Wednesday, October 15, 2008

താരങ്ങള്‍ ഇരുട്ടിന്റെ സൃഷ്ടികള്‍ !!


നക്ഷത്രങ്ങള്‍ സൂര്യപ്രകാശത്തില്‍ കാണപ്പെടുകയില്ല. സമൂഹത്തില്‍ അന്ധകാരം പരക്കുംബോള്‍ ജന്മം കൊള്ളുന്ന മിന്നാമിനുങ്ങുകളാണ് താരങ്ങള്‍.

(കോപ്പി രൈറ്റ് ചിത്രകാരന് തന്നെ)

അതുകൊണ്ടുതന്നെ താരങ്ങള്‍ക്കെതിരെയുള്ള യുദ്ധം ഒരു പ്രഭാതത്തിലേക്കുള്ള വഴിയാകുന്നു. പക്ഷേ, നമ്മുടെ സമൂഹത്തില്‍ താരങ്ങള്‍ ദൈവങ്ങളായി വാഴുംബോള്‍ ആ യുദ്ധം പലപ്പോഴും അപകടകരമായ ഒറ്റയാള്‍ പോരാട്ടങ്ങളാകും. ഒഴുക്കിനെതിരെ, പൊതു ധാരക്കെതിരെയുള്ള കലാകാരന്റെ പ്രവര്‍ത്തനങ്ങളെയെല്ലാം വിഢിത്തമായെ സമൂഹം വിശേഷിപ്പിക്കു. കാരണം, ഇരുട്ട് സമൂഹത്തില്‍ വെളിച്ചമായി കൊണ്ടാടപ്പെടുമ്പോള്‍ പുതിയൊരു വെളിച്ചത്തിനു ശ്രമിക്കുന്നവന്‍ വിഢിയാണെന്ന് വിഢികള്‍ക്ക് 99% ഭൂരിപക്ഷമുള്ള സമൂഹം ഉറച്ചു വിശ്വസിക്കുന്നു !


ഇത്രയും എഴുതിയത് ഇന്നലെ പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ സുബ്രഹ്മണ്യപുരം എന്ന സിനിമയെക്കുറിച്ച് നല്ലൊരു ലേഖനം ശരിയായ കാഴ്ച്ചപ്പാടില്‍ എഴുതിയതു വായിച്ചതിനാലാണ്.

ലേഖകന്‍ ഡോ.കെ.ജെ.അജയകുമാറിനോടും,മാതൃഭൂമി വീക്കിലി പത്രാധിപരോടും ചിത്രകാരന്‍ നന്ദി പറയുന്നു.

അലസതയില്‍ ഉറങ്ങിക്കിടക്കുന്ന സമൂഹത്തെ ഉണര്‍ത്താന്‍ കഴിയണമെങ്കില്‍ ഇങ്ങനെ കലാകാരന്മാരും,പത്രപ്രവര്‍ത്തകരും കുറച്ച് നേരത്തേ ഏണീക്കുന്നവരാകണം. അല്ലാതെ, ധനികന്റെ പാര്‍ട്ടിയില്‍ പങ്കെടുത്ത് രാത്രിമുഴുവന്‍ സൌജന്യ മദ്യ സേവ നടത്തി ... വൈകി ഏണീറ്റ് കീര്‍ത്തനമെഴുതുന്നവരാകരുത് കലാകാരന്മാരും, പത്രപ്രവര്‍ത്തകരും.


അതെ, പ്രഭാതം അകലെയല്ല !!!
സുബ്രമഹ്ണ്യപുരത്തിന്റെ സംവിധായകനും,നിര്‍മ്മാതാവും,നടനും എല്ലാമെല്ലാമായ ശശികുമാറിനെക്കുറിച്ച് നല്ല മതിപ്പുണ്ടായെങ്കിലും,അക്കാര്യം സിനിമ കണ്ടിട്ട് പറയുന്നതായിരിക്കുമല്ലോ ഉചിതം. വര്‍ഷങ്ങളായെന്നു തോന്നുന്നു സിനിമ കണ്ടിട്ട്. അറബിക്കഥ കണ്ടതാണ് ! ബാര്‍ബര്‍ ബാലനെ കാണാത്തതിന്റെ വിഷമമുണ്ട്. ആ സിനിമയുടെ പേരന്തായിരുന്നു ?

23-11-08

ചിത്രകാരനും സുബ്രഹ്മണ്യപുരം കണ്ടു. ഇന്നിന്റെ ...തികച്ചും ശരിയായ ചലച്ചിത്രകാരന്റെ കവിതപോലുള്ള സിനിമ ! അഭിനേതാക്കളോ സിനിമാതാരങ്ങളോ സംവിധായകരോ, തിരക്കഥാകൃത്തോ ഇല്ലാത്ത ഒറിജിനല്‍ സിനിമ. കഥാപാത്രങ്ങളും കാലവും ഹൃദയമിടിപ്പോടെ, ശ്വാസനിശ്വാസങ്ങളോടെ , കലാകാരന്റെ മാനുഷ്യത്വപൂര്‍ണ്ണമായ ഇച്ഛാശക്തിക്കുമുന്നില്‍ ജീവനോടെ നൃത്തം ചെയ്യുന്ന സിനിമ. രാത്രിയില്‍ മുങ്ങിപ്പോയ ഇന്ത്യന്‍ സിനിമയിലെ സൂര്യോദയം !!!
മാതൃഭൂമിയിലെ സുബ്രഹ്മണ്യപുരം നിരൂപണം വായിച്ചതിനാല്‍ ശ്രീനിവാസന്റെ കഥപറയുംബോള്‍ എന്ന സിനിമയും കണ്ടു. എല്ലാം നന്നായെങ്കിലും മമ്മുട്ടിയുടെ ഉലക്ക വിഴുങ്ങിയ ബാല്യകാല സ്നേഹപ്രകടനം കണ്ട് അറപ്പുതോന്നി. മമ്മുട്ടിക്ക് ശ്രീനിവാസനോട് എന്തോ അയിത്താചരണമുള്ളതുപോലെ !!!
വല്ല മോഹന്‍ലാലോ ഷാരൂക്ക് ഖാനോ അഭിനയിച്ച് ജീവിത ഗന്ധിയാക്കേണ്ടിയിരുന്ന ആ കഥാപാത്രം സിനിമയെ കഴുത്ത് ഞെരിച്ച് കൊന്നിരിക്കുന്നു. എന്നിട്ടും പടം വിജയിച്ചു എന്നത് ശ്രീനിവാസനിലെ പ്രതിഭയുടെ തിളക്കം തന്നെ.

Sunday, October 12, 2008

അല്‍ഫോണ്‍സാ റിയാലിറ്റി ഷോ !!


സെന്റും അത്തറും പുരട്ടി വിശുദ്ധയാക്കപ്പെട്ട സിമന്റും,പ്ലാസ്റ്റെര്‍ ഓഫ് പാരീസും,പെയിന്റും ഇനി അല്‍ഫോണ്‍സാ നിന്തിരുവടികളായി ആരാധിക്കപ്പെടും. ടിവി.യില്‍ മെഗാ റിയാലിറ്റി ഷോകളിലൂടെ താരങ്ങളായവര്‍ കാലക്രമത്തില്‍ പൊലിഞ്ഞുപോയ്ക്കൊണ്ടിരിക്കുമെങ്കിലും, മതത്തിന്റെ റിയാലിറ്റി ഷോകളിലൂടെ വാഴ്ത്തപ്പെടുന്നവരും, വിശുദ്ധരാക്കപ്പെടുന്നവരും കാലക്രമത്തില്‍ ദൈവങ്ങളുടെ അന്തസ്സിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കും.

മതപുരോഹിതരുടെ ഉപജാപ സമാനമായ വൈദിക കണ്‍കെട്ടു വിദ്യയിലൂടെയാണ് ദൈവങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് എന്നതിന്റെ കണ്മുന്നില്‍ ലഭ്യമായ ഒരു തെളിവുകൂടിയാണ് ചത്തുപോയ അല്‍ഫോണ്‍സ ചേച്ചിയുടെ ദൈവീകവല്‍ക്കരണം.

