Friday, June 29, 2007

"ദീപം" -ഓയില്‍ പെയിന്റിംഗ്‌


വെളിച്ചത്തെക്കുറിച്ചുള്ള ഈ പെയിന്റിംഗ്‌ 1994 ല്‍ നോവലിസ്റ്റും, മാത്രുഭൂമിയുടെ ജെനറല്‍ മാനേജരുമായിരുന്ന കെ. രാധാകൃഷ്ണന്‍ മാത്രുഭൂമി ഹെഡ്‌ ഓഫീസില്‍ റിസപ്ഷനില്‍ വെക്കുന്നതിനായി ഒരു ചിത്രം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വരച്ചതാണ്‌.8 അടി നീളവും 5 അടി വീതിയുമുള്ള ഈ ചിത്രം വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സിന്റെ ബോര്‍ഡിലാണ്‌ വരച്ചത്‌. ഒന്നോ, രണ്ടോ വര്‍ഷം മാത്രുഭൂമിയുടെ പൂമുഖത്ത്‌ കണ്ടിരുന്ന ഈ ചിത്രം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അംബതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌ നടന്ന മോടിപിടിപ്പിക്കലിനിടയില്‍ നീക്കം ചെയ്യപ്പെട്ടെങ്കിലും ആ ചിത്രം ആരു കര്‍സ്ഥമാക്കി എന്ന് അറിയില്ല. ചിത്രകാരന്റെ നഷ്ടപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തിലെ ഒന്നാണിത്‌.

Wednesday, June 27, 2007

കോമ്രേഡ്‌-പെയിന്റിംഗ്‌


1993ല്‍ വരച്ച ഓയില്‍ പെയിന്റിംഗ്‌.
ഒരു വണ്മന്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.
50x50 സി എം വലിപ്പം.
കാന്‍വാസില്‍ ഓയില്‍ പെയിന്റിംഗ്‌.
ഇതില്‍ ഏതോ വീക്കിലിയില്‍ മുഖച്ചിത്രമായി വന്ന ഇ എം എസ്സിന്റെ ഫോട്ടോ അതേപടി വെട്ടിയെടുത്ത്‌ ഒട്ടിച്ചിട്ടുണ്ട്‌.
ചിത്രത്തിന്റെ വലത്തേ മൂലയില്‍ ചെങ്കൊടി പിടിച്ച വാമനനേയും കാണാം.
ഇതിന്റെ ഒറിജിനല്‍ പെയിന്റിംഗ്‌ .... ചിത്രത്തിനു സൌന്ദര്യം പോരെന്നു തോന്നിയ ഒരു നിമിഷത്തില്‍ കത്തികൊണ്ട്‌ കുത്തിക്കീറി സ്വയം നശിപ്പിച്ചു. ഒരു ഫോട്ടോ അവശേഷിച്ചിരുന്നത്‌ ബ്ലൊഗിലിടുന്നു.

Sunday, June 17, 2007

വസ്ത്രാക്ഷേപം


ഇതു നഗ്നതയെക്കുറിച്ചുള്ള പെയിന്റിങ്ങല്ല.. ജീര്‍ണിച്ച രാഷ്ട്രീയത്തെക്കുറിച്ചുള്ള ഒരു ഓയില്‍ പെയ്ന്റിംഗാണ്‌.ചിത്രകാരന്റെ ന്യൂസ്‌പേപ്പര്‍ എന്ന ചിത്രത്തിന്റെ ഒരു തുടര്‍ച്ചയായ ചിത്രമാണിത്‌. 1990 ല്‍ വരച്ച വസ്ത്രാക്ഷേപം എന്ന ഈ ചിത്രത്തിന്റെ ഒരു ഫോട്ടോ മാത്രമേ ചിത്രകാരന്റെ കൈവശമുള്ളു. തിരുവനന്തപുരത്തെ ഗവണ്‍മന്റ്‌ കോളേജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്സിലെ നാലുവര്‍ഷ BFA ഡിഗ്രീ കോഴ്സിന്റെ അവസാന വര്‍ഷ പരീക്ഷക്കുള്ള ഉത്തര കാന്‍വാസാണ്‌ ഈ ചിത്രം. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ കാന്‍വാസില്‍ ചിത്രകാരന്‍ വരച്ച ഈ ചിത്രത്തിന്റെ ഒറിജിനല്‍ ലഭിക്കില്ല. രാഷ്ട്രീയത്തിന്റേയും അധികാരത്തിന്റേയും വൃത്തിഹീനമായ മുഖം വരക്കാന്‍ പാണ്ഡവരുടെ ചില ബിംബങ്ങള്‍ ചിത്രകാരന്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.(ഈ ചിത്രത്തില്‍ സ്വന്തം മനസ്സിലെ പുണ്ണുകാരണം ആര്‍ക്കെങ്കിലും അശ്ലീലം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവര്‍ ഉടുപ്പില്ലാതെ ജനിക്കുന്ന മനുഷ്യക്കുഞ്ഞുങ്ങളെകണ്ട്‌ ഉദ്ദരണവും ഓര്‍ഗാസവും അനുഭവിക്കുന്ന കൂട്ടത്തിലായിരിക്കുമെന്ന് സവിനയം അറിയിക്കട്ടെ)

Saturday, June 2, 2007

"കുപ്പായമില്ലാത്ത യാത്രക്കാരന്‍"


ഷര്‍ട്ടിടാത്ത ഒരു യത്രക്കാരന്റെ ഓയില്‍ പെയിന്റിംഗ്‌. 1990 ല്‍ വരച്ചത്‌. കാത്തുനില്‍പ്പിന്റേതായ ഒരു മാനസ്സികാവസ്ഥയില്‍നിന്നും ജന്മമെടുത്ത ചിത്രം.ഇതില്‍ ഒരു ബസ്സിന്റെ നംബറായി കൊടുത്തിരിക്കുന്നത്‌ അക്കാലത്ത്‌ ചിത്രകാരന്‍ ഉപയോഗിച്ചിരുന്ന ഒരു ടൂവീലറിന്റെ രജിസ്റ്റേഷന്‍ നംബറാണ്‌. (തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ്‌ കോളേജിലെ പഠനവും, രാത്രി പത്രം ഓഫീസിലെ ജോലിയും കൂട്ടിയിണക്കാന്‍ ആ ടൂവീലര്‍ ചിത്രകാരനെ നന്നായി സഹായിച്ചിരുന്നു.)

"പൂണൂലിലെ താക്കോല്‍"



"പൂണൂലിലെ താക്കോല്‍" എന്ന ഈ ചിത്രം 1990 വരച്ച ഓയില്‍ പെയിന്റിഗ്‌ ആണ്‌. സെയ്സ്‌: 4' x 2'

Monday, May 28, 2007

വര്‍ഗ്ഗ സമരം

കണ്ണൂരില്‍ വന്നതുകൊണ്ടും കണ്ണൂരിലെ ആത്മാര്‍ത്ഥതയുള്ള നല്ല മനുക്ഷ്യരെ അറിഞ്ഞതിനാലും വരച്ചുപോയ ഒരു ചിത്രമാണിത്‌.
പാര്‍ട്ടിക്കു പുറത്തുപോകുന്ന മനുഷ്യന്‍ എത്രപെട്ടെന്നാണ്‌ വര്‍ഗ്ഗശത്രുവാകുന്നത്‌.
സ്വന്തം വര്‍ഗ്ഗത്തില്‍ തന്നെ നില്‍ക്കുംബോഴും, ആത്മബോധം വളര്‍ന്നതിനാല്‍ വര്‍ഗ്ഗനിര്‍വചനങ്ങളില്‍നിന്നും ആട്ടിയോടിക്കപ്പെടുന്നവന്‍ വര്‍ഗ്ഗത്താല്‍ വേട്ടയാടപ്പെടുന്നതിലെ ബുദ്ധിശൂന്യതയെക്കുറിച്ച്‌ ഓര്‍ക്കുംബോള്‍ ... കൊലക്കത്തികാണുംബോള്‍ ഒരുത്തനുണ്ടാകുന്ന തരത്തിലോരു ഇരംബല്‍ രക്തക്കുഴലുകളില്‍ നിറയുന്നു.
ഇന്നും ഈ ചിത്രത്തിനു മുന്നില്‍ വരുംബോള്‍ ഞാന്‍ 1995 ല്‍ ഈ ചിത്രരചനയിലൂടെ മനസ്സില്‍നിന്നും ഇറക്കിവച്ച മനസ്സിലെ വിഹ്വലതകളും,ധാര്‍മിക രോക്ഷവും എന്റെ പിടലിയിലെ രക്തക്കുഴലിലൂടെ തലച്ചോറിലേക്ക്‌ ഇരച്ചുകയറുന്നതായി അനുഭവപ്പെടുന്നു.
കക്ഷി രാഷ്ട്രീയത്തില്‍നിന്നും സുരക്ഷിതദൂരം പാലിച്ചുശീലിച്ച ചിത്രകാരന്‍ വര്‍ഗ്ഗത്തില്‍നിന്നും പുറന്തള്ളപ്പെടുന്ന ഹതഭാഗ്യനുമായി ആത്മാവുപങ്കുവക്കുന്നതുപോലെ ... കര്‍ക്കശമായ ഒരായുധത്തിന്റെ ശീല്‍ക്കാര ശബ്ദ്ത്തിനായി രോമകൂപങ്ങള്‍ ചെവികൂര്‍പ്പിക്കുന്നു.
ഒയില്‍ പെയ്ന്റിംഗ്‌ ഒണ്‍ ബോര്‍ഡ്‌. 1995 ല്‍ വരച്ചത്‌. സൈസ്‌: 5' x 4'

കേരള ചരിത്രം



കേരളത്തിന്റെ ചരിത്രത്തില്‍ ബുദ്ധമതത്തിന്റെ സ്വാധീനത്തെ ആരൊക്കെയോ തേച്ചുമായ്ച്ചു കളഞ്ഞിരിക്കുന്നു എന്ന തോന്നലില്‍ നിന്നും വരച്ച ഒയില്‍ പെയിന്റിംഗ്‌.മങ്ങിയ ബുദ്ധ പ്രതിമയുടെ പശ്ചാത്തലത്തില്‍ സര്‍വലൊകസുഖത്തിനെന്ന പേരില്‍ യാഗങ്ങളിലൂടെ ജന മനസ്സുകളെ മയക്കിയെടുക്കുന്ന ഭിക്ഷാടകരായ ബ്രാഹ്മണരേയും, പണ്ടത്തെ പൊലീസ്‌ തൊപ്പിയിട്ടതുപോലെ ഒരു കാര്‍ട്ടൂണ്‍ കിരീടവും വച്ച്‌ ബ്രാഹ്മണ്യത്തെ ശാപം പോലെ സ്വീകരിക്കുന്ന മഹാബലിയേയും വരച്ചിരിക്കുന്നു.ഇതിലൊരു കണ്ണാടി പ്രതിഷ്ടിച്ചിട്ടുണ്ട്‌. ചിത്രം കാണുന്ന പ്രേക്ഷകനെക്കൂടി ചിത്രകാരന്റെ ഭാഗമാക്കണം എന്ന ഉദ്ദേശത്തിലാണ്‌ കണ്ണാടി പ്രതിഷ്ടിച്ചതെങ്കിലും, കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ കണ്ണാടി പ്രതിഷ്ടയിലൂടെ ആത്മീയ വിപ്ലവം സൃഷ്ടിച്ച നാരായണഗുരുവുമായി കൂട്ടിവായിക്കപ്പെടുന്നു കണ്ണാടി.കണ്ണാടിയില്‍ തെളിയുന്നത്‌ ചിത്രകാരന്റെ മകന്റെ ചിത്രമാണ്‌. അതു കണ്ണാടിയാണ്‌ എന്നു ബോധ്യപ്പെടുത്താന്‍ ഫോട്ടോയെടുത്തപ്പോള്‍ മകനെ ഉള്‍പ്പെടുത്തിയെന്നു മാത്രം.ഈ ചിത്രം ഒരു കാര്‍ട്ടൂണ്‍ ഇലസ്റ്റ്രേഷന്റെ മാത്രം പ്രാധാന്യത്തോടെ മാത്രം ചിത്രകാരന്‍ സ്വയം വിലയിരുത്തുന്നു.1990 ല്‍ വരക്കപ്പെട്ടത്‌. (തിരുവനന്തപുരത്തുവച്ച്‌)സെയ്സ്‌: 2' x 2'

