Wednesday, March 26, 2008

വിളക്കുകളെ തേടിയ വെളിച്ചം


കെ.ടി.മുഹമ്മദ് എന്ന വിളക്ക് കാലയവനികയില്‍ അപ്രത്യക്ഷമായെങ്കിലും അതിന്റെ വെളിച്ചം എണ്ണയുള്ള വിളക്കുകളെ തേടി നമ്മുടെ സാംസ്കാരിക നഭസ്സില്‍ നിറഞ്ഞുനില്‍ക്കും.
തികച്ചും മനുഷ്യനായി നിറഞ്ഞുനിന്ന സാമൂഹ്യ പരിഷ്ക്കര്‍ത്താവായ കലാ-സാഹിത്യ പ്രതിഭയായിരുന്നു കെ.ടി.മൊഹമ്മദ്. നമ്മള്‍ അദ്ദേഹത്തേയും കേവലം ഒരു മുസ്ലീം നാടകകൃത്തായി ചുരുക്കാന്‍ പരമാവധി ശ്രമിച്ചു.മുസ്ലീ സമൂഹത്തിന്റെ സാമൂഹ്യാനാചാരങ്ങള്‍ക്കെതിരെ പടപൊരുതിയ നാടകാചാര്യന്‍ എന്ന് വിശേഷിപ്പിച്ച് അദ്ദേഹത്തെ മുസ്ലീം തൊഴുത്തില്‍ കെട്ടാന്‍ ശ്രമിക്കുന്നത് നമ്മുടെ പൊതുധാരയുടെ ഭാഗമായുള്ള സവര്‍ണ്ണ സാഹിത്യ അടിമബോധമാണ്. അദ്ദേഹത്തിന്റെ പേര് മൊഹമ്മദ് എന്നായതിനാല്‍ മാത്രമാണ് നമ്മുടെ മുന്‍‌വിധി ഇപ്രകാരം സംങ്കുചിതമാകുന്നത്.കെ.ടി.യെ അര്‍ഹിക്കുന്ന വിധം പഠിക്കാന്‍ നമ്മുടെ മുന്‍‌വിധികള്‍ അനുവദിച്ചില്ല.തന്റെ തീഷ്ണമായ ജീവിതത്തിന്റെ സര്‍വ്വകലാശാലയില്‍ വാര്‍ത്തെടുത്ത പ്രതിഭയെ സാമൂഹ്യ പുരോഗതിക്കും,മനുഷ്യശുദ്ധീകരണത്തിനുമായി ആജീവനാന്തം ഉപയോഗിച്ച ഈ ഋഷിവര്യനെ കൂടുതലായി പഠിക്കാനും,അറിയാനും അദ്ദേഹത്തിന്റെ മരണശേഷമെങ്കിലും നമുക്കു ശ്രമിക്കാം.

സാഹിത്യവും,കലയും സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുള്ള കെട്ടുകാഴ്ച്ചകളാണെന്നു വിശ്വസിക്കുകയും, പ്രചരിപ്പിക്കുകയും,പഠിപ്പിക്കുകയും ചെയ്യുന്ന സവര്‍ണ്ണ കലാ‌സാഹിത്യ തറവാട്ടിലെ ആസ്ഥാന പണ്ഡിതന്മാരെ അവരര്‍ഹിക്കാത്ത പദവികളില്‍നിന്നും അടിച്ചോടിക്കാന്‍ വൈക്കം മുഹമ്മദ് ബഷീറിന്റേയും,കെ.ടി.മൊഹമ്മദിന്റേയുമൊക്കെ തീഷ്ണജീവിത ദര്‍ശനങ്ങള്‍കൊണ്ട് നിര്‍മ്മിച്ചെടുത്ത വജ്രായുധം പ്രയോഗിക്കുകതന്നെ വേണ്ടിവരും.

മലയാളിയുടെ കലാ-സാഹിത്യ പ്രതിഭയായിരുന്ന,സമൂഹ്യ പരിഷ്ക്കരണത്തിനുവേണ്ടി പോരാടിയ യഥാര്‍ഥ കലാകാരനായിരുന്ന കെ.ടി.മൊഹമ്മദിന്റെ സ്മരണക്കുമുന്നില്‍ ചിത്രകാരന്റെ പ്രണാമം.

Sunday, March 16, 2008

വിശ്വാസ ഭ്രാന്തിന് രാത്രി പരീക്ഷ !


കൊട്ടാരക്കരയില്‍ ഒരു സ്കൂളില്‍ മതവിശ്വാസത്തിന് കുടപിടിച്ചുകൊടുക്കുന്നതിനായി രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി രാത്രി എസ്സ്.എസ്സ്.എല്‍.സി പരീക്ഷ നടത്തിക്കൊടുത്തിരിക്കുന്നതിന്റെ വാര്‍ത്തയും ചിത്രവും ഇന്നത്തെ(16-3-2008) മാത്രുഭൂമി പത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.

മനോരോഗത്തോട് അടുത്തുനില്‍ക്കുന്ന ഒരു മതവിശ്വാസം കാരണം ഈ കുട്ടികള്‍ക്ക് ശനിയാഴ്ച്ചകളില്‍ പകല്‍ സമയം പരീക്ഷയെഴുതുന്നത് നിഷിദ്ധമാണത്രെ!

പെന്തക്കോസ്ത്, യഹോവാസാക്ഷി എന്നിങ്ങനെയുള്ള മനോരോഗപൊലുള്ള വിശ്വാസം പേറുന്ന ജന്തുവിഭാഗത്തിനു പുറമെ കൃസ്തുമതത്തിനുകീഴില്‍ “സെവന്‍ത്ത് ഡേ അഡ്വന്റിസ്റ്റ് “ എന്ന പേരില്‍ ഇങ്ങനേയും ഒരു വിചിത്ര രോഗികള്‍ ഉള്ള കാര്യം അറിയില്ലായിരുന്നു.

ഈ വിഭാഗത്തില്‍ പെട്ടവര്‍ തന്നെ നടത്തുന്ന സ്കൂളുകളിലാണ് എസ്സ്.എസ്സ്.എല്‍.സി. എന്ന പൊതുപരീക്ഷ രണ്ടു കുട്ടികള്‍ക്കു മാത്രമായി അന്നേ ദിവസം രാത്രി വീണ്ടും നടത്തിയത് എന്നത് കേവലം പരീക്ഷ ക്രമക്കേടിന്റെ സാദ്ധ്യതയിലൂന്നിയോ,പരീക്ഷ നിയമങ്ങളുടെ ലംഘനമെന്ന നിലയിലോ അല്ല നാം നോക്കിക്കാണേണ്ടത്.

മറിച്ച്, ഭ്രാന്തിനു സമാനമായ അന്ധവിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നവര്‍ക്ക് അവരുടെ വിശ്വാസത്തിന്റെ അപ്രായോഗികത സ്വയം അനുഭവത്തിലൂടെ തിരിച്ചറിയാനുള്ള സാധ്യതകൂടി ഇല്ലാതാക്കി അന്ധവിശ്വാസത്തിന് സാധൂകരണവും, മഹത്വവും, പ്രത്യേക പരിഗണനയും ലഭിക്കുന്നു എന്ന തെറ്റായ സാമൂഹ്യ നീതിയുടെ വിതരണ മനോഭാവത്തെയാണ് നാം തിരിച്ചറിയേണ്ടത്.

സെവന്‍‌ത്ത് ഡേ അഡ്വന്റിസ്റ്റ് എന്ന മത വിശ്വാസരോഗമുള്ള ധാരാളം കുട്ടികള്‍ അന്നേ ദിവസം തങ്ങളുടെ വിശ്വാസം മാറ്റിവച്ച് പ്രായോഗിക ബുദ്ധിയോടെ ഈ പരീക്ഷ എഴുതിയിട്ടുണ്ട്. ( വിശ്വാസത്തിന്റെ ആകാശം പൊളിഞ്ഞു വീഴാത്തതിനാല്‍ അവരെല്ലാം കുഴപ്പമില്ലാതെ ജീവിച്ചിരിപ്പുണ്ട്.)

ഒറ്റപ്പാലത്തെ സെവന്‍‌ത്ത് ഡേ സ്കൂളില്‍ അഞ്ചു കുട്ടികള്‍ പരീക്ഷ എഴുതാതെ മാറി നിന്ന് തങ്ങളുടെ മന്ദബുദ്ധിയായ ദൈവത്തിന്റെ മാനം രക്ഷിച്ചിട്ടുമുണ്ട്.(ഭാഗ്യം!!) സ്വന്തം വിശ്വാസം പ്രായോഗിക ജീവിതത്തിനു വിലങ്ങുതടിയാണെങ്കില്‍ ആ വിശ്വാസങ്ങളെ ത്യജിക്കാനും,പൊതു സമൂഹത്തിന്റെ ഭാഗമാകാനും , മനുഷ്യരായി ജീവിക്കാനും മത ഭ്രാന്തന്മാര്‍ക്ക് അവസരം നല്‍കേണ്ടതിനു പകരം സമൂഹ നിയമങ്ങളെ രാജനീതിയുടെ കാലത്തേക്ക് കെട്ടിവലിച്ചുകൊണ്ടുപോയി പ്രീണനവും,സുഖിപ്പിക്കലും ഭരണത്തിന്റെ നീതിശാസ്ത്രമാക്കാന്‍ കൂട്ടുനില്‍ക്കുന്ന കോടതിയും, സര്‍ക്കാരും ജനാതിപത്യത്തിന് നാണക്കേടുണ്ടാക്കുന്നവിധം ജീര്‍ണമാകരുതെന്ന് ചിത്രകാരന്‍ ആവശ്യപ്പെടുന്നു.

വിദേശ പണത്തിന്റെ എച്ചിലിലയോടൊപ്പം പ്രചരിപ്പിക്കപ്പെടുന്ന വിശ്വാസ ഭ്രാന്തുകളില്‍ നിന്നും ജനങ്ങളെ രക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുമാത്രമല്ല,സമൂഹത്തിനുമുണ്ട്. മത പ്രീണനത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഭ്രാന്തിന്റെ മഹത്വവല്‍ക്കരണത്തിനെതിരെ ജാതിമത ഭേദംകൂടാതെ പ്രതിഷേധിക്കുകതന്നെ വേണം.


തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് വ്യക്തമായ മതനിരപേക്ഷ നിലപാടുകള്‍ ഇല്ലാതെവരുംബോഴാണല്ലോ മത പ്രീണനപരമായ വിഢിത്തങ്ങള്‍ കോടതിവിധിയായി പുറത്തുവരിക.മത നിരപേക്ഷതയുടെ മഹത്വം ജനത്തെ ബോധ്യപ്പെടുത്തേണ്ട പത്രമാധ്യമങ്ങള്‍ ജാതി-മത സര്‍ക്കുലേഷന്‍ കണക്കുകളുടെ പിച്ചപ്പാട്ടയുമായി തെണ്ടുന്ന നാട്ടില്‍ എന്തു ന്യായം,എന്തു നീതി ?!!!!



