Sunday, March 16, 2014

തൃശൂര്‍ എക്സിബിഷന്‍ ഫോട്ടോകള്‍ (2014 Feb. 15 to 19)

ചിത്രകാരന്‍റെ തൃശൂര്‍ പെയിന്റിങ്ങ് എക്സിബിഷന്‍ കഴിഞ്ഞിട്ട് ഒരു മാസത്തോളം ആയെങ്കിലും ഇതുവരെയും പടങ്ങള്‍ പോസ്റ്റു ചെയ്യാന്‍ സമയം ലഭിച്ചിരുന്നില്ല. ഇന്ന്‍ ആ ഖേദം തീര്‍ക്കുന്നു. ക്യാപ്ഷനുകള്‍ ഇപ്പോഴും ബാക്കി നില്‍ക്കുന്നു. സാവകാശം പരിഹരിക്കാമെന്ന് കരുതുന്നു.
























Friday, March 14, 2014

മലപ്പുറം ചിത്രപ്രദര്‍ശനം 2014 March 26 - 30

നെറ്റ് സുഹൃത്തുക്കളെ,
ഈ മാര്‍ച്ചു മാസത്തെ ചിത്ര പ്രദര്‍ശനം മലപ്പുറത്ത് കേരള ലളിതകല അക്കാദമി ആര്‍ട്ട് ഗ്യാലറിയിലാണു നടത്തപ്പെടുന്നത്. മാര്‍ച്ച് 26 മുതല്‍ 30 വരെയാണു പ്രദര്‍ശന ദിവസങ്ങള്‍. ചിത്രങ്ങള്‍ വില്‍ക്കാന്‍ ഉദ്ദേശിച്ചുള്ള പ്രദര്‍ശനമല്ല. നമ്മുടെ ജനാധിപത്യ സമൂഹത്തിന്റെ നവോത്ഥാനത്തിനായുള്ള കലാപരമായ എളിയ സംഭാവനയാണ് ഈ ചിത്ര പ്രദര്‍ശനം കൊണ്ടു ഉദ്ദേശിക്കുന്നത്.

കലയിലൂടെ സാമൂഹ്യ-സാംസ്ക്കാരിക നവീകരണം എന്ന ലക്ഷ്യവുമായി ചിത്രകാരന്‍ നടത്തിക്കൊണ്ടിരിക്കുന്ന അഞ്ചാമത്തെ ചിത്ര പ്രദര്‍ശനമാണിത്. സാമൂഹ്യ വിമര്‍ശനം, ചരിത്ര പുനര്‍ വായന എന്നിവയിലൂന്നിയ പഠനങ്ങളാണ് ഓരോ ചിത്രവും. സൌന്ദര്യ സംങ്കല്‍പ്പങ്ങളുടെ  പ്രാദേശിക-പ്രായോഗിക ക്ഷമതയേറിയ മാര്‍ഗ്ഗം പരീക്ഷിക്കുന്ന ചിത്രകാരന്റെ ചിത്രങ്ങള്‍ മനസിലാകുന്നില്ല എന്ന പരാതി ഉണ്ടാകാനിടയില്ല. ആസ്വാദകര്‍ക്ക് പരമാവധി പ്രസരണ നഷ്ടമില്ലാതെ, ചിത്രകാരന്റെ ചിന്തകളും കാഴ്ച്ചപ്പാടുകളും അനുഭവിക്കാനാകണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹം ഒരോ ചിത്രത്തിലും, അതിന്റെ വിശദീകരണ കുറിപ്പിന്റെ പിന്നിലുമുണ്ട്.     ഈ പ്രദര്‍ശനത്തിനായി, ചിത്രകലയെ മാത്രമല്ല, സാഹിത്യത്തേയും, ചരിത്രത്തേയും, ശാസ്ത്രത്തേയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കണ്ണിന്റെ കൌതുകം മാത്രമല്ല, മനസ്സിന്റെ വികാസത്തിലൂടെ ലഭിക്കുന്ന മാനവിക ബോധം കൂടി ഈ പ്രദര്‍ശനം വിഭാവന ചെയ്യുന്നു.

കഴിഞ്ഞമാസം, അതായത് 2014 ഫെബ്രുവരി 15 മുതല്‍ 19 വരെ തൃശൂര്‍ ലളിത കല അക്കാദമിയില്‍ നടത്തിയ ചിത്രകാരന്റെ പെയിന്റിങ്ങ് എക്സിബിഷന്‍ എഫ്.ബി, ഗൂഗിള്‍ പ്ലസ്, ബ്ലോഗ് എന്നിങ്ങനെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്താല്‍ സജീവമായിരുന്നു.(ഒരു ഫോട്ടോ പോലും പബ്ലീഷ് ചെയ്യാന്‍ സമയം കിട്ടാത്തതില്‍ ദുഖമുണ്ട്. അത്രക്ക് തിരക്കാണ്. ഉടന്‍ പരിഹരിക്കാം.:) അതുകൊണ്ടുതന്നെ, മലപ്പുറത്തെ  ചിത്ര പ്രദര്‍ശനത്തില്‍ ഇലക്ഷന്‍ തിരക്കുകളാല്‍ ഇല്ലാതായിപ്പോകാനിടയുള്ള സന്ദര്‍ശകരുടെ നഷ്ടം കാര്യമാക്കാതെയാണ് പ്രദര്‍ശനത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. പങ്കെടുക്കുക വിജയിപ്പിക്കുക. ഈ പോസ്റ്റ് കൂടുതല്‍ സുഹൃത്തുക്കളിലേക്ക് ഫോര്‍‌വേഡ് ചെയ്തോ, ഷെയര്‍ ചെയ്തോ എക്സിബിഷന്‍ നടക്കുന്ന വാര്‍ത്ത കൂടുതല്‍ പേരിലെത്തിക്കാന്‍ ഏവരുടേയും സഹായം ചിത്രകാരന്‍ അഭ്യര്‍ത്ഥിക്കുന്നു.
സസ്നേഹം.
കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും താഴെക്കൊടുത്ത ലിങ്ക് ക്ലിക്കുക. https://www.facebook.com/chithrakaran

Tuesday, February 11, 2014

തൃശൂര്‍ എക്സിബിഷന്‍ ഫെബ്രുവരി 15 മുതല്‍ 19 വരെ


ചിത്രകാരന്‍റെ ഫെബ്രുവരി മാസത്തെ ചിത്ര പ്രദര്‍ശനം തൃശൂരില്‍ കേരള ലളിത കല അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ 2014 ഫെബ്രുവരി 15 മുതല്‍ 19 വരെ നടത്തപ്പെടുകയാണ്.

നിലവിലുള്ള നമ്മുടെ  ചിത്രകലയുടെ ആലന്കാരികവും, രൂപഭംഗിപരവുമായ അവശ്യ ധാരണകളുടെ വൃ ത്തത്തിനകത്ത് നില്‍ക്കാത്തതും  നമ്മുടെ മണ്ണിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വ്യക്തമായി    സംസാരിക്കുന്നതുമായ കുറച്ചു ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ  ചിത്രപ്രദര്‍ശനം നിങ്ങളുടെത് കൂടിയാണ്.
പ്രദര്‍ശനത്തിലുള്ള പല ചിത്രങ്ങളും ചിത്രകാരന്‍റെ ബ്ലോഗില്‍ നിന്നോ ഫെസ് ബുക്കില്‍ നിന്നോ നിങ്ങള്‍ കണ്ടിരിക്കാം. ചിത്രകാലാസ്വാദനത്തിന്റെ അഞ്ചു ശതമാനത്തിലേക്ക് പോലും വളരാനിടയില്ലാത്ത അത്തരം ഒരു 'നെറ്റ് ദര്‍ശനം' ചിത്രങ്ങളെ സാംസ്ക്കാരികമായ തുറന്ന മനസ്സോടെ , ക്ഷമാപൂര്‍വ്വം ഗ്യാലറിയില്‍ നേരില്‍ കാണുന്ന അസുലഭാവസരത്തിനു മുന്നില്‍ വളരെ നിസാരമാണ്.
മാത്രമല്ല, ഒരു മികച്ച ആസ്വാദകനെ സംബന്ധിച്ച് ചിത്രത്തിന്‍റെ കണ്ണഞ്ചിക്കുന്ന വര്‍ണ്ണങ്ങളും പ്രതല ഭംഗിയും വകഞ്ഞുമാറ്റി ആഴത്തിലുള്ള ഒരു യാത്രതന്നെ നടത്താനുള്ള സ്വകാര്യതയും നിശബ്ദതയും ഗ്യാലറികളിലാണ് ലഭിക്കുക.
സാംസ്ക്കാരിക നവീകരണത്തിനാവശ്യമായതും തനതു രാഷ്ട്രീയത്തെ കണ്ടെത്തുന്നതുമായ ചിത്രകാരന്‍റെ ഈ ചിത്രങ്ങള്‍ വില്പ്പനക്കുള്ളതല്ല.
വാങ്ങാനുള്ള ബാധ്യതയും ആരിലും ഈ പ്രദര്ശനം അടിച്ചെല്‍പ്പിക്കുന്നില്ലെന്ന്‍  അര്ത്ഥം.

 വര്‍ഗ്ഗ-പക്ഷങ്ങള്‍ക്കതീതമായതും മാനവികതയിലൂന്നി നില്‍ക്കുന്നതുമായ കാഴ്ച്ചപ്പാടുകളെ സമൂഹത്തിന്റെ സാംസ്ക്കാരികതക്ക് മുന്നില്‍ സമര്‍പ്പിക്കുക എന്നാ ലക്ഷ്യം മാത്രമേ ഈ ചിത്ര പ്രദര്‍ശനത്തിനുള്ളു. സ്വന്തം സമയവും അദ്ധ്വാനവും ധനവും ചിലവഴിച്ചുകൊണ്ടുള്ള ഒരു ഭ്രാന്ത് എന്ന് വേണമെങ്കില്‍ പറയാം.
മാനവിക സ്നേഹത്തിന്‍റെ ഈ ഭ്രാന്തില്‍ പങ്കുചേരാന്‍ സാം സ്ക്കാരികതയെ സ്നേഹിക്കുന്നവരെയും അന്യരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുന്നവരുമായ എല്ലാ സുഹുര്‍ത്തുക്കളെയും ക്ഷണിച്ചുകൊള്ളുന്നു.

Thursday, January 30, 2014

രക്ത സാക്ഷി ദിനത്തിലെ ചിത്രകാരന്റെ ചിന്തകള്‍

ഇന്ന് രാവിലെ മുതല്‍ ആഗ്രഹിക്കുന്നതാണ് ,  ഇത് പോസ്റ്റു ചെയ്യണമെന്ന്‍. കഷ്ടപ്പെട്ട് വരഞ്ഞും എഴുതിയും തയ്യാറാക്കുന്ന  ഈ ചിന്തകളെ ആകാശത്തിലേക്ക് പറത്തിവിടാന്‍ ഇപ്പോഴെങ്കിലും കഴിഞ്ഞതില്‍ ഡിങ്ക ഭഗവാനോട് നന്ദി പറഞ്ഞുകൊള്ളുന്നു.

ഹിംസയെ ഒരു നാടിന്റെ സാംസ്ക്കാരിക പാരംപര്യമായിത്തന്നെയാണ് ചിത്രകാരന്‍ കാണുന്നത്. ഹിംസയെ വേരോടെ പിഴുതുകളയാന്‍ സമൂഹം  സത്യാഭിമുഖ്യത്തോടെ സാമൂഹ്യ ചരിത്രം പരിശോധിക്കുകയും സത്യസന്ധമായി ചരിത്രം രേഖപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. സമൂഹം സാംസ്ക്കാരികമായി നവീകരിക്കപ്പെടാന്‍ അതെ വഴിയുള്ളൂ. പോലീസിനും കോടതിക്കും കുറ്റാരോപിതരുടെ മുതുകില്‍ ന്യായാന്യായങ്ങളുടെ ലേബലുകള്‍ ഒട്ടിച്ചുകൊണ്ട് അധികാര രാഷ്ട്രീയത്തിനോപ്പം നടക്കാനേ കഴിയു. ഭരണം ലക്ഷ്യംവക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് അധികാര താല്പ്പര്യങ്ങള്‍ക്ക് ഭീഷണിയാകുന്ന സാംസ്ക്കാരിക നവീകരണ ചിന്തകള്‍ നഷ്ട കച്ചവടമാണ്.

അതുകൊണ്ടുതന്നെ, ഒരു നാടിന്റെ രാഷ്ട്രീയത്തിന് ജന്മം നല്‍കുന്ന പുരോഗമന ചിന്തയെ ഉത്പ്പാദിപ്പിക്കേണ്ട ചുമതല സമൂഹത്തിലെ അധികാരം കയ്യാളാത്ത ജനങ്ങളുടെതാണ്. കലയും ശാസത്രവും ഉപയോഗിച്ച് സമൂഹത്തെ നവീകരിക്കാതെ മാറ്റത്തിന്റെ ജനാധിപത്യ രാഷ്ട്രീയം സൃഷ്ടിക്കാനാകില്ല. ഹിംസയെ സാംസ്ക്കാരികമായി തന്നെ ഇല്ലാതാക്കണം. കാരണം,ഹിംസ  അറിവില്ലായ്മയുടെ അല്ലെങ്കില്‍ തെറ്റായ അറിവിന്‍റെ(ജീര്‍ണമായ ദുരഭിമാനങ്ങളുടെ) സാമൂഹ്യ  സാന്നിദ്ധ്യം മാത്രമാണ്.