ഈ പുരോഹിതര്‍തന്നെ പിന്നീടു തല്ലിക്കൊന്നു കുരിശില്‍ കെട്ടിത്തൂക്കിയ പാവം ആ നസ്രാണിചെക്കനും ഇതേപോലെ ദൈവമായ അല്ലെങ്കില്‍ ദൈവ പുത്രനായ ഒരു രക്തസാക്ഷിയാണ്. അവനെക്കുറിച്ച് പിന്നീട് മൂക്കറ്റം തിന്നു കുടിച്ചിരിക്കുന്ന പുരോഹിതന്മാര്‍ പടച്ചുണ്ടാക്കിയ പീഢന കഥകള്‍ കേട്ടാല്‍ ...ഏതു ദൈവവും തലകറങ്ങി വീഴും എന്നത് ഇപ്പോഴും കുരിശില്‍ നിന്നും ഇറക്കി കിടത്തതെ പീഢിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കുരിശിലെ കൃസ്തു നമ്മേ ഓര്‍മ്മിപ്പിക്കുന്നു.

മതങ്ങള്‍ക്ക് മാത്രമല്ല, സ്ഥാപിത താല്‍പ്പര്യങ്ങളിലധിഷ്ടിതമായ മറ്റു ചെകുത്താന്‍ സംഘടനകള്‍ക്കും പുതിയ പുതിയ ആഘോഷങ്ങളും, ആരാധനാമൂര്‍ത്തികളും,രക്തസാക്ഷികളും അതിന്റെ വളര്‍ച്ചക്കും, ജനകീയതക്കും ഒഴിച്ചുകൂടാനാകാത്ത ആവശ്യമാണ്.

ഒരു നൂറോ ഇരുനൂറോ കൊല്ലങ്ങള്‍ കഴിയുമ്പോള്‍ ഇപ്പോള്‍ സഭ സെന്റടിച്ച് വിശുദ്ധയാക്കിക്കൊടുക്കുന്ന അല്‍ഫോണ്‍സ ചേച്ചി ചിലപ്പോള്‍ ലോകത്തിന്റെ മുഴുവന്‍ അമൃതാനന്ദമയിയായി അംഗീകരിക്കപ്പെടുകയും, ഇസ്ലാം-ഹിന്ദു മതങ്ങളെ ഭൂമിയില്‍ നിന്നും ഉന്മൂലനം ചെയ്യാന്‍ ഭൂമിയിലവതരിച്ച ശക്തി സ്വരൂപിണിയായ ദൈവ പുത്രിയാണെന്ന് വിശ്വസിക്കപ്പെടുകയും ചെയ്തേക്കാം. ഇതൊക്കെ മതങ്ങളുടേയും, പുരോഹിതന്മാരുടേയും കണ്‍കെട്ടു വിദ്യയാണെന്ന് വിളിച്ചു പറയാന്‍ ഇവിടെ ആരുമില്ലല്ലോ കര്‍ത്താവേ ?
(എല്ലാ മനുഷ്യരേയും ഒരുപോലേ സ്നേഹിക്കാനാകുന്ന മാനവികതാ ബോധത്തിന് ഈ അല്‍ഫോണ്‍സ ചേച്ചിയുടെ ബൊമ്മകളും, ശ്രീനാരയണ ഗുരുവിന്റെ ബൊമ്മകളും തടസ്സങ്ങളാണ്. -ബൊമ്മകള്‍ എന്ന പ്രയോഗം മനപ്പൂര്‍വ്വം)

സത്യത്തില്‍ ഇത്രയും നല്ലൊരു വിഢിത്തം (മതത്തിന്റെ കപട നാടകം) നമ്മുടെ കണ്മുന്നില്‍ നടന്നിട്ടും,പന്തം കണ്ട പെരുച്ചാഴികളെപ്പോലെ നോക്കി നില്‍ക്കാനല്ലാതെ നമ്മുടെ കലാ-സാംസ്ക്കാരിക-രാഷ്ട്രീയ രംഗത്തുള്ള ബുദ്ധി രാക്ഷസന്മാര്‍ക്ക് ഒന്നും ഉരിയാടാനാകുന്നില്ലെന്നത് രസകരമായി തോന്നുന്നു !!! ഒരു മത നിരപേക്ഷത നിലപാടുപോലും ആര്‍ക്കും മനസ്സില്‍ പോലും തോന്നുന്നില്ലല്ലോ ദൈവമേ !! ഇത്രക്ക് അടിമകളാകാമോ മനുഷ്യര്‍ ?
ശ്രീനാരായണഗുരുവിന്റെ വിഗ്രഹവല്‍ക്കരണത്തിലൂടെ ഹിന്ദുക്കള്‍ക്കിടയിലെ പുരോഗമന ദാഹം അവസാനിച്ചത് നാം എന്തുകൊണ്ട് കാണുന്നില്ല?
എല്ലാവര്‍ക്കും വിഗ്രഹങ്ങളാണു വേണ്ടത്.
വിഗ്രഹങ്ങള്‍ക്കെതിരെ പോരാടുന്നവര്‍ക്കുപ്പോലും
വിഗ്രഹമാകാന്‍ മോഹം.
ബ്ലോഗിലൂടെയെങ്കിലും ഈ വിഗ്രഹങ്ങളെ
തല്ലിയുടക്കാന്‍ (വാക്കു കൊണ്ടു മാത്രം)
മുന്നോട്ടു വരാന്‍ ചിത്രകാരന്‍
ഉണര്‍ന്നിരിക്കുന്നവരോട് അഭ്യര്‍ത്ഥിക്കുന്നു.
വിഗ്രഹങ്ങളും,വിഗ്രഹമാകാനുള്ള
മോഹങ്ങളും തന്നെയാണ് നമ്മുടെ നന്മയെ നശിപ്പിക്കുന്നത്.
ഒരുതരം ഭോഗാസക്തിയാണിത്.
ആത്മ രതി !

