Tuesday, September 16, 2008

വേദവ്യാസന്‍.. വിശുദ്ധ ജാരന്‍ !


കുറേ കാലമായി ചിത്രം വരച്ചിട്ട്. ആ റു വര്‍ഷം മുന്‍പ് -2002-വണ്ടൂരില്‍ വച്ചു നടത്തപ്പെട്ട ഒരു ചിത്ര കല ക്യാമ്പിലാണ് അവസാനമായി വരച്ചത്. ഈ തിരുവോണത്തിന് (12-9-08)വീണ്ടും വരച്ചു. ഓയില്‍ സ്കെച്ച് പേപ്പറില്‍ ഓയില്‍ പെയിന്റുകൊണ്ടൊരു സ്കെച്ച് നടത്തി. വേദവ്യാസന്‍ പാണ്ഡവ-കൌരവര്‍ക്ക് ജാര ജന്മം നല്‍കുന്നതിന്റെ മുഹൂര്‍ത്തം ഇങ്ങനെയാണ് ചിത്രകാരന്റെ മനസ്സില്‍ തെളിഞ്ഞു വന്നത്. ഈ ചിത്രം അപൂര്‍ണ്ണമാണ്. എങ്കിലും ഒരു ചിത്രമാണ്.
വേദ വ്യാസന്‍ വിശുദ്ധ ജാരനോ അതോ വിത്തുകാളയോ ? ഏതായിരിക്കും കൂടുതല്‍ യോജിക്കുക ?!!
കൂടുതല്‍ ചിന്തക്കായി ഉദ്ബുദ്ധരായ മനുഷ്യര്‍ക്ക് സമര്‍പ്പിക്കുന്നു.
ചിത്രകാരനെ വീണ്ടും ചിത്രരചനയിലേക്ക് ആകര്‍ഷിച്ച ബ്ലൊഗ് എന്ന മാധ്യമത്തിനു നന്ദി.

സന്ദര്‍ഭം:
മഹാഭാരത കര്‍ത്താവായ വേദ വ്യാസന്‍ രാജാവിന്റെ പട്ടമഹര്‍ഷിമാരെ ഗര്‍ഭിണികളാക്കി ഉണ്ടാക്കിയെടുത്ത രണ്ടു പൊന്നു തംബുരാക്കന്‍ന്മാരാണ് പേടു രാജാക്കന്മാരായ പാണ്ഡുവും,ധൃതരാഷ്ട്രരും രണ്ടും ഷണ്ഡന്മാര്‍ ! ഷണ്ഡത്വം കൂടാതെ ഒന്നിനു പാണ്ഡു രോഗവും,മറ്റവന് അന്ധതയും ! വിത്തുകാളയുടെ ബീജം ഒന്നാം തരം തന്നെ !!
ഇതിനെതിരെയുള്ള ചോദ്യങ്ങള്‍ക്ക് വ്യാസന്‍ കഥയുണ്ടാക്കിയതാണ് അതിലും രസകരം. അന്നേ ദിവസം താന്‍ രാജകൊട്ടാരത്തിലെ ഒരു വേലക്കാരിക്കുകൂടി ഗര്‍ഭമുണ്ടാക്കിയിട്ടുണ്ടെന്ന് ! അങ്ങനെ ശൂദ്രയായ വേലക്കാരിയുടെയും ഭര്‍ത്താവിന്റേയും മിടുക്കനായ കുട്ടി ഭരണാധികാരമില്ലെങ്കിലും രാജാവിന്റെ മക്കളുടെ ലിസ്റ്റിലേക്ക് വരവുവക്കപ്പെട്ടു. അവനാണു വിതുരര്‍.

അംബിക മഹാറാണിയുടെ കിടപ്പറയില്‍ പ്രവേശിച്ച വേദവ്യാസനെ കണ്ട് ആ പാവം സ്ത്രീ കണ്ണുകള്‍ ഇറുക്കിയടച്ചത്രേ! (സുധാകരന്‍ സാമിമാരെപ്പറ്റി പറഞ്ഞത് ഓര്‍മ്മ വരുന്നു. സാമിമാരൊന്നും അണ്ടര്‍വെയര്‍ ഇടാറില്ലത്രേ!) അതുകൊണ്ടാണ് ധൃതരാഷ്ട്രര്‍ കുരുടനായതെന്നൊരു വിശദീകരണക്കുറിപ്പും വ്യാസന്‍ എഴുതി ചേര്‍ത്തു.
അംബാലിക മഹാറാണി കിടപ്പറയില്‍ കയറിക്കൂടിയ ഈ ദുഷ്ട ജന്തുവിനെ കണ്ട് വിളറി വെളുത്തതിനാലാണ് സന്തതിയായി പിറന്ന പാവം പാണ്ഡു പാണ്ഡുരോഗം പിടിച്ച് കഷ്ടപ്പെട്ട് അകാലത്തില്‍ മരിക്കേണ്ടി വന്നതത്രേ !

ശൂദ്രയായ വേലക്കാരി സന്തോഷപൂര്‍വ്വം വ്യാസ ബീജം ഉള്‍ക്കൊണ്ടതിനാല്‍ വിതുരര്‍ ബുദ്ധിമാനുമായി.

അങ്ങിനെ ... വ്യഭിചാരം സന്തോഷപൂര്‍വ്വം ചെയ്യേണ്ട ഹിന്ദു മത അനുഷ്ടാനമാണെന്നു വേദവ്യാസന്‍ ശൂദ്രര്‍ക്ക് ബുദ്ധി കോരി ഒഴിച്ചുകൊടുത്തു. അങ്ങിനെയാണ് ഇന്ത്യ കുട്ടിച്ചോറായതും, കേരളം ഭ്രാന്താലയമായതും എന്ന് !!!
(കഥയറിയാതെ ആട്ടം കണ്ടാല്‍ കഥകളിയാകുമല്ലോ എന്നു കരുതി വിശദീകരിച്ചതാണ്. രസ ഭംഗം വന്നവര്‍ പൊറുക്കുക, ക്ഷമിക്കുക !)

Monday, September 15, 2008

കൃസ്തുവിന്റെ കാല്‍ തല്ലിയൊടിച്ചു !



പാവം കൃസ്തു ഭഗവാന്‍ !! കാലു തല്ലിയൊടിക്കപ്പെട്ട്, കൈ മുറിച്ചുമാറ്റപ്പെട്ട് .... ഒരു ആംബുലന്‍സിന്റെ വരവും പ്രതീഷിച്ച് തന്റെ ഡണ്‍ലപ്പ് മെത്തയായ കുരിശില്‍ പതിവുപോലെ ഖിന്നനായി തൂങ്ങിക്കിടന്നു. ദേശാഭിമാനി പത്രമാണ് ഈ ദാരുണദൃശ്യം രാവിലെത്തന്നെ ചിത്രകാരന്റെ മുന്നിലെത്തിച്ചത്. പത്രം ദേശാഭിമാനിയായതുകൊണ്ട് പ്രത്യേക ചേതോവികാരമൊന്നും തോന്നിയില്ല. ഏടാ.. വെളവന്മാരേ.., നിങ്ങളിതും വോട്ടാക്കാന്‍ തുടങ്ങിയല്ലേ എന്നു മനസ്സു പറഞ്ഞതുമാത്രം കേട്ടു.
ഇനി റോമില്‍ നിന്നും അമേരിക്കയില്‍ നിന്നും ന്യൂനപക്ഷ പീഡനത്തിനെതിരെ പ്രതിഷേധ പ്രകടനം കൂടി വരാനിരിക്കുന്നു. എന്തായാലും കൊള്ളാം. ഇന്ത്യയിലെ കൃസ്ത്യന്‍ വര്‍ഗ്ഗീയ വാദികള്‍ക്കും, ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ക്കും,മുസ്ലീം വര്‍ഗ്ഗീയ വാദികള്‍ക്കും ഇപ്പോള്‍ വളര്‍ച്ചയുടെ സൂപ്പര്‍ ഹൈവെകളാണ് തുറന്നിട്ടു കിട്ടിയിരിക്കുന്നത്.
നഷ്ടം മനുഷ്യനു മാത്രം. മനുഷ്യത്വമാണ് ഏറ്റവും വലിയ ദൈവീകമായ ഭാവമെന്ന് വിശ്വസിച്ചിരിക്കുന്നവര്‍ കൂട്ടാത്തോടെ ആ വിശ്വാസം ഉപേക്ഷിച്ച് വര്‍ഗ്ഗീയതയിലേക്ക് അണിചേര്‍ക്കപ്പെടുംബോള്‍ മനുഷ്യനല്ലാതെ ആര്‍ക്കാണു നഷ്ടം? (ചെകുത്താന്റെ സംഘടനകളായ മതങ്ങളും, സവര്‍ണ്ണ രാഷ്ട്രീയ പാര്‍ട്ടികളും നശിക്കട്ടെ !!)

സത്യത്തില്‍ ഇന്ത്യയില്‍ സവര്‍ണ്ണരും അവര്‍ണ്ണരും എന്ന രണ്ടു വിഭാഗമേയുള്ളു.
ക്രൈസ്തവനായാലും,മുസ്ലീമായാലും, ദളിതനായാലും അവര്‍ണ്ണരാണ്. മതങ്ങളുടെയും,പാര്‍ട്ടികളുടേയും മുഖാവരണവും കണ്ണടയും ഉപേക്ഷിച്ച് നോക്കിയാല്‍ മനുഷ്യത്വമുള്ള അവര്‍ണ്ണരും, അതില്ലാത്ത സവര്‍ണ്ണരും തമ്മിലുള്ള സമരമാണ് ഇന്ത്യയില്‍ ഇക്കാലമത്രയും നടന്നുകൊണ്ടിരിക്കുന്നത്. ക്രൈസ്തവര്‍ക്കെതിരേയും, മുസ്ലീങ്ങള്‍ക്കെതിരേയും,ദലിതര്‍ക്കെതിരേയും നടക്കുന്ന ആക്രമണങ്ങളെ സവര്‍ണ്ണ ചോറ്റുപട്ടാളത്തിന്റെ ആക്രമണമായി മനസ്സിലാക്കാന്‍ പ്രാപ്തിയുണ്ടാകുംബോഴേ ഇവിടെ മനുഷ്യന്‍ ജയിക്കുകയുള്ളു.

ബ്രാഹ്മണ ജനത പാര്‍ട്ടിയില്‍ മാത്രമല്ല സവര്‍ണ്ണരുള്ളത്. എല്ലാ പാര്‍ട്ടികളിലും സവര്‍ണ്ണരുണ്ട്. അതുകൊണ്ടുതന്നെ കൃസ്തുവിന്റെയും, മറ്റു മനുഷ്യ പുത്രന്മാരുടേയും കയ്യും കാലും തല്ലിയൊടിക്കപ്പെടുകയും, നടുറോഡില്‍ ദളിതനെ നഗ്നനാക്കി നടത്തുകയും, മലം വാരിപ്പിക്കുകയും ചെയ്യുന്ന സവര്‍ണ്ണ ഗുണ്ടായിസത്തിനെതിരെ സമരം ചെയ്യാന്‍ തയ്യാറുള്ള പ്രസ്ഥാനങ്ങള്‍ക്കു മാത്രമേ ഇനി ഇന്ത്യയില്‍ പ്രസക്തിയുള്ളു.

ലോക മുതലാളിത്തം, അമേരിക്കന്‍ സാമ്രാജ്യത്വം, തുടങ്ങിയ ദുര്‍ഭൂതങ്ങള്‍ക്കെതിരെ വാചകമടിച്ച് ശത്രു സംഹാര പൂജ നടത്തിയെന്ന് നടിക്കുന്ന കപടതൊഴിലാളി സവര്‍ണ്ണ നേതാക്കളെ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഓടിക്കുക.

Friday, August 22, 2008

പന്തക്കാരന്‍ - ഇലസ്റ്റ്രേഷന്‍ പരീക്ഷണം

പത്തിരുപത് വര്‍ഷം മുന്‍പ് ഒരു ജോലി സ്വപ്നം കാണുന്ന കാലത്ത് ധാരാളം ഇലസ്റ്റ്രേഷനകളും, കാരിക്കേച്ചറുകളും, കാര്‍ട്ടൂണുകളും വരച്ചു കൂട്ടിയിരുന്നു. അക്കാലത്ത് ഇലസ്റ്റ്രേഷന്‍ ചിത്രകാരനു വഴങ്ങുമെന്ന് ഉറപ്പുവരുത്താന്‍ ഏതോ കഥയോ,സാങ്കല്‍പ്പിക കഥയോ മനസ്സിലിട്ട് രൂപപ്പെടുത്തിയ ഒരു ബ്ലാക്ക്/വയ്‌റ്റ് ഇലസ്റ്റ്രേഷനാണിത്. മാതൃഭൂമി ചീഫ് ആര്‍ട്ടിസ്റ്റായിരുന്ന ഏ.എസ്സിന്റെ കറുപ്പും വെളുപ്പും ഇലസ്റ്റ്രേഷനുകളുടെ സ്വാധീനം ഇതിലുണ്ട്. കൂടാതെ, അന്നത്തെ ചിത്രകാരന്റെ മനസ്സിലുള്ള സാംസ്കാരികതയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും ഇപ്പോള്‍ വായിക്കാനാകുന്ന വിധം തെളിഞ്ഞു വന്നിരിക്കുന്നു. അന്നൊക്കെ തിരുമാന്താംകാവിലെ പതിനൊന്നു പൂരങ്ങളും ആദ്യാവസാനം ചിത്രകാരന്‍ പങ്കെടുത്തിരിക്കും. ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് (പൂരം) എഴുന്നള്ളത്തിനുമുന്നില്‍ രാത്രി കത്തിച്ചു പിടിക്കുന്ന മൂന്നു പന്തങ്ങളുള്ള കത്തിക്കാത്ത ഒരു വിളക്കും പിടിച്ചു നില്‍ക്കുന്ന കഥാപാത്രം !!

Wednesday, August 20, 2008

രാഷ്ട്രീയ ദൈവങ്ങളും , വിശ്വാസികളും !

1990/92ല്‍ ചിത്രകാരന്‍ വരച്ച ഒരു ഓയില്‍ പെയിന്റിങ്ങ്. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള അകലത്തില്‍ ആകുലത തോന്നിയ ചിത്രകാരന്റെ സമൂഹത്തോടുള്ള പ്രതികരണം. ഒരു മീറ്റര്‍ സമചതുരത്തിലുള്ളതായിരുന്നു ഈ പൈന്റിങ്ങ് എന്നാണോര്‍മ്മ. അഞ്ചാറു വര്‍ഷം മുന്‍പ് ചിത്രത്തിനു സൌന്ദര്യം പോരേന്ന തോന്നലില്‍ പെയന്റിങ്ങ് കീറിക്കളഞ്ഞു. ഇപ്പോള്‍ ഒരു ഫോട്ടോ മാത്രം ബാക്കി. ഇനി അതും നഷ്ടപെട്ടാല്‍ അതൊരു ഓര്‍മ്മ മാത്രമായേക്കും ! അതിനുമുന്‍പ് ബ്ലോഗില്‍ തൂക്കിയിടട്ടെ !