 (രക്ത സാക്ഷി ദിനത്തിലെ ചിത്രകാരന്റെ ചിന്തകള്‍.)  

Saturday, January 18, 2014

ശ്രീ ശങ്കരന്റെ ദ്വിഗ് വിജയം !

ആദി ശങ്കരന്‍, ശ്രീ ശങ്കരന്‍ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന നമ്മുടെ ‘കാലടി’ക്കാരന്‍ ശങ്കരാചാര്യര്‍ ഏതാണ്ട് 1200 വര്‍ഷങ്ങള്‍ക്കു മുന്‍പ് (ക്രിസ്തു വര്‍ഷം 788–820) ഇന്ത്യയൊട്ടുക്കും ബ്രാഹ്മണ ദുര്‍മന്ത്രവാദികളുടെ ജാതി അധിഷ്ഠിതമായ ‘സവര്‍ണ്ണ’ ചാതുര്‍വര്‍ണ്ണ്യ മതം പ്രചരിപ്പിച്ച വിദ്വാന്മാരില്‍ പ്രധാനിയാണ്. ഇന്ത്യയിലെ അനേകം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയിരിക്കുന്നത് ഇദ്ദേഹമാണെന്നാണു പറയപ്പെടുന്നത്. മാത്രമല്ല, ദിഗ് വിജയങ്ങളിലൂടെയും സര്‍വ്വജ്ഞ പീഠാരോഹണത്തിലൂടെയും,  ഇന്ത്യയിലെ ജനകീയ ബുദ്ധ-ജൈന മതങ്ങളെ വേരോടെ പിഴുതെടുത്ത ദ്വിഗ് വിജയിയുമാണ് ശങ്കരാചാര്യര്‍.

ഒരു സ്ഥാപകന്‍ പോലുമില്ലാത്തതിനാല്‍ ഗിതികിട്ടാതെയിരുന്ന പൌരോഹിത്യ വംശീയതയുടെ ജാതി അധിഷ്ഠിതമായ ചാതുര്‍വര്‍ണ്ണ്യ മതത്തെ (ഇന്നത്തെ സവര്‍ണ്ണ ഹിന്ദു മതം) നാലു മഠങ്ങള്‍ സ്ഥാപിച്ച്  അടിത്തറ ഉറപ്പിച്ചത് ഈ പണ്ഡിതനാണ്. പ്രകടന പത്രികയോ, നയപരിപാടികളോ,  കേന്ദ്രീകൃത ഭരണ വ്യവസ്ഥിതിയോ ഇല്ലാതെ പകച്ചുനിന്ന ചാതുര്‍വര്‍ണ്ണ്യ മതത്തിന് വേദാന്തവും മീമാംസയും വച്ചുപിടിപ്പിച്ച് ഏതാണ്ടൊരു രൂപം നല്‍കുന്ന കാര്യത്തിലും, അദ്വൈത ദര്‍ശനം ഉപയോഗിച്ച് കണ്ണെഴുതി പൊട്ടു തൊടീച്ചു വിട്ടതിനും ശങ്കരാചാര്യര്‍ ഇന്നത്തെ സവര്‍ണ്ണ ഹിന്ദുമതത്തിന്റെ പിതൃസ്ഥാനീയനാണെന്നു പറയാം. വിമാനമോ, മൊബൈല്‍ ഫോണോ, കേവലം ഒരു സൈക്കിള്‍ പോലുമോ ഇല്ലതിരുന്ന 1200 വര്‍ഷങ്ങള്‍ക്കു മുന്‍പ് 8 ആം വയസ്സില്‍ ബ്രഹ്മചര്യം സ്വീകരിച്ച് 32 ആം വയസ്സില്‍ ഇഹലോക വാസം വെടിഞ്ഞെന്ന് പറയപ്പെടുന്ന ശങ്കരാചാര്യര്‍ക്ക് ഇതിനെല്ലാം കൂടി എങ്ങനെ സാധിച്ചു എന്നറിയില്ല.

ദ്വിഗ് വിജയവും സര്‍വ്വജ്ഞപീഠാരോഹണവും

ബുദ്ധ-ജൈന മതങ്ങള്‍ ഇന്ത്യ മുഴുവന്‍ വ്യാപിച്ചത് കൃഷി, ആയുര്‍വ്വേദം, ജ്യോതിശാസ്ത്രം, വാണിജ്യം, വാസ്തുവിദ്യ, കല, ആതുര ശുശ്രൂഷ, കളരി പോലുള്ള ആയോധന പരിശീലനം, വിദ്യാഭ്യാസം, ധര്‍മ്മ ബോധം, നാഗരികത എന്നിങ്ങനെയുള്ള മാനവിക മൂല്യങ്ങളിലധിഷ്ഠിതമായ അറിവുകള്‍ തങ്ങളുടെ പണ്ഡിത/ഭട്ടന്മാര്‍ നയിക്കുന്ന മിഷണറിമാരിലൂടെ  പ്രചരിപ്പിച്ചുകൊണ്ടായിരുന്നു. ഈ ബൌദ്ധ-ജൈന പാലി ആര്യന്മാര്‍ക്ക് ജനങ്ങളിലും നാട്ടു രാജാക്കന്മാരിലും നല്ല സ്വാധീനമുണ്ടായിരുന്നു.  ജനങ്ങളുടേയും നാട്ടു രാജാക്കന്മാരുടേയും ഗുരു സ്ഥാനീയരായിരുന്ന ഇവര്‍ക്ക് ശിക്ഷ്യഗണങ്ങളും ഉണ്ടാകാതെ തരമില്ല. ഇങ്ങനെ സമൂഹ്യ നേതൃത്വം കയ്യാളുന്ന ഗുരുക്കന്മാരായ ഭട്ടന്മാരെ പരസ്യമായി വെല്ലുവിളിച്ച് നാട്ടു രാജാവിന്റെ അദ്ധ്യക്ഷതയില്‍ പാണ്ഡിത്യ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്ന പതിവ് അന്ന് ഉണ്ടായിരുന്നിരിക്കണം. ഈ സാധ്യതയാണ് ശങ്കരാചാര്യരെപ്പോലുള്ള വംശീയവാദികളായ ചാതുര്‍വര്‍ണ്ണ്യ പണ്ഡിതന്മാര്‍ ദ്വിഗ് വിജയം നടത്താനായി ഉപയോഗിച്ചിരിക്കുക.

