Wednesday, July 21, 2010

കണ്ടല്‍ പാര്‍ക്ക് മോശമാണോ ?

ചിത്രകാരന്‍ കണ്ടല്‍ പാര്‍ക്കില്‍ പോയിട്ടില്ലെങ്കിലും, കണ്ടല്‍ പാര്‍ക്ക് എന്ന ആശയത്തോട് വളരെ താല്‍പ്പര്യമുള്ളയാളാണ്. മറ്റൊന്നും കൊണ്ടല്ല, നമ്മുടെ പുഴയും, കായലും,നീര്‍ത്തടങ്ങളും,കാടുകളും,കടല്‍ തീരവും നിയന്ത്രണത്തോടെയെങ്കിലും അടുത്തറിയാനും , തദ്ദേശിയരായ ജനങ്ങള്‍ക്ക് തങ്ങളുടെ പൈതൃക സ്വത്തിനെക്കുറിച്ച് ബോധമുള്ളവരാകാനും, ആ സമ്പത്ത് അഭിമാനപൂര്‍വ്വം ഉത്തരവാദിത്വത്തോടെ വിനിയോഗിച്ച് ജീവിക്കാനും അവസരം ലഭിക്കുക എന്നത് പുരോഗമനപരമായ ജനങ്ങളുടെ അവകാശമാണ്. അത് ആത്മാഭിമാനപരമാണ്, ദേശസ്നേഹപരമാണ്.

കെട്ടിടങ്ങള്‍ പണിയരുത്, പുഴ നികത്തിയെടുക്കരുത്, ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കരുത്,
റോഡുകള്‍ നിര്‍മ്മിക്കരുത്, ജലം മലിനമാക്കരുത്, കണ്ടല്‍ ക‍ാട് നശിക്കാനിടവരരുത്. കണ്ടലല്ലാതെ മറ്റൊരു സസ്യവും അവിടെ വച്ചുപിടിപ്പിക്കരുത് തുടങ്ങിയ നിബന്ധനകളോടെ ഒരു കണ്ടല്‍ പാര്‍ക്ക് വളപട്ടണം പുഴയുടെ
തീരത്ത് പ്രവര്‍ത്തിക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. അതുമാത്രമല്ല, സമുദ്രത്തിന്റേയും പുഴയുടേയും തീരങ്ങള്‍ക്ക് കരുത്തു പകരുന്ന കണ്ടല്‍ വനങ്ങള്‍ക്ക് പൊതു ജനങ്ങള്‍ക്കിടയില്‍ അന്തസ്സുപകരുന്ന കൃത്യം കൂടിയാണ് കണ്ടല്‍ പാര്‍ക്ക് എന്ന ആശയം.

ഇത്രയും പറയുന്നതുകൊണ്ട്, എല്ലാ കണ്ടല്‍ വനപ്രദേശത്തും പാര്‍ക്ക് തുടങ്ങണമെന്ന് അര്‍ത്ഥമില്ല. ഒരു രണ്ടു ശതമാനം കണ്ടല്‍ കാടെങ്കിലും നമുക്ക് ജനോപയോഗത്തിനായി നിയന്ത്രണത്തോടെ വിട്ടുകൊടുക്കാനായാല്‍ ഭാവനാശാലികളായ സംരഭകര്‍ക്ക് കണ്ടല്‍ പാര്‍ക്കു പോലുള്ള ആശയങ്ങള്‍ നടപ്പാക്കാനും,
നാടിന്റെ മുഖസൌന്ദര്യം വര്‍ദ്ധിപ്പിക്കാനും കഴിയും. ഇത്തരം കണ്ടല്‍ പാര്‍ക്കുകളില്‍ നിന്നും മറ്റു ബോട്ടു ജട്ടികളില്‍ നിന്നും ബോട്ട് സര്‍വ്വീസുകളും , ഉല്ലാസ നൌകകളും നമ്മുടെ ജലാശയങ്ങളിലേക്ക് യഥേഷ്ടം പ്രവര്‍ത്തിപ്പിക്കാനായാല്‍ പ്രാദേശിക ടൂറിസവും അന്തര്‍ദ്ദേശീയ ടൂറിസവും നമ്മുടെ സ്വന്തം ഉടമസ്തതയില്‍ തന്നെ വികസിപ്പിക്കാവുന്നതാണ്. അതല്ലാതെ, നമ്മുടെ പൈതൃക സ്വത്തുകളിലൊന്നും തൊട്ടുപോകരുത് എന്നുപറയുന്നത് പ്രകൃതിയുടെ വരദാനങ്ങള്‍ വേസ്റ്റിട്ട് നശിപ്പിച്ച് മുനിസിപ്പല്‍ ഓടപോലെ ജീര്‍ണ്ണിപ്പിച്ച് നശിപ്പിക്കുന്നതു പോലെ പ്രകൃതിവിരുദ്ധതയും ബുദ്ധിശൂന്യതയുമാണ്.
വളപട്ടണം പുഴയോരത്തെ കണ്ടല്‍ പാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നത് പട്ടികജാതിക്കാരായ പാവപ്പെട്ട ജനങ്ങളുടെ ഭൂമി കബളിപ്പിച്ച് തട്ടിയെടുത്താണെന്ന് ഒരു ശ്രുതികേട്ടു. അതുശരിയാണെങ്കില്‍ വളരെ മോശം തന്നെ !കാരണം, അവര്‍ തൊണ്ടു ചീയിക്കാനായി വളരെക്കാലമായി ഉപയോഗിച്ചുവരുന്ന സ്ഥലത്താണെന്നു തോന്നുന്നു ഈ പാര്‍ക്ക്. അവര്‍ക്ക് പാര്‍ക്കിന്റെ നടത്തിപ്പില്‍ മതിയായ ഉടമസ്തതയോ പ്രാതിനിധ്യമോ നല്‍കാതെയാണ് പാര്‍ട്ടിയുടെ സൊസൈറ്റി ഈ സ്ഥലത്ത് പാര്‍ക്ക് സ്ഥാപിച്ചതെങ്കില്‍ അതിന്റെ ശാപം പാര്‍ട്ടിതന്നെ അനുഭവിക്കണം. കാരണം, പേരിനെങ്കിലും തൊഴിലാളി പാര്‍ട്ടിയാണല്ലോ !!!

പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയുടെ നല്ലൊരാശയം പാര്‍ട്ടി ദാര്‍ഷ്ട്ര്യത്തിന്റെ രക്തസാക്ഷിയായി അടച്ചുപൂട്ടേണ്ടി വന്നിരിക്കുന്നു എന്നത് പാര്‍ട്ടിയെ സംബന്ധിച്ച് പരിഹാസ്യമായ സ്ഥിതിവിശേഷമാണ് കാഴ്ച്ചവച്ചിരിക്കുന്നത്. അധികാരത്തിലേറുബോഴെങ്കിലും തങ്ങള്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളേയും പ്രതിനിധീകരിക്കുന്ന ഉത്തരവാദിത്വ ബോധമുള്ളവരാകേണ്ടതാണെന്ന് ഈ പൊട്ടന്മാരുടെ പാര്‍ട്ടിക്കു തോന്നാറില്ല.
തങ്ങളുടെ പണച്ചാക്കുകളും,മാടംബികളുമായ പാര്‍ട്ടി ഉടമകളും, അടിമത്വ ബോധം പേറുന്ന പാര്‍ട്ടി ഭക്തശിരോമണികളായ അണികളും ഒഴിച്ച് മറ്റെല്ലാ ജനവിഭാഗവും അന്യരാണെന്ന പ്രകടമായ വേര്‍ത്തിരിവ് പാര്‍ട്ടിയുടെ ഉടമസ്തതയിലുള്ള എല്ലാ ബിസിനസ്സ് സംരഭങ്ങളിലും കാണാവുന്നതാണ്. ജനങ്ങളെ വാലാട്ടി വര്‍ഗ്ഗം തിരിച്ച് വേര്‍ത്തിരിക്കുന്ന സംങ്കുചിതത്വം !
വല്ലവനും, തന്റെ ആശയത്തിന്റെ ബലത്തില്‍ പടുത്തുയര്‍ത്തുന്ന സംരഭത്തെ നാടിന്റെ വികസനമായി കണ്ട് അഭിനന്ദിക്കാതെ, ആ സംരഭത്തെ മാടംബിത്വം കൊണ്ട് വെടക്കാക്കി തനിക്കാക്കുന്ന പരിയാരം മെഡിക്കല്‍ കോളേജ് പിടിച്ചെടുക്കല്‍ മോഡല്‍ നീതിബോധമുള്ള പാര്‍ട്ടി അഭിമുഖീകരിക്കേണ്ടി വരാവുന്ന സ്വാഭാവികമായ ഒരു ദുര്യോഗമാണ് കണ്ടല്‍ പാര്‍ക്കിനും സംഭവിച്ചിരിക്കുന്നത്.

ഈ മാടമ്പി ദാര്‍ഷ്ട്ര്യത്തിന്റെ പാര്‍ട്ടിവായ് നാറ്റത്തിനപ്പുറം കണ്ടല്‍ പാര്‍ക്കിന് തീരദേശസംരക്ഷണ നിയമത്തിന്റെ (സി.ആര്‍.സെഡ്) കുരുക്കില്‍ കുടുങ്ങാനുള്ള സാധ്യതയൊന്നുമുണ്ടായിരുന്നില്ല. കണ്ടല്‍ കാട്ടിനുള്ളില്‍ പ്രകൃതി സൌഹാര്‍ദ്ദമായ രീതിയില്‍ പക്ഷിക്കൂടുകള്‍ പോലെ നിര്‍മ്മിച്ചിരിക്കുന്ന എടുപ്പുകള്‍ കലാപരമാണെന്നു മാത്രമല്ല , അഭിനന്ദനീയമായ സൌന്ദര്യബോധത്തിന്റേയും, ക്രിയാത്മകശേഷിയുടേയും പ്രായോഗികമായ വിനിയോഗമാണ് .
പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ക്രിയാത്മകമായ ആശയമായ കണ്ടല്‍ പാര്‍ക്കിന് അനുയോജ്യമായ രൂപം നല്‍കിയ പ്രതിഭകളെ ചിത്രകാരന്‍ അഭിനന്ദിക്കുന്നു.
സത്യത്തില്‍ കണ്ടല്‍ പാര്‍ക്ക് കോണ്‍ഗ്രസ്സുകാര്‍ക്കും അനുകരണീയമായ ആശയമാണ്... സി.ആര്‍.സെഡ്. നിയമങ്ങള്‍ ഇക്കാര്യത്തില്‍ ഓലപ്പാമ്പ് മാത്രമാണ്. നാടിന്റെ വികസനത്തെ വഴിമുടക്കുന്ന ജനവിരുദ്ധമായ കക്ഷി രാഷ്ട്രീയ ബോധമാണ് നിരോധിക്കപ്പെടേണ്ടത്.

ഏഷ്യാനെറ്റില്‍ ജൂലായ് 20 നു കാണിച്ച കണ്ടല്‍ പാര്‍ക്കിന്റെ ചില ദൃശ്യങ്ങള്‍ ചിത്രകാരന്‍ താഴെ സൂക്ഷിച്ചുവക്കുന്നു.











നശിപ്പിക്കപ്പെട്ട സുല്‍ത്താന്‍ കനാല്‍ കാണുക !!! ജനം നിത്യ ജീവിതത്തിന്റെ ഭാഗമായി ഉപയോഗിക്കേണ്ടതും, വൃത്തിയോടെ സൂക്ഷിക്കപ്പെടേണ്ടിയിരുന്നതുമായ പുഴയുടെ ഒരു കൈവഴി ഇങ്ങനെ നശിപ്പിക്കുന്നതിന് നമുക്കൊരുമനസ്ഥാപവുമില്ല !!!
മനോരമയുടെ വാര്‍ത്തയും ചിത്രവും. ഇതും കണ്ണൂരില്‍ തന്നെ !

Friday, July 2, 2010

പെരളശ്ശേരി ക്ഷേത്രക്കുളം

അടുത്തകാലത്ത് പുനരുദ്ധരിച്ച പെരളശ്ശേരി ക്ഷേത്രക്കുളത്തെക്കുറിച്ച് ധാരാളം പത്രവാര്‍ത്തകളും അഭിപ്രായങ്ങളും കുറച്ചുകാലമായി കേള്‍ക്കുകയും കാണുകയും ചെയ്യുന്നു.കണ്ണൂരില്‍ നിന്നും എട്ടോ പത്തോ കിലോമീറ്റര്‍ മാത്രം ദൂരെയുള്ള ഈ വിശേഷപ്പെട്ട കുളം കാണാനായി ജൂണിലെ ഒരു ഞായറാഴ്ച്ച നീക്കിവച്ചു.ചെങ്കല്ലുകൊണ്ട് വളരെ ഭംഗിയായി നിര്‍മ്മിച്ച വലിയൊരു കല്‍പ്പണപോലുള്ള ആഴമുള്ള കുളം ! കുളം നേരില്‍ കണ്ടപ്പോള്‍ ചിത്രകാരന് അത്രക്കങ്ങ് പിടിച്ചില്ല ! കുളത്തിന്റെ കെടപ്പുകണ്ടിണ്ട് കൊളത്തിനു ശ്വാസം മുട്ടുന്നുണ്ടായിരിക്കുമോ എന്നൊരു തോന്നല്‍ !!! സുബ്രഹ്മണ്യക്ഷേത്രത്തിനു മുന്നില്‍ മതിലുകെട്ടിത്തിരിച്ച നിലയില്‍ ഞെങ്ങി ഞെരുങ്ങി വിമ്മിഷ്ടപ്പെട്ട് കുത്തിക്കൊള്ളിച്ചതുപോലുണ്ട് കൊളത്തിന്റെ നിര്‍മ്മിതി. പട്ടണ പ്രദേശങ്ങളില്‍ നാലു സെന്റു സ്ഥലത്ത് അതിരുകള്‍ നിറഞ്ഞുനില്‍ക്കുന്ന രണ്ടുനില വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നതുപോലെ ഇത്ര വലിയൊരു കുളം അവിടെ അധികപറ്റായി തോന്നി.കുളത്തില്‍ എത്ര വെള്ളം താണാലും താഴെവരെ ഒതുക്കുകളിറങ്ങി കുളിക്കാനിറങ്ങാം എന്ന സൌകര്യവും ഉത്തരമലബാറില്‍ കാണപ്പെടുന്ന മനോഹരമായ കുളത്തിന്റെ പൊതുവായ ശില്‍പ്പസൌന്ദര്യവും തെല്ലും മുനയും പൊട്ടാതെ സൂക്ഷിച്ചുവക്കാനാണ് കുളം നിര്‍മ്മിച്ചവര്‍ ശ്രദ്ധിച്ചിരിക്കുന്നത്.അങ്ങനെ ഒരു നാടിന്റെ അഭിമാനകുളമായി പെരളശ്ശേരി അംബലക്കുളം ഇവിടെ സസുഖം കഴിഞ്ഞുകൂടുന്നു. ശിവേട്ടന്റെ മൂത്തമോന്‍ സുബ്രഹ്മണ്ണ്യന്‍ കുട്ടിയാണ് പെരളശ്ശേരി ക്ഷേത്രത്തിലെ താമസക്കാരന്‍.
ക്ഷേത്രത്തിനകത്തുകയറാന്‍ ചെരിപ്പഴിക്കുകയും,ഷര്‍ട്ടഴിക്കുകയും ചെയ്യണമെന്ന പഴയ ഹിന്ദു മാടംബി നിയമം പൂര്‍വ്വാധികം ശക്തമായി ആചരിച്ചുവരുന്നതിനാല്‍ ചിത്രകാരന്‍ ക്ഷേത്രത്തില്‍ കയറാന്‍ കൂട്ടാക്കിയില്ല.
സുബ്രഹ്മണ്യനു വേണമെങ്കില്‍ ചിത്രകാരനെ വീട്ടില്‍ വന്ന് മുഖം കാണിക്കാം. അതും അശേഷം നിര്‍ബന്ധമില്ല.
കുളം കാണാന്‍ വരുന്ന ആള്‍ എന്തിന് സുബ്രഹ്മണ്യന്‍ കുട്ടിയുടെ വീട്ടില്‍ കയറണം !!!
ചിത്രകാരന്‍ മൊബൈല്‍ ക്യാമറയില്‍ നട്ടുച്ചനേരത്തെ കുളം പകര്‍ത്തിയെടുത്തു.(നോക്കിയ 3710 ഫോള്‍ഡ് ആണ് ക്യാമറ ഫോണ്‍.കുഴപ്പമില്ലെന്ന് തോന്നുന്നു.അഡ്ജസ്റ്റുമെന്റുകളോന്നും പിടിയില്ലാത്തതിനാല്‍ വെറുതെ ഞെക്കിയെടുത്ത പടങ്ങളാണ്.) അവ താഴെ പോസ്റ്റുന്നു:
ക്ഷേത്രത്തേയും കുളത്തേയും വേര്‍ത്തിരിക്കുന്ന ജയിലുപോലുള്ള
മതിലിനു മുകളിലൂടെ കുളത്തിലേക്ക് എത്തിനോക്കിയെടുത്ത പടം.
താഴെവരെ ഒതുക്കുകളിറങ്ങി കുളിക്കുകയും നീന്തുകയുമൊക്കെ ചെയ്യാവുന്ന
ഈ ആഴമുള്ള കുളം കുട്ടിക്കാലത്ത് ഏറെ സമയം ചിലവിട്ടിട്ടുള്ള
പാംബും കോണിയും കളിയെയാണ് ചിത്രകാരനെ ഓര്‍മ്മിപ്പിച്ചത്.

