്‍ഷതയുടെ കൈപ്പുനീര്‍ കുടിച്ചുകൊണ്ട് കാത്തുനില്‍ക്കുന്നു. ബ്രാഹ്മണര്‍ തിരുമാന്ദാംകാവു പിടിച്ചടക്കി, വള്ളുവക്കോനാതിരിയെ കട്ടുമുടിപ്പിച്ചതിനു ശേഷം കാവ് അംബലമാക്കി പ്രഖ്യാപിച്ചുകൊണ്ടുള്ള കള്ളക്കഥകളായി ഐതിഹ്യങ്ങള്‍ രചിച്ചപ്പോള്‍ ഈ തെയ്യങ്ങള്‍ക്ക് തങ്ങളുടെ ദൈവീകത നഷ്ടപ്പെടുകയും, ഇവരെ പൂതങ്ങളായി ചവിട്ടിതാഴ്ത്തുകയും ചെയ്തിരിക്കുന്നു.



ബ്രാഹ്മണര്‍ക്കു മാത്രം പ്രവേശനമുള്ള കുളിപ്പുര: മാറുമറക്കാതെ നല്ല അന്തസ്സുള്ള മത്തങ്ങാമുലകള്‍ അഭിമാനപൂര്‍വ്വം പുറത്തുകാണിച്ച് ഏതൊരു ചെറുമിയെപ്പൊലെയും നന്മയുടെയും,മൂല്യങ്ങളുടെയും നിറകുടമായിരിക്കുന്ന തിരുമാന്താം കാവിലമ്മയെ കുളിപ്പിക്കുന്നത് കാണാതിരിക്കാന്‍ ദേവസ്വം ഭാരവാഹികളും, ബ്രാഹ്മണരുന്കൂടി പനംബുകൊണ്ട് കുളിപ്പുര മറച്ചുകെട്ടിയിരിക്കുന്നു.ദേവിയുടെ കുളിസീനുകള്‍ പാപ്പരാസികള്‍ പത്രമാധ്യമങ്ങളിട്ട് മാനം കെടുത്താതിരിക്കാന്‍ മാനം എന്തെന്നറിയാതവരുടെ പരിഹാരങ്ങളോ, അതോ പണ്ട് ശാന്തിക്കാരന്‍ അമ്മയുടെ തിരുവാഭരണങ്ങള്‍ കുളിപ്പുരയിലെ കയത്തില്‍ നൂലുകെട്ടി താഴ്ത്തി അല്‍പ്പാല്‍പ്പമായി അപഹരിച്ചതുപോലെയുള്ള വല്ല കണ്‍കെട്ടുവിദ്യയോ? അതോ പുഴയിലെ ഹോസ്പിറ്റല്‍ വേസ്റ്റില്‍ കാലുകുത്താതെ നീരാട്ട് നടത്താനുള്ള തന്ത്രിമാരുടെ തന്ത്രമോ?

പുഴക്കക്കരെ നിന്നും കുളിക്കുംബോഴെങ്കിലും, അമ്മയെ കാണാന്‍ നില്‍ക്കുന്ന തെയ്യങ്ങളുടെ അയിത്തമോ,അതോ ശാപമോ ... എന്താണ് പുഴവെള്ളമായി കെട്ടിക്കിടക്കുന്നത്? കേരളത്തിലെ ആശുപത്രി നഗരമായ പെരിന്തല്‍മണ്ണയിലെ സൂപ്പര്‍ സ്പേഷാലിറ്റി ഹോസ്പിറ്റലുകളായ അല്‍ ഷിഫായിലേയും,മൌലാനയിലേയും ആശുപത്രി വേസ്റ്റിനാല്‍ അണുസംബന്നമായ, ഈച്ചയര്‍ക്കുന്ന ഈ കൊഴുത്ത ദ്രവത്തിലാണ് തിരുമാന്താം കുന്നിലമ്മ ബ്രഹ്മണരോടൊപ്പം നീരാട്ടുനടത്തുന്നത്. വള്ളുവക്കോനാതിരിയുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ട കൊത്തിയെടുത്ത കല്ലുകൊണ്ടു നിര്‍മ്മിക്കപ്പെട്ട കല്ലുപാലമാണ് ഇപ്പോള്‍ സ്റ്റീലുകൊണ്ടുള്ള റീലിങ്ങ് പിടിപ്പിച്ച നിലയില്‍ ചിത്രത്തില്‍ കാണുന്നത്.

അയിത്തമില്ലാത്ത കുടകള്‍ :പാണനും,പറയനും മാത്രമേ ബ്രാഹ്മണര്‍ അയിത്തം കല്‍പ്പിച്ചിട്ടുള്ളു. കുടക്ക് അയിത്തമില്ലെന്നുമാത്രമല്ല, പവിത്രമായ ആചാരങ്ങള്‍ക്കും, തന്റെ ഭാര്യയെ അന്യരില്‍നിന്നും മറച്ചുപിടിക്കുന്നതിനും ആ പാവം മനുഷ്യപുത്രന്മാരുടെ ഓലക്കുട വേണമായിരുന്നു. പുഴയില്‍ ഒലിച്ചുവന്ന അമ്മ ഒരു പാറയില്‍ പിടിച്ചുതൂങ്ങിനില്‍ക്കുന്നതുകണ്ട് ആ വഴി വന്ന പന്തലക്കോട് നംബൂതിരി ദേവിക്ക് പന്തലിട്ട് കൊടുത്ത് സ്വയം പന്തലിട്ട നംബൂതിരി എന്ന നിലയില്‍ പന്തലക്കോട് നംബൂതിരിയായി എന്നിങ്ങനെയുള്ള കള്ളക്കഥകള്‍ ഐതിഹ്യമായി രചിച്ച് പുലയരുടെ അമ്മയെ പുലയരില്‍ നിന്നും അകറ്റി സ്വന്തമാക്കിയ ബ്രാഹ്മണ്യത്തിന്റെ മനുഷ്യത്വഹീനമായ കുടിലകൌശലങ്ങളുടെ സത്യങ്ങള്‍ ആര്‍ക്കുവേണം.ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം !!! ജനം അതേ പറയു.അധികാരത്തിനൊപ്പം,പണത്തിനൊപ്പം!


രാജ കുടുംബത്തിന്റെ വിശ്രമ മന്ദിരം: പൂരം കാണാന്‍ വരുന്ന രാജകുടുബത്തിലെ ബ്രാഹ്മണ ദാസന്മാര്‍ക്ക് അമ്മയെ കാത്തുനില്‍ക്കാനുള്ള കെട്ടിടം.ബ്രാഹ്മണാധിപത്യത്തോടെ ഭീരുക്കളായ ഒരുകൂട്ടം ആചാരങ്ങളുടെ അവകാശികള്‍മാത്രമായ രാജകുടുംബാംഗങ്ങളെ പൊലിപ്പിക്കാനുള്ള ജീര്‍ണ്ണിച്ച പ്രതാപ ചിഹ്നം !

അമ്മ നീരാട്ടു നടത്തിവരുന്നതുവരെ ബോറടിമാറ്റാന്‍ പനമ്പട്ടയുടെ സ്വാദുനോക്കുന്ന പാവം കാട്ടുജീവികള്‍. ഹിന്ദു മതത്തിന്റെ പൊങ്ങച്ചത്തിന്റെ ഭാരം ചുമക്കാന്‍ ശാപം ലഭിച്ച ഗജവീരന്മാര്‍. ആത്മീയതയും,ദൈവീകതയും ആര്‍ഭാടത്തിന്റെ നിഴല്‍ മാത്രമാണെന്ന് ഉദ്ഘോഷിക്കുന്ന ബ്രാഹ്മണ ഹിന്ദുമതത്തിന്റെ അടിമകളായ പാവം മൃഗങ്ങള്‍ !

തിരുമാന്താം കുന്നിനുമുകളില്‍ ഇപ്പോഴും നശിപ്പിക്കാതെ സംരക്ഷിച്ചുസ്സ്,നിര്‍ത്തിയിരിക്കുന്ന സര്‍പ്പക്കാവ്. കാവിന്റെ പടിഞ്ഞാറു ഭാഗം. ഈ പന്തലിനകത്ത് ദേവി വന്നടിഞ്ഞു എന്ന കള്ളക്കഥയിലെ പാറയാണുള്ളത്.
ക്ഷേത്രപാലന്‍ എന്ന മറ്റൊരു പ്രതിഷ്ടയില്‍ മേല്‍ക്കൂരമുട്ടിനില്‍ക്കുന്ന വലിയൊരു പാറയാണുള്ളത്. കൂടാതെ ബ്രഹ്മരക്സ്, നാഗദൈവങ്ങള്‍ എന്നിവയുടെ ചെറിയ കോവിലുകളുമുണ്ട്. മുഖ്യ ശ്രീകോവില്‍ പൂര്‍ണ്ണമായും ബ്രാഹ്മണ ഹിന്ദു ആരാധനാരീതിയില്‍ പണികഴിപ്പിക്കപ്പെട്ട അംബലമാണ്. അതിന്റെ ചുവരില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചുവര്‍ചിത്രങ്ങളുമുണ്ടായിരുന്നു. ഏതാണ്ട് പത്തിരുപത് വര്‍ഷം മുന്‍പ് ക്ഷേത്ര കമ്മിറ്റിയില്‍ വൃത്തിബോധം കൂടിയപ്പോള്‍ മങ്ങിയ ചുവചിത്രങ്ങള്‍കുമുകളില്‍ ഇനാമല്‍ പെയിന്റടിച്ചു എന്നു കേട്ടിരുന്നു. സത്യമെന്താണെന്നറിഞ്ഞുകൂട.