Sunday, May 27, 2007

കൃഷ്ണന്‍

കൃഷ്ണന്‍ ഏതൊരു ഇന്ത്യക്കാരനേയും പോലെ, ഒരുപക്ഷെ, അതില്‍കൂടുതല്‍ എന്നെ സ്വാധീനിച്ചിരിക്കുന്നു.
ഒന്നാം ക്ലസ്സില്‍... മണ്ടോടി സ്കൂളില്‍ നംബൂതിരിമാഷ്‌ എന്നെ സ്റ്റൂളില്‍കയറ്റിനിര്‍ത്തി(അവിടത്തെ സ്റ്റേജ്‌) എന്നെക്കൊണ്ട്‌ "കണികാണും നേരം കമലാനേത്രന്റെ..." എന്നു തുടങ്ങുന്ന കീര്‍ത്തനം പാടിച്ചതും.. അവസാനം സഭാകംബത്താല്‍ കരഞ്ഞുകൊണ്ട്‌ പാട്ടു മുഴുമിപ്പിച്ചതും... ഒരു കോപ്പിപുസ്തകം സമ്മാനമായി ലഭിച്ചതും ഈ കൃഷ്ണന്‍ കാരണമാണ്‌. എല്ലാവര്‍ഷവും ഗുരുവായൂരില്‍വച്ച്‌ പിറനാളാഗോഷിച്ചിരുന്ന ഞാന്‍ പത്താം ക്ലാസ്സെന്ന പാലം കടന്നതോടെ കൃഷ്ണന്റെ ദൈവീക രൂപം മനുക്ഷ്യന്റേതാക്കി പുതുക്കിപ്പണിതു.
ഒരു ആട്ടിടയനും ഓ ബി സി ക്കാരനുമായ യാദവകൃഷ്ണനെ മനസ്സില്‍ പ്രതിഷ്ടിച്ച്‌ ബ്രഹ്മണന്റെ പൂണൂലിട്ട കൃഷ്ണനെ ഞാന്‍ പുറത്താക്കി.
1993 ല്‍ വരച്ച ഓയില്‍ പെയ്ന്റിന്റിംഗ്‌

കുട്ടിക്കാലം childhood

കുട്ടിക്കാലത്ത്‌ പാല്‍ വിതരണത്തിന്റെ ചുമതലയും, പിന്നീട്‌ അനിയനെ പരിപാലിച്ചതിന്റെ ഒാര്‍മ്മയും , അയല്‍ക്കാരന്റെ വേലിയില്‍ നിന്നും ഊരിയെടുക്കുന്ന മുളവടികൊണ്ടുണ്ടാക്കുന്ന കൊക്കകൊണ്ടുള്ള ഡ്രൈവിങ്ങ്ജ്വരവും സമന്വയിപ്പിച്ചപ്പോള്‍ കുട്ടിക്കാലത്തിന്റെ മനോഹാരിത ചിത്രമായി അവതരിച്ചു. ഇതു വ്യക്തിപരമായ സന്തോഷം നല്‍കുന്ന ഒരു ചിത്രമാണ്‌. ഓയില്‍ പെയിന്റിംഗ്‌.

ന്യൂസ്‌ പേപ്പര്‍ oil painting

സമൂഹത്തെ വര്‍ത്തമാന പത്രങ്ങളിലൂടെ.. നോക്കിക്കാണുന്ന രീതിയില്‍ വരച്ചിരിക്കുന്ന ചിത്രമാണ്‌ ന്യൂസ്‌ പേപ്പര്‍ എന്ന ഈ ചിത്രം. അധികാരത്തിന്റെ സുരക്ഷക്കു കീഴിലെ കക്ഷിരാഷ്ട്രീയത്തിന്റെ നാണംകെട്ട അവിശുദ്ധ ബന്ധങ്ങളും,സവര്‍ണ സുഖലോലുപതയും, വരികള്‍ക്കിടയില്‍ വായിക്കാനാകുന്ന പത്രത്തിന്റെ ഒന്നാം പേജും, താരാരാധനയുടെ സ്പോര്‍ട്‌സ്‌ പേജും, ചരമവാര്‍ത്തക്കിടയില്‍പ്പോലും പൊങ്ങച്ചത്തിനിടം കണ്ടെത്തുന്ന മലയാളി മനസ്സും , പരസ്യങ്ങളിലെ പ്രലോഭനങ്ങളും ചിത്രകാരന്‍ കാണുന്നു. ഒരു പ്രമുഖപത്രത്തില്‍ ജോലി ചെയ്തിരുന്ന കാലത്തു വരച്ചതിനാല്‍ പ്രസിദ്ധീകരിക്കുന്നതും, പ്രസിദ്ധീകരിക്കാത്തതുമായ പത്രവാര്‍ത്തകളിലൂടെ സമൂഹത്തെ വായിക്കാന്‍ ഇടവന്നതുകൊണ്ട്‌ വരക്കപ്പെട്ട ചിത്രം. ചിത്രകാരന്റെ കാര്‍ട്ടൂണ്‍ വരയിലുണ്ടായിരുന്ന താല്‍പ്പര്യത്തിന്റെ ശേഷിപ്പുകള്‍ ഈ ചിത്രത്തില്‍ പ്രകടമായി കാണാം.1990 ല്‍ വരച്ച ഈ ഒയില്‍ പെയിന്റിംഗ്‌ 6' x 4' വലിപ്പത്തിലുള്ളതാണ്‌.

അയ്യപ്പന്‍:buddha

ചരിത്രത്തില്‍ തല്‍പ്പരകക്ഷികള്‍ വിഷം ചേര്‍ക്കുംബോള്‍ അതു രേഖപ്പെടുത്തുന്നതുിനായി വരച്ച ചിത്രമാണ്‍ അയ്യപ്പന്‍ എന്ന ഈ ഒയില്‍ പെയിന്റിംഗ്‌.
ബ്രഹ്മണ്യം കെട്ടുകഥകളിലൂടെയും സ്വര്‍ണപ്രശ്നം എന്ന തട്ടിപ്പുകളിലൂടെയും ബുദ്ധനെ ഒരു ഹിന്ദു ദൈവമായി മത പരിവര്‍ത്തനം ചെയ്തെടുത്തപ്പോള്‍ മലയാളിക്കു നഷ്ടപ്പെട്ട പാരംബര്യത്തിന്റേയും, സംസ്കാരത്തിന്റെയും അവശേഷിക്കുന്ന തെളിവാണ്‌ അയ്യപ്പന്‍.
http://chithrakaran.blogspot.com/2006/11/blog-post_23.html ശബരിമല: ഹിന്ദുക്ഷേത്രമോ ബുദ്ധവിഹാരമോ?

Monday, April 30, 2007

ചാണ്ടിച്ചേട്ടന്റെ ദുസ്വപ്നം... ..നര്‍മ്മ ഭാവന

കപ്യാര്‍ ചാണ്ടിച്ചേട്ടന്‍ നിലവിളിക്കാന്‍ ശ്രമിച്ചു.
ശബ്ദമുണ്ടായില്ല.
കിതപ്പു മാത്രം.
പിന്നെ, വിയര്‍ത്തു കുളിച്ച്‌ ഇടറുന്ന കാലുകളുമായി.. അരമനയിലേക്കോടി.
അച്ഛന്റെ കൂര്‍ക്കം വലി അതിന്റെ ഉച്ചാവസ്ഥയിലാണ്‌.

അച്ഛന്റെ ഉറക്കത്തിന്‌ ഭംഗം വരുത്തിയാലുണ്ടായേക്കാവുന്ന ഭവിഷ്യത്തുക്കളോര്‍ത്തപ്പോള്‍ ധൈര്യം വന്നില്ല.
ഒരു പക്ഷെ... തനിക്കു തോന്നിയതായിരിക്കും.- ചാണ്ടിച്ചേട്ടന്‍ തന്റെ ബോധത്തെ അവിശ്വസിക്കാന്‍ ശ്രമിച്ചു.അയാള്‍ ജീവിതത്തിലാദ്യമായി ആത്മാര്‍ത്ഥതയോടെ കര്‍ത്താവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു.

"കര്‍ത്താവെ, ഈ പാവം ചാണ്ടിയെ ഇങ്ങനെ പരീക്ഷിക്കരുതേ"

അരമന വാതിലില്‍ മുട്ടാനോങ്ങിയ കൈ പിന്‍വലിച്ച്‌ ,പള്ളിയിലേക്ക്‌ തിരിച്ചു നടന്നു.

വീണ്ടും കുരിശിനു മുന്നിലെത്തിയപ്പോള്‍ ചാണ്ടിച്ചേട്ടന്‍ നിന്നു വിറച്ചു.
കുരിശിലേക്ക്‌ നോക്കാന്‍ ധൈര്യം വരുന്നില്ല. കനത്ത ഭാരം കൊണ്ട്‌ തല മാറില്‍ അമര്‍ന്ന് വേദനയുണ്ടാക്കുന്നു. കണ്‍ പോളകള്‍ ആരോ വലിച്ചടക്കുന്നു.
ഒരു നിമിഷം.... ഹൃദയത്തിന്റെ മൂലയിലെവിടെയോ ഊറിക്കൂടിയ ശക്തി സംഭരിച്ച്‌ അയാള്‍ കുരിശ്ശിലേക്കു നോക്കി.

"എന്റെ കര്‍ത്താവേ"

ചാണ്ടിച്ചേട്ടന്‍ ഞെട്ടി... വീണ്ടും ഞെട്ടി.
കാരണം ചാണ്ടിച്ചേട്ടനു തെറ്റു പറ്റിയിട്ടില്ല -

സത്യമായും ദൈവപുത്രന്റെ അഭാവത്താല്‍ കുരിശ്ശ്‌ ശൂന്യമായിയിരിക്കുന്നു.
ശൂന്യമായ കുരിശ്‌ ചാണ്ടിച്ചേട്ടനെ ഭയപ്പെടുത്തി.ശൂന്യമായ കുരിശ്‌ കൈകള്‍ നീട്ടി ശുദ്ധനായ ചാണ്ടി ചേട്ടനു സ്വാഗതമോതി. ശൂന്യമായ കുരിശില്‍ ചാണ്ടിച്ചേട്ടനെ ചേര്‍ത്തമര്‍ത്തി കത്തനാരും, കമ്മിറ്റിക്കാരും ആണിയടിക്കുന്ന രംഗം ഒരു ദുസ്വപ്നത്തിലെന്നപോലെ ചാണ്ടിച്ചേട്ടന്റെ മനോമുകുരത്തില്‍ തെളിഞ്ഞു. തന്റെ പ്രിയതമ അന്നാമ്മ അതു കണ്ടു നില്‍ക്കുന്ന രംഗം കൂടിയായപ്പോള്‍ ചാണ്ടിച്ചേട്ടന്‌ ഒന്നിടവിട്ട്‌ ഞെട്ടാതിരിക്കാന്‍ തരമില്ലാതായി.

ഞെട്ടിക്കൊണ്ടു നിന്ന ചാണ്ടിച്ചേട്ടനു ദൈവാനുഗ്രഹത്താല്‍ വെളിപാടുണ്ടായി. വെളിപാടിന്റെ ധൈര്യത്തില്‍ അയാള്‍ കുരിശിനടുത്തേക്കു ചെന്നു.

ദൈവപുത്രന്റെ കാലില്‍ തറച്ചിരുന്ന ആണി താഴെ ചുവന്ന ഇനാമല്‍ പെയിന്റില്‍ കുളിച്ചു കിടക്കുന്നു.പതിവായി ആഴ്ച്ചപ്പതിപ്പുകളിലെ അപസര്‍പ്പക നോവല്‍ വായിക്കാറുള്ള ചാണ്ടിച്ചേട്ടന്‍ കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കി, അവസരത്തിനൊത്തുയര്‍ന്നു.
ചാണ്ടിച്ചേട്ടന്‍ നിലത്തോടു ചേര്‍ന്നു കിടന്നു. ദൈവ പുത്രന്റെ പാദരേണുക്കള്‍ പരിശോധിച്ച്‌ ദൈവപുത്രന്‍ പുറത്തുപോയ വഴി ഗണിച്ചുണ്ടാക്കി. ആ വഴിയിലൂടെ ചാണ്ടിച്ചേട്ടന്‍ ഇഴഞ്ഞു. വരാന്തയും,ചെമ്മണ്ണു പുരണ്ട നിരത്തും നീന്തി ദേശീയ പാത സന്ധിക്കുന്ന വിശാല വീഥിയിലെത്തി. മെര്‍ക്കുറി വിളക്കുകളുടെ പ്രഭയില്‍ കണ്ണുകള്‍ ദൈവപുത്രന്റെ നിഴലിനുവേണ്ടി അലഞ്ഞു.
അവസാനം.... ട്രാഫിക്‌ കുടക്കു കീഴിലിരുന്ന് തിരുമുറിവുകളില്‍ തുപ്പല്‍ പുരട്ടിക്കൊണ്ട്‌ ഖിന്നനായിരിക്കുന്ന ദൈവപുത്രനെ ചാണ്ടിച്ചേട്ടന്‍ കണ്ടുപിടിച്ചു.