Sunday, September 28, 2008

ഒക്റ്റോബര്‍ 9 ശ്രീ ബുദ്ധ ജയന്തി

ഈ വരുന്ന ഒക്റ്റോബര്‍ 9 നാണ് അറിവിന്റേയും, ബോധോദയത്തിന്റേയും, ഭാരതത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തിനു തുടക്കം കുറിച്ച ശ്രീ ബുദ്ധന്റെ ഈ വര്‍ഷത്തെ ജന്മദിനവാര്‍ഷികം. ഒരുകാലത്ത് ഭാരതം മുഴുവന്‍ അറിവിന്റേയും, നന്മയുടേയും, സൂര്യോദയവാര്‍ഷികമായി കൊണ്ടാടിയിരുന്ന ശ്രീ ബുദ്ധ ജയന്തി ദിവസത്തില്‍ ധനിക-ദരിദ്ര-പണ്ഡിത-പാമര-ഗോത്ര ഭേദമില്ലാതെ കുട്ടികള്‍ക്ക് വിദ്യാരംഭം നടത്തിയിരുന്ന ദിനമായും കൊണ്ടാടിയിരുന്നു. കേരളത്തിലെ കുടിപ്പള്ളിക്കൂടങ്ങളില്‍ ബുദ്ധമത മിഷണറിമാരായിരുന്ന ആശാന്മാര്‍ കുട്ടികളെ അന്ന് എഴുത്തിനിരുത്തിയിരുന്നു.
എന്നാല്‍, ഇത്തിക്കണ്ണി സംസ്കാരത്തിന്റെയും, അടിമത്വത്തിന്റേയും, കുടിലതയുടേയും, വേശ്യ സംസ്ക്കാരത്തിന്റേയും,ഇന്ത്യയിലെ ഉറവിടമായ ബ്രാഹ്മണ ഹിന്ദു മതം ബുദ്ധന്റെ ഓര്‍മ്മകളെ വേരോടെ പിഴുതു നശിപ്പിക്കുന്നതിനായി നിര്‍മ്മിക്കപ്പെട്ട കള്ള ചരിത്രങ്ങളിലൂടെ (ഐതിഹ്യങ്ങള്‍) ബുദ്ധ ജയന്തിയോടനുബന്ധിച്ചുള്ള വിദ്ധ്യാരംഭ ദിനം അസുരന്മാരെ നിഗ്രഹിച്ച് ബ്രാഹ്മണലോകത്തെ സുസ്ഥിരമാക്കിയതിന്റെ വാര്‍ഷികാഘോഷമാക്കി മാറ്റിയെടുത്തിരിക്കുന്നു.
സംസ്കൃതം കേള്‍ക്കുകപോലും ചെയ്യുന്ന നായരുടെ (ശൂദ്രന്മാരുടേ) ചെവിയില്‍ ഇയ്യം തിളപ്പിച്ച് ഒഴിക്കണമെന്ന നിയമത്തില്‍ വിശ്വസിക്കുന്ന ബ്രാഹ്മണ്യത്തിന്റെ കാല്‍ക്കീഴില്‍ കിടന്ന് ബ്രിട്ടീഷുകാര്‍ വരുന്നതുവരെ അടിമത്വം അനുഭവിക്കേണ്ടി വന്ന 80%ല്‍ ഏറെ വരുന്ന ഭാരതീയരുടെ നീണ്ട ചരിത്രമാണ് അറിവിന്റെ സവര്‍ണ്ണവല്‍ക്കരണത്തിലൂടെ നാം കണ്ടത്.
എന്തായാലും കൊല്ലപ്പെട്ട അസുരന്‍ ബുദ്ധന്റെ ഓര്‍മ്മകള്‍ നിറഞ്ഞ ഭാരതത്തിന്റെ വസന്തകാലമല്ലാതെ മറ്റൊന്നുമല്ല.
അങ്ങിനെയാണ് ... ഹിന്ദുക്കളുടെ ആണും പെണ്ണും കെട്ട ദൈവമായ മഹാവിഷ്ണുവിന്റെ പേരായ “ഹരിശ്രീ” കുഞ്ഞുങ്ങളുടെ നാവില്‍ എഴുതിക്കൊണ്ട് ബ്രാഹ്മണ്യം ബുദ്ധമത ചടങ്ങായ വിദ്യാരഭത്തെ ഹൈന്ദവവല്‍ക്കരിച്ചത്.
നിരുപദ്രവമെന്നു തോന്നിയേക്കാവുന്ന ഇത്തരം ചെറിയ കാര്യങ്ങളിലൂടെയാണ് സാമൂഹ്യമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടുന്നത് എന്നതിനാല്‍ സാംസ്കാരിക ബോധമുള്ളവരും, മാനവികതയില്‍ വിശ്വാസമുള്ളവരും “ഹരിശ്രീ” എന്ന വിദ്ദ്യാരഭ ആദ്യാക്ഷരങ്ങളെ പരസ്യമായി എതിര്‍ക്കേണ്ടതാണ്.
പകരം “അ” എന്ന് കുഞ്ഞുങ്ങളെക്കൊണ്ട് അരിയിലെഴുതിച്ച് വിദ്യാരംഭം കുറിക്കുന്നതായിരിക്കും പ്രബുദ്ധത എന്ന് ചിത്രകാരന്‍ നിര്‍ദ്ദേശിക്കുന്നു.
നാവിലെഴുതുന്ന പ്രാകൃത ഏര്‍പ്പാട് നിര്‍ത്തലാക്കേണ്ടിയുമിരിക്കുന്നു.
പുരോഗമന പ്രസ്ഥാനങ്ങള്‍ എഴുത്തിനിരുത്തിന്റെ ആഘോഷങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നത് കച്ചവട ലക്ഷ്യം മാത്രമുളള പത്രങ്ങള്‍ക്ക് സവര്‍ണ്ണ വേശ്യ സംസ്കൃതിയുടെ പ്രചരണത്തിലൂടെ സര്‍ക്കുലേഷന്‍ കൂട്ടാന്‍ മാത്രമായി വ്യാപാരവല്‍ക്കരിക്കപ്പെടുന്നുണ്ട്. ഇത് അവസാനിപ്പിക്കാനായി
എ.കെ.ജി.യുടേയോ, ശ്രീ നാരായണ ഗുരുവിന്റേയോ,അംബേദ്ക്കറുടേയോ, അയ്യന്‍ കാളിയുടേയോ, മഹാത്മാഗാന്ധിയുടേയോ ഫോട്ടോക്കു മുന്നില്‍ വച്ചെങ്കിലും വിദ്യാരംഭം ആഘോഷപൂര്‍വ്വം നടത്തുന്ന ഒരു സംബ്രദായത്തിനു തുടക്കം കുറിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ബുദ്ധമതം കേരളത്തില്‍ എന്ന വിക്കി ലേഖനത്തിന്റെ ലിങ്ക്.

Wednesday, September 24, 2008

അപര്‍ണ്ണാ ലവകുമാര്‍

വായുവും,വെള്ളവും പോലെ നമ്മുടെ നാട്ടില്‍ നന്മയും സുലഭമാണെന്ന് കാണിക്കുന്ന ഒരു ഉദാഹരണമാണ് അപര്‍ണ്ണ ലവകുമാര്‍ എന്ന പോലീസ് ഉദ്ദ്യോഗസ്ഥയുടെ സല്‍‌പ്രവര്‍ത്തി. ഇതുപോലെ നന്മ നിറഞ്ഞ ധാരാളം ഉദ്ദ്യോഗസ്ഥര്‍ നമുക്കുണ്ട്. സത്യത്തില്‍ ഭൂരിഭാഗം തന്നെയാണിവര്‍. എന്നാല്‍, നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയും,ശീലങ്ങളും ഇവരെ കണ്ടെന്നു നടിക്കാറില്ലെന്നു മാത്രമല്ല,അവരുടെ നല്ല മനസ്സിനെ ദൌര്‍ബല്യമായി കണ്ട് ചൂഷണം ചെയ്യുകയല്ലാതെ അപര്‍ണ്ണാലവകുമാറിനെ ആദരിച്ചതുപോലെ ആദരിക്കാന്‍ മിനക്കെടാറില്ല. പൊതുവെ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ പീഢിപ്പിക്കപ്പെടുന്ന വിഭാഗമാണ് ഈ കൂട്ടം. ആത്മാഭിമാനമുള്ളവരും പാദസേവ ചെയ്യാത്തവരും,സേവന സന്നദ്ധരുമായ ജീവനക്കാര്‍ അഴിമതി നിറഞ്ഞ വ്യവസ്ഥിതിയില്‍ അധികാരികളുടെ കണ്ണിലെ കരടാണ്. പക്ഷേ, അപര്‍ണ്ണാലവകുമാര്‍ ആദരിക്കപ്പെട്ടിരിക്കുന്നു.
എങ്ങിനെയായിരിക്കും അതു സംഭവിച്ചിരിക്കുക ? ഇതേക്കുറിച്ചു വന്ന പത്ര വാര്‍ത്തകളുടെ വിശദാംശങ്ങള്‍ ചിത്രകാരന്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല. ആ നന്മനിറഞ്ഞ പോലീസ് ഉദ്ദ്യോഗസ്ഥയുടെ പ്രവര്‍ത്തിയുടെ അലകള്‍ സമൂഹത്തെ നന്മയോട് ആഭിമുഖ്യമുള്ളവരാക്കുന്നതില്‍ കാര്യമായ പങ്കു വഹിക്കും എന്നതില്‍ സംശയമില്ല. ആദ്യമായി അപര്‍ണ്ണാ ലവകുമാര്‍ ചെയ്ത ഉപകാരം അതിന്റെ മഹത്വം മനസ്സിലാക്കി കൈപ്പറ്റിയ പാവപ്പെട്ട ആ കുടുംബത്തിന്റെ ഹൃദയ ശുദ്ധിയെ നമിക്കുന്നു. പിന്നീട്.. ഈ വാര്‍ത്ത ജനങ്ങളിലെത്തിച്ച നാട്ടുകാരേയും,ജേണലിസ്റ്റുകളേയും,പത്ര-മാധ്യമങ്ങളേയും നമിക്കേണ്ടിയിരിക്കുന്നു.
ഇവിടെ ടിക്കറ്റെടുക്കാതെ ലോട്ടറിയടിച്ചത് കേരള സര്‍ക്കാരിനും, അതിന്റെ പോലീസ് ഡിപ്പാര്‍ട്ടുമെന്റിനുമാണ്. ചീത്തപ്പേരുമാത്രം കൈമുതലായുള്ള പോലീസ് വകുപ്പിന് ഒരു മാലാഖയുടെ പരിവേഷം അപര്‍ണ്ണാ ലവകുമാറിനെ ആദരിച്ചതിലൂടെ ലഭിച്ചിരിക്കുന്നു.

അക്ഷയ മലയാളം കം‌മ്പ്യൂട്ടിങ്ങ് പ്രൊജക്റ്റ്

ഇന്ന് രാവിലെ കണ്ണൂരില്‍ കലക്റ്ററുടെ അദ്ധ്യക്ഷയില്‍ വച്ചു നടന്ന അക്ഷയ പ്രൊജക്റ്റ് കണ്ണൂരിന്റെ മലയാളം കം‌മ്പ്യൂട്ടിങ്ങ് - ജില്ലാ തല പബ്ലിസിറ്റി കമ്മിറ്റിയില്‍ കേരള ബ്ലോഗ് അക്കാദമി എന്ന ആശയത്തിന്റെ പ്രചാരകനെന്ന നിലയില്‍ മലയാളം കം‌പ്യൂട്ടിങ്ങിന്റെ ജനകീയവല്‍ക്കരണത്തിനായി ഞാന്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുണ്ടായി.