തിരുമാന്താം കാവിന്റെ ക്ലോസപ്പ് ചിത്രം.ക്ഷേത്രകമ്മിറ്റിയിലെ പരിഷ്ക്കാരികള്‍ പൂരം പ്രമാണിച്ച് കാവിനെ ക്ഷൌരം ചെയ്ത് ഭംഗിയാക്കിയിരിക്കുന്നു. മൊട്ടയടിപ്പിക്കാതിരുന്നാല്‍ ഭാഗ്യം.
ബ്രഹ്മരക്ഷസ്സിന്റെ ഉപക്ഷേത്രം. കാവിന്റെ വടക്കുകിഴക്കേ മൂലയില്‍ ശാന്തമായി ബ്രാഹ്മണ്യത്തിന്റെ ഭണ്ഡാരപ്പെട്ടിക്കു കാവലിരിക്കാന്‍ നിയോഗിക്കപ്പെട്ട ഹിന്ദുമതത്തിന്റെ മതിലിനകത്തുനില്‍ക്കാത്ത ഒരു ദൈവം.
ക്ഷേത്രപാലന്‍ എന്നു പുതിയ ബ്രാഹ്മണ പേരുമായി നില്‍ക്കുന്ന ഏതോ കുട്ടിച്ചാത്തന്റേയോ മറ്റോ പുരാതന പ്രതിഷ്ടയായിരിക്കണം ഇവിടെയുള്ള മേല്‍ക്കൂര മുട്ടുന്ന പാറക്കല്ല്. അംബലം വികസിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകോണ്ട് സ്വയം വളര്‍ന്ന കല്ലാണ് ഇതിലുള്ളത് എന്ന് ബ്രാഹ്മണന്റെ കുനിഷ്ടുബുദ്ധിയുടെ എച്ചിലുണ്ടുനടക്കുന്ന സ്വര്‍ണ്ണ പ്രശ്നക്കാരോ മറ്റോ കള്ളക്കഥയുണ്ടാക്കി പ്രചരിപ്പിച്ച ഐതിഹ്യത്തിന്റെ പൊലിമയില്‍ ഒരു സംഭവമാകുന്നു കാട്ടുമൃഗത്തെപ്പോലെ കൂട്ടിലടക്കപ്പെട്ട ഈ ദൈവം. പാവം ഒന്നു കാറ്റും മഴയും കൊണ്ടിട്ട് എത്ര നൂറ്റാണ്ടായിക്കാണും !


Thursday, April 3, 2008

ജാതിയത എന്ന വിഷപ്രയോഗം

സര്‍പ്പത്തിന്റെ വിഷം സര്‍പ്പത്തിനു ദോഷം ചെയ്യാറില്ല എന്നതുപോലെ , ജാതിയതക്ക് എന്തെങ്കിലും ദോഷമുള്ളതായി ജാതി അഭിമാനമായി കൊണ്ടുനടക്കുന്നവര്‍ക്ക് തോന്നാറില്ല. ജാതിപ്പേര് അന്യരെ കീഴടക്കാനുള്ള സര്‍പ്പവിഷമായി പേരിന്റെ വാലായോ, മനസ്സിലേക്ക് ഒതുക്കിവച്ച വിഷപ്പല്ലായോ നാം നിധിപോലെ സൂക്ഷിക്കുന്നു. ഋണാത്മകമായതും(തികച്ചും ധനാത്മകവും മാനവികവുമായ ആത്മാഭിമാനത്തിനു പകരമായി ) പണവും,അധികാരവും,സംഘടിത ഉപചാപസാഹിത്യവും,കുടില ബുദ്ധിയും, വര്‍ഗ്ഗീയതയും കൊണ്ടു സൃഷ്ടിച്ചെടുത്ത തിന്മയുടെ അഭിമാന ബോധത്തെയാണ് അഥവ ദുരഭിമാനത്തെയാണ് നാം ജാതിയതയായി ഇന്നു പരിലാളിച്ചുപോരുന്നത്.

പഴയ സംബന്ന പാരംബര്യത്തിന്റെ അടയാള ചിഹ്നമായി കൊണ്ടുനടക്കുന്ന ജാതിപ്പേര് ആള്‍ക്കൂട്ടത്തില്‍ മേല്‍‌ക്കൈനേടാനുള്ള അധിക യോഗ്യതയാണ്. അതിലുപരി ജാതീയതയില്‍ അഭിമാനിക്കാത്ത വിഭാഗം ജനങ്ങളെ നിരന്തരം അപകര്‍ഷപ്പെടുത്താനും,അതിലൂടെ അവരുടെ ആത്മാഭിമാനത്തെ നിര്‍ജ്ജീവമാക്കി അവരെ പൊതുധാരയിലെ അവസരങ്ങളില്‍നിന്നും ആട്ടിപ്പായിക്കാനും,വിധേയരാക്കാനും, അടിമകളാക്കാനും ജാതീയത നിരന്തരം സമൂഹത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. സമൂഹത്തില്‍ തുറന്ന മത്സരങ്ങള്‍ ഉണ്ടാകാതിരിക്കാനായി ജാതീയതയുടെ വിഷപ്പല്ലുകൊണ്ട് മാനവികമായ നന്മയുള്ള ജനതയെ അസ്തപ്രഭരാക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ സവര്‍ണ്ണ ജനത പൊതുവെ നഷ്ടപ്പെടുത്താറില്ല. അവര്‍ മനപ്പൂര്‍വ്വമാകണമെന്നില്ല. മാനവികമായ പരിഗണനകളില്ലാതെ അന്യരെ ചൂഷണം ചെയ്യുന്നതും,അപമാനിക്കുന്നതും മഹനീയമായ പാരംബര്യവും, ആചാരവും,അവകാശവുമാണെന്ന മനുഷ്യത്വരഹിതമായ നികൃഷ്ട ബോധമാണ് അവര്‍ക്കു ലഭിച്ചിരിക്കുന്ന പൈതൃകം.

എന്താണ് ജാതി ?

ജാതി എന്ന വാക്കുതന്നെ ജനനത്തെ സംബന്ധിക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് രൂപപ്പെട്ടിരിക്കുന്നത്. അതായത് ജന്മനാല്‍ ഒരാള്‍ക്കു ലഭിക്കുന്ന വര്‍ഗ്ഗീയസാമൂഹത്തിലെ സ്ഥാനം. ജാതി അഥവ വര്‍ണ്ണം സമൂഹത്തിലെ ജനങ്ങളെ വിഭജിച്ച് വരുതിയിലാക്കാന്‍ ഹിന്ദുമതപ്രചാരകര്‍ സൃഷ്ടിച്ച സാമൂഹ്യ വ്യവസ്ഥിതിയാണ്. മനുഷ്യന്റെ ബുദ്ധിവ്യാപാരത്തിനും,തൊഴിലിനും,പ്രവര്‍ത്തനങ്ങള്‍ക്കും,സാമൂഹ്യസ്ഥാനത്തിനും ദൈവവിശ്വാസത്തിന്റെ മറവുപിടിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി,ഭരിക്കപ്പെടുന്ന ജനങ്ങളെ ചോദ്യം ചെയ്യാനുള്ള ശേഷി ഇല്ലാത്തവരാക്കുക എന്നതാണ് ജാതിയുടെ അവതാരോദ്ദേശം.
അതുകൊണ്ടുതന്നെ ജാതിക്ക് രണ്ടു ഉള്‍പ്പിരിവുകളുണ്ട്.
1) ഭരിക്കപ്പെടുന്നവരുടെ,അഥവ അടിമയാക്കപ്പെടുന്നവരുടെ അപമാനകരമായ ജാതികളും,
2) ഭരണവുമായി ചേര്‍ന്നു നില്‍ക്കുന്നവരുടെ അഭിമാനകരമായ സവര്‍ണ്ണജാതിയും.

