Thursday, May 3, 2012

ഗോത്രായനം ആദിവാസി മഹോത്സവം

ദേശീയ ആദിവാസി മഹോത്സവം എന്നൊക്കെയാണ് സര്‍ക്കാരിന്റെ പരസ്യവാചകമെങ്കിലും കേരളത്തിനു പുറത്തു നിന്നുള്ള ആദിവാസികളൊന്നുമില്ല.  ഗോത്രായനം മഹോത്സവ ഒരുക്കങ്ങളൊന്നുമില്ലെങ്കിലും, വള്ളിയൂര്‍ക്കാവിലമ്മയുടെ കാവും, ചരിത്രമുറങ്ങുന്ന മൈതാനവും മഹത്തരമായ കാഴ്ച്ചയുടെ വിശാലതയാണ്.  ഒന്നുരണ്ടു പ്രാവശ്യം ഇതിലെ കടന്നു പോയപ്പോള്‍ വീണ്ടും കാണാന്‍ കൊതി തോന്നിയിരുന്നു. കാവിന്റെ മൈതാനത്തെ കണ്ണുകുളിര്‍ക്കേ കണ്ട് കടന്നുപോകുന്ന റോഡിന്റെ മറുവശത്ത് മനോഹരമായ ഒരു പുഴ !! എന്തൊരു രസകരമായ കാഴ്ച്ച !!!  ഇന്നലെ വൈകീട്ട് ഒരു വെളിപാടുണ്ടായി, ഇന്നു രാവിലെ കണ്ണൂരില്‍ നിന്നും യാത്ര പുറപ്പെട്ടതാണ്. മനോജ് പട്ടേട്ട് തന്റെ പുഷ്പ്പകവിമാനവുമായി വന്ന് ചിത്രകാരനെ വള്ളിയൂര്‍ക്കാവിലമ്മയുടെ സന്നിധിയില്‍ എത്തിക്കുകയായിരുന്നു.

ഗോത്രായനം എന്നു പേരിട്ടിരിക്കുന്ന ആദിവാസി മഹോത്സവം വള്ളിയൂര്‍ കാവ് മൈതാനത്ത് ഇന്നലെ, ഏപ്രില്‍ 30 നാണ് ആരംഭിച്ചത്. മെയ് നാലുവരെ നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ദേശീയ ആദിവാസി സമൂഹങ്ങളുടെ കലാസാംസ്ക്കാരിക സംഘങ്ങളും പങ്കെടുക്കുമെന്ന് കേട്ടു. ഗോത്രായന പരിസരത്ത് കുറച്ചു സമയം ചിലവിട്ട ചിത്രകാരന്റെ ക്യാമറയില്‍ പതിഞ്ഞ കുറച്ചു ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു.

പ്രവേശന കവാടം. ആദിവാസികളുടെ കാര്യത്തില്‍ 
സര്‍ക്കാര്‍ ലുബ്ദു കാണിച്ചെന്ന് ആരും പറയില്ല :)
തുറസ്സായ ഒരു താല്‍ക്കാലിക ഓഡിറ്റോറിയം.
കാറുകള്‍ ആദിവാസികള്‍ വന്നതല്ല. ഈ മഹത്തായ ചരിത്രമുള്ള 
മൈതാനത്ത് പാര്‍ക്ക് ചെയ്യപ്പെടാന്‍ ഏതു കാറും മോഹിച്ചുപോകും.
അടുത്തകാലം വരെ ആദിവാസികളെ അടിമകളായി കന്നുകാലികളെപ്പോലെ 
വില്‍ക്കുകയും വാങ്ങുകയും ചെയ്തിരുന്ന വള്ളിയൂര്‍ക്കാവ് മൈതാനത്തിന്റെ 
ചരിത്രത്തെ വല്ലവരും ഓര്‍ക്കുന്നുണ്ടായിരിക്കുമോ ? ഹേയ്.... എവട്ന്ന് !!
രണ്ടാമത്തെ ഓഡിറ്റോറിയം. രണ്ട് ഓഡിറ്റോറിയത്തിലും ഒരേ സമയം ആദിവാസി പ്രതിനിധികള്‍ക്കായി ക്ലാസുകളും പ്രസംഗങ്ങളും നല്‍കിക്കൊണ്ടിരിക്കുന്നു.
ആദിവാസി ക്ഷേമ പ്രവര്‍ത്തകരായ ഉദ്ദ്യോഗസ്തര്‍ക്കിടയില്‍ ആത്മാര്‍ത്ഥതയും മനുഷ്യസ്നേഹം കൂടിയ കുറച്ചുപേരെങ്കിലുമുണ്ട്.
വ്യാപാര സ്റ്റാളുകളും, വിദ്യാഭ്യാസ പ്രദര്‍ശനങ്ങളും ആദിവാസികള്‍ നിര്‍മ്മിച്ച ഉത്പ്പന്നങ്ങളും ലഭ്യം.

വര ആളുകൂടുന്നിടത്തെ ഒരു കൌതുകമായി ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു.
ആദിവാസി കുടിലുകളുടെ മാതൃകകള്‍... ആദിവാസി ജീവിതത്തെക്കുറിച്ചുള്ള 
ഉപരിപ്ലവമായ ധാരണകള്‍ സത്യമെന്ന് കണ്ടു ബോധ്യപ്പെടാന്‍ ആഗ്രഹിക്കുന്ന പട്ടണവാസികള്‍ക്കായുള്ള ഒരു അണിയിച്ചൊരുക്കല്‍ !
ആദിവാസിയുടെ വിജ്ഞാനം സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നോ ചൈനീസ് മേളയില്‍ 
നിന്നോ കാശുകൊടുത്ത് വാങ്ങിയതായിരുന്നില്ലെന്ന് സാക്ഷ്യപ്പെടുത്താന്‍ ...
ആദിവാസി ജീവിതത്തില്‍ നിന്നും കണ്ടെടുത്ത ചില ഉപകരണങ്ങള്‍
ഇതെല്ലാം മിനഞ്ഞെടുക്കുന്ന മനസ്സുകള്‍ എത്ര മനോഹരമായിരിക്കും !

പട്ടണവാസികളായതിനാല്‍ മാത്രം പൊതുവാളന്മാരും, മാരാര്‍മാരും, ബഹുമാന്യരുമായിത്തീര്‍ന്നവര്‍
തങ്ങളുടെ ആദിവാസി പൈതൃകം തിരിച്ചറിഞ്ഞ് ആദിവാസികള്‍ തങ്ങളുടെ രക്തബന്ധുക്കളാണെന്ന സത്യം എന്നെങ്കിലും തുറന്നു പറയാനിടയുണ്ടോ ?


വായ് മൂടി എന്നൊരു ഉപകരണം കാണുന്നു. അത് എന്തിനായിരിക്കും ഉപയോഗിച്ചിരിക്കുക ?
ദ്രോണാചാര്യന്‍ നമ്പൂതിരിയൊക്കെ ഒരുകാലത്ത് ആദിവാസികളായിരുന്നു 
എന്ന് ഈ അമ്പും വില്ലും പറയുന്നുണ്ട്. :)
പശുവിന്റെ അകിടുപോലെ മ്നോഹരമായ ഒരു വാദ്യോപകരണം.
കെ.രാമന്‍, കൃഷിക്കാരനാണ്. സാധാരണ കൃഷിക്കാരനല്ല. ആദിവാസികള്‍ പാരമ്പര്യമായി ഉപയോഗിച്ചുവന്ന 70 ഓളം വ്യത്യസ്ത നെല്‍ വിത്തുകളില്‍ 35 എണ്ണം ഇപ്പോഴും നാമാവശേഷമാകാതിരിക്കാന്‍ എല്ലാ വര്‍ഷവും 35 ഇനം നെല്‍ വിത്തുകള്‍ തന്റെ ഒന്നരയേക്കര്‍ 
വയലില്‍ നിരന്തരം കൃഷി ചെയ്തുകൊണ്ടിരിക്കുന്ന ക്രാന്തദര്‍ശിയായ അസാധാരണ മനുഷ്യന്‍.
ഒരു വര്‍ഷം രാമന്‍ കൃഷി ചെയ്യാതിരുന്നാല്‍ അപൂര്‍വ്വ (ഔഷധമൂല്യം പോലുമുള്ള ) മായ കുറേ നെല്‍ വംശങ്ങള്‍ എന്നെന്നേക്കുമായി നമുക്ക് നഷ്ടമായേക്കും.
 എന്തിനു പേടിക്കണം ?? നമുക്കു അന്താരാഷ്ട്ര അന്തക വിത്തുടമയായ മോണ്‍സിഞ്ചോയുണ്ടല്ലോ.... !!!
35 നെല്ലിനങ്ങളുടെ വിത്തുകളും പേരെഴുത്തി നമ്പറിട്ട് കെ.രാമന്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുന്നു.
ചിന്താശേഷിയും സ്വാശ്രയ രാഷ്ട്രീയബോധവുമുള്ള ആരെങ്കിലും വിത്തുകളെ സംരക്ഷിക്കാനും പ്രചരിപ്പിക്കാനും വരുമെന്ന പ്രതീക്ഷയില്‍...
മൂന്നു മാസം മുതല്‍ 7 മാസം വരെ വിളവെടുപ്പു കാലമുള്ള വിത്തുകളുണ്ടിതില്‍.
ആയുര്‍വേദ ഔഷധക്കൂട്ടില്‍ ഉപയോഗിക്കുന്ന വിലപിടിപ്പുള്ള ഇനങ്ങളടക്കം.
ഈ അച്ഛന്റെ ഒരു ആത്മാര്‍ത്ഥത... നെല്‍ കൃഷിക്കു പുറമേ, പൊതു സ്ഥലങ്ങളില്‍ 
തണല്‍ വൃക്ഷ തൈ വച്ചുപിടിപ്പിക്കുന്ന മാനവികമായ ദുശീലവും
രാമേട്ടനുണ്ടെന്ന് പട്ടേട്ടില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. അരാഷ്ട്രീയതയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന നമുക്കൊന്നും ഈ മനുഷ്യനെ മനസ്സിലാക്കാനുള്ള കഴിവുണ്ടാകാനിടയില്ല.
മണിയന്‍ കുറിച്ച്യനാണ്. അഞ്ചു മിനിട്ടുകൊണ്ട് ചിത്രകാരന്റെ സുഹൃത്തായി മാറി.
തലേ ദിവസം ഒറ്റയാന്‍ ആന ഇറങ്ങിയതും, അഞ്ചെട്ട് വീടുകള്‍ നശിപ്പിച്ചതും, 
എരുമയെ മൃതപ്രായമാക്കിയതും , ... എല്ലാം വിശദീകരിക്കുകയാണ്. പത്താം ക്ലാസുവരെ 
പഠിച്ചിട്ടുണ്ട്. തുടര്‍ന്നു പഠിക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു.
പുഴ മനോഹരമാണ്. എന്നാല്‍, അപ്പുറത്തെവിടെയെങ്കിലും വല്ലവരും കുളിക്കുന്നുണ്ടെങ്കില്‍
മൊബൈലും ക്യാമറയും കൊണ്ടുള്ള സൌന്ദര്യാസ്വാദനം മാനഹാനിക്ക് ഹേതുവാകുമെന്നതിനാല്‍
മിതത്വം പാലിച്ചു.
ആദിവാസികളുടെ അമ്മയായ വള്ളിയൂര്‍ കാവിലമ്മയെയും സംഘികള്‍ വെറുതെ വിട്ടിട്ടില്ല.
കാവിനെ അവര്‍ ക്ഷേത്രമാക്കി ലേബലടിച്ചിരിക്കുന്നു... ഒരു കോണ്‍ക്രീറ്റ് കമാനത്തിലൂടെ.
എന്തൊരു രസമുള്ള കാവാണിത് !! മീനം 1 മുതല്‍ 14 ദിവസം ഉത്സവമാണത്രേ!
പൂജ നടത്തുന്നത് ഒരു നായരോ മറ്റോ ആണെന്ന് മണിയന്‍ പറഞ്ഞു. സ്ഥാനികളെല്ലാം ആദിവാസികള്‍ തന്നെ.

ഇത്തരമൊരു കല്‍ വിളക്ക് നെറ്റിലെ ഏതോ ഒരു പോസ്റ്റില്‍ കണ്ടത് ഓര്‍ക്കുന്നു.
ക്ഷേത്ര ശ്രീകോവില്‍ മഴവെള്ളത്തില്‍ മുങ്ങിപ്പോകുന്ന ദിവസം ആറാട്ടായി കൊണ്ടാടുന്ന
മധ്യകേരളത്തിലെ ഏതോ ഒരു കാവോ മറ്റോ ആണെന്നു തോന്നുന്നു.
ആദിവാസികളുടെ വള്ളിയൂര്‍ കാവിലമ്മയുടെ കാവില്‍ വിഗ്രഹങ്ങളും പ്രതിഷ്ഠകളുമൊന്നും കണ്ടില്ല.
അരൂപിയായ ദൈവത്തെ ബ്രാകറ്റിലാക്കി നിര്‍ത്താനയി ഒരു ഇരിപ്പിടം മാത്രം !
എട്ടുകാലികളെപ്പോലെയും പഴുതാരയെപ്പോലുമുള്ള ദൈവരൂപങ്ങളെ ആരാധിക്കുന്ന ബ്രാഹ്മണരുടെ സവര്‍ണ്ണ ഹിന്ദുമതത്തിനൊന്നും 
എത്തിച്ചേരാനാകാത്ത മഹനീയ ദാര്‍ശനിക ഗരിമ .
ഈ കാവില്‍ ഇനിയും വന്നുകൊണ്ടിരിക്കണം ... അത്രക്ക് മനോഹരമാണ് ഈ പ്രകൃതി !