1) വിശാലമായ കാഴ്ച്ചപ്പാട്
മലയാളം കം‌മ്പ്യൂട്ടിങ്ങ് എന്നത് ഇന്റെര്‍നെറ്റിലൂടെ മലയാളത്തിലുള്ള കത്തെഴുത്തും വെബ് വായനയും മാത്രമായി ഒതുങ്ങാതെ, ജനകീയമായ ആശയപ്രകാശനത്തിന്റെയും സംവേദനത്തിന്റേയും വേദിയിലേക്ക് ഉയര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.മലയാളം ബ്ലോഗുകള്‍ , മലയാളം വിക്കിപ്പീഡിയ പോലുള്ള സ്വതന്ത്ര വിജ്ഞാനകോശങ്ങള്‍,പാദമുദ്ര പോലുള്ള മലയാളം ഓണ്‍ലൈന്‍ ഡിക്‍ഷണറി രചന,പഴംചൊല്ലുകളുടെ ശേഖരണം,നാടന്‍ പാട്ടുകളുടേയും അനുഷ്ടാനങ്ങളുടേയും ശബ്ദരേഖകളുടെ പോഡ്‌കാസ്റ്റിങ്ങ്,വീഡിയോ അപ്‌ലോഡിങ്ങ്, തുടങ്ങിയ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്ന തരത്തില്‍ അക്‍ഷയയുടെ മലയാളം കം‌മ്പ്യൂട്ടിങ്ങ് എന്ന പ്രവര്‍ത്തന ശാഖ വികസിക്കേണ്ടിയിരിക്കുന്നു.

2) അഗ്രഗേറ്ററുകള്‍
മുകളില്‍ പറഞ്ഞ തരത്തിലുള്ള വികസനം യാഥാര്‍ത്ഥ്യമാക്കുന്നതിന് മലയാളം യൂണിക്കോഡ് ഫോണ്ടുകളും,അതുമായി ബന്ധപ്പെട്ട അക്ഷയയുടേയും ജില്ല ഭരണകൂടത്തിന്റേയും,വിവിധ വകുപ്പുകളുടേയും വെബ് സൈറ്റുകളുടെ വിലാസങ്ങള്‍ വിതരണം ചെയ്യുന്നതോടൊപ്പം അന്തര്‍ദ്ദേശീയമായ തലത്തില്‍ വികസിച്ചു പ്രവര്‍ത്തിക്കുന്ന മലയാളികളുടെ പൊതുവേദിയായ “ബൂലോക“ത്തിന്റെ പ്രവേശന വഴിയായ ബ്ലോഗ് അഗ്രഗേറ്ററുകളുടേയും,ബ്ലോഗ് കമന്റ് അഗ്രഗേറ്ററുകളുടേയും,മലയാളം വിക്കിപ്പീഡിയ പോലുള്ള പൊതുജനോപകാരപ്രദമായ ഓണ്‍ലൈന്‍ വിശ്വവിജ്ഞാനകോശങ്ങളുടേയും വിലാസവും, ഉപയോഗവും ജനങ്ങളെ അറിയിക്കേണ്ടിയിരിക്കുന്നു.
3) ബ്ലോഗ് വായനശാലകള്‍
സംസ്ഥാനത്തെ എല്ലാ അക്‍ഷയ കേന്ദ്രങ്ങളിലും ബ്ലോഗ് വായനശാലകള്‍ എന്ന പേരില്‍ ഇന്റെര്‍നെറ്റ് കണക്‍ഷനുകളുള്ള രണ്ടു കം‌മ്പ്യൂട്ടറുകളെങ്കിലും ഉള്‍പ്പെടുത്തി പൊതുജനത്തിന് അനായാസമായി ഈ പുതിയ മാധ്യമലോകത്ത് പിച്ചവക്കാനുള്ള സന്ദര്‍ഭം സംജാതമാക്കേണ്ടിയിരിക്കുന്നു.ബ്ലോഗുകളെക്കുറിച്ച് പരിജ്ഞാനമുള്ള ഉദ്ദ്യോഗസ്ഥരുടെ സേവനവും ബ്ലോഗ് വായന ശാലകളില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

4) കഫേകളില്‍ യൂണിക്കോഡ് നിര്‍ബന്ധമാക്കുക
സര്‍ക്കാര്‍ തലത്തില്‍എടുക്കുന്ന ഒരു തീരുമാനത്തിലൂടെയോ ജില്ലാ ഭരണാധികാരികളുടെ അധികാരമുപയോഗിച്ചോ കേരളത്തിലെ എല്ലാ ഇന്റെര്‍നെറ്റ് കഫേകളിലും അവര്‍ വാടകക്കു നല്‍കുന്ന എല്ലാ കം‌മ്പ്യൂട്ടറുകളിലും അജ്ഞലി ഓള്‍ഡ് ലിപി പോലെ സര്‍വ്വത്രികമായി ഉപയോഗിക്കപ്പെടുന്ന മലയാളം യൂണിക്കോഡ് ഫോണ്ടുകളും,മലയാളം എഴുത്തുപകരണങ്ങളും നിര്‍ബന്ധമാക്കേണ്ടിയിരിക്കുന്നു. (ഇതിന്‍ കഫെ ഉടമക്ക് പ്രത്യേക ചിലവുകളൊന്നുമുണ്ടാകുന്നില്ല. (സോഫ്റ്റ് വെയറുകളെല്ലാം സൌജന്യമായി ലഭ്യമാണ്.)ഇപ്പോള്‍ ഏറിയഭാഗവും അനാവശ്യ സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഇന്റെര്‍നെറ്റ് കഫെകളെ കേരളത്തിന്റെ വായനശാലകളായും,എഴുത്തുപുരകളായും,സാംസ്കാരിക കേന്ദ്രങ്ങളായും പരിവര്‍ത്തനം ചെയ്തെടുക്കാന്‍ ഇത്തരമൊരു ശ്രമം വഴിവക്കും. എന്നുമാത്രമല്ല, മലയാളം കം‌മ്പ്യൂട്ടിങ്ങിന്റെ പ്രചാരണത്തിന് ഈ പ്രവൃത്തി ഒഴിച്ചുകൂടാനാകാത്തതുമാണ്.
6-9-08

Tuesday, September 16, 2008

വേദവ്യാസന്‍.. വിശുദ്ധ ജാരന്‍ !


കുറേ കാലമായി ചിത്രം വരച്ചിട്ട്. ആ റു വര്‍ഷം മുന്‍പ് -2002-വണ്ടൂരില്‍ വച്ചു നടത്തപ്പെട്ട ഒരു ചിത്ര കല ക്യാമ്പിലാണ് അവസാനമായി വരച്ചത്. ഈ തിരുവോണത്തിന് (12-9-08)വീണ്ടും വരച്ചു. ഓയില്‍ സ്കെച്ച് പേപ്പറില്‍ ഓയില്‍ പെയിന്റുകൊണ്ടൊരു സ്കെച്ച് നടത്തി. വേദവ്യാസന്‍ പാണ്ഡവ-കൌരവര്‍ക്ക് ജാര ജന്മം നല്‍കുന്നതിന്റെ മുഹൂര്‍ത്തം ഇങ്ങനെയാണ് ചിത്രകാരന്റെ മനസ്സില്‍ തെളിഞ്ഞു വന്നത്. ഈ ചിത്രം അപൂര്‍ണ്ണമാണ്. എങ്കിലും ഒരു ചിത്രമാണ്.
വേദ വ്യാസന്‍ വിശുദ്ധ ജാരനോ അതോ വിത്തുകാളയോ ? ഏതായിരിക്കും കൂടുതല്‍ യോജിക്കുക ?!!
കൂടുതല്‍ ചിന്തക്കായി ഉദ്ബുദ്ധരായ മനുഷ്യര്‍ക്ക് സമര്‍പ്പിക്കുന്നു.
ചിത്രകാരനെ വീണ്ടും ചിത്രരചനയിലേക്ക് ആകര്‍ഷിച്ച ബ്ലൊഗ് എന്ന മാധ്യമത്തിനു നന്ദി.