കുളത്തിന്റെ പ്രവേശനമാര്‍ഗ്ഗത്തില്‍ നിന്നൊരു കാഴ്ച്ച.
വെള്ളം പം‌മ്പ് ചെയ്യാനുള്ള കുഴലുകളാണെന്നു തോന്നുന്നു
വെളുത്ത ഒരു റിബ്ബണ്‍ പോലെ കാണപ്പെടുന്നത്.
കുളത്തിനു മുകളിലായി കാണപ്പെടുന്നതാണ് സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ മേല്‍ക്കൂര
പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രം ... പ്രവേശന വഴി.
ക്ഷേത്രത്തിന്റെ പ്രവേശന ദ്വാരത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് ഭക്തരേ വഴിതടയുന്നത്
അപ്പോഴാണ് ശ്രദ്ധിച്ചത്. പ്രൈവറ്റ് ബസ്സിലെ കിളി സ്ത്രീ യാത്രക്കാരെ ഞെക്കി പരിശോധിച്ച്
ബസ്സില്‍ കയറ്റുന്നറ്റുന്നതുപോലെ ... വഴിതടയുന്ന ഒരു കമ്മ്യൂണിസ്റ്റോ ക്രിസ്തുമസ്സ് അപ്പൂപ്പനോ... ???
ഹിന്ദുമതമൊക്കെ ജനിക്കുന്നതിനു മുന്‍പ് , കേരളത്തില്‍ ദൈവത്തിന്റെ പ്രതിപുരുഷനായി
ഭക്തരെ അനുഗ്രഹിക്കുകയും, പ്രശ്ന പരിഹാര നിര്‍ദ്ദേശങ്ങളുമായി ആശ്വസിപ്പിക്കുകയും
ചെയ്തിരുന്ന ഒരു പരംബരയുടെ വര്‍ത്തമാന കണ്ണിയായ ഒരു തെയ്യമോ വെളിച്ചപ്പാടോ..
ഭക്തരെ വാളും പരിചയും കയ്യിലേന്തി ശാന്തിയുടെ ഒരു തണലു സൃഷ്ടിച്ചുകൊണ്ട് അനുഗ്രഹിക്കുന്ന തിരക്കിലാണ്.
ദൈവം(തെയ്യം)ചിത്രകാരനെ എടം കണ്ണിട്ടു നോക്കുന്നുണ്ട്... ഭഗവാനേ,, രക്ഷിച്ചോണേ !!!
പാവം സ്ത്രീകള്‍...!!! ദൈവത്തിന്റെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നവര്‍ !
ചിത്രകാരന്റെ പടമെടുപ്പ് ദൈവത്തിന്റെ സഹായി
നിരീക്ഷിക്കുന്നുണ്ട്...
സ്ഥലം വിടുന്നതാണ് ബുദ്ധി.

കണ്ണൂരിലേക്ക് മടങ്ങുന്ന വഴിയിലാണ് ഒരു വയലില്‍ സ്റ്റേജു പോലുള്ള തറ ശ്രദ്ധിച്ചത്.
തറക്കടുത്ത് ഒരു കര്‍ഷകന്‍ ഞാറു നടുന്നുമുണ്ട്.
കൊളം മാത്രമല്ല തറയുടെ പടവും സംഘടിപ്പിക്കണമല്ലൊ.
ചിത്രകാരന്‍ വയലിലേക്കിറങ്ങി.
ഇതു കൃഷിക്കാരനായ കിട്ടേട്ടന്‍. കൃഷ്ണന്‍ എന്നു പേരുള്ളവരെയാണ് കണ്ണൂരില്‍ കിട്ടേട്ടനെന്ന്
ജനം സ്നേഹപൂര്‍വ്വം വിളിക്കുന്നത്. ഉത്സവമില്ലാത്ത കാലത്ത് കിട്ടേട്ടന്‍ വയല്‍ പാട്ടത്തിനെടുത്ത്
കൃഷിയിറക്കുകയാണ്.

മാവിലക്കാവിലെ പ്രശസ്തമായ അടിയുത്സവത്തോടനുബന്ധിച്ചുള്ള
ചടങ്ങിന്റെ ഭാഗമായുള്ള ചെംങ്കല്ലില്‍ പണിത ഒരു ആറാട്ടു തറയാണിത്.
കാര്യം വ്യക്തമായറിയാനും അനുഭവിക്കാനും ഉത്സവകാലത്തു തന്നെ വരേണ്ടിവരും.
അടുത്ത അടിയുത്സവത്തില്‍ ബാക്കി ചിത്രങ്ങളും
വിവരണങ്ങളും പൂര്‍ത്തിയാക്കാമെന്ന്
പ്രതീക്ഷിക്കാം.

