Sunday, August 30, 2009
പുരോഗതിയുടെ ഗതികേട് !!!
പുരോഗതിയെ മുന്നോട്ടു നടത്താനായാണ് നമ്മുടെ സര്‍ക്കാരും,സാംസ്ക്കാരിക പ്രവര്‍ത്തകരും,
വ്യവസായ-വാണിജ്യ പ്രമുഖരും,പത്ര മാധ്യമങ്ങളും എല്ലാം യത്നിക്കുന്നതത്രേ !
പക്ഷേ,എത്രമാത്രം പുരോഗതിയെ മുന്നോട്ടു നയിക്കുന്നോ അത്രയും അധോഗതിയാണ് ഫലം.
പറയാതെ തന്നെ പുരോഗമനം നടത്തുന്നവരെയാണ് (സ്വന്തം താല്‍പ്പര്യങ്ങളാല്‍)പൊതു ഭരണം പുരോഗമിപ്പിക്കാന്‍ പ്രചോദിപ്പിക്കുക.
ഫലം, അവന്‍ പുരോഗമിച്ച് അങ്ങ് അമേരിക്കയിലെത്തും.പിന്നെ തന്തപോലും വേണ്ട പാവത്തിന് !പുതു അമേരിക്കക്കാരന്‍ !!
നമ്മള്‍(ഇന്ത്യ) വിണ്ടും അധോഗതിയില്‍.
പ്രശ്നം ലളിതമാണ്.
പുരോഗതിക്ക് മുന്നോട്ടു മാത്രമേ നടക്കാനാകു എന്നത് സര്‍വ്വസത്യമാണ്.
ഏറ്റവും പിന്നിലുള്ളവനെ പുരോഗതിയിലേക്ക് നയിക്കുംബോള്‍ മാത്രമേ സമൂഹം ഒന്നടങ്കം മുന്നോട്ട് ചലിക്കുകയുള്ളു.
വെള്ളം ചൂടാക്കുന്നതുപോലെയാണ് പുരോഗതിയുടെ കാര്യം. ഉപരിതലം ചൂടാക്കിയാല്‍ താഴെ തണുത്തവെള്ളം തണുത്തുതന്നെ കിടക്കും.ചൂടായ വെള്ളം തണുത്ത അടിത്തട്ടിലേക്ക് പോകാന്‍ ഒരിക്കലും കൂട്ടക്കില്ല.അതിന് ആകാശത്തേക്ക് നീരാവിയായി പറക്കാനേ മോഹം കാണു.
പുരോഗതിയിലേക്ക് സമൂഹത്തെ നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൈവരിക്കാനാകാത്ത ദിശാബോധമാണ്
അധോഗതിയില്‍ കിടക്കുന്ന ഏതു സമൂഹത്തിന്റേയും ശാപം.
പുരോഗതിയെ സമൂഹത്തിന്റെ ഏറ്റവും പിന്നില്‍ മാത്രം ഘടിപ്പിക്കുക.
ഇന്ത്യ മുഴുവന്‍ നമ്മോടൊപ്പം പുരോഗതിയിലേക്ക് സഞ്ചരിക്കും.
വിഭാഗീയമായി നടുക്കോ ഇടക്കോ പുരോഗതിയെ ഘടിപ്പിച്ചാല്‍ സമൂഹം തുണ്ടം തുണ്ടമാകും.
ചിത്രകാരന്റെ ഇന്നത്തെ ചിന്തഫലം ബൂലോകത്തെ ഏല്‍പ്പിക്കുന്നു.
ഇനി ചിത്രകാരന്‍ ദിശാബോധം നല്‍കിയില്ലെന്നു പറയരുതല്ലോ !
Thursday, August 27, 2009
ബ്ലോഗിലെ ഭീരുക്കള്‍...സംശയ രോഗികള്‍...
2) സംശയത്തിന്റെ ത്രിമാനരൂപം
3) ഇരുട്ടുകൊണ്ടു വരക്കുന്ന ചിത്രങ്ങള്
4) ബ്ലോഗിലെ പോത്തുകള്
ഒളിഞ്ഞിരുന്നും,അകന്നിരുന്നും ഇസ്തിരിചുളിയാതെ ശ്രദ്ധേയരാകാം എന്ന സൌകര്യം ബ്ലോഗിന്റെ പ്രത്യേകതയാണ്.ഇങ്ങനെ ബ്ലോഗ് എഴുത്തുകാര്‍ ബ്ലോഗ് എന്ന മാധ്യമ ക്യാന്‍വാസില്‍ സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ ബ്ലോഗര്‍മാര്‍ക്കിടയില്‍ തന്നെ സ്ഥലജല ഭ്രമമുണ്ടാക്കുന്നതും ഏതാണ്ട് മനോരോഗത്തോടടുത്ത ദുര്‍വാശിക്കും സംശയരോഗത്തിനും അടിപ്പെടുന്നതുമാണെന്ന് ബ്ലോഗില്‍ സ്ഥിരവായന നടത്തുന്നവര്‍ക്ക് കാണാനാകുന്നു. ആരോപണങ്ങളും,പ്രത്യാരോപണങ്ങളും,സംഘം ചേര്‍ന്ന അനോണി ആക്രമണങ്ങളും,തെറിവിളിയും,അന്യബ്ലോഗര്‍മാരുടെ വ്യാജവേഷംകെട്ടലും,ബ്ലോഗര്‍മാരുടെ ഐപി.പിടിക്കലും,ജോലിതെറിപ്പിക്കലും,കേസുകൊടുക്കലും,...അങ്ങിനെ പലപല യുദ്ധമുറകള്‍ ഈ മാധ്യമത്തിന്റെ അമിതാസക്തികൊണ്ട് ബ്ലോഗര്‍മാരില്‍ കണ്ടുവരുന്നു. തന്റെ അഭിപ്രായത്തിന് എതിരഭിപ്രായം പറയുന്നവര്‍ തന്റെ ശത്രുക്കളും,അനുകൂലമായി കമന്റിടുന്നവര്‍ തന്റെ മിത്രങ്ങളുമാണെന്ന തെറ്റിദ്ധാരണയുള്ളവരാണ് മിക്ക ബ്ലോഗര്‍മാരും. സത്യത്തില്‍ നമുക്ക്