നാട്ടു രാജാവിന്റെ സാന്നിദ്ധ്യത്തില്‍ നടത്തുന്ന രാജ ഗുരുവിന്റെയും എതിരാളിയായ പണ്ഡിതന്റേയും ദിവസങ്ങള്‍ നീളുന്ന തര്‍ക്കത്തിനൊടുവില്‍ രാജ ഗുരു തോല്‍‌വി സമ്മതിക്കേണ്ടി വരുമ്പോള്‍, ജയിച്ച പണ്ഡിതന്‍ രാജഗുരുവായി സ്ഥാനമേല്‍ക്കുകയും, തോറ്റ ഗുരു തര്‍ക്കത്തിനു മുന്‍പോ ശേഷമോ എടുക്കുന്ന വാക്കോ ആജ്ഞയോ നിറവേറ്റാന്‍ ബാധ്യസ്ഥനാകുന്നുണ്ട്. തോല്‍പ്പിക്കപ്പെട്ട രാജഗുരു വര്‍ദ്ധിത വീര്യനായി മടങ്ങിയെത്തി അടുത്ത പണ്ഡിത്യ തര്‍ക്കത്തിനായി വെല്ലുവിളിക്കാതിരിക്കാനായി ഗുരുവിന്റേയും, അയാളുടെ നൂറോ ആയിരങ്ങളോ വരുന്ന ശിക്ഷ്യന്മാരുടെയും നാവോ ശിരസോ അറുത്തുവാങ്ങാന്‍ വംശീയ അജണ്ടകളും കുടില സംസ്ക്കാരവുമുള്ള സവര്‍ണ്ണ /ബ്രാഹ്മണ പണ്ഡിതര്‍ മറക്കില്ല. ശിക്ഷ നടപ്പാക്കേണ്ടത് തര്‍ക്കത്തിനു അദ്ധ്യക്ഷം വഹിച്ച നാട്ടു രാജാവിന്റെ ധാര്‍മ്മിക ബാധ്യതയാണ്. (ഈ ശിക്ഷ കൂടി നടപ്പാക്കിയതിനു ശേഷമാണത്രേ കേരളത്തിലെ പല നാട്ടു രാജാക്കന്മാരും മനസ്ഥാപം സഹിക്കവയ്യാതെ ഇസ്ലാമില്‍ അഭയം പ്രാപിക്കാനായി മക്കത്തേക്ക് കപ്പലേറിയിരുന്നത്).

 തോല്‍‌പ്പിക്കപ്പെട്ട അഹിംസാവാദികളും ധര്‍മ്മിഷ്ഠരുമായ ബൌദ്ധ-ജൈന പണ്ഡിതരെ അപേക്ഷിച്ച് ഹിംസാത്മക വംശീയ അജണ്ടകളുള്ള ബ്രാഹ്മണ പഢിതര്‍ രാജഗുരുസ്ഥാനം തന്റെ ശിക്ഷ്യനെ ഏല്‍പ്പിച്ച് തൊട്ടടുത്ത മറ്റു രാജ്യങ്ങളിലെ ബൌദ്ധ-ജൈന ഗുരുക്കന്മാരെ ജയിക്കാനായി ജൈത്രയാത്ര നടത്തുന്നതായിരിക്കണം ദ്വിഗ് വിജയത്തിലും, സര്‍വ്വജ്ഞപീഠാരോഹണത്തിലും, സ്വയം പ്രഖ്യാപിത ജഗദ് ഗുരു പദവികളിലുമൊക്കെ എത്തിക്കുന്നത്. ഫലത്തില്‍, അക്കാലത്തെ അറിവുള്ള ഭൂരിപക്ഷം ജനങ്ങളെ ഉന്മൂലനം ചെയ്തുകൊണ്ട് സമൂഹത്തെ സഹസ്രാബ്ദങ്ങള്‍ പിറകോട്ടു നയിക്കാന്‍ ബ്രാഹ്മണ പണ്ഡിതരുടെ സവര്‍ണ്ണ/ജാതീയ മത പ്രചരണത്തിനും സാമൂഹ്യ ആധിപത്യത്തിനുമായുള്ള സര്‍വജ്ഞപീഠാരോഹണങ്ങളും, ദ്വിഗ് വിജയങ്ങളും സഹായിച്ചെന്നതില്‍ സംശയമില്ല.

സര്‍വ്വജ്ഞപീഠാരോഹണം അറിവിന്റെ ആഘോഷമായിരുന്നില്ല , അറിവില്ലായ്മയുടെയും, അധര്‍മ്മത്തിന്റേയും, ഹിംസയുടേയും പ്രചനനവും വ്യാപനവുമായിരുന്നു . ജഗദ് ഗുരു ബ്രാഹ്മണരെ വംശീയമായി ശക്തരാകാന്‍ പഠിപ്പിച്ചതിലൂടെ സ്വത്തെല്ലാം അവര്‍ കവര്‍ന്നെടുത്തു, ബ്രഹ്മസ്വവും ദേവസ്വവുമാക്കി.  സാധാരണ അവര്‍ണ്ണ/ജാതിചിന്തയില്ലാത്ത ജനങ്ങളെ 1200 വര്‍ഷം ജാതീയ അടിമത്തത്തില്‍ ചവിട്ടി താഴ്ത്തിയ മനുഷ്യത്വമില്ലാത്ത ശങ്കരന്‍ അദ്വൈദ ദര്‍ശനം മുറുക്കി തുപ്പുന്നതില്‍ എന്താണു കൌതുകംകൂറാനുള്ളത് ? ഇന്നത്തെ പാക്ക് അധീന കാശ്മീരിലെ ജൈനരുടെ സരസ്വതി ക്ഷേത്രത്തില്‍ വച്ചുള്ള ജഗദ് ഗുരു ശങ്കരാചാര്യരുടെ  സര്‍വ്വജ്ഞപീഠാരോഹണത്തിനു ശേഷം ഇന്ത്യ വളര്‍ച്ച മുരടിച്ച് ജാതിയതയുടെ ഇരുട്ടറയില്‍ അടക്കപ്പെടുകയും, ജഗദ് ഗുരുവിനു ജന്മം നല്‍കിയതിന്റെ ശാപമായി കേരളം തൊട്ടുകൂടായ്മയുടേയും, തീണ്ടിക്കൂടായ്മയുടേയും, ദൃഷ്ടിയില്‍ പെട്ടാല്‍ പോലും അയിത്തമാകുമെന്ന് വിശ്വസിക്കുന്നവരുടേയും തുറന്ന ഭ്രാന്താലയമായിത്തീര്‍ന്നു എന്ന് ചരിത്രം !
അറിവാണു പോലും !! മനുഷ്യനെ സ്നേഹിക്കാനാകാത്ത റേസിസ്റ്റ് അറിവ് !!!

Friday, January 17, 2014

തലപ്പൊലി തന്നെ താലപ്പൊലി !