ഇന്നത്തെ ദേശീയ പണിമുടക്ക് -കം-ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ പോസ്റ്റു ചെയ്യുന്ന ദിവസം പ്രസക്തമായെന്നു തോന്നുന്നു.

വി.പി.എസ്.എല്‍.വി വിക്ഷേപണം !

വി.പി.സിങ്ങ് ഭരണത്തിലേറുന്ന കാലത്ത് ... ചിത്രകാരന്‍ ഒരു മത്സരത്തിനയക്കാനായി വരച്ച കാര്‍ട്ടൂണ്‍. ഹിന്ദുസ്ഥാന്‍ ടൈംസിനായിരിക്കണം. (അക്കാലത്തുതന്നെയാണ് എ.എസ്സ്.എല്‍.വി. കടലില്‍ വീണിരുന്നത്.) കുറെ വര്‍ഷങ്ങളുടെ പഴക്കമുള്ള ആ കാര്‍ട്ടൂണിന്റെ ഫോട്ടോകോപ്പി ഇവിടെ സ്കാന്‍ ചെയ്തു വക്കുന്നു. ചിത്രകാരന്‍ ഇങ്ങനെയൊക്കെ കാര്‍ട്ടൂണ്‍ വരച്ചിരുന്നു എന്ന് മക്കള്‍ക്കെങ്കിലും ഓര്‍മ്മിക്കാന്‍ ... ഗൂഗിളിനു നന്ദി !!
ഇതേ ഗണത്തിലെ ചിത്രകാരന്റെ മറ്റൊരു കാര്‍ട്ടൂണ്‍ ലിങ്ക്: ഇന്ത്യ/മഹാത്മാ ഗാന്ധി
ചിത്രകാരന്റെ മുഴുവന്‍ കാര്‍ട്ടൂണുകളും .

Thursday, August 7, 2008

ശബരിമലയിലെ അനീതി

ഇന്നത്തെ (7-8-08) മനോരമ പത്രത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വാര്‍ത്താ ചിത്രമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. (പടത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം)
ഇരുപതോളം പൂണൂല്‍ ധാരികളായ ബ്രാഹ്മണര്‍ തലയില്‍ നെല്‍ക്കതിരുകളുമായി ശബരിമലക്ഷേത്രത്തിന്റെ പതിനെട്ടാം പടി കയറാനാരംഭിക്കുന്ന ചിത്രം !
വളരെ നിരുപദ്രവമായ ഒരു ചിത്രം അല്ലേ ?!
ഏതോ ഭക്തന്മാര്‍ ചുമന്നുകൊണ്ടുവന്ന നെല്‍ക്കതിരുകള്‍ ഏറ്റുവാങ്ങി, ഇന്നേവരെ ഒരു നെല്‍മണിപോലും ഉത്പ്പാദിപ്പിച്ചിട്ടില്ലാത്ത ബ്രാഹ്മണര്‍ തങ്ങളുടെ അവകാശ ചടങ്ങായി നെല്‍ക്കതിരുകള്‍ തലയിലേറ്റി പതിനെട്ടാം പടി ചവിട്ടാനൊരുങ്ങുന്നത് മികച്ച അഭിനയ ചാതുര്യത്തോടെയാണ്.
ചരിത്രത്തിലെ ഇത്തിക്കണ്ണികളായ ബ്രാഹ്മണരെ ഇപ്പോഴും ക്ഷേത്ര ചുമതലകള്‍ ഏല്‍പ്പിച്ച് മാറി നില്‍ക്കുന്ന ജനങ്ങളേയും,സര്‍ക്കാരിനേയും ഷണ്ഡന്മാര്‍ എന്നാണ് ചിത്രകാരന്‍ വിളിക്കുക.
ഒരിക്കല്‍ ബുദ്ധ വിഹാരമായിരുന്ന ശബരിമല ഒരു ഈഴവ കുടുംബത്തിന്റെ പാരംബര്യ സ്വത്തായിരുന്നെന്നും, പിന്നീട് ബ്രാഹ്മണര്‍ മണികണ്ഠ കഥയുണ്ടാക്കി ഐതിഹ്യമായി പ്രചരിപ്പിച്ച് രണ്ടു ഹിന്ദുആണ്‍ ദൈവങ്ങളായ ശിവനും, മഹാവിഷ്ണുവും സ്വവര്‍ഗ്ഗ സംഭോഗം ചെയ്തതില്‍ നിന്നുണ്ടായ പ്രകൃതിവിരുദ്ധ സന്തതിയായി അപമാനിച്ചുകൊണ്ട് ഹിന്ദു മതത്തോട് ചേര്‍ത്ത പ്രതിഷ്ടയാണ് ശബരിമലയിലെ ശാസ്തന്‍ എന്ന ബുദ്ധ പ്രതിമ (അയ്യന്‍,അയ്യപ്പന്‍,ശാസ്തന്‍ എന്നിവയെല്ലാം ബുദ്ധന്റെ പര്യായങ്ങളാണ്).
ബ്രാഹ്മണര്‍ ആദ്യം ശാസ്താവിനെ പന്തളം രാജാവിന്റേ വളര്‍ത്തുമകനാക്കി ശബരിമല ക്ഷേത്രം കൈവശക്കാരനായിരുന്ന ഈഴവകുടുമ്പ്ത്തില്‍ നിന്നും വേര്‍പ്പെടുത്തുന്ന കെട്ടുകഥയാണുണ്ടാക്കിയത്. ആ പുലിപ്പാലു കഥക്ക് രാജഭരണം നാടുനീങ്ങിയ ഇക്കാലത്ത് പ്രസക്തി നഷ്ടപ്പെട്ടതിന്റെ മറപിടിച്ച് ശാസ്താവിന്റെ അച്ഛന്‍ സ്ഥാനം തന്ത്രികുടുംബം സ്വന്തമാക്കിയിരിക്കുകയാണ്.

കേരളത്തിലെ ഏറെക്കുറെ എല്ലാ കാവുകളും,ബുദ്ധ വിഹാരങ്ങളും നശിപ്പിക്കപ്പെട്ട് ബുദ്ധന്റെ പ്രതിമക്കു പകരം ബ്രാഹ്മണന്റെ ശിവലിംഗ പ്രതിഷ്ടകളായി, ... തളി ക്ഷേത്രങ്ങളായപ്പോള്‍ (ശുദ്ധീകരിക്കപ്പെട്ടത്,ബ്രാഹ്മണവല്‍ക്കരിക്കപ്പെട്ടത്) ശബരിമല ശാസ്താവുമാത്രം ജാതി-മത ഭേദമില്ലാതെ എല്ലാ മനുഷ്യരേയും “തത്വമസി“ (ഭക്തനും ശാസ്താവും ഒന്നാണെന്ന്) എന്നഭിവാദ്യം ചെയ്തുകൊണ്ട് ഇത്രയും കാലം ഈ ബ്രാഹ്മണ ഭ്രാന്താലയത്തില്‍ വേറിട്ടു നിന്നത് കൊടും കാടിനു നടുവിലായിരുന്നതുകൊണ്ടു മാത്രമാണ്.

ക്ഷേത്രത്തിലെ പുരോഹിതന്റെ ജോലി ഒരു ജോലി മാത്രമല്ലേ... എന്നു ചിന്തിക്കാനുള്ള കഴിവേ സാധാരണക്കാര്‍ക്കുള്ളു. എന്നാല്‍ , അത് കേവലമൊരു ജോലിയല്ലെന്ന് സാമൂഹ്യ മനശ്ശാസ്ത്രം അറിയുന്നവര്‍ക്ക് അറിവുള്ളതാണ്. പൊതുജനത്തിന്റെ ആരാധനാപാത്രമാകുന്ന ദൈവീക ഇടങ്ങളില്‍ ശരീര ശുദ്ധിക്കും, മന്ത്ര ശുദ്ധിക്കുമുപരി മനശുദ്ധിയും, വര്‍ഗ്ഗരഹിതമായശുദ്ധിയും അനുപേക്ഷീണീയമായ ഘടകങ്ങളാണ്.

ഇപ്പോഴും അയിത്താചാരങ്ങളെ മനസ്സില്‍ താലോലിച്ചു നടക്കുന്ന, പൂണൂലിട്ട് അന്യ മനുഷ്യരില്‍ നിന്നും വിഭിന്നരെന്ന് ദുരഭിമാനം കൊള്ളുന്ന മനുഷ്യരെന്ന് വിളിക്കപ്പെടാന്‍ യോഗ്യതയില്ലാത്തവരേയും, പൂണൂലിട്ടവരെ ശബരിമല പോലുള്ള ക്ഷേത്രങ്ങളില്‍ നിന്നും കുടിയിറക്കേണ്ടത് സമൂഹത്തിന്റെ സംസ്കാരത്തിനും, സമത്വബോധത്തിനും, വളര്‍ച്ചക്കും ഒഴിച്ചുകൂടാനാകാത്തതാണ്.

ശബരിമലയിലെ പൂജാ കര്‍മ്മങ്ങളുടെ ചുമതല ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ പാണന്‍, പറയന്‍, മുക്കുവന്‍, വിളക്കിത്തല നായര്‍,കരുവാന്‍, മൂശാരി, ചക്ലിയന്‍, ചെറുമന്‍ തുടങ്ങിയ ... അധസ്ഥിതര്‍ക്കു മാത്രമായി സംവരണം ചെയ്താല്‍ ജോലി സംവരണത്തിനു വേണ്ടിയും അധസ്ഥിത-ആദിവാസി-പിന്നോക്ക സമൂഹത്തിനു വേണ്ടിയും ചിലവഴിക്കുന്ന കോടികള്‍ കൊണ്ടുണ്ടാകുന്നതിലും വലിയ സാമൂഹ്യ പുരോഗതിയും, ഒരു വിപ്ലവം തന്നെയും അതിലൂടെ സംഭവിക്കുമായിരുന്നു.
കാരണം ജോലിയേക്കാള്‍ വലുതാണ് സമൂഹത്തിലെ സ്ഥാനം. ബ്രാഹ്മണര്‍ ആ സ്ഥാനങ്ങള്‍ വിട്ടുകൊടുക്കാതിരിക്കാന്‍ തൊഴിലാളി പ്രസ്ഥാനങ്ങളിലേക്കടക്കം ഇഴഞ്ഞുകയറുന്നതിന്റെ രഹസ്യവും അതുതന്നെ.
നിലവിലുള്ള ശബരിമല തന്ത്രിക്ക് ഒരു ലക്ഷം രൂപ മാസം ഖജനാവില്‍ നിന്നും ശമ്പളം കൊടുത്താലും കുഴപ്പമില്ല. അയാള്‍ മല കയറി ശാസ്താവിന്റെ അച്ഛനാകാന്‍ വരാതിരുന്നാല്‍ കേരള സമൂഹത്തിന് അപമാനകരമായ ഒരു ബ്രാഹ്മണ പൈതൃകത്തില്‍ നിന്നും രക്ഷപ്പെടാനാകും. ആ രക്ഷപ്പെടല്‍ സമൂഹത്തിന്റെ ആത്മാഭിമാനം വളര്‍ത്തുന്ന നല്ലൊരു തുടക്കമായേനേ.
ഗുരുവായൂരിലേയും, മറ്റു ക്ഷേത്രങ്ങളിലേയും തന്ത്രിമാരേയും ക്ഷേത്രത്തില്‍ നിന്നും പുറത്താക്കാനായാല്‍ മാത്രമേ കേരളം ജാതി ഭ്രാന്തില്‍ നിന്നും, ബ്രാഹ്മണന്റെ ഭ്രാന്താലയത്തില്‍ നിന്നും പുറത്തുകടക്കു എന്ന് ചിത്രകാരന്‍ മനസ്സിലാക്കുന്നു.

Wednesday, August 6, 2008

ആത്മീയത ലൈംഗീകതയാകുമ്പോള്‍ !

ഒരുപാമ്പിനേയും, ബ്രാഹ്മണനേയും ഒരുമിച്ചു കണ്ടാല്‍ ആദ്യം തല്ലിക്കൊല്ലേണ്ടത് ബ്രാഹ്മണനെയാണെന്നു പറഞ്ഞത് ചിത്രകാരനല്ല. അത് മലയാളത്തിലെ ഒരു പഴമൊഴിയാണ്.
പാമ്പ് രക്ഷപ്പെടാന്‍ വഴിയില്ലാതായാല്‍ മനുഷ്യനെ കടിക്കും. എങ്കിലും രക്ഷപ്പെടാന്‍ വഴിയുണ്ട്. സമയത്തു ചികിത്സ ലഭിച്ചാല്‍ ജീവന്‍ രക്ഷപ്പെടാനും സാധ്യതയുണ്ട്.
എന്നാല്‍ ബ്രാഹ്മണ്യത്തിന്റെ വര്‍ഗ്ഗീയ വിഷം പേറുന്നയാള്‍ ഒരു സമൂഹത്തെ തന്നെ നിര്‍ജ്ജീവമാക്കി ജനങ്ങളുടെ സംബത്തും, ആത്മാഭിമാനവും കൊള്ളയടിക്കുന്ന കുടില ബുദ്ധിയാണ്. മനുഷ്യനെ മയക്കിക്കിടത്തി കൊള്ളയടിക്കുക, മനുഷ്യന് മൃഗസമാനമായ ആത്മാഭിമാനം നല്‍കി(നായ,വാനരന്‍) സമൂഹത്തെ സാംസ്കാരികമായി വര്‍ഗ്ഗീകരിച്ച് വിഷത്തിന്റെ ചാലുകള്‍ നിര്‍മ്മിച്ച് സമൂഹത്തെ തന്റെ വരുതിയിലാക്കുക തുടങ്ങിയ പ്രവര്‍ത്തികളില്‍ കുറഞ്ഞ പരിപാടിയൊന്നും മനുഷ്യത്വം തൊട്ടു തീണ്ടാത്ത ബ്രാഹ്മണ്യത്തിനില്ല. ഇന്ത്യയുടെ രണ്ടായിരം വര്‍ഷക്കാലത്തെ ചരിത്രം ഇതിനു സാക്ഷിയാണ്.
ഇന്നും അതു തുടരുന്നു എന്നതിനാല്‍ ... നാം അപകടത്തില്‍ നിന്നും മുക്തരല്ല.

ബ്രാഹ്മണ ഹിന്ദുമതത്തിന്റെ ആത്മീയത ലൈംഗീകത മാത്രമാണ്. ലൈഗീകതയെ ഒരു പൂജാപുഷ്പ്പമായി ഭഗവാനില്‍ അര്‍പ്പിക്കാനുള്ള ഉപജാപങ്ങള്‍ നമ്മുടെ വേദപുസ്തകങ്ങളില്‍ എഴുതിച്ചേര്‍ത്ത് വ്യഭിചാരം ഒരു വ്യവസായമായി വളര്‍ത്തി, അതില്‍നിന്നും വളര്‍ത്തുപട്ടികളെപ്പോലെ ആത്മാഭിമാനമില്ലാത്ത തലമുറയെ വളര്‍ത്തിയെടുത്ത് അതിലൂടെ തങ്ങളുടെ നികൃഷ്ട പ്രവര്‍ത്തിക്കു നീതീകരണവും,സംരക്ഷണവും ആര്‍ജ്ജിക്കുന്ന ആ കുടിലത മനുഷ്യത്വമുള്ളവര്‍ക്കൊന്നും സാധിക്കുന്ന കാര്യമല്ല.
ഇന്ത്യക്കാരന്റെ ഇന്നത്തെ എല്ലാ കഷ്ടപ്പാടുകള്‍ക്കും കാരണക്കാരായ ബ്രാഹ്മണ്യം എത്ര മൃദു ഭാഷികളായാലും സമൂഹത്തില്‍ തങ്ങള്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും, അത് കൂടുതല്‍ വ്യാപകമാക്കുന്നതിലും അതീവ ശ്രദ്ധാലുക്കളാണ്. ബ്രാഹ്മണ്യം ഇന്ത്യക്കാരനില്‍ നിന്നും തട്ടിയെടുത്ത ആത്മാഭിമാനം നമ്മേ കാര്യങ്ങള്‍ വസ്തുതാപരമായി മനസ്സിലാക്കാനുള്ള കഴിവുകൂടി നഷ്ടപ്പെടുത്തിയിരിക്കുന്നു. ബ്രാഹ്മണന്റെ അടിമത്വ വ്യവസ്ഥിതിയിലെ ന്യായം തന്നെയാണ് നമുക്ക് ഇപ്പോഴും ന്യായമായി തോന്നുന്നത്. ജനാധിപത്യത്തിലേക്ക് നമ്മുടെ ശരീരം ഉയര്‍ന്നെങ്കിലും, മനസ്സ് ഇപ്പോഴും ബ്രാഹ്മണ്യം നല്‍കിയ അപകര്‍ഷതയുടെ മുഖമ്മൂടി അണിഞ്ഞ ദുരഭിമാനങ്ങളിലാണ് സ്ഥിതിചെയ്യുന്നത്.

സത്യത്തില്‍ പുരോഗമന പ്രസ്ഥാനങ്ങളിലൂടെ നമ്മുടെ മനസ്സുകള്‍ മോചിപ്പിക്കപ്പേടേണ്ടതായിരുന്നു. എന്നാല്‍ , ജന്മിത്വത്തിനും ജാതീയതക്കുമെതിരെ ഉയര്‍ന്നു വന്ന ആ മോചന സ്വപ്നത്തെ ബ്രാഹ്മണ്യം മുതലാളിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെയുള്ള വര്‍ഗ്ഗസമരമായി പരിഭാഷപ്പെടുത്തി നമ്മുടെ നാടിന്റെ പ്രശ്നത്തെ ആഗോളവത്ക്കരിച്ച് യൂറോപ്പിലേക്കും, റഷ്യയിലേക്കും പറിച്ചു നട്ടു. അയല്‍പ്പക്കത്തെ ജന്മിയും, ജാതിക്കോമരവും മുതലാളിത്തത്തിനും, സാമ്രാജ്യത്വത്തിനുമെതിരായ സമരത്തില്‍ നമ്മുടെ നേതാക്കളായി അവതരിച്ചു. മഹാവിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരം ! അങ്ങിനെ പുരോഗമന പ്രസ്ഥാനങ്ങളെ ബ്രാഹ്മണ്യം ഹൈ ജാക്കു ചെയ്തു. ബ്രാഹ്മണ്യം തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കെതിരെയുള്ള എല്ലാ ചിന്തകളേയും മുളയിലേ നുള്ളാനായി ,... മുലയൂട്ടി കൊല്ലാനായി ഒരു പൂതനയായി എന്നും സമൂഹത്തില്‍ സജീവമായി നില്‍ക്കുന്നു.
ഈ സത്യങ്ങള്‍ തുറന്നു വിശകലനം ചെയ്ത്, ബ്രാഹ്മണ്യത്തെ മാനവിക തലത്തിലേക്ക് കൊണ്ടുവരാത്തപക്ഷം, നമ്മുടെ സമൂഹത്തെ ബാധിച്ച അതി സംങ്കീര്‍ണ്ണമായ രോഗമായി ബ്രാഹ്മണ്യം നിലനില്‍ക്കും. നമ്മുടെ ക്ഷേത്രങ്ങളില്‍ നിന്നും കുടിയിറക്കപ്പേടേണ്ട ബ്രാഹ്മണ്യവും, ആചാരങ്ങളും നമ്മേ വീണ്ടും മയക്കുമ്പോള്‍ .... ജനങ്ങള്‍ ഉണരേണ്ടിയിരിക്കുന്നു എന്ന് ചിത്രകാരന്‍ ആഗ്രഹിച്ചുപോകുന്നതാണ്.

ഒരു ജനാധിപത്യ രാജ്യത്തില്‍ എല്ലാവരും മനുഷ്യരാകേണ്ടിയിരിക്കുന്നു.പാരംബര്യത്തിന്റെ വീമ്പടിച്ചു നടക്കുന്നവരെ സമൂഹം അവ്ജ്ഞയോടെ നോക്കെണ്ടിയിരിക്കുന്നു.

Tuesday, July 22, 2008

ജാതിയുടെ മര്‍മ്മം- സവര്‍ണ്ണാഭിമാനം!


ഇന്നു പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ (2008ജൂലായ് 27ലക്കം)വായനക്കാരുടെ കത്തുകളുടെ കൂട്ടത്തില്‍ ശാസ്ത്രീറ്യമായി ജാതിയതയെ വിശകലനം ചെയ്യുന്ന ഒരു കത്തു കണ്ടു. ഡോ.പി.കെ.സുകുമാരന്‍ എഴുതിയ ആ കത്തിന്റെ സ്കാന്‍ ചെയ്ത കോപ്പി ഇവിടെ ചേര്‍ക്കുന്നു.

സര്‍പ്പയജ്ഞം

കുട്ടിക്കാലത്ത്..
മുള്ളുവേലികളിലും,മരക്കുറ്റികളിലും,
ഉറയഴിച്ചുവച്ച് പാമ്പുകള്‍
ഭയപ്പെടുത്തിയിരുന്നു.

വെളുത്തു നരച്ച പാമ്പുറക്ക്
ഒരു പ്രേതത്തിന്റെ രൂപമുണ്ടായിരുന്നു.
ഒരു ഞെട്ടലിന്റെ തരിപ്പുണ്ടായിരുന്നു.
കാല്‍പ്പാദത്തില്‍നിന്നും...
പിടലിയിലേക്ക് ഒരു കൊള്ളിയാനായി
ആഞ്ഞു കൊത്തുന്ന ഭയം
നാവിലെ പുളിപ്പായി...
ദേഹാസകലം വിയര്‍പ്പായി..
മരണത്തിന്റെ പടിപ്പുര കാണിക്കുമായിരുന്നു.