Monday, June 21, 2010

മലയാള സിനിമാ ഇതിഹാസമായി പാലേരി മാണിക്യം

സിനിമ മാത്രമല്ല, സിനിമയുടെ വാര്‍ത്തയോ പരസ്യമോ വാള്‍ പോസ്റ്ററുകളോ ഇപ്പോള്‍ ചിത്രകാരന്‍ ശ്രദ്ധിക്കാറില്ല.അത്രക്ക് അരസികനാണ് ! നൂറ്റാണ്ടിന്റെ ഏറ്റവും ശക്തമായ കലാരൂപമായ സിനിമ, മലയാളത്തില്‍ ഇപ്പോള്‍ എരിവും പുളിയും വളിപ്പും മനുഷ്യ മാംസത്തിന്റെ ഗന്ധവും മാത്രമുള്ള വെറും മാസാലമാത്രമാണ് എന്ന ഉറച്ച ബോധ്യം മനസ്സില്‍ പിടിമുറുക്കിയതിനാല്‍ സിനിമകള്‍ക്ക് ചിത്രകാരന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം.
എന്നാല്‍, അങ്ങനെ നിര്‍ഗുണ പരബ്രഹ്മാവസ്ഥയിലിരിക്കുന്ന ചിത്രകാരനെ കഴിഞ്ഞയാഴ്ച്ച വിളിച്ചുണര്‍ത്തിക്കൊണ്ട് അനിയന്‍ മൂപ്പര് ഒരു സിനിമ ഡി.വി.ഡി. നല്‍കി. പാലേരിമാണിക്യം... ഒരു പാതിര കൊലപാതകത്തിന്റെ കഥ !! കൂടാതെ, പാലേരി മാണിക്യത്തിന്റെ വ്യത്യസ്തതയെക്കുറിച്ചുള്ള അനിയന്റെ നിരീക്ഷണങ്ങള്‍ കൂടി അവതരിപ്പിച്ചപ്പോള്‍ ഒന്നു കാണാമെന്നായി. (ഇലക്ട്രോണിക്സ്,ഇലക്ട്രിക്കല്‍,സിനിമ,സംഗീതം,ബൈക്ക്,കാര്‍ തുടങ്ങിയ വിഷയങ്ങളില്‍ ചിത്രകാരന്റെ ആധികാരിക കണ്‍സല്‍ട്ടന്റ് അനിയനാണ്.)

പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്നൊക്കെ തലക്കെട്ട് കണ്ടപ്പോള്‍ എരിവും പുളിയും അക്രമവുമുള്ള ഒരു മസാലയാകുമെന്ന മുന്‍‌വിധിയാണുണ്ടായിരുന്നത്. അനിയന്റെ ആത്മാര്‍ത്ഥമായ അഭിപ്രായത്തെ മാനിച്ച് സിനിമകാണാനിരുന്ന ചിത്രകാരന്‍ മലയാള സിനിമയുടെ ഗതിയെ മാറ്റിമറിക്കുന്ന ഒരു അഭ്രകാവ്യം തന്നെയാണ് കണ്ടത്. പൊതുവെ സിനിമയുടെ ആദ്യഭാഗങ്ങള്‍ കണ്ടുതുടങ്ങുംബോഴെ തുടര്‍ന്നുള്ള കഥയുടെ പോക്ക് എങ്ങനെയായിരിക്കുമെന്ന് ആവര്‍ത്തന വിരസതയോടെ നമ്മേ ഓര്‍മ്മിപ്പിക്കാറുള്ള സിനിമകളില്‍ നിന്നും വ്യത്യസ്തമായി മലയാളത്തില്‍ തന്തക്കുപിറന്ന അപൂര്‍വ്വം സിനിമകളിലൊന്നാണ് പാലേരിമാണിക്യം എന്ന് തീര്‍ച്ചയായും പറയാം.

കേരളം ഇന്നും അധികരിച്ച നിലയില്‍ അനുഭവിക്കുന്ന സാമൂഹ്യ പ്രശ്നങ്ങളുടെ വേരുകള്‍ പ്രകടമായ രീതിയില്‍ പാലേരിമാണിക്യം എന്ന ഈ സിനിമയില്‍ സത്യത്തിന്റെ ശുദ്ധി നഷ്ടപ്പെടാതെ കൈക്കുമ്പിളില്‍ സംവിധായകന്‍,രഞ്ജിത്ത് കോരിയെടുത്തു കാണിക്കുന്നു എന്നത് മലയാള സിനിമയുടെ ഭാഗ്യവും ഗതിമാറ്റവുമായാണ്
ചിത്രകാരനു തോന്നുന്നത്. നമ്മുടെ സമൂഹത്തില്‍ ഇന്നും പ്രകടമായ മഹിമയായി കൊണ്ടാടപ്പെടുന്ന താറവാടിത്വവും മാടമ്പിത്തരവും ഹിംസാത്മകമായ തേറ്റകളും നഖങ്ങളുമായി സ്ത്രൈണതക്കുനേരേയും അതിന്റെ സുരക്ഷാ കവചമായ പൌരുഷത്തിനു നേരേയും രൌദ്രരൂപം കാണിക്കുംബോള്‍ അടിമത്വത്തിന്റെ കൂരിരുള്‍ സമൂഹം ഒന്നാകെ മൌനമായി സ്വീകരിക്കുന്ന ഭയാനകമായ കാഴ്ച്ച പാലേരിമാണിക്യത്തില്‍ സ്ഫുടതയോടെ ചിത്രീകരിച്ചിരിക്കുന്നു.
മനുഷ്യ മനസ്സിന്റെ ശക്തി കേന്ദ്രവും, സമൂഹത്തിന്റെ പുരോഗതിയുടെ പ്രതീക്ഷയുമായ ആത്മാഭിമാനത്തിന്റെ വിളക്ക് അണക്കുന്ന സംസ്ക്കാരശൂന്യമായ മാടംബിവിദ്യ നമുക്ക് ഹൃദയംകൊണ്ട് ഈ ചിത്രത്തില്‍ നിന്നും തൊട്ടറിയാനാകും. എത്ര ശക്തിമാന്മാരുള്ള ഒരു വലിയ സമൂഹമാണെങ്കില്‍ പോലും പണത്തിന്റേയും ഹിംസയുടേയും കാപട്യത്തിന്റേയും സൂക്ഷിപ്പുകാര്‍ക്കുമുന്നില്‍ അനുസരണയോടെ വിധേയത്വത്തോടെ നില്‍ക്കാനല്ലാതെ , ഒഴുക്കിനെതിരെ നീന്താന്‍ കഴിയില്ലെന്ന ഒരു സത്യത്തിന്റെ സാക്ഷ്യമാണ് പാലേരിമാണിക്യം .
ചിത്രകാരന്‍ ഇതില്‍ നിന്നും മനസ്സിലാക്കിയ പാഠം സംഘടിക്കുന്നതിലൂടെ ആര്‍ക്കും വ്യക്തിപരമായി ശക്തരാകാനാകില്ലാ എന്നാണ്. ശക്തരാകുന്നവര്‍ ആരും തന്നെ സംഘടിക്കുന്നവരല്ല. സംഘടിക്കുന്നവരുടെ ഉടമകളായിത്തീരുന്നവരാണ് ശക്തരായിത്തീരുന്നത്. ഇത് മാടമ്പിത്വത്തിന്റെ ഒരു പ്രതിബിംബം സൃഷ്ടിക്കുന്നതു പോലെയുള്ള ഒരു താന്ത്രിക വിദ്യയാണ്. തിന്മക്കെതിരെ സംഘടിക്കുന്ന ജനം പ്രതീക്ഷിക്കുന്നത് തിന്മ നശിപ്പിക്കപ്പെടും എന്നാണെങ്കിലും, തിന്മ നന്മയുള്ള ജനങ്ങളിലേക്കുകൂടി അവരുടെ പ്രതിനിധികളിലൂടെ ഒഴുകി പരക്കുന്ന... തിന്മയുടെ വ്യാപനമാണ് സത്യത്തില്‍ സംഭവിക്കുന്നത്.