ചാണ്ടിച്ചേട്ടനുവന്ന അരിശത്തിനു കണക്കില്ല.കാല്‍മുട്ടും, ഉള്ളം കയ്യും പൊട്ടി നീറ്റലടിക്കുന്നു.

"ഈ ചെക്കന്റെ ഓരോ തോന്നിവാസങ്ങള്‍ ... മനുഷ്യനെ മെനക്കെടുത്താന്‍..."


ദൈവപുത്രന്റെ കൈക്ക്‌ പിടിച്ചുവലിച്ചുകൊണ്ട്‌ ചാണ്ടിച്ചേട്ടന്‍ പള്ളിയിലേക്ക്‌ നടന്നു. തേങ്ങിക്കൊണ്ട്‌ ദൈവപുത്രനും. കളവു കാണിച്ചു നടക്കുന്ന സ്കൂള്‍ കുട്ടിയോട്‌ രക്ഷിതാവ്‌ ആജ്ഞാപിക്കുന്നതുപോലെ ചാണ്ടിച്ചേട്ടന്‍ ഉത്തരവിട്ടു:
" ഉം... കുരിശീകേറ്‌"

ദൈവപുത്രന്‍ കരഞ്ഞു.. തിരുമുറിവുകളിലേക്കും ചാണ്ടിച്ചേട്ടന്റെ മുഖത്തേക്കും മാറി മാറി നോക്കി. കൈത്തണ്ടകൊണ്ട്‌ ചീരാപ്പു തുടച്ചു.ചാണ്ടിച്ചേട്ടന്‍ കണ്ണുരുട്ടി. ഗത്യന്തരമില്ലാതായപ്പൊള്‍ ദൈവപുത്രന്‍ കുരിശില്‍ കയറി നിന്നു. ആണികളെല്ലാം യഥാസ്ഥാനത്ത്‌ ഉറപ്പിച്ചശേഷം ചാണ്ടിച്ചേട്ടന്‍ നെടുതായി നിശ്വസിച്ചു.പിന്നെ ദൈവത്തോടു പ്രാര്‍ത്ഥിച്ചു:

"കര്‍ത്താവേ, ഇങ്ങനൊരു പരീക്ഷണം ചാണ്ടീടെ ജീവിതത്തിലാദ്യ.... ഈ കുഞ്ഞാടിന്റെ കഞ്ഞിമുട്ടിക്കല്ലെ"

ചാണ്ടിച്ചേട്ടന്‍ പ്രഭാത കുര്‍ബാനക്കുള്ള മണി മുഴക്കി.

ദൈവപുത്രന്റെ മുറിവുകളില്‍നിന്നും പതിവുപോലെ രക്തമൊലിച്ചു.
കണ്ണില്‍ നിന്നും ചുടുനീരുറവ ഒഴുകി.

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഇന്ത്യ സ്വതന്ത്രയായിരുന്നു...

ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ആര്‍ക്കുവേണ്ടിയായിരുന്നു?
ഈ ചോദ്യം ചോദിക്കാനുള്ള കാരണം പറയാം.

സ്വാതന്ത്ര്യത്തിനു ശേഷം 60 വര്‍ഷം പിന്നിട്ടിട്ടും, ഇന്ത്യന്‍ ജനതയുടെ 90 ശതമാനവും തങ്ങളുടെ കുലത്തൊഴിലുകളുടെ നുകത്തിനു കീഴിലും, സമൂഹത്തിന്റെ ജാതീയമായ നീരാളിപ്പിടുത്തത്തിനു കീഴിലും, അപമാനകരമായ പാരതന്ത്ര്യം അനുഭവിക്കുന്നവരായി ശേഷിക്കുന്നു എന്ന സത്യം, നമ്മുടെ സ്വാതന്ത്ര്യസമരത്തെ വിമര്‍ശന വിധേയമാക്കാന്‍ പ്രേരിപ്പിക്കുന്നു.

60 വര്‍ഷം മുമ്പ്‌ നാം നേടിയെന്നു പറയുന്ന സ്വാതന്ത്ര്യം ഒറ്റക്ക്‌ പുഴുങ്ങി തിന്നതാരാണ്‌?
ഇന്ത്യന്‍ ജനതയിലെ നാലോ അഞ്ചോ ശതമാനം വരുന്ന ബ്രാഹ്‌മണര്‍ക്കും, നാടുവാഴികള്‍ക്കും, അവരുടെ ജാരസംസര്‍ഗ്ഗത്താല്‍ ഉയര്‍ത്തപ്പെട്ട്‌ സവര്‍ണ്ണജാതിപ്പട്ടം ലഭിച്ച ന്യൂനപക്ഷത്തിനും മാത്രമായി ഇന്ത്യയുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തിയിരിക്കുന്നു.
എന്നാല്‍ ഈ അപൂര്‍ണ്ണമായ സ്വാതന്ത്ര്യം നമുക്ക്‌ സത്യത്തില്‍ അനാവേശ്യമായിരുന്നു;എന്നു മാത്രമല്ല; അപകടകരം കൂടിയായിപ്പോയി ഇന്ത്യയുടെ സ്വാതന്ത്ര്യം!


വെള്ളക്കാരന്‍ ഇന്ത്യയിലേക്ക്‌ വന്നത്‌ ഒരു ദൈവദൂതനെപ്പോലെയാണ്‌.
ഇതു പറയുന്നത്‌ 250 വര്‍ഷം മുന്‍പുള്ള ഇന്ത്യയുടെ സാമൂഹ്യമായ അധപതന കാലത്തെ നന്നായി മനസ്സിലാക്കിയതുകൊണ്ടാണ്‌.

ബ്രാഹ്‌മണരും നാടുവാഴികളും അവരുടെ ജാരസന്തതികളായ മറ്റു സവര്‍ണ്ണരും കൂടി ഭൂരിപക്ഷമായ കൃഷിക്കാരന്റെയും തൊഴിലാളികളുടെയും ചോരയൂറ്റിക്കുടിച്ചുകൊണ്ടിരുന്ന ആ പ്രാകൃത കാലത്തെ ഒന്നോര്‍ത്തുനോക്കൂ!

ഭക്തിപ്രസ്‌ഥാനത്തിന്റെ ഭാഗമായി നിലവില്‍ വന്ന രണ്ടായിരം വര്‍ഷക്കാലത്തെ ആ അടിമ സംസ്‌കൃതിയിലേക്ക്‌ സ്വാതന്ത്ര്യത്തിന്റെ ശംഖദ്വനിയുമായി കടന്നുവന്ന ബ്രിട്ടീഷുകാരന്‍ ഹിന്ദു പുരാണങ്ങളില്‍ കാണുന്ന ഏത്‌ ദൈവത്തെക്കാളും ശക്തനായ ദൈവതുല്യനാണ്‌.

ബ്രിട്ടീഷുകാരന്റെ മതം എന്തോ ആയിക്കൊള്ളട്ടെ, അവന്റെ ഭാഷ ഏതോ ആയിക്കൊള്ളട്ടെ ,അവന്‍ ഒരു പക്ഷേ ഇന്ത്യയെ കൊള്ളയടിച്ചിരിക്കാം.
എങ്കിലും, കോമാളിക്കളി പോലുള്ള ബിംബാരാധനതൊട്ട്‌ , താത്വികമായ അദ്വൈദം വരെ ഛര്‍ദ്ദിക്കുന്ന ഏതു ശങ്കരാചാര്യന്‍ നമ്പൂതിരിപ്പാടിനെക്കാളും മനുഷ്യത്വമുള്ളവനായിരുന്നു ബ്രിട്ടീഷുകാരന്‍!

ബ്രിട്ടീഷുകാരന്റെ കൈയില്‍ ആയുധങ്ങള്‍ക്ക്‌ ക്ഷാമമില്ലായിരുന്നു.
ഇന്ത്യക്കാരെ ബ്രാഹ്‌മണനെപ്പോലെ സര്‍വ്വകാലവും തങ്ങളുടെ അടിമകളാക്കുന്നതിനായി ബ്രിട്ടീഷുകാര്‍ക്ക്‌ പുരാണങ്ങള്‍ രചിക്കാമായിരുന്നു.

മുഗളന്മാരെയും, ടിപ്പുവിനെയും പോലെ സര്‍വ്വരെയും മത പരിവര്‍ത്തനം നടത്തി തങ്ങളുടെ ഇച്ഛാനുവര്‍ത്തികളാക്കമായിരുന്നു.
എന്നിട്ടും, ബ്രിട്ടിഷുകാരന്‍ അതൊന്നും ചെയ്യാതെ ... ഇന്ത്യയില്‍ കോടതികള്‍ സ്‌ഥാപിച്ചു.
എന്തിനാണ്‌ ഈ കോടതികള്‍?!
ഏത്‌ യോഗ്യനെ വേണമെങ്കിലും കോടതിയുടെ ആവശ്യമില്ലാതെ തന്നെ ഇന്ത്യലെ ഏത്‌ ഭരണാധികാരിക്കും കൊല്ലാനുള്ള അവകാശമുണ്ടായിരുന്നല്ലോ.

അതെ, ബ്രിട്ടീഷുകാര്‍ വിഡ്ഢികളാണ്‌.
ബ്രിട്ടീഷുകാരന്‍ എന്തിനാണ്‌ ഇത്ര പ്രയാസപ്പെട്ട്‌ ഇന്ത്യ മുഴുവന്‍ നൂറ്റാണ്ടുകളെ വെല്ലുന്ന പാലങ്ങളും, റോഡുകളും, റെയില്‍ പാളങ്ങളും പണിതത്‌?
ബ്രിട്ടീഷുകാരനു പറ്റിയ മറ്റു പല വിഡ്ഢിത്തങ്ങള്‍!!

അന്ന്‌ ബ്രിട്ടീഷുകാരന്‍ കല്‍പ്പിച്ചാല്‍ ഏത്‌ മുന്തിയ ക്ഷത്രിയനും,വിളക്കിത്തല നായരും, പട്ടരും ബ്രിട്ടീഷുകാരന്റെ ചുമട്ടുകാരനായി എത്ര ചാക്ക്‌ കുരുമുളക്‌ വേണമെങ്കിലും ബ്രിട്ടീഷുകാരന്റെ കപ്പലിലെത്തിച്ചു കൊടുക്കുമായിരുന്നല്ലോ!

വിക്രമാദിത്യന്റെ മയൂരസിംഹാസനം ഇന്ത്യയില്‍ വന്ന്‌ കൊള്ളയടിക്കാനായി ബ്രിട്ടീഷുകാരന്‌ റോഡും പാലവും തീവണ്ടിയും ഭാരതമാതാവിനു സമര്‍പ്പിക്കേണ്ട ഗതികേടൊന്നുമില്ലായിരുന്നു.

എന്തു ചെയ്യാം, അവര്‍ തൊലിവെളുത്തവരാണെങ്കിലും കുബുദ്ധിയില്ലാത്തവരായിരുന്നു.
അതു കൊണ്ടാണല്ലോ നാട്ടുകാരെ മുഴുവന്‍ ജാതിഭേദമില്ലാതെ ഇംഗ്ലീഷ്‌ പഠിപ്പിച്ച്‌ , എന്താണ്‌ രാജഭരണം?
എന്താണു ജനാധിപത്യം?
എന്താണ്‌ മനുഷ്യാവകാശം?
എന്താണ്‌ ഗവണ്മെന്റ്‌?
എന്നെല്ലാം നമ്മുടെ തലക്കകത്തേക്ക്‌ കോരി ഒഴിച്ചുതന്നത്‌.

നമ്മുടെ ഇറച്ചിവെട്ടുകാരന്‍ പരശുരാമന്‍ നമ്പൂതിരിയോട്‌ ഒന്ന്‌ അരുളി ചെയ്‌തിരുന്നെങ്കില്‍ തനിക്കു താഴെയുള്ള സകലമാനജാതി ഇന്ത്യക്കാരുടെയും തലയറുത്ത്‌ വിക്‌ടോറിയ രാജ്നിയുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ച്‌ നമ്പൂതിരി സാഷ്‌ടാഗം പ്രണമിക്കുമായിരുന്നില്ലെ?