ഇന്ന്..
ആലിന്റെ വേടുപോലെ..
കൂട്ടമായൊഴുകുന്ന
പാംബുകളെ കണ്ട്
ഞാന്‍ ഞെട്ടിക്കൊണ്ടിരിക്കുന്നു.
തറയിലും,ആകാശത്തും,
വായുവിലും,ഉറക്കത്തിലും,
സ്വപ്നങ്ങളിലുംവരെ
പാമ്പുകള്‍ നിറഞ്ഞു കവിഞ്ഞിഴയുന്നു.

ഈ ചിന്തകളെല്ലാം
പാംബുകളാണെന്ന് ..
ജീവിതം സര്‍പ്പയജ്ഞമാണെന്ന്..
അറിയാത്ത ബാല്യത്തെയോര്‍ത്ത്
കളിയാക്കി ചിരിക്കാം !!!

Wednesday, July 16, 2008

ദേവകി നിലയങ്ങോടിന്റെ “എച്ചില്‍“

മാതൃഭൂമിയിലെ ഒരു കുറിപ്പ് - 5-7-08 (മുകളില്‍). ദേവകി നിലയങ്ങോടിന്റെ എച്ചില്‍ എന്ന ലേഖനം ഉള്‍ക്കൊള്ളുന്ന യാത്ര കാട്ടിലും,നാട്ടിലും എന്ന വായിക്കപ്പെടേണ്ട പുസ്തകത്തിന്റെ കവര്‍ചിത്രം താഴെ:
ദേവകി നിലയങ്ങോടിന്റെ “യാത്ര കാട്ടിലും നാട്ടിലും”എന്ന ആത്മകഥാപരമായ കൃതി ചിത്രകാരന്‍ കുറേ മാസങ്ങള്‍ക്കുമുന്‍പേ വായിച്ചിരുന്നു. സാധാരണ ചിമ്മിനി വിളക്കോ, മെഴുകുതിരി നാളമോ ആയി സമൂഹത്തിന്റെ പൊതു നിരപ്പില്‍ കഴിഞ്ഞുകൂടുന്ന സാധാരണ ജനത്തില്‍നിന്നും വിഭിന്നമായി ചിലര്‍ പ്രകാശ ഗോപുരങ്ങളും, ഊര്‍ജ്ജ്യ സ്രോതസ്സുകളുമായിത്തീരുന്നത് സത്യത്തെ സാക്ഷാത്ക്കരിക്കുന്നതില്‍ അവര്‍ കാണിക്കുന്ന മനശുദ്ധിയും, അതു നല്‍കുന്ന ദൈ‌ര്യവും കാരണമാണ്. ഒറ്റക്കൊറ്റക്കുള്ള കുടുസു മുറികളില്‍ കാലയാപനം നടത്തുന്ന ജനങ്ങള്‍ക്ക് തങ്ങളുടെ ഇടുങ്ങിയ വിശ്വാസത്തിന്റെ അരണ്ട വെളിച്ചം തന്നെ തങ്ങളുടെ കുടുസ്സു മുറിയുടെ ചക്രവാളം വരെ പരന്നുകിടക്കുന്നതിനാല്‍ ദുരഭിമാനപൂര്‍വ്വം ജീവിതം ജീവിച്ചു തീര്‍ക്കാവുന്നതാണ്.

എന്നാല്‍, സമൂഹത്തെ മൊത്തം പ്രകാശത്തിലാഴ്ത്താന്‍ സത്യത്തെ ഹൃദയത്തിലണിയാന്‍ തക്ക ശക്തിയും, തന്റേടവും,ശുദ്ധിയുമുള്ള മനുഷ്യര്‍ തന്നെ വേണം. അത്തരമൊരു മഹതിയാണ് ദേവകി നിലയങ്ങോട്. ബുദ്ധമതത്തിന്റെ ഉറങ്ങിപ്പോയ നന്മ ആ അമ്മയിലൂടെ കേരളത്തിന്റെ സാമൂഹ്യ ചക്രവാളത്തിലേക്ക് കെട്ടഴിച്ചുവിടുന്നു... അവരുടെ ഓര്‍മ്മക്കുറിപ്പുകളിലൂടെ.

ഇതിപ്പോള്‍ എഴുതാന്‍ കാരണം, ജുലായ് 5 നു പുറത്തിറങ്ങിയ മാതൃഭൂമി പത്രത്തില്‍ “എച്ചില്‍” എന്ന പേരില്‍ ഒരു ലേഖനം കണ്ടതുകൊണ്ടാണ്. എച്ചില്‍ എന്ന ലേഖനത്തിന്റെ കുറച്ചു ഭാഗങ്ങള്‍ ഏഴാം ക്ലാസ്സിലെ സാമൂഹ്യ പാഠപുസ്തകത്തില്‍ ഉദ്ദരിച്ചിട്ടുണ്ട് എന്നതത്രേ സത്യത്തില്‍ മതമില്ലാത്ത ജീവനെക്കുറിച്ച് വിവാദം കുത്തിപ്പൊക്കി പുസ്തകത്തെ നിരോധിക്കാന്‍ നടക്കുന്നവരുടെ വിഭ്രാന്തിക്കു കാരണം. കേരളത്തില്‍ സവര്‍ണ്ണരെന്ന് ദുരഭിമാനിച്ചു നടക്കുന്നവരുടെ ചരിത്രം 60 കൊല്ലം മുന്‍പുവരെയുള്ള എച്ചിലിലകളില്‍ നിന്നുമാണ് ഉയര്‍ന്നു വന്നതെന്ന സത്യം അവരുടെ ജാത്യാഭിമാനത്തിനു ഇടിവുണ്ടാക്കുമെന്ന് അറിവുള്ള ജാതിക്കോമരങ്ങള്‍ കൃസ്ത്യന്‍ പാതിരിമാരേയും,മുസ്ലീം വര്‍ഗ്ഗീയ പാര്‍ട്ടിയേയും,സവര്‍ണ്ണ കോണ്‍ഗ്രസ്സ് പാര്‍ട്ടിയേയും തെരുവിലിറക്കി മതമില്ലാത്ത ജീവനെതിരെ ഒളിയുദ്ധം ചെയ്യിക്കുകയായിരുന്നത്രേ ! പാവം മതമില്ലാത്ത ജീവന്‍.!!
ദേവകി നിലയങ്ങോടിന്റെ എച്ചിലിലയിലേക്ക് ശ്രദ്ധവീഴാതെ, മതമില്ലാത്ത ജീവന്റെ ചെവിക്കു പിടിച്ച് ഏഴാം ക്ലാസ്സ് പാഠ പുസ്തകമൊന്നു നശിപ്പിച്ചു കിട്ടണം... ജാതി നേതാവായ പണിക്കര്‍ക്ക് !!!

Saturday, July 12, 2008

സൌന്ദര്യ ചരക്കു മത്സരം !


പണ്ടു പണ്ട് ... അതായത് ഒരു എണ്ണൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തെ ബുദ്ധമതത്തിന്റെ മാവേലി ഭരണത്തില്‍ നിന്നും മോചിപ്പിച്ച് സാക്ഷാല്‍ വാമനന്‍(കുള്ളന്‍)മഹാവിഷ്ണുവിന്റെ ഹൈന്ദവ ഭരണം കൊണ്ടുവരുന്നതിനായി ബ്രാഹ്മണ്യം നമ്മുടെ പുലയ സ്ത്രീകളെ ശൂദ്രസ്ത്രീകളാക്കി പരിവര്‍ത്തനം ചെയ്യുന്ന കാലത്തിങ്കല്‍ ... നല്ല അടിപൊളി സാഹിത്യകൃതികള്‍ സംസ്കൃതത്തിലും, മണിപ്രവാളം മലയാളത്തിലുമൊക്കെ രചിച്ചുകൂട്ടിയിട്ടുണ്ട്.