നമ്മുടെ ക്ഷേത്രങ്ങളില്‍ ‘താലപ്പൊലി’ എന്ന പേരില്‍ ഇപ്പോള്‍ നിലവിലുള്ള ആചാരത്തിന്റെ തുടക്കം കുറിച്ചത് ‘തലപ്പൊലി’ എന്ന പേരിലുള്ള നരഹത്യകളിലൂടെയായിരുന്നു. ഏതാണ്ട്, 1200 വര്‍ഷം മുന്‍പ് നടന്ന സവര്‍ണ്ണ ഹിന്ദുമതത്തിന്റെ കേരളത്തിലെ തുടക്കം കൊടും ഹിംസയിലൂടെയായിരുന്നു എന്ന് ചരിത്രം. ജാതി-മത വേര്‍ത്തിരിവുകളില്ലാതിരുന്ന ബുദ്ധ-ജൈന വിശ്വാസികളായിരുന്ന  ‘അവര്‍ണ്ണ’ ജനതയുടെ കാവുകളും, അമ്പലങ്ങളും കൈവശപ്പെടുത്താനും,  ജാതീയമായ സവര്‍ണ്ണ മതം അടിച്ചേല്‍പ്പിക്കാനുമായി കേരളത്തിലെത്തിയ ബ്രാഹ്മണ മന്ത്രവാദികളുടെ സംഘങ്ങള്‍ നാടുവാഴികളെ സ്വാധീനിച്ചും, ഭയപ്പെടുത്തിയും ബൌദ്ധ-ജൈന പണ്ഡിതരെ നമ്പ്(വിശ്വാസം)തിരിച്ച് നമ്പൂതിരിമാരാക്കിയും, വഴങ്ങാത്തവരെ കൊന്നൊടുക്കിയും നടത്തിയ നരാധമ ഹിംസയിലൂടെയുമാണ് സാമൂഹ്യ മേധാവിത്വം നേടുന്നത് .

 “നമ്പൂ തിരി”യാന്‍ വിസമ്മതിച്ച ബൌദ്ധ-ജൈന/(ഈഴവ/തിയ്യ/ആശാരി/മൂശാരി/കൊല്ലന്‍/തട്ടാന്‍/കമ്മാള/വാണിയ/പണിക്കര്‍/ഗുരുക്കള്‍/ശാലിയ)കാര്‍മ്മികരെ/വാത്തിമാരെ/പണ്ഡാരികളെ/പണ്ഡിതരെ/ഭട്ടന്മാരെ/പാലി ആര്യന്മാരെ തലയറുത്ത് ദ്വിഗ് വിജയികളായ ബ്രാഹ്മണ മന്ത്രവാദികളുടെ എഴുന്നള്ളത്തിനു മുന്നില്‍ ദേവദാസികളായ (പൊലിയാടിയ/ തേവ്ടിച്ചികള്‍) സ്ത്രീകളെക്കൊണ്ട് ‘പൊലിപ്പിച്ച്’‘ നിര്‍ത്തുന്ന ഭീകര ദൃശ്യമാണ് “തലപ്പൊലി”. ബ്രാഹ്മണ സവര്‍ണ്ണ മതത്തെ അംഗീകരിക്കാത്തവര്‍ക്കുണ്ടാകുന്ന ദുര്‍വിധിയെക്കുറിച്ച് സമൂഹത്തിനു നല്‍കുന്ന മുന്നറിയിപ്പുകൂടിയായിരുന്നു തലപ്പൊലി. ആ ആചാരത്തിന്റെ തുടര്‍ച്ചയാണ് ബൌദ്ധ/ജൈന/അവര്‍ണ്ണരുടെ തലക്കു പകരം മുറിച്ചുവച്ച തേങ്ങയും, ചോരക്കു പകരം ചുവന്ന തെച്ചിപ്പൂവും പ്രതീകാത്മകമായി വച്ചുകൊണ്ട് ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്ന തലപ്പൊലി.

പണ്ടു കാലത്തെ കേരളത്തിന്റെ തല സ്ഥാനമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ജൈനരുടെ വാണിജ്യകേന്ദ്രമായിരുന്നതും കടലില്‍ നിന്നും അഴിമുഖത്തേക്കു  നോക്കുമ്പോള്‍ മനുഷ്യമുഖത്ത് അപൂര്‍വ്വമായി സംഭവിക്കുന്ന ‘മുച്ചിറി’ എന്ന വൈകല്യം പോലെ തോന്നിപ്പിച്ചിരുന്ന ഭൂമിശാസ്ത്രം കാരണം അറിയപ്പെട്ടിരുന്ന  മുച്ചിറി പട്ടണം(വിദേശികള്‍ക്ക് ‘മുസരിസ്’) , ബ്രാഹ്മണ ജാതി-മന്ത്രവാദികളുടെ കാര്‍മ്മികത്വത്തില്‍ നടന്ന കൂട്ടക്കൊലകളുടെ ഞെട്ടിപ്പിക്കുന്ന ഓര്‍മ്മകളാല്‍ ‘കൊടും കൊല ഊരായി’ മാറി, തുടര്‍ന്ന് കൊടും കൊല്ലൂരായും,  ഇന്നത്തെ കൊടുങ്ങല്ലൂരുമായി.

അതുകൂടാതെ,പഴയകാല സവര്‍ണ്ണ പൌരോഹിത്യ ഹിംസയുടെ രക്തം പുരണ്ട  കേരളത്തിന്റേതായി ഒരു പഴം ചൊല്ലുകൂടിയുണ്ട് : “കഴുവേറ്റ് കഴിഞ്ഞാണ് കൊടിയേറ്റ് ”. ക്ഷേത്രങ്ങളില്‍ പണ്ടുണ്ടായിരുന്ന പതിവ് എന്നാണ് ‘പഴഞ്ചൊല്ലുകളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം ഈ പഴം ചൊല്ലിനെ വിശേഷിപ്പിക്കുന്നത്. ഉത്സവത്തിന്റെ കൊടിയേറ്റിനു മുന്‍പായി നടത്തുന്ന നരഹത്യയുടെ ആചാരം ഓര്‍മ്മിപ്പിക്കുന്ന പഴം ചൊല്ല്.

Saturday, October 26, 2013

Today's The Hindu Metro Weekend Review about our Painting Exhibition at Kozhikode

Today's The Hindu Metro Weekend Review about our Painting Exhibition (image/carnage-2) at Kozhikode Lalitha Kala Academy Gallery. The Exhibition ends on 27 th Sunday.