രണ്ടും ഒന്നുതന്നെയാണെന്നും,ഇതിലൊന്നും വലിയ കാര്യമില്ലെന്നും സവര്‍ണ്ണ ജാതിക്കാര്‍പറയും. തങ്ങളുടെ മേല്‍ക്കൈ (ആധിപത്യം) നിലനിര്‍ത്താന്‍ നിരന്തരം ശ്രമിക്കുക എന്നത് രണ്ടായിരം കൊല്ലക്കാലമായി അവരുടെ ജീവിത രീതിയായതിനാല് അവരുടെ സമത്വചിന്തയെ മുഖവിലക്കെടുക്കാനാകില്ല എങ്കിലും പൊതുസമൂഹത്തിന്റെ അംഗീകാരം ഭരണ വര്‍ഗ്ഗത്തിന്റെ ആ അഭിപ്രായത്തിനു തന്നെയായിരിക്കും എന്നതിനാല്‍ അവരുടെ സമത്വ നിലപാട് അപകടകരമാണ്.
ഇക്കാരണത്താല്‍ ജാതീയത, ജാതി,സവര്‍ണ്ണത എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ഭരിക്കുന്നവന്റെ വിവേചനത്തിന്റേയും, ചൂഷണത്തിന്റേയും,ദുരഭിമാനത്തിന്റേയും പര്യായം മാത്രമാണ്.

ഭരിക്കപ്പെട്ടിരുന്ന ജാതിക്കാരെ സംബന്ധിച്ച് ജാതിപ്പേരുകള്‍ ഭരണവിഭാഗം അടിച്ചേല്‍പ്പിച്ച അപമാനത്തിന്റെ അടയാളങ്ങള്‍ മാത്രമാണ്. അതിനാല്‍ സവര്‍ണ്ണ ജാതി മാത്രമാണ് സര്‍പ്പവിഷം പേറുന്നതെന്നും, അവര്‍ണ്ണജാതിയത സവര്‍ണ്ണരുടെ അപമാനത്തിന്റെ വിഷദംശനം ഏല്‍ക്കേണ്ടിവരുന്ന ഇരകളാണെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഒരു വ്യവസ്ഥിതിയായി ജാതീയത സമൂഹത്തിന് ഉച്ചനീചത്വങ്ങളുടേതായ ഘടന നല്കുന്നതിനാല്‍ ജനത്തിന്റെ പുരോഗമനപരമായ സ്വാതന്ത്ര്യദാഹങ്ങളേയും,വികസന സ്വപ്നങ്ങളേയും പ്രതിരോധിക്കാനും,അധസ്ഥിത സമൂഹങ്ങളെ നിശ്ചിത പരിധിക്കകത്ത് തളച്ചിടാനും അതിനു കഴിഞ്ഞിരുന്നു. സവര്‍ണ്ണ ജാതിക്കാരുടെ ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു മാത്രമായി സൃഷ്ടിക്കപ്പെട്ട മൃഗങ്ങളായി മനുഷ്യനെ തരം താഴ്ത്തി, സമൂഹത്തെ നീചജാതികളുടെ ഒരു അടിമകൂട്ടമായി മാറ്റിയിരുന്നു ജാതീയത.

ബ്രിട്ടീഷ് ഭരണവും, ഗള്‍ഫ് മലയാളികളും നടത്തിയ സാമൂഹ്യ-സാംബത്തിക വിപ്ലവവും ജാതീയതയെ നശിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍, നമ്മുടെ കലാ-സാഹിത്യ-സാംസ്കാരിക മണ്ഡലങ്ങളില്‍ പൊളിച്ചെഴുത്ത് നടത്താന്‍ തക്ക ശേഷിയുള്ള സംസ്കാരിക വിപ്ലവം നടത്തേണ്ടിയിരുന്ന അയ്യങ്കാളി-ശ്രീനാരായണ പ്രസ്ഥാനവും, ഇടതുപക്ഷ പ്രസ്ഥാനങ്ങളും സാഹിത്യരചനയുടെയും,ചരിത്രരചനയുടേയും പ്രാധാന്യം മനസ്സിലാക്കാത്തതിനാലും സവര്‍ണ്ണ ജാതീയതാവിഷത്തെ തിരിച്ചറിയുന്നതില്‍ പരാചയപ്പെട്ടതിനെത്തുടര്‍ന്നും ജാതീയത ഇന്ന് തിരിച്ചുവരവിന്റെ പാതയിലാണ്. സവര്‍ണ ജാതീയതയും,ഫ്യൂഡല്‍ പാരംബര്യങ്ങളും, പൊതുധാര കലാ-സാഹിത്യവിഭാഗവും,പ്രസിദ്ധീകരണ സ്ഥാപനങ്ങളും തന്ത്രപരമായി ശ്രീനാരായണ പ്രസ്ഥാനത്തേയും,ഇടതുപക്ഷ രാഷ്ട്രീയത്തേയും തങ്ങളുടെ ഉള്ളംകയ്യിലൊതുക്കി എന്നതാണു സത്യം.ഇപ്പോള്‍ സവര്‍ണ്ണതക്കെതിരെ വളരെ ദുര്‍ബലരും അടിമത്തത്തിന്റെ പീഡനങ്ങള്‍ പാരംബര്യ സ്വത്തായി ലഭിച്ചവരുമായ ദലിതര്‍ മാത്രമേയുള്ളു.

ജാതീയതയെ താങ്ങിനിര്‍ത്തുന്ന സാംസ്കാരിക അന്തരീക്ഷം

നീചമായ പരാന്ന ഭോജി സ്വഭാവവും(ഇത്തിക്കണ്ണി) കഴുകന്റെ ആത്മബോധവുമുള്ള സവര്‍ണ്ണ ജാതീയത തങ്ങളുടെ അഴുകിയതും,പാപപങ്കിലവും,മൂല്യച്യുതിയുടെ പര്യായവും,സത്യത്തില്‍ അപമാനകരവുമായ ജാതിപ്പേരുകളില്‍ ഇപ്പൊഴും അഭിമാനം കൊള്ളുന്നതും,അവയെ മഹനീയമെന്നുകരുതി താലോലിക്കുന്നതും അവരുടെ മുന്‍‌ തലമുറ ബോധപൂര്‍വ്വം പടച്ചുണ്ടാക്കിയ കലയുടേയും,സാഹിത്യത്തിന്റേയും,കെട്ടുകഥപോലുള്ള സാമൂഹ്യ ചരിത്രത്തിന്റേയും,ഐതിഹ്യങ്ങളുടേയും പ്രചാരത്തിന്റെ പിന്‍ബലത്താലാണ്. പൊതുജനം ഈ കപട സാംസ്കാരിക ഉത്പന്നങ്ങളെ തിരിച്ചറിയാനും, നിരാകരിക്കാനും പ്രാപ്തരാകുന്നവിധം പ്രബുദ്ധത പ്രാപിച്ചിട്ടില്ലെന്നതും,പുരോഗമന പ്രസ്ഥാനങ്ങളെ മുനയൊടിച്ച് ഷണ്ഡമാക്കുന്നതിലും,അവയെ തങ്ങളുടെ സാംസ്കാരിക സവര്‍ണ്ണ ബുദ്ധിജീവികളും,രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരും പ്രകടമാക്കുന്ന ജാഗ്രതയും ജാതീയതക്ക് മാന്യതയും,അന്തസ്സും നല്‍കുന്നതിനു കാരണമായി ഇപ്പോഴും തുടരുന്നു.
പൊതുധാരയായി വര്‍ത്തിക്കുന്ന ഈ സാംസ്കാരിക അന്തരീക്ഷം സവര്‍ണ്ണ കപടചരിത്രത്തിന് മാന്യതയും, നന്മയുടെ പൊയ്‌മുഖവും നല്‍കുന്നതിനാല്‍ സവര്‍ണ്ണതയെ സമൂഹത്തിന്റെ മഹനീയ പാരംബര്യത്തിന്റെ ഉത്തമ മാതൃകയായി സവര്‍ണ്ണരും അവര്‍ണരുമടങ്ങിയ ജനം നെഞ്ചിലേറ്റുന്ന കാഴ്ച്ചയാണ് ഇന്നു സമൂഹത്തില് ദൃശ്യമാകുന്നത്.

അതൊരു ഫാഷനായി ,വിപണനതന്ത്രമായി വികസിപ്പിക്കുന്നതില്‍ ആഗോളവത്ക്കരണത്തിന്റെ പേരില്‍ നടക്കുന്ന കംബോളവത്ക്കരണങ്ങള്‍ ഉപയോഗപ്പെടുത്തി തുടങ്ങിയിരിക്കുന്നു. അതിന്റെ ഫലമായി ജാതീയതയുടെ നഖവും, വിഷപ്പല്ലും പുറത്തു കാട്ടാതെ സമൂഹത്തില്‍ കംബോള വല്‍ക്കരണത്തിന്റെ ഭാഗമായുള്ള ഉള്ളവനും ഇല്ലാത്തവനുമായുള്ള വേര്‍തിരിവുമാത്രമേ ഉള്ളു എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളും വിജയകരമായി നടന്നുവരുന്നു.ഇല്ലാത്തവന്‍ കൂടുതല് ഇല്ലാത്തവനായും ഉള്ളവന്‍ കൂടുതല്‍ ഉള്ളവനായും പരിണമിക്കുന്ന ഒരു പുതിയ സാംബത്തിക ജാതീയത സ്വാഭാവികമായ പരിണാമമായും , ന്യായമായും,നീതിയായും ആവിര്‍ഭവിച്ചിരിക്കുന്നു. ആട്ടിന്‍ തോലണിഞ്ഞ ജാതീയതയുടെ ചെന്നായ് രൂപങ്ങളായി ഈ പ്രതിഭാസത്തെ തിരിച്ചറിഞ്ഞില്ലെങ്കില്‍ നമ്മുടെ സാമൂഹ്യ ജീവിതം കൂടുതല്‍ സംകീര്‍ണ്ണവും, നരകതുല്യവുമാകും എന്നതാണ് ഫലം.