അതില്‍ പ്രധാനപ്പെട്ട ഒന്നത്രേ “വൈശിക തന്ത്രം” !! എങ്ങിനെ നല്ലൊരു വേശ്യയാകാം. എങ്ങിനെ പുരുഷന്റെ ദൌര്‍ബല്യങ്ങള്‍ ചൂഷണം ചെയ്യാം ? ...എന്നിങ്ങനെ വേശ്യാവൃത്തിയുടെ മഹത്വവല്‍ക്കരണത്തെയും, പ്രചാരത്തേയും ഉദ്ദേശിച്ച് രചിക്കപ്പെട്ടതായിരുന്നു “വൈശിക തന്ത്രം“ .
(കേരളത്തിലെ പ്രമുഖ വേശ്യകളുടെ കൊട്ടാരങ്ങളിലേക്കുള്ള വഴി പറഞ്ഞുകൊടുക്കുന്ന സന്ദേശ കാവ്യങ്ങളും അക്കാലത്തെ മഹത്തായ സാഹിത്യ സൃഷ്ടികളത്രേ!സാഹിത്യ പ്രസ്ഥാനമെന്ന് പറയുന്നതാകും കൂടുതല്‍ ശരി. )
നന്മനിറഞ്ഞിരുന്ന മാവേലി രാജ്യമായിരുന്ന നമ്മുടെ സമൂഹത്തെ മൂല്യബോധത്തിന്റെ താളം തെറ്റിച്ച് അധീനതയിലാക്കാനുള്ള ബ്രാഹ്മണ്യത്തിന്റെ കുടില തന്ത്രങ്ങളായിരുന്നു വൈശിക തന്ത്രത്തിന്റെ മുഖ്യ ലക്ഷ്യം. വൈശിക തന്ത്രം എന്ന കൃതിക്കു പുറമേ വേശ്യാവൃത്തിയുടെ പരിശീലന കളരികളായി പ്രായം ചെന്ന പ്രമുഖ ആണ്‍-പെണ്‍വേശ്യകള്‍ പരിശീലകരായുള്ള കോച്ചിങ്ങ് സെന്ററുകളും,കൊട്ടാരങ്ങളും അക്കാലത്ത് ഹിന്ദു മത പ്രചാരകര്‍ കേരളത്തില്‍ സ‌മൃദ്ധമായി നടത്തിയിരുന്നു. പൊലിപ്പിക്കപ്പെടുക,അഥവ പൊലിയാടുക(കന്യകയെ ദൈവത്തിനു സമര്‍പ്പിക്കുന്ന ചടങ്ങ്.) എന്ന ചടങ്ങ് ആഘോഷമായി ബ്രാഹ്മണ്യം തങ്ങളുടെ കുടുക്കില്‍ വീണ ജനങ്ങളെക്കൊണ്ട് അന്ന് ചെയ്യിച്ചിരുന്നു.വീട്ടിലും,നാട്ടിലും,സമൂഹത്തിലും മൂല്യച്യുതിയുണ്ടാക്കി ദേവസ്വവും, ബ്രഹ്മസ്വവുമായി പ്രഖ്യാപിച്ച് ജനങ്ങളുടെ സ്വത്തും അധികാര അവകാശങ്ങളും തട്ടിയെടുക്കുക എന്ന കുടില ലക്ഷ്യത്തെ അന്ന് നമുക്ക് തിരിച്ചറിയാനോ പ്രതിരോധിക്കാനോ ആയില്ലെന്നത് കേരളത്തെ ഭ്രാന്താലയമാക്കന്‍ കാരണമാക്കിയ ചരിത്രമാണ്.

എന്നാല്‍ , ഇക്കാലത്തും അതേ ചരിത്രം ആവര്‍ത്തിക്കപ്പെടുംബോള്‍ നാം തിരിച്ചറിവില്ലാത്ത സമൂഹമായി തുടരുന്നത് ആത്മഹത്യാപരമാണെന്ന് ചിത്രകാരന്‍ ഓര്‍മ്മിപ്പിക്കുന്നു.

കംബോള സംസ്ക്കാരവും ആഗോളീകരണവും നല്‍കുന്ന വികസന പാതയിലൂടെ ആദ്യം നമ്മുടെ വീട്ടു വാതില്‍ക്കലും, സ്വീകരണ മുറിയിലും എത്തിച്ചേരുന്നത് ലോകത്തിലെ ഏറ്റവും കുടില ബുദ്ധികളായ കച്ചവടക്കാരുടെ ഹൃദ്യമായ സന്ദേശങ്ങളോ ആശയങ്ങളോ തന്നെയായിരിക്കും.
ലോക സുന്ദരിപട്ടങ്ങള്‍ കംബോളം നമുക്കു മുന്നിലേക്ക് ഇട്ടുതരുന്ന ഒരു ഇരയാണ്. ആ ഇരയില്‍ നൊട്ടിനുണഞ്ഞ് ആഘോഷിക്കുംബോള്‍ നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ മനസ്സിന്റെ താക്കോലും, ബോധത്തിന്റെ കടിഞ്ഞാണുമാണ്.
കബളിപ്പിക്കാന്‍ എളുപ്പമാണെന്നതിനാല്‍ ഇത്തരം ആഘോഷങ്ങള്‍ നമ്മുടെ സ്ത്രീ മനസ്സുകളെയാണ് ഉന്നംവക്കുന്നതും പിടിച്ചടക്കുന്നതും. വീട്ടിലെ സ്ത്രീയെ വരുതിയിലാക്കിക്കഴിഞ്ഞാല്‍ പുരുഷനെ കാവല്‍ പട്ടിയുടെ സ്ഥാനത്തേക്ക് മാറ്റിനിര്‍ത്താമെന്ന് ബിസിനസ്സ് വിദഗ്ദന്മാര്‍ക്കറിയാം. ഇതിനായി നമ്മുടെ പത്ര-ദൃശ്യമാധ്യമങ്ങളേയും,സ്ത്രീ പ്രസിദ്ധീകരണങ്ങളേയുമാണ് കംബോളം വാടകക്കെടുക്കുന്നത്.