Sunday, March 9, 2008

ബ്ലോഗേഴ്സ് അക്കാദമി

നമ്മുടെ സ്വന്തം നാട്ടില്‍,വായനശാല,ക്ലബ്ബ്,സ്കൂള്‍,കോളേജ് , ജോലി സ്ഥലം,തുടങ്ങിയ ഏതെങ്കിലും പ്രവര്‍ത്തന മണ്ഡലങ്ങളോടനുബന്ധിച്ച് കുറഞ്ഞത് രണ്ടോ,മൂന്നോ ബ്ലോഗേഴ്സിന്റെ സഹകരണത്തിലൂടെയെങ്കിലും ഒരു ബ്ലോഗേഴ്സ് അക്കാദമിയോ,അസ്സോസ്സിയേഷനോ,കൂട്ടയ്മയോ, (അല്ലെങ്കില്‍ മറ്റേതെങ്കിലും പേരുകളിലോ) രൂപീകരിച്ച് ബ്ലോഗ് എന്ന മാധ്യമത്തിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിച്ചും,സാങ്കേതികമായി സഹായിച്ചും പ്രവര്‍ത്തിക്കുകയാണെങ്കില്‍ ബൂലോകത്തെ ജനകീയതയും,ജന സാന്ദ്രതയും വര്‍ദ്ധിപ്പിക്കാന്‍ അതു കാരണമാകുകയും, ബൂലോകത്തിന് സാമൂഹ്യ-സാംസ്കാരിക രംഗത്ത് ഫലപ്രദമായി സ്വാധീനം ചെലുത്താനും,സമൂഹത്തില്‍ ആശയവിനിമയത്തിന്റെ കുത്തകകളെ നിര്‍വീര്യമാക്കുന്നതിലൂടെ പൊതുജനത്തിന്റെ അഭിപ്രായങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനം കൈവരിക്കുകയും ചെയ്യുന്നതായിരിക്കും.
അഴിമതി,അസമത്വം,അനീതി എന്നിവയെ ചെറുക്കാന്‍ ജനങ്ങള്‍ തന്നെ ഉണര്‍ന്നിരിക്കേണ്ടതും, പ്രവര്‍ത്തിക്കേണ്ടതും അത്യാവശ്യമായതിനാല്‍ ബ്ലോഗിന്റെ വികസനം എത്രയും പെട്ടെന്ന് സാക്ഷാത്ക്കരിക്കപ്പെടേണ്ടത് സാമൂഹ്യമായ ആവശ്യമാണ്.
ഇപ്പോള്‍തന്നെ ധാരാളം മലയാളികള്‍ ബ്ലോഗ് ആരംഭിക്കുന്നുണ്ടെങ്കിലും, മിക്കവരും ഇംഗ്ലീഷില് മാത്രമായോ,നാമമാത്രമായി മലയാളം പോസ്റ്റിട്ട് ബൂലോകത്തിന്റെ പരിചയവലയത്തില്‍ അകപ്പെടാതെയോ ,ഒറ്റപ്പെട്ടോ,ശ്രദ്ധിക്കപ്പെടാതെയോ,(ശ്രദ്ധിക്കപ്പെടാനുള്ള സെറ്റിങ്ങ്സുകള്‍ അറിയാത്തതിനാല്‍ ) ബ്ലോഗ് ഉപേക്ഷിച്ചുപോകുന്നുണ്ട്. ഈ സാങ്കേതിക അലസ്സിപ്പോക്ക് തടയുന്നതിനും, ബ്ലോഗിന്റെ സാധ്യതകള്‍ ക്രിയാത്മകതയുള്ള മലയാളി സുഹൃത്തുക്കളെ പരിചയപ്പെടുത്തുന്നതിനും പ്രാദേശികമായി നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലകളോ,ക്യാംബുകളോ സംഘടിപ്പിക്കുന്നതിലൂടെ സാധിക്കുന്നതാണ്.
പ്രാദേശികമായി നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലയിലൂടെ പുതുതായി ബ്ലോഗിലേക്കു പ്രവേശിക്കുന്നവര്‍ക്ക് കോമണ്‍സെറ്റിങ്ങ്സ് നേരിട്ട് ചെയ്ത്കാണിച്ചു കൊടുക്കുന്ന സംവിധാനം ഉപയോഗപ്പെടുത്താം എന്നതിനാല്‍ ബാലാരിഷ്ടതകള്‍ പെട്ടെന്നു മറികടക്കാനും ബൂലോകത്ത് ദൈര്യസമേതം പ്രവേശിച്ച് ബൂലോകതിനും,സമൂഹത്തിനും തങ്ങളാലാകുന്ന സംഭാവന നല്‍കാനും അനായാസം സാധിക്കുന്നു എന്നത് കംബ്യൂട്ടര്‍ പരിചയമില്ലാത്തവര്‍ക്കുപോലും ബ്ലോഗ് ഹൃദ്യമായ അനുഭവമാക്കും.
ആകെ ആവശ്യമുള്ളത് കംബ്യൂട്ടര്‍ സംബന്ധിയായ അറിവുള്ള രണ്ടോ മൂന്നോ ബ്ലോഗേഴ്സിന്റെ സാങ്കേതികസഹായത്തോടെ ഒരു സംഘടന രൂപീകരിക്കുക, ശില്‍പ്പശാലയുടെ സ്ഥലവും തിയ്യതിയും നിശ്ചയിക്കുക, ബ്ലോഗ് ശില്‍പ്പശാല സംഘടിപ്പിക്കുന്ന വിവരം പത്രങ്ങളില്‍ പത്രക്കുറിപ്പായി അറിയിക്കുക.ഒരു ഫോണ്‍ നംബര്‍ കൊടുത്ത് പങ്കെടുക്കേണ്ടവര്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യവസ്ഥ വെച്ചാല്‍ പങ്കെടുക്കുന്ന ആളുകളുടെ അംഗസംഖ്യയെക്കുറിച്ചും, ഏര്‍പ്പെടുത്തേണ്ട സൌകര്യങ്ങളെക്കുറിച്ചും ഏകദേശ ധാരണ ലഭിക്കും.

കണ്ണൂരില്‍ വളരെ ചെറിയ രീതിയില്‍ ഇങ്ങനെയൊരു ശില്‍പ്പശാല സംഘടിപ്പിക്കാന്‍ ചിത്രകാരന്‍ ആലോചിക്കുന്നുണ്ട്. കണ്ണൂര്‍ ടൌണ്‍ പരിസരങ്ങളിലുള്ള ബ്ലോഗേഴ്സ് ആരെങ്കിലുമുണ്ടെങ്കില്‍ ദയവായി ഈ മെയിലായി മൊബൈല്‍ നംബര്‍ സഹിതം ബന്ധപ്പെടുക.(e-mail : chithrakaran@gmail.com)
പൂര്‍ണ്ണമായും ലാഭേച്ഛയില്ലാതെ സാമൂഹ്യ മനസാക്ഷിയിലേക്ക് എല്ലാത്തരം അഭിപ്രായമുള്ളവരുടേയും കൂട്ടായ്മ ആവശ്യമാണ് എന്ന തിരിച്ചറിവോടെ ,സ്വന്തം ആശയങ്ങളോ, അഭിപ്രായങ്ങളോ,വിശ്വാസങ്ങളോ എന്തുതന്നെയായാലും പരസ്പര ബഹുമാനത്തോടെ ബ്ലോഗേഴ്സിന്റെ എണ്ണം കൂട്ടുക എന്ന ലക്ഷ്യം മാത്രം മുന്നിര്‍ത്തി പ്രവര്‍ത്തിക്കാനാകും എന്ന ഉത്തമവിശ്വാസത്തില്‍ എഴുതിയതാണ്. തുറന്ന മനസ്സൊടെ ബന്ധപ്പെടുക.
സേവന-സഹകരണ സന്നദ്ധതയോടെ....
സസ്നേഹം ,
ചിത്രകാരന്‍

Wednesday, March 5, 2008

നെലോളിക്കരുത്

കൂട്ട നിലവിളി
അപരിഷ്കൃതമാണ്.
ഒറ്റക്കു കരയാം
ഹതഭാഗ്യര്‍ക്ക്.

ഞങ്ങള്‍ കോഴികള്‍
ഇറച്ചിക്കടയിലെ
അസൌകര്യങ്ങളിലും
സംതൃപ്തര്‍.

ആശ്രിതവത്സലരായ
ഉടമകള്‍
ഒന്നിച്ചു കൊല്ലാറില്ല.
കൂട്ട നെലോളിയുമുണ്ടാകാറില്ല.