ജാതി സാഹിത്യങ്ങള്‍

നമ്മുടെ കലയും, സാഹിത്യവും, ചരിത്രവും സംബൂര്‍ണ്ണമായും മലിനീകരിക്കപ്പെട്ട അവസ്ഥയിലാണ്. സ്കൂളുകളിലായാലും,സാമൂഹ്യ-സാംസ്കാരിക വേദികളിലായാലും ചരിത്രത്തെക്കുറിച്ച് സംസാരീക്കേണ്ട സന്ദര്‍ഭങ്ങളിലെല്ലാം നാം ഈ കള്ളക്കഥകളുടെ സമാഹാരമായ ഐതിഹ്യങ്ങളെയാണ് ആദ്യം ആശ്രയിക്കുന്നത്. കേരളോത്പ്പത്തിയെക്കുറിച്ച് നാം പറഞ്ഞുതുടങ്ങുന്നതുതന്നെ പരശുരാമന് (എന്ന കിരാതനായ ബ്രാഹ്മണഹിന്ദുമത പ്രചാരകന്‍ സമുദ്രത്തില്‍ മനുഷ്യച്ചോരൊലിക്കുന്ന ) തന്റെ മഴു എറിഞ്ഞ് സമുദ്രത്തെ പുറകോട്ടു മാറ്റി ഉയര്‍ത്തിക്കൊണ്ടുവന്ന ഭൂമിയാണ് കേരളം എന്നു പറഞ്ഞുകൊണ്ടായിരിക്കും. പ്രചരണത്തിലൂടെ ഹൃദ്യമാക്കിയ അനേകം കള്ളകഥകളുടെ കേരളഭൂമിയിലാണ് സവര്‍ണ്ണത തങ്ങളുടെ തിന്മകളേയും, മൂല്യച്ച്യുതിയേയും നന്മയെന്നപേരില്‍ ദൈവീക സാക്ഷ്യങ്ങളും സര്‍ട്ടീഫിക്കറ്റുകളും അടക്കം നല്‍കി പ്രതിഷ്ടിച്ചിരിക്കുന്നത്.
തെറ്റായ (കള്ള ചരിത്രങ്ങളായ) ഐതിഹ്യങ്ങളുമായുള്ള പൊക്കിള്‍ കൊടി ബന്ധവുമായി ജനിച്ചുവീഴുന്ന നമ്മുടെ സ്വത്വബോധം ചുറ്റുപാടുമുള്ള തിന്മയേയും,അനീതിയേയും തള്ളിപ്പറയില്ലെന്നുമാത്രമല്ല,സത്യത്തെ എവിടെ കണ്ടാലും കുഴിച്ചുമൂടാന്‍ സന്നദ്ധമാകുകയും ചെയ്യും. മലയാളിയുടെ സാംസ്കാരിക കാപട്യങ്ങളുടെ കാരണം തന്നെ കള്ള ചരിത്രങ്ങളുമായുള്ള പൊക്കിള്‍ക്കൊടി ബന്ധത്തിനിടയില്‍ നഷ്ടപ്പെടുന്ന യഥാര്‍ത്ഥ ചരിത്രവുമായുള്ള അകല്‍ച്ചയാണ്.

ഹിന്ദുമത പ്രചാരകരായബ്രാഹ്മണരില്‍നിന്നും എച്ചിലുപോലെ ലഭിച്ച വര്‍മ്മ,നായനാര്‍,നംബ്യാര്‍,മേനോന്‍, ജാതിപ്പേരുകളും,ശൂദ്ര ക്ഷത്രിയ സ്ഥാനവുമുള്ള പട്ടികജാതി വംശ്ക്കാരായ നമ്മുടെ രാജവംശങ്ങളും,കോവിലകങ്ങളില്‍ വാണിരുന്ന നക്ഷത്രവേശ്യകളും ആഭിജാതരും , സവര്‍ണരുമായപ്പോള്‍ അവരില്‍ നിന്നും 1500 കൊല്ലം മുന്‍പ് അടര്‍ത്തിമാറ്റപ്പെട്ട അദ്ധ്വാനികളും ബന്ധുക്കളുമായ ഇന്നത്തെ പട്ടികജാതിക്കാരും ആദിവാസികളും ഇന്നും ജാതീയമായ പരിഹാസത്തിനും , അവഗണനക്കും ഇരയാകുന്നത് നമ്മുടെ സവര്‍ണ്ണ ചരിത്രകാരന്മാരുടെ ബോധപൂര്‍ണ്ണമായ ചരിത്ര തമസ്ക്കരണം കാരണമാണ്.

വടക്കന്‍ പാട്ടിലെ ആരോമല്‍ ചേകവരുടേയും,ഉണ്ണിയാര്‍ച്ചയുടേയുമൊക്കെ കഥ വിവരിക്കുന്ന പുസ്തകങ്ങള്‍ തേടി നടക്കാന്‍ തുടങ്ങിയിട്ട് കുറെ മാസങ്ങളായി. നംബൂതിരിമാരും,നായര്‍-നംബ്യാര്‍ ചരിത്രകാരന്മാരും ശേഖരിച്ചു പ്രസിദ്ധീകരിച്ച നാടന്‍ പാട്ടു പുസ്തകങ്ങളിലും, വടക്കന്‍ പാട്ടുകളിലും ഉത്തരകേരളത്തിലെ ചേകവരെക്കുറിച്ച് കുറ്റകരമായ മൌനം തന്നെ കാണാനായി. ചേകവന്മാരുടെ വീര ഗാഥകളെ പ്രതിരോധിക്കാന്‍ പടച്ചുണ്ടാക്കിയ നായര്‍ മറുമരുന്നായ തച്ചോളി ഒതേനന്റെ വീരകൃത്യങ്ങളേ ഈ സാഹിത്യ ചരിത്ര പുസ്തകങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുള്ളു. ഏതോ ഒരു പുസ്തകത്തില്‍ നാമമാത്രമായി പുത്തൂരം പാട്ടുകള്‍ എന്നപേരില്‍ നിസ്സാരമായി സദ്യക്ക് അച്ചാറു വിളംബുന്നതുപോലെ ഒന്നു തൊട്ടുപോകുന്നതും കണ്ടു.

മലയാളിക്ക് ഇന്നും സ്വന്തമായ ഒരു ചരിത്രമോ,സാമൂഹ്യ ബോധമോ ലഭിച്ചിട്ടില്ലെന്നതുപോലെത്തന്നെ, പൊതുവായ കലയോ സാഹിത്യമോ വികസിപ്പിക്കാനുമായിട്ടില്ല.
ബ്രാഹ്മണ കള്ളച്ചരിത്ര നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള ഐതിഹ്യങ്ങളും,
നായര്‍ സ്ത്രീകളെ വേശ്യാവൃത്തിയിലേക്ക് പ്രവേശിപ്പിക്കുന്ന വൈശികതന്ത്രങ്ങളും,
കോവിലകങ്ങളിലെ നക്ഷത്രവേശ്യകളെ സുഖിപ്പിക്കുന്ന വര്‍ണ്ണന നിറഞ്ഞ സന്ദേശകാവ്യങ്ങളും,
ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമയുള്ള പുരാണകഥാഖ്യാനങ്ങളും വരെ
ബ്രാഹ്മണന്റെ കുത്തകയായിരുന്നു ഒരു കാലഘട്ടം മുഴുവന്‍.

അതുകഴിഞ്ഞ് ഭക്തി പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള എഴുത്തശ്ശനും വര്‍ത്തമാനകാലത്തെ എം.ടി. വരെയുള്ള നായര്‍ സാഹിത്യത്തിന്റെ പ്രബലകാലമാണ്. (ഇവര്‍ക്കിടയില്‍ ഒരു അപവാദമായി കുമാരനാശാനും,ബഷീറുമൊക്കെ വന്നെങ്കിലും ,പുകഴ്ത്തി ആകാശത്തോളമുയര്‍ത്തി, വിഗ്രഹവല്‍ക്കരിക്കപ്പെട്ട് പഴയ സാധനങ്ങളുടെ കൂട്ടത്തില്‍ തട്ടുമ്പുറത്ത് പ്രതിഷ്ടിക്കപ്പെട്ടതിനാല്‍ സമൂഹത്തിന്റെ ചാലകതയില്‍നിന്നും അകന്ന് മൂകരായ വിഗ്രഹങ്ങളായിത്തീര്‍ന്നിരിക്കുന്നു.) നായര്‍ സാഹിത്യം ഇപ്പൊഴും പൊടിപൊടിക്കുന്ന നമ്മുടെ വര്‍ത്തമാന സാഹിത്യമാകുന്നു.