സ്ത്രീയെ കച്ചവടക്കാരനു വിലയിടാവുന്ന ശരീരമായി,ഒരു പ്രദര്‍ശന വസ്തുവായി,സുഖഭോഗത്തിന്റെ ഒരിനമായി ചുരുക്കിയെടുക്കുക എന്നതാണ് ഒരു സമൂഹത്തെ മൊത്തമായി കൈക്കുള്ളിലാക്കാനുള്ള എളുപ്പവഴി. ഇങ്ങനെ ഇവരുടെ കൈക്കുള്ളിലാകുന്ന സ്ത്രീ ഒരു ചരക്കായി മാറുന്നു. കശുവണ്ടി തരം തിരിക്കുന്നതുപോലെ ശരീര ഭാഗങ്ങളുടെ വലിപ്പമനുസരിച്ചും,ആകൃതിയനുസരിച്ചും, നിറമനുസരിച്ചും, ഉപയോഗിക്കുംബോളുള്ള രുചിയനുസരിച്ചും സ്ഥാന നിര്‍ണ്ണയം ചെയ്യപ്പെടുന്ന(തരം തിരിക്കപ്പെടുന്ന) ഈ ചരക്കുകള്‍ക്ക് വന്‍ സമ്മാനങ്ങളും, ആഡംഭര ജീവിതവും നല്‍കി പൊലിപ്പിച്ചെടുക്കുക എന്നതാണ് ഇവരുടെ രീതി. ഒരു വര്‍ഷത്തേക്കെങ്കിലും ഈ ചരക്കുകളുടെ സര്‍വ്വ നിയന്ത്രണാവകാശവും ചരക്കു മത്സരം സംഘടിപ്പിക്കുന്ന സംഘാടകര്‍ക്കായിരിക്കും. ആ കാലയളവില്‍ ഉടുക്കുന്ന തുണിയും, ഉപയോഗിക്കുന്ന പേസ്റ്റും, പൌഡറും,ഷഢിയും,ഭക്ഷണവും, അഭിമുഖം ചെയ്യുന്ന ആളും, കിടക്കുന്ന മെത്തയും,സര്‍വ്വോപരി ഈ ചരക്കുകളുടെ ചിന്തയും... നിയന്ത്രിക്കാനും എല്ലാം നിശ്ചയിക്കാനുമുള്ള കുത്തകാവകാശം സംഘാടകര്‍ക്കായിരിക്കും.മാന്യത നല്‍കുന്ന ഘടകം ഇവര്‍ക്കു ലഭിക്കുന്ന പ്രതിഫലത്തിന്റെ വലിപ്പവും,വിലകൊടുത്തുവാങ്ങുന്ന പ്രശസ്തിയും മാത്രമാണ്. സ്ത്രീ ശരീരത്തിന്റെ വില ഇങ്ങനെ ലക്ഷങ്ങളും , കോടികളുമാണെന്നാകുംബോള്‍ സമൂഹം ആ സംസ്കാരത്തിലേക്ക് ഒന്നിച്ച് ആകര്‍ഷിക്കപ്പെടുകയായി. സത്യത്തില്‍ ഇത്രയൊക്കെ വിലയുണ്ടായിരുന്ന ചരുക്കുകളേയായിരുന്നു ഇത്രകാലം നയാപൈസ പ്രതിഫലം നല്‍കാതെ നമ്മുടെ നാടന്‍ ഭര്‍ത്താക്കന്മാര്‍ കഴുതകളെപ്പോലെ ചുമടെടുപ്പിക്കുകയും, സൌന്ദര്യത്തെക്കുറിച്ച് ഒരു ഭംഗിവാക്കുപോലും പറയാതെ,അംഗീകരിക്കാതെ പീഢിപ്പിക്കുകയും ചെയ്തിരുന്നത് എന്നോര്‍ക്കുംബോള്‍ ഏതു സ്ത്രീപക്ഷക്കാരിക്കു മാത്രമല്ല വര്‍ഗ്ഗീയ ശ്പര്‍ശമേല്‍ക്കാത്ത നന്മനിറഞ്ഞ കുടുംബസ്നേഹമുള്ള സ്ത്രീക്കുപോലും സ്വന്തം കുടുംബമെങ്കിലും കുളംകോരാനുള്ള പ്രചോദനം ലഭിക്കും. ഇങ്ങനെ തകര്‍ക്കപ്പെടുന്ന കുടുംബങ്ങളിലേക്ക് വിപണിക്ക് ഇരച്ചുകയറാനാകുന്നു എന്നതാണ് സൌന്ദര്യ ചരക്കുമത്സരത്തിന്റെ നേട്ടം.
(ഈ വിഷയത്തില്‍ അടുക്കും ചിട്ടയോടെ ഒരു പോസ്റ്റിടണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും, വ്യക്തിപരമായ തിരക്കുകള്‍ അനുവദിക്കാത്തതിനാല്‍ വ്യസനിക്കുന്നു. ഇതുതന്നെ ഒരു വെപ്രാളത്തില്‍ ചെയ്യാനായതില്‍ ആശ്വാസം !!!)

Friday, July 11, 2008

വെളിച്ചത്തിന്റെ സ്നേഹം

ദൈവം നാണം മറക്കാന്‍
ഒരു തുണിത്തുണ്ടിനായി
വെറുതെ യാചിക്കുന്നു.
വെളിച്ചം ചോദിച്ചു:
ഞാന്‍ കുറച്ച് ഇരുട്ട് തരട്ടേ ?
...നാണം മറക്കാന്‍ !
വെളിച്ചം ദൂരേക്കു നടന്നു.
ദൈവത്തെ സ്നേഹിക്കരുതായിരുന്നു.
സ്നേഹം ദുഖമാണല്ലോ !
(18-12-06 ന് ചിത്രകാരന്റെ ബ്ലോഗിലിട്ടത്.)

Thursday, June 26, 2008

എ.എസ്സ് എന്ന അസാമാന്യ ചിത്രകാരന്‍

എ.എസ്സ്. നായരായിരുന്നു ചിത്രകാരനെ സംബന്ധിച്ച് മാത്രുഭൂമി. വായനയേക്കാള്‍ കൂടുതല്‍ കാഴ്ച്ചയിലൂടെ ആസ്വാദനം നടത്തി ശീലിച്ച ചിത്രകാരന് മാത്രുഭൂമി വീക്കിലിയിലെ എ.എസ്സിന്റെ രേഖാചിത്രങ്ങള്‍ അത്രക്കു തലക്കുപിടിച്ചിരുന്നു. എ.എസ്സിന്റെ ഒരോ സ്റ്റ്രോക്കുകള്‍ക്കും കനത്ത ആഴവും, പിഴക്കാത്ത ,കര്‍ക്കശമായ ധര്‍മ്മവുമുണ്ടായിരുന്നു. പിക്കാസുകൊണ്ട് ഹാന്‍ഡ്‌മെയ്ഡ് പേപ്പറില്‍ കറുത്ത മഷിമുക്കി കൊത്തി വരയുന്നതുപോലെ ഒരു പ്രതിഷേധത്തിന്റെ യുദ്ധം തന്നെ എ.എസ്സിന്റെ ഇലസ്റ്റ്രേഷനുകളില്‍ ഉണ്ടായിരുന്നു. ഒരു കലാകാരന്‍ അത്രക്ക് ശക്തമായി ,കര്‍ക്കശമായി പേപ്പറിനോട് കലഹിക്കുന്ന ഭാവത്തോടെ രചന നടത്തണമെങ്കില്‍ ആ ക്രിയാത്മക മനസ്സിനകത്തെ അനുഭവങ്ങളുടെ മര്‍ദ്ദം എന്തായിരിക്കും !
അനുഭവങ്ങളുടെ ഒരു നിശബ്ദമായ കടലായിരുന്നു. എ.എസ്സ്.
ആ അനുഭവത്തിന്റെ കടലിനെ വളരെ ഹൃദയസ്പര്‍ശിയായി മാത്രുഭൂമി ചീഫ് ആര്‍ട്ടിസ്റ്റായിരുന്ന ജെ.ആര്‍.പ്രസാദ് എന്ന പ്രസാദേട്ടന്‍ ഈ ആഴ്ച്ചത്തെ വീക്കിലിയില്‍ ഓര്‍മ്മിക്കുന്നു. പ്രസാദേട്ടനു നന്ദി.
എ.എസ്സിന്റെ മരണശേഷം വന്ന വാര്‍ത്താ ചിത്രം നോക്കി ചിത്രകാരന്‍ വരച്ച ചാര്‍ക്കോള്‍ ഡ്രോയിങ്ങാണ് (1988) ഇതോടൊപ്പം നല്‍കിയിരിക്കുന്നത്.