Thursday, March 17, 2016

ഒടിയന്‍ പെയിന്‍റിംഗ്



ചിത്രകാരന്റെ മാർച്ചുമാസത്തിലെ പൂർത്തിയായിക്കൊണ്ടിരിക്കുന്ന ചിത്രമായ ഒടിയൻ !

ഒടിയൻമാർ രാത്രി കാലങ്ങളിലെ പേടി സ്വപ്നമായിരുന്ന ഒരു ഇരുണ്ട കാലം തെക്കൻ മലബാറിൽ ഏതാണ്ട് 80 വർഷം മുമ്പുവരെ നിലനിന്നിരുന്നു.

മാന്ത്രികതയിലും അനുഷ്ഠാനത്തിലും തളക്കപ്പെട്ട നിലയിലുള്ള ഒറ്റപ്പെട്ട കൊലപാതകങ്ങൾ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ അനുഷ്ഠാന ദുരാചാരമായിരുന്നു ഒടിമറിയൽ.

ഒടി മറിയുക എന്നാൽ വേഷം മാറുക എന്നർത്ഥം. നേരം ഇരുട്ടിയാൽ അനുഷ്ഠാനപരമായ ചില പൂജകൾക്കു ശേഷം ഒടിമറിയാൻ തയ്യാറാകുന്ന വ്യക്തി പൂർണ്ണ നഗ്നനായ ശേഷം ചെവികളിൽ പിള്ള തൈലം/പിണ്ണതൈലം എന്നൊരു മാന്ത്രിക എണ്ണ പുരട്ടുന്നതോടെ ആഗ്രഹിക്കുന്ന ഏതെങ്കിലും മൃഗ രൂപം പ്രാപിക്കുകയോ അല്ലെങ്കിൽ അദൃശ്യനാകുകയോ ചെയ്യുമെന്നാണ് വിശ്വാസം.

ഈ മാന്ത്രിക വിശ്വാസത്തിന്റെ ബലത്തിൽ സവർണ്ണ ഹിന്ദു മതത്തിന്റെ കണ്ണിലെ കരടായി കണക്കാക്കിയിരുന്ന അവർണ്ണ (തിയ്യർ) ഹിന്ദുക്കളായ പ്രമുഖരേയോ മുസ്ലീംങ്ങളെയോ (ജോനകർ / മാപ്പിളമാർ ) ഒളിഞ്ഞിരുന്ന് ആക്രമിച്ച് കൊല്ലുക എന്നതാണ് ഒടിയന്റെ രീതി. ഇരയുടെ പിന്നിലൂടെ ഓടി വന്ന് ഒരു വടി കൊണ്ട് പിൻകഴുത്തിൽ ഇടിച്ച് ഇരയെ വീഴ്ത്തുകയും, വീണ് കിടക്കുന്ന ഇരയുടെ കഴുത്തിൽ വടി വച്ച്, രണ്ട് വശങ്ങളിലുമായി വടിയിൽ കയറി നിന്ന് നട്ടെല്ല് പൊട്ടുന്ന വിധം വടിയിൽ ചവിട്ടു കയുമാണ് ചെയ്യുക. ഇര മൃത പ്രായനായെന്നു കണ്ടാൽ ഒടിയൻ ഓടി രക്ഷപ്പെടും.(പൊതുവെ പാവം ഭീരുവാണ് ) പലപ്പോഴും സ്വന്തം വീട്ടുപടിക്കൽ വച്ചു നടക്കുന്ന ആക്രമണമായതിനാലാകണം പാതി ജീവനിൽ ഇഴഞ്ഞ് പൂമുഖത്തെത്തി രക്തം ചർദ്ദിച്ച് മരിക്കകയാണ് ഇരയുടെ വിധി.

ഒടി മറിയാനുള്ള മാന്ത്രികമരുന്നായിരുന്ന പിള്ള തൈലം തയ്യാറാക്കുന്നതിലും ക്രൂരമായ വംശഹത്യയുടെ ഗൂഢാലോചന ഉണ്ടായിരുന്നു. അവർണ്ണ / തിയ്യ തറവാടുകളിലെ ഗർഭിണികളായ സ്ത്രീകളുമായി സ്നേഹവിധേയത്വം കാണിച്ച് അടുത്തുകൂടുന്ന ഒടിയ കുടികളിലെ സ്ത്രീകൾ കാലു തടവിക്കൊടുക്കുന്നതിനിടയിൽ ചില മർമ്മ പ്രയോഗങ്ങളിലൂടെ ഗർഭിണികളുടെ ഗർഭം അലസിപ്പിക്കുന്നതായും മാസ്മരിക വിദ്യയിലൂടെ ഗർഭിണികളെ ആത്മഹത്യക്കു പ്രേരിപ്പിച്ചിരുന്നതായുമൊക്കെ കഥകൾ കേട്ടിട്ടുണ്ട്. ഇങ്ങനെ ഗർഭിണിയായിരിക്കെ ആത്മഹത്യ ചെയ്യുന്ന അവർണ്ണ / ഈഴവ സ്ത്രീകളുടെ മൃതശരീരത്തിൽ നിന്നും ശേഖരിച്ചിരുന്ന ഗർഭസ്ഥ ശിശുവിന്റെ ശരീരം വാറ്റിയെടുത്തുണ്ടാക്കിയിരുന്ന മാന്ത്രിക മരുന്നാണത്രേ പിള്ള തൈലം!
അദൃശ്യമാകാനുള്ള മരുന്നിന്റെ നിർമ്മാണ രീതി തന്നെ വംശീയ ഉന്മൂലനത്തിന്റെ രാഷ്ട്രീയം പ്രകടമായി കാണാം.

ഒടി മറിഞ്ഞ് ഉദിഷ്ട കൊലപാതകം നടത്തി വരുന്ന ഒടിയൻ കലിയടങ്ങാതെ തന്റെ കുടിലിനു ചുറ്റും ഓടുമെന്നും, ആ സമയത്ത് ഒടിയ കുടിയിലെ സ്ത്രീ അടുക്കളയിൽ നിന്നും കാടിവെള്ളം ഒടിയന്റെ തലയിലൂടെ ഒഴിക്കുന്നതിലൂടെ മാത്രമെ ഒടിയന്റെ കലിയടങ്ങി പൂർവ്വ രൂപം പ്രാപിക്കുകയുള്ളു. ഈ പ്രവർത്തിക്ക് ഒടിയ സ്ത്രീ താമസിക്കുന്ന പക്ഷം, ഒടിയൻ തന്റെ കുടുബത്തിലെ സ്ത്രീയെയും ക്രൂരമായി വലിച്ചു കീറി കൊന്നിരുന്നത്രേ!

ഒടിയന്മാർ എന്ന പേരിലുള്ള വാടക കൊലയാളികൾ ഏറ്റവുമധികം ഉണ്ടായിരുന്ന പ്രദേശമായിരുന്നു ചിത്രകാരന്റെ ജന്മദേശമായ പെരിന്തൽമണ്ണ, അങ്ങാടിപ്പുറം, മങ്കട പ്രദേശങ്ങൾ. 1940 കളിൽ പോലും മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഉൾപ്പെട്ടിരുന്ന പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ഒടിയൻ കൊലപാതകങ്ങൾ നടന്നിരുന്നു. വൈദ്യുത വഴി വിളക്കുകൾ വിപുലമായി സ്ഥാപിക്കപ്പെട്ടതോടെയാണ് ഒടിയന്മാർ രംഗം വിട്ടതെന്നു പറയാം. കാരണം, രാത്രികാലങ്ങളിൽ ഇരുട്ടിന്റെ മറവു പറ്റിയാണ് ഒടിയന്റെ ഒടി വിദ്യ അരങ്ങേറിയിരുന്നത്. ഒളിച്ചും പതുങ്ങിയുമിരുന്ന് മുൻ നിശ്ചയിച്ച ഒറ്റപ്പെട്ട പതിവു യാത്രക്കാരനെ അപ്രതീക്ഷിതമായി പിന്നിൽ നിന്നും ആക്രമിച്ച് കൊലപ്പെടുത്തുക എന്ന ദൈവീകമായ അനുഷ്ഠാന കർമ്മമാണ് ഒടിയൻ നിർവ്വഹിച്ചിരുന്നത്. ഇരയായ യാത്രക്കാരനെ കൊള്ളചെയ്യുക എന്നതൊന്നും ഒടിയന്റെ ലക്ഷ്യമല്ല.

സ്ഥലത്തെ നാടുവാഴികളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശ പ്രകാരം പ്രധാനികളായ ഈഴവ-തിയ്യരെ / ആശാരി / മൂശാരി / തട്ടാൻ / മാപ്പിള തുടങ്ങിയ അവർണ്ണരെ കൊന്നൊടുക്കി, അവരുടെ സ്വത്ത് കയ്യടക്കുക, അവർണ്ണ കുടുംബത്തെ വഴിയാധാരമാക്കുക തുടങ്ങിയ ബ്രാഹ്മണിക തന്ത്രങ്ങൾ വളരെ വിദഗ്ദമായി നടപ്പാക്കാനായി നിയോഗിക്കപ്പെട്ടിരുന്ന വാടക / അനുഷ്ടാന കൊലയാളികളായിരുന്നു ഒടിയന്മാർ. അകാരണവും, മനുഷ്യത്വ രഹിതവുമായ കൊല മനസ്സാക്ഷിക്കുത്തില്ലാതെ നടത്താനുള്ള ന്യായീകരണമായായിരിക്കണം കൊലപാതകത്തെ അനുഷ്ഠാനമായി വ്യവസ്ഥപ്പെടുത്തിയത് എന്നു കരുതാം.

സത്യത്തിൽ ഒടിയന്മാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കൊലയാളികൾ മഹാ പാവങ്ങളും മൂല്യബോധവും നന്മയും ഉള്ള ദരിദ്രരായ ഗോത്ര ജനവിഭാഗത്തിൽ നിന്നുള്ളവരാണ്. കുട്ടിക്കാലത്ത് കേട്ടിട്ടുള്ളത് ജനപ്രിയ പാട്ടുകാരുടെ മഹത്തായ പൈതൃകമുള്ള പാണർ എന്ന ഗോത്രക്കാരിൽ നിന്നുള്ള ചിലരെയാണ് സവർണ്ണ ഭരണാധികാരികൾ അധാർമ്മികരാക്കി, ഈ അനുഷ്ഠാനത്തിനായി തിരഞ്ഞെടുത്തിരുന്നത് എന്നാണ്.

ഒടിയന്മാർക്ക് കൊല്ലാനാകാത്ത വിധം പ്രമുഖരായ/ കളരിഅഭ്യസികളായ അവർണ്ണരെ കൊല്ലാൻ നിയോഗിക്കപ്പെട്ടിരുന്ന വിദഗ്ദ ഒടിയനെ വെള്ളൊടികൾ എന്നു പറഞ്ഞിരുന്നത്രേ! ഇവർ ഒടി വിദ്യ നടത്തിയാൽ ഇരകൾക്ക് കളരി ചികിത്സകളിലൂടെയുള്ള മറുവൊടിയിലൂടെ രക്ഷപ്പെടാനുള്ള സാധ്യത പോലും വിരളമായിരുന്നത്രേ!

'Odiyan' , my third painting of 2016 under work in progress.
2 feet x 3 feet size, acrylic on canvas.
'Odiyans' were the slaves of savarna Hindu (chathurvarnya) religion of Malabar area of Kerala who's duty were to kill the Buddhist/avarna people (Ezhava/thiyya/Asari/Mopla...) of the area, as the part of a ritual practice. The killings by 'Odiyans' were usual in south malabar till the beginning of twentieth century.

There were two kinds of killers among odiyans. One, traditional tribal odiyan and other vellodi who belonged to savarna nair cast.

( കുറിപ്പ്: മുകളിൽ പറഞ്ഞിരിക്കുന്നത് നാടോടി കഥകളിലൂടെ കേട്ടു പതിഞ്ഞ വിവരങ്ങളാണ്. വസുനിഷ്ഠ ചരിത്രത്തിലേക്ക് ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. അതിനു സഹായിക്കുന്ന ഒരു മിത്തായി ഒടിയനെ കാണാം.)

Thursday, March 3, 2016

കേരളത്തിലെ കഴുവേറ്റി കല്ലുകള്‍- പെയിന്‍റിംഗ്

 My New painting, `Kazhuvetti kallukal' of 2016 Feb., under work in progress.

കേരളത്തിലെ പുരാതനമായ എല്ലാ പ്രമുഖ ക്ഷേത്ര പരിസരങ്ങളിലും ഉണ്ടായിരുന്നതും, ചില അപൂർവ്വം ക്ഷേത്രങ്ങളിൽ ഇപ്പോഴും കാണപ്പെടുന്നതുമായ കഴുവേറ്റി കല്ലുകളെക്കുറിച്ചുള്ള ചിന്തയും പഠനവുമാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം.

നവ മാധ്യമങ്ങളിലൂടെയാണ് കേരളത്തിലെ കഴുവേറ്റി കല്ലുകൾ എന്ന ചരിത്ര ശേഷിപ്പുകളെക്കുറിച്ച് ചിത്രകാരനു വിവരം ലഭിക്കുന്നത്. കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിക്കടുത്തുള്ള തൃക്കൊടിത്താനം ക്ഷേത്രത്തിൽ കഴുവേറ്റി കല്ല് ഇപ്പോഴും നശിപ്പിക്കപ്പെടാതെ നിലനിൽക്കുന്നണ്ടെന്ന് ചിത്രം സഹിതം ആരോ ( ഓൺലൈൻ സുഹൃത്തായ അരുൺ ആണെന്നു തോന്നുന്നു.) ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തിരുന്നു. പിന്നീട് അതു പോലുള്ള കഴുവേറ്റി കല്ലുകൾ പെരുമ്പാവൂർ അടുത്തുള്ള അശമന്നൂരിലുമുണ്ടെന്ന് ഡോ. അജയ് ശേഖറിന്റെ ഫേസ്ബുക്ക്  പോസ്റ്റിൽ നിന്നും അറിയാൻ കഴിഞ്ഞു.
ഫേസ്ബുക്കിലൂടെ ഫോട്ടോ കണ്ടെങ്കിലും നേരിട്ടു കണ്ട് ബോധ്യപ്പെടുക എന്നത് വിഷയത്തോട് ഹൃദയ ബന്ധമുണ്ടാക്കാൻ വളരെ പ്രധാനമാണ്.

2015ൽ കോട്ടയത്ത് ചിത്രകാരന്റെ പെയിന്റിങ്ങ് എക്സിബിഷൻ നടത്തുന്നതിനിടയിൽ ചങ്ങനാശ്ശേരിയിലെ തൃക്കൊടിത്താനം ക്ഷേത്രത്തിനു മുന്നിലുള്ള കഴുവേറ്റിക്കല്ല് നേരിൽ കാണാനും, കാലടിയിൽ ചിത്ര പ്രദർശനം നടത്തുന്നതിനിടക്ക് അതിരാവിലെ അജയ് ശേഖറിന്റെ കൂടെ പെരുമ്പാവൂർ അശമന്നൂരിലെ (അശോക മന്നനൂർ) ഒരു ക്ഷേത്രത്തിനടുത്തും ഏറെയകലെയല്ലാത്ത മറ്റൊരു സ്വകാര്യ പുരയിടത്തിലുമുള്ള രണ്ടു കഴുവേറ്റി കല്ലുകൾ സന്ദർശിക്കാനും സാധിച്ചു.
(ബ്ലോഗ് പോസ്റ്റിൽ അവയുടെ ഫോട്ടോകളും നൽകുന്നതായിരിക്കും.)

കേരള ചരിത്രത്തിൽ എട്ടാം നൂറ്റാണ്ടു മുതൽ ആരംഭിച്ച ബ്രാഹ്മണ പുരോഹിതരുടെ നേതൃത്വത്തിലുള്ള സവർണ്ണ ( ജാതീയ) ഹിന്ദു മത മേധാവിത്വ സ്ഥാപനത്തിന്റെ ഭാഗമായി ബുദ്ധഭിക്ഷുക്കളെ കൊന്നൊടുക്കിയിരുന്ന ചരിത്രത്തിന്റെ പ്രതീകാത്മക തെളിവുകളാണ് കഴുവേറ്റി കല്ലുകൾ.
കൂടാതെ, 8 മുതൽ 13 വരെ നൂറ്റാണ്ടുകളിൽ ബൗദ്ധരുടെ ഉടമസ്തതയിലായിരുന്ന അമ്പലങ്ങളും, പള്ളികളും, പള്ളിക്കൂടങ്ങളും, കാവുകളും, ഭൂസ്വത്തുക്കളും ബ്രാഹ്മണരുടെ അധീനതയിലേക്കു ചേർക്കപ്പെട്ടതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് കഴുവേറ്റി കല്ലുകൾ.