Tuesday, February 19, 2008

ചിരിക്കുന്ന ബുദ്ധന്‍

ഇതൊരു ബുദ്ധനാണെന്ന് ചിത്രകാരന് അറിയുമായിരുന്നില്ല. അഞ്ചാറു വര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് ഒരു സ്റ്റേഷനറിക്കടയില്‍ നിന്നും അതിന്റെ ശില്‍പ്പഭംഗിയും വിലക്കുറവും കണ്ട് അകൃഷ്ടനായി വാങ്ങിപ്പോയതാണ്. പിന്നീട് ഏതോ മാഗസീനില്‍ വന്ന ഫുങ്ഷെ വാസ്തുശാസ്ത്രത്തെക്കുറിച്ചുള്ള ലേഖനത്തില്‍നിന്നും ഇതു ചിരിക്കുന്ന ബുദ്ധനാണെന്നും, വാതിലിനെ അഭിമുഖീകരിച്ചു നില്‍ക്കുന്ന നിലയില്‍ ഇവനെ വച്ചാല്‍ സാംബത്തികാഭിവൃദ്ധിയുണ്ടാകുമെന്നും തിരിച്ചു വച്ചാല്‍ നമ്മുടെ പണം നാട്ടുകാര്‍ കൊണ്ടോകുമെന്നൊക്കെ വായിച്ചറിഞ്ഞു. വിശ്വാസി അല്ലെങ്കിലും പണത്തോടുള്ള ലോഹ്യം അവസാനിപ്പിക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ ചിരിക്കുന്ന ബുദ്ധനെ പ്രവേശനമാര്‍ഗ്ഗത്തിന് പുറംതിരിഞ്ഞ് വക്കാന്‍ ഒരു വല്ലായ്മ. വിശ്വാസം സ്വാര്‍ത്ഥമോഹങ്ങളുടെ അരികുപറ്റി മനസ്സിനകത്തേക്ക് ഇഴഞ്ഞുകയറുന്നതിന്റെ ഒരു ഉദാഹരണമായി ഈ ബുദ്ധനെ ഇവിടെ സൂക്ഷിക്കുന്നു.
ഒരു ആത്മ വിമര്‍ശനം!

Sunday, February 17, 2008

ചലച്ചിത്രകാരന്‍ പി.എന്‍.മേനോന്‍


പാലിശ്ശേരി നാരായണന്‍‌കുട്ടിമേനോന്‍ എന്ന പി.എന്‍.മേനോന്‍ മലയാള സിനിമയെ ക്രിത്രിമ സ്റ്റുഡിയോ അകത്തളങ്ങളില്‍നിന്നും പച്ചയായ ജീവിതത്തിന്റെ പകല്‍‌വെളിച്ചത്തിലേക്ക് പിടിച്ചിറക്കികൊണ്ടുവന്ന മലയാളത്തിന്റെ വിപ്ലവകാരിയായ ചലച്ചിത്രകാരനാണ്. ഇന്നത്തെ മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍ (17-2-08) ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് കൊച്ചിയിലെ ഒരു ഫ്ലാറ്റില്‍ ശയ്യാവലംബനായിരിക്കുന്ന കഴിഞ്ഞുകൂടുന്ന പി.എന്‍.മേനോനെക്കുറിച്ച് നല്ലൊരു ലേഖനം സംജദ് നാരായണന്‍ എഴുതിയിരിക്കുന്നു. റോസി,ഓളവും തീരവും,കുട്ട്യേടത്തി,ചെംബരത്തി....തുടങ്ങി നല്ലമലയാള സിനിമകളിലൂടെ മലയാള ചലച്ചിത്രത്തിന്റെ ചരിത്രമായിമാറിയ പി.എന്‍. മേനോനെ അദ്ദേഹത്തിന്റെ വാര്‍ദ്ധക്യകാലത്ത് വേണ്ടവിധം മലയാളി ശ്രദ്ധിക്കുന്നില്ലല്ലോ എന്നു ചിന്തിച്ചിരിക്കെ വന്ന ഈ ലേഖനത്തിന് മതൃഭൂമിയോട് നന്ദി. കേരളത്തിന്റെ സാംസ്കാരിക വകുപ്പു് ആ മഹാനായ മലയാളിചലച്ചിത്രകാരനെ വേണ്ടവിധം പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

(ഭരതന്‍ വരച്ച പി.എന്‍.മേനോന്റെ ഛായചിത്രവും, അടുത്ത റൂമില്‍ ഓര്‍മ്മയറ്റുകിടക്കുന്ന പി.എന്‍.മേനോനുമാണ് ചിത്രത്തില്‍)

Wednesday, February 13, 2008

ബ്ലൊഗിലെ പൂച്ചക്കുട്ടി വനിതയില്‍ !


em എന്ന മീനാക്ഷിയെക്കുറിച്ച് ഈ മാസത്തെ വനിതയില്‍ (2008ഫെബ്രുവരി 15-29)ഒരു ലേഖനം കാണാനിടയായി. ചൂടോടെ അതു ബൂലോകരെ അറിയിക്കുന്നു.കംബത്സ്സീവ് കണ്‍ഫെസ്സര്‍ എന്ന ബ്ലോഗെഴുതുന്ന മീനാക്ഷി പ്രശസ്ത മലയാള സാഹിത്യകാരനായ എന്‍.എസ്.മാധവന്റേയും,ഔട്ട്‌ലുക്ക് വാരികയില്‍ പത്രപ്രവര്‍ത്തകയായ ഷീല റെഡ്ഡിയുടേയും മകളാണ്. ജീവിതത്തോടും,ലോകത്തോടും സത്യസന്ധത പുലര്‍ത്തുന്നതില്‍ മീനാക്ഷി പ്രകടിപ്പിക്കുന്ന ആര്‍ജ്ജവത്വം ഇന്നത്തെ സമൂഹത്തിന് ഞെട്ടലുണ്ടാക്കുന്ന വിധം നിര്‍മ്മലമാണെന്നതാണ് മീനാക്ഷിയുടെ വ്യക്തിത്വമഹിമ. ആ മഹിമ നമ്മുടേ സദാചാരവാദികള്‍ക്ക് ആര്‍ക്കും സ്വപ്നംകാണാന്‍പോലും കഴിയില്ല എന്നതാണ് സമൂഹത്തിന് മീനാക്ഷിയില്‍നിന്നും പലതും പഠിക്കാനണ്ട് എന്ന് നമ്മേ ഓര്‍മ്മിപ്പിക്കുന്നത്. മീനാക്ഷിയുടെ കമ്പത്സ്സീവ് കണ്‍ഫെസ്സര്‍ ബ്ലോഗിലേക്കുള്ള ലിങ്ക്.
വനിതയിലെ സാധാരണമായ ഒരു അഭിമുഖമാണെങ്കിലും ബ്ലോഗിങ്ങിനു പ്രചാരം ലഭിക്കാന്‍ കാരണമാക്കുന്ന ഒരു സംഗതിയായതിനാല്‍ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപത്തിന്റെ ലിങ്കുകള്‍ താഴെ കൊടുക്കുന്നു. ചിത്രകാരന്‍ ഇതില്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതിന് മീനാക്ഷി എന്ന വ്യക്തി/ബ്ലോഗര്‍ ഒരു മാതൃകയാണെന്ന് ഉയര്‍ത്തിക്കാട്ടുന്നു എന്ന് തോന്നരുത്. മീനാക്ഷിയുടെ സത്യസന്ധതയിലാണ് ചിത്രകാരന്റെ സൌന്ദര്യ ദര്‍ശനം. മറ്റെല്ലാം അവരുടെ വ്യക്തി സ്വാതന്ത്ര്യം!
വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു. സത്യസന്ധതയെ വിലമതിക്കുന്നു.