Tuesday, September 24, 2013

ഇമേജ്/കാര്‍ണേജ് ചിത്രപ്രദര്‍ശന വാര്‍ത്തകള്‍

ചിത്രകാരനും ഡോ. അജയ് ശേഖറും ഒത്തുചേര്‍ന്ന് 2013 സെപ്തംബര്‍ 18 മുതല്‍ 22 വരെ കൊച്ചി ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്ററില്‍ നടത്തിയ പെയിന്റിങ്ങ് എക്സിബിഷനോടനുബന്ധിച്ച് വിവിധ പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ക്ലിപ്പുകള്‍ താഴെ സൂക്ഷിച്ചിരിക്കുന്നു. ജനയുഗം, മാതൃഭൂമി തുടങ്ങിയ ചില പത്രങ്ങളുടെ ക്ലിപ്പുകള്‍ ലഭിച്ചിട്ടില്ല, ആയതു കൈവശമുള്ളവര്‍ അയച്ചുതന്ന് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മാധ്യമം കൊച്ചി എഡിഷന്‍ വാര്‍ത്ത
മംഗളം വാര്‍ത്ത
കേരള കൌമുദി വാര്‍ത്ത
ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്
വീക്ഷണം
മെട്രോ വാര്‍ത്തയിലെ ഫീച്ചര്‍



ജയ് ഹിന്ദ് ടിവിയിലെ വാര്‍ത്ത
29.9.13 മാധ്യമം വാരാദ്യപ്പതിപ്പിലെ ശ്രീ കെ പി ജയകുമാറിന്റെ ലേഖനം

Saturday, September 21, 2013

"Art attack at Durbar hall gallery"

Times of India report dated 20th Sept. 2013.
Madhyamam Daily report dated 19th Sept. 2013
Mr. KA Francis, The Chairman of Kerala Lalitha kala Academy visiting the "Image /carnage" Exhibition on 20th Sept 2013.
Dr. Ajay Sekher, Academy Chairman KA Francis and Chithrakaran Murali T
 
 
 
Mr. KK Koch
Mr. Sudhesh and Dr. Ajay Sekher
Dr. Ajay Sekher, Mr. Sudhesh, and Sudhesh's daughter Kavery
Chithrakaran, Kavery, Ajay sekher and Sudhesh
Mangalam report dated 20th Sept 2013.
Mr. Kannan Meloth ('idaneram' blog)

Wednesday, September 11, 2013

എക്സിബിഷന്‍ കൊച്ചി, ദര്‍ബാര്‍ ഹാളില്‍, 2013 സെപ്തംബര്‍ 18-22

 
2013 സെപ്തംബര്‍ 18 മുതല്‍ 22 വരെ ഡോ. അജയ് ശേഖറിന്റേയും ചിത്രകാരന്റേയും പുതിയ ചിത്രങ്ങളുടെ ഒരു എക്സിബിഷന്‍, കൊച്ചി ദര്‍ബാര്‍ ഹാളില്‍ (ഗലറി - ഇ, ഒന്നാം നില)നടത്തപ്പെടുന്ന വിവരം എല്ലാ നെറ്റ് സുഹൃത്തുക്കളേയും, അഭ്യുദയകാംക്ഷികളേയും സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു. 18ആം തിയ്യതി വൈകീട്ട് 5.30 ന് പ്രൊഫസര്‍ എം.കെ. സാനു മാഷ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുന്നതായിരിക്കും. തദവസരത്തില്‍ കൊച്ചി ദര്‍ബാര്‍ ഹാളിലെത്തിച്ചേരാന്‍ സൌകര്യമുള്ള സുഹൃത്തുക്കള്‍ ഉദ്ഘാടന ചടങ്ങിലും തുടര്‍ന്നുള്ള പ്രദര്‍ശന ദിവസങ്ങളിലും സ്നേഹസാന്നിദ്ധ്യമായി ഈ എക്സിബിഷനില്‍ പങ്കെടുക്കാനായി ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ അറിയാന്‍ :
ഡോ. അജയ് ശേഖറിന്റെ ഇംഗ്ലീഷ് ബ്ലോഗിലുള്ള പോസ്റ്റ് ലിങ്ക്.
 
ബ്ലോഗില്‍ നിന്നു ലഭിച്ച വായനക്കാരുടെ പിന്തുണയും അഭിപ്രായങ്ങളും കാരണം 20 വര്‍ഷം മുന്‍പ് ഉപേക്ഷിച്ചിരുന്ന ചിത്രകലയിലേക്ക് മടങ്ങാനായതിന്റെ ഫലമായിക്കൂടി ഈ പ്രദര്‍ശനത്തെ ചിത്രകാരന്‍ കാണുന്നതിനാല്‍ , ഈ നവ മാധ്യമത്തെ നിര്‍മ്മിച്ച് നവീകരിച്ച് വിശാലമാക്കിക്കൊണ്ടിരിക്കുന്ന എല്ലാ സുമനസ്സുകളോടും ഈ അവസരത്തില്‍ നന്ദി പറഞ്ഞുകൊള്ളുന്നു. ഇതോടൊപ്പം,എക്സിബിഷനായി തയ്യാറാക്കിയിരിക്കുന്ന ക്ഷണക്കത്ത്, പോസ്റ്റെര്‍, ബ്രോഷര്‍ തുടങ്ങിയവയുടെ ഇമേജ് ഫയലുകള്‍ കൂടി ചേര്‍ത്തിട്ടുണ്ട്. മാധ്യമ സുഹൃത്തുക്കളും, മാധ്യമ ബന്ധുക്കളും ഈ ഗ്രൂപ്പ് എക്സിബിഷനെക്കുറിച്ചുള്ള വിവരങ്ങളും കാഴ്ച്ചപ്പാടുകളും ജനങ്ങളിലെത്തിച്ച് എക്സിബിഷന്‍ വിജയകരമാക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.
പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചിത്രകാരന്റെ ചിത്രങ്ങള്‍ കാണുന്നതിനും കോപ്പിയെടുക്കുന്നതിനും പ്രദര്‍ശനത്തെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ അറിയുന്നതിനും:
1) ചിത്രകാരന്റെ പെയിന്റിങ്ങ് ബ്ലോഗ്
2) ചിത്രകാരന്‍ ഫേസ് ബുക്ക് പേജ് (സൈന്‍ ഇന്‍ ചെയ്യാതെത്തന്നെ തുറന്നു കാണാനാകും)
3) ചിത്രകാരന്റെ വെബ് സൈറ്റ്
4) ഗൂഗ്ഗിള്‍ പ്ലസ്
5) മുരളി ടി കേരള ( ഫേസ് ബുക്ക് )
 

പോസ്റ്റര്‍

ക്ഷണക്കത്ത്

ബ്രോഷന്‍ ഇന്നര്‍ പേജ് (തീം നോട്ട്)