ഇന്നത്തെ കേരളത്തിലെ പിന്നോക്കക്കാരായി കണക്കാക്കപ്പെടുന്ന ഈഴവർ, വിശ്വകർമ്മജർ, എഴുത്തച്ഛന്മാർ, ഗണകന്മാർ, വാണിയർ, ശാലിയർ, മുക്കുവർ തുടങ്ങിയ ജന വിഭാഗങ്ങൾ ക്ഷേത്രപ്രവേശനം വിലക്കപ്പെട്ട് അവർണ്ണർ എന്ന അയിത്ത ജാതിക്കാരായി ബ്രാഹ്മണ പൗരോഹിത്യത്താൽ മുദ്രയടിക്കപ്പെടുന്നത് കഴുവേറ്റിക്കല്ലുകളുടെ സ്ഥാപനത്തിലൂടെയാണ്. (തുടർന്നു നടന്ന അവർണ്ണരെ അടിമത്വവൽക്കരിക്കാനും, കൂട്ടക്കൊലക്കു വിധേയമാക്കാനുമുള്ള ശ്രമങ്ങളിൽ നിന്നും രക്ഷ നേടാനുള്ള ഏക മാർഗ്ഗമായാണ് കൃസ്തുമതത്തിലേക്കും ഇസ്ലാം മതത്തിലേക്കും അവർണ്ണർ കൂട്ടത്തോടെ മത പരിവർത്തനം നടത്താൻ നിർബന്ധിതരാകുന്നത്.)

കാരണം, അക്കാലത്തെ സമ്പന്നരും അമ്പലങ്ങളുടെയും, പള്ളിക്കൂടങ്ങളുടെയും ഉടമകളുമായിരുന്ന ബൗദ്ധ ധർമ്മ വിശ്വാസികളാണ് ബ്രാഹ്മണ അധിനിവേശത്തെ തുടർന്ന് അമ്പലങ്ങളിൽ നിന്നും സ്വത്തുക്കളിൽ നിന്നും എന്നന്നേക്കുമായി പുറത്താക്കപ്പെട്ടിരുന്നത്. ഇങ്ങനെ പുറത്താക്കപ്പെട്ട അവർണ്ണർ (ബൗദ്ധർ) വീണ്ടും ക്ഷേത്ര പരിസരത്തു പ്രവേശിച്ചാൽ നിർദ്ദയം കൊല്ലപ്പെടും എന്ന അറിയിപ്പു നൽകുന്ന അപായ അടയാളമായാണ് കഴുവേറ്റിക്കല്ലുകൾ ഉപയോഗിക്കപ്പെട്ടിരുന്നത്.

മാത്രമല്ല, അക്കാലത്ത് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അവർണ്ണരെ കഴുവേറ്റുക എന്ന ഒഴിച്ചുകൂടാനാകാത്ത ഒരു ആചാരം തന്നെ കേരളത്തിൽ വ്യവസ്തപ്പെടുത്തി നിലനിർത്തിയിരുന്നതായി മലയാളത്തിലെ ചില പഴംചൊല്ലുകളിൽ സൂചനയുണ്ട്. (കഴുവേറ്റു കഴിഞ്ഞാണു കൊടിയേറ്റ് -പഴഞ്ചൊൽ പ്രപഞ്ചം - പ്രൊ. പി.സി. കർത്ത)  ഓരോ വർഷിക ഉത്സവകാലത്തും കഴുവേറ്റൽ ചടങ്ങ് നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടും , ക്ഷേത്രത്തിനു മുന്നിൽ മനുഷ്യ ശരീരം സ്ഥിരമായി കഴുവേറ്റി നിർത്തുമ്പോഴുള്ള ദുർഗന്ധം കണക്കിലെടുത്തും, കാലക്രമത്തിൽ പ്രാദേശികമായി ഒരു സ്ഥിരം കഴുവേറ്റൽ ശിൽപ്പം തന്നെ കരിങ്കല്ലിൽ നിർമ്മിച്ചു സ്ഥാപിക്കുന്ന സമ്പ്രദായം നിലവിൽ വന്നിരിക്കാനും ഇടയുണ്ട്.

അശമന്നൂർ ക്ഷേത്ര പരിസരങ്ങളിലും പുരയിടത്തിലുമായി കാണപ്പെടുന്ന കഴുവേറ്റിക്കല്ലുകൾ ഏറെക്കുറെ റിയലിസ്റ്റിക്കായി ഒരു മനുഷ്യനെ കഴുവേറ്റിയിരിക്കുന്നതിന്റെ ശാരീരികമായ ഒടിഞ്ഞു തൂങ്ങൽ സ്പഷ്ടമാക്കുന്നുണ്ട്. എന്നാൽ, ചങ്ങനാശ്ശേരി തൃക്കൊടിത്താനം ക്ഷേത്രത്തിനു മുന്നിലുള്ള കഴുവേറ്റിക്കല്ല് ഒരു ബുദ്ധ ഭിക്ഷുവിന്റെ സിംബോളിക്കായ രൂപം തിരശ്ചീനമായി ചതുരത്തിലുള്ള തൂണിൽ താങ്ങി നിർത്തുന്ന നിലയിലാണള്ളത്. ഭിക്ഷു വിന്റെ കയ്യിലെ ഭിക്ഷാ പാത്രവും വ്യക്തമാണ്.

തൃക്കൊടിത്താനം ക്ഷേത്രം പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരക പട്ടികയിൽ ഉൾപ്പെടുത്തിയതായി അറിയിപ്പ് ക്ഷേത്രനടയിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ദേവസ്വം ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു പ്രാദേശിക ഭക്തി ടൂറിസ്റ്റു കേന്ദ്രം എന്നതിലുപരി ശാസത്രീയമായി പരിരക്ഷിക്കപ്പെടേണ്ട ചരിത്ര സ്മാരകമായൊന്നും ക്ഷേത്രമോ കഴുവേറ്റി കല്ലോ പരിഗണിക്കപ്പെടുന്നതായി തോന്നുന്നില്ല.

ചരിത്ര തെളിവുകൾ എന്ന നിലയിൽ കഴുവേറ്റി കല്ലുകളുടെ കാല ഗണന ശാസത്രീയമായി കണക്കാക്കാനും അതിന്റെ ചരിത്ര പ്രാധാന്യം പ്രദേശവാസികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാനും അടിയന്തിരമായി വേണ്ടതു ചെയ്യാത്ത പക്ഷം കഴുവേറ്റി കല്ലു തന്നെ നശിപ്പിക്കപ്പെടുകയോ ചവിട്ടുകലുകളോ അലക്കു കല്ലുകളോ ആക്കി ജനശ്രദ്ധയിൽ നിന്ന് മറച്ചു കളയാനോ നമ്മുടെ ഭക്തി വ്യവസായ സംസ്കാരവും പൗരോഹിത്യവും കൂട്ടായി ശ്രമിക്കാനിടയുണ്ട്.

സ്ഥലത്തെ അവർണ്ണ പിന്നോക്ക ജന വിഭാഗങ്ങളും ശാസ്ത്ര-ചരിത്രബോധമുള്ള പുരോഗമനേച്ഛുക്കളും ജാഗ്രതയോടെ കഴുവേറ്റി കല്ലുകളുടെ സംരക്ഷണത്തിനായി സാംസ്കാരിക ചരിത്രബോധത്തോടെ സംഘടിച്ച് പുരാവസ്തു വകുപ്പുമായി ബന്ധപ്പെട്ട് വേണ്ടതു ചെയ്യണമെന്ന് ചിത്രകാരൻ അഭ്യർത്ഥിക്കുന്നു.

കാരണം, നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന വംശീയ ദുരഭിമാനങ്ങളും, സവർണ്ണ ജാതീയതയും ഫാസിസമായി രൂപ മാറ്റത്തിനു വിധേയമാകുന്നത് ചരിത്ര സത്യങ്ങളെ നേരിൽ കാണാനും മനസ്സിലാക്കാനും സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടാത്തതു കൊണ്ടു കൂടിയാണ് എന്നുള്ളതിനാൽ ചരിത്രത്തിന്റെ നേർ സാക്ഷ്യമായ കഴുവേറ്റി കല്ലുകൾ നമ്മുടെ പൊതുബോധത്തിൽ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നത് മാനവികമായ അവബോധം സൃഷ്ടിക്കാൻ കാരണമാകും. ചിത്രകാരന്റെ കഴുവേറ്റിക്കല്ലിനെക്കുറിച്ചുള്ള ഈ ചിത്രത്തിന്റെ ലക്ഷ്യവും ചരിത്രത്തെ സത്യസന്ധമാക്കുക എന്നതാണ്.

ഗൂഗിള്‍ പ്ലസ് പോസ്റ്റിലേക്കുള്ള ലിങ്ക് 

ഫേസ് ബുക്ക് പോസ്റ്റ്‌ ലിങ്ക്

This painting deals with the history behind the stone sculptures called 'kazhuvetti kallu' which symbolize crucifications of Buddhist monks, found with some temples of Kerala. Those temples were Buddhist centers of worship in olden days. It reveals the history of violence associated with the temples of Kerala from 8th century AD onwards, that made the majority of people untouchables and banned from temple entry for more than a period of 1200 years. (kazhuvetti kallukal means granite stone sculptures depicting crucification of Buddhist monks. which are found in front of Thrikodithanam temple at Changanachery/Changassery in Kottayam Dist. and near a temple at Asamannur in Perumbavur.

മൂന്നു കഴുവേറ്റി കല്ലുകളാണ് ചിത്രകാരന് ഇതുവരെ കാണാനായത്.
1) ത്രികൊടിത്താനം ക്ഷേത്രം, ചങ്ങനാശ്ശേരി
2) പെരുംബാവൂരിനടുത്തുള്ള അശമാന്നൂരിലെ ഒരു പുരയിടത്തിലെത്.
3) അസമാന്നൂരില്‍ തന്നെയുള്ള തിരുവല്ലാഴപ്പന്‍ ക്ഷേത്ര മതിലിനോട് ചേര്‍ന്നുള്ളത്.

മൂന്നു കഴുവേറ്റി കല്ലുകളുടെയും ഫോട്ടോകള്‍ താഴെ പോസ്റ്റു ചെയ്യുന്നു.


1) ത്രികൊടിത്താനം ക്ഷേത്രം, ചങ്ങനാശ്ശേരി

 തൃക്കൊടിത്താനം ക്ഷേത്രത്തിനു മുന്നിലുള്ള ബുദ്ധ ഭിക്ഷുവിന്‍റെ തിരശ്ചീനമായ കഴുവേറ്റിക്കല്‍ ശില്‍പ്പം അത്രക്ക് ഭീകരമല്ല. ഒരു ഉറങ്ങുന്ന യോഗിയെപ്പോലെ കൂടുതല്‍ ക്രൂരതയൊന്നും പ്രദര്ശിപ്പിക്കാത്ത രീതിയിലുള്ളതാണ്‌ ഇത്. അതുകൊണ്ട് തന്നെ ഈ കഴുവേറ്റികല്ല്‌ അധികം പഴക്കമുള്ളതാകാന്‍ സാധ്യതയില്ല.  ക്ഷേത്രത്തിനു മുന്നില്‍ കഴുവേറ്റി കല്ല്‌ സ്ഥാപിക്കണം എന്ന ആചാരം അനുഷ്ടടിക്കാന്‍ വേണ്ടി അടുത്തകാലത്ത് നിര്‍മ്മിക്കപ്പെട്ട കഴുവേറ്റി കല്ലാകാം ഇത്. മാത്രമല്ല, ചതുരത്തിലുള്ള ഗ്രാനൈറ്റ് തൂണും നിസാരമായ ഒരു ബോമ്മയുടെ പ്രാധാന്യം മാത്രം നല്‍കിക്കൊണ്ടുള്ള ബുദ്ധഭിക്ഷുവിന്‍റെ ശരീരവും ഒരു വഴിപാടു നടത്തുന്ന താല്‍പ്പര്യമേ കഴുവേറ്റി കല്ലിന്റെ നിര്‍മ്മാണത്തില്‍ പുലര്‍ത്തിയിട്ടുള്ള് എന്ന് വിളിച്ചു പറയുന്നുണ്ട്.
 തൃക്കൊടിത്താനം ക്ഷേത്രത്തിലെ തന്നെ കഴുവേറ്റികല്ലിനെ ക്ഷേത്രത്തില്‍ നിന്നും നോക്കുമ്പോള്‍ ബുദ്ധ ഭിക്ഷുവിന്റെ ഇടത്തെ കയ്യിലെ ഭിക്ഷാ പാത്രവും കാണാം. ചിത്രത്തില്‍ ഇഷ്ടികകള്‍ അടുക്കി വച്ചിരിക്കുന്നതിനും ബൈക്ക് നിര്‍ത്തിയതിനും അപ്പുറത്ത് ക്ഷേത്രക്കുളം കാണാം. അതായത് കുളത്തിനും ക്ഷേത്രത്തിനും ഇടക്കുള്ള ക്ഷേത്ര വഴിയിലാണ് കഴുവേറ്റി കല്ല്‌ സ്ഥാപിച്ചിരിക്കുന്നത്.
വളരെ അനായാസം നശിപ്പിക്കാവുന്ന സാഹചര്യത്തിലാണ് കഴുവേറ്റി കല്ല്‌ ഇപ്പോള്‍ സ്ഥിതിചെയ്യുന്നത്. ചുറ്റും ഒരു സംരക്ഷണ മതിലും ഇരുംബഴികളും സ്ഥാപിച്ച് ഈ അപൂര്‍വ്വ ചരിത്ര സ്മാരകത്തെ സംരക്ഷിക്കേണ്ടതുണ്ട്.

ആര്‍ക്കിയോളജി വകുപ്പിന്റെ സംരക്ഷിത ചരിത്ര സ്മാരക പട്ടികയില്‍ തൃക്കൊടിത്താനം ക്ഷേത്രത്തെ ഉള്‍പ്പെടുത്തിയതായി നോട്ടീസ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചരിത്രം അറിയുന്ന പ്രബുദ്ധ ജനങ്ങളുടെ ജാഗ്രതയാണ് ഏറ്റവും പ്രധാനമായി ഉണ്ടാകേണ്ടത്. കാരണം ഈ ക്ഷേത്രത്തില്‍ വിവിധ കാലഘട്ടങ്ങളിലായി  മൂന്നോ നാലോ പാളികളായി ഹിംസയുടെ അധിനിവേശം നടന്നിരിക്കാനിടയുണ്ടെന്നാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠകളുടെ എണ്ണക്കൂടുതല്‍ സൂചിപ്പിക്കുന്നത്. അതിന്‍റെ വ്യത്യസ്ത കാലഘട്ടങ്ങളിലുള്ള തെളിവുകളും ഇവിടെ മറഞ്ഞു കിടക്കാനിടയുണ്ട്.

  
 പൊതുവേ, വിഗ്രഹങ്ങളില്ലാത്ത ബുദ്ധ വിഹാരങ്ങളും പള്ളികളും അമ്പലങ്ങളും കാവുകളും ബ്രാഹ്മണ അധിനിവേശം നടക്കുമ്പോള്‍ ഒരു ശിവലിംഗം സ്ഥാപിച്ച് സവര്‍ണ്ണവല്‍ക്കരിക്കുകയാണ് പതിവ്.  ഇവിടെ ശിവലിംഗ പ്രതിഷ്ട്ട കൊണ്ട് ബൌദ്ധരുടെ /അവര്‍ണ്ണരുടെ ഈ ക്ഷേത്രത്തോടുള്ള മമത നശിപ്പിക്കാന്‍ കഴിയാത്തതുകൊണ്ടായിരിക്കാം കൂടുതല്‍ ഹിംസാത്മക പുരാണ ശക്തിയുള്ള സവര്‍ണ്ണ ദൈവ സംങ്കല്‍പ്പങ്ങളെ തുടര്‍ച്ചയായി പ്രതിഷ്ടിച്ചതായികാണുന്നു. ബുദ്ധന്റെ തന്നെ മഹായാന ബൌദ്ധ പതിപ്പായ ഗണപതിയെ പ്രധാന ദൈവമായി പ്രതിഷ്ടിച്ച് അവര്‍ണ്ണരെ (ബൌദ്ധരെ) പ്രീണിപ്പിച്ച് ഒതുക്കാനും, ബ്രാഹ്മണ ദൈവ സംങ്കല്‍പ്പങ്ങളില്‍ ഏറ്റവും ഭീഭത്സമായ  നരഭോജി ദൈവമായ നരസിംഹത്തെയും ഇവിടെ പ്രധാന പ്രതിഷ്ഠയാക്കി ഹിംസാത്മക പ്രതിരോധത്താല്‍ ചേകവ പൊളപ്പ് അമര്‍ച്ച ചെയ്യാനും പൌരോഹിത്യം നന്നായി അദ്ധ്വാനിച്ചിട്ടുണ്ട്. ഏറ്റവും അവസാനം പ്രതിഷ്ടിച്ച ലക്ഷ്മി സമേതനായ മഹാവിഷ്ണുവിന്‍റെ പേരിലാണ് ക്ഷേത്രം ഇപ്പോള്‍ മഹാ ക്ഷേത്രമായി  അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ ക്ഷേത്രത്തില്‍ധാരാളം ചരിത്ര സത്യങ്ങള്‍ മറഞ്ഞുകിടക്കാനിടയുണ്ട്.