Tuesday, February 5, 2008

സംവരണ വിരുദ്ധരുടെ പുതിയ യുദ്ധമുറ

സംവരണ വിരുദ്ധരുടെ പീഡിതവേഷംകെട്ടലിനെക്കുറിച്ച് വളരെ കാലികപ്രസക്തമായ ഒരു ലേഖനം മാത്രുഭൂമി ആഴ്ച്ചപ്പതിപ്പില്‍ പി.സായിനാഥിന്റെ ലേഖനത്തിന്റെ പരിഭാഷയായി ശ്രീ.കെ. ആനന്ദ് എഴുതിയിരിക്കുന്നു. ഇന്ത്യന്‍ സവര്‍ണ്ണത തങ്ങളുടെ ഭീകരമായ മുഖം മാനവികതയുടെ മുഖാവരണംകൊണ്ട് ജന സ്വീകാര്യമാക്കുന്ന സൂത്രവിദ്യ നടത്തുംബോള്‍ ഇന്ത്യയിലെ ദളിത ജനതയുടെ രക്തം ഇനിയും ഊറ്റിക്കുടിക്കാനുള്ള അടങ്ങാത്ത സവര്‍ണ്ണ ദാഹമാണ് പ്രകടിപ്പിക്കുന്നത്. സംവരണത്തിനെതിരെയുള്ള സവര്‍ണ്ണരുടെ യോഗ്യതാവാദത്തിന് പ്രത്യക്ഷത്തില്‍ ന്യായത്തിന്റെ വശമുണ്ടെന്ന് സംവരണ സമുദായങ്ങളില്‍ പെട്ട ജനങ്ങള്‍തന്നെ തെറ്റിദ്ധരിച്ചുപോകുന്നവിധമുള്ള ഈ പുതിയ ജാതിയുദ്ധം ചെറുക്കപ്പെടേണ്ടതുതന്നെയാണ്.
ഇന്നു പുറത്തിറങ്ങിയ(5-2-08 ) മാത്രുഭൂമിവീക്കിലിയിലെ സായിനാഥിന്റെ ലേഖനം വായിക്കാന്‍ താഴെക്കൊടുത്ത ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക.
വരേണ്യതയുടെ വിവേചന സൂത്രം- പേജ് രണ്ട്
വരേണ്യതയുടെ വിവേചന സൂത്രം- പേജ് മൂന്ന്
വരേണ്യതയുടെ വിവേചന സൂത്രം - പേജ് നാല്

Friday, February 1, 2008

കൊലപാതങ്ങളുടെ കാരണങ്ങള്‍ പഠിക്കുകതന്നെ വേണം

കൊലപാതകങ്ങള്‍ കണ്ണൂരിലായാലും മാറാടിലായാലും അതിന്റെ കാരണങ്ങളെക്കുറിച്ച് പഠിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഉരുക്കുമുഷ്ടികൊണ്ട് എത്ര മൂടിവച്ചാലും കാരണങ്ങള്‍ അവശേഷിക്കുന്ന കാലത്തോളം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്നതിനാല്‍ സാമൂഹ്യ ശാസ്ത്രജ്ഞര്‍ ഇത്തരം പ്രശ്നങ്ങളില്‍ ആഴത്തില്‍ ഇറങ്ങേണ്ടതും, അവരുടെ കണ്ടെത്തലുകള്‍ സമൂഹത്തിന്റെ മുന്നില്‍ സമൂഹത്തിനു നല്‍കേണ്ടതും കൊലപാതക പരംബരകളുടെ അര്‍ത്ഥശൂന്യത ജനത്തിനു ബോധ്യപ്പെടാന്‍ ആവശ്യമാണ്.

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനുപിന്നില്‍ സാമൂഹ്യവും,സാംസ്കാരികവുമായ കാരണങ്ങളുണ്ട്. കണ്ണൂരിലെ കൊലപാതക പരംബരകളുടെ 1968 മുതല്‍ 2002 വരെയുള്ള ചരിത്രം (166 പേര്‍ കൊല്ലപ്പെട്ടു.) വിശകലനം ചെയ്ത് പഠിച്ച കണ്ണൂര്‍ എസ്.എന്‍.കോളേജിലെ പൊളിറ്റിക്സ് വിഭാഗം മേധാവി ഡോ.ടി.ശശിധരന്‍ മഹത്തായ സാമൂഹ്യ സേവനമാണു ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഗവേഷണ വിഷയത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച മാത്രുഭൂമിയേയും(ഫെബ്രുവരി ഒന്ന് 2008) അഭിനന്ദിക്കേണ്ടിയിരിക്കുന്നു. മാതൃഭൂമി ലേഖകന്‍ വി.യു.മാത്യുക്കുട്ടിയേയും.

ഈ കൊലപാതക പരംബരകള്‍ കണ്ട് സഹിക്കാനാകുന്നത് എങ്ങിനെയാണെന്ന് ചിത്രകാരന്‍ അതിശയിക്കുന്നു. അത്രയും ജനസംഖ്യയുള്ളതുകൊണ്ടാണോ അതോ, ജനങ്ങള്‍ക്കിടയിലെ ജാതീയമായ മതിലുകളുടെ കാഠിന്യകാരണമാണോ ? നമുക്കിത് നാല്‍പ്പതു വര്‍ഷമായിട്ടും നിര്‍ത്താന്‍ കഴിയാത്തത് !! ജനത്തിന്റെ മനസ്സക്ഷി ഉണരാത്തതിന്റെ കാരണം തേടേണ്ടത് കലാ-സാഹിത്യകാരന്മാരുടെ(അങ്ങിനെയൊരു ജന്തുവിഭാഗം ഇല്ലാത്തതുകൊണ്ടായിരിക്കുമോ?) കര്‍ത്തവ്യമാണ് .
ചിത്രകാരന് കണ്ണൂരിലെ കൊലപാതക പരംബരകളിലുള്ള ആശങ്ക രേഖപ്പെടുത്തുന്നതിനായി 1993 ല്‍ വരച്ച ചിത്രമാണ് ബോംബേന്തിയ മനുഷ്യന്‍ എന്ന പെയിന്റിങ്ങ്.

Wednesday, January 23, 2008

മോഷണം പാപമല്ല !!!

മോഷണം,പിടിച്ചുപറി എന്നിങ്ങനെയുള്ള പ്രവര്‍ത്തികള്‍ കുറ്റകൃത്യങ്ങളാണെന്നും,അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ ശിക്ഷിക്കണമെന്നും സാമൂഹ്യ നിയമങ്ങള്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഒരു തൊഴിലോ,ഉപജീവന മാര്‍ഗ്ഗമോ അല്ലാത്ത, നിവര്‍ത്തികേടുകൊണ്ടുള്ള മോഷണത്തേയും,പിടിച്ചുപറിയേയും ഒരു കുറ്റകൃത്യമായി വിശേഷിക്കാമോ എന്നാണ് ചിത്രകാരന്റെ മാനുഷികത നിറഞ്ഞ ദാര്‍ശനിക ചോദ്യം !

ഉള്ളവന്റെ കയ്യില്‍നിന്നെ മോഷ്ടിക്കാനാകു എന്നതിനാല്‍ മോഷണം ഉള്ളവനും,ഇല്ലാത്തവനും തമ്മിലുള്ള ഒരു സാധാരണ ജീവിതമത്സരം മാത്രമാണ്.

ഉള്ളവന്‍ ഇല്ലാത്തവന്റെതുകൂടിയായ സ്വത്തിനെ തന്റെ ബുദ്ധിയുപയോഗിച്ച് സ്വന്തമാക്കുന്നതിലൂടെയാണല്ലോ ഉള്ളവനാകുന്നത്. അതുകൊണ്ടുതന്നെ സ്വത്ത് എന്നു പറയുന്നത് വായുപോലെ,വെള്ളം പോലെ പ്രകൃതിജന്യമായ പ്രതിഭാസമാണ്. ഉള്ളവന്‍ ബുദ്ധിയുപയോഗിച്ച് പരമാവധി സ്വത്തിനെ തന്റെ വരുതിയില്‍ അതീവ സാന്ദ്രതയോടെയും,അതി മര്‍ദ്ദത്തിലും സൂക്ഷിക്കുംബോള്‍ ഇല്ലാത്തവന്‍ സൃഷ്ടിക്കപ്പെടുന്നതിന്റെ ഉത്തരവാദിത്വവും ഉള്ളവനുതന്നെയാകുന്നു.

സംബത്തിന്റെ സാന്ദ്രതവ്യത്യാസം ഉപയോഗപ്പെടുത്തിയാണ് (ഒരു ഡാമിലെ വെള്ളം വൈദ്യുതി നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നതുപോലെ) ഉള്ളവന്‍ ഇല്ലാത്തവനെക്കൊണ്ട് ജോലി ചെയ്യുന്നതിനുള്ള കൂലിയായി സംബത്ത് ഇറ്റിച്ചുകൊടുത്ത് അവനെ അടിമയാക്കി കൂടുതല്‍ സംബത്ത് നേടുന്നത്. ഉള്ളവന്‍ ഇപ്രകാരം ഇല്ലാത്തവനെ ചൂഷണം ചെയ്യുന്നത് ലോകം നിയമവിധേയമായ നീതിയായി കണക്കാക്കുന്നു.
എന്നാല്‍ ഉള്ളവന്റെ പണവും സ്വത്തും ഇല്ലാത്തവന്റെ മുന്നില്‍ മലര്‍ന്നു കിടന്നാല്‍പ്പോലും ബുദ്ധിയുപയോഗിച്ചല്ലാതെ അതു സ്വന്തമാക്കുന്നത് സമൂഹം കുറ്റകരമായി കരുതുന്നു. ബുദ്ധിയുപയോഗിച്ച് അന്യനെ വിഢിയാക്കി സംബത്ത് കൈക്കലാക്കുന്നതും, ശരീരബലമുപയോഗിച്ച് സംബത്ത് കൈക്കലാക്കുന്നതുപോലെ ഫലത്തില്‍ മോഷണം തന്നെയാണ്.
അതായത് സംബത്ത് സംരക്ഷിക്കാനും കൂടുതല്‍ ആര്‍ജ്ജിക്കാനും ശേഷിയുള്ള ശരീരബലവും ബുദ്ധിയുമുള്ളവരുടെ തികച്ചും വ്യക്തിപരമായ പ്രതിരോധത്തിന്റെ മാത്രം കാര്യമാണ് മോഷണത്തെ ചെറുക്കുക എന്നത്. മോഷണത്തെ ചെറുക്കാന്‍ കഴിവില്ലാത്തവര്‍ പോലീസ്,കോടതി തുടങ്ങിയ പൊതു സ്ഥാപനങ്ങളുടെ സഹായം വിലക്കെടുത്ത് സ്വത്തുസംരക്ഷിക്കുന്നതിലൂടെയാണ് സമൂഹം രോഗഗ്രസ്തമാകുന്നതും, സാംബത്തിക അസമത്വത്തിന്റെയും സാമൂഹ്യ അസമത്വത്തിന്റേയും,രാഷ്ട്രീയവിവേചനങ്ങളുടേയും വന്‍ ഗര്‍ത്തങ്ങള്‍ സമൂഹത്തില്‍ രൂപം കൊള്ളുന്നതിനും കാരണമാകുന്നത്.

അതുകൊണ്ടുതന്നെ മോഷണം പാപമല്ലെന്നുമാത്രമല്ല,പലപ്പോഴും നിര്‍മ്മാണാത്മകമായ സാമൂഹ്യ സേവനംകൂടിയായിമാറുന്നുണ്ട്. നമ്മുടെ കായകുളം കൊച്ചുണ്ണിയെ ഓര്‍ക്കുക. മോഷ്ടാവിനെ സൃഷ്റ്റിക്കുന്നത് ഉള്ളവന്റെ സാമൂഹ്യ ചൂഷണത്വരയും, ഭരണവ്യവസ്ഥ ഉള്ളവനു നല്‍കുന്ന പരിരക്ഷയുമായതിനാല്‍ ധാര്‍മ്മികമായി മോഷ്ടാവ് കുറ്റക്കാരനാകുന്നില്ല. കാരണം സംബത്ത് സമൂഹത്തിലൂടെ സ്വച്ഛമായി ഒഴുകാനുള്ളതാണ്. ബുദ്ധിയും,അദ്ധ്വാനശേഷിയുമുള്ളവര്‍ക്ക് അതിനെ തന്റെ കഴിവു ക്ഷയിക്കുന്നതുവരെ പിടിച്ചുവച്ച് അനുഭവിക്കാം എന്നല്ലാതെ തന്റെ ഭാവിതലമുറക്ക് സമൂഹത്തിന്റെ അവകാശ നിയമങ്ങള്‍ കൊണ്ടു കെട്ടിവരിഞ്ഞ് സ്വത്ത് കൈമാറാനുള്ള ധാര്‍മ്മിക അവകാശമില്ലെന്നു മാത്രമല്ല , അത് സത്യത്തില്‍ കുറ്റകരമായ പ്രവര്‍ത്തികൂടിയാണെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.

മാനവികമായി ഒരൊറ്റ വംശമായി,കുടുംബമായി മനുഷ്യ സമൂഹത്തെ കാണുമ്പോള്‍ സംബത്തിനെ വരും തലമുറയിലെ തന്റെ കുടുംബാഗങ്ങള്‍ക്കുമാത്രമായി നിയമത്തിന്റേയും,ഭരണത്തിന്റെയും സ്വാധീനത്തിലൂടെ നിചപ്പെടുത്താന്‍ ഉള്ളവന്‍ (ധനികന്‍) സാമൂഹ്യക്രമം വാര്‍ത്തെടുക്കുന്നതിലൂടെയാണ് സമൂഹം ജീര്‍ണ്ണിക്കുന്നത്. എല്ലാ സാമൂഹ്യ അസമത്വങ്ങളുടേയും കാരണം ഇന്നു നിലവിലുള്ള ആ സാമൂഹ്യ ക്രമത്തിന്റെ സൃഷ്ടിയാണ്.
ഈ സാമൂഹ്യക്രമം നശിക്കുന്നതിനായി മോഷണം പാപമല്ലെന്ന് പ്രചരിപ്പിക്കേണ്ടിയിരിക്കുന്നു.
എല്ല ബൌദ്ധിക സ്വത്തവകാശങ്ങളും മോഷണംകൊണ്ട് നിര്‍വ്വീര്യമാക്കേണ്ടത് മൂന്നാം ലോകരാജ്യങ്ങളുടെ അടിമത്വവും,പിന്നോക്കാവസ്ഥയും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഒഴിച്ചുകൂടാനാകാത്ത കാര്യമാണ്.
ഗള്‍ഫ് മലയാളിയുടെ വിയര്‍പ്പിന്റെ ചിലവില്‍ പൊങ്ങച്ചംകാണിച്ചു നടക്കുന്ന നമുക്ക് നമ്മുടെ യഥാര്‍ത്ഥ മൂല്യം എന്താണെന്നറിയില്ല. ഒരു മോഷ്ടാവിനേക്കാള്‍ എത്രയോ താഴെ ... അറബിയുടേയും, സായിപ്പിന്റേയും വേലക്കാരനും , അടിമയും, ഉത്തരേന്ത്യക്കാരന്റെ മല്ലുവും, നികൃഷ്ട മദ്രാസിയും,വിധേയനുമായിരിക്കുന്ന നമ്മുടെ ശരിയായ സ്വത്വബോധം ഉള്‍ക്കൊണ്ടാല്‍ ... ഒരു മോഷ്ടാവാകുന്നതില്‍ അഭിമാനം തോന്നും !!!
അതെ, നമ്മുടെ ഇല്ലാത്ത ആഢ്യത്വത്തിന്റെ പൊങ്ങച്ചഭാരം നമ്മുടെ ചിന്താശക്തിയെ മറച്ചിരിക്കുന്നു.

ടാറ്റ ഇന്ത്യക്കുവേണ്ടി ഇന്‍ഡിക്കയും, നാനോ കാറുമുണ്ടാക്കുന്നതിനുവേണ്ടി എത്ര വിദേശ കാറുകള്‍ വാങ്ങി വെട്ടിപ്പൊളിച്ച് അതിന്റെ സാങ്കേതികവിദ്യ പഠിച്ചിരിക്കും ? !! അതു മോഷണം തന്നെയാണ്. അന്തസ്സുള്ള മോഷണം. മോഷണത്തിലൂടെ മാത്രമേ മുന്നേ പോകുന്നവന്റെ കൂടെ എത്താന്‍ മാര്‍ഗ്ഗമുള്ളു. ഇല്ലാത്തവന്റെ മോചനമാര്‍ഗ്ഗമാണ് മോഷണം. വെള്ളക്കാരനും നമ്മുടെ നാട്ടില്‍ വന്ന് പലതും മോഷ്ടിച്ചിട്ടുണ്ട് . ഭാരതത്തിന്റെ പ്രാചീനമായ പല അറിവുകളും അവര്‍ യഥേഷ്ടം കടത്തിക്കൊണ്ടുപോയിട്ടുണ്ട്. അതിനാല്‍ മോഷണത്തില്‍ അന്തസ്സുകേടു കാണുന്നത് അടിമകളുടെ മാത്രം മാനസ്സിക വളര്‍ച്ചക്കുറവാണെന്ന് മനസ്സിലാക്കുക.

ആയതിനാല്‍ ... അഭിമാനിയായ ഒരു മോഷ്ടാവാകാന്‍ മാനസ്സികമായി തയ്യാറായിക്കൊള്ളുക. ചിത്രകാരന്റെ സ്വത്തുക്കളിലൊഴിച്ച് മറ്റെതു സ്വത്തുക്കളില്‍ മോഷണം നടത്തുന്നതിലും സ്വന്തം ഉത്തരവാദിത്വത്തില്‍ തീരുമാനങ്ങളെടുക്കാന്‍ സന്നദ്ധരാകുക. അഭിവാദ്യങ്ങളോടെ.... സ്വന്തം ചിത്രകാരന്‍.
ഈ ചിത്രകാരന്റെ ഓരോ ചിന്തകള്‍ !!!

Saturday, January 12, 2008

നമ്മുടെ സ്വന്തം മഹാത്മാഗാന്ധി /ഇന്ത്യ.


1988 ല്‍ ഏതോ മത്സരത്തിന് അയച്ചുകൊടുക്കുന്ന്തിനുവേണ്ടി വരച്ചതായിരിക്കണം. എന്തായാലും , വരച്ചുകഴിഞ്ഞപ്പോള്‍ മനസ്സിനെ വിഹ്വലമാക്കിയ ആശയം അവിടെനിന്നും വലിച്ചൂരിയെടുത്ത ആശ്വാസം ലഭിച്ചിരുന്നു. ഇന്നും ആ വിഹ്വലത ഒരു കാഴ്ച്ചയായി... ആവേശമായി ചിത്രകാരനെ പിന്തുടരുന്നു.

മഹാത്മാഗാന്ധിയുടെ പ്രതിമക്കുതാഴെ അന്നത്തെ താരമായ രാജീവ് ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പോസ്റ്റെര്‍ ഒട്ടിച്ചിരിക്കുന്നത് ഇന്ന് പ്രസക്തമല്ലെങ്കിലും, വരും വര്‍ഷങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ പോസ്റ്റെര്‍ ഒട്ടിച്ച് ഈ കാര്‍ട്ടൂണിനു പ്രസക്തിയുണ്ടാക്കേണ്ടി വരുമല്ലൊ എന്നോര്‍ത്ത് ചിത്രകാരന്‍ വൃഥാവ്യസനിക്കുന്നു.