സന്ദര്‍ഭം:
മഹാഭാരത കര്‍ത്താവായ വേദ വ്യാസന്‍ രാജാവിന്റെ പട്ടമഹര്‍ഷിമാരെ ഗര്‍ഭിണികളാക്കി ഉണ്ടാക്കിയെടുത്ത രണ്ടു പൊന്നു തംബുരാക്കന്‍ന്മാരാണ് പേടു രാജാക്കന്മാരായ പാണ്ഡുവും,ധൃതരാഷ്ട്രരും രണ്ടും ഷണ്ഡന്മാര്‍ ! ഷണ്ഡത്വം കൂടാതെ ഒന്നിനു പാണ്ഡു രോഗവും,മറ്റവന് അന്ധതയും ! വിത്തുകാളയുടെ ബീജം ഒന്നാം തരം തന്നെ !!
ഇതിനെതിരെയുള്ള ചോദ്യങ്ങള്‍ക്ക് വ്യാസന്‍ കഥയുണ്ടാക്കിയതാണ് അതിലും രസകരം. അന്നേ ദിവസം താന്‍ രാജകൊട്ടാരത്തിലെ ഒരു വേലക്കാരിക്കുകൂടി ഗര്‍ഭമുണ്ടാക്കിയിട്ടുണ്ടെന്ന് ! അങ്ങനെ ശൂദ്രയായ വേലക്കാരിയുടെയും ഭര്‍ത്താവിന്റേയും മിടുക്കനായ കുട്ടി ഭരണാധികാരമില്ലെങ്കിലും രാജാവിന്റെ മക്കളുടെ ലിസ്റ്റിലേക്ക് വരവുവക്കപ്പെട്ടു. അവനാണു വിതുരര്‍.

അംബിക മഹാറാണിയുടെ കിടപ്പറയില്‍ പ്രവേശിച്ച വേദവ്യാസനെ കണ്ട് ആ പാവം സ്ത്രീ കണ്ണുകള്‍ ഇറുക്കിയടച്ചത്രേ! (സുധാകരന്‍ സാമിമാരെപ്പറ്റി പറഞ്ഞത് ഓര്‍മ്മ വരുന്നു. സാമിമാരൊന്നും അണ്ടര്‍വെയര്‍ ഇടാറില്ലത്രേ!) അതുകൊണ്ടാണ് ധൃതരാഷ്ട്രര്‍ കുരുടനായതെന്നൊരു വിശദീകരണക്കുറിപ്പും വ്യാസന്‍ എഴുതി ചേര്‍ത്തു.
അംബാലിക മഹാറാണി കിടപ്പറയില്‍ കയറിക്കൂടിയ ഈ ദുഷ്ട ജന്തുവിനെ കണ്ട് വിളറി വെളുത്തതിനാലാണ് സന്തതിയായി പിറന്ന പാവം പാണ്ഡു പാണ്ഡുരോഗം പിടിച്ച് കഷ്ടപ്പെട്ട് അകാലത്തില്‍ മരിക്കേണ്ടി വന്നതത്രേ !

ശൂദ്രയായ വേലക്കാരി സന്തോഷപൂര്‍വ്വം വ്യാസ ബീജം ഉള്‍ക്കൊണ്ടതിനാല്‍ വിതുരര്‍ ബുദ്ധിമാനുമായി.

അങ്ങിനെ ... വ്യഭിചാരം സന്തോഷപൂര്‍വ്വം ചെയ്യേണ്ട ഹിന്ദു മത അനുഷ്ടാനമാണെന്നു വേദവ്യാസന്‍ ശൂദ്രര്‍ക്ക് ബുദ്ധി കോരി ഒഴിച്ചുകൊടുത്തു. അങ്ങിനെയാണ് ഇന്ത്യ കുട്ടിച്ചോറായതും, കേരളം ഭ്രാന്താലയമായതും എന്ന് !!!
(കഥയറിയാതെ ആട്ടം കണ്ടാല്‍ കഥകളിയാകുമല്ലോ എന്നു കരുതി വിശദീകരിച്ചതാണ്. രസ ഭംഗം വന്നവര്‍ പൊറുക്കുക, ക്ഷമിക്കുക !)

Monday, September 15, 2008

കൃസ്തുവിന്റെ കാല്‍ തല്ലിയൊടിച്ചു !



പാവം കൃസ്തു ഭഗവാന്‍ !! കാലു തല്ലിയൊടിക്കപ്പെട്ട്, കൈ മുറിച്ചുമാറ്റപ്പെട്ട് .... ഒരു ആംബുലന്‍സിന്റെ വരവും പ്രതീഷിച്ച് തന്റെ ഡണ്‍ലപ്പ് മെത്തയായ കുരിശില്‍ പതിവുപോലെ ഖിന്നനായി തൂങ്ങിക്കിടന്നു. ദേശാഭിമാനി പത്രമാണ് ഈ ദാരുണദൃശ്യം രാവിലെത്തന്നെ ചിത്രകാരന്റെ മുന്നിലെത്തിച്ചത്. പത്രം ദേശാഭിമാനിയായതുകൊണ്ട് പ്രത്യേക ചേതോവികാരമൊന്നും തോന്നിയില്ല. ഏടാ.. വെളവന്മാരേ.., നിങ്ങളിതും വോട്ടാക്കാന്‍ തുടങ്ങിയല്ലേ എന്നു മനസ്സു പറഞ്ഞതുമാത്രം കേട്ടു.
ഇനി റോമില്‍ നിന്നും അമേരിക്കയില്‍ നിന്നും ന്യൂനപക്ഷ പീഡനത്തിനെതിരെ പ്രതിഷേധ പ്രകടനം കൂടി വരാനിരിക്കുന്നു. എന്തായാലും കൊള്ളാം. ഇന്ത്യയിലെ കൃസ്ത്യന്‍ വര്‍ഗ്ഗീയ വാദികള്‍ക്കും, ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ക്കും,മുസ്ലീം വര്‍ഗ്ഗീയ വാദികള്‍ക്കും ഇപ്പോള്‍ വളര്‍ച്ചയുടെ സൂപ്പര്‍ ഹൈവെകളാണ് തുറന്നിട്ടു കിട്ടിയിരിക്കുന്നത്.
നഷ്ടം മനുഷ്യനു മാത്രം. മനുഷ്യത്വമാണ് ഏറ്റവും വലിയ ദൈവീകമായ ഭാവമെന്ന് വിശ്വസിച്ചിരിക്കുന്നവര്‍ കൂട്ടാത്തോടെ ആ വിശ്വാസം ഉപേക്ഷിച്ച് വര്‍ഗ്ഗീയതയിലേക്ക് അണിചേര്‍ക്കപ്പെടുംബോള്‍ മനുഷ്യനല്ലാതെ ആര്‍ക്കാണു നഷ്ടം? (ചെകുത്താന്റെ സംഘടനകളായ മതങ്ങളും, സവര്‍ണ്ണ രാഷ്ട്രീയ പാര്‍ട്ടികളും നശിക്കട്ടെ !!)

സത്യത്തില്‍ ഇന്ത്യയില്‍ സവര്‍ണ്ണരും അവര്‍ണ്ണരും എന്ന രണ്ടു വിഭാഗമേയുള്ളു.
ക്രൈസ്തവനായാലും,മുസ്ലീമായാലും, ദളിതനായാലും അവര്‍ണ്ണരാണ്. മതങ്ങളുടെയും,പാര്‍ട്ടികളുടേയും മുഖാവരണവും കണ്ണടയും ഉപേക്ഷിച്ച് നോക്കിയാല്‍ മനുഷ്യത്വമുള്ള അവര്‍ണ്ണരും, അതില്ലാത്ത സവര്‍ണ്ണരും തമ്മിലുള്ള സമരമാണ് ഇന്ത്യയില്‍ ഇക്കാലമത്രയും നടന്നുകൊണ്ടിരിക്കുന്നത്. ക്രൈസ്തവര്‍ക്കെതിരേയും, മുസ്ലീങ്ങള്‍ക്കെതിരേയും,ദലിതര്‍ക്കെതിരേയും നടക്കുന്ന ആക്രമണങ്ങളെ സവര്‍ണ്ണ ചോറ്റുപട്ടാളത്തിന്റെ ആക്രമണമായി മനസ്സിലാക്കാന്‍ പ്രാപ്തിയുണ്ടാകുംബോഴേ ഇവിടെ മനുഷ്യന്‍ ജയിക്കുകയുള്ളു.