ഈ സിനിമ നല്‍കുന്ന പാഠം രണ്ടു തരത്തില്‍ കാഴ്ച്ചക്കാരന് ഉപയോഗപ്പെടുത്താനാകും. ഒന്ന് വിധേയത്വവും അടിമത്വവും എങ്ങിനെ ധന സം‌മ്പാദനത്തിലും അധികാരങ്ങളില്‍ എത്തിച്ചേരാനും ഉപയോഗിക്കാം എന്ന് ഈ ചിത്രം വ്യക്തമായി ചരിത്ര വസ്തുതയായി പറഞ്ഞുതരുന്നുണ്ട്. അതായത്, പ്രാകൃതമായതും അവികസിതമായ നമ്മുടെ സമൂഹത്തില്‍ ഇന്നും ചിലവാകുന്ന നമ്പറുകളുള്ളതുമായ മനേജുമെന്റ് തന്ത്രം !! അതോടൊപ്പം തന്നെ, തിന്മ എങ്ങിനെ അടിമത്വം ഹൃദ്യമായ ഒരു ജീവിതരീതിയായി അണിയിച്ചൊരുക്കി നമ്മുടെ മനസ്സുകളില്‍ നട്ടു വളര്‍ത്തുന്നു എന്ന സത്യം വെളിപ്പെടുത്തുന്ന സിനിമയുമാണിത്. കാരണം, അടിമത്വത്തിന്റെ രാസഘടന പാലേരിമാണിക്യത്തില്‍ സുവ്യക്തമായി നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ കാഴ്ച്ചക്കാരന്റെ ആത്മാഭിമാനം ഒരു തിരിച്ചറിവിലേക്ക് വളരാന്‍ തക്ക രീതിയില്‍ കുറച്ചെങ്കിലും സ്വതന്ത്രമാണെങ്കില്‍ മാത്രമേ ഈ ചിത്രത്തിന്റെ മഹത്വം ബോധ്യമാകു. അല്ലാത്ത പക്ഷം അഭിമാനമോ അപമാനമോ ഉളവാക്കുന്ന ജാതി പാരംബര്യങ്ങളുടെ ഓര്‍മ്മപ്പെടുത്തലിനപ്പുറം ഒന്നും തന്നെ ഈ ചിത്രത്തില്‍ കാണാനാകില്ല. രാഷ്ട്രീയത്തിന്റെ മഞ്ഞ കണ്ണട ഒഴിവാക്കാന്‍ തയ്യാറല്ലാത്തവര്‍ക്ക് ഈ സിനിമ മുഴുവന്‍ കണ്ടാലും രാമനും സീതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിവുണ്ടാകില്ല !!!

53 വര്‍ഷങ്ങള്‍ക്കുമുന്‍പ് കേരളത്തിന്റെ പുരോഗമന പ്രസ്ഥാനങ്ങളുടെ ആശയും ആവേശവുമായി അധികാരത്തില്‍ വന്ന ആദ്യ ഇടതുപക്ഷ ഗവണ്മെന്റിന്റെ സ്ഥാനാരോഹണക്കാലത്ത് (1957)നടന്ന കിരാതമായ സ്ത്രീ പീഢനവും,കൊലപാതകവും ആയിരുന്ന പാലേരിമാണിക്യം കൊലക്കേസ് ധനിക മാടംബികള്‍ക്കുവേണ്ടി തേച്ചുമാച്ച് കളഞ്ഞ പാര്‍ട്ടി തുടക്കത്തിലേ അതിന്റെ തൊഴിലാളി വിരുദ്ധ , അധസ്ഥിത വിരുദ്ധ സവര്‍ണ്ണ മാടമ്പിത്തം ഉയര്‍ത്തിപ്പിടിച്ചിരുന്നു എന്നതിന്റെ തെളിവുകൂടിയാണ് പാലേരിമാണിക്യം വെളിപ്പെടുത്തുന്നത്.

പാലേരിയുടെ ബോധമായ ബാര്‍ബര്‍ ബാലനും, ഉപബോധമായ ഭ്രാന്തന്‍ കുമാരനും പറയുന്ന ഒരോ വാക്കുകള്‍ക്കും ടണ്‍ കണക്കിലുള്ള ദാര്‍ശനിക ഭാരമുണ്ട്. അനുഭവചരിത്രത്തിന്റെ കരുത്തുണ്ട്. സത്യത്തില്‍ ഉറങ്ങിപ്പോയ നാടിന്റെ ആത്മബോധം ഉണക്കിയ വിത്തുകളായി ഈ കഥാപാത്രങ്ങള്‍ വര്‍ത്തമാന കാലത്തേക്ക് മാടംബിത്തത്തിന്റെയും ജന്മിത്വത്തിന്റേയും പാര്‍ട്ടിയുടേയും കണ്ണുവെട്ടിച്ച് ഒളിച്ചുകടത്തുകയാണ്.

മമ്മുട്ടിയുടെ ഡിറ്റക്റ്റീവും, കൂട്ടുകാരി ക്രൈം അനലിസ്റ്റും, ബാലന്‍ നായരായി വേഷമിട്ട സിദ്ധിക്കും , ബാര്‍ബര്‍ കുമാരന്റെ വാര്‍ദ്ധക്യമായി പ്രത്യക്ഷപ്പെടുന്ന ശ്രീനിവാസനും മാത്രമേ പാലേരിമാണിക്യത്തില്‍ സിനിമാ അഭിനയ തൊഴിലാളികളായി മുഴച്ചിരിക്കുന്നുള്ളു. മറ്റുള്ള കഥാപാത്രങ്ങളെല്ലാം സിനിമയില്‍ ജീവിക്കുകയാണ്... ചരിത്രത്തിന്റെ നിധിയായ പാലേരിമാണിക്യത്തെക്കുറിച്ചുള്ള വടിവൊത്ത ഓര്‍മ്മകളും സാക്ഷ്യങ്ങളുമായി. ആ സത്യസന്ധമായ ചരിത്രാനുഭവത്തിന് ആ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയവരെ പാകപ്പെടുത്തിയ സംവിധായകനേയും സഹപ്രവര്‍ത്തകരേയും മലയാള സിനിമാ സംസ്ക്കാരത്തിനുവേണ്ടി നമുക്ക് അഭിനന്ദീക്കേണ്ടിയിരിക്കുന്നു.

സര്‍വ്വോപരി പാലേരി മാണിക്യം എന്ന ചരിത്ര സിനിമ മലയാള സിനിമയുടെ ഉജ്ജ്വലമായ ഇതിഹാസമായി
ചിത്രകാരന് അനുഭവപ്പെട്ടതായി രേഖപ്പെടുത്തട്ടെ. വീണ്ടും വീണ്ടും കാണുകയും പഠിക്കപ്പെടുകയും, ചര്‍ച്ചചെയ്യപ്പെടുകയും വേണ്ടതായ മലയാളത്തിന്റെ അഭിമാനമായ ഈ സിനിമ ഒരോ മലയാളിയും കണ്ട് ആത്മാഭിമാനത്തിന്റെ രാസഘടന മനസ്സിലാക്കട്ടെ എന്നാശിക്കുന്നു. അതിലൂടെ സമൂഹത്തിന്റെ ബുദ്ധിമാന്ദ്യത്തിന്റേയും ഷണ്ഢത്വത്തിന്റേയും ബ്ലോക്കുകള്‍ തകര്‍ക്കപ്പെടട്ടെ എന്നും ചിത്രകാരന്‍ ആശിക്കട്ടെ !!!

സ്ത്രൈണതയും ഭീരുത്വവും നിറഞ്ഞ മലയാളസമൂഹത്തില്‍ പൌരുഷത്തിന്റെ സൂര്യനുദിക്കട്ടെ.... !!!

സിനിമ കണ്ടതിനുശേഷം ഇതിന്റെ മൂലരൂപമായ പാലേരിമാണിക്യം നോവലന്വേഷിച്ചു നടക്കുകയാണ് ... ആ നോവലിസ്റ്റിന്റെ ആര്‍ജ്ജവത്തിന്റെ പൂര്‍ണ്ണതകൂടി ചിത്രകാരന് ഇപ്പോള്‍ അറിയേണ്ടതുണ്ട്. ഈ ചരിത്ര സത്യത്തെ പോള്ളലേല്‍ക്കാതെ, ഉള്ളം കയ്യിലെടുക്കാന്‍ കരുത്തുകാണിച്ച ധീരനായ യഥാര്‍ത്ഥ സാഹിത്യകാരനെ സിനിമയിലൂടെത്തന്നെ കാണാനാകുന്നുണ്ട്.... എങ്കിലും... നോവലുകൂടി വായിച്ചേ തീരു !
അടിമത്വത്തിന്റെയും ജന്മിത്വത്തിന്റേയും വ്യാകരണ നിയമങ്ങല്‍ ഈ ചിത്രങ്ങളിലുണ്ട്.


പാലേരി മാണിക്യമായി മികച്ച അഭിനയം കാഴ്ച്ചവച്ച പുതുമുഖ നടി...
പേരെന്താണെന്നറിയില്ല... എന്തായാലും അഭിനയമായി തോന്നാത്ത അഭിനയം .
ദില്ലിയില്‍ നിന്നും ഒരു ഉള്‍വിളിയുമായി പാലേരിയിലെത്തിയ ഡിറ്റക്റ്റീവും , ക്രൈം അനലൈസറും കുരുക്കഴിച്ചുകൊണ്ടുവരുന്ന തരത്തിലുള്ള കുറച്ചു കൃത്രിമമായ അവതരണ രീതിയാണ് സിനിമയിലുള്ളത്.
പാലേരി മാണിക്യം നോവലില്‍ എങ്ങനെയാണ് കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതെന്നറിയില്ല.
പല ബുക് സ്റ്റാളിലും അന്വേഷിച്ചെങ്കിലും നോവല്‍ കയ്യില്‍ കിട്ടിയിട്ടില്ല.
ക്രൂരതയും,ആണത്വവും പൈതൃക ജീനിന്റെ കുഴപ്പമാണെന്ന് സ്ഥാപിക്കുന്ന തരത്തിലുള്ള വേലിചാട്ടവും സ്ത്രീ താല്‍പ്പര്യങ്ങളും
ഡിറ്റക്റ്റീവില്‍പ്പോലും കുറച്ച് മുഴച്ചിരിക്കുന്നുണ്ട്. ക്രൈം അനലൈസറായി അവതരിപ്പിച്ചിരിക്കുന്ന സ്ത്രീയിലൂടെ നിലവിലുള്ള സ്ത്രീസ്വാതന്ത്ര്യ സംങ്കല്‍പ്പങ്ങളുടെ നല്ലൊരു പൊള്ളയായ പീസിനെ അവതരിപ്പിച്ചിരിക്കുന്നു.

ഒരുപക്ഷേ, മമ്മുട്ടി എന്ന നടന്റെ താര ജാടകളെ തൃപ്തിപ്പെടുത്താനുള്ള കോംബ്രമൈസുകള്‍ ഡിറ്റക്റ്റീവിന്റെ
പശ്ചാത്തലമായി കൂട്ടിച്ചേര്‍ത്തതാകാം.
കുറ്റിയാടി ചന്തപ്പറംബില്‍ നാടകം കാണാന്‍ പുറപ്പെടുന്ന പൊക്കനും, ഭാര്യ പാലേരിമാണിക്യവും.
യാത്രമുടക്കുന്ന ചന്ദന്‍ പൂശാരി
പാലേരി മാണിക്യം കൊല്ലപ്പെട്ട ദിവസം നടന്ന മറ്റൊരു മരണം.
അംമ്പലക്കടവില്‍ മരിച്ചുകിടക്കുന്ന ശാന്തിക്കാരന്‍
നാടിന്റെ ബോധമായി മാറിയതും... സിനിമയുടെ അദൃശ്യ ആത്മാവായി നിറഞ്ഞു നില്‍ക്കുന്നതുമായ
ബാര്‍ബര്‍ കേശവന്‍
മാണിക്യത്തിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സമര്‍ത്ഥിക്കുന്ന തേങ്ങാ കച്ചവടക്കാരന്‍ കുഞ്ഞിക്കണ്ണനും,
പ്രമാണി , വേലായുധനും.
ആങ്ങളയുടെ ദുഖം
മാടംബിത്വത്തിന്റെ അധികാര ചിഹ്നങ്ങള്‍...
അന്നത്തെ പോലീസും നാട്ടുകാരും. സത്യസന്ധതപാലിക്കുന്ന സിനിമ ദൃശ്യങ്ങള്‍
മുടിവെട്ടുന്നതിനിടക്കൊരു രാഷ്ട്രീയ ചര്‍ച്ച.
ചോദ്യം ചെയ്യപ്പെടുന്ന പ്രതികള്‍
മാണിക്യത്തിന്റെ ഭര്‍ത്താവ് പൊട്ടന്‍ പൊക്കനും, അമ്മ ചിരുതയും
മുരിക്കിന്‍ കുന്നത്ത് അഹമ്മദ് ഹാജിയായി തകര്‍ത്ത് അഭിനയിച്ച മമ്മുട്ടി... അം‌മ്പട്ടാന്‍ ജനിക്കുന്നതും മരിക്കുന്നതും അം‌മ്പട്ടാനായിത്തന്നെ വേണമെന്ന് ...

ചിരുതയുടെ ചെറുപ്പകാലം.. മനോഹരമായ ദൃശ്യങ്ങള്‍.
ഇരയെ ആവാഹിച്ചു വിളിച്ചുവരുത്തുന്ന വേട്ടക്കാരന്‍
ജന്മിത്വത്തിനു മുന്നില്‍ കുടിയാന്മാര്‍ അടിമകള്‍ തന്നെയാണ്.
ഒന്നു കുതറിമാറാന്‍ കൂടി കഴിയില്ല.
അടിമയാക്കപ്പെട്ട സ്ത്രീത്വം... സമൂഹത്തിന്റെ അടിമത്വം എന്നതാണ് കൂടുതല്‍ സത്യം !
കളപോലെ,ആവശ്യമില്ലാത്തെ വാഴതയ്യു പോലെ ചവിട്ടി ഉടക്കപ്പെടുന്ന/
നശിപ്പിക്കപ്പെടുന്ന ആണത്വത്തിന്റെ എതിര്‍ ശബ്ദങ്ങള്‍
നിഷ്ക്കളങ്കതയുടെയും ശാലീനതയുടേയും കിലുക്കം ദൃശ്യമാകുന്ന ഭാവപ്രകടനങ്ങള്‍...
പാലേരി മാണിക്യവും, ബന്ധു വേലായുധനും
അടുത്ത ഇരക്കായി കുതിക്കുന്ന മാടംബിത്വം.
തുന്നിക്കൂട്ടിയ സത്യം എന്ന നാടകത്തിന്റെ രചയിതാവായി... എസ്.കെ.പള്ളിപ്പുറം...
കല വളര്‍ത്താന്‍ കലാഹൃദയമുള്ള ധനികര്‍തന്നെ വേണമെന്ന് വിശ്വസിക്കുന്ന
ഭൂരിപക്ഷം കലോപജീവികളുടേയും പ്രതിനിധി ! (ഇന്നത്തെയടക്കം!!!)
ഓവറായ മേക്കപ്പുകൊണ്ട് കോലം കെടുത്തപ്പെട്ട ബാര്‍ബര്‍ കേശവന്റെ വാര്‍ദ്ധക്യ വേഷത്തില്‍
നടന്‍ ശ്രീനിവാസന്‍.
ശ്രീനിവാസന്റെ മുഖത്ത് ചാണകം മെഴുകിവക്കാന്‍ നന്നായി മേക്കപ്പ്മാന്‍ അദ്ധ്വാനിച്ചിട്ടുണ്ട്.
ഒരു വേള, ബാര്‍ബര്‍ കേശവന്റെ യാത്ഹാര്ത്ത്ഹത്തിലുല്‍ രൂപ സാദൃശ്യത്തിലേക്ക് കൂട്ടി മുട്ടിക്കാന്‍ ശ്രമിച്ചതായിരിക്കണം.
പാലേരിമാണിക്യത്തിന്റെ ശവക്കുഴിക്കു തുല്യമായ പാലേരി സ്കൂള്‍
പത്തേക്കര്‍ സ്ഥലത്തൊരു സ്കൂള്‍.. നല്ലതുതന്നെ. പക്ഷേ അതിന്റെ വില ഭീകരം !!
സഖാവ് കെ.പി.ഹംസയായി അഭിനയിച്ച നടന്‍ ജീവിക്കുകതന്നെ ചെയ്യുന്നു.
കൃത്രിമമായ പ്രസംഗഭാഷ ഗംഭീരമായിരിക്കുന്നു.
രസകരമായ അന്ത്യം