Wednesday, April 18, 2012

കെ.വി.ഷൈനിന് ആദരാജ്ഞലികള്‍ !



chithrakaran:ചിത്രകാരന്‍ said...
ഷൈനിന്റെ വിയോഗവാര്‍ത്തയറിഞ്ഞ് ഏറണാകുളത്തുനിന്നും സുദേഷ്, നിസ്സഹായന്‍, പ്രഭാകരന്‍, മാഹിന്‍ തുടങ്ങിയ ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ രാവിലെത്തന്നെ തുറവൂരിലെത്തിച്ചേര്‍ന്നിരുന്നു. സംസ്ക്കാര ചടങ്ങുകളിലും അവര്‍ പങ്കെടുത്തു. ഏതാണ്ട് ഒരു മാസം മുന്‍പ് ഷൈനിനും, ഷൈനിന്റെ സുഹൃത്ത് സുവീഷിനുമൊപ്പം തൃശൂര്‍-കൊടുങ്ങല്ലൂര്‍ യാത്ര നടത്തിയതിന്റെ ഹൃദ്യാനുഭവം സജീവമായി നില്‍ക്കുമ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാത്ത ഈ വിയോഗവാര്‍ത്ത. ബ്ലോഗിലൂടെ ലഭിച്ച ആത്മാര്‍ത്ഥതയേറിയ സുഹൃത്തായിരുന്നു ഷൈന്‍. പ്രഫസര്‍ ജയപ്രകാശ്, പ്രഫസര്‍ വിജയകുമാര്‍, സുദേഷ് , വിഷ്ണു ചേകവര്‍, സുവീഷ് തുടങ്ങിയ നന്മനിറഞ്ഞ മനുഷ്യസ്നേഹികളോട് ചിത്രകാരന്‍ സംസാരിക്കാനും, പരിചയപ്പെടാനും ഇടവന്നിട്ടുള്ളത് ഷൈനിന്റെ സ്നേഹപൂര്‍ണ്ണമായ ഇടപെടലുകളായിരുന്നു. നെറ്റില്‍ ഒരിക്കലും ജനപ്രിയ മുഖം പ്രകടിപ്പിക്കാത്ത ചിത്രകാരനെ കുറച്ചുപേര്‍ക്കു മുന്‍പിലെങ്കിലും നല്ലവനാക്കാന്‍ ഷൈന്‍ ആത്മാര്‍ത്ഥമായി യത്നിച്ചിരുന്നു. ആ നിസ്വാര്‍ത്ഥമായ കരുതലിനോട് വേണ്ടവിധം കൃതജ്ഞത പറഞ്ഞ് കടം വീട്ടാന്‍പോലും അനുവദിക്കാതെ വിടപറഞ്ഞ ഷൈന്‍ ... അടച്ചുവക്കാനാകാത്ത സൌഹൃദ സ്മരണയായി ചിത്രകാരന്റെ മനസ്സില്‍ എന്നുമുണ്ടാകും. സൌമ്യനും മൃദുഭാഷിയുമായ ഷൈനിന്റെ അകാലവിയോഗത്തില്‍ ഏവരോടുമൊപ്പം ചിത്രകാരന്റേയും ആദരാജ്ഞലികള്‍.
ഗൂഗിള്‍ പ്ലസ്സിലെ ആദരാജ്ഞലിക്കുറിപ്പുകളുടെ പോസ്റ്റ് ലിങ്ക് ഫെസ്ബുക്കിലെ പോസ്റ്റിലേക്കുള്ള ലിങ്ക്. കേരള ബ്ലൊഗ് അക്കാദമിയിലെ ഡി.പ്രദീപ് കുമാറിന്റെ പോസ്റ്റിലേക്കുള്ള ലിങ്ക്.

Monday, December 26, 2011

കണ്ണൂരിലെ മാപ്പിളമാര്‍

കണ്ണൂരിലെ മുസ്ലീങ്ങളെ ചിത്രകാരന്‍ കാണാന്‍ തുടങ്ങിയിട്ട് ഏതാണ്ട് 18 വര്‍ഷമേ ആയിട്ടുള്ളു. അതിനു മുന്‍പ് മലപ്പുറം ജില്ലയിലെ മുസ്ലീം ജീവിതത്തെക്കുറിച്ചുള്ള സാമാന്യബോധമാണ് മലയാളികളായ മാപ്പിളമാരെക്കുറിച്ച് ചിത്രകാരന്‍ മുന്‍ വിധിയായി വച്ചുപുലര്‍ത്തിയിരുന്നത്.

കണ്ണൂരിലെ മുസ്ലീങ്ങളെ അടുത്തറിയാനുള്ള , അടുത്തിടപഴകാനുള്ള സാഹചര്യം അടുത്തകാലംവരെ (ഏഴു വര്‍ഷം മുന്‍പ് കണ്ണൂരില്‍ വീടുവച്ച് താമസിക്കുന്നതുവരെ) ഉണ്ടായിരുന്നുമില്ല. അതുകൊണ്ടുതന്നെ, മലപ്പുറത്തെ നാടന്‍ മാപ്പിളമാരോളം മഹത്വം കണ്ണൂരിലെ പൊതുവെ പൂര്‍വ്വികമായി സമ്പന്നരായ മാപ്പിളമാരോട് തോന്നിയിരുന്നില്ല. അതിനുള്ള പ്രത്യേക കാരണം കണ്ണൂരിലെ മാപ്പിളമാരെക്കുറിച്ച് ഇവിടത്തെ സാധാരണ ജനങ്ങളില്‍ നിന്നും ലഭിച്ച ടിപ്പു സുല്‍ത്താന്റെ കാലത്ത് ഹിന്ദുമതത്തില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട നംബ്യാര്‍(കണ്ണൂരിലെ നായരെ നമ്പ്യാരെന്നാണു വിളിക്കുക.) കുടുംബങ്ങളാണ് സമ്പന്നരായ കണ്ണൂരിലെ മുസ്ലീങ്ങളെന്ന അറിവായിരുന്നു.

ഇവിടത്തെ മുസ്ലീങ്ങളുടെ സാമ്പത്തിക മേധാവിത്വത്തിനു കാരണം സവര്‍ണ്ണ പാരമ്പര്യമാണെന്ന ഹൈന്ദവ പൈതൃക വാദം പൊതുവെ അംഗീകരിക്കപ്പെട്ടതും, അറക്കല്‍ മുസ്ലീം രാജ കുടുംബവുമായി ചിറക്കല്‍ കോവിലകത്തെ കുളത്തില്‍ വീണ ഒരു പെണ്ണ് പുടവ സ്വീകരിച്ച ഐതിഹ്യ സമാനമായ ജനപ്രിയ പൈങ്കിളികഥയുടെ പൊതു ബോധവും , അതുകൂടാതെ നായന്മാരെപ്പോലെ കണ്ണൂരിലെ മുസ്ലീങ്ങള്‍ പിന്തുടരുന്ന മരുമക്കത്തായത്തെക്കുറിച്ചുള്ള അറിവും മാപ്പിളമാരെ ടിപ്പു സുല്‍ത്താന്റെ മത പരിവര്‍ത്തന കഥയുമായി ദൃഢമായി കൂട്ടിക്കെട്ടാനാണ് തെളിവു നല്‍കിയിരുന്നത്. സത്യത്തില്‍ കണ്ണൂരിലെ നമ്പ്യാന്മാരും നായനാര്‍മാരും ഇവിടത്തെ മുസ്ലീങ്ങളോളം സമ്പന്ന പൈതൃകമുള്ളവരല്ല എന്ന യാഥാര്‍ത്ഥ്യം പോലും ഈ മുന്‍ വിധിയില്‍ അകപ്പെടാതിരിക്കാന്‍ സഹായിച്ചില്ല. കണ്ണൂരിലെ പ്രതാപികളായ തിയ്യന്മാരും, വന്‍പിച്ച നഗരസ്വത്തുക്കള്‍ക്ക് ഉടമകളായിരുന്ന ഗുജറാത്തികളും കഴിഞ്ഞ് നാലാം സ്ഥാനം മാത്രമേ സമ്പത്തിന്റെ കാര്യത്തില്‍ കണ്ണൂര്‍ നഗരപ്രദേശത്ത് സവര്‍ണ്ണര്‍ക്കുണ്ടായിരുന്നുള്ളു. എന്നിട്ടും പഴയ സവര്‍ണ്ണ പാരമ്പര്യത്തിന്റെ ഇസ്ലാമീകരിച്ച പതിപ്പയി കണ്ണൂര്‍ മാപ്പിളമാരെ തെറ്റിദ്ധരിച്ചു പോയി !

ഈ ധാരണ പിശകാണ് 2011 ഡിസംബര്‍ 12 മുതല്‍ 17 വരെ ശ്രീകണ്ഠപുരത്ത് കേരള സര്‍ക്കാരിന്റെ ആര്‍ക്കീവ്സ് ഡിപ്പാര്‍ട്ടുമെന്റ് നടത്തിയ പുരാരേഖ പ്രദര്‍ശനം കണ്ടതോടെ മാറ്റത്തിനു വിധേയമായതെന്നു പറയാം.(മുസ്ലീങ്ങളുടെ സത്യത്തിലുള്ള ചരിത്രം അഭിമാനകരമാണ്)
അവിടെ കണ്ട ചരിത്ര രേഖകളില്‍ പോര്‍ച്ചുഗീസുകാരോട് കണ്ണൂരിന്റെ കാര്യങ്ങള്‍ ആശയ വിനിമയം ചെയ്യുന്നത് അറക്കല്‍ രാജ വംശത്തിന്റെ ആലി രാജാവാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടു. കോലത്തു പഴമ എന്ന എം.പി.കുമാരന്‍ മാസ്റ്ററുടെ ചരിത്ര ഗവേഷണ പുസ്തകത്തില്‍(ശ്രീമൂലവാസം, ധര്‍മ്മടം അണ്ടല്ലൂര്‍ കാവ് ?) “ഒരു മുസ്ലീം രാജ വംശത്തിന്റെ പിറവി” എന്ന അദ്ധ്യായം അലസമായി വായിച്ചതിന്റെ ഒര്‍മ്മകളില്‍ നിന്നും തീ പുകയാന്‍ ഈ ചരിത്ര രേഖ കാരണമായെന്നു പറയാം. തുടര്‍ന്നു വീണ്ടും കുമാരന്‍ മാസ്റ്ററുടെ കോലത്തു പഴമ വായിക്കാനും, അതേക്കുറിച്ച് കൂടുതലറിയാനും നടത്തിയ ശ്രമത്തിന്റെ ഭാഗമായി പി.ശെല്‍‌വരാജ് എഴുതി തിരുവനന്തപുരം ചിന്താ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച(2010 സെപ്തംബര്‍) അണ്ടല്ലൂര്‍ കാവ് എന്ന പുസ്തകം വായിക്കാനുമിടയായപ്പോള്‍ കണ്ണൂരിലെ മാപ്പിളമാരുടെ ഐതിഹാസികമായ ചരിത്രം മുന്നില്‍ തെളിഞ്ഞു തുടങ്ങി.

“അണ്ടല്ലൂര്‍ കാവ്- സങ്കര സംസ്കൃതിയുറ്റെ ചരിത്ര സാക്ഷ്യം” എന്ന 
പി.സെല്‍‌വരാജിന്റെ പുസ്തകം.ചിന്താപബ്ലിഷേഴ്സ്, തിരുവനന്തപുരം.(2010)

“ധര്‍മ്മടം വെന്തത് കോയ അറീല്ല”
കപ്പല്‍ നിര്‍മ്മാണ ശാലകളുടേയും, പാണ്ഡികശാലകളുടേയും, പള്ളികളുടേയും, വിദ്യാലയങ്ങളുടെയും,മുസ്ലീം വാണിജ്യ പ്രമുഖരുടേയും പതിനാറാം നൂറ്റാണ്ടിലെ സമ്പന്ന ആസ്ഥാനമായിരുന്ന ധര്‍മ്മടം എന്ന വിശാലമായ തുരുത്ത്  കോലത്തിരി രാജാവിന്റെ കൊട്ടേഷന്‍-ആജ്ഞാനുസരണം പോര്‍ച്ചുഗീസുകാര്‍ കൊള്ളിവച്ച് നശിപ്പിച്ചത് ആ സമയത്ത് ഹജ്ജിനു പോയിരുന്ന കോയ (രാജാവിനു വേണ്ടി നികുതി പിരിച്ചിരുന്ന മുസ്ലീം ഭരണാധികാരിയായിരുന്ന കേയി) അറിഞ്ഞിരുന്നില്ല എന്നതിന്റെ പെരില്‍ പ്രചരിച്ച പഴംചൊല്ലാണ് “ധര്‍മ്മടം വെന്തത് കോയ അറീല്ല”എന്നത്. സ്വന്തം രാജ്യത്തിന്റെ ഭാഗമായ വലിയൊരു ഭൂപ്രദേശത്തെ നശിപ്പിക്കാന്‍ ഉത്തരവിടാന്‍  കോലത്തിരിരാജാവിനെ പ്രെരിപ്പിച്ചത് സ്വന്തം വീടുകള്‍ക്കു തന്നെ തീവച്ചുകൊണ്ട് ജനങ്ങള്‍ കോലത്തിരിക്കെതിരെ നടത്തിയ ഒരു കലാപമായിരുന്നു. കോലത്തു നാടിന്റെ കപ്പല്‍ പടനായകനായിരുന്ന വലിയ ഹസ്സനെന്ന ധീരനായ ഒരു മുസ്ലീം നാവികനെ പോര്‍ച്ചുഗീസുകാരെ പ്രീണിപ്പിക്കാനായി കോലത്തിരി പറങ്കികള്‍ക്ക് പിടിച്ചു കൊടുക്കുകയും (1524 സെപ്തംബര്‍ 24ന്) കണ്ണൂര്‍ കോട്ടയില്‍ വച്ച് 1525 ജനുവരി മാസം ഹസ്സനെ തൂക്കിക്കൊല്ലുകയും ചെയ്തതിനെത്തുടര്‍ന്ന് കോലത്തിരിയുടെ വഞ്ചനക്കെതിരെ ജനങ്ങള്‍ നടത്തിയ കലാപം നിയന്ത്രണാതീതമാകുകയാണുണ്ടായത്. ഈ കലാപത്തെ നേരിടാനാണ് ദുര്‍ബലനായിരുന്ന കോലത്തിരി പറങ്കികളുടെ സഹായത്തോടെ കോടീശ്വരന്മാരായിരുന്ന മുസ്ലീം കച്ചവട സമൂഹത്തെ നശിപ്പിക്കാന്‍ കുടില ബുദ്ധി പ്രയൊഗിക്കുകയും, കണ്ണൂരിലെ ജനങ്ങളാല്‍ തിരസ്ക്കരിക്കപ്പെട്ട് ചരിത്രത്തിന്റെ മൂലയിലേക്ക് സ്വയം പിന്‍ വലിയാന്‍ ഇടയായതും. 1527 ല്‍ കോലത്തിരിയുടെ മരണശേഷം കണ്ണൂരിനെ വിദേശ ശക്തികള്‍ക്കു മുന്നില്‍ പ്രതിനിധീകരിക്കുന്നത് മുസ്ലീം യോദ്ധാക്കളാണ്. പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യമാകുമ്പോഴേക്കും കണ്ണൂരിന്റെ എല്ലാ അധികാരങ്ങളും കോലത്തിരി ആലി രാജാക്കന്മാര്‍ക്ക് മുന്നില്‍ അടിയറവെക്കേണ്ടിവന്നു എന്നാണു ചരിത്രം.