ബ്രോഷര്‍ ഔട്ടര്‍ പേജ്

Wednesday, May 29, 2013

കമലിന്റെ സെല്ലുലോയിഡ്



മലയാളിക്ക് തന്റെ പൂര്‍വ്വകാലത്തെക്കുറിച്ച് തിരിച്ചറിവുണ്ടാകുക എന്നത് വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. അത്തരമൊരു അത്യപൂര്‍വ്വ സംഭവമാണ് കമലിന്റെ സെല്ലുലോയിഡ് എന്ന സിനിമ. സത്യത്തെ മുഖത്തോടു മുഖം നോക്കാന്‍ തയ്യാറല്ലാത്ത മലയാളി, മണ്മറഞ്ഞ സത്യത്തെ ചരിത്രത്തില്‍ നിന്നും ചികഞ്ഞെടുത്ത് സ്നേഹാദരങ്ങളോടെ നമിക്കുന്ന തിരിച്ചറിവിന്റേയോ ബോധോദയത്തിന്റേയോ ഒരു സിനിമയാണ് സെല്ലുലോയിഡ്.  മലയാള നാട്ടില്‍ ആദ്യമായി ഒരു സിനിമ നിര്‍മ്മിക്കുകയും, സംവിധാനം ചെയ്യുകയും, അഭിനയിക്കുകയും ചെയ്ത മനുഷ്യരെയും അവരുടെ സിനിമയേയും നമ്മുടെ പ്രാകൃതരും ജാതി ഭ്രാന്തരുമായിരുന്ന സമൂഹം എങ്ങനെയാണു നശിപ്പിച്ചതെന്നതിന്റെ ചരിത്ര സാക്ഷ്യമാണ് സെല്ലുലോയിഡിലൂടെ സത്യസന്ധമായി രേഖപ്പെടുത്തിയിരിക്കുന്നത്.  സമ്പന്നനായിരുന്ന ഡോ.ജെ.സി.ഡാനിയല്‍ എന്ന നാടാര്‍ കൃസ്ത്യാനിക്ക് ഒരു സിനിമ നിര്‍മ്മിക്കുന്നതിലൂടെ നിര്‍ദ്ധനനാകാനുള്ള യോഗമുണ്ടായി എന്ന ലളിത ചരിത്രമല്ല, സമൂഹത്തിന്റെ ഇടുങ്ങിയ മനസ്സിന്റേയും ജാതീയ അധമബോധത്തിന്റേയും തേര്‍വാഴ്ച്ച എങ്ങിനെയാണ് മലയാള സിനിമയുടെ പിതാവായ ജെ.സി.ഡാനിയലിനെയും, അദ്ദേഹത്തിന്റേ സിനിമയായ “വിഗത കുമാരനേയും” അതിലെ നായികയേയും നമ്മുടെ ചരിത്രത്തില്‍ നിന്നും മായ്ച്ചുകളഞ്ഞത് എന്നാണ് സെല്ലുലോയിഡ് സത്യസന്ധമായി രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ സിനിമ മഹത്തരമാണ്. ഈ ചലച്ചിത്രത്തിനു ലഭിച്ച ദേശീയവും സംസ്ഥാന തലത്തിലുമുള്ള അവാര്‍ഡുകള്‍ സാര്‍ത്ഥകമാണ്.

ചിത്രകാരന്‍ സിനിമകണുന്നതൊക്കെ വളരെ കുറവാണ്. അഥവ കണ്ടാല്‍ തന്നെ ടി.വിയില്‍ നിന്നോ, പണം മുടക്കാതെ ലഭിക്കുന്ന സിഡി-ഡിവീഡികളില്‍ നിന്നോ ആയിരിക്കും. സമൂഹത്തോട് ഒരു ബന്ധവുമില്ലാത്ത ചവറു സിനിമകള്‍ക്കു മുന്നില്‍ മിഴിച്ചിരിക്കാനുള്ള ക്ഷമയില്ലാത്തതിനാലും, അത്തരം സിനിമകളുടെ സിഡിക്കും ഡീവിഡിക്കും പണം മുടക്കാന്‍ മനസ്സില്ലാത്തതുകൊണ്ടും സിനിമ അലര്‍ജ്ജി കലശലാണ്. എന്നാല്‍, സെല്ലുലോയിഡ് കാശുകൊടുത്ത് വാങ്ങി തന്നെ കണ്ടു. മാത്രമല്ല, സെല്ലുലോയിഡ് പോലുള്ള ഒരു സിനിമയുടെ സി.ഡിയോ, ഡിവിഡിയോ ഒരു ചരിത്ര രേഖയായി സൂക്ഷിക്കാന്‍ തക്ക മൂല്യമുള്ളതുമാണ്. സെല്ലുലോയിഡിന്റെ നിര്‍മ്മതാക്കള്‍ക്കും സംവിധായകന്‍ കമലിനും മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കും ചിത്രകാരന്റെ നന്ദിയും അഭിവാദ്യങ്ങളും അര്‍പ്പിക്കുന്നു.


Wednesday, May 1, 2013

മെയ് ദിന ചിത്രം , “താജ് മഹല്‍ ”