പകരമായി നസ്രാണി ദൈവങ്ങളെ പൂജിക്കാനുള്ള കുത്തകാവകാശം ബ്രാഹ്‌മണര്‍ക്ക്‌ പതിച്ചു നല്‍കിയാല്‍ രാജ്ഞിയെ തിരുമേനി അനുഗ്രഹിക്കുകയും ചെയ്‌തേനെ!

എന്തു ചെയ്യാം ബ്രിട്ടീഷുകാരന്റെ സംസ്‌ക്കാരവും രാജഭക്‌തിയിലെ സത്യസന്ധതയും അവരെ (ഇന്ത്യക്കാരെ) ശക്‌തരാക്കാനും ബ്രിട്ടീഷുകാരനെതിരെ നന്ദിയില്ലാത്ത സ്വാതന്ത്ര്യ സമരം നയിക്കാനും പ്രേരിപ്പിച്ചു.


രണ്ടായിരം വര്‍ഷം മുമ്പ്‌ ഇന്ത്യക്കാരന്‍ സംസ്‌ക്കാരസമ്പന്നനായി വാണരുളുന്ന കാലത്ത്‌ മധ്യധരണ്യാഴിയില്‍ ചൂണ്ടയിട്ട്‌ കഷ്‌ടിച്ച്‌ ഉപജീവിച്ചിരുന്ന ബ്രിട്ടീഷുകാരന്‍ സംസ്‌ക്കാരസമ്പന്നനാവുകയും ഇന്ത്യക്കാരന്‍ സംസ്‌ക്കാരം നഷ്‌ടപ്പെട്ട്‌ അടിമത്വത്തിലേക്കും അന്ധതയിലേക്കും കൂപ്പുകുത്തുകയും ചെയ്‌തതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്‌?

ബുദ്ധദര്‍ശനത്തിനും അശോകചക്രവര്‍ത്തിക്കും എതിരായി ഭാരതത്തില്‍ രൂപംകൊണ്ട ഭക്തിപ്രസ്‌ഥാനമെന്ന ബ്രാഹ്‌മണ നാടുവാഴി കൂട്ടുകെട്ടിന്റെ ഫലമായി വിഷലിപ്‌തമായ ഇന്ത്യന്‍ സംസ്‌ക്കാരം നിര്‍ജ്ജീവമാകുകയും രോഗഗ്രസ്‌ഥമായ ഭാരതത്തിന്റെ ശരീരത്തിലേക്ക്‌ പുത്തന്‍ രോഗാണുക്കളെപ്പോലെ സംസ്‌ക്കാരശൂന്യരായ അടിമകളും , മുഗളരും ചേക്കേറുകയും ചെയ്‌തു.

എന്തുകൊണ്ട്‌ നാം നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമായ ആയിരക്കണക്കിന്‌ ബുദ്ധവിഹാരങ്ങളും ക്ഷേത്രങ്ങളും തല്ലിയുടച്ച്‌, പീരങ്കികൊണ്ട്‌ തവിടു പൊടിയാക്കി അതിക്രമിച്ചു വന്ന വിദേശികളായ മുസ്ലീം ഭരണാധികാരികള്‍ക്കെതിരെ സ്വാതന്ത്ര്യസമരം നടത്തിയില്ല?

നമ്മുടെ സഹോദരിമാരുടെയും, അമ്മയുടെയും, ഭാര്യയുടെയും പാതിവ്രത്യം കവര്‍ന്ന്‌ വാള്‍മുനക്കുമുന്നില്‍ നിര്‍ത്തി മതം മാറ്റി സാമ്രാജ്യം വിസ്‌തൃതമാക്കിയ ആ അപരിഷ്‌കൃത ഭരണാധികാരികള്‍ക്കെതിരെ ആരുടെയുംദേശസ്‌നേഹം എന്തുകൊണ്ടാണ്‌ പൊട്ടി ഒഴുകാതിരുന്നത്‌.?

പാരതന്ത്ര്യം മാനികള്‍ക്ക്‌ മൃതിയെക്കാള്‍ അന്ന്‌ ഭയാനകമായിരുന്നില്ലേ!

സത്യമിതാണ്‌,

ഇന്ത്യന്‍ ജനതയെ അപേക്ഷിച്ച്‌ വളരെ പ്രാകൃതരായ മുസ്ലീം ഭരണാധികാരികള്‍ ഇന്ത്യന്‍ ജനതയെ ബോധവല്‍ക്കരിക്കുകയല്ല ചെയ്‌തത്‌.

അവര്‍ നാട്ടില്‍ വിതച്ചത്‌ റെയില്‍പാളങ്ങളും, സ്‌കൂളുകളും, ആശുപത്രിയും, കോടതിയും, പോലീസ്‌ സ്‌റ്റേഷനും അറിവിന്റെ ഭാഷയായ ഇംഗ്ലീഷുമായിരുന്നില്ല.
മറിച്ച്‌ സംഘടിതവും വര്‍ഗ്ഗിയവുമായ ഒരു മതമായിരുന്നു.
തങ്ങളുടെ വിശ്വാസത്തിനെതിരെ ഉരിയാടുന്ന എന്തിനെയും കാഫിറായി കാണുന്ന അസഹിഷ്‌ണുതയുടെ മതമായിരുന്നു അവരുടെ മുഖ്യ ആയുധം.

മതവും വര്‍ഗ്ഗബോധവും തീണ്ടാതെ ബ്രാഹ്‌മണന്റെ വിഷമേറ്റു ബോധമറ്റു കിടന്ന ഇന്ത്യന്‍ ജനതയെ മുസ്ലീം ഭരണാധികാരികള്‍ കീഴ്‌പ്പെടുത്തിയപ്പോള്‍ സ്വാതന്ത്ര്യം വേണമെന്ന്‌ ആര്‍ക്കും തോന്നിയില്ല.

യഥാര്‍ത്ഥത്തില്‍ ഇരുട്ടിന്റെയും സംസ്‌ക്കാര ശൂന്യതയുടെയും ഇരുണ്ട ആ യുഗത്തില്‍ നിന്നല്ലേ ഭാരതീയന്‌ പ്രകാശത്തിന്റെയും,സംസ്‌കൃതിയുടെയും സ്വാതന്ത്ര്യം ആവശ്യമായിരുന്നത്‌.