2) പെരുംബാവൂരിനടുത്തുള്ള അശമാന്നൂരിലെ ഒരു പുരയിടത്തിലെ കഴുവേറ്റി കല്ല്‌


 അശമന്നൂരിലെതാണ് ഈ കഴുവേറ്റി കല്ല്‌. ഒരു വീടിന്‍റെ മുന്നിലുള്ള അതിരില്‍ സ്ഥലത്തിന്റെ അതിര് അടയാളപ്പെടുത്താനായി എവിടെനിന്നോ കൊണ്ടുവന്നു സ്ഥാപിച്ചതാകാം ഈ കഴുവേറ്റി കല്ല്‌. ഏതോ ക്ഷേത്ര മുറ്റത്തുനിന്നും പിഴുതെറിഞ്ഞ തായിരിക്കണം.  അശമന്നൂര്‍ എന്ന സ്ഥലപ്പേരില്‍ തന്നെ അശോക മന്നന്‍റെ ഊര് എന്നൊരു വിശദീകരണമുണ്ട്. തൃക്കൊടിത്താനം ക്ഷേത്രത്തില്‍ കണ്ടതുപോലല്ല, കഴുവേറ്റപ്പെട്ട ഒരു മനുഷ്യ ശരീരത്തിന്റെ ഒടിവും വളവുമെല്ലാം കഴുവേറ്റി കല്ലിലെ മനുഷ്യ രൂപത്തില്‍ പ്രകടമാണ്.
സിലിണ്ടറിക്കലായ തൂണിനു മുകളിലാണ് ബുദ്ധഭിക്ഷുവിന്‍റെ രൂപം നിര്‍മ്മിച്ചിരിക്കുന്നത്. തൂണില്‍ വട്ടെഴുത്ത് പോലുള്ള ലിപിയില്‍ ശിലാലിഖിതവും കാണുന്നുണ്ട്. ലിഖിതം ഡെസിഫര്‍ ചെയ്തെടുക്കാന്‍ നമ്മുടെ പുരാവസ്തു വകുപ്പ് എന്തെങ്കിലും ചെയ്‌താല്‍ നന്നായിരുന്നു. കഴുവേറ്റി കല്ല്‌ നിര്‍മ്മിച്ച വര്‍ഷവും ആര്‍ ആര്‍ക്കു വേണ്ടി ഇത് ക്ഷേത്രത്തിനു വേണ്ടി നിര്‍മ്മിച്ചു എന്നതെല്ലാം ശിലാലിഖതത്തില്‍ ഉണ്ടാകാനിടയുണ്ട്.


കഴുവേറ്റികല്ലിന്റെ മരുവശത്തില്‍ നിന്നുള്ള കാഴ്ച്ച.
താഴത്തെ ചിത്രത്തില്‍ ഡോ. അജയ് ശേഖര്‍  ചിത്രകാരന്‍



3) അസമാന്നൂരില്‍ തിരുവല്ലാഴപ്പന്‍ ക്ഷേത്ര മതിലിനോട് ചേര്‍ന്നുള്ളത്.  

തിരുവില്ലാഴപ്പന്‍ ക്ഷേതത്തിന്റെ പിന്‍ മതിലിന്‍റെ കോണില്‍ ഇപ്പോള്‍ അനാഥമായി  നില്‍ക്കുന്ന ഈ കഴുവേറ്റി കല്ല്‌ ക്ഷേത്ര മുറ്റത്തുനിന്നും ഇവിടേക്ക് മാറ്റി സ്ഥാപിച്ച്തായിരിക്കണം.



സിലിണ്ടറിക്കലായ തൂണിലാണ് ശില്‍പ്പം ചെയ്തിരിക്കുന്നത്‌ എന്നതിനാല്‍ തൃക്കൊടിത്താനം ക്ഷേത്രത്തിലെ കഴുവേറ്റി കല്ലിനേക്കാള്‍ പഴക്കം ഉണ്ടായിരിക്കും. മാത്രമല്ല, കഴുവേറ്റപ്പെട്ട ബൌദ്ധ മുനിയുടെ കൈകളും കാലുകളും തൂണില്‍ നിന്നും അകത്തി നിര്‍ത്തുന്നതിനും, എന്നാല്‍, കൈകാലുകള്‍ക്ക് സപ്പോര്‍ട്ട് ലഭിക്കാനുമായി വേണ്ട മുന്‍കരുതലുകള്‍ ശില്‍പ്പരചനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.


ഇത് കഴുവേറ്റപ്പെട്ട ബൌദ്ധന്‍റെ മുഖവും കൈകളും കാണാനാകുന്ന ആങ്കിളിലുള്ള പടമാണ്. കഴുത്തിലുള്ള സൂഷ്മാസംങ്ങളടക്കം നന്നായി കാണുന്ന വിധം സ്വാഭാവികത ഈ കഴുവേറ്റി കല്ലില്‍ കാണുന്നുണ്ട്.
ഈ കഴുവേറ്റി കല്ലിന്‍റെ ഉടലിന്‍റെ പകുതി ഭാഗവും കാലുകളും പൊട്ടിപ്പോയിരിക്കുന്നു.


കഴുവേറ്റി കല്ലില്‍ നിന്നും പൊട്ടിപ്പോയ ഉടലും കാലുകളും ഏതാണ്ട് 15 അടി ദൂരെയായി നടപ്പാതയില്‍ പുല്ലുമൂടി കിടക്കുന്നത് അജയ് കണ്ടെത്തുന്നു. ബുദ്ധ ഭിക്ഷുവിന്റെ  കാലില്‍ ഉടുതുണിയുടെ ചുളിവുകളും മടക്കുകളും വ്യക്തമായി കാണുന്നത് ശ്രദ്ധിക്കുക. ഇത്രയും ചരിത്ര പ്രാധാന്യമേറിയ ഒരു അപൂര്‍വ്വ പുരാവസ്തു ശില്‍പ്പമാണ് ചവിട്ടു വഴിയില്‍ കിടക്കുന്നത് എന്ന്‍ തിരിച്ചറിയാനുള്ള സേഷിയില്ലാത്തതില്‍ നമുക്ക് ലജ്ജിക്കുകയെ നിവൃത്തിയുള്ളൂ.


Tuesday, February 2, 2016

'മഹത്വമുള്ള കഴുവേറി' ചിത്രം പൂര്‍ത്തിയാകുന്നു


2016 ലെ ചിത്രകാരന്റെ ആദ്യ ചിത്രം 'മഹത്വമുള്ള കഴുവേറി' പുരോഗമിക്കുന്നു.

കഴുവേറ്റൽ അഥവ ചിത്രവധം പലവിധത്തിൽ തിരുവിതാംകൂറിൽ നിലവിലുണ്ടായിരുന്നു. സവർണ്ണ ഹിന്ദു ക്ഷേത്രങ്ങളിൽ ഉത്സവം കൊടിയേറ്റ് നടത്തുന്നതിനു മുമ്പ് നിർബന്ധമായും ദേവപ്രീതിക്കായി നടത്തേണ്ടിയിരുന്ന പരിപാവനമായ ചടങ്ങായാണ് കഴുവേറ്റൽ ആർഭാടപൂർവ്വം കൊണ്ടാടിയിരുന്നത്.

ഇതിനു പുറമേയാണ് പാതയോരങ്ങളിലും അങ്ങാടികളിലും നരഹത്യയുടെ എക്സിബിഷൻ എന്നർത്ഥമുള്ള 'ചിത്രവധം' അഥവ കഴുവേറ്റൽ, ഉഴച്ചു കൊല്ലൽ തുടങ്ങിയ പേരിൽ നടത്തിയിരുന്ന ജനങ്ങളെ ഭയപ്പെടുത്തി അടിമ /അനുസരണയുള്ളവരാക്കാനും അധികാര വർഗ്ഗത്തെ ദുരഭിമാനം കൊണ്ട് ഗർവ്വിഷ്ടരാക്കാനും ഹിംസയെ മഹത്വവൽക്കരിക്കാനുമായുള്ള ക്രൂര മനുഷ്യ വധങ്ങൾ.

മനുഷ്യനെ ജീവനോടെ ഇരുമ്പു കുന്തത്തിൽ കുത്തി നിർത്തുക എന്നതാണ് ഈ വധത്തിന്റെ രീതി. ജനങ്ങൾക്കുള്ള ഒരു കാഴ്ച്ച വസ്തുവായി രണ്ടോ മൂന്നോ ദിവസം ഭക്ഷണമോ വെള്ളമോ കൊടുക്കാതെ നരകിപ്പിച്ചു കൊല്ലുകയാണു ചെയ്യുക. ഉഴച്ചു കൊല്ലൽ എന്ന വിശേഷണം അതുകൊണ്ടാണ്. ആരും ദയ തോന്നിപ്പോലും ഒരിറ്റുവെള്ളം കൊടുക്കാൻ ധൈര്യപ്പെടില്ല. മരണ ഭയത്താൽ ബന്ധുക്കൾ പോലും അടുത്തു ചെല്ലില്ല,...ശരീരം പച്ചയായി കൊത്തിത്തിന്നുകയോ കടിച്ചുകീറുകയോ ചെയ്യുന്ന ക്ഷുദ്രജന്തുക്കളല്ലാതെ !

കൊലപാതകത്തെ ആസ്വദിക്കുന്ന ഈ കൊലപാതക രീതി ബ്രാഹ്മണികമായ ശാസ്ത്ര-സ്മൃതി പ്രകാരമാണ് ധർമ്മരാജയുടെ കാലത്ത് തിരുവിതാംകൂറിൽ നടപ്പാക്കിയിരുന്നത്. അതുകൊണ്ടാണ് സംസ്കൃത വാക്കായ ചിത്രവധം എന്ന പേര് ഉപയോഗിക്കപ്പെടാൻ കാരണം.

കൊല്ലം പട്ടണത്തിൽ ലക്ഷ്മി നടയിൽ ഇത്തരം ഒരു ചിത്രവധം നടന്നതിന്റെ വിവരണം ബർത്തലോമ്യ രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നു തേങ്ങ മോഷ്ടിച്ചു എന്ന ആരോപണം അടിസ്ഥാനമാക്കിയുള്ള നീതി നിർവ്വഹണം എന്ന രീതിയിലാണ് കൊല നടപ്പാക്കിയതത്രേ ! ആറു ബ്രാഹ്മണ വൈദികർ ചേർന്ന് സ്മൃതികളെയും ധർമ്മ സൂത്രങ്ങളെയും ആധാരമാക്കിയാണ് കഴുവേറ്റാൻ വിധിച്ചത്.

ഈ ശിക്ഷാരീതി സവർണ്ണ ഹിന്ദുക്കൾക്ക് ബാധകമായിരുന്നില്ല. ബൗദ്ധ പാരമ്പര്യമുള്ളതിനാൽ ബ്രാഹ്മണരുടെ ശത്രുതക്ക് പാത്രീഭവിച്ചിരുന്നതും ക്ഷേത്രപ്രവേശനവും വഴി നടക്കൽ അവകാശവും ഇല്ലാതിരുന്നതുമായ ഈഴവർ /അവർണ്ണ ഹിന്ദുക്കളെയായിരുന്നു ചിത്രവധത്തിനു വിധേയരാക്കിയിരുന്നത്.

തെക്കൻ കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ ആഘോഷപൂർവ്വം കൊണ്ടാടുന്ന തൂക്കം ഉത്സവങ്ങൾ പണ്ടുകാലത്ത് അവർണ്ണരെ ചിത്രവധം നടത്തി നാടുനീളെ പ്രദർശിപ്പിച്ചു കൊണ്ടിരുന്ന ആചാരത്തിന്റെ അവശിഷ്ടമാണ്.
ബ്രിട്ടീഷ് ഭരണകാലത്ത് ചിത്രവധം സാധ്യമല്ലാതെ വന്നു പ്രതീകാത്മകമായപ്പോൾ വ്രതം നേർന്ന് തൂക്കിലേറാൻ ചാവേറുകൾ നിയോഗിക്കപ്പെട്ടെന്നു മാത്രം!

My new painting under work in Progress.
A painting named 'Great Kazhuveri'. Based on the real history of kazhuvetal or chithravadham which was usual in Travancore even in the 18th century under the reign (1758- 1798) of Karthika Thirural Rama Varma who was also called Dharma Raja, because of his strict obedience towards the brahmin's racist laws like manu smurithi, Sankara smruthi etc.

Wednesday, January 20, 2016

രോഹിത് വെമുലയുടെ ആത്മഹത്യ നമ്മളോട് ആവശ്യപ്പെടുന്നു...


അറിവ് സമ്പാദിക്കുന്ന അവര്‍ണ്ണരെ മോക്ഷം നല്‍കി പരബ്രഹ്മത്തില്‍ ലയിപ്പിക്കുക എന്നത് സവര്‍ണ്ണ ഹിന്ദു മതത്തിന്‍റെ മുഖ്യ അജണ്ടയായി മാറിയിട്ട് ഏതാണ്ട് രണ്ടായിരം വര്‍ഷങ്ങളെങ്കിലും ആയിരിക്കുന്നു.

അതില്‍ ഏറ്റവും ആദ്യത്തെ ഇരയായി രാമായണത്തിലെ ശൂദ്ര രാജാവായിരുന്ന ശബൂകനെയും  അവസാനത്തെ ഇരയായി രോഹിത് വേമുല എന്ന ശാസ്ത്ര ഗവേഷകനെയും കാണാം.

അറിവിന്‍റെ ഉന്മൂലനത്തിലൂടെ ഇന്ത്യയെ 1500 വര്‍ഷത്തിലേറെ ബ്രാഹ്മണരുടെ ജാതീയ ആധിപത്യത്തിനു കീഴിലുള്ള ഒരു ഭ്രാന്താലയമായി നിലനിര്‍ത്തിയ ഇരുണ്ട കാലത്തെക്കുറിച്ച് നമ്മുടെ പാഠപുസ്തകങ്ങള്‍ ഇപ്പോഴും മൌനികളായി തുടരുന്നതിനാലായിരിക്കണം നമ്മുടെ സമൂഹം ഈ ജനാധിപത്യ കാലത്തും ഉണരാതിരിക്കുന്നത്.

ബ്രാഹ്മണ്യം അവരുടെ വംശീയാധിപത്യത്തിനായി നിര്‍മ്മിച്ച സാംസ്കാരികതയെയും ആചാരങ്ങളെയും, ചരിത്രത്തെയും, വസ്തുനിഷ്ടമായി, രേഖപ്പെടുത്തി, മ്യൂസിയങ്ങളിലേക്കു കുടിപാര്‍പ്പിക്കേണ്ടതും,  നമ്മുടെ സമൂഹത്തെ സാംസ്കാരികമായി, മാനവികമായി പുതുക്കിപണിയേണ്ടതും, ഇവിടത്തെ അധസ്ഥിത ജനതയുടെ ഏറ്റവും പ്രധാനമായ ഉത്തരവാദിത്വമായിരുന്നു.

എന്നാല്‍, ബ്രാഹ്മണാധിപത്യം എന്ന സവര്‍ണ്ണത  / ജാതീയതയുടെ മയക്കുമരുന്നുപോലുള്ള സാംസ്കാരികതയില്‍ നിന്നും മോചനം നേടാന്‍ നമ്മുടെ സമൂഹത്തിനാകുന്നില്ല. ബ്രാഹ്മണ വംശീയവിഷം നമ്മുടെ സാംസ്കാരികതയിലാണ് വിദഗ്ദമായി കലർത്തപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ ചെറിയ രീതിയിലുള്ള പ്രതിരോധം കൊണ്ടൊന്നും സവര്‍ണ്ണ ജാത്യാഭിമാനത്തെ ഇല്ലാതാക്കാനാകില്ല. ചെറിയ പരിഹാരങ്ങള്‍ വെറും വഴിപാടുകള്‍ മാത്രമായി സവര്‍ണ്ണതയുടെ സംരക്ഷണ തന്ത്രമായാണ് രൂപം മാറുക.

അതുകൊണ്ടുതന്നെ സവര്‍ണ്ണ ജാത്യാഭിമാനത്തിന്റെ മനുഷ്യത്വ രാഹിത്യത്തെ തുറന്നു കാണിക്കുന്നതിനും, സവര്‍ണ്ണതയില്‍ അഭിമാനിക്കുന്നവരില്‍ വസ്തുനിഷ്ട ചരിത്ര ജ്ഞാനം പ്രചരിപ്പിച്ച് അവരെ സാംസ്കാരികവും മാനവികവുമായി നവീകരിക്കുന്നതിനുമായി വലിയ ജാതിവിരുദ്ധ സമരങ്ങള്‍ ആവശ്യമാണെന്ന് രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഉത്തരേന്ത്യയില്‍ ദളിത്  മൂവ്മെന്റുകള്‍ക്ക് മാനവികമായ ആ സാമൂഹ്യ പരിവര്‍ത്തനം നല്‍കാനുള്ള കരുത്ത് നമ്മുടെ ഭരണ ഘടനാശില്‍പ്പിയും, സാമൂഹ്യ പരിഷ്ക്കര്‍ത്താവുമായ അംബേദ്‌ക്കറില്‍ നിന്നും  പകര്‍ന്നു കിട്ടിയിട്ടുണ്ടെന്നതില്‍ സന്തോഷിക്കാം. എന്നാല്‍, നായർ മുതല്‍ നായാടി വരെയുള്ള എല്ലാവര്‍ക്കും ദളിത്‌ പൈതൃകമുള്ള കേരളത്തില്‍ വ്യാജവംശാഭിമാനങ്ങള്‍ കൊടികുത്തിവാഴുകയാണ്. 


ഉത്തരേന്ത്യയില്‍ കൊല്ലപ്പെടുന്നത് ദളിതരല്ലേ, നായരല്ലല്ലോ !!

തപസ്സനുഷ്ഠിച്ചതിന്‍റെ പേരില്‍ രാമായണത്തിലെ  ശ്രീ രാമേട്ടനാല്‍ കൊല്ലപ്പെട്ട ശൂദ്രനായ സംബൂകന്‍റെ അതെ വംശക്കാരനായ നായര്‍ വിശ്വസിക്കുന്നത് താന്‍ ക്ഷത്രിയനാണെന്ന കള്ള,ക്കഥയാണ്.

അതായത് നമ്മളെല്ലാം സവര്‍ണ്ണരാണെന്ന ഒരു മിഥ്യാബോധം !

പിന്നെന്താ, ഉത്തരേന്ത്യയില്‍ ദളിതരെക്കൊന്നാലും, ആത്മഹത്യ ചെയ്യിച്ചാലും നമ്മുക്ക് വേദനിക്കാന്‍ കാര്യം  ??  അങ്ങനെ ചിന്തിക്കാനുള്ള ആകെയുള്ള  ന്യായം  തങ്ങള്‍ക്ക് ദളിതര്‍ക്കുള്ള പോലെ സംവരണക്വാട്ട ഇല്ലെന്നതായിരിക്കാം. സാമൂഹ്യ കാരണങ്ങളാല്‍ അല്ലാതെത്തന്നെ ജനസംഖ്യാനുപാതികമായി ലഭിക്കേണ്ടതിനേക്കാള്‍  അവസരങ്ങള്‍ അനര്‍ഹമായി  സ്വന്തമാക്കിയിരിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന മാനസിക വികാസ കുറവാണ് അത്. ജാത്യാഭിമാനത്തെ തള്ളിക്കളഞ്ഞാല്‍ മാറാവുന്ന ഒരു വിവരക്കേട് !


കേരളത്തില്‍ വര്‍മ്മയെന്ന ജാതിപ്പേര് പേരിന്‍റെ വാലായി കൊണ്ട് നടന്നിരുന്ന 'ഠ' വട്ടം മഹാരാജാക്കന്മാരെപ്പോലും ശൂദ്രന്മാരുടെ രാജാവായിട്ടാണ് ബ്രാഹ്മണര്‍ വിശേഷിപ്പിച്ചിരുന്നത്.

രാജാവ് പോയിട്ട് വാച്ചുമാന്‍ ജോലിപോലും ഇല്ലാതിരുന്ന വെറും ചട്ടമ്പി/ ഗുണ്ട/ സേവക/അനുഷ്ടാനപരമായ കൊലയാളികള്‍ മാത്രമായിരുന്ന ശൂദ്രര്‍ക്ക് ബ്രാഹ്മണര്‍ നല്‍കിയ നായര്‍ ജാതി വാല്‍ പോലും, ബ്രാഹ്മണരോട് കൂറ് കാണിക്കുന്ന ഒരു മനുഷ്യ മൃഗം എന്ന അര്‍ത്ഥത്തില്‍ നല്‍കപ്പെട്ട ഒരു വിശേഷണം ആണ്.


രാജ്യ ഖജനാവില്‍ നിന്നും സ്വര്‍ണ്ണ കട്ടകള്‍ ദാനമായി ലഭിക്കുന്ന ഹിരണ്യഗര്‍ഭം എന്ന ചടങ്ങിലൂടെ ഖജനാവ് കൊള്ളയടിക്കാന്‍ ബ്രാഹ്മണര്‍ക്ക് ലഭിച്ചിരുന്ന സുവര്‍ണ്ണാവസരത്തിന്‍റെ പേരിലാണ് നമ്മുടെ ശൂദ്ര മഹാരാജാക്കന്മാരെ ബ്രാഹ്മണര്‍ക്ക് മുന്നില്‍ ഓച്ചനിച്ചു നില്‍ക്കുന്ന വിഡ്ഢികള്‍ എന്ന അര്‍ത്ഥത്തില്‍ വര്‍മ്മയെന്ന പണം കൊടുത്ത് വാങ്ങുന്ന സ്ഥാനപ്പേര്‍ പേരിന്‍റെ വാലില്‍ ചേര്‍ത്തിരുന്നത്. അതായത് , വര്‍മ്മ എന്ന ജാതിപ്പേര്‍ ജനനം കൊണ്ട് സിദ്ധിച്ചതല്ല. വര്‍മ്മയായ രാജാവിന്റെ മകന്‍ ഒരിക്കലും വര്‍മ്മയാകില്ല. ശൂദ്രനെ ആകു. ശൂദ്ര രാജാവിന്‍റെ മൂത്ത സഹോദരിമാര്‍ക്ക് രാത്രി കൂട്ടിനിരിക്കാന്‍/സംബന്ധത്തിനു വരുന്ന ഏതെങ്കിലും ബ്രാഹ്മണരില്‍ ജനിക്കുന്ന മകനു മാത്രമേ പണം കൊടുത്ത് വാങ്ങാവുന്ന വര്‍മ്മ പദവിപോലും ആഗ്രഹിക്കാവുന്ന ജന്മ ഗുണമുള്ളു  .


രാജകീയ സവര്‍ണ്ണ വംശം ആണെന്ന് സ്വയം വിശ്വസിക്കുന്ന ശൂദ്രനായ നായരുടെ സവര്‍ണ്ണ ജാത്യാഭിമാനം (അക്ഷരാഭ്യാസം പോലും നിഷിദ്ധമായ...) ഇത്രക്ക് സഹതാപകരമായിരുന്നെങ്കില്‍ അതിലും താഴെ അടിമയായി നായരുടെ ജാതീയ പീഡനങ്ങള്‍ക്ക് വിധേയരായി ചത്തതിനൊക്കുമേ ജീവിച്ചിരുന്ന ഈഴവ/തിയ്യ/നാടാര്‍/ചാന്നാര്‍/ വിശ്വകര്‍മ്മ/കമ്മാള/അരയ/മുക്കുവ/വാണിയ/ശാലിയ/അവര്‍ണ്ണ ജനങ്ങളുടെ സവര്‍ണ്ണ ഹിന്ദു മതത്തിലെ സ്ഥാനം എന്തായിരുന്നിരിക്കും എന്നൂഹിക്കാവുന്നതെയുള്ളു.


എട്ടാം നൂറ്റാണ്ടില്‍ ബ്രാഹ്മണരുമായുള്ള പാണ്ഡിത്യമത്സരത്തില്‍ പരാചയപ്പെട്ടു അധികാരം അടിയറവച്ച ബൌദ്ധ രാജാവിന്‍റെ വംശമായതിനാല്‍ 1200 വര്‍ഷം കന്നുകാലികളെപ്പോലെ ഭൂരഹിത കൃഷിപ്പണിക്കാരായി പീഡിപ്പിക്കപ്പെട്ട പുലയരെയൊക്കെ മനുഷ്യരായിപ്പോലും കാണാന്‍ നമ്മുടെ സംസ്ക്കാരം ഇനിയും വികസിച്ചിട്ടില്ല.


നമ്മുടെ സംസ്ക്കാരം മാനവികമായി വികസിപ്പിക്കപ്പെടെണ്ടാതുണ്ടെന്നു നമുക്ക് തോന്നുന്നു പോലുമില്ല!!

ഈ മാനസികാവസ്ഥ ബ്രാഹ്മണാധിപത്യം ശീലമായി മാറിയ നമ്മുടെ സാംസ്കാരികതയുടെ വൈരൂപ്യമാണ്. ഈ വൈരൂപ്യത്തെയാണ് ചിത്രകാരന്‍ സവര്‍ണ്ണത അഥവാ ജാതീയത എന്ന് വിളിക്കുന്നത്.


സവര്‍ണ്ണത നശിപ്പിക്കാതെ ഇനി മുന്നോട്ടു പോകാനാകില്ല. സാംസ്കാരികമായി വളരാനാകില്ല. സാംസ്ക്കാരിക നായന്മാരായി നില്‍ക്കുന്ന വലിയ വലിയ പ്രമാണികള്‍ ഇപ്പോഴും ബ്രാഹ്മണാധിപത്യവും ക്ഷേത്ര അനാചാരങ്ങളും സമൂഹത്തില്‍ നില നിര്‍ത്താനുള്ള സാമൂഹ്യ ജാഗ്രതക്കുവേണ്ടി പത്ര മാധ്യമങ്ങളിലൂടെ കുരക്കുന്നതും ഓരിയിടുന്നതും കവിതാലാപനം നടത്തുന്നതും  കേരളത്തില്‍ സാധാരണയാണല്ലോ. ഈ ചൂലുകളെല്ലാം ഒന്ന് മനുഷ്യരായി കാണാന്‍ നാം ആഗ്രഹിക്കുന്നത് അസാധ്യമാണെങ്കിലും, അവറ്റകളുടെ മക്കളോ കൊച്ചു മക്കളെങ്കിലുമോ മാനവിക സാംസ്കാരികതയിലേക്ക് ഉയരണമെങ്കില്‍ സവര്‍ണ്ണ ജാത്യാഭിമാനത്തിന്റെ ഫാസിസ്റ്റു മുഖത്തെ പകല്‍ വെളിച്ചത്തില്‍ വസ്തുനിഷ്ടമായി പ്രകടമായി കാണാന്‍ അവസരമുണ്ടാക്കേണ്ടതുണ്ട്. അതിനായി സാംസ്കാരികമായ വലിയ പ്രക്ഷോഭങ്ങള്‍ ആരംഭിക്കാന്‍ നമ്മുടെ സാംസ്കാരികത നവീകരിക്കാനായി രക്തസാക്ഷിത്വം വരിച്ച രോഹിത് വെമുലമാരുടെ ആത്മമന്ത്രണങ്ങള്‍ നമ്മളോട് ആവശ്യപ്പെടുന്നുണ്ട്.

Sunday, January 17, 2016

സംസ്കൃതം എട്ടുകാലി മമ്മൂഞ്ഞോ ??

സംസ്കൃതവും തമിഴും തമ്മിലുള്ള സംസര്‍ഗ്ഗത്താല്‍ ഉരുത്തിരിഞ്ഞുവന്ന ഭാഷയാണ് മലയാളം എന്നാണ് നാം മലയാളികള്‍ ഇതുവരെ പാഠപുസ്തകങ്ങളില്‍ പഠിച്ചിരുന്നത്. എന്നാല്‍ ബ്രാഹ്മണരും അവരുടെ ഔദ്ധ്യോഗിക ഭാഷയായ സംസ്കൃതവും കേരളത്തില്‍ കാലുകുത്തുന്നതിനു ഏതാണ്ട് 1000 വര്‍ഷം മുന്‍പുതന്നെ പാലിഭാഷയുടെ സഹായത്തോടെ മലയാളം രൂപംകൊണ്ടുതുടങ്ങിയിരുന്നു എന്നു പറയാം.

 മലയാള ഭാഷയില്‍ കലര്‍ന്നിരിക്കുന്ന പാലി വാക്കുകള്‍ നോക്കുക :

 “അമ്മ, അച്ഛന്‍, അയ്യന്‍, അത്താണി, അളി, അം‌മ്പലം, അരമന, അങ്ങാടി, അച്ചാരം, അണിയം, അമരം, അം‌മ്പഴം, അയമോദകം, ആയിരം, ആടലോടകം, ആഴക്ക്, അകത്തി, ആണ, ഏണി, ഓണം, ഒട്ടകം, ഊഞ്ഞാല്‍, കൊത്തമ്പാല, കൊട്ട, കഷണ്ടി, കച്ചം, കഴുത, കോണി, കാവ്, കൊക്കരണി, കന്നം, കുപ്പായം, കഴഞ്ച്, കള്ള്, കച്ചി, ചപ്പ്, ചരട്, ചക്കര, ചക്കി, ചിരുതേയി, ചരുവം, കൂടാരം, ചമ്മട്ടി, ചുരിക, ചങ്ങല, ചന്ത, കുത്തക, ചാട്, അച്ച്, ചൂത്, ചാണകം, ചരക്ക്, ചൌക്ക, ചന്തി, ചുക്ക്, ചവണ, ചുങ്കം, ജോനകന്‍, തിമിരം, തൊപ്പി, തരക്, തടാകം, തുലുക്കന്‍, തോണി, തൂണ്‍, നെയ്, നാരായം, നാഴി, നന്ത്യാര്‍വട്ടം, പിണ്ണാക്ക്, പുരികം, പല്ലക്ക്, പീടിക, പുളിങ്ങ, പുളകം, പിച്ച, പുടവ, പണ്ടം, പതാക, പന്നകം, പട്ടിക, പെട്ടി, പേയ്, പുന്ന, മറുത, മുന്തിരി, മോഴ, വക്കാണം, വട്ടം...“ തുടങ്ങി എത്രയോ വാക്കുകള്‍ ബുദ്ധധര്‍മ്മത്തിന്‍റെ ഭാഷയായിരുന്ന പാലിയില്‍ നിന്നും മലയാളത്തിലേക്ക് കടംകൊണ്ടവയാണ്.

 ( കടപ്പാട്: 1 ബുദ്ധമതവും ജാതി വ്യവസ്ഥയും - ഡോ.കെ.സുഗതന്‍.പേജ് 56-പ്രോഗ്രസ്സ് പബ്ലിക്കേഷന്‍, കോഴിക്കോട്-4, 2011 ; 2 മലയാളത്തിലെ പരകീയ പദങ്ങള്‍- ഡോ. പി.എം. ജോസഫ്- കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്, രണ്ടാം പതിപ്പ്, 1995)

Thursday, January 7, 2016

കാലടി യൂണിവേഴ്സിറ്റിയിലെ പാലി ശില്‍പ്പശാല ചിത്രങ്ങള്‍

2015 ഡിസംബര്‍ 16 മുതല്‍ 30 വരെ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച - 15 Day Workshop on Pali Language and Buddhist Cultures, Jointly Organized by Departments of Philosophy, Sanskrit, Sree Sankaracharya University of Sanskrit, Kalady, Kerala, 16 - 30 December 2015 -  പാലി ഭാഷ & ബുദ്ധിസ്റ്റ് സാംസ്ക്കാരികതയെ ക്കുറിച്ചുള്ള ശില്‍പ്പശാലയില്‍ ഒരു പഠിതാവായി ചിത്രകാരനും പങ്കെടുത്തിരുന്നു.

മുബൈ യൂണിവേഴ്സിറ്റിയിലെ പാലി വിഭാഗത്തില്‍ നിന്നുള്ള ഡോ. യോജന ഭഗത്തിന്‍റെ ( Dr. Yojana Bhagat, Department of Pali, University of Mumbai ) നേതൃത്വത്തില്‍നടന്ന പാലി ശില്‍പ്പശാല ജീവിതത്തിലെ വളരെ നല്ലൊരു അനുഭവമായിരുന്നു. ഭാഷാ പഠനത്തിലാണ് കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നതെങ്കിലും ചിത്രകാരനെ സംബന്ധിച്ച് പാലി ഭാഷയുടെ ചരിത്രവും, സംസ്ക്കാരവുമായിരുന്നു മുഖ്യം. ഏതാനും ദിവസത്തെ ശില്‍പ്പശാല അനുഭവത്തില്‍ നിന്നും പാലി ഭാഷയുടെ സംബന്നതയെക്കുരിച്ച്ചു മാത്രമല്ല, അത് ഉപയോഗിക്കുന്നവരുടെയും, പഠിപ്പിക്കുന്നവരുടെയും  അര്‍പ്പണ ബുദ്ധിയും ആത്മാര്‍ത്ഥതയും നേരിട്ട് കണ്ടു ബോധ്യപ്പെടാന്‍ ശില്‍പ്പശാല വഴിയൊരുക്കി എന്ന് പറയാം.