ചിന്തിക്കാന്‍ കഴിയാതിരുന്ന,അഥവ കാണാനാകത്തവശത്തെക്കുറിച്ച്,അല്ലെങ്കില്‍ നമ്മുടെ കാഴ്ച്ചപ്പാടിന്റെ വൈകല്യത്തെക്കുറിച്ചോ ദൌര്‍ബല്യത്തെക്കുറിച്ചോ അറിവു നല്‍കുന്നത് അധികവും എതിരഭിപ്രായക്കാരനായിരിക്കാം. അയാള്‍ പറയുന്നതെന്തും അനഭിമതമാണെന്ന് മുദ്രകുത്തി കണ്ണടച്ച് ഇരുട്ടാക്കാനാണ് പൊതുവെ ബ്ലോഗര്‍മാര്‍ ശ്രമിക്കുക. ഇതിലൂടെ പലരും തങ്ങളുടെ തന്നെ കണ്ണു കെട്ടുകയാണു ചെയ്യുന്നത്.ഈ അസുഖത്താല്‍ അന്ധത ബാധിച്ച് ബ്ലോഗില്‍ നിന്നുതന്നെ നിഷ്ക്രമിച്ച ഒട്ടേറെ ബ്ലോഗര്‍മാരുണ്ട്.
(പ്രത്യേകിച്ചും മഹാനായ ഈ പാവം ചിത്രകാരന്റെ രംഗപ്രവേശം സഹിക്കവയ്യാതെ ! :)
സംശയരോഗം
ഭൂമിയിലുള്ളതിനേക്കാല്‍ എത്രയോ മടങ്ങ് സംശയരോഗം ബൂലോകത്തുണ്ടെന്നു പറയാം.ഇതിനു കാരണം,ബ്ലോഗില്‍ അഭിപ്രായം പറയുന്ന വ്യക്തിയെ എത്ര പ്രകടമായി പ്രത്യക്ഷപ്പെട്ടാലും,വിശദമാക്കപ്പെട്ടാലും പൂര്‍ണ്ണമായ തലത്തില്‍ നമുക്ക് കാണാനും അറിയാനുമാകുന്നില്ല എന്നതുതന്നെയാകണം. അതേ സമയം ഒന്നോ രണ്ടോ അടി അകലത്തില്‍ എതിരഭിപ്രായം പറയുന്ന ബ്ലോഗറുടെ സാന്നിദ്ധ്യം കുന്തമുനയുമായി നമുക്കുമുന്നില്‍ പ്രത്യക്ഷനായി ജീവനോടെ നില്‍ക്കുന്നുമുണ്ട്. അരൂപിയായ ബ്ലോഗ് വ്യക്തിത്വം ശത്രുവായോ മിത്രമായോ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടാനുള്ള സാധ്യതയും വളരെയേറെയാണ്. നിസാരനും, എന്നാല്‍ ചതിപ്രയോഗത്തിലൂടെ അതിശക്തനുമാകാനുള്ള ഓരോ ബ്ലോഗറുടേയും നിലനില്‍പ്പിന്റെ വൈരുദ്ധ്യമുണ്ടാക്കുന്ന അപായ ഭീതിയായിരിക്കണം ബ്ലോഗിനെ സംശയരോഗികളുടെ ആവാസകേന്ദ്രമാക്കുന്നത്.
സംശയത്തിന്റെ ത്രിമാനരൂപം
ഭൂമിയില്‍ സംസാരിക്കുന്ന ഒരു വ്യക്തിയെ നാം കാണുകയോ കേള്‍ക്കുകയോ ചെയ്യുംബോള്‍ അയാളുടെ ഏറെക്കുറെ സാദൃശ്യമുള്ള
ഒരു ചിത്രം നമ്മുടെ മനസ്സില്‍ രൂപപ്പെടുന്നുണ്ട്.ആരാധനയുടേയൊ വെറുപ്പിന്റേയോ ഭാവുകത്വങ്ങള്‍ അയാള്‍ക്ക് കല്‍പ്പിച്ചുകൊടുത്താല്പോലും അയാള്‍ നമ്മുടെ മനസ്സിലെ ചിത്രത്തിന്റെ പരിധിക്കു പുറത്തുപോകാതെ അച്ചടക്കം പാലിക്കും. കാരണം അയാളുടെ ചിത്രം നേരിട്ട് അനുഭവപ്പെട്ട് വരച്ചതായതിനാല്‍ ഏതാണ്ട് പൂര്‍ണ്ണമാണ്. അയാളുടെ ചിന്തയെ നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നോ ഇല്ലയോ എന്നതൊന്നും ചിത്രം മറ്റിവരക്കനുള്ള കാരണമാകുന്നില്ല. അയാളുടെ ശരീരത്തിന്റെ ