
പ്രിയ സഹജരേ,
വായനയും,കലാസ്വാദനവും മനുഷ്യസ്നേഹത്തിന്റെ വികാസത്തിനായുള്ള ഉപാധിയാണെന്ന വിശേഷബോധമുള്ളവരോട് ചിത്രകാരന്‍ സ്നേഹപൂര്‍വ്വം ആവശ്യപ്പെടുന്നു: .....
മാത്രുഭൂമി ആഴ്ച്ചപ്പതിപ്പ് തീര്‍ച്ചയായും വായിക്കണം.
ചിത്രകാരന്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് മാത്രുഭൂമി ആഴ്ച്ചപ്പതിപ്പ് വായന നിര്‍ത്തിയ വ്യക്തിയായിരുന്നു. അന്നൊക്കെ മാത്രുഭൂമിയുടെ മുഖച്ചിത്രം മുതല്‍ ഉള്ളടക്കം വരെയുള്ള എല്ലാം ഇഡിലിയും സാംബാറും സ്റ്റെയിലിലായിരുന്നു. വായനകൊണ്ട് പ്രത്യേക നേട്ടമോ, വായിക്കാതിരുന്നാല്‍ എന്തെങ്കിലും നഷ്ടമോ ഉണ്ടാകില്ലെന്ന് ഉറപ്പായി തോന്നിയതിനാലാണ് മത്രുഭൂമി വായന നിര്‍ത്തിയത്.
എന്നാല്‍ കുറച്ചു ലക്കങ്ങളിലായി മാത്രുഭൂമി ആഴ്ച്ചപ്പതിപ്പിന്റെ കെട്ടിലും മട്ടിലും, ഉള്ളടക്കത്തിലും ചിത്രകാരന്റെ ശ്രദ്ധയാകര്‍ഷിക്കുംവിധമുള്ള ചില മാറ്റങ്ങള്‍ പ്രകടമാകുകയും ചെയ്തിരിക്കുന്നു.
ഈ പ്രസിദ്ധീകരണത്തിന്റെ കാഴ്ച്ചപ്പാടും, നിലവാരവും ചിത്രകാരനെ ഇപ്പോള്‍ സന്തോഷിപ്പിക്കുന്നു.
സ്ഥിരം വിഭവങ്ങളായിരുന്ന കഥകളി ആശാന്മാരുടെ ജീവചരിത്ര പൊങ്ങച്ചങ്ങളും, സര്‍വ്വീസ് സ്റ്റോറികളും,മാത്രമായി...കഥയും കവിതയും മന്ത്രിച്ച് ... തൊഴുത് അംബലത്തില്‍ പോയിരുന്ന ഒരു സവര്‍ണ്ണ പ്രസിദ്ധീകരണം ഇപ്പോള്‍ ഒരു പുനര്‍ജന്മം ലഭിച്ചതുപോലെ മാനവികമായ കാഴ്ച്ചപ്പാടോടും,പ്രതിബദ്ധതയോടും, സൌന്ദര്യ ശാസ്ത്രപരമായ ഉദാത്ത നിലപാടുകളോടും സമൂഹത്തോട് കലഹിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഇയ്യിടെയായി മാത്രുഭൂമിയില്‍ പ്രത്യക്ഷപ്പെടുന്ന ലേഖനങ്ങള്‍ ചാട്ടുളിപോലെ സമൂഹത്തിന്റെ ആത്മാവിലേക്ക് തൊടുത്തുവിടുന്ന ആശയങ്ങള്‍ ഏത് ഇരുട്ടിനേയും കീറിമുറിച്ച് വെളിച്ചത്തിന്റെ പാത നിര്‍മ്മിക്കാന്തക്കവിധം ശക്തമാണെന്നത് ഈ വിക്കിലിയെക്കുറിച്ച് രണ്ടു വാക്കെഴുതാന്‍ ചിത്രകാരനെ പ്രചോദിപ്പിച്ചിരിക്കുന്നു.
ഈ ആഴ്ച്ചയിലെ
"നവോത്ഥാന മൂല്യങ്ങള്‍ നാടുനീങ്ങുംബോള്‍ " എന്ന
ശ്രീ ഇ.എ. ജബ്ബാറിന്റെ ലേഖനം കേരളീയന്റെ സമഗ്രവും സംബൂര്‍ണ്ണവുമായ സൌദര്യത്തിനേയും വൈരൂപ്യത്തെയും വിദഗ്ദമായി അവതരിപ്പിച്ചിരിക്കുന്നു.