ഏതാണ്ട് 500 കൊല്ലക്കാലത്തെ ഐതിഹാസികമായ ഈ ചരിത്രവസ്തുതകളെ തമസ്ക്കരിക്കാനാണ് പതിവുപോലെ ബ്രാഹ്മണരുടേ ഏറാന്‍-മൂളികളായ സവര്‍ണ്ണ ചരിത്രകാരന്മാര്‍ ഐതിഹ്യ കഥകള്‍ പടച്ചുണ്ടാക്കി മാപ്പിളമാരെ വെടക്കാക്കി, തങ്ങളുടെ ആശ്രിത മുദ്രകുത്തി , സവര്‍ണ്ണ പാരമ്പര്യ തൊഴുത്തിലേക്ക് കെട്ടുന്നത്.പതിനെട്ടാം നൂറ്റാണ്ടിലെ ടിപ്പു സുല്‍ത്താന്റെ(ടിപ്പു സുല്‍ത്താന്റെ വിക്കി ലിങ്ക്) നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനു വിധേയരായ നായന്മാരാണ് കണ്ണൂരിലെ മുസ്ലീങ്ങള്‍ എന്ന വാദവും കള്ളക്കഥകളുടെ മൊത്ത വിതരണക്കാരില്‍ നിന്നും പ്രചരിച്ച സവര്‍ണ്ണ കുടിലതയുള്ള അസൂയ കഥതന്നെ !!

Saturday, December 17, 2011

മുസ്ലീങ്ങളുടെ സത്യത്തിലുള്ള ചരിത്രം അഭിമാനകരമാണ്

ചരിത്രം കെട്ടുകഥയോ, പുരാണങ്ങാളോ, ഐതിഹ്യങ്ങളോ, ദൈവ വചനങ്ങാളോ അല്ല. ചരിത്രം സമൂഹത്തിന്റെ വസ്തുനിഷ്ഠമായ ചരിത്രമാകണം. സ്വന്തം ചരിത്രത്തിലേക്കുള്ള ബന്ധം അല്ലെങ്കില്‍ ഓര്‍മ്മ വിട്ടുപോകുന്നതാണ് ഏതൊരു സമൂഹത്തെയും പാര്‍ശ്വവല്‍ക്കരിക്കാന്‍ എതിരാളികള്‍ ഉപയോഗപ്പെടുത്തുന്ന സന്ദര്‍ഭം.

ഒരു ഉദാഹരണം പറയാം. കേരളത്തിലെ മുസ്ലീങ്ങളോളം അന്തസ്സുള്ള ചരിത്രമുള്ള മലയാളി വിഭാഗമില്ല. ആയിരക്കണക്കിനു വര്‍ഷങ്ങളായി സവര്‍ണ്ണ ഹിന്ദു മതത്തിന്റെ വര്‍ഗ്ഗീയ വേര്‍ത്തിരിവിനെതിരേയും, വിവേചനത്തിനെതിരേയും, ക്രൂരതക്കെതിരേയും ചെറുത്തുനിന്ന അവര്‍ണ്ണരിലെ ഒരു ഭാഗമാണ് മുസ്ലീങ്ങള്‍. മുസ്ലീങ്ങള്‍ക്ക് കേരളത്തില്‍ പതിനാറാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ കണ്ണൂര്‍ ആസ്ഥാനമായി ഒരു മുസ്ലീം രാജാവിനെ സൃഷ്ടിക്കാനായി. ആലി രാജവംശം. 
ഇതിനു പുറമേയാണ് പേടി തൊണ്ടന്മാരായിരുന്ന കോഴിക്കോട്ടെ സാമൂതിരിമാര്‍ക്ക് അധികാരത്തിന്റെ ഉരുക്കുകോട്ട നിര്‍മ്മിച്ച് രാജ്യത്തിന്റെ അഭിമാനം തന്നെ സംരക്ഷിച്ചു പോന്ന കുഞ്ഞാലി മരക്കാന്മാര്‍. ചതിയനും നന്ദികെട്ടവനുമായ സാമൂതിരി രാജാവിനാല്‍ വിദേശികള്‍ക്ക് ഒറ്റിക്കൊടുക്കപ്പെട്ട കുഞ്ഞാലി മരക്കാറെ പോലുള്ള ഒരു വീരനെ മറ്റേതു സമൂഹത്തിനാണ് കേരളത്തില്‍ അവകാശപ്പെടാനാകുക !!!