ബ്രാഹ്മണ ജനത പാര്‍ട്ടിയില്‍ മാത്രമല്ല സവര്‍ണ്ണരുള്ളത്. എല്ലാ പാര്‍ട്ടികളിലും സവര്‍ണ്ണരുണ്ട്. അതുകൊണ്ടുതന്നെ കൃസ്തുവിന്റെയും, മറ്റു മനുഷ്യ പുത്രന്മാരുടേയും കയ്യും കാലും തല്ലിയൊടിക്കപ്പെടുകയും, നടുറോഡില്‍ ദളിതനെ നഗ്നനാക്കി നടത്തുകയും, മലം വാരിപ്പിക്കുകയും ചെയ്യുന്ന സവര്‍ണ്ണ ഗുണ്ടായിസത്തിനെതിരെ സമരം ചെയ്യാന്‍ തയ്യാറുള്ള പ്രസ്ഥാനങ്ങള്‍ക്കു മാത്രമേ ഇനി ഇന്ത്യയില്‍ പ്രസക്തിയുള്ളു.

ലോക മുതലാളിത്തം, അമേരിക്കന്‍ സാമ്രാജ്യത്വം, തുടങ്ങിയ ദുര്‍ഭൂതങ്ങള്‍ക്കെതിരെ വാചകമടിച്ച് ശത്രു സംഹാര പൂജ നടത്തിയെന്ന് നടിക്കുന്ന കപടതൊഴിലാളി സവര്‍ണ്ണ നേതാക്കളെ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഓടിക്കുക.

Friday, August 22, 2008

പന്തക്കാരന്‍ - ഇലസ്റ്റ്രേഷന്‍ പരീക്ഷണം

പത്തിരുപത് വര്‍ഷം മുന്‍പ് ഒരു ജോലി സ്വപ്നം കാണുന്ന കാലത്ത് ധാരാളം ഇലസ്റ്റ്രേഷനകളും, കാരിക്കേച്ചറുകളും, കാര്‍ട്ടൂണുകളും വരച്ചു കൂട്ടിയിരുന്നു. അക്കാലത്ത് ഇലസ്റ്റ്രേഷന്‍ ചിത്രകാരനു വഴങ്ങുമെന്ന് ഉറപ്പുവരുത്താന്‍ ഏതോ കഥയോ,സാങ്കല്‍പ്പിക കഥയോ മനസ്സിലിട്ട് രൂപപ്പെടുത്തിയ ഒരു ബ്ലാക്ക്/വയ്‌റ്റ് ഇലസ്റ്റ്രേഷനാണിത്. മാതൃഭൂമി ചീഫ് ആര്‍ട്ടിസ്റ്റായിരുന്ന ഏ.എസ്സിന്റെ കറുപ്പും വെളുപ്പും ഇലസ്റ്റ്രേഷനുകളുടെ സ്വാധീനം ഇതിലുണ്ട്. കൂടാതെ, അന്നത്തെ ചിത്രകാരന്റെ മനസ്സിലുള്ള സാംസ്കാരികതയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും ഇപ്പോള്‍ വായിക്കാനാകുന്ന വിധം തെളിഞ്ഞു വന്നിരിക്കുന്നു. അന്നൊക്കെ തിരുമാന്താംകാവിലെ പതിനൊന്നു പൂരങ്ങളും ആദ്യാവസാനം ചിത്രകാരന്‍ പങ്കെടുത്തിരിക്കും. ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് (പൂരം) എഴുന്നള്ളത്തിനുമുന്നില്‍ രാത്രി കത്തിച്ചു പിടിക്കുന്ന മൂന്നു പന്തങ്ങളുള്ള കത്തിക്കാത്ത ഒരു വിളക്കും പിടിച്ചു നില്‍ക്കുന്ന കഥാപാത്രം !!

Wednesday, August 20, 2008

രാഷ്ട്രീയ ദൈവങ്ങളും , വിശ്വാസികളും !

1990/92ല്‍ ചിത്രകാരന്‍ വരച്ച ഒരു ഓയില്‍ പെയിന്റിങ്ങ്. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള അകലത്തില്‍ ആകുലത തോന്നിയ ചിത്രകാരന്റെ സമൂഹത്തോടുള്ള പ്രതികരണം. ഒരു മീറ്റര്‍ സമചതുരത്തിലുള്ളതായിരുന്നു ഈ പൈന്റിങ്ങ് എന്നാണോര്‍മ്മ. അഞ്ചാറു വര്‍ഷം മുന്‍പ് ചിത്രത്തിനു സൌന്ദര്യം പോരേന്ന തോന്നലില്‍ പെയന്റിങ്ങ് കീറിക്കളഞ്ഞു. ഇപ്പോള്‍ ഒരു ഫോട്ടോ മാത്രം ബാക്കി. ഇനി അതും നഷ്ടപെട്ടാല്‍ അതൊരു ഓര്‍മ്മ മാത്രമായേക്കും ! അതിനുമുന്‍പ് ബ്ലോഗില്‍ തൂക്കിയിടട്ടെ !

ഇന്നത്തെ ദേശീയ പണിമുടക്ക് -കം-ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ പോസ്റ്റു ചെയ്യുന്ന ദിവസം പ്രസക്തമായെന്നു തോന്നുന്നു.

വി.പി.എസ്.എല്‍.വി വിക്ഷേപണം !

വി.പി.സിങ്ങ് ഭരണത്തിലേറുന്ന കാലത്ത് ... ചിത്രകാരന്‍ ഒരു മത്സരത്തിനയക്കാനായി വരച്ച കാര്‍ട്ടൂണ്‍. ഹിന്ദുസ്ഥാന്‍ ടൈംസിനായിരിക്കണം. (അക്കാലത്തുതന്നെയാണ് എ.എസ്സ്.എല്‍.വി. കടലില്‍ വീണിരുന്നത്.) കുറെ വര്‍ഷങ്ങളുടെ പഴക്കമുള്ള ആ കാര്‍ട്ടൂണിന്റെ ഫോട്ടോകോപ്പി ഇവിടെ സ്കാന്‍ ചെയ്തു വക്കുന്നു. ചിത്രകാരന്‍ ഇങ്ങനെയൊക്കെ കാര്‍ട്ടൂണ്‍ വരച്ചിരുന്നു എന്ന് മക്കള്‍ക്കെങ്കിലും ഓര്‍മ്മിക്കാന്‍ ... ഗൂഗിളിനു നന്ദി !!
ഇതേ ഗണത്തിലെ ചിത്രകാരന്റെ മറ്റൊരു കാര്‍ട്ടൂണ്‍ ലിങ്ക്: ഇന്ത്യ/മഹാത്മാ ഗാന്ധി
ചിത്രകാരന്റെ മുഴുവന്‍ കാര്‍ട്ടൂണുകളും .

Thursday, August 7, 2008

ശബരിമലയിലെ അനീതി

ഇന്നത്തെ (7-8-08) മനോരമ പത്രത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വാര്‍ത്താ ചിത്രമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. (പടത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം)
ഇരുപതോളം പൂണൂല്‍ ധാരികളായ ബ്രാഹ്മണര്‍ തലയില്‍ നെല്‍ക്കതിരുകളുമായി ശബരിമലക്ഷേത്രത്തിന്റെ പതിനെട്ടാം പടി കയറാനാരംഭിക്കുന്ന ചിത്രം !
വളരെ നിരുപദ്രവമായ ഒരു ചിത്രം അല്ലേ ?!
ഏതോ ഭക്തന്മാര്‍ ചുമന്നുകൊണ്ടുവന്ന നെല്‍ക്കതിരുകള്‍ ഏറ്റുവാങ്ങി, ഇന്നേവരെ ഒരു നെല്‍മണിപോലും ഉത്പ്പാദിപ്പിച്ചിട്ടില്ലാത്ത ബ്രാഹ്മണര്‍ തങ്ങളുടെ അവകാശ ചടങ്ങായി നെല്‍ക്കതിരുകള്‍ തലയിലേറ്റി പതിനെട്ടാം പടി ചവിട്ടാനൊരുങ്ങുന്നത് മികച്ച അഭിനയ ചാതുര്യത്തോടെയാണ്.
ചരിത്രത്തിലെ ഇത്തിക്കണ്ണികളായ ബ്രാഹ്മണരെ ഇപ്പോഴും ക്ഷേത്ര ചുമതലകള്‍ ഏല്‍പ്പിച്ച് മാറി നില്‍ക്കുന്ന ജനങ്ങളേയും,സര്‍ക്കാരിനേയും ഷണ്ഡന്മാര്‍ എന്നാണ് ചിത്രകാരന്‍ വിളിക്കുക.
ഒരിക്കല്‍ ബുദ്ധ വിഹാരമായിരുന്ന ശബരിമല ഒരു ഈഴവ കുടുംബത്തിന്റെ പാരംബര്യ സ്വത്തായിരുന്നെന്നും, പിന്നീട് ബ്രാഹ്മണര്‍ മണികണ്ഠ കഥയുണ്ടാക്കി ഐതിഹ്യമായി പ്രചരിപ്പിച്ച് രണ്ടു ഹിന്ദുആണ്‍ ദൈവങ്ങളായ ശിവനും, മഹാവിഷ്ണുവും സ്വവര്‍ഗ്ഗ സംഭോഗം ചെയ്തതില്‍ നിന്നുണ്ടായ പ്രകൃതിവിരുദ്ധ സന്തതിയായി അപമാനിച്ചുകൊണ്ട് ഹിന്ദു മതത്തോട് ചേര്‍ത്ത പ്രതിഷ്ടയാണ് ശബരിമലയിലെ ശാസ്തന്‍ എന്ന ബുദ്ധ പ്രതിമ (അയ്യന്‍,അയ്യപ്പന്‍,ശാസ്തന്‍ എന്നിവയെല്ലാം ബുദ്ധന്റെ പര്യായങ്ങളാണ്).
ബ്രാഹ്മണര്‍ ആദ്യം ശാസ്താവിനെ പന്തളം രാജാവിന്റേ വളര്‍ത്തുമകനാക്കി ശബരിമല ക്ഷേത്രം കൈവശക്കാരനായിരുന്ന ഈഴവകുടുമ്പ്ത്തില്‍ നിന്നും വേര്‍പ്പെടുത്തുന്ന കെട്ടുകഥയാണുണ്ടാക്കിയത്. ആ പുലിപ്പാലു കഥക്ക് രാജഭരണം നാടുനീങ്ങിയ ഇക്കാലത്ത് പ്രസക്തി നഷ്ടപ്പെട്ടതിന്റെ മറപിടിച്ച് ശാസ്താവിന്റെ അച്ഛന്‍ സ്ഥാനം തന്ത്രികുടുംബം സ്വന്തമാക്കിയിരിക്കുകയാണ്.