ആ ഇരുണ്ട യുഗത്തിന്‌ ഒരു പരിസമാപ്‌തി നല്‍കിയ ബ്രിട്ടീഷുകാരുടെ ആഗമനത്തെയാണ്‌ ഞാന്‍ സ്വതന്ത്രയായി മനസ്സിലാക്കുന്നതും ആദരിക്കുന്നതും.

ബ്രാഹ്‌മണന്‍ ഈയ്യമൊഴിച്ച്‌ കരിച്ചു കളഞ്ഞ എന്റെ ചെവിയുടെ കേള്‍വിയും,
ബ്രാഹ്‌മണന്റെ ചവിട്ടേറ്റ്‌ വികൃതമായ എന്റെ മുഖവും,
കുലത്തൊഴിലിന്റെ നുകം പേറി കരിങ്കല്ലായിത്തീര്‍ന്ന എന്റെ ചുമലുകളും,
അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഭാരതത്തിന്റെ സാംസ്‌ക്കാരിക ചൈതന്യം പേറുന്ന എന്റെ പൊള്ളുന്ന ജീവ കോശങ്ങളും,
ജാതിയുടെ വിലങ്ങുകളാല്‍ ബന്ധിച്ച എന്റെ കൈകാലുകളും
ബ്രിട്ടീഷുകാരന്റെ ആഗമനത്തോടെ പ്രപഞ്ച മാനവികതയുമായി ഏകീഭവിച്ചിരിക്കുന്നു.
ഇതിനെ തന്നെയാണ്‌ ഞാന്‍ സ്വാതന്ത്ര്യമെന്ന്‌ വിളിക്കുന്നത്‌.

കാരണം, മനുഷ്യന്റെ ഏറ്റവും വലിയ സ്വാതന്ത്ര്യം മനസ്സിന്റെ സ്വാതന്ത്ര്യമാണ്‌.
പക്ഷേ , ആ സ്വാതന്ത്ര്യം 1947 മുതല്‍ നഷ്‌ടപ്പെട്ട്‌ തുടങ്ങിയിരിക്കുന്നു.

ഇന്നത്തെ ഇന്ത്യക്കാരന്റെ രണ്ടായിരം വര്‍ഷം പഴക്കമുള്ള അടിമ മനസ്സിനു വേണ്ടത്‌ ആരാധനാമൂര്‍ത്തികളെയാണ്‌.
ലോകചരിത്രത്തില്‍ തങ്ങളുടെ പേരെഴുതിചേര്‍ക്കാനായി ചില സവര്‍ണ സംബന്ന കുടുംബങ്ങള്‍ വളരെ ത്യാഗങ്ങള്‍ സഹിച്ചിരുന്നു.
പക്ഷേ ഈ ത്യാഗങ്ങളൊന്നും ഇന്ത്യക്കാരന്‌ വേണ്ടായിരുന്നു.
കാരണം, അവന്റെ ആകാശം പരിമിതപ്പെടുത്താനേ ഇവരുടെ ത്യാഗങ്ങള്‍ ഉപകരിച്ചുള്ളൂ.

ബ്രിട്ടീഷുകാരന്‍ കുറച്ചുകാലം കൂടി ഇന്ത്യ ഭരിച്ചിരുന്നെങ്കില്‍ ഇന്നത്തെ അമേരിക്കയുടെ സ്‌ഥാനത്ത്‌ ഇന്ത്യയുമുണ്ടായേനെ!
എങ്കിലും ബ്രിട്ടീഷുകാരെ....
നിങ്ങള്‍ക്ക്‌ നന്ദി!!
ഞങ്ങളെ മനുഷ്യരാക്കിയതിന്‌,
ബ്രാഹ്‌മണന്റെ രക്തദാഹത്തില്‍ നിന്നും അല്‍പ്പസമയത്തേക്കെങ്കിലും മോചനം നല്‍കിയതിന്‌!! ഞങ്ങള്‍ക്ക്‌ ലോക ഭാഷയും, നിങ്ങളുടെ സംസ്കാരത്തിന്റെ തണലും നല്‍കി അനുഗ്രഹിച്ചതിന്‌.
ഞങ്ങള്‍ക്ക്‌ കോടതിയും, റെയില്‍ വെയും, പോസ്‌റ്റോഫീസും, സ്കൂളുകളും തന്ന്‌ നാഗരികരാക്കിയതിന്‌.


സ്വാതന്ത്ര്യ സമരമെന്ന തെമ്മാടിത്തത്തിന്‌ ഞങ്ങളോട്‌ പൊറുക്കുക.
നിങ്ങള്‍ നല്‍കിയ ഒരു തരി വെളിച്ചം അയ്യായിരം വര്‍ഷം പഴക്കമുള്ള ഞങ്ങളുടെ പൊലിഞ്ഞുപോയിരുന്ന സംസ്‌ക്കരത്തെ വീണ്ടും ജ്വലിപ്പിച്ചിരിക്കുന്നു.
നന്ദി നന്ദി...




(സ്നേഹത്തിന്റെ പേരില്‍ ചിത്രകാരനുവേണ്ടി വഴക്കുകേള്‍ക്കാന്‍ തയ്യാറായിവന്ന ഒരു സുഹൃത്തിന്‌ തല്‍ക്കലത്തേക്ക്‌ കല്ലേറ്‌ തടയാന്‍ ചിത്രകാരന്‍ നല്‍കിയ ഒരു പരിചയായിരുന്നു ഈ ലേഖനം. ചിത്രകാരന്‍ ഏറ്റവും വെറുക്കുന്ന ഒരു പേരിനു താഴെ ഈ ലേഖനം സ്ഥിരമായി ഇരിക്കുന്നതില്‍ വല്ലാത്തൊരു മനപ്രയാസമുള്ളതിനാല്‍ മഹാവിഷ്ണുവില്‍നിന്നും ലേഖനം തിരിച്ചു വാങ്ങുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഈ ലേഖനം പേജുമ്മെക്കറിലും, ഇപ്പോള്‍ യുണികോഡിലും കംബൊസ്‌ ചെയ്തുതന്ന എന്റെ സ്റ്റാഫിനോടും, എനിക്കുവേണ്ടി ചീത്തകേട്ട(മഹാവിഷ്ണു) സുഹൃത്തിനോടും നന്ദി പറയുന്നു.)