ഇത്രയും ഉജ്ജ്വല ചരിത്രമുള്ളവര്‍  ആ ചരിത്രം വിസ്മരിച്ച് , മൌദൂതിസത്തില്‍ അകൃഷ്ഠരായി സൌദി അറേബ്യയില്‍ തങ്ങളുടെ വേരുകള്‍ തിരയുമ്പോള്‍  പിറന്ന നാട്ടില്‍ പാര്‍ശ്വവല്‍ക്കരിക്കരിപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളു. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഒരോ ജനതയും തങ്ങളുടെ ശരിയായ ചരിത്രം സമൂഹത്തിന്റെ പൊതു ബോധത്തില്‍ എത്തിക്കുകമാത്രമേ സാമൂഹ്യ സമത്വത്തിന് വഴിവക്കുകയുള്ളു. അതു ചെയ്യാതിരിക്കുമ്പോള്‍ പരാന്നഭോജികളായ ഉപരിവര്‍ഗ്ഗ സമൂഹം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി തങ്ങളുടെ പഴയ ജീര്‍ണ്ണിച്ച അടി വസ്ത്രങ്ങള്‍ “ദയാപുരസ്സരം” എറിഞ്ഞു നല്‍കുകയും, അത് തങ്ങളുടെ സ്വന്തം വസ്ത്രമാണെന്ന് കരുതി പാര്‍ശ്വവല്‍ക്കൃതര്‍ക്ക് വേഷം കെട്ടി നടക്കുകയും ചെയ്യാം. അത്തരം ഒരു കെട്ടു കാഴ്ച്ചയുടെ ആഘോഷമാണ് നമ്മുടെ സമൂഹത്തില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.

അഭിമാനകരമായ ചരിത്രമുള്ള ആലി രാജ വംശത്തെക്കുറിച്ച് (റാണിയെ അറക്കല്‍ ബീബി എന്നും വിളിക്കുന്നു) സവര്‍ണ്ണര്‍ കെട്ടി ചമച്ചതായ അഞ്ചിലേറെ ഐതിഹ്യ കഥകള്‍ നമ്മുടെ ചരിത്ര പുസ്തകങ്ങളില്‍ പോലും സ്ഥാനം പിടിച്ചിട്ടുണ്ട്. ഏഴിമലയിലെ കോലത്തിരി രാജാവിന്റെ കണ്ണൂരിലെ പ്രതിനിധിയായ ഒരു കാര്യസ്ഥന്‍ നായരുടെ പദവി മാത്രമുള്ള ചിറക്കല്‍ കോവിലകത്തെ ഒരു പെണ്ണിനെ “ലൌ ജിഹാദു“ നടത്തി തട്ടിയെടുത്ത മാപ്പിളക്ക് “ദയാപുരസ്സരം” വീതിച്ചു നല്‍കിയ രാജ്യമാണ് അറക്കല്‍ രാജക്കന്മാരുടേതെന്ന തട്ടുപൊളിപ്പന്‍ കള്ളങ്ങളുടെ മാധുര്യമാണ് നമുക്ക് പ്രിയങ്കരമാകുന്നെന്നത് ചരിത്രം നഷ്ടപ്പെട്ടതുകൊണ്ടുള്ള അധപ്പതനമാണ്. കണ്ണൂരിലെ ആലി രാജാവിനു കീഴ്പ്പെട്ടുകൊണ്ടുള്ള ചരിത്രമാണ് 16ആം നൂറ്റാണ്ടിന്റെ ആദ്യപകുതി മുതല്‍ ഏഴിമല രാജവംശത്തിനുണ്ടായിരുന്നത്.
മുസ്ലീങ്ങള്‍ക്കു മാത്രമല്ല, എല്ലാ വിഭാഗം ജനതക്കും വസ്തുനിഷ്ടമായ ചരിത്രം ഭാവിയിലേക്ക് അതിരുകളില്ലാതെ വളരാന്‍ അവസരം നല്‍കുന്ന ഊര്‍ജ്ജ്യ സ്രോതസാണ്.

ഇത്തരം ചരിത്ര സത്യങ്ങളിലേക്ക് സമൂഹത്തെ പിടിച്ചുയര്‍ത്താന്‍ നമ്മുടെ ചരിത്ര രേഖകള്‍  ചരിത്ര പണ്ഡിതര്‍ മാത്രം കണ്ടാല്‍ പോര. ജനങ്ങള്‍ക്ക് തങ്ങളുടെ തായ്‌വേരുകളാണെന്ന് ബോധ്യ വരത്തക്കവിധം ചരിത്ര രേഖകള്‍ പൊതുജന സമക്ഷം പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു. 2011 ഡിസംബര്‍ 12 മുതല്‍ 17 വരെ കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്ത് കമ്മ്യൂണിറ്റി ഹാളില്‍ കേരള സര്‍ക്കാറിന്റെ ആര്‍ക്കീവ്സ് ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രദര്‍ശനം മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ പ്രസക്തമായിരുന്നു. അവിടെ പ്രദര്‍ശിപ്പിച്ച ചില ചരിത്ര രേഖകളുടെ കളര്‍ പ്രിന്റുകളില്‍ നിന്നും ചിലവ ഫോട്ടൊയെടുത്ത് താഴെ ചേര്‍ത്തിരിക്കുന്നു. ക്ലിക്കി വലുതാക്കിയോ ഡൌണ്‍ ലോഡു ചെയ്തോ ആവശ്യക്കാര്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ആര്‍ക്കീവ്സ് ഡിപ്പാര്‍ട്ടുമെന്റുതന്നെ ഈ ഡോക്കുമെന്റുകള്‍ നെറ്റില്‍ എത്തിച്ചിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് എന്തുമാത്രം പ്രയോജന പ്രദമാകുമായിരുന്നു എന്ന് ചിന്തിച്ചു പോയി.
(ചരിത്രവിഷയത്തോട് ഉപരിപ്ലജീവികളായ സാധാരണ ജനങ്ങാള്‍ക്ക് പൊതുവെ താല്‍പ്പര്യം കുറവായതിനാലാണ് ഈ പ്രദര്‍ശനത്തെക്കുറിച്ച് പറയാതെ സാമൂഹ്യമായ കാര്യങ്ങള്‍ പരാമര്‍ശിച്ച് കുറച്ച് കാടു കേറാന്‍ ഇടയായത്. ലക്ഷ്യം, ഈ ചരിത്ര രേഖ വിഷയങ്ങളിലേക്ക് സാധാരണ ജനങ്ങള്‍ക്ക് താല്‍പ്പര്യം ജനിക്കണം എന്നതു മാത്രമാണ്.)
കണ്ണൂര്‍ ഭരിച്ചിരുന്ന അറക്കല്‍ രാജവംശത്തിലെ ആലി രാജാവിന്റെ  ഗവര്‍ണ്ണര്‍ക്കുള്ള കത്ത്.

Monday, November 7, 2011

ആദമിന്റെ മകന്‍ അബു

ആങ്ങനെ...  ചിത്രകാരനും ആദമിന്റെ മകന്‍ അബു എന്ന മലയാ‍ള സിനിമ കണ്ടു. പതിവുപോലെ, ചിത്രകാരന്റെ അനിയന്‍ മധു “ആദമിന്റെ മകന്‍ അബു”വിനെക്കുറിച്ചുള്ള നല്ല അഭിപ്രായത്തോടെ സി.ഡി. ഏല്‍പ്പിച്ചപ്പോള്‍ കാണാന്‍ നിര്‍ബന്ധിതനായതാണ്.