കേരളത്തിലെ ഏറെക്കുറെ എല്ലാ കാവുകളും,ബുദ്ധ വിഹാരങ്ങളും നശിപ്പിക്കപ്പെട്ട് ബുദ്ധന്റെ പ്രതിമക്കു പകരം ബ്രാഹ്മണന്റെ ശിവലിംഗ പ്രതിഷ്ടകളായി, ... തളി ക്ഷേത്രങ്ങളായപ്പോള്‍ (ശുദ്ധീകരിക്കപ്പെട്ടത്,ബ്രാഹ്മണവല്‍ക്കരിക്കപ്പെട്ടത്) ശബരിമല ശാസ്താവുമാത്രം ജാതി-മത ഭേദമില്ലാതെ എല്ലാ മനുഷ്യരേയും “തത്വമസി“ (ഭക്തനും ശാസ്താവും ഒന്നാണെന്ന്) എന്നഭിവാദ്യം ചെയ്തുകൊണ്ട് ഇത്രയും കാലം ഈ ബ്രാഹ്മണ ഭ്രാന്താലയത്തില്‍ വേറിട്ടു നിന്നത് കൊടും കാടിനു നടുവിലായിരുന്നതുകൊണ്ടു മാത്രമാണ്.

ക്ഷേത്രത്തിലെ പുരോഹിതന്റെ ജോലി ഒരു ജോലി മാത്രമല്ലേ... എന്നു ചിന്തിക്കാനുള്ള കഴിവേ സാധാരണക്കാര്‍ക്കുള്ളു. എന്നാല്‍ , അത് കേവലമൊരു ജോലിയല്ലെന്ന് സാമൂഹ്യ മനശ്ശാസ്ത്രം അറിയുന്നവര്‍ക്ക് അറിവുള്ളതാണ്. പൊതുജനത്തിന്റെ ആരാധനാപാത്രമാകുന്ന ദൈവീക ഇടങ്ങളില്‍ ശരീര ശുദ്ധിക്കും, മന്ത്ര ശുദ്ധിക്കുമുപരി മനശുദ്ധിയും, വര്‍ഗ്ഗരഹിതമായശുദ്ധിയും അനുപേക്ഷീണീയമായ ഘടകങ്ങളാണ്.

ഇപ്പോഴും അയിത്താചാരങ്ങളെ മനസ്സില്‍ താലോലിച്ചു നടക്കുന്ന, പൂണൂലിട്ട് അന്യ മനുഷ്യരില്‍ നിന്നും വിഭിന്നരെന്ന് ദുരഭിമാനം കൊള്ളുന്ന മനുഷ്യരെന്ന് വിളിക്കപ്പെടാന്‍ യോഗ്യതയില്ലാത്തവരേയും, പൂണൂലിട്ടവരെ ശബരിമല പോലുള്ള ക്ഷേത്രങ്ങളില്‍ നിന്നും കുടിയിറക്കേണ്ടത് സമൂഹത്തിന്റെ സംസ്കാരത്തിനും, സമത്വബോധത്തിനും, വളര്‍ച്ചക്കും ഒഴിച്ചുകൂടാനാകാത്തതാണ്.

ശബരിമലയിലെ പൂജാ കര്‍മ്മങ്ങളുടെ ചുമതല ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ പാണന്‍, പറയന്‍, മുക്കുവന്‍, വിളക്കിത്തല നായര്‍,കരുവാന്‍, മൂശാരി, ചക്ലിയന്‍, ചെറുമന്‍ തുടങ്ങിയ ... അധസ്ഥിതര്‍ക്കു മാത്രമായി സംവരണം ചെയ്താല്‍ ജോലി സംവരണത്തിനു വേണ്ടിയും അധസ്ഥിത-ആദിവാസി-പിന്നോക്ക സമൂഹത്തിനു വേണ്ടിയും ചിലവഴിക്കുന്ന കോടികള്‍ കൊണ്ടുണ്ടാകുന്നതിലും വലിയ സാമൂഹ്യ പുരോഗതിയും, ഒരു വിപ്ലവം തന്നെയും അതിലൂടെ സംഭവിക്കുമായിരുന്നു.
കാരണം ജോലിയേക്കാള്‍ വലുതാണ് സമൂഹത്തിലെ സ്ഥാനം. ബ്രാഹ്മണര്‍ ആ സ്ഥാനങ്ങള്‍ വിട്ടുകൊടുക്കാതിരിക്കാന്‍ തൊഴിലാളി പ്രസ്ഥാനങ്ങളിലേക്കടക്കം ഇഴഞ്ഞുകയറുന്നതിന്റെ രഹസ്യവും അതുതന്നെ.
നിലവിലുള്ള ശബരിമല തന്ത്രിക്ക് ഒരു ലക്ഷം രൂപ മാസം ഖജനാവില്‍ നിന്നും ശമ്പളം കൊടുത്താലും കുഴപ്പമില്ല. അയാള്‍ മല കയറി ശാസ്താവിന്റെ അച്ഛനാകാന്‍ വരാതിരുന്നാല്‍ കേരള സമൂഹത്തിന് അപമാനകരമായ ഒരു ബ്രാഹ്മണ പൈതൃകത്തില്‍ നിന്നും രക്ഷപ്പെടാനാകും. ആ രക്ഷപ്പെടല്‍ സമൂഹത്തിന്റെ ആത്മാഭിമാനം വളര്‍ത്തുന്ന നല്ലൊരു തുടക്കമായേനേ.
ഗുരുവായൂരിലേയും, മറ്റു ക്ഷേത്രങ്ങളിലേയും തന്ത്രിമാരേയും ക്ഷേത്രത്തില്‍ നിന്നും പുറത്താക്കാനായാല്‍ മാത്രമേ കേരളം ജാതി ഭ്രാന്തില്‍ നിന്നും, ബ്രാഹ്മണന്റെ ഭ്രാന്താലയത്തില്‍ നിന്നും പുറത്തുകടക്കു എന്ന് ചിത്രകാരന്‍ മനസ്സിലാക്കുന്നു.

Wednesday, August 6, 2008

ആത്മീയത ലൈംഗീകതയാകുമ്പോള്‍ !

