Thursday, December 6, 2007

ഭ്രാന്ത്

കെട്ടുവിട്ട പട്ടങ്ങള്‍ക്ക്
സാന്ത്വനം നല്‍കുന്ന
അത്താണിയാണ് ഭ്രാന്ത്.

പ്രതിബദ്ധതകളില്ലാതെ,
പ്രതിബന്ധങ്ങളില്ലാതെ,
തുടക്കവും ഒടുക്കവുമില്ലാതെ...
കാലത്തിന്റെ തൊട്ടിലില്‍
തലപൂഴ്ത്തിക്കിടക്കുന്ന ഭ്രാന്ത് !

ലൈംഗീകതയുടെ വര്‍ണ്ണച്ചുവയുള്ള
ബിംബങ്ങളുടെ ഈച്ചയാര്‍ക്കുന്ന
സൂര്യഗോളത്തിനുചുറ്റും
കറങ്ങുന്ന വസ്തുക്കള്‍...
ബിംബങ്ങള്‍,ചപ്പുചവറുകള്‍,
ആശയ ശവക്കഷ്ണങ്ങള്‍.

മിനുമിനുത്ത ആകാശം,
പ്രകാശവേഗം
വഴുതി നീങ്ങുന്ന വഴികള്‍.
ബ്രേക്കില്ലാത്ത ഒഴുക്കില്‍
നിലവിളിച്ച്.

എന്നാലും ഭ്രാന്ത്...
ഉറങ്ങാതെ...തല ചായ്ക്കാന്‍
പറ്റിയ സ്ഥലമാണ്.

ഉണര്‍ന്നിരുന്ന്
ഭ്രാന്തില്‍ ഊളിയിടുന്ന
ചിത്രകാരന്റെ ഭ്രാന്ത്.
(ആരും പരീക്ഷിക്കരുതേ....!!!)

Thursday, November 29, 2007

ദൈവവും പിശാചും... ഒരു ചര്‍ച്ച

ഈ കാര്‍ട്ടൂണ്‍ ബൂലോകത്തെ തീവ്ര മതവിശ്വസികളായ പൊന്നമ്പലം, രാഹുല്‍ ഈശ്വര്‍ , മത വിശ്വാസികളല്ലാത്ത കെ.പി.സുകുമാരന്‍, ഇ.എ.ജബ്ബാര്‍ എന്നിവര്‍ക്കെല്ലാംവേണ്ടി ചിത്രകാരന്‍ സമര്‍പ്പിക്കുന്നു.
17 വര്‍ഷം മുന്‍പത്തെ ചിത്രകാരന്റെ ചിന്ത.

Monday, November 26, 2007

കുഞ്ചിയമ്മയും അഞ്ചുമക്കളും


കുഞ്ചിയമ്മക്കഞ്ചുമക്കളാണേ...

അതിലഞ്ചാമനോമന കുഞ്ചുവാണേ...
17 വര്‍ഷം മുന്‍പു വരച്ച കാര്‍ട്ടൂണ്‍. ആദ്യമായി ബ്ലോഗില്‍ വെളിച്ചം കാണുന്നു.

Thursday, November 22, 2007

ചാനല്‍ സുന്ദരിയുടെ ബെല്ലി ഡാന്‍സ്

അവള്‍
രഹസ്യമായും,പരസ്യമായും...
എന്നെ പ്രാപിക്കാന്‍
അനുവാദം ചോദിച്ചുകൊണ്ടിരുന്നു.

ഭാര്യയുണ്ട്,കുട്ടിയുണ്ട്, പാരമ്പര്യമുണ്ട്,
കടത്തിന്റെ മാറാപ്പുകെട്ടുണ്ടെന്നുപറഞ്ഞ്..
ഞാന്‍ ഉത്തരവാദിത്വം നടിച്ചു.

പക്ഷെ, രക്ഷയില്ല.
അവളുടെ സമുദ്രം പോലുള്ള കണ്ണുകള്‍,
തിരമാലതീര്‍ക്കുന്ന ഇമയിണകള്‍...
രക്തം തുളുമ്പുന്ന ഹലുവപോലുള്ള ചുണ്ടുകള്‍...
ബൌണ്‍സ് ചെയ്യുന്ന സാനിയാ-സ്തനങ്ങള്‍...
പിന്നില്‍ തുളുമ്പുന്ന ചന്തികള്‍ !!!

അറിയാത്ത ഏതോ അറബി ഈരടിയുടെ
ശീല്‍ക്കാരത്തിന്റെ തണുത്ത തറയില്‍
അവളുടെ ബെല്ലീ ഡാന്‍സ് ...
മനസ്സിന്റെ നടുത്തളത്തില്‍
സര്‍പ്പസൌന്ദര്യത്തിന്റെ ഇണചേരല്‍...

എന്റെ കൈ കാലുകളിലെ ചങ്ങല
മുറുകിയൊലിച്ച ചോരകൊണ്ടൊരു
വരണമാല്യം തീര്‍ത്ത് പ്രേമത്തെ
അനശ്വരമെന്ന് പ്രഖ്യാപിച്ചപ്പോള്‍...
അവള്‍ പ്രസന്നയായി.

ഞാന്‍ അവളുടെ ദാസനായി.
അവള്‍ ഇക്കിളിപ്പെടുത്തി ,ഉമ്മവച്ചു,
ശബ്ദത്തിന്റെ മുത്തുമണികള്‍ കൊണ്ട്
എനിക്കു നെല്ലിക്കാതടം തീര്‍ത്തു.
ധാര... മസാജ്... യ്യോ...
അടിമയാകാന്‍ കാത്തിരുന്നവന്‍ ഞാന്‍ !

അവള്‍ എന്നെ അമ്മാനമാടി.
കൈക്കുഞ്ഞാക്കി ഓമനിച്ചു.
ബെല്ലി ഡാന്‍സിന്റെ വിയര്‍പ്പില്‍കുതിര്‍ന്ന
ഇടവേളയിലെപ്പഴോ...
അവള്‍ ഷക്കീലാ-മുലകള്‍ക്കിടയില്‍
ചുരുട്ടിയ നോട്ടുപോലെ എന്നെ
തിരുകിവച്ചു... ജന്മം ധന്യമായി!

തുടര്‍ന്ന് എന്റെ പ്രണയേശ്വരിയുടെ
അഴകുറ്റ കണ്ണുകളും, ചുണ്ടുകളും,
മാറിടവും,നിതം‌മ്പവും നിര്‍മ്മിച്ച...
ലോകപ്രശസ്ത ചിത്രകാരന്മാരുടെ പേരുകള്‍
സ്ക്രീനില്‍ എഴുതിക്കാണിച്ചിരിക്കും.

ഞാന്‍ അതെന്തിനു കാണണം?
പ്രായോചകരുടെ ഡിസൈന്‍ ചെയ്ത
ജീവിത കൂടുകളിലൊന്നില്‍
അവളെ ധ്യാനിച്ച്, സ്വപ്നം കണ്ട് ,..
ഉറങ്ങാന്‍ ഭാഗ്യം ലഭിച്ച... മഹാഭാഗ്യവാന്‍ ഞാന്‍ !

സാംസ്കാരിക ടാക്സ്


വളരെ ലളിതമായൊരു കാര്‍ട്ടൂണ്‍. വല്ല ഓണപ്പതിപ്പിനും കൊടുക്കാന്‍ 17 കൊല്ലം മുന്‍പ് വരച്ചതാണ്. ആര്‍ക്കും കൊടുത്തില്ല. ബ്ലോഗേഴ്സിനിരിക്കട്ടെ !

Wednesday, November 21, 2007

അമാവാസി..കാര്‍ട്ടൂണ്‍ -5


ഒരു മുഖസ്തുതിയെപ്പോലും അതിജീവിക്കാനാകാത്ത... കേവലം മിന്നാമിനുങ്ങുകളായ മഹാകലാ-സാഹിത്യകാരന്മാരെ കാണുമ്പോള്‍ സഹതപിക്കുക.

അവര്‍ ജന മനസ്സാക്ഷിയെ ഒറ്റുകൊടുക്കുന്നവര്‍ !!! അമാവാസിയിലെ അഞ്ചാമത്തെ കാര്‍ട്ടൂണ്‍.

Tuesday, November 20, 2007

നഷ്ടപ്പെട്ടെന്നു കരുതിയ ഡ്രോയിങ്ങ്സ്

17 വര്‍ഷം മുന്‍പ് തിരുവനന്തപുരം പാളയം ക്രിസ്ത്യന്‍ പള്ളിയും,അവിടെ അന്നുണ്ടായിരുന്ന ട്രാഫിക് കുടയും മെര്‍ക്കുറിലാമ്പിന്റെ വെളിച്ചത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്നത് ഒരു അനുഭൂതിയായി നിറഞ്ഞിരുന്ന കാലത്താണ് ക്രിസ്തു കുരിശില്‍ നിന്നും ഇറങ്ങിപ്പോയാലുള്ള വിഷമതകളെക്കുറിച്ച് ചിത്രകാരന്‍ ചിന്തിച്ചിരുന്നത്.
ചിന്ത ശക്തിപ്രാപിച്ചപ്പോള്‍ ...രാത്രിയില്‍ മാത്രുഭൂമിയില്‍ ഉറക്കമൊഴിച്ച് പുലര്‍ച്ച 3മണിയുടെ ഷിഫ്റ്റ് തീരാന്‍ കാത്തിരിക്കുന്നതിനിടയിലെപ്പൊഴോ വരച്ച ഡ്രോയിങ്ങുകളാണിത്. സ്വന്തം കഥാതന്തുവിന് വരകളിലൂടേയും,വാക്കുകളിലൂടേയും ജീവന്‍ നല്‍കാന്‍ ശ്രമിക്കുന്നതിന്റെ സുഖത്തോളം രസകരമായ ഒരു ഗര്‍ഭിണിസുഖം മറ്റൊന്നിനുമുണ്ടെന്നു തോന്നുന്നില്ല.
നഷ്ടപ്പെട്ടെന്നു കരുതിയ ഈ ഡ്രോയിങ്ങുകള്‍ തിരിച്ചുകിട്ടിയപ്പോള്‍ വളരെ സന്തോഷിച്ചു.
ചാണ്ടി ചേട്ടന്റെ ദുസ്വപ്നം എന്ന നര്‍മ്മ ഭാവനയില്‍ ഇതിലെ ഒരു ഡ്രോയിങ്ങ് ഓയില്‍ പെയിന്റിങ്ങ് ആയി ചേര്‍ത്തിട്ടുണ്ട്. ഈ ചിത്രങ്ങള്‍ കൂടി നര്‍മ്മ കഥയില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തുന്നു.

അമാവാസി..കാര്‍ട്ടൂണ്‍ - 4


നാലമത്തെ കാര്‍ട്ടൂണ്‍.സമൂഹത്തിന്റെ പൊതുധാര ധാര്‍മ്മികമായി മലീമസമാണെങ്കിലും, അതിന്റെ വേലിക്കു പുറത്ത് ചവറ്റുകൂനക്കകത്ത് നന്മ അണയാതെ കിടക്കുന്നുണ്ടെന്നൊരു ദര്‍ശനം.17 വര്‍ഷം പഴക്കമുള്ള വരകള്‍. പ്രസിദ്ധീകരിക്കാത്തത്.
ഈ കാര്‍ട്ടൂണ്‍ കൈമോശം വരുമെന്ന ഭീതിയില്‍ ആര്‍ക്കും അയച്ചു കൊടുത്തില്ല.17 വര്‍ഷം മുന്‍പ് അന്നത്തെ കലാകൌമുദി ചീഫ് എഡിറ്റര്‍ ശ്രീ.ജയചന്ദ്രന്‍ നായരെ നേരിട്ടുപോയി കാര്‍ട്ടൂണ്‍ കാണിച്ചെങ്കിലും,അദ്ദേഹം ചിരിയുള്ളതുമാത്രമേ ഇനി പരിഗണിക്കാനാകു എന്നു പറഞ്ഞു. ചിത്രകാരന് സാമൂഹ്യപ്രശ്നങ്ങള്‍ സ്വന്തം അമ്മയുടെ ഭ്രാന്തുപോലെ ചിരിവരാത്ത, രക്തബന്ധമുള്ള പ്രശ്നങ്ങളായതിനാല്‍ ആരേയും ചിരിപ്പിച്ച് പണമുണ്ടാക്കാന്‍ കഴിയില്ല.സാമൂഹ്യ പ്രശ്നങ്ങള്‍ കണ്ട് ആരന്റെ അമ്മയുടെ ഭ്രാന്തുകണ്ട് ചിരിക്കുന്ന എന്ന പ്രയോഗം പോലെ നിന്നു ചിരിക്കുന്നവനെ ചിത്രകാരന്‍ സഹതാപത്തോടെ മാത്രം കാണുന്നു. ചിത്രകാരന്‍ ബ്ലോഗിന്റെ ചുമരുകളില്ലാത്ത ആകാശത്തിന്റെ തണലിലിരുന്ന് കുറച്ചു ചിന്തിക്കട്ടെ !!! ചിരിയില്ലെന്നല്ല.ചിരി മറ്റു ചില വിഷയങ്ങളില്‍. ഇത് മനസ്സിനകത്തേക്കുള്ള ശബ്ദമില്ലാത്ത ചിരിയാണ്.സ്വയം നന്നാവാനുള്ള ചിരി...ചിന്ത.

ചിറകുകളുടെ സൌന്ദര്യം

കുട്ടി പറഞ്ഞു:
പൂമ്പാറ്റേ...
നിന്റെ ചിറകുകള്‍ക്കെന്തു ഭംഗി!
എനിക്കു നിന്റെ ചിറകു തരുമോ?

ഉയര്‍ന്നു പോങ്ങിയ ശലഭം
തന്റെ വര്‍ണ്ണ ചിറകുകള്‍
കുട്ടിക്കു സമ്മാനിച്ചു.

കുട്ടി പൂമ്പാറ്റയുടെ
ജീവനില്ലാത്ത വര്‍ണ്ണ ചിറകുകള്‍
പുസ്തകത്തിലൊട്ടിച്ചു.
കണ്ടവരെല്ലാം പറഞ്ഞു:
പുസ്തകം മനോഹരം!!!
കുട്ടിക്ക് അവര്‍ ഉമ്മ കൊടുത്തു.

ചിറകറ്റ പൂമ്പാറ്റയെ
ഭക്ഷിച്ചുകൊണ്ടിരുന്ന ഉറുമ്പുകള്‍ പറഞ്ഞു:
ചിത്രത്തില്‍ കുറച്ച് ഉപ്പു കുറവുണ്ട്.
കാശ്മീരി മുളകു ചേര്‍ത്തിരുന്നെങ്കില്‍...
നിറങ്ങള്‍ക്ക് നല്ല എരിവുണ്ടായേനേ.

ചിത്രശലഭം പതിവുപോലെ
മനസ്സിനകത്തേക്കുനോക്കി ചിരിച്ചു.
അവസാനത്തെ പിടയലിന്റെ ഓളങ്ങളായി..
ആ ചിരി നിശ്ചലതയെ പ്രാപിച്ചു.

Sunday, November 18, 2007

അമാവാസി.. കാര്‍ട്ടൂണ്‍- 3


അമാവാസി 3 ല്‍ വര്‍ഗ്ഗീയതയുടെ വിശുദ്ധ സന്ദര്‍ശനമാണ് വിഷയം. 17 വര്‍ഷം മുന്‍പത്തെ ഗുരുവായൂരപ്പന്റെ ദാസനായ അന്നത്തെ രാജാവിനെ മൂക്കില്ലാതെ വരച്ചിരിക്കുന്നു.

ബിസിനസ്സ് ചിന്തകള്‍ ...

ചിത്രകാരനെ ബിസിനസ്സ് ചിന്തകള്‍ പിടികൂടുന്നത് 1992 ല്‍ തിരുവനന്തപുരത്തുവച്ചാണ്. അന്ന് മാതൃഭൂമിയിലാണ് ജോലി.ജോലി രാതിയായതിനാല്‍ പകല്‍ മുഴുവന്‍ വെറുതെയിരിപ്പും,ഉറക്കവും,പെയിന്റിങ്ങുമാണ് തൊഴില്‍.
ഒറിജിനലായ ഫോട്ടോകള്‍ ഉപയോഗിച്ച് ഇരുപതോളം ഗ്രീറ്റിങ്ങ് കാര്‍ഡുകള്‍ ഡിസൈന്‍ ചെയ്തു. സഹപ്രവര്‍ത്തകര്‍ക്ക് വിറ്റു. കേരള സ്റ്റേറ്റ് ഹൌസിങ്ങ് ബോര്‍ഡിന് 5000 ഗ്രീറ്റിങ്ങ് കാര്‍ഡ് പ്രിന്റു ചെയ്ത് കൊടുക്കാനുള്ള ഓര്‍ഡറും കിട്ടി. ഹൌസിങ്ങ് ബോര്‍ഡില്‍ നിന്നും പണം കിട്ടാന്‍ ഒരു സ്ഥാപനത്തിന്റെ ബില്ലു വേണമായിരുന്നു. അങ്ങിനെ ആദ്യമായി ഒരു കടലാസ് സ്ഥാപനം തുടങ്ങി കടലാസ് സ്ഥാപനത്തിന്റെ ഉടമയായി.
ഈ ബിസിനസ്സ് ഹരം കാരണം മാത്രുഭൂമിയുടെ വ്യാപാരരംഗം പേജില്‍ രണ്ടു കുറിപ്പുകളും അതിന്റെ ഇലസ്ടേഷനും കാച്ചി. വ്യാപാരംഗം പേജിന്റെ ചാര്‍ജ്ജുള്ള അന്നത്തെ ചീഫ് സബ് എഡിറ്റര്‍ ശ്രീ. ടി.സുരേഷ് ജി( ലോക സിനിമകളുടെ നിരൂപണമെഴുതുന്ന ബ്ലോഗര്‍ ടി.സുരേഷ് ബാബു )യോടും, ന്യൂസ് എഡിറ്റര്‍ രവിയേട്ടനോടും നന്ദി.സഹപ്രവര്‍ത്തകനും,ആര്‍ട്ടിസ്റ്റും,നല്ല കാലിഗ്രാഫിസ്റ്റുമായ സതീഷ് കരകുളമാണ് തലക്കെട്ടുകള്‍ എഴുതിയിരിക്കുന്നത്. ഗ്രീറ്റിങ്ങ്സ് കാര്‍ഡുകളെക്കുറിച്ചും,വ്യാപാരത്തിലെ സൌഹൃദത്തെക്കുറിച്ചു മുള്ള കുറിപ്പുകള്‍. പിന്നീട് ഗ്രീറ്റിങ്ങ്സ് കാര്‍ഡ് തിരിഞ്ഞു നോക്കിയിട്ടില്ല. (കണ്ണൂരിലേക്കുള്ള ട്രാന്‍സ്ഫറിലും, 93 ലെ എക്സിബിഷനിലുമായിരുന്നു പിന്നീടുള്ള ശ്രദ്ധ.)

Saturday, November 17, 2007

അമാവാസി ...കാര്‍ട്ടൂണ്‍-2

17 വര്‍ഷം മുന്‍പ് വരച്ച കാര്‍ട്ടൂണ്‍. പ്രസിദ്ധീകരിക്കാത്തത്.

Friday, November 16, 2007

B പോസിറ്റീവ്

ഒരുപിടി മനുഷ്യരുടെ കൈകളില്‍
ലോകം ചുരുങ്ങുംബോള്‍...
സന്തോഷിക്കുക !

സവിനയം
ചുരുങ്ങിക്കൊടുക്കുക.
നീരസം നന്ദികേടാണ്,
പാപമാണ്,നെഗറ്റിവിറ്റിയാണ്.

മഹാമനസ്കര്‍...
അവര്‍ നമുക്ക് ഭക്ഷണം നല്‍കും.
ഇണയും,പായയും നല്‍കും.
നമുക്കുവേണ്ടി പ്രത്യേകം
ഡിസൈന്‍ ചെയ്ത ജീവിതം നല്‍കും.
ബീ+വ് !!!

സ്വാമി
തേങ്ങാപ്പൂളുപോലുള്ള പല്ലുകാട്ടി
വെളുക്കെ ചിരിച്ചു.
വെളുത്ത തുവാലകൊണ്ടു വാതുടച്ച്
ഏംബക്കംവിട്ടു.