Friday, January 11, 2008

ഒരു ലക്ഷത്തിന്റെ ഇന്ത്യന്‍ കാര്‍

25 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു റേഡിയോ കൈവശംവക്കാന്‍പോലും ലൈസന്‍സും വാര്‍ഷിക ടാക്സും വേണ്ടിയിരുന്ന രാജ്യമായിരുന്നു ഇന്ത്യ.
തീപ്പെട്ടിക്ക് ചക്രം പിടിപ്പിച്ചതുപോലുള്ള പ്രീമിയര്‍ പത്മിനി കാറുകള്‍ അന്ന് നമ്മുടെ ഡോക്റ്റര്‍മാരുടെ ഇഷ്ട വാഹനമായിരുന്നു. തവളപോലുള്ള ചവര്‍ലൈറ്റ് കള്ളക്കടത്തിനുപയോഗിച്ചിരുന്ന(അരി,പഞ്ചസാര,കശുവണ്ടി) ടാക്സിക്കാറുകളായിരുന്നു. അംബാസഡര്‍ കാര്‍ ഔദ്യോഗിക രാജ്യസ്നേഹിയായിരുന്നു.
ഭാഗ്യത്തിന് രാജീവ് ഗാന്ധിയുടേയും,നരസിംഹ റാവുവിന്റേയും ഭരണം വന്നതിനാല്‍ കാര്യമായ മാറ്റമുണ്ടായി. ഇപ്പോള്‍ കംബ്യൂട്ടറില്‍ ബ്ലോഗാനായതിനും അവരോടു നന്ദി പറയേണ്ടിയിരിക്കുന്നു.

ഇവരുടെ ഭരണ പരിഷ്കാരഫലമായി ഇന്ത്യയുടെ മാരുതിസുസുക്കിയുണ്ടായി. ടാറ്റയുടെ കൈകാലുകള്‍ ലൈസന്‍സ് രാജിന്റെ ബന്ധനത്തില്‍ നിന്നും മുക്തമായി. ഇന്ത്യയുടെ സ്വന്തം കാറായ ഇന്‍ഡിക ടാറ്റയില്‍ നിന്നും ജന്മംകൊണ്ടു. ഇപ്പോള്‍ ഏറ്റവും വിലക്കുറവുള്ള നാനോ പുറത്തിറക്കിക്കൊണ്ട് ടാറ്റ നമ്മേ അഭിമാനംകൊള്ളിക്കുന്നു.

ചിത്രകാരന്റെ ഭ്രാന്ത്: സിംഗൂരിലെ പ്രക്ഷോപങ്ങള്‍ നമ്മുടെ സര്‍ക്കാരുകളുടെ കാഴ്ച്ചപ്പാടിന്റേയും, കഴിവില്ലായ്മയുടേയും ഫലമാണെന്നാണ് ചിത്രകാരന്‍ മനസ്സിലാക്കുന്നത്.
ഒന്നിനും അതിരില്ല. വ്യക്തതയില്ല. അതാണു നമ്മുടെ സര്‍ക്കാരുകളുടെ കുഴപ്പം.
മൂലധനത്തെ ക്ഷണിക്കാം. മൂല ധനം വന്നാല്‍ മൂലധനത്തിന് ഒഴുകാനുള്ള ഒരു സ്ഥലം നാം നിര്‍വചിച്ചു നല്‍കുന്നില്ല. (അഥിതിയെ ക്ഷണിക്കാം. കിടപ്പറ ഏതെന്ന് ആദ്യം നിശ്ചയിക്കണം. അല്ലെങ്കില്‍ ബംഗാളില്‍ നടന്നതുപോലെ പാവപ്പെട്ടവന്റെ നെഞ്ചില്‍ കയറി കിടക്കും)
ആസിഡും, സയ്നൈഡും, ബോംബുകളും സാധാരണക്കാരന് ആവശ്യമുള്ള സാധനങ്ങളല്ലായിരിക്കാം. പക്ഷേ , ഒരു രാജ്യത്തിന് അവ ആവശ്യമാണ്. ഗ്ലാസ് ഭരണികളിലും, ഇരുംബു മറക്കുള്ളിലും ശ്രദ്ധയോടേ സൂക്ഷിക്കേണ്ട അവ സാധാരണക്കാരന്റെ ഭക്ഷണത്തിലേക്ക് ഒഴുകി വരുന്നത് രാഷ്ട്രീയത്തില്‍ നിയന്ത്രണശേഷിയും കാര്യവിവരവും ഉള്ളവര്‍ ഇല്ലാത്തതുകൊണ്ടാണ്.
മുതലാളിത്വത്തെയും വ്യവസായത്തേയും അതിന്റെ സ്ഥാനത്ത് നിര്‍ത്തി , പാവപ്പെട്ട ഇന്ത്യന്‍ പൌരന്റെ ഉടമസ്ഥതയിലുള്ള രാജ്യമാണ് ഇന്ത്യ എന്ന ബോധത്തോടെ ഭരിക്കാനായാല്‍ മാത്രമേ ഇന്ത്യ രക്ഷപ്പെടു.

ചിന്തകളെ തരം തിരി‍ക്കാന്‍ സാധിക്കുന്നില്ല.നാനോയെ രേഖപ്പെടുത്താതിരിക്കുന്നത് കഷ്ടമായിരിക്കുമെന്നതിനാല്‍ ചിത്രകാരന്റെ അമൂര്‍ത്ത ചിന്തകള്‍ ഇവിടെ പോസ്റ്റുന്നത് .ക്ഷമിക്കുക.

ഇന്ത്യക്ക് വിമാനങ്ങള്‍ നല്‍കിയ ടാറ്റ. നമ്മുടെ രാഷ്ട്രീയക്കാരേക്കാള്‍ രാജ്യ സ്നേഹമുള്ള ഒരേയൊരു ഇന്ത്യന്‍ വ്യവസായി. ഇന്ന് ! മാറിക്കൂടായ്കയില്ല. മാറാതിരിക്കട്ടെ എന്നാശിക്കുന്നു. നന്ദി ടാറ്റ.... !!!!

Sunday, December 30, 2007

വസ്ത്രാക്ഷേപം കാര്‍ട്ടൂണ്‍

ചിത്രകാരന്റെ ഒരു വസ്ത്രാക്ഷേപ കാര്‍ട്ടൂണ്‍‌‌.
പ്രസിദ്ധീകരിച്ചത്. ഏതിലാണെന്ന് ഓര്‍മ്മയില്ല.
17 വര്‍ഷം മുന്‍പ് വരച്ചത്.
മഹാഭാരതം ടിവിയില്‍ വന്നിരുന്ന കാലത്ത് വരച്ചത്.