ഒരുപാമ്പിനേയും, ബ്രാഹ്മണനേയും ഒരുമിച്ചു കണ്ടാല്‍ ആദ്യം തല്ലിക്കൊല്ലേണ്ടത് ബ്രാഹ്മണനെയാണെന്നു പറഞ്ഞത് ചിത്രകാരനല്ല. അത് മലയാളത്തിലെ ഒരു പഴമൊഴിയാണ്.
പാമ്പ് രക്ഷപ്പെടാന്‍ വഴിയില്ലാതായാല്‍ മനുഷ്യനെ കടിക്കും. എങ്കിലും രക്ഷപ്പെടാന്‍ വഴിയുണ്ട്. സമയത്തു ചികിത്സ ലഭിച്ചാല്‍ ജീവന്‍ രക്ഷപ്പെടാനും സാധ്യതയുണ്ട്.
എന്നാല്‍ ബ്രാഹ്മണ്യത്തിന്റെ വര്‍ഗ്ഗീയ വിഷം പേറുന്നയാള്‍ ഒരു സമൂഹത്തെ തന്നെ നിര്‍ജ്ജീവമാക്കി ജനങ്ങളുടെ സംബത്തും, ആത്മാഭിമാനവും കൊള്ളയടിക്കുന്ന കുടില ബുദ്ധിയാണ്. മനുഷ്യനെ മയക്കിക്കിടത്തി കൊള്ളയടിക്കുക, മനുഷ്യന് മൃഗസമാനമായ ആത്മാഭിമാനം നല്‍കി(നായ,വാനരന്‍) സമൂഹത്തെ സാംസ്കാരികമായി വര്‍ഗ്ഗീകരിച്ച് വിഷത്തിന്റെ ചാലുകള്‍ നിര്‍മ്മിച്ച് സമൂഹത്തെ തന്റെ വരുതിയിലാക്കുക തുടങ്ങിയ പ്രവര്‍ത്തികളില്‍ കുറഞ്ഞ പരിപാടിയൊന്നും മനുഷ്യത്വം തൊട്ടു തീണ്ടാത്ത ബ്രാഹ്മണ്യത്തിനില്ല. ഇന്ത്യയുടെ രണ്ടായിരം വര്‍ഷക്കാലത്തെ ചരിത്രം ഇതിനു സാക്ഷിയാണ്.
ഇന്നും അതു തുടരുന്നു എന്നതിനാല്‍ ... നാം അപകടത്തില്‍ നിന്നും മുക്തരല്ല.

ബ്രാഹ്മണ ഹിന്ദുമതത്തിന്റെ ആത്മീയത ലൈംഗീകത മാത്രമാണ്. ലൈഗീകതയെ ഒരു പൂജാപുഷ്പ്പമായി ഭഗവാനില്‍ അര്‍പ്പിക്കാനുള്ള ഉപജാപങ്ങള്‍ നമ്മുടെ വേദപുസ്തകങ്ങളില്‍ എഴുതിച്ചേര്‍ത്ത് വ്യഭിചാരം ഒരു വ്യവസായമായി വളര്‍ത്തി, അതില്‍നിന്നും വളര്‍ത്തുപട്ടികളെപ്പോലെ ആത്മാഭിമാനമില്ലാത്ത തലമുറയെ വളര്‍ത്തിയെടുത്ത് അതിലൂടെ തങ്ങളുടെ നികൃഷ്ട പ്രവര്‍ത്തിക്കു നീതീകരണവും,സംരക്ഷണവും ആര്‍ജ്ജിക്കുന്ന ആ കുടിലത മനുഷ്യത്വമുള്ളവര്‍ക്കൊന്നും സാധിക്കുന്ന കാര്യമല്ല.
ഇന്ത്യക്കാരന്റെ ഇന്നത്തെ എല്ലാ കഷ്ടപ്പാടുകള്‍ക്കും കാരണക്കാരായ ബ്രാഹ്മണ്യം എത്ര മൃദു ഭാഷികളായാലും സമൂഹത്തില്‍ തങ്ങള്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും, അത് കൂടുതല്‍ വ്യാപകമാക്കുന്നതിലും അതീവ ശ്രദ്ധാലുക്കളാണ്. ബ്രാഹ്മണ്യം ഇന്ത്യക്കാരനില്‍ നിന്നും തട്ടിയെടുത്ത ആത്മാഭിമാനം നമ്മേ കാര്യങ്ങള്‍ വസ്തുതാപരമായി മനസ്സിലാക്കാനുള്ള കഴിവുകൂടി നഷ്ടപ്പെടുത്തിയിരിക്കുന്നു. ബ്രാഹ്മണന്റെ അടിമത്വ വ്യവസ്ഥിതിയിലെ ന്യായം തന്നെയാണ് നമുക്ക് ഇപ്പോഴും ന്യായമായി തോന്നുന്നത്. ജനാധിപത്യത്തിലേക്ക് നമ്മുടെ ശരീരം ഉയര്‍ന്നെങ്കിലും, മനസ്സ് ഇപ്പോഴും ബ്രാഹ്മണ്യം നല്‍കിയ അപകര്‍ഷതയുടെ മുഖമ്മൂടി അണിഞ്ഞ ദുരഭിമാനങ്ങളിലാണ് സ്ഥിതിചെയ്യുന്നത്.

സത്യത്തില്‍ പുരോഗമന പ്രസ്ഥാനങ്ങളിലൂടെ നമ്മുടെ മനസ്സുകള്‍ മോചിപ്പിക്കപ്പേടേണ്ടതായിരുന്നു. എന്നാല്‍ , ജന്മിത്വത്തിനും ജാതീയതക്കുമെതിരെ ഉയര്‍ന്നു വന്ന ആ മോചന സ്വപ്നത്തെ ബ്രാഹ്മണ്യം മുതലാളിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെയുള്ള വര്‍ഗ്ഗസമരമായി പരിഭാഷപ്പെടുത്തി നമ്മുടെ നാടിന്റെ പ്രശ്നത്തെ ആഗോളവത്ക്കരിച്ച് യൂറോപ്പിലേക്കും, റഷ്യയിലേക്കും പറിച്ചു നട്ടു. അയല്‍പ്പക്കത്തെ ജന്മിയും, ജാതിക്കോമരവും മുതലാളിത്തത്തിനും, സാമ്രാജ്യത്വത്തിനുമെതിരായ സമരത്തില്‍ നമ്മുടെ നേതാക്കളായി അവതരിച്ചു. മഹാവിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരം ! അങ്ങിനെ പുരോഗമന പ്രസ്ഥാനങ്ങളെ ബ്രാഹ്മണ്യം ഹൈ ജാക്കു ചെയ്തു. ബ്രാഹ്മണ്യം തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കെതിരെയുള്ള എല്ലാ ചിന്തകളേയും മുളയിലേ നുള്ളാനായി ,... മുലയൂട്ടി കൊല്ലാനായി ഒരു പൂതനയായി എന്നും സമൂഹത്തില്‍ സജീവമായി നില്‍ക്കുന്നു.
ഈ സത്യങ്ങള്‍ തുറന്നു വിശകലനം ചെയ്ത്, ബ്രാഹ്മണ്യത്തെ മാനവിക തലത്തിലേക്ക് കൊണ്ടുവരാത്തപക്ഷം, നമ്മുടെ സമൂഹത്തെ ബാധിച്ച അതി സംങ്കീര്‍ണ്ണമായ രോഗമായി ബ്രാഹ്മണ്യം നിലനില്‍ക്കും. നമ്മുടെ ക്ഷേത്രങ്ങളില്‍ നിന്നും കുടിയിറക്കപ്പേടേണ്ട ബ്രാഹ്മണ്യവും, ആചാരങ്ങളും നമ്മേ വീണ്ടും മയക്കുമ്പോള്‍ .... ജനങ്ങള്‍ ഉണരേണ്ടിയിരിക്കുന്നു എന്ന് ചിത്രകാരന്‍ ആഗ്രഹിച്ചുപോകുന്നതാണ്.

ഒരു ജനാധിപത്യ രാജ്യത്തില്‍ എല്ലാവരും മനുഷ്യരാകേണ്ടിയിരിക്കുന്നു.പാരംബര്യത്തിന്റെ വീമ്പടിച്ചു നടക്കുന്നവരെ സമൂഹം അവ്ജ്ഞയോടെ നോക്കെണ്ടിയിരിക്കുന്നു.

Tuesday, July 22, 2008

ജാതിയുടെ മര്‍മ്മം- സവര്‍ണ്ണാഭിമാനം!


ഇന്നു പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ (2008ജൂലായ് 27ലക്കം)വായനക്കാരുടെ കത്തുകളുടെ കൂട്ടത്തില്‍ ശാസ്ത്രീറ്യമായി ജാതിയതയെ വിശകലനം ചെയ്യുന്ന ഒരു കത്തു കണ്ടു. ഡോ.പി.കെ.സുകുമാരന്‍ എഴുതിയ ആ കത്തിന്റെ സ്കാന്‍ ചെയ്ത കോപ്പി ഇവിടെ ചേര്‍ക്കുന്നു.