ക്യാമ്പിലെ കുറച്ചു ചിത്രങ്ങള്‍ താഴെ പോസ്റ്റു ചെയ്യുന്നു. 
ചിത്രങ്ങളുടെ അടിക്കുറിപ്പ് സാവകാശം നല്‍കുന്നതായിരിക്കും.

പാലി ഭാഷയിലുള്ള മനോഹരമായ രതന സുത്ത Ratana Sutta കേള്‍ക്കണമെന്നുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

അല്ലെങ്കില്‍, ചിത്രകാരന്‍റെ ഗൂഗിള്‍ പ്ലസ് പോസ്റ്റില്‍ (Google  Plus post) നിന്നും രതന സുത്ത (Ratana Sutta) കേള്‍ക്കാന്‍ ഈ ലിങ്കില്‍ ക്ലിക്കിയാലും മതി (പോസ്റ്റിലെ ഫോട്ടോയില്‍ ക്ലിക്കിയാല്‍ സൌണ്ട് ക്ലൌഡ് ഫയല്‍ തുറന്നു വരികയാണ് ചെയ്യുക )










 


Friday, August 21, 2015

ചാതുര്‍വര്‍ണ്യ ഗോപുരം Tower of Chathurvarnya

My latest painting  "Tower of Chathurvarnya"
Completed on August 20, 2015   Acrylic on canvas, Size 2' x 3'

Onam, is the most important festival of Kerala. The myth attached to it is the vanquishing of the just and benevolent King Mahabali who was pushed down to Pathala, the netherworld, by Vamana, the Brahmin dwarf.  This is a mythical story created on the decline and defeat of Buddhism and the emergence of the caste based Hindu religion in Kerala, around 8th century AD. In fact, the casteist system of exploitation, imposed on a society which cherished equality and social freedom, was not even a religion in any true sense of the word.

The deceitful chathurvarnya (four-caste) system was established to nullify the effects of the Buddhist dhamma and culture, so as to enable the priestly Brahmin caste to gain the upper hand and exploit the society. The tragic truth is that even in the present democratic age, over 70% of the Indian population are victimised in their daily lives and are unable to break out of the chains of this inhuman Brahminic system.

This picture is an attempt to delineate and bring out the despicable premises and story of the varna system and its abhorrent practices of taking pride in casteism.

കേരളത്തില്‍ ക്രിസ്തുവര്‍ഷം  എട്ടാം നൂറ്റാണ്ടില്‍ നടന്ന ചാതുര്‍വര്‍ണ്യ മതത്തിന്‍റെ ആധിപത്യ ചരിത്രത്തെ വ്യംഗ്യമായി ധ്വനിപ്പിക്കുന്ന ഒരു മിത്താണ് ധര്‍മ്മിഷ്ട രാജാവായ മഹാബലിയുടെ കഥ. നന്മ നിറഞ്ഞതും, ന്യായവും നീതിയും സമത്വവും പുലര്‍ന്നിരുന്ന ഒരു സമൂഹത്തിലേക്ക് ജാതീയതയുടെയും, അസമത്വത്തിന്റെയും ചൂഷണ വ്യവസ്ഥിതിയായി കടന്നുവന്ന ചാതുര്‍വര്‍ണ്യവ്യവസ്ഥിതി സത്യത്തില്‍ ഒരു മതം പോലുമായിരുന്നില്ല.

അക്കാലത്ത് കേരളത്തില്‍ പ്രബലമായിരുന്ന ബൌദ്ധ ധാര്‍മ്മിക ഭരണത്തെയും, സാംസ്ക്കാരികതയെയും പ്രവര്‍ത്തനരഹിതമാക്കി, പൌരോഹിത്യ ബ്രാഹ്മണ വംശീയതക്ക് ആധിപത്യം നേടാന്‍ വേണ്ടിയുള്ള ഒരു തന്ത്രമായാണ് ചാതുര്‍വര്‍ണ്യവ്യവസ്ഥിതി ചതിപ്രയോഗത്തിലൂടെ നിലവില്‍ വരുന്നത്.

സത്യത്തില്‍ ചാതുര്‍വര്‍ണ്യവ്യവസ്ഥയെ നിര്‍വ്വചിക്കാന്‍ ശ്രമിക്കുകയാണ് ഈ ചിത്രത്തിലൂടെ ചെയ്യുന്നത്.
 എട്ടാം നൂറ്റാണ്ടില്‍ സമൂഹത്തെ അടിമകളാക്കുവാന്‍ ബ്രാഹ്മണ പൌരോഹിത്യം ഉപയോഗിച്ച മനുഷ്യത്വ വിരുദ്ധമായ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ ജാതി ചങ്ങലകള്‍ പൊട്ടിക്കാനാകാതെ ഇന്നത്തെ ആധുനിക ജനാധിപത്യ കാലഘട്ടത്തില്‍ പോലും ഇന്ത്യന്‍ സമൂഹത്തിലെ 70% ലേറെ ജനങ്ങള്‍ ജാതി പീഡനങ്ങള്‍ക്ക് ഇരയാകുന്നു  എന്ന വസ്തുതയാണ് ഈ ചിത്രത്തിന്‍റെ രചനക്ക് കാരണം.

എന്താണ് ചാതുര്‍വര്‍ന്ന്യം, എവിടെയാണ് അത് കാലൂന്നിയിരിക്കുന്നത്, ചാതുര്‍വര്‍ന്ന്യത്തിന്റെ ചരിത്രം എന്ത്, വെറുക്കപ്പെടേണ്ട വംശീയ ദുരഭിമാനങ്ങളുമായുള്ള അതിന്റെ പൊക്കിള്‍ക്കൊടി ബന്ധം എത്രത്തോളം പ്രകടമാണ് .... എന്നിങ്ങനെയുള്ള മാനവികമായ ചിന്തകള്‍ ഉണര്‍ത്താനായി ഈ  ചിത്രം സാംസ്ക്കാരിക ബോധാവിനിമയം നടത്താന്‍ ശ്രമിക്കുന്നു.

സ്നേഹം നിറഞ്ഞ നന്ദി:
ഈ ചിത്രകലാ രചനയില്‍ കലാസ്വാദകര്‍ എന്ന നിലയിലും, സാംസ്ക്കാരിക നവീകരണത്തെ തുണയ്ക്കുന്നവര്‍ എന്ന നിലയിലും നവമാധ്യമങ്ങളിലെയും പരമ്പരാഗത മാധ്യമങ്ങളിലെയും ഒട്ടേറെ അഭ്യുദയകാംക്ഷികള്‍ ചിത്രകാരനെ സഹായിക്കുകയും, പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ട്. അവരെ എല്ലാവരെയും പേരെടുത്തുപറഞ്ഞു  മുഷിപ്പിക്കുന്നില്ല. എന്നാല്‍, ഗൂഗിള്‍ പ്ലസ്സിലെ സുഹൃത്തായ സുന്ദരന്‍ കണ്ണാടത്തിനോട് ചിത്രകാരനുള്ള  കടപ്പാട് സ്നേഹാദരങ്ങളോടെ രേഖപ്പെടുത്താതിരിക്കാനാകില്ല.

Thursday, July 30, 2015

പര്‍ദ്ദയും സാരിയും, സ്ത്രീകളുടെ ഒളിവു ജീവിതവും !!


സ്ത്രീ സുരക്ഷക്കാണെന്ന വ്യാജേന പുരുഷന്‍ അടിച്ചേല്‍പ്പിക്കുന്ന വസ്ത്രം മാത്രമല്ല, സ്ത്രീക്ക് ചുറ്റും പുരുഷന്‍ വരയ്ക്കുന്ന ഒരു വൃത്തം കൊണ്ടുപോലും സ്ത്രീയെ ചലന സ്വാതന്ത്ര്യം നിയന്ത്രിച്ച്  തളച്ചിടാമെന്നപാരമ്പര്യ യുക്തിയുടെ സ്ത്രീ വിരുദ്ധത ഇന്നും മഹത്വല്‍ക്കരിക്കപ്പെടുന്നുണ്ട്.  2013 ല്‍ ചിത്രകാരന്‍ പര്‍ദ്ദയെക്കുറിച്ചു  വരച്ച ലക്ഷ്മണരേഖ എന്ന ചിത്രമാണ് ഇത്.

 
കേരളത്തിലെ സ്ത്രീകളെ സംബന്ധിച്ച് പര്‍ദയും സാരിയും സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത വസ്ത്രങ്ങളാണെന്ന് പറയാനാകില്ല. ഏതാണ്ട് വിവസ്ത്രകളായിരുന്ന നമ്മുടെ ഹൈന്ദവ ദേവതമാരെ സാരിയും ബ്ലൌസും ധരിപ്പിച്ച് 'നാണോം മാനവും' ഉള്ളവരാക്കിയത് നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന ചിത്രകാരനായിരുന്ന രാജാ രവി വര്‍മ്മയായിരുന്നല്ലോ. രവിവര്‍മ്മയുടെ ചിത്രങ്ങളുടെ പ്രചാരത്തിലൂടെയാണ് ഉത്തരേന്ത്യന്‍ വസ്ത്രമായിരുന്ന സാരി ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ 'കുലീന' വസ്ത്രമായി മാറുന്നത്. എങ്കിലും, സാരി ഏതെങ്കിലും ഒരു മതത്തിന്റെ യൂണിഫോമായി മാറിയിട്ടില്ല. ചൂരീദാര്‍ എന്നാ സൌകര്യപ്രദമായ വസ്ത്രം കടന്നു വന്നപ്പോള്‍ സ്ത്രീകള്‍ സാരിയെ മാറ്റിവച്ച് ചൂരീദാറിനെ സ്നേഹിക്കാന്‍ മടി കാണിച്ചില്ല. സാരിക്ക് സ്ത്രീകളെ 'തടവിലിടുന്ന' ഘടനാപരമായ ഒരു പോരായ്മ ഉണ്ടെങ്കിലും സാരി അവളുടെ മനസ്സിനെ തടവിലാക്കുന്നില്ല.

എന്നാല്‍, ഏതാണ്ട് 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ മുക്കിലും മൂലയിലും പൊടുന്നന്നെ പ്രത്യക്ഷപ്പെട്ട 'പര്‍ദ്ദ പാലസ്', പര്‍ദ്ദ മഹല്‍', 'പര്‍ദ്ദ ഹൌസ്' , ... തുടങ്ങിയ പൊതു പേരുകളിലുള്ള പര്‍ദ്ദ എക്സ്ക്ലൂസീവ് ഷോപ്പുകളിലൂടെയാണ് പര്‍ദ്ദയുടെ വരവ്. നമ്മുടെ വസ്ത്രധാരണ സംകല്‍പ്പങ്ങളിലെക്ക് മത രാഷ്ട്രീയത്തെ സന്നിവേശിപ്പിച്ച് കൊണ്ടുള്ള ഒരു സാംസ്ക്കാരിക അധിനിവേശമായാണ് പര്‍ദ്ദവല്‍ക്കരണം കേരളത്തില്‍ വേരൂന്നിയത്.

മുഖം മൂടുന്ന പര്‍ദ്ദ (ഹിജാബ്) സ്ത്രീകള്‍ക്ക് ഒരു ഒളിയിടം നല്‍കുന്നു എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. സ്ത്രീകള്‍ സമൂഹത്തില്‍ അങ്ങനെ ഒളി ജീവിതം നയിക്കാന്‍ മാത്രം മോശക്കാരോ, കുറ്റവാളികളോ ആണോ ? വെയിലേല്‍ക്കില്ല, തണുക്കില്ല, സ്ത്രീ ധ്വംസകര്‍ക്കിടയില്‍ സ്വതന്ത്രരായി സഞ്ചരിക്കാനാകുന്നു, അഥവാ അപമാനിക്കപ്പെട്ടാല്‍ പോലും ആരാണ് അപമാനിക്കപ്പെട്ടതെന്ന്‍ പൊതുജനങ്ങളില്‍ നിന്നും മറച്ച്ചുപിടിക്കാനാകുന്നു എന്നതൊക്കെ പര്‍ദ്ദ അനുകൂലികളുടെ ന്യായീകരണങ്ങളാണ്. ഈ ബാലിശ യുക്തികളെല്ലാം പര്‍ദ്ദയെ ന്യായീകരിക്കാനും ഒളിച്ചു കടത്താനുമുള്ള വാദങ്ങളായി നമ്മുടെ സ്ത്രീകള്‍ തന്നെ ഉരുവിട്ടുകൊണ്ടിരിക്കുന്നത് അവര്‍ അനുഭവിക്കുന്ന അടിമത്വത്തിന്റെ ദയനീയ പ്രകാശനമായി കാണേണ്ടതുണ്ട്.

സ്ത്രീകള്‍ വിവസ്ത്രകളായി പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടാല്‍ പോലും അപമാനിക്കപ്പെടുകയോ, വിവേചനങ്ങള്‍ക്ക് പാത്രീഭാവിക്കുകയോ, ആക്രമിക്കപ്പെടുകയോ ചെയ്യാന്‍ പാടില്ലാത്ത വ്യക്തി ബഹുമാനത്തിന്റെയും, സ്വകാര്യത ബോധത്തിന്റെയും ഒരു ജനാധിപത്യ സമൂഹം വാര്‍ത്തെടുക്കേണ്ടതിനു പകരം , സ്ത്രീകളെ പുരുഷ  ഉടമസ്ഥതക്കു കീഴിലെ വിലപിടിച്ച ഉപഭോഗ വസ്തുക്കളായും, വെളിച്ചം കാണിക്കാനാകാത്ത ചരക്കുകളായും, രണ്ടാം തരാം പൌരത്വമുള്ളവരായും കണക്കാക്കി,  ചാക്കുപോലുള്ള പര്‍ദ്ദയിലും ഹിജാബിലും കെട്ടിപ്പൊതിഞ്ഞു നടക്കുന്നത് ലജ്ജാകരമായി തോന്നേണ്ടതാണ്.

അന്യ പുരുഷന്‍റെ കണ്ണേറു കൊള്ളാതിരിക്കാനും, അപമാനവും അതിക്രമവും എല്ക്കാതിരിക്കാനും, സാമൂഹ്യ പൊതു ഇടങ്ങളില്‍ മറക്കുടയും പര്‍ദ്ദയും ഉപയോഗിച്ചു സ്ത്രീ അദൃശ്യരായി നിലകൊള്ളണമെന്ന ന്യായം ആചാരവല്‍ക്കരിക്കപ്പെട്ട പുരുഷ നീതി ശാസനങ്ങളുടെ ഭാഗമാണ്. സ്ത്രീ വ്യക്തിജീവിതത്തിലെ ഒരു അതിജീവന സൌകര്യമാണെങ്കിലും അത് പാരതന്ത്ര്യത്തിന്റെ ഒളിജീവിതത്തിലെക്കുള്ള വഴിയാണ് എന്ന് തിരിച്ചറിയെണ്ടതുണ്ട്.

മാത്രമല്ല, ഒരു സമൂഹത്തിന്‍റെയും നാടിന്‍റെയും സംസ്ക്കാര ശൂന്യതയെ അടയാളപ്പെടുത്തുന്നതാണ് സ്ത്രീ സുരക്ഷക്കായി എന്നാ പേരില്‍ ധരിക്കപ്പെടുന്ന പര്‍ദ്ദ. പര്‍ദ്ദക്കകത്ത് നിന്നില്ലെങ്കില്‍ ഒരു സ്ത്രീക്ക് സുരക്ഷ ലഭിക്കില്ലെന്നും, പുരുഷനു ഏതു വസ്ത്രം ധരിച്ചാലും സുരക്ഷ ലഭിക്കുമെന്നതും സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീ വിവേചനത്തിന്റെ സാന്നിദ്ധ്യമാണ് കാണിക്കുന്നത്. സ്ത്രീ സമൂഹത്തോടുള്ള ഹിംസാത്മകമായ പുരുഷ പൊതുബോധത്തെ മഹത്വപ്പെടുത്തുന്നത് സമൂഹത്തിലെ  അസമത്വങ്ങളെയും അനീതിയും  ന്യായികരിക്കുന്നു.  

സ്തീ പീഡനങ്ങളെയും, ഒളിച്ചു നോട്ടങ്ങളെയും അതിജീവിക്കാനായി സ്തീ സമൂഹം വസ്ത്രം കൊണ്ട് തീര്‍ത്ത തടവറയില്‍ കഴിയണമെന്ന് ഇച്ചിക്കുന്ന ഭീരുത്വത്തിന്‍റെ പൊതുബോധത്തെ അധിജീവിക്കാനുള്ള സാംസ്ക്കാരിക വിപ്ലവമാണ് നമുക്ക് വേണ്ടത്. സ്ത്രീ സമൂഹത്തിനു നഷ്ടപ്പെട്ട പൊതു ഇടങ്ങളും വ്യക്തി സ്വാതന്ത്ര്യവും, തുല്യതാ ബോധവും തിരിച്ചു പിടിക്കേണ്ടതുണ്ട്.

പകരം, പുരുഷ കേന്ദ്രീകൃതമായ സാമൂഹ്യ ഭരണ സംവിധാനത്തില്‍ തങ്ങള്‍ക്ക് പുല്ലും വൈക്കോലും ആവോളം കിട്ടുന്നുണ്ടെന്നും, സ്ത്രീ സമൂഹം അതില്‍ സംതൃപ്തരാണെന്നും പൊതു വേദികളില്‍ സാക്ഷ്യപ്പെടുത്തുന്ന സ്ത്രീ 'പ്രതിനിധി'കളെ നമുക്ക് കാണേണ്ടി വരുന്നു. പുരുഷ-പൌരോഹിത്യ മേധാവിത്വ കീര്‍ത്തനങ്ങള്‍ ചൊല്ലിപ്പടിച്ച് വേദികളിലേക്ക് പാടാനായി നിയോഗിക്കപ്പെടുന്ന അത്തരം  'സ്ത്രീ പ്രതിനിധി'കളെ പുരുഷമേധാവിത്വത്തിന്റെ കുഴലൂത്തുകാരായ അടിമകളായോ ഇരകളായോ തിരിച്ചറിയുകയാണ് വേണ്ടത്.

പര്‍ദ്ദയോ സാരിയോ മറ്റേതു വസ്ത്രങ്ങളോ ധരിക്കുന്നത് വ്യക്തികളുടെ സ്വകാര്യ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ചായതിനാല്‍ ആര്‍ക്കും തന്നെ അതിനെ മുഖദാവില്‍ വിമര്‍ശിക്കാനോ പരിഹസിക്കാനോ അവകാശമില്ല. എന്നാല്‍ സാംസ്ക്കാരിക തലത്തില്‍ വിഭാഗീയതയുടെയും, വര്‍ഗ്ഗീയതയുടെയും, വംശീയതയുടെയും വേര്‍ത്തിരിവിന്‍റെ  അടയാളമായും യൂണിഫോമായും പര്‍ദ്ദയെ തിരിച്ചറിയേണ്ടതും വിമര്‍ശന വിധേയമാക്കെണ്ടതും സാമൂഹ്യ നവീകരണത്തിന്‍റെ ആവശ്യകതയാണ്.

സര്‍വ്വോപരി സ്ത്രീ സമത്വത്തിന്റെയും സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും ആദ്യ പടികള്‍ കയറണമെങ്കില്‍പോലും പര്‍ദ്ദക്ക് പിന്നിലെ പുരുഷ കേന്ദ്രീകൃതമായ പൌരോഹിത്യ അജണ്ടകളുടെ മുഖം മൂടി വലിച്ചു കീറാതെ കഴിയുകയില്ല. അതുകൊണ്ടുതന്നെ, വരും ദിനങ്ങളിലെ സ്ത്രീ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങള്‍ പൊതു സ്ഥലങ്ങളില്‍ സ്വയം തുണിയുരിഞ്ഞു കൊണ്ടായിരിക്കുമെന്നതില്‍ സംശയമില്ല.

 - ടി. മുരളി
14.05.2015.

Wednesday, July 29, 2015

ഗണപതി ഒരു രക്തസാക്ഷി !!

 ഗണപതി എന്ന ദൈവ സംങ്കല്‍പ്പത്തിന്‍റെ അസാധാരണമായ ഘടനാവിശേഷത്തെ സാമൂഹ്യ ചരിത്രപശ്ചാത്തലത്തില്‍ പഠിക്കാന്‍ ശ്രമിച്ചതിന്‍റെ ഫലമാണ് ഈ ചിത്രം.
My painting, 'Ganapathi, new version - 2015' completed on 27th July 2015.
Medium: Acrylic on canvas. Size: 61 cm x 91 cm.

അറിവിന്‍റെയും ശാസ്ത്രത്തിന്റെയും  രക്ഷാധികാരിയും, വിജ്ഞാനത്തിന്റെയും ബുദ്ധിശക്തിയുടെയും ദൈവവുമായി ഗണിക്കപ്പെട്ടിരുന്ന ഗണപതി ആനത്തലയുള്ള ഒരു വിചിത്ര രൂപിയാണ്. ഗണപതി, ഗണേശന്‍, വിഘ്നേശ്വരന്‍, വിനായകന്‍,.. എന്നീ പേരുകളില്‍ അറിയപ്പെടുന്ന സവര്‍ണ്ണ ഹിന്ദു മതത്തിലെ അനേകം ദൈവ സംങ്കല്‍പ്പങ്ങളില്‍ ഒന്നു മാത്രമാണ് ആന തലയും മനുഷ്യ ശരീരവുമുള്ള ഈ ദൈവം ! ഏതാണ്ട് നാലാം നൂറ്റാണ്ടില്‍ ജീര്‍ണ്ണിച്ചു തുടങ്ങിയ  താന്ത്രിക ബുദ്ധമതത്തിന്റെ തൊട്ടിലില്‍ ഉറങ്ങിക്കിടന്നിരുന്ന ഗണപതിയെ ഹിന്ദുമതം എടുത്തു വളര്‍ത്തിയതാണെന്നും പറയാം.
 ഉടല്‍ നഷ്ടപ്പെട്ട ഒരു ആനയുടെ തലയും, ശിരസ്സ് നഷ്ടപ്പെട്ട ഒരു മനുഷ്യശരീരവും കൂട്ടിയോജിപ്പിച്ച്  ഉണ്ടാക്കിയതാണ്ഗണപതി സംങ്കല്‍പ്പത്തിന്‍റെതായി ഇന്ന്‍ ആരാധിക്കപ്പെടുന്ന രൂപം.

എന്നാല്‍, ഈ ചിത്രത്തിലൂടെ ചിത്രകാരന്‍ അന്വേഷിക്കുന്നത് ഗണപതിയുടെ നിര്‍മ്മാണഘട്ടത്തില്‍ ഉപേക്ഷിച്ച് കളഞ്ഞ ബാക്കി ഭാഗങ്ങളായ ശരീരം നഷ്ടപ്പെട്ട 'മനുഷ്യ ശിരസും' തല നഷ്ടപ്പെട്ട 'ആനയുടെ ശരീരവുമാണ്'. ഈ അന്വേഷണത്തിനുള്ള ഉത്തരം ബ്രാഹ്മണ പൌരോഹിത്യം പ്രചരിപ്പിച്ച ബാലിശമായ കെട്ടുകഥകളായ പുരാണേതിഹാസങ്ങളില്‍ മാത്രം തിരഞ്ഞാല്‍ ലഭിക്കുന്നതല്ല. സാമൂഹ്യചരിത്രത്തിലും, ഭാഷയിലും, യുക്തിബോധത്തിലും വെട്ടിമാറ്റപ്പെട്ട ഗണപതിയുടെ ശരീരഭാഗങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്.

 ഗണേശന്‍, ഗണപതി, എന്നീ പേരുകളിലുള്ള സംഘ ബലമായ  'ഗണ'ത്തെയും , വിഘ്നേശ്വരനിലെ തടസ്സങ്ങളുണ്ടാക്കുന്ന എന്നര്‍ത്ഥമുള്ള 'വിഘ്ന'ത്തിലും ചരിത്രം ഉറഞ്ഞു ഘനീഭവിച്ച നിലയില്‍ ഗണപതിയുടെ അറ്റുപോയ ശരീരത്തിന്റെ ചോരപ്പാടുകള്‍ കാണാവുന്നതാണ്. ബ്രാഹ്മണ ചാതുര്‍വര്‍ണ്യ-ജാതീയ മതത്തിന് ഗണപതി നിരന്തരം വിഘ്നങ്ങളുണ്ടാക്കുന്ന ഒരു ശല്യക്കാരനായിരുന്നു എന്ന്‍ വിഘ്നേശ്വരന്‍ എന്ന പേരിലൂടെ സിദ്ധിക്കുന്നുണ്ട്. അതുപോലെ ഗണേശനും ഗണപതിയും അര്‍ഥമാക്കുന്നത് ബ്രാഹ്മണരെ ഭയപ്പെടുത്തിയിരുന്ന ഒരു ആയോധന സംഘബലം, അഥവ സൈനിക ശക്തി ഗണപതിയുടെ പിന്നില്‍ ജാഗ്രതയായുണ്ടായിരുന്നു എന്നാണ്.
സവര്‍ണ്ണ മതം ക്ഷത്രിയരെന്നു വിശേഷിപ്പിച്ചിരുന്നത് ബൌദ്ധരെയാണ് എന്നതും, ഗണപതിയുടെ താന്ത്രിക ബുദ്ധമത പാരമ്പര്യവും  ഗണപതിയെ ബ്രാഹ്മണരുടെ  കണ്ണിലെ കരടാക്കുന്നുണ്ട്.

ക്രിസ്തു വര്‍ഷം 4, 5 നൂറ്റാണ്ടുകളില്‍ രൂപംകൊള്ളുന്ന ഗണപതി സംങ്കല്‍പ്പം ഹിന്ദുമതത്തിലും താന്ത്രിക ബുദ്ധമതത്തിലും വേരൂന്നിയാണ് വളരുന്നത്. അക്ഷരങ്ങളുടെയും, അറിവിന്‍റെയും പ്രതീകമായാണ് ഗണപതി വിശേഷിപ്പിക്കപ്പെട്ടിരുന്നത് എന്നതുതന്നെ ബുദ്ധമതവുമായുള്ള ഗണപതി എന്ന  മിത്തിന്റെ ആത്മബന്ധം വ്യക്തമാക്കുന്നു. അറിവിന്റെ കുത്തകവല്‍ക്കരണം ലക്ഷ്യംവച്ചിരുന്ന  ബ്രാഹ്മണ ജാതീയ-സവര്‍ണ്ണ സാമൂഹ്യവ്യവസ്ഥ രൂപപ്പെടുന്ന ഗുപ്തസാമ്രാജ്യത്തിന്‍റെ അവസാന കാലത്താണ് ഗണപതിയും ആവിര്‍ഭവിക്കുന്നത്. അക്കാലത്ത്  ബ്രാഹ്മണര്‍ ബൌദ്ധരില്‍ നിന്നുതന്നെയാണ് എതിര്‍പ്പ് നേരിട്ടിരുന്നത്. ഗുപ്തഭരണകാലത്ത് ( 320 to 550 CE ) ചാതുര്‍വര്‍ണ്യബ്രാഹ്മണ പുരോഹിതര്‍ക്ക് മേല്‍ക്കോയ്മയുള്ള സുവര്‍ണ്ണ കാലം അവസാനിച്ചതിലുള്ള നഷ്ട ബോധത്തില്‍നിന്നുമാണ് നാളന്ത, തക്ഷശില,... തുടങ്ങിയ ബൌദ്ധ സര്‍വ്വകലാശാലകളില്‍ നുഴഞ്ഞുകയറിയ മന്ത്രവാദികളായ പണ്ഡിതന്‍മാരുടെ കൂട്ടായ്മയായ ബ്രാഹ്മണ്യം സംഘടിതരായി ബൌദ്ധ വിരോധികളായി   ശക്തിയാര്‍ജ്ജിക്കുന്നത്.

യാഗ-യജ്ഞങ്ങള്‍, മന്ത്രവാദം, ചാതുര്‍വര്‍ണ്യ/ജാതീയ സാമൂഹ്യ വിഭജനവാദം, ബ്രാഹ്മണ മേല്‍ക്കോയ്മ എന്നിവയ്ക്ക് വഴങ്ങാത്ത ബൌദ്ധ രാജാക്കന്മാരെയും രാജഗുരുക്കന്മാരായ ബൌദ്ധ ഭട്ടന്മാരെയും അസുരന്മാരും, രാക്ഷസന്മാരും, അഹങ്കരികളുമായി വ്യാഖ്യാനിച്ച് കൊന്നൊടുക്കാനുള്ള കെണികള്‍ പുരാണേതിഹാസങ്ങളായി രൂപപ്പെടുന്നത് അക്കാലത്താണ്. അത്തരം ഒരു ബൌദ്ധ-ബ്രാഹ്മണ സംഘര്‍ഷത്തിനു ശേഷമുള്ള ജനങ്ങളെ അനുനയിപ്പിക്കാനുള്ള തന്ത്രമായിവേണം ഗണപതിയുടെ മിത്ത് രൂപപ്പെടുത്തിയ സാഹചര്യത്തെ കാണേണ്ടത്.

ആന ബൌദ്ധരെ സംബന്ധിച്ച് പ്രാധാന്യമര്‍ഹിക്കുന്ന ഒരു പ്രതീകമാണ്. ജന സമൂഹത്തിന്‍റെ ശക്തിയെതന്നെ ആന പ്രതിനിധീകരിക്കുന്നുണ്ട്. ശാരീരിക പ്രയത്നം ഏറെ ആവശ്യമായ കാര്യങ്ങളെല്ലാം ആന/ജനം തന്നെ ചെയ്യണം. എന്നാല്‍, അത് ബുദ്ധിപരമായി അത്ര അദ്ധ്വാനിക്കാത്ത ആള്‍ക്കൂട്ടമാണ് താനും. ആനയെ/ജനത്തെ പ്രചോദിപ്പിക്കുന്ന പൊതുബോധം അന്ന്‍ നിയന്ത്രിക്കുന്നത് ബൌദ്ധ ധാര്‍മ്മികതയാണ്. അജയ്യമായ ബൌദ്ധ ജനകീയ ധാര്‍മ്മിക ശക്തിയെ തെറ്റിദ്ധരിപ്പിച്ച്ചുകൊണ്ട് അതേ ശക്തികൊണ്ടുതന്നെ മറികടക്കാനുള്ള വിഘ്ന നിവാരണ വിദ്യയാണ് ഗണപതി രൂപത്തില്‍ പ്രതീകാത്മകമായി സന്നിവേശിപ്പിച്ചിരിക്കുന്നത്.

ബുദ്ധിശൂന്യമായ ആനയുടെ തലയും, ശാരീരിക അദ്ധ്വാനം കൊണ്ട് ശക്തിപ്പെടുത്താത്ത ബൌദ്ധ ഭട്ടന്‍റെ /പണ്ഡിതന്‍റെ ഉടലും കൂട്ടിയോജിപ്പിക്കുന്നതിലൂടെ ബൌദ്ധ സമൂഹത്തിന്‍റെ, വിജ്ഞാനാഭിമുഖ്യത്തെയും,  ചിന്താശേഷിയേയും, പ്രതിരോധ മനോഭാവത്തെയും ഇല്ലാതാക്കി, ജീവനറ്റ വിഗ്രഹാവസ്ഥയില്‍ പ്രതിഷ്ടിക്കുന്ന തന്ത്രമാണ് ഗണപതി എന്ന മിത്തിനെ നിര്‍മ്മിക്കുന്നതിലൂടെ  പൌരോഹിത്യം നടപ്പിലാക്കിയത് . ബൌദ്ധരിലെ അറിവുള്ള നേതൃത്വത്തെ നശിപ്പിക്കുമ്പോള്‍ സമൂഹം അറിവിനായി ആശ്രയിക്കുക സ്വാഭാവികമായും ബ്രാഹ്മണ പണ്ഡിതരെയായിരിക്കും. ഈ സാഹചര്യത്തില്‍ ബ്രാഹ്മണ മേധാവിത്വത്തിന്‍റെ സ്ഥാപനം അനായാസമാകുന്നു. അതിനുള്ള ബ്രാഹ്മണ പൌരോഹിത്യം കണ്ടെത്തിയ പൊടിക്കയ്യാണ് വിഘ്നേശ്വരന്‍.

ഗണപതി സങ്കല്‍പ്പത്തിന്‍റെ നിര്‍മ്മാണത്തില്‍ വെട്ടി ഒഴിവാക്കപ്പെട്ടത് ആനയുടെ ശക്തിയുടെയും അഭിമാനത്തിന്‍റെയും പ്രതീകമായ ഭീമന്‍ ശരീരമാണ്. ഇന്ത്യന്‍ ജനതയുടെ സമത്വബോധത്തോടെയുള്ള ജാതിരഹിത ആത്മാഭിമാനമാണ്. അതുപോലെ, ഗണപതി സങ്കല്‍പ്പത്തിനു നഷ്ട്ടപ്പെട്ടത് മനുഷ്യ വിജ്ഞാനത്തിന്‍റെ ധര്‍മ്മത്തില്‍ അധിഷ്ഠിതമായ പണ്ഡിത ശിരസ്സാണ്. ജനങ്ങളെ അറിവില്ലാത്തവരും, ധാര്‍മ്മികത ഇല്ലാത്തവരുമാക്കുന്നതിലൂടെ അതിന്യൂന സമൂഹമായിരുന്ന ബ്രാഹ്മണ മന്ത്രവാദികള്‍ക്ക് ഇഷ്ടാനുസരണം സമൂഹത്തില്‍ തങ്ങളുടെ ജാതീയ ചൂഷണ വ്യവസ്ഥിതി അടിച്ചേല്‍പ്പിക്കുന്നതില്‍ പ്രതിരോധത്തെ ഭയക്കാതെ മുന്നോട്ടുപോകാന്‍ വിഘ്നേശ്വരനെ ഉപയോഗിക്കാനായി.

സ്വന്തം രാഷ്ട്രീയശേഷി നഷ്ടപ്പെട്ട ജനത്തെ അവരുടെതന്നെ പ്രിയംങ്കരനായ ബൌദ്ധ അംശമുള്ള, ഗണപതിയെത്തന്നെ പുതു പണ്ഡിതരായ ബ്രാഹ്മണരുടെ  കാര്‍മ്മികത്വത്തില്‍ ആരാധിക്കാം എന്നുള്ള അനുനയിപ്പിക്കല്‍ തന്ത്രത്തിലൂടെ ഭക്തിയെ സാമൂഹ്യ അടിമത്വമാക്കി വളര്‍ത്താനും ബ്രാഹ്മണര്‍ക്ക് കഴിഞ്ഞു. അതായത് പ്രതീകാത്മകമായ ബുദ്ധമത ഗളഛെദം തന്നെയാണ് ഗണപതി സങ്കല്‍പ്പത്തിന്‍റെ ആധാരം.!

 ബ്രാഹ്മണ പൌരോഹിത്യം അവതരിപ്പിച്ച മറ്റ് സവര്‍ണ്ണ ദൈവ സംങ്കല്‍പ്പങ്ങളെ എല്ലാം ആരാധിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് വിഘ്നേശ്വര പൂജ ബ്രാഹ്മണ്യം വ്യവസ്ഥപ്പെടുത്തി. അതിനാല്‍ ബുദ്ധമത വിശ്വാസികളിലെ വെണ്ണപ്പാളികളില്‍ പ്രതിഷേധമാവശേഷിക്കുന്നവര്‍ക്ക് കൂടി ആശ്വാസം ലഭിക്കുന്ന പ്രത്യേക അവകാശമായിമാറി  ഗണപതി പൂജ. എല്ലാ സത്കര്‍മ്മങ്ങളുടെയും തുടക്കമായി ബ്രാഹ്മണ സാന്നിദ്ധ്യം ഉറപ്പാക്കുന്ന ചടങ്ങായി ഗണപതിപൂജ വര്‍ത്തമാന കാലത്തും ഒരു പ്രേത ബാധപോലെ സമൂഹത്തില്‍ നിലനില്‍ക്കുന്നു.

എലി വാഹനന്‍ 

ഗണപതിയുടെ ഔദ്ദ്യോഗിക വാഹനം ഒരു ക്ഷുദ്രജീവിയായ എലിയാണെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. ബുദ്ധിശൂന്യനായ ആനത്തലയനും, തീറ്റപ്രിയനുമായ വൃകോദര ദൈവ സംങ്കല്‍പ്പം വളരെ ചെറിയ ഒരു എലിയുടെ പുറത്തുകയറി സഞ്ചരിക്കുമെന്ന കോമാളി സംങ്കല്‍പ്പത്തിനു പിന്നില്‍ ബ്രാഹ്മണ പൌരോഹിത്യം വംശീയമായി ഗണപതിയോട് മനസ്സില്‍ സൂക്ഷിച്ച അവജ്ഞയും, ശത്രുത്വവും, പ്രതികാരവും പ്രകടമാക്കുന്നുണ്ട്.
ക്ഷത്രിയകുലാന്തകനായ വിഷ്ണുവിന്റെ അവതാരം, പരശുരാമന്‍ ഗണപതിയോട് ഏറ്റുമുട്ടുന്ന പുരാണവും പൌരോഹിത്യ പ്രതികാരത്തിന്‍റെ ഉദാഹരണമായി  ഇവിടെ കൂട്ടിവായിക്കാം.
ചുരുക്കത്തില്‍ ഗണപതി ഒരു രക്തസാക്ഷിയാണ്. ബ്രാഹ്മണ പൌരോഹിത്യം സമൂഹത്തെ കീഴടക്കാന്‍ ഉപയോഗിച്ച തന്ത്രത്തിലെ ഇരയായ താന്ത്രിക  ബൌദ്ധ ദൈവ സംങ്കല്‍പ്പം.
.....................................................................................................................

ഗണപതിയും വിദ്യാരംഭവും , നാനം,മോനം ...

ഇന്നും വിദ്യാരംഭം നടത്തുന്നത് ഗണപതിയെ സ്തുതിച്ചു കൊണ്ടാണല്ലോ. ബ്രാഹ്മണര്‍ വിദ്യയുടെ വ്യാപനത്തെ തടഞ്ഞ 'മനുസ്മൃതി'യുടെ വക്താക്കളാണ്. ഇന്ത്യയില്‍ അക്ഷരവിദ്യ ജനങ്ങള്‍ക്കിടയില്‍ എത്തുന്നത് ബുദ്ധ ജൈന മതങ്ങളുടെ ഭട്ട-പണ്ഡിതരിലൂടെയാണ്. ബ്രാഹ്മണര്‍ ബ്രാഹ്മണരെയല്ലാതെ മറ്റു അന്യ സമുദായക്കാരെ വിദ്യ അഭ്യസിപ്പിക്കുന്നത് പ്രായോഗിക തലത്തില്‍ മനു നിയമങ്ങളാല്‍ അസാദ്ധ്യമായ കാര്യമാണ്. കേരളത്തില്‍ തന്നെ ബ്രിട്ടീഷ് ഭരണത്തിന്‍റെ വിദ്ധ്യാഭ്യാസം എല്ലാ ജാതി മതസ്ഥര്‍ക്കും ലഭിച്ചു തുടങ്ങിയപ്പോഴാണ് 'ഹരിശ്രീ ഗണപതായെ' എന്ന്  വിദ്യാരംഭ ചടങ്ങുകളില്‍ ആദ്യാക്ഷരം പഠിപ്പിക്കാന്‍ ഉപയോഗിച്ചു തുടങ്ങിയത്. അതുവരെ ബുദ്ധനെ നമിക്കുന്നു എന്നര്‍ത്ഥമുള്ള "നാനോം മോനോം' അക്ഷരങ്ങളുരുവിട്ടുകൊണ്ടായിരുന്നു നമ്മുടെ വിദ്യാരംഭം. 
 
"നാനം,മോനം,അത്തനം,തുവനം,ചിനം,ഇന്നനം,താനം,ഉമ്മനം" എന്ന വര്‍ണ്ണമാലയിലെ ആദ്യാക്ഷരങ്ങള്‍ എഴുതിക്കൊണ്ടുതന്നെയാണ് ഈഴവ-വിശ്വകര്‍മ്മ-നമ്പൂതിരി-എഴുത്തച്ഛന്‍ തുടങ്ങിയ അക്ഷരാഭ്യാസമുള്ള  വിഭാഗങ്ങളടങ്ങുന്ന മലയാളികള്‍ വിദ്യാരംഭം നടത്തിയിരുന്നത്. കൂട്ടിവായിച്ചാല്‍ "നമോത്തുചിനതമ്" എന്ന പാലി വാക്യമാണ് ആ അക്ഷരമാലക്രമത്തില്‍ ഉണ്ടായിരുന്നത്. ബുദ്ധനെ നമിക്കുന്നു എന്നര്‍ത്ഥം. ആ സംസ്കൃത പാഠ പുസ്തകങ്ങളിലെ ആദ്യ പാഠം ബുദ്ധന്റെ പ്രതിരൂപമായ ബോധി വൃക്ഷത്തെ (അരയാല്‍) ക്കുറിച്ചായിരുന്നു. വൃക്ഷ:-വൃക്ഷൌ-വൃക്ഷാ: എന്നായിരുന്നു ഒന്നാം പാ‍ഠം. അതു പിന്നീട് വൈഷ്ണവവല്‍ക്കരിച്ച് രാമ:-രാമൌ-രാമാ എന്നാക്കി മാറ്റുകയുണ്ടായി.

Monday, July 20, 2015

താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം 1905


ചിത്രകാരന്‍റെ പുതിയ പെയിന്റിങ്ങ് , 'താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം 1905'  ഈ ജുലൈ 19 നു പൂര്‍ത്തിയായിരിക്കുന്നു.
My new painting "Thathrikutty's smarthavicharam-1905'', completed on I9th July 2015. Medium : Acylic on Canvas board. size: 57 cm x 89 cm.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും പഴഞ്ചൻ വിശ്വാസങ്ങളുടെ ഇരുട്ടറയിൽ സ്വയം തളച്ചിട്ട് വർത്തമാന കാലത്തിനു പുറം തിരിഞ്ഞിരുന്ന കേരളത്തിലെ നമ്പൂതിരി സമുദായത്തെ നവോത്ഥാന ആശയങ്ങളിലേക്ക് ഞെട്ടിയുണർത്തിയ ധീര വനിതയായി കുറിയേടത്തു താത്രിക്കുട്ടിയെ രേഖപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ സാംസ്ക്കാരികതയെ സത്യസന്ധമാക്കാനുള്ള ഒരു എളിയ പ്രവര്‍ത്തനമായി ഈ ചിത്രത്തെ കാണാന്‍ അഭ്യര്‍ത്ഥിക്കുന്നു.

കേരളത്തെ 1200 വർഷം നീണ്ടുനിന്ന ഭ്രാന്താലയ സമാനമായ ജീർണ്ണ-ജാതീയ  സമൂഹമാക്കുന്നതിന്റെ കാർമ്മികത്വം വഹിച്ച നമ്പൂതിരി സമൂഹം സ്വാതന്ത്ര്യലബ്ധിയുടെ തൊട്ടു മുമ്പു വരെ അവർ സ്വയം നിര്‍മ്മിച്ച മേധാവിത്വ നാശത്തിന്റെ പടുകുഴിയിൽ തന്നെയായിരുന്നു.

ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ തങ്ങളുടെ തകർന്നടിഞ്ഞ മേധാവിത്വ ബോധത്തിന്റെ വിഴുപ്പു ഭാണ്ഡങ്ങൾക്കടിയിൽ കിടന്ന് ആചാരങ്ങളുടെ കണക്കൊപ്പിക്കാൻ പാടുപെടുകയായിരുന്നു ഈ പഴയ കാല ഭൂദേവന്മാർ.
ബ്രാഹ്മണരുടെ സവര്‍ണ്ണ ജാതീയ ഹിന്ദുമതം നൂറ്റാണ്ടുകളായി അടിമകളാക്കി ചവിട്ടിമെതിക്കപ്പെട്ട കേരളത്തിന്‍റെ അടിസ്ഥാന ജനവിഭാഗം പോലും ബ്രിട്ടീഷുകാര്‍ നല്‍കിയ അക്ഷര വെളിച്ചത്തിന്റെയും ആത്മാഭിമാനത്തിന്റെയും ഉള്‍ക്കരുത്തോടെ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ സാധുജനപരിപാലന സംഘം സ്ഥാപിക്കുന്ന 1905 ലാണ് നമ്പൂതിരി സമുദായത്തിലെ താത്രിക്കുട്ടി എന്നാ ഒരു സ്ത്രീ അടുക്കള ദോഷം എന്ന ചാരിത്ര്യ കുറ്റം ആരോപിക്കപ്പെട്ട് സമുദായത്തിന്‍റെ ചട്ടപ്പടി വിചാരണക്ക് വിധേയയാകുന്നതും 64 പുരുഷന്മാരെയും താത്രിക്കുട്ടിയെയും ഭ്രഷ്ട് കല്‍പ്പിച്ചു സമുദായത്തില്‍ നിന്നും പുറത്താക്കുന്നതും. ഒരു അന്തര്‍ജ്ജനം ശൂദ്ര (നായര്‍), അമ്പലവാസി സ്ത്രീകള്‍ക്ക് മാത്രം വിധിച്ചിട്ടുള്ള അച്ചി ചരിത നായികയെപ്പോലെയോ സന്ദേശകാവ്യ മാദക തിടംബുകളായോ പരിണമിക്കുന്നത് പുരുഷാധിപത്യത്തിന്‍റെ കോട്ടയായിരുന്ന ബ്രാഹ്മണ സമുദായത്തിന് താങ്ങാനാകാത്ത സ്ത്രീശരീരത്തിന്‍റെ  വിസ്ഫോടനമാണ്.


കഠിനമായ സദാചാര സമുദായ നിയമങ്ങളാൽ വരിഞ്ഞു കെട്ടി, അടുക്കളകളിലും മറക്കുടക്കുള്ളിലുമായി അടിമ ജീവിതം നയിക്കാൻ വിധിക്കപ്പെട്ടിരുന്ന നമ്പൂതിരി സ്ത്രീകൾക്കിടയിൽ നിന്നും മലയാള സാഹിത്യത്തിൽ പഴയ കാലത്ത് സുലഭമായിരുന്ന ഒരു സന്ദേശ കാവ്യ നായികയോ അല്ലെങ്കിൽ ഒരു ചെറുകിട ശരീര വിൽപ്പനക്കാരിയോ ഒരു താത്രിക്കുട്ടിയോ  1100 വർഷത്തിനിടക്ക് എന്തു കൊണ്ടു പിറന്നില്ല ? അതിന്റെ കാരണം നമ്പൂതിരിമാർ സദാചാര വിഷയത്തിൽ പുലർത്തിയിരുന്ന ഇരട്ടതാപ്പിലേക്ക് വിരൽചൂണ്ടുന്നു.

സവർണ്ണ ഹിന്ദു മതത്തിൽ കേരളത്തിൽ ഭൂദേവന്മാരായ നമ്പൂതിരിമാരും, ഭൃത്യരായ നായന്മാരും, ഈ രണ്ടു സമുദായങ്ങളുടെ മിശ്ര വർഗ്ഗമായ അമ്പലവാസികളും  മാത്രമേ ഉൾപ്പെടുന്നുള്ളു.(ഈ മൂന്നു വിഭാഗത്തിലും പെടാത്ത അവര്‍ണ്ണ ഹിന്ദുക്കള്‍ എന്ന ഭൂരിപക്ഷ ഹിന്ദു സമുദായങ്ങള്‍ ബുദ്ധ-ജൈന പാരമ്പര്യം കാരണം ക്ഷേത്ര പ്രവേശന സ്വാതന്ത്ര്യമോ വഴിനടക്കാനുള്ള അവകാശമോ ഇല്ലാതെ 1936 ലെ ക്ഷേത്ര പ്രവേശന വിളംബരം വരെ പൊതു സമൂഹത്തിനു പുറത്തു നില്‍ക്കേണ്ടി വന്നു എന്നചരിത്ര വസ്തുത ഓര്‍ക്കുക).    നായർ സമുദായത്തെയും അമ്പലവാസികളെയും ഭക്തിയുടെഭാഗയാണെന്ന വ്യാഖ്യാനത്തോടെ  തേവിടിച്ചി, പൊലിയാടിച്ചി, എന്നീങ്ങനെയുള്ള കുലീന വേശ്യ വൃത്തിയുടെ (സംബന്ധ വേഴ്ച) വിളനിലങ്ങളായി ബ്രാഹ്മണർ ചവിട്ടിത്തേച്ചു രസിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെയാണ് തങ്ങളുടെ സ്വന്തം സ്ത്രീകളെ അന്തർജ്ജനങ്ങളും പാതിവൃത്യത്തിന്റെ പര്യായങ്ങളായ ശീലവതികളായും അടിച്ചമർത്തിയും, ചാരിത്ര്യ സംശയങ്ങളുടെ പേരിൽ (അടുക്കള ദോഷം) സ്മാർത്തവിചാരം എന്ന സമുദായ വിചാരണയക്കും, തുടർന്നുള്ള ഏകാന്ത തടവിനും, പടിയടച്ചു പിണ്ഡം വക്കുക എന്ന സമുദായ ഭ്രഷ്ട്ടിനും വിധേയയാക്കിയിരുന്നത്. മനുഷ്യ മനസ്സാക്ഷിക്കു നിരക്കാത്ത ഇരുതല മൂർച്ചയുള്ള ഈ കൊടിയ സ്ത്രീ ചൂഷണ വ്യവസ്ഥിതിയെയാണ് കുറിയേടത്തു താത്രി തന്റെ സ്ത്രീശരീരം കൊണ്ട് തകർത്തു കളഞ്ഞത്.

അന്യ പുരുഷന്മാരെ കാണാനുള്ള സാദ്ധ്യത കണിശമായി ഇല്ലാതാക്കിയും, അടുക്കളയിൽ തളച്ചിട്ടും, പുറത്തിറങ്ങുമ്പോൾ ശവപ്പെട്ടി പോലുള്ള മറക്കുടകളിൽ ഒളിച്ചും, വിചിത്രമായ രീതിയിൽ അടിമ ജീവിതം ജീവിച്ചു തീർത്തിരുന്ന നമ്പൂതിരി സ്ത്രീകൾ മറ്റാരേക്കാളും കേരളത്തിൽ ബ്രാഹ്മണ പൗരോഹിത്യത്താൽ ഏറ്റവും കൂടുതൽ ക്രൂരമായി പീഢിപ്പിക്കപ്പെട്ടിരുന്നു.