ഈ നായര്‍ സാഹിത്യ കാലഘട്ടത്തില്‍ നിന്നും നമ്മുടെ സമൂഹം മുന്നോട്ടുപോയത് നാം പൈങ്കിളി സാഹിത്യം,മാസാഹിത്യം,മുട്ടത്തുവര്‍ക്കി,മനോരമ സാഹിത്യം,കോട്ടയം സാഹിത്യം എന്നൊക്കെ വിളിച്ച് പരിഹസിച്ച കൃസ്ത്യന്‍ സാഹിത്യമാണ്. കൃസ്ത്യന്‍ സാഹിത്യമാണെങ്കിലും അതില്‍ ജീവിതമുണ്ടായിരുന്നതിനാല്‍ അത് ജനകീയമായി സ്വീകരിക്കപ്പെട്ടു. കണ്ണുകടി സ്വാഭാവികം. കൃസ്ത്യാനികളുടെ സാംബത്തിക വളര്‍ച്ചയോടൊപ്പം വളര്‍ന്ന കൃസ്ത്യന്‍ സാഹിത്യം ഇപ്പോള്‍ നായര്‍ സാഹിത്യവുമായി അലിഞ്ഞുചേര്‍ന്ന് ആഭിജാത്യംനേടുന്ന വഴിയില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. കൃസ്ത്യാനികള്‍ സവര്‍ണരാകുന്നതിന്റെ സാംസ്കാരിക ഭൂമികയാകാന്‍ കൃസ്ത്യന്‍ സാഹിത്യം മുഖ്യപങ്കുവഹിക്കുന്നു എന്നത് ഈ സാഹിത്യത്തിന്റെ സാമൂഹിക നേട്ടം തന്നെയാണ്.

ഇനി മറ്റുള്ള ജാതിക്കാര്‍കൂടി നായര്‍,കൃസ്ത്യന്‍ ശൈലി അവലബിച്ച് തങ്ങളുടെ സാംസ്കാരിക ചരിത്രവും,സാഹിത്യവും നിര്‍മ്മിച്ച് സമൂഹത്തിന്റെ ഉപരിതലത്തിലെത്താന്‍ ഉത്സാഹിച്ചാല്‍ മാത്രമേ സമൂഹം രക്ഷപ്പെടു.
മുസ്ലീം സാഹിത്യം അവരുടെ സാംബത്തിക വളര്‍ച്ചക്കൊപ്പമല്ലെങ്കിലും മുന്നോട്ടുതന്നെ കുതിക്കുന്നുണ്ട്. തങ്ങളുടെ പൊക്കിള്‍ക്കൊടി ബന്ധം പടിഞ്ഞാറുള്ള അറബി നാടിനു നേരെ വേണമോ,അതോ അധസ്ഥിതരായിരുന്ന തങ്ങളുടെ നാട്ടുകാര്‍ക്കുനേരെവേണമോ എന്നൊരു ചാഞ്ചാട്ടമേ അവരഭിമുഖീകരിക്കുന്നുള്ളു. മുസ്ലീം സമൂഹം കൃസ്തിയ സമൂഹം പോലെ സാംസ്കാരികമായി സമൂഹത്തിന്റെ ഉപരിതലത്തിലെത്തുന്ന കാലം വിദൂരത്തല്ല.

ഇത്രയും പറഞ്ഞത് ബോധപൂര്‍വ്വം ഒരു കാര്യം വ്യക്തമാക്കാനായാണ്. ഏതു സമൂഹത്തിനും സാമൂഹ്യവും,രാഷ്ട്രീയവുമായ വളര്‍ച്ചക്ക് തങ്ങളുടെ അഭിവൃദ്ധി രേഖപ്പെടുത്തുന്ന ചരിത്രത്തിന്റേയും,കഥയുടേയും സാംസ്കാരിക പിന്തുണ ആവശ്യമാണ്. ആ കഥ ശോഭനമല്ലെങ്കില്‍ (കൃസ്ത്യാനികളുടെ 27 ബ്രാഹ്മണരെ കൊടുങ്ങല്ലൂരുവെച്ച് തോമസ്ലീഹ നേരിട്ട് വന്ന് മതത്തില്‍ ചേര്‍ത്തെന്ന പോലെ ഒരു കള്ളക്കഥയുടെയെങ്കിലും പിന്തുണയില്ലെങ്കില്‍ സമൂഹം സാംബത്തികമായി എത്ര അഭിവൃദ്ധിപ്പെട്ടാലും അടുത്ത തലമുറയോടെ സാംബത്തികമായി തകരുംബോള്‍ അത് താണ ജാതിയായി പിന്തള്ളപ്പെടും. മികച്ച ചരിത്രവും,സാഹിത്യവും രേഖപ്പെടുത്തുന്നതില്‍ മിടുക്കുകാട്ടുന്ന ജാതികള്‍ ഏറ്റവും താഴെക്കിടയില്‍ നിന്നുള്ളവരാണെങ്കില്പോലും സവര്‍ണ്ണതയിലേക്ക് എടുത്തുയര്‍ത്തപ്പെടുന്നുണ്ട്. യഥാക്രമം പട്ടികജാതികളും,വിശ്വകര്‍മ്മജരുമായിരുന്ന നായര്‍ , കൃസ്ത്യന് സമൂഹങ്ങള്‍ ക്ഷത്രിയ ബ്രാഹ്മണ പാരംബര്യമുള്ളവരായി ഉയര്‍ത്തപ്പെട്ടു എന്നതുതന്നെ നല്ല ഉദാഹരണം. ബ്രാഹ്മണ ശത്രുതക്ക് പാത്രീഭവിച്ച ബുദ്ധമതപാരംബര്യമുള്ള ഈഴവരില്‍ ചെറിയൊരു വിഭാഗം നംബൂതിരിമാരായി കൂറുമാറി സുരക്ഷിതരായപ്പോള്‍ സാംബത്തികമായി മികച്ചുനിന്നിട്ടും ബഹുഭൂരിപക്ഷം വരുന്ന ഈഴവരും,സഹായികളായ കയ്യോന്‍ ഈഴവരും (പട്ടികജാതി പാരംബര്യമുള്ളവര്‍) ചേര്‍ന്ന വിഭാഗവും മറ്റുമതങ്ങളില്‍ ലയിക്കാതെ തനിമ നിലനിര്‍ത്തിയ ബുദ്ധ-ജൈന കലാകാരപാരംബര്യമുള്ള വിശ്വകര്‍മ്മജരും,ദലിതരെന്നപേരില്‍ ഇന്ന് അറിയപ്പെടുന്ന പട്ടികജാതി-ആദിവാസി വിഭാഗങ്ങളും ഹിന്ദുവിരുദ്ധസാമൂഹമായി ഇന്നും ചവിട്ടിത്താഴ്ത്തലുകള്‍ക്ക് വിധേയരാകുന്നത് തങ്ങളുടെ ചരിത്രം കൈമോശം വന്നതുകൊണ്ടും, സാഹിത്യത്തില്‍ ജാതിരഹിതമായ മാനവ മൂല്യങ്ങള്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുന്നതിനാലുമാണ്. പട്ടികജാതിക്കാരനായ പാണനും,പറയനും ബ്രാഹ്മണസവര്‍ണ്ണതയോട് ഒട്ടിച്ചേര്‍ന്ന് നിന്നതില്‍ നിന്നുമാണ് സവര്‍ണ്ണരായ പൊതുവാളും,മാരാരും ഉണ്ടായതെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ കഴിയാതിരിക്കുംബോള്‍ മാരാരുടേയും,പൊതുവാളിന്റേയും സ്വന്തം വംശമായിട്ടും പട്ടികജാതിക്കാരന്‍ അന്യനും അസ്പര്‍ശ്യനുമായി ...ദലിതനായി ചവിട്ടി താഴ്ത്തപ്പെടുന്നത് സ്വാഭാവിക കാഴ്ച്ചയാകുന്നു.
അതിനാല്‍ ജാതിയിലൂടെ തന്നെ തങ്ങളുടെ പൈതൃകം വീണ്ടെടുത്തതിനുശേഷം അന്തസ്സോടെ ജാതിയെ തിരസ്ക്കരിച്ച് മനുഷ്യരാകുക എന്നതാണ് പ്രായോഗികമായിട്ടുള്ളത്. ജാതിരഹിതമായ സമൂഹത്തിലെ മാനവമൂല്യങ്ങള്‍ക്ക് പ്രസക്തിയുള്ളു എന്നതിനാല് ആദ്യം ജാതീയമായ വളര്‍ച്ചയിലൂടെ സമൂഹ്യ ഉപരിതലത്തിലെത്തേണ്ടതും, അതിനുശേഷം മാത്രം ജാതീയതയെ ത്യജിക്കേണ്ടതുമാണ്. അല്ലാത്തപക്ഷം മഹാബലിയുടെ ഗതിവരും. സംസ്കാര ശൂന്യനും,കുടിലബുദ്ധിയും,ഹിന്ദുമതപ്രചാരകനുമായ തനി ചെറ്റബ്രാഹ്മണനായ വാമനനുമുന്നില്‍ ശിരസ്സു കുനിക്കുന്നതിലൂടെ ഒരു ജനതയെത്തന്നെ അടിമത്തത്തിലേക്കു തള്ളിവിട്ട മഹാബലിയുടെ വിവരക്കേട് ആവര്‍ത്തിക്കപ്പെടാനുള്ളതല്ല. മറിച്ച് പാഠമുള്‍ക്കൊണ്ട് ജാതീയതയെ തകര്‍ക്കാനുള്ള ആയുധമാക്കാനുള്ളതാണ്.