കേരളീയന്റെ സാമൂഹ്യ ചരിത്രപരമായ മാനസ്സിക വൈകല്യത്തെ എങ്ങിനെ ഇല്ലാതാക്കാം എന്നു ചിന്തിക്കുന്നവര്‍ക്ക് ഈ ലേഖനം സുവ്യക്തമായി വഴികണ്ടുപിടിക്കാന്‍ സഹായിക്കും.
ശ്രീ ജബ്ബാറിന്റെ വാക്കുകള്‍ വളരെ സരളവും, മാനവികവും, മതനിരപേക്ഷവുമാണ് എന്നത് സത്യത്തിന്റെ സൌന്ദര്യം പോലെ... ലേഖനത്തെ മനോഹരമാക്കുന്നു.
ഈ ലേഖനം വായിക്കാതിരുന്നാല്‍ കേരളത്തിന്റെ കെട്ടുപിണഞ്ഞ് ഉണ്ടനൂലുപോലിരിക്കുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ കൂടുതല്‍ സംങ്കീര്‍ണമാക്കുന്ന സമയം കൊല്ലി ചര്‍ച്ചകളുമായി കഴിച്ചുകൂട്ടുന്ന ദുര്യോഗത്തില്‍നിന്നും ബ്ലൊഗേഴ്സിന് അടുത്തകാലത്തൊന്നും മോചനം ലഭിക്കില്ലെന്ന് ചിത്രകാരന്‍ ഉറപ്പിച്ചുപറയുന്നു.
മത്രുഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന ഇലസ്റ്റേഷനുകളില്‍ ചിലത് ചിത്രകലയുടെ സമകാലികമായ സ്പന്ദനങ്ങള്‍ വായനക്കാര്‍ക്ക് നല്‍കുന്നു എന്നതു എടുത്തുപറയട്ടെ.
ഈ ചിത്രങ്ങള്‍ ഓരോന്നും വികാര സാന്ദ്രമായ കാഴ്ച്ചകളായി,നമ്മുടെ സംസ്കാരത്തിന്റേയും,മനുഷ്യരുടെയും,ജീവിതത്തിന്റേയും പരിഛേദമായി നില്‍ക്കുംബോള്‍ ചിത്രകാരന്റെ മനസ്സില്‍ ആഹ്ലാദം അലയടിക്കുന്നു.
മാത്രുഭൂമി ആഴ്ച്ചപ്പതിപ്പിന്റെ ഈ വിപ്ലവകരമായ മാറ്റത്തിന്റെ മൂലഹേതു മാധ്യമം ആഴ്ച്ചപ്പതിപ്പില്‍നിന്നും കുടിയേറിയ ഒരു ഉശിരന്‍ സാംസ്കാരിക പത്രപ്രവര്‍ത്തകനാണെന്നു പറഞ്ഞുകേള്‍ക്കുന്നു. എന്തായാലും മാത്രുഭൂമി പത്രാധിപസമിതിയുടെ അനുവാദമില്ലാതെ ഒരു പത്രപ്രവര്‍ത്തകനും സ്വാതന്ത്ര്യം കാണിക്കാനാകില്ല.അതുകൊണ്ടുതന്നെ മാത്രുഭൂമിയുടെ ക്രിയാത്മകവും, ചലനാത്മകവുമായ ഈ മാറ്റത്തില്‍ ചിത്രകാരന്‍ മാത്രുഭൂമി കുടുബത്തെ മൊത്തം അഭിനന്ദിക്കുന്നു.
ഒരു പക്ഷേ... ഈ പ്രസിദ്ധീകരണം ഇങ്ങനെ തുടര്‍ന്നാല്‍ കേരളത്തിന്റെ വന്ധ്യങ്കരിക്കപ്പെട്ട സാമൂഹ്യവിപ്ലവത്തിന് പുനര്‍ജന്മം നല്‍കാന്‍ കാരണമായേക്കാം.(ഇത് ചിത്രകാരന്റെ പ്രതീക്ഷയാണ്.എപ്പോഴാണ് ഈ പ്രസിദ്ധീകരണം നിലപാടുമാറ്റുക എന്ന് പ്രവചിക്കാനാകില്ല. സുവര്‍ണ്ണകാലം നീണ്ടുനില്‍ക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം- ആമേന്‍)
മാത്രുഭൂമിക്ക് ചിത്രകാരന്റെ പ്രണാമം !!!!!!
പൊസ്റ്റിന്റെ തലക്കെട്ടിലെ "ഷവര്‍മ" മാത്രം കണ്ട് ഇവിടെ എത്തിയവര്‍ അടുത്ത തട്ടുകടയില്‍ നിന്നും പരിപ്പുവടയും ചായയും കഴിച്ച് പിരിഞ്ഞുപോകേണ്ടതാണ്.