കിടിലോല്‍ക്കിടിലമായ ഒരു കഥയോ കട്ടിയുള്ളൊരു പ്രമേയമോ ഇല്ലെങ്കില്‍ പോലും സിനിമയുടെ ഹൃദ്യമായ ജീവിതാഭിമുഖ്യവും, സത്യസന്ധതയും, സുതര്യതയും, ലാളിത്യവും അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്ന സിനിമയായി ആദമിന്റെ മകന്‍ അബു വേറിട്ടുനില്‍ക്കുന്നുണ്ട്. സത്യത്തില്‍ ആദമിന്റെ മകന്‍ അബു നമ്മുടെ നാടിന്റെ സിനിമയാണ്, മലയാളിയുടെ സിനിമയാണ്, നമ്മുടെ ജീവിതത്തിന്റെ സിനിമയാണ്. അതിഭാവുകത്വത്തിന്റേയും, അബദ്ധജടിലമായ വിശ്വാസങ്ങളുടേയും, ഉപരിവര്‍ഗ്ഗ മാടമ്പിത്വത്തിന്റേയും ബാലിശമായ പ്രമേയങ്ങളില്‍ കൂത്താടുന്ന മലയാള സിനിമക്ക് പേരുദോഷത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ശരിയായ വഴി കാണിക്കുന്ന സിനിമയായി “ആദമിന്റെ മകന്‍ അബു”വിനെ കാണേണ്ടിവരും.

മലയാള മാടമ്പി സിനിമയിലെ സ്ഥിരം വിഢികളും, തല്ലുകൊള്ളികളും, അധികപ്രസംഗികളും, ഗോഷ്ടികള്‍കൊണ്ടു ഭാവാഭിനയം നടത്തി കാലക്ഷേപം നടത്തുന്നവരുമായിരുന്ന സലീം കുമാറിനേയും, സുരാജ് വെഞ്ഞാറമൂടിനേയും, കലാഭവന്‍ മണിയേയുമൊക്കെ അനാവശ്യമായി വായതുറപ്പിക്കാതെയും, സ്വന്തം  രോമം പോലും അനാവശ്യമായി ചലിപ്പിക്കാന്‍ അവസരം കൊടുക്കാതെയും സംവിധായകന്‍ സലീം അഹമ്മദ് ശക്തമായ ഇച്ഛാശക്തിയോടെ കഥാപാത്രങ്ങളെ ലാളിത്യത്തോടെ വരച്ചുകാണിച്ചിരിക്കുന്നു.

ഒരു അത്തറുവില്‍പ്പനക്കാരന്റെ പരമ്പരാഗത വാര്‍പ്പുമാതൃകക്ക് അനുരൂപനായ നടന്‍ സലീം കുമാറിന്റെ ബാഹ്യപ്രകൃതിയെ തിരഞ്ഞെടുക്കുന്നതിലൂടെത്തന്നെ സംവിധായകന്‍ തന്റെ ചലച്ചിത്രഭാഷയുടെ വ്യാകരണബോധം പ്രകടമാക്കുന്നുണ്ട്. ആ കഥാപാത്രത്തില്‍ ആവാഹിക്കപ്പെടുന്ന നന്മയും, ഭക്തിയും, സത്യസന്ധതയും, ധാര്‍മ്മികതയും, സഹദര്‍മ്മിണിയോടുള്ള പ്രേമവും ... ഏതൊരു ഇസ്ലാം മതവിശ്വാസിക്കും ഏറ്റവും മഹത്തരമെന്ന് അനുഭവപ്പെടുന്ന ഹജ്ജ് ചെയ്യാനുള്ള ആഗ്രഹവും ഹൃദ്യമായി ആസ്വാദകന്റെകൂടി അനുഭവമാക്കുന്നതില്‍ ചലച്ചിത്രകാരന്‍ വിജയിച്ചിട്ടുണ്ട്. ഹജ്ജു ചെയ്യാനുള്ള തങ്ങളുടെ അദമ്യമായ ആഗ്രഹത്തിനു തടസ്സം നേരിടുമ്പോള്‍, ഏറ്റവും ദരിദ്രമായ സാഹചര്യത്തിലുള്ള ഏറ്റവും നന്മനിറഞ്ഞ മനുഷ്യര്‍ക്കുമാത്രം അനുഭവപ്പെടുന്ന ഈശ്വരനെക്കരുതി സമാധാനിക്കാനുള്ള ശേഷികൊണ്ട്  സാധാരണ ജീവിതത്തിന്റെ കര്‍ത്തവ്യബോധത്തിലേക്ക് തിരിച്ചുവരുന്ന ആദമിന്റെ മകന്‍ അബു അസാധാരണമായ പഴയ സ്കൂള്‍ പാഠപുസ്തകത്തിലെ അബുവിന്റെ പാരമ്പര്യം ഉദ്ഘോഷിക്കുകയാണെന്ന് പറയാം. 

മലബാറിലെ പ്രൈവറ്റ് ബസ്സുകളില്‍ കാണപ്പെടുന്ന വ്യത്യസ്ഥമതക്കാരായ ദൈവങ്ങളുടെ ഫോട്ടോ-സമ്മേളനം പോലുള്ള മതസൌഹാര്‍ദ്ദതുല്യതാബോധം കണിശമായി പാലിക്കാന്‍ സലീം അഹമ്മദ് ഈ ചിത്രത്തില്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതുമാത്രമല്ല, വ്യത്യസ്തമതക്കാരായ കഥാപാത്രങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ അതീവ ലോലമായതും മതാതീതവുമായ മാനുഷിക ബന്ധങ്ങള്‍ കൊണ്ട് ഇണക്കി ചേര്‍ക്കുന്ന കാര്യത്തിലും വിജയിച്ചിരിക്കുന്നു. ആദമിന്റെ മകന്‍ അബുവിന് ആകെ കലഹിക്കേണ്ടി വന്ന ചരിത്രമുള്ളത് അയല്‍പ്പക്കക്കാരനായ വഴക്കാളി സലീമുമായാണ്. അതുതന്നെ,  മനുഷ്യസ്നേഹത്തിന്റെ മറ്റൊരു രുചിഭേദമായി പരിവര്‍ത്തനം ചെയ്തെടുക്കുന്നതിലും സംവിധായകന്‍ മനസ്സുവക്കുമ്പോള്‍ സിനിമ മൊത്തത്തില്‍ ഒരു സ്നേഹകാവ്യമായിത്തീരുന്നുണ്ട്.