കൊട്ടാരങ്ങളിലും, കോവിലകങ്ങളിലും, ക്ഷേത്രങ്ങളിലും, നായർ തറവാടുകളിലുമായി സ്നേഹം പൊഴിച്ചു കൊണ്ടു പ്രേമ പരവശരായി തെണ്ടിത്തിരിഞ്ഞു നടന്നിരുന്ന അഫ്ഫന്‍ നമ്പൂതിരിമാരെ നമ്മുടെ പഴയ കാല മണിപ്രവാള കൃതികളായ അച്ചി ചരിതങ്ങളിലും സന്ദേശ കാവ്യങ്ങളിലും സുലഭമായി കാണാവുന്നതാണ്. എന്നാൽ, നമ്പൂതിരി സമുദായത്തിലെ പുരുഷ പ്രജകൾക്കു മാത്രം ലഭ്യമായ ഈ ലൈംഗീക അഴിഞ്ഞാട്ട സ്വാതന്ത്ര്കാലത്ത് സ്ത്രീകള്‍ക്ക്  സ്വന്തം വീട്ടിനുള്ളില്‍ പോലും സ്വതന്ത്രമായി നടക്കാനവകാശമുണ്ടായിരുന്നില്ല.  നമ്പൂതിരി സ്ത്രീകൾക്ക് മനുഷ്യരാണെന്ന പരിഗണന പോലും തങ്ങളുടെ പുരുഷന്മാരില്‍ നിന്നും  അക്കാലത്ത് ലഭ്യമായിരുന്നില്ല. ബ്രട്ടീഷ് ഭരണത്തിനു കീഴിലെ അവസാന ഘട്ടത്തിലെങ്കിലും നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ മനസ്സിലേക്ക് തങ്ങളനുഭവിക്കുന്ന പാരതന്ത്ര്യത്തിന്‍റെ കാടിന്ന്യം ഒരു പോക്കുവെയിലായെങ്കിലും തിരിച്ചറിവ് നല്‍കി  കടന്നു വന്നിരിക്കണം.

നമ്പൂതിരിമാരുടെ പൌരോഹിത്യപരമ്പരയുടെ  വംശശുദ്ധി  നിലനിർത്താനുള്ള കേവലം ഗർഭ പത്രങ്ങളായി മാത്രം ജീവിച്ച നമ്പൂതിരി സ്ത്രീകൾക്കിടയിൽ നിന്നും ഒരു താത്രിക്കുട്ടി സ്ത്രീ ജീവിതത്തിന്റെ ഉത്സവം തന്നെ ആഘോഷിക്കാൻ ധൈര്യപ്പെട്ടത് യാദൃശ്ചികമാകാനിടയില്ല. തന്റെ കൂടെ ശരീരം പങ്കിട്ട സമൂഹ ശ്രേണിയിലെ 64  പ്രമുഖ വ്യക്തിത്വങ്ങളെ സ്മാർത്ത വിചാരണ വേളയിൽ വെളിപ്പെടുത്തുമ്പോഴും അവർക്കെല്ലാം, സാമുദായിക ഭ്രഷ്ട് ശിക്ഷയായി ലഭിക്കുമ്പോഴും, സദാചാര വിചാരണ നടത്തുന്ന സ്മാർത്തനെയും, മീമാംസകരേയും, കൊച്ചി രാജാവിനെയും ആവശ്യമെങ്കിൽ നിയന്ത്രിക്കാനുള്ള കടിഞ്ഞാൺ താത്രിക്കുട്ടിയുടെ കൈവശം തന്നെ സുരക്ഷിതമായുണ്ടായിരുന്നു എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

1905 ൽ കൊച്ചി രാജ്യത്തു വച്ചു നടന്ന 40 ദിവസം നീണ്ടുനിന്ന കുറിയേടത്ത്  താത്രിയുടെ സ്മാർത്ത വിചാരണ അവസാനിപ്പിക്കുന്നത് താത്രിക്കുട്ടി തന്നെയായിരുന്നു. 65 മത്തെ പങ്കാളിയുടെ പേരു പറയുന്നതിനു പകരം 65 മത്തെ വ്യക്തി താത്രിക്കു സമ്മാനിച്ച മോതിരം സ്മാർത്തനെ കാണിച്ച് 'ഈ പേരും  പറയണമോ ?  ' എന്നാണ് താത്രിക്കുട്ടി ചോദിച്ചത്. മോതിരം കണ്ടതും സ്മാർത്തനും, മീമാംസകരും, രാജാവും പരിഭ്രാന്തരാകുകയും, മതി, മതി! എന്നു പറഞ്ഞ് വിചാരണ അവസാനിപ്പിക്കുകയാണുണ്ടായത്.
ഒരു പക്ഷേ, ആ അടയാള മോതിരം ആദ്യം തന്നെ പുറത്തെടുത്തിരുന്നെങ്കിൽ താത്രിക്കുട്ടിയുടെ സ്മാർത്ത വിചാരം തന്നെ ചരിത്രത്തിൽ സംഭവിക്കുമായിരുന്നില്ല.

വംശീയതയുടെയും, ജാതീയതയുടെയും  തിന്മ നിറഞ്ഞതും 1200 വര്‍ഷക്കാലത്തെ മനുഷ്യവംശപീഡനത്താല്‍ ശാപഗ്രസ്തവുമായിരുന്ന  സ്ത്രീവിരുദ്ധ ബ്രാഹ്മണ സമുദായത്തിൽ നിന്നും സ്വയം ഭ്രഷ്ടയാക്കപ്പെടാൻ സന്നദ്ധയായ  വിപ്ലവകാരിയായ താത്രി കുട്ടിയിൽ നിന്നുമാണ് നമ്പൂതിരി സമുദായം മാനുഷികതയിലെക്കുള്ള തിരിച്ചു നടത്തം ആരംഭിക്കുന്നതും, ആരംഭിക്കെണ്ടതും. നമ്പൂതിരി സമുദായത്തിന്‍റെ സാമൂഹ്യ പരിഷ്ക്കര്‍ത്താവായി  ആദരിക്കപ്പെടെണ്ട ആ  ധീര വനിതയുടെ ഓര്‍മ്മക്ക്  മുന്നില്‍ ഈ ചിത്രം ചിത്രകാരന്‍ സമര്‍പ്പിക്കുന്നു.

Thursday, June 18, 2015

'മഹാത്മാ ഗാന്ധി മോക്ഷം' പുതിയ പെയിന്‍റിംഗ്

This is a mobile snap of Murali T's New Painting, 'Mahathma Gandhi Moksha' or 'Incarnations of Divine Violence', Completed in June 2015. Acrylic on Canvas Board. Size: 89cm x 57cm.

മഹാത്മാഗാന്ധിയെ വെടിവച്ചു കൊന്ന ഹിന്ദു വര്‍ഗ്ഗീയ വാദിയായ നാഥൂറാം ഗോഡ്സെക്ക് അമ്പലം പണിയാനാരംഭിക്കുന്ന ഇന്ത്യന്‍ ഫാസിസ്റ്റ് ശക്തികളെ  അഹിംസയുടെ പ്രവാചകനായ മഹാത്മാഗാന്ധിയെക്കൊണ്ടല്ലാതെ നിലവില്‍  ആരെക്കൊണ്ടാണ്‌ പ്രതിരോധിക്കാനാകുക ! 

നാഥൂറാംഗോഡ്സേക്ക് അമ്പലം പണിയുക എന്നാല്‍ മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്ന കൊലയാളിയെ ബ്രാഹ്മണ ദൈവങ്ങളുടെ ഹെഡോഫീസറായ വിഷ്ണുവിന്‍റെ അവതാരമായി ആരാധിക്കുക എന്നുതന്നെയാണ് അര്‍ത്ഥം.

മതാന്ധതയുടെ സ്വാഭാവിക പരിണതിയായുള്ളതും അത്യന്തം  നഗ്നവുമായ ഹിംസാത്മകതയുടെ ഈ ഭീഭത്സ  ചിന്ത പൊതുബോധത്താല്‍ വിചാരണ ചെയ്യപ്പെടാതിരിക്കുക എന്നാല്‍, ജനാധിപത്യത്തിന്റെ അന്ത്യമടുത്തു എന്നുതന്നെ മനസ്സിലാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ചിത്രകാരന്‍ 'മഹാത്മാഗാന്ധി മോക്ഷം എന്നാ ഈ ചിത്രം വരച്ചിരിക്കുന്നത്.

'മഹാത്മാ ഗാന്ധി മോക്ഷം' പുതിയ പെയിന്‍റിംഗ് This is a mobile snap of My (Chithrakaran Murali T) New Painting, 'Mahathma Gandhi Moksha' or 'Incarnations of Divine Violence', Completed in June 2015. Acrylic on Canvas Board. Size: 89cm x 57cm. മഹാത്മാഗാന്ധിയെ വെടിവച്ചു കൊന്ന ഹിന്ദു വര്‍ഗ്ഗീയ വാദിയായ നാഥൂറാം ഗോഡ്സെക്ക് അമ്പലം പണിയാനാരംഭിക്കുന്ന ഇന്ത്യന്‍ ഫാസിസ്റ്റ് ശക്തികളെ അഹിംസയുടെ പ്രവാചകനായ മഹാത്മാഗാന്ധിയെക്കൊണ്ടല്ലാതെ നിലവില്‍ ആരെക്കൊണ്ടാണ്‌ പ്രതിരോധിക്കാനാകുക ! നാഥൂറാംഗോഡ്സേക്ക് അമ്പലം പണിയുക എന്നാല്‍ മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്ന കൊലയാളിയെ ബ്രാഹ്മണ ദൈവങ്ങളുടെ ഹെഡോഫീസറായ വിഷ്ണുവിന്‍റെ അവതാരമായി ആരാധിക്കുക എന്നുതന്നെയാണ് അര്‍ത്ഥം. മതാന്ധതയുടെ സ്വാഭാവിക പരിണതിയായുള്ളതും അത്യന്തം നഗ്നവുമായ ഹിംസാത്മകതയുടെ ഈ ഭീഭത്സ ചിന്ത പൊതുബോധത്താല്‍ വിചാരണ ചെയ്യപ്പെടാതിരിക്കുക എന്നാല്‍, ജനാധിപത്യത്തിന്റെ അന്ത്യമടുത്തു എന്നുതന്നെ മനസ്സിലാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ചിത്രകാരന്‍ 'മഹാത്മാഗാന്ധി മോക്ഷം എന്നാ ഈ ചിത്രം വരച്ചിരിക്കുന്നത്.

 About this painting:

Mahathma Gandhi's sacrifice protected Indian Democracy from the clutches of fascist religious forces for a long time. Now things are reversed. The upcoming fundamentalist politicians and spiritual leaders are preparing to build temples for Nathuram Godse, the assassin of Mahathma Gandhi.

Nathuram Godse, assassinated Mahathma Gandhi, influenced by the myths of valour of Sree Ram, Parasu Ram, Sree Krishna, Narasimha and such other incarnations of god Vishnu. These violent gods justify all killings for the safety of the Brahmin witch class, the priests and gurus of Indian Chathurvarnya (Savarna Hindu) religion. So according to the customs of Savarna Hindu Religion, it is easy to glorify the assassination of the Mahathma as a 'Moksha' by a brand new incarnation of god Vishnu as Nathuram Godse.

Sunday, June 7, 2015

പുതിയ പെയിന്റിങ്ങ് , 'സ്നേഹം - 1'


My New Painting, 'Sneham-1' finished today (7th June, 2015). size: 73.5cm x 49.5cm. Acrylic on canvas board.

ചിത്രകലാ ജീവിതത്തിൽ കൂടുതലായി ആഴമേറിയ സാമൂഹ്യചരിത്ര വിഷയങ്ങൾ മാത്രമല്ല ചിത്രകാരൻ വരച്ചിട്ടുള്ളത്. ഗൃഹാതുരതയുടെ കുറച്ചു 'കുട്ടിക്കാല' ചിത്രങ്ങളുമുണ്ട്.

 2015 ജൂൺ മാസം പുതിയൊരു സീരീസ് കൂടി തുടങ്ങുന്നു: 'സ്നേഹം സീരീസ് '. ചിത്രകാരന്റെ മറ്റു ചിത്രങ്ങൾക്കുള്ളതുപോലെ വിവരണ കുറിപ്പുകൾ ഉണ്ടാകില്ലാ എന്നതാണ് ഈ സീരീസിന്റെ പ്രത്യേകത. ചിത്രം പൂർണ്ണമായും ആസ്വാദകന്റെ ഭാവനക്കു വിധേയം.

 പുതിയ പെയിന്റിങ്ങ് , 'സ്നേഹം - 1' ഓൺലൈൻ കലാസ്വാദകർക്കായി സമർപ്പിയ്ക്കുന്നു. ഈ പെയിന്റിങ്ങും ഇനിയുള്ള ചിത്ര പ്രദർശനങ്ങളിൽ ഉൾപ്പെടുത്തുമെങ്കിലും, ചിത്രം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന പ്ലസ്സർ- ഫേസ്ബുക്ക്‌ കലാപ്രേമികൾക്ക് പ്രൈവറ്റ് മെസേജിലൂടെ ഈ ചിത്രത്തോടുള്ള സ്നേഹം അറിയിക്കാം.

വിലയൊന്നും പ്രശ്നമല്ല, ചിലപ്പോ ഫ്രീയായും തന്നെന്നു വരും! :) Chithrakaran@gmail.com, muralitkerala@gmail.com

Saturday, May 23, 2015

'ഏകലവ്യന്‍' പാട്രിക്കിന് സ്വന്തം !!



അങ്ങനെ, ... ചിത്രകാരന്റെ 'ഏകലവ്യനെ' പാട്രിക് എഡ്വർഡ് +Patric Edward​ സ്വന്തമാക്കിയിരിക്കുന്നു.

ഈ ചിത്രം സഹൃദയ സ്പോൺസർഷിപ്പു പദ്ധതിയിലൂടെ നിർമ്മിക്കാൻ ചിത്രകാരനു സഹായഹസ്തം നൽകിയ ജയേച്ചി +Greta oto​ ; സുന്ദരേട്ടൻ +Sundaran Kannadath​ എന്നിവരോട് പ്രത്യേകം നന്ദി പറയുന്നു.

മറ്റൊരു പ്രത്യേകത ചിത്രകാരൻ വിൽക്കുന്ന ആദ്യത്തെ ചിത്രമാണ് ഏകലവ്യൻ. ലിമിറ്റഡ് എഡിഷൻ ക്യാൻവാസ് പ്രിന്റുകൾ തിരുവനന്തപുരത്തും മറ്റുമായി കുറച്ച് വിൽപ്പന നടത്തിയിട്ടുണ്ടെങ്കിലും ഒറിജിനൽ വർക്ക് വിൽപ്പന നടത്തിയിരുന്നില്ല. ഒറിജിനൽ വിറ്റാൽ ചിത്രപ്രദർശനത്തിനു വർക്ക് ഉണ്ടാകില്ല എന്ന കാഴ്ച്ചപ്പാടിലായിരുന്നു. ആ നിലപാടാണ് Patric മാറ്റിത്തന്നിരിക്കുന്നത്.

 ചിത്രത്തിന്റെ വില ചിത്രകാരന്റെ ബാങ്ക് അക്കൗണ്ടിൽ വന്നു കഴിഞ്ഞു. എങ്കിലും, ചിത്രം എക്സിബിഷനുകളിൽ പ്രദർശിക്കപ്പെടാനുള്ളതാണെന്നും, തന്റെ സ്വകാര്യ ഉടമസ്തതയിലൂടെ ആ അവസരം നഷ്ടപ്പെടുത്തേണ്ടതില്ലെന്നും പാട്രിക് അഭിപ്രായപ്പെട്ടിരിക്കയാൽ ഏകലവ്യൻ അടുത്ത ചിത്രപ്രദർശനങ്ങളിലും ഉണ്ടാകും.

 രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും ചിത്രപ്രദർശനം എന്നു ചുരുക്കം.

ഇതുമായി ബന്ധപ്പെട്ട ബ്ലോഗ്‌ പോസ്റ്റിലേക്കുള്ള ലിങ്ക്:
1 'മഹാത്മാഗാന്ധി മോക്ഷം' - സഹൃദയ സ്പോണ്‍സര്‍ഷിപ്പ് ക്ഷണിക്കുന്നു 
2 ഗൂഗിള്‍ പ്ലസ് പോസ്റ്റ്‌ ലിങ്ക്
3 Murali T Kerala Facebook post Link
4 Chithrakaran Kerala Face book Page (ഫേസ്ബുക്ക് അക്കൌണ്ട് ഇല്ലാത്തവര്‍ക്കും വായിക്കാം)