ഇന്ന് മെയ് ദിനം! ലോക തൊഴിലാളി ദിനത്തില്‍ എത്ര പേര്‍ തൊഴിലിനെക്കുറിച്ചും, തൊഴിലിന്റെ പേരില്‍ മനുഷ്യന്‍ അനുഭവിച അടിമത്വത്തിന്റെ ചരിത്രത്തെക്കുറിച്ചും ഓര്‍ക്കുന്നുണ്ടാകും ? ഇത്രയും കാലം നാം ആഘോഷിച്ച ലോക തൊഴിലാളി ദിനങ്ങളുടെ പേരില്‍ തൊഴിലിന്റെ മഹത്വം നമ്മുടെ സമൂഹത്തിനു ബോധപ്പെടുകയുണ്ടായോ ? ഇല്ലെന്നാണ് ചിത്രകാരന്റെ ബോധം. തൊഴിലിന്റെ മഹത്വം തിരിച്ചറിയാതെ ആഘോഷിക്കപ്പെടുന്ന മെയ് ദിനങ്ങള്‍ അടിമത്വത്തിന്റെ ആഘോഷമായല്ലേ മനസ്സിലാക്കേണ്ടത് ? തങ്ങളുടെ അടിമത്വം ആഘോഷിക്കുന്ന സമൂഹത്തെക്കുറിച്ച് ലജ്ജ നമുക്ക് ലജ്ജ തോന്നാത്തത് എന്തുകൊണ്ടാണെന്നെങ്കിലും നാം കണ്ടുപിടിക്കേണ്ടതല്ലേ ? നാം പശ്ചാത്യ നാടുകളില്‍ നിന്നും വിപ്ലവം ഇറക്കുമതി ചെയ്ത് ... ഗോതമ്പും പാല്‍പ്പൊടിയും പോലെ വിതരണം ചെയ്യുന്നത് വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കുന്നവരാണല്ലോ. നമ്മുടെ നാട്ടില്‍ തന്നെയുള്ള അദ്ധ്വാനത്തിന്റെ മഹാത്ഭുതങ്ങളെ തിരിച്ചറിയാനും ആ അദ്ധ്വാനത്തിന്റെ പിന്നിലെ വിയര്‍പ്പു തുള്ളികളെ എണ്ണി തിട്ടപ്പെടുത്താനും, ആ വിയര്‍പ്പു തുള്ളികള്‍ക്കു ലഭിച്ച ക്രൂരതയുടേയും ചതിയുടേയും പ്രതിഫലത്തിന്റെ കണക്കു പുസ്തകം തയ്യാറാക്കാന്‍ മുതിരാതെ, കള്ള കഥകള്‍ക്കും, കവിതകള്‍ക്കും, കള്ള ചരിത്രങ്ങള്‍ക്കും കാതോര്‍ത്ത് കാത്തിരിക്കുന്നത് നമ്മുടെ ജീര്‍ണ്ണ സാംസ്ക്കാരികത കാരണമാകാം. ലോക തൊഴിലാളി ദിനം പ്രമാണിച്ച് ചിത്രകാരന്‍ 2013 ഏപ്രില്‍ മാസം വരച്ച “താജ് മഹല്‍” എന്ന ചിത്രത്തിന്റെ ഒരു ഡീറ്റൈല്‍ ഫോട്ടോ നെറ്റ് സുഹൃത്തുക്കള്‍ക്കായി പബ്ലിഷ് ചെയ്യുന്നു. പൂര്‍ണ്ണമായ ചിത്രം രണ്ടോ മൂന്നോ ദിവസത്തിനകം അപ്ലോഡ് ചെയ്യുന്നതായിരിക്കും. ഈ ചിത്രത്തിന്റെ ഇന്നത്തെ പ്രസക്തി : 20000 മനുഷ്യര്‍ 22 വര്‍ഷം കഠിനാദ്ധ്വാനം ചെയ്ത് നിര്‍മ്മിക്കപ്പെട്ട ഇന്ത്യയുടെ ലോകാത്ഭുതമായി നിലകൊള്ളുന്ന താജ് മഹല്‍ നാം തൊഴിലാളിയുടെയോ അദ്ധ്വാനത്തിന്റേയോ മഹത്വമായി ഇനിയും നോക്കിക്കാണാന്‍ തുടങ്ങിയിട്ടില്ല എന്നതാണ്. ഉസ്താദ് അഹമ്മദ് ലഹോരിയുടെ രണ്ടു കൈകളായാലും, വലതു കൈ മാത്രമായാലും ചേദിച്ചുകളഞ്ഞ ഷാജഹാന്റെയും മൂന്നാമത്തെ ഭാര്യയായ മുംതാസ് മഹലിന്റെയും തീവ്രമായ പ്രേമത്തിന്റെ പൊള്ളയായ കഥകള്‍ അയവിറക്കിയിരിക്കുന്ന നമുക്ക് അദ്ധ്വാനത്തിന്റെ മഹത്വത്തെ എങ്ങനെയാണ് ഉള്‍ക്കൊള്ളാനാകുക ? താജ് മഹലിന്റെ മുഖ്യ ശില്‍പ്പിയായി 22 വര്‍ഷം സേവനമനുഷ്ടിച്ചതിന്റെ “പ്രതിഫലമായി“  ലഹോരിയുടെ തലതന്നെ വെട്ടിയെടുക്കാന്‍ ചക്രവര്‍ത്തി തിരുമനസ്സിന് കഴിയുമായിരുന്നിട്ടും കൈകള്‍ മാത്രം വെട്ടിയെടുത്ത് ആ കമ്മാളനെ ജീവനോടെ വിട്ടു എന്നത് ചക്രവര്‍ത്തി തിരുമനസ്സിന്റെ സ്നേഹ വാത്സല്യമായിപ്പോലും നമ്മുടെ പാണന്മാര്‍ കവിതയെഴുതും !!! ലഹോരിക്ക് കൈ മാത്രമേ പോയുള്ളു. മറ്റ് 20000 ശില്‍പ്പികള്‍ക്കും കാലിഗ്രാഫിസ്റ്റുകള്‍ക്കും ചിലപ്പോള്‍ തലതന്നെ നഷ്ടപ്പെട്ടിരിക്കാം. അധികാരത്തിന്റേയും, അജ്ഞതയുടേയും, സ്വാര്‍ത്ഥതയുടേയും, ക്രൂരതയുടേയും മൂര്‍ത്തീകരണമായ ഷാജഹാന്റെ മരണാനന്തര പ്രശസ്തിക്കായിമാത്രം നീക്കിവക്കേണ്ടതാണോ താജ്മഹല്‍ ? താജ് മഹല്‍ 20000 ശില്‍പ്പികളുടെ വിയര്‍പ്പില്‍ നിന്നും ജന്മംകൊണ്ട മഹാത്ഭുതമാണെന്നും, ആ മഹാത്ഭുതത്തെ തന്റെ വ്യക്തിഗതമായ സ്വാര്‍ത്ഥതയുടെ മഹത്വവല്‍ക്കരണത്തിനായി ചതിയിലൂടെ കവര്‍ന്നെടുത്ത ദുഷ്ടനായ തിന്മയായിരുന്നു ഷാജഹാനെന്നും നാം യാഥാര്‍ത്ഥ്യബോധത്തോടെ കാണേണ്ടതല്ലേ ? അതിന്റെ ഭാഗമായി താജ് മഹലിന്റെ ഭംഗിക്കു കോട്ടം തട്ടാതെ, ഉസ്താദ് അഹമ്മദ് ലഹൌരിയുടെ ആകാശം മുട്ടുന്ന ഒരു പ്രതിമ യമുനാ നദിയുടെ മറു കരയില്‍ താജ് മഹലിനെ അഭിമുഖീകരിച്ചു നില്‍ക്കുന്നതയി നമുക്ക് നിര്‍മ്മിക്കാന്‍ തോന്നേണ്ടതല്ലേ ? ഓസ്കാര്‍ ശില്‍പ്പം പോലുള്ള മാനവികമായ ഒരു രൂപം !!! അദ്ധ്വാനത്തിന്റേയും, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റേയും , മാനവികതയുടെയും മഹത്വം ഉദ്ഘോഷിച്ചുകൊണ്ട് ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രതിമയായി ഉസ്താദ് അഹമ്മദ് ലഹൌരി നമ്മുടെ അടിമത്വത്തെ അതിജീവിക്കാനായി ഉയിര്‍ത്തെണീക്കട്ടെ എന്ന് ഈ ലോക തൊഴിലാളി ദിനത്തില്‍ ചിത്രകാരന്‍ സ്വപ്നം കാണട്ടെ !
Face book post link.
Google plus post link.