സ്വന്തം സമൂഹത്തിന്റെ സാഹിത്യമെഴുതൂ...
സ്വന്തം സമൂഹത്തിന്റെ രക്ഷകരാകു !!!

(നിലവില്‍ സ്വന്തം സമൂഹത്തിന്റെ സാഹിത്യംകൊണ്ട് അന്യ സമൂഹങ്ങളെപ്പോലും തമസ്ക്കരിച്ചവരോടുള്ള ആഹ്വാനമല്ല ഇത്. ഇതുവരെ സ്വന്തം സമൂഹത്തിന്റെ മഹത്തായ പാരംബര്യം രേഖപ്പെടുത്താന്‍ വിട്ടുപോയ..., മറന്നുപോയതിനാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഹതഭാഗ്യരോടാണ് ഈ അഭ്യര്‍ത്ഥന.)

Thursday, March 27, 2008

പത്മനാഭക്ഷേത്രം ബുദ്ധവിഹാരം !

ഈ ലക്കം കേരള ശബ്ദം വാരികയില്‍ ഡോക്റ്റര്‍ എം.എസ്സ്. ജയപ്രകാശ് അനന്തപത്മനാഭന്‍ നമുക്കു സ്വന്തം എന്നൊരു കുറിപ്പ് എഴുതിയിരിക്കുന്നു. നമ്മുടെ സംസ്കാരത്തെ നശിപ്പിച്ച ഹിന്ദുമതത്തിന്റെ കാപാലികരും,സംസ്കാരശൂന്യരുമായ പ്രചാരകരുടെ ദുഷ്ട തന്ത്രങ്ങളെക്കുറിച്ച് അറിവുനല്‍കുന്ന കുറിപ്പാണിത്.
വിവിധ മതങ്ങളും,ജാതികളുമായി വേര്‍ത്തിരിഞ്ഞ് നില്‍ക്കുന്ന നമ്മുടെ ഇന്നത്തെ സമൂഹത്തിന് ഇത്തരം അറിവുകള്‍ നമുക്കു മാവേലി രാജ്യമ്പോലെ മഹത്തരമായ ഒരു പൈതൃകമുണ്ടായിരുന്നെന്നും, ഇന്നു ഹിന്ദു മതക്കാര്‍ കയ്യടക്കി വച്ചിരിക്കുന്ന ക്ഷേത്രങ്ങള്‍ പലതും ഇവിടത്തെ കൃസ്ത്യാനിക്കും,മുസ്ലീമിനുംകൂടി അവകാശപ്പെട്ട പൈതൃകത്തിന്റെ അമൂല്യ സമ്പത്താണെന്നും ഉള്‍ക്കാഴ്ച്ച നല്‍കുന്നതിനും, ബുദ്ധമതത്തിനു കീഴില്‍ ഒരുകാലത്ത് നമ്മുടെ സമൂഹം സത്യത്തില്‍ ഒന്നായിരുന്നെന്ന സത്യം ബോധ്യപ്പെടുകയും ചെയ്താല്‍ നമ്മെ വിഘടിപ്പിച്ചു നശിപ്പിക്കുന്ന വൃത്തികെട്ട മതങ്ങളെ കടലിലെറിഞ്ഞുകളയാന്‍ നമുക്കു ബോധോദയമുണ്ടാകും തീര്‍ച്ച!
കേരള ശബ്ദത്തിന്റെ പേജ് ഇതോടുകൂടി പോസ്റ്റുന്നു. പേജില്‍ ക്ലിക്ക് ചെയ്താല്‍ വായിക്കാനാകുന്ന വലിപ്പത്തില്‍ തുറന്നുവരും.

Wednesday, March 26, 2008

വിളക്കുകളെ തേടിയ വെളിച്ചം


കെ.ടി.മുഹമ്മദ് എന്ന വിളക്ക് കാലയവനികയില്‍ അപ്രത്യക്ഷമായെങ്കിലും അതിന്റെ വെളിച്ചം എണ്ണയുള്ള വിളക്കുകളെ തേടി നമ്മുടെ സാംസ്കാരിക നഭസ്സില്‍ നിറഞ്ഞുനില്‍ക്കും.
തികച്ചും മനുഷ്യനായി നിറഞ്ഞുനിന്ന സാമൂഹ്യ പരിഷ്ക്കര്‍ത്താവായ കലാ-സാഹിത്യ പ്രതിഭയായിരുന്നു കെ.ടി.മൊഹമ്മദ്. നമ്മള്‍ അദ്ദേഹത്തേയും കേവലം ഒരു മുസ്ലീം നാടകകൃത്തായി ചുരുക്കാന്‍ പരമാവധി ശ്രമിച്ചു.മുസ്ലീ സമൂഹത്തിന്റെ സാമൂഹ്യാനാചാരങ്ങള്‍ക്കെതിരെ പടപൊരുതിയ നാടകാചാര്യന്‍ എന്ന് വിശേഷിപ്പിച്ച് അദ്ദേഹത്തെ മുസ്ലീം തൊഴുത്തില്‍ കെട്ടാന്‍ ശ്രമിക്കുന്നത് നമ്മുടെ പൊതുധാരയുടെ ഭാഗമായുള്ള സവര്‍ണ്ണ സാഹിത്യ അടിമബോധമാണ്. അദ്ദേഹത്തിന്റെ പേര് മൊഹമ്മദ് എന്നായതിനാല്‍ മാത്രമാണ് നമ്മുടെ മുന്‍‌വിധി ഇപ്രകാരം സംങ്കുചിതമാകുന്നത്.കെ.ടി.യെ അര്‍ഹിക്കുന്ന വിധം പഠിക്കാന്‍ നമ്മുടെ മുന്‍‌വിധികള്‍ അനുവദിച്ചില്ല.തന്റെ തീഷ്ണമായ ജീവിതത്തിന്റെ സര്‍വ്വകലാശാലയില്‍ വാര്‍ത്തെടുത്ത പ്രതിഭയെ സാമൂഹ്യ പുരോഗതിക്കും,മനുഷ്യശുദ്ധീകരണത്തിനുമായി ആജീവനാന്തം ഉപയോഗിച്ച ഈ ഋഷിവര്യനെ കൂടുതലായി പഠിക്കാനും,അറിയാനും അദ്ദേഹത്തിന്റെ മരണശേഷമെങ്കിലും നമുക്കു ശ്രമിക്കാം.

സാഹിത്യവും,കലയും സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുള്ള കെട്ടുകാഴ്ച്ചകളാണെന്നു വിശ്വസിക്കുകയും, പ്രചരിപ്പിക്കുകയും,പഠിപ്പിക്കുകയും ചെയ്യുന്ന സവര്‍ണ്ണ കലാ‌സാഹിത്യ തറവാട്ടിലെ ആസ്ഥാന പണ്ഡിതന്മാരെ അവരര്‍ഹിക്കാത്ത പദവികളില്‍നിന്നും അടിച്ചോടിക്കാന്‍ വൈക്കം മുഹമ്മദ് ബഷീറിന്റേയും,കെ.ടി.മൊഹമ്മദിന്റേയുമൊക്കെ തീഷ്ണജീവിത ദര്‍ശനങ്ങള്‍കൊണ്ട് നിര്‍മ്മിച്ചെടുത്ത വജ്രായുധം പ്രയോഗിക്കുകതന്നെ വേണ്ടിവരും.

മലയാളിയുടെ കലാ-സാഹിത്യ പ്രതിഭയായിരുന്ന,സമൂഹ്യ പരിഷ്ക്കരണത്തിനുവേണ്ടി പോരാടിയ യഥാര്‍ഥ കലാകാരനായിരുന്ന കെ.ടി.മൊഹമ്മദിന്റെ സ്മരണക്കുമുന്നില്‍ ചിത്രകാരന്റെ പ്രണാമം.