കാതല്‍ നഷ്ടപ്പെട്ട പൊള്ളയായ പ്ലാവെന്ന രൂപകത്തില്‍ തട്ടി തകര്‍ന്നുവീണ ഹജ്ജ് സ്വപ്നത്തെ യാഥാര്‍ത്ഥ്യബോധത്തോടെ അഭിമുഖീകരിക്കാനും, അകക്കാമ്പുള്ള ഒരു യാഥാര്‍ത്ഥ്യമായി വീണ്ടും നട്ടുനനച്ചു വളര്‍ത്താനുള്ള ഒരു തിരുത്തി എഴുത്തായും ചിത്രം അവസാനിക്കുമ്പോള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സാംസ്ക്കാരിക-രാഷ്ട്രീയ പ്രവര്‍ത്തനമായി “ആദമിന്റെ മകന്‍ അബു” എന്ന കലാസൃഷ്ടി മാറുന്നുണ്ട്. ഭൌതീക വളര്‍ച്ചയാല്‍ ഇളകിമറിയുന്നതും, സാംസ്ക്കാരികമായോ രാഷ്ട്രീയമായോ ഈടുറ്റ അടിത്തറകളൊന്നും ഇല്ലാത്തതുമായ ഒരു സമൂഹത്തെ അതിന്റെ ശക്തിദൌര്‍ബല്യങ്ങളെ മനസ്സിലാക്കിയ കലാകാരന്‍ അഭിമാനകരമായ തങ്ങളുടെ ജീവിത നൈര്‍മല്യത്തിലേക്കും, സൌന്ദര്യത്തിലേക്കും വിളിച്ചുണര്‍ത്തുകയാണ് ഈ സിനിമയിലൂടെ. 

തെളിച്ചുപറയണോ വേണ്ടയോ എന്നൊരു സംശയത്തോടെയുള്ള പ്രമേയത്തില്‍ സംവിധായകന്‍ സലീം അഹമ്മദ് പറഞ്ഞതിലേറെ കാര്യങ്ങള്‍ പറയാതെ ഒളിപ്പിച്ചുവച്ചിട്ടില്ലേ എന്ന ശങ്കയാണ്  ഈ സിനിമ ചിത്രകാരനിലുളവാക്കിയത്. ചിത്രത്തില്‍ ഉടനീളം അദൃശ്യ സാന്നിദ്ധ്യമായി അബുവിന്റെ ഏകമകന്‍ സത്താര്‍ നീണ്ടു നിവര്‍ന്ന് കിടക്കുന്നത് ഒരുപക്ഷേ ഭാവിയില്‍ നടക്കാനിരിക്കുന്ന ഈ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളിലൂടെയും നിരൂപണങ്ങളിലൂടെയും പുറത്തുവരാ‍നിരിക്കുന്നതേയുള്ളു.
അബുവിന്റെ മകന്‍ സത്താര്‍ ആരാണ് ? അയാള്‍ സംബാദിക്കുന്ന പണം ഹലാലാകാനിടയില്ലെന്ന് അബു കരുതുന്നത് എന്തുകൊണ്ടായിരിക്കും ? നട്ടുനനച്ചു വളര്‍ത്തിയ വീട്ടുമുറ്റത്തെ പ്ലാവ് ജീവിതത്തിലെ ഏറ്റവും ധന്യമായ ലക്ഷ്യത്തിന് ഉപകരിക്കാതെ... പൊള്ളയായി തീര്‍ന്നതും, പൊള്ളയായ പ്ലാവിനെ സത്താറിന്റെ സാന്നിദ്ധ്യമായി ധ്വനിപ്പിക്കുന്നതിനും പിന്നില്‍ സവിധായകന്‍ സൃഷ്ടിപരമായി അനുഭവിക്കുന്ന പറയാനാകാത്ത വിങ്ങല്‍ എന്തായിരിക്കുമെന്നൊക്കെ സമൂഹത്തിന്റെ ആത്മ പരിശോധനക്കും, വായനകള്‍ക്കും, ചര്‍ച്ചകള്‍ക്കും വിഷയമാകേണ്ടതുണ്ട്. ആദമിന്റെ മകന്‍ അബുവിന്റെ പ്രതിപാദ്യം സിനിമയില്‍ ഇല്ലെന്നുതന്നെ പറ്യാം. അത് സിനിമയില്‍ നിന്നും പുറത്തേക്ക് ഒഴുകി വര്‍ത്തമാനമായി നമ്മുടെ ജീവിതത്തിനിടയില്‍ നിറഞ്ഞുകിടക്കുന്നു. സത്യമായും, ഇതാണ് മലയാള സിനിമയുടെ അഭിമാനകരമായ മുഖം.

വല്ല അസ്വാഭാവികതയും വന്നിട്ടുണ്ടെങ്കില്‍ അത് അസ്സനാര്‍ ഹാജിയുടെ പരിസരങ്ങളില്‍ മാത്രം.
രാമന്‍ നായരുടെ ചായക്കടകള്‍ മാത്രം കണ്ട് മടുത്ത മലയാള സിനിമക്ക് ഹോട്ടല്‍ ബദരിയയും കേരളത്തിലുണ്ടെന്ന് അടയാളപ്പെടുത്തിയ സിനിമ.
സുരാജ് വെഞ്ഞാറമൂടിന്റെ ഒരു കഥാപാത്രത്തെ ആദ്യമായി കാണാനായി.
ദിവ്യന്മാര്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായതിനാല്‍ സഹിക്കാം.
ഇത്ര മനോഹരമായും സത്യസന്ധമായും ലാളിത്യത്തോടെയും കലാസംവിധാനം ചെയ്യാം.
നമ്മുടെ ഭാഗ്യമായ പ്രകൃതിയും, ഗ്രാമ്യ സൌന്ദര്യവും നമുക്കു തിരിച്ചറിയാന്‍ ...
കോഴിക്കോട് ഒരു ബസ്സ് സ്റ്റാന്റുണ്ടെന്ന് പറഞ്ഞാല്‍ സിനിമ മോശമാകില്ല.
ഒരു കച്ചവട സ്ഥാപനത്തിന്റെ പരസ്യപ്പലക കണ്ടാലും കുഴപ്പമില്ല. നല്ലൊരു സിനിമയുണ്ടായല്ലോ... ഭാഗ്യം.
മനുഷ്യ ദൈവങ്ങളും മന്ത്രവാദവും കേരളത്തിലെ മുസ്ലീങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യമാണ്. നബിയുടെ തലനാരിഴയെ പ്രതിഷ്ടയാക്കാനുള്ള ശ്രമവും അതിന്റെ അനുബന്ധമാണ്.
പാപ്പിനിശ്ശേരിക്കടുത്ത് ഇങ്ങനെയൊരു കാട്ടിലെപ്പള്ളിയുണ്ടെന്ന് അറിഞ്ഞിരുന്നില്ല... നന്ദി.
ആരും അഭിനയിക്കാത്ത സിനിമ.
ജീവിതം തന്നെ സിനിമ ! സറീന വഹാബ്
ആയിശുമ്മ
വീട്ടില്‍ പോലീസ് തിരഞ്ഞു വന്നാല്‍ ആരും പേടിക്കും
ങ്ങളെ തെരഞ്ഞ് പോലീസ് വന്നിനി
നാടന്‍ പോലീസ് സ്റ്റേഷന്‍
ഉസ്താദിന്റെ മയ്യത്ത് സാധ്യതകളുള്ള സ്വത്താണ്
മതങ്ങള്‍ക്ക് സ്ഥാനമില്ലാത്ത ഊടും പാവും പോലുള്ള ബന്ധം..
അയല്‍പ്പക്ക ലഹള നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്
സമൂഹത്തിന്റെ നല്ല ചിത്രങ്ങള്‍...