ഒരു ജീവിതത്തെ മഹനീയമാക്കുന്നത് നമ്മുടെ വ്യക്തി ബന്ധങ്ങള്‍, പിടിപാടുകള്‍, അധികാരങ്ങളിലെ സ്വാധീനം, പണം , പ്രശസ്തി, പരിചയം, നമുക്കുപിന്നില്‍ അനുയായികളെപ്പോലെ അച്ചടക്കത്തോടെ നില്ക്കുന്ന കുടുംബാംഗങ്ങള്‍,നമ്മുടെ തൊഴില്‍, സാമൂഹ്യ-സാംസ്ക്കാരിക-രാഷ്ട്രീയ ബന്ധങ്ങള്‍ , മികച്ച സാംബത്തിക അടിത്തറ, കുടുംബത്തിലേയും ബന്ധത്തിലേയും പ്രമുഖരുടെ സാന്നിദ്ധ്യം ..... അങ്ങിനെ അങ്ങിനെ നൂറുകൂട്ടം പൊങ്ങച്ചങ്ങളാണെന്ന് നാം ആത്മാര്‍ത്ഥമായും വിശ്വസിക്കുകയും, അതിനനുസരിച്ച് ജീവിച്ച് മഹത്തായ പാരംബര്യങ്ങളും, പ്രസ്ഥാനങ്ങളുമായി മാറുകയുംചെയ്യുന്നു.ആരും ചൂണ്ടുവിരലുയര്‍ത്താതെ, അയ്യ്യേ... എന്നു പരിഹസിക്കാതെ , കുറിക്കുകൊള്ളുന്ന തെറിയൊന്നും വിളിക്കാതെ സൌജന്യം കാണിച്ചാല്‍ നമ്മുടെ അന്തസ്സിന് ഇളക്കമൊന്നും തട്ടാനിടയില്ല. പക്ഷേ, അത് ഇനി എത്രകാലം ? കാലം മാറുകയാണ്. ഇതുവരെ ഉദയാസ്തമനങ്ങള് പോലും നിയന്ത്രിച്ച് , നമ്മുടെ താല്‍പ്പര്യങ്ങളുടെ കോട്ടകളായി നിന്ന പാരംബര്യത്തിന്റെ പായല്‍ പിടിച്ച ചുവരുകള്‍ക്കുനേരെ കാലത്തിന്റെ തിരമാലകള്‍ അടിച്ചുയരുംബോള്‍ കണ്ണടടച്ച് ഇരുട്ടാക്കാനാകില്ല.
ചിത്രകാരന് ഇന്നലെയാണ് നളിനി ജമീലയുടെ ആത്മകഥ വാങ്ങിയത്. ഒറ്റയിരുപ്പിന് വായിച്ചു തീര്‍ത്തു.
ഒരു തരി അശ്ലീലമോ , ലൈംഗീകതയോ ആയി വിശേഷിപ്പിക്കപ്പെടുന്ന വാക്കുകളൊന്നും ആ പുസ്തകത്തിലില്ല. പകരം ആത്മാഭിമാനത്തിന്റെ തീക്കറ്റും,
മാനവികതയുടെ കാലവര്‍ഷ മേഘങ്ങളും,വ്യക്തിബഹുമാനത്തിന്റെ ശുദ്ധിയും,കര്‍ക്കശമായ ജീവിത മൂല്യങ്ങളും അക്ഷര വിത്തുകളുടെ രൂപത്തില്‍ അവിടെ വരികള്‍ക്കിടയില്‍ കാത്തുനില്ക്കുന്നു. കാലത്തെക്കുറിച്ച് തിരിച്ചറിവുനേടിയവരുടെ ആജ്ഞക്കായി.
നളിനി തന്റെ ജീവിത സത്യാന്വേഷണ പരീക്ഷണങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത ജീവിതത്തിന്റെ വ്യക്തമായ കാഴ്ച്ചപ്പാട് ഒരു സാധാരണ വ്യക്തിയുടേതല്ല. അതിന്റെ പരപ്പും ആഴവും നമ്മുടെ സമൂഹത്തെ ലജ്ജിപ്പിക്കുന്ന തരത്തില്‍ വിശാലവും, നിര്‍മ്മലവുമാണ്. സത്യസന്ധതയാണ് അതിനെ ഊഷ്മളമാക്കുന്നത്, പ്രകാശമാനമാക്കുന്നത്. സമൂഹത്തിന് മാനവികതയുടെ അനോട്ടമി (ശരീരശാസ്ത്രം) പരിശോധിക്കാനും, പഠിക്കാനും,അറിയാനും തന്റെ സ്വന്തം ജീവനുള്ള ആത്മാവിനെ അവര്‍ നമുക്കു ദാനം ചെയ്തിരിക്കുന്നു. ഇത്രക്കു ധൈര്യമുള്ള,സത്യമുള്ള ഒരു വ്യക്തിയെ ചിത്രകാരനു നമിക്കാതിരിക്കാനാകില്ല.
ചരിത്രവും, അറിവുകളും ഇനി ദരിദ്രരേയും നിരാലംബരേയും കാലത്തിന്റെ ഇരുട്ടുകുഴിയില്‍ ഉപേക്ഷിക്കില്ലെന്നാണ് അവരുടെ ആത്മകഥ നമ്മോട് മന്ത്രിക്കുന്നത്. നളിനി ജമീലയുടെ കഥ വെറും ഒരു ലൈംഗീക തൊഴിലാളിയുടെ ശ്രദ്ധപിടിച്ചുപറ്റാനുള്ള കോഴികൂവലല്ല. മറിച്ച്, നമ്മുടെ സമൂഹത്തിലെ
മൂല്യരാഹിത്യത്തിന്റെ കാരണങ്ങള്‍ , നമ്മുടെ കാപട്യങ്ങളുടെ കാഠിന്യം, മനുഷ്യത്വത്തിന്റെ അന്തസ്സ്
എന്നിവ അന്വേഷിക്കുന്ന ഒരു വ്യക്തിയുടെ കണ്ടെത്തലുകളാണ്. കണ്ടുമടുത്ത പകര്‍ത്തിയെഴുതലുകളല്ല. വൈക്കം മുഹമ്മദ് ബഷീറിനുശേഷമുള്ള മലയാളിയുടെ ദാര്‍ശനിക വളര്‍ച്ച ഇവരിലൂടെയാണെന്ന് ചിത്രകാരനു തോന്നുന്നു. ബഷീറിന്റെ പാവപ്പെട്ടവരുടെ വേശ്യ എന്ന വളരെ ചെറിയ കഥയിലെ മനുഷ്യന്റെ അന്തസ്സിന്റെ കാരണങ്ങളെക്കുറിച്ചുള്ള തത്വശാസ്ത്രവിചാരങ്ങളുടെ
വിശാലമായ ഒരു പഠനമായി നളിനി ജമീലയുടെ ആത്മകഥ നിലകൊള്ളുന്നു. അന്തസ്സോടെ !
അവരുടെ പ്രായോഗിക ബുദ്ധിയും, ആത്മാഭിമാനവും, ക്രിയാത്മകതയും പഠിക്കപ്പെടേണ്ടതാണ്.
വേശ്യകളുടെ തൊഴില്‍ പ്രശ്നങ്ങള്‍ക്കോ, അവകാശങ്ങള്‍ക്കോ അല്ല, സമൂഹത്തിന്റെ ജീര്‍ണ്ണതക്കും,കാപട്യത്തിനുമാണ് അവരുടെ ആത്മകഥ മരുന്നാകാന്‍ പോകുന്നത്. ഇതാണ് നളിനി ജമീലയെ മഹത്വപ്പെടുത്തുന്ന ഘടകവും. എല്ലാ മനുഷ്യരും മനുഷ്യരായി തിരിച്ചറിയപ്പെടുംബോള്‍
വേശ്യകള്‍ക്കു മാത്രമായി സങ്കുചിത വര്‍ഗ്ഗ സംരക്ഷണത്തിന്റെ പ്രശ്നമുദിക്കുന്നില്ലല്ലോ. എന്താണ് ഒരു മനുഷ്യന്റെ മാന്യത ? എന്താണ് ഒരു കുടുംബിനിയും, ഒരു ലൈംഗീക തൊഴിലാളിയും തമ്മിലുള്ള ശുദ്ധിവ്യത്യാസം ? നമ്മുടെ മനസ്സിന്റെ അറപ്പിന്റെ കാരണങ്ങള്‍ മനസ്സിലെ അഴുക്കാണെന്ന തുറന്ന അറിവുതരുന്ന ഈ പുസ്തകം പ്ലസ്സ് വണ്‍ പ്ലസ്സ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകമാക്കിയാല്‍ ഒരു പത്തുകൊല്ലം കൊണ്ട് നമ്മുടെ നാട്ടില്‍ സ്ത്രീപീഢനങ്ങളും , കൊലപാതകങ്ങളും, ആത്മഹത്യയും,രാഷ്ട്രീയ അക്രമങ്ങളും,വര്‍ഗ്ഗീയതയും കുറയുമെന്നു മാത്രമല്ല, ജീവിതത്തോട് സത്യസന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തുന്ന ആത്മാഭിമാനമുള്ള സമൂഹം രൂപപ്പെടാനും അതു കാരണമാകുമെന്ന് ചിത്രകാരന് വിശ്വസിക്കുന്നു. (അടുത്തകാലത്തൊന്നും നടക്കാത്ത കാര്യമാണെങ്കിലും സ്വപ്നം കാണാമല്ലോ!)
നമ്മുടെ പ്രാര്‍ത്ഥനാമുറികളില്‍ ഇരുന്ന് രാമായണത്തിനും, മഹാഭാരതത്തിനും, ഖുറാനും,ബൈബിളിനും പകരം
വായിക്കപ്പെടേണ്ട സത്യത്തിന്റെ (ദൈവത്തിന്റെ) കയ്യൊപ്പുള്ള പുസ്തകമാണ് “ഞാന്‍ ലൈംഗീക തൊഴിലാളി” എന്ന നളിനി ജമീലയുടെ ആത്മകഥ. സമൂഹത്തിന്റെ മൂല്യബോധത്തെ പരിഷ്ക്കരിക്കാന്‍ ശേഷിയുള്ള പുസ്തകം. സീതായണം എന്നും വിളിക്കാം.
മനുഷ്യന് എന്നത് വെറും ഇറച്ചിയാണെന്നു വിശ്വസിക്കുന്നവര്‍ ഇതൊന്നും വായിച്ചിട്ടു കാര്യമില്ല.
പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡി.സി.ബുക്സ്. ആദ്യ പ്രസാധനം 2005. അഞ്ചാമത് പുനപ്രസാധനം 2008.വില രൂപ 75/-
DC Books web site : http://www.dcbooks.com/
e-mail : info@dcbooks.com
(ചിത്രകാരനു കമ്മീഷനില്ല :)





