Sunday, March 16, 2008

വിശ്വാസ ഭ്രാന്തിന് രാത്രി പരീക്ഷ !


കൊട്ടാരക്കരയില്‍ ഒരു സ്കൂളില്‍ മതവിശ്വാസത്തിന് കുടപിടിച്ചുകൊടുക്കുന്നതിനായി രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി രാത്രി എസ്സ്.എസ്സ്.എല്‍.സി പരീക്ഷ നടത്തിക്കൊടുത്തിരിക്കുന്നതിന്റെ വാര്‍ത്തയും ചിത്രവും ഇന്നത്തെ(16-3-2008) മാത്രുഭൂമി പത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.

മനോരോഗത്തോട് അടുത്തുനില്‍ക്കുന്ന ഒരു മതവിശ്വാസം കാരണം ഈ കുട്ടികള്‍ക്ക് ശനിയാഴ്ച്ചകളില്‍ പകല്‍ സമയം പരീക്ഷയെഴുതുന്നത് നിഷിദ്ധമാണത്രെ!

പെന്തക്കോസ്ത്, യഹോവാസാക്ഷി എന്നിങ്ങനെയുള്ള മനോരോഗപൊലുള്ള വിശ്വാസം പേറുന്ന ജന്തുവിഭാഗത്തിനു പുറമെ കൃസ്തുമതത്തിനുകീഴില്‍ “സെവന്‍ത്ത് ഡേ അഡ്വന്റിസ്റ്റ് “ എന്ന പേരില്‍ ഇങ്ങനേയും ഒരു വിചിത്ര രോഗികള്‍ ഉള്ള കാര്യം അറിയില്ലായിരുന്നു.

ഈ വിഭാഗത്തില്‍ പെട്ടവര്‍ തന്നെ നടത്തുന്ന സ്കൂളുകളിലാണ് എസ്സ്.എസ്സ്.എല്‍.സി. എന്ന പൊതുപരീക്ഷ രണ്ടു കുട്ടികള്‍ക്കു മാത്രമായി അന്നേ ദിവസം രാത്രി വീണ്ടും നടത്തിയത് എന്നത് കേവലം പരീക്ഷ ക്രമക്കേടിന്റെ സാദ്ധ്യതയിലൂന്നിയോ,പരീക്ഷ നിയമങ്ങളുടെ ലംഘനമെന്ന നിലയിലോ അല്ല നാം നോക്കിക്കാണേണ്ടത്.

മറിച്ച്, ഭ്രാന്തിനു സമാനമായ അന്ധവിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നവര്‍ക്ക് അവരുടെ വിശ്വാസത്തിന്റെ അപ്രായോഗികത സ്വയം അനുഭവത്തിലൂടെ തിരിച്ചറിയാനുള്ള സാധ്യതകൂടി ഇല്ലാതാക്കി അന്ധവിശ്വാസത്തിന് സാധൂകരണവും, മഹത്വവും, പ്രത്യേക പരിഗണനയും ലഭിക്കുന്നു എന്ന തെറ്റായ സാമൂഹ്യ നീതിയുടെ വിതരണ മനോഭാവത്തെയാണ് നാം തിരിച്ചറിയേണ്ടത്.

സെവന്‍‌ത്ത് ഡേ അഡ്വന്റിസ്റ്റ് എന്ന മത വിശ്വാസരോഗമുള്ള ധാരാളം കുട്ടികള്‍ അന്നേ ദിവസം തങ്ങളുടെ വിശ്വാസം മാറ്റിവച്ച് പ്രായോഗിക ബുദ്ധിയോടെ ഈ പരീക്ഷ എഴുതിയിട്ടുണ്ട്. ( വിശ്വാസത്തിന്റെ ആകാശം പൊളിഞ്ഞു വീഴാത്തതിനാല്‍ അവരെല്ലാം കുഴപ്പമില്ലാതെ ജീവിച്ചിരിപ്പുണ്ട്.)

ഒറ്റപ്പാലത്തെ സെവന്‍‌ത്ത് ഡേ സ്കൂളില്‍ അഞ്ചു കുട്ടികള്‍ പരീക്ഷ എഴുതാതെ മാറി നിന്ന് തങ്ങളുടെ മന്ദബുദ്ധിയായ ദൈവത്തിന്റെ മാനം രക്ഷിച്ചിട്ടുമുണ്ട്.(ഭാഗ്യം!!) സ്വന്തം വിശ്വാസം പ്രായോഗിക ജീവിതത്തിനു വിലങ്ങുതടിയാണെങ്കില്‍ ആ വിശ്വാസങ്ങളെ ത്യജിക്കാനും,പൊതു സമൂഹത്തിന്റെ ഭാഗമാകാനും , മനുഷ്യരായി ജീവിക്കാനും മത ഭ്രാന്തന്മാര്‍ക്ക് അവസരം നല്‍കേണ്ടതിനു പകരം സമൂഹ നിയമങ്ങളെ രാജനീതിയുടെ കാലത്തേക്ക് കെട്ടിവലിച്ചുകൊണ്ടുപോയി പ്രീണനവും,സുഖിപ്പിക്കലും ഭരണത്തിന്റെ നീതിശാസ്ത്രമാക്കാന്‍ കൂട്ടുനില്‍ക്കുന്ന കോടതിയും, സര്‍ക്കാരും ജനാതിപത്യത്തിന് നാണക്കേടുണ്ടാക്കുന്നവിധം ജീര്‍ണമാകരുതെന്ന് ചിത്രകാരന്‍ ആവശ്യപ്പെടുന്നു.

വിദേശ പണത്തിന്റെ എച്ചിലിലയോടൊപ്പം പ്രചരിപ്പിക്കപ്പെടുന്ന വിശ്വാസ ഭ്രാന്തുകളില്‍ നിന്നും ജനങ്ങളെ രക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുമാത്രമല്ല,സമൂഹത്തിനുമുണ്ട്. മത പ്രീണനത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഭ്രാന്തിന്റെ മഹത്വവല്‍ക്കരണത്തിനെതിരെ ജാതിമത ഭേദംകൂടാതെ പ്രതിഷേധിക്കുകതന്നെ വേണം.


തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് വ്യക്തമായ മതനിരപേക്ഷ നിലപാടുകള്‍ ഇല്ലാതെവരുംബോഴാണല്ലോ മത പ്രീണനപരമായ വിഢിത്തങ്ങള്‍ കോടതിവിധിയായി പുറത്തുവരിക.മത നിരപേക്ഷതയുടെ മഹത്വം ജനത്തെ ബോധ്യപ്പെടുത്തേണ്ട പത്രമാധ്യമങ്ങള്‍ ജാതി-മത സര്‍ക്കുലേഷന്‍ കണക്കുകളുടെ പിച്ചപ്പാട്ടയുമായി തെണ്ടുന്ന നാട്ടില്‍ എന്തു ന്യായം,എന്തു നീതി ?!!!!



Sunday, March 9, 2008

ബ്ലോഗേഴ്സ് അക്കാദമി

നമ്മുടെ സ്വന്തം നാട്ടില്‍,വായനശാല,ക്ലബ്ബ്,സ്കൂള്‍,കോളേജ് , ജോലി സ്ഥലം,തുടങ്ങിയ ഏതെങ്കിലും പ്രവര്‍ത്തന മണ്ഡലങ്ങളോടനുബന്ധിച്ച് കുറഞ്ഞത് രണ്ടോ,മൂന്നോ ബ്ലോഗേഴ്സിന്റെ സഹകരണത്തിലൂടെയെങ്കിലും ഒരു ബ്ലോഗേഴ്സ് അക്കാദമിയോ,അസ്സോസ്സിയേഷനോ,കൂട്ടയ്മയോ, (അല്ലെങ്കില്‍ മറ്റേതെങ്കിലും പേരുകളിലോ) രൂപീകരിച്ച് ബ്ലോഗ് എന്ന മാധ്യമത്തിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിച്ചും,സാങ്കേതികമായി സഹായിച്ചും പ്രവര്‍ത്തിക്കുകയാണെങ്കില്‍ ബൂലോകത്തെ ജനകീയതയും,ജന സാന്ദ്രതയും വര്‍ദ്ധിപ്പിക്കാന്‍ അതു കാരണമാകുകയും, ബൂലോകത്തിന് സാമൂഹ്യ-സാംസ്കാരിക രംഗത്ത് ഫലപ്രദമായി സ്വാധീനം ചെലുത്താനും,സമൂഹത്തില്‍ ആശയവിനിമയത്തിന്റെ കുത്തകകളെ നിര്‍വീര്യമാക്കുന്നതിലൂടെ പൊതുജനത്തിന്റെ അഭിപ്രായങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനം കൈവരിക്കുകയും ചെയ്യുന്നതായിരിക്കും.
അഴിമതി,അസമത്വം,അനീതി എന്നിവയെ ചെറുക്കാന്‍ ജനങ്ങള്‍ തന്നെ ഉണര്‍ന്നിരിക്കേണ്ടതും, പ്രവര്‍ത്തിക്കേണ്ടതും അത്യാവശ്യമായതിനാല്‍ ബ്ലോഗിന്റെ വികസനം എത്രയും പെട്ടെന്ന് സാക്ഷാത്ക്കരിക്കപ്പെടേണ്ടത് സാമൂഹ്യമായ ആവശ്യമാണ്.
ഇപ്പോള്‍തന്നെ ധാരാളം മലയാളികള്‍ ബ്ലോഗ് ആരംഭിക്കുന്നുണ്ടെങ്കിലും, മിക്കവരും ഇംഗ്ലീഷില് മാത്രമായോ,നാമമാത്രമായി മലയാളം പോസ്റ്റിട്ട് ബൂലോകത്തിന്റെ പരിചയവലയത്തില്‍ അകപ്പെടാതെയോ ,ഒറ്റപ്പെട്ടോ,ശ്രദ്ധിക്കപ്പെടാതെയോ,(ശ്രദ്ധിക്കപ്പെടാനുള്ള സെറ്റിങ്ങ്സുകള്‍ അറിയാത്തതിനാല്‍ ) ബ്ലോഗ് ഉപേക്ഷിച്ചുപോകുന്നുണ്ട്. ഈ സാങ്കേതിക അലസ്സിപ്പോക്ക് തടയുന്നതിനും, ബ്ലോഗിന്റെ സാധ്യതകള്‍ ക്രിയാത്മകതയുള്ള മലയാളി സുഹൃത്തുക്കളെ പരിചയപ്പെടുത്തുന്നതിനും പ്രാദേശികമായി നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലകളോ,ക്യാംബുകളോ സംഘടിപ്പിക്കുന്നതിലൂടെ സാധിക്കുന്നതാണ്.
പ്രാദേശികമായി നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലയിലൂടെ പുതുതായി ബ്ലോഗിലേക്കു പ്രവേശിക്കുന്നവര്‍ക്ക് കോമണ്‍സെറ്റിങ്ങ്സ് നേരിട്ട് ചെയ്ത്കാണിച്ചു കൊടുക്കുന്ന സംവിധാനം ഉപയോഗപ്പെടുത്താം എന്നതിനാല്‍ ബാലാരിഷ്ടതകള്‍ പെട്ടെന്നു മറികടക്കാനും ബൂലോകത്ത് ദൈര്യസമേതം പ്രവേശിച്ച് ബൂലോകതിനും,സമൂഹത്തിനും തങ്ങളാലാകുന്ന സംഭാവന നല്‍കാനും അനായാസം സാധിക്കുന്നു എന്നത് കംബ്യൂട്ടര്‍ പരിചയമില്ലാത്തവര്‍ക്കുപോലും ബ്ലോഗ് ഹൃദ്യമായ അനുഭവമാക്കും.
ആകെ ആവശ്യമുള്ളത് കംബ്യൂട്ടര്‍ സംബന്ധിയായ അറിവുള്ള രണ്ടോ മൂന്നോ ബ്ലോഗേഴ്സിന്റെ സാങ്കേതികസഹായത്തോടെ ഒരു സംഘടന രൂപീകരിക്കുക, ശില്‍പ്പശാലയുടെ സ്ഥലവും തിയ്യതിയും നിശ്ചയിക്കുക, ബ്ലോഗ് ശില്‍പ്പശാല സംഘടിപ്പിക്കുന്ന വിവരം പത്രങ്ങളില്‍ പത്രക്കുറിപ്പായി അറിയിക്കുക.ഒരു ഫോണ്‍ നംബര്‍ കൊടുത്ത് പങ്കെടുക്കേണ്ടവര്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യവസ്ഥ വെച്ചാല്‍ പങ്കെടുക്കുന്ന ആളുകളുടെ അംഗസംഖ്യയെക്കുറിച്ചും, ഏര്‍പ്പെടുത്തേണ്ട സൌകര്യങ്ങളെക്കുറിച്ചും ഏകദേശ ധാരണ ലഭിക്കും.

കണ്ണൂരില്‍ വളരെ ചെറിയ രീതിയില്‍ ഇങ്ങനെയൊരു ശില്‍പ്പശാല സംഘടിപ്പിക്കാന്‍ ചിത്രകാരന്‍ ആലോചിക്കുന്നുണ്ട്. കണ്ണൂര്‍ ടൌണ്‍ പരിസരങ്ങളിലുള്ള ബ്ലോഗേഴ്സ് ആരെങ്കിലുമുണ്ടെങ്കില്‍ ദയവായി ഈ മെയിലായി മൊബൈല്‍ നംബര്‍ സഹിതം ബന്ധപ്പെടുക.(e-mail : chithrakaran@gmail.com)
പൂര്‍ണ്ണമായും ലാഭേച്ഛയില്ലാതെ സാമൂഹ്യ മനസാക്ഷിയിലേക്ക് എല്ലാത്തരം അഭിപ്രായമുള്ളവരുടേയും കൂട്ടായ്മ ആവശ്യമാണ് എന്ന തിരിച്ചറിവോടെ ,സ്വന്തം ആശയങ്ങളോ, അഭിപ്രായങ്ങളോ,വിശ്വാസങ്ങളോ എന്തുതന്നെയായാലും പരസ്പര ബഹുമാനത്തോടെ ബ്ലോഗേഴ്സിന്റെ എണ്ണം കൂട്ടുക എന്ന ലക്ഷ്യം മാത്രം മുന്നിര്‍ത്തി പ്രവര്‍ത്തിക്കാനാകും എന്ന ഉത്തമവിശ്വാസത്തില്‍ എഴുതിയതാണ്. തുറന്ന മനസ്സൊടെ ബന്ധപ്പെടുക.
സേവന-സഹകരണ സന്നദ്ധതയോടെ....
സസ്നേഹം ,
ചിത്രകാരന്‍

Wednesday, March 5, 2008

നെലോളിക്കരുത്

കൂട്ട നിലവിളി
അപരിഷ്കൃതമാണ്.
ഒറ്റക്കു കരയാം
ഹതഭാഗ്യര്‍ക്ക്.

ഞങ്ങള്‍ കോഴികള്‍
ഇറച്ചിക്കടയിലെ
അസൌകര്യങ്ങളിലും
സംതൃപ്തര്‍.

ആശ്രിതവത്സലരായ
ഉടമകള്‍
ഒന്നിച്ചു കൊല്ലാറില്ല.
കൂട്ട നെലോളിയുമുണ്ടാകാറില്ല.

Tuesday, February 19, 2008

ചിരിക്കുന്ന ബുദ്ധന്‍

ഇതൊരു ബുദ്ധനാണെന്ന് ചിത്രകാരന് അറിയുമായിരുന്നില്ല. അഞ്ചാറു വര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് ഒരു സ്റ്റേഷനറിക്കടയില്‍ നിന്നും അതിന്റെ ശില്‍പ്പഭംഗിയും വിലക്കുറവും കണ്ട് അകൃഷ്ടനായി വാങ്ങിപ്പോയതാണ്. പിന്നീട് ഏതോ മാഗസീനില്‍ വന്ന ഫുങ്ഷെ വാസ്തുശാസ്ത്രത്തെക്കുറിച്ചുള്ള ലേഖനത്തില്‍നിന്നും ഇതു ചിരിക്കുന്ന ബുദ്ധനാണെന്നും, വാതിലിനെ അഭിമുഖീകരിച്ചു നില്‍ക്കുന്ന നിലയില്‍ ഇവനെ വച്ചാല്‍ സാംബത്തികാഭിവൃദ്ധിയുണ്ടാകുമെന്നും തിരിച്ചു വച്ചാല്‍ നമ്മുടെ പണം നാട്ടുകാര്‍ കൊണ്ടോകുമെന്നൊക്കെ വായിച്ചറിഞ്ഞു. വിശ്വാസി അല്ലെങ്കിലും പണത്തോടുള്ള ലോഹ്യം അവസാനിപ്പിക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ ചിരിക്കുന്ന ബുദ്ധനെ പ്രവേശനമാര്‍ഗ്ഗത്തിന് പുറംതിരിഞ്ഞ് വക്കാന്‍ ഒരു വല്ലായ്മ. വിശ്വാസം സ്വാര്‍ത്ഥമോഹങ്ങളുടെ അരികുപറ്റി മനസ്സിനകത്തേക്ക് ഇഴഞ്ഞുകയറുന്നതിന്റെ ഒരു ഉദാഹരണമായി ഈ ബുദ്ധനെ ഇവിടെ സൂക്ഷിക്കുന്നു.
ഒരു ആത്മ വിമര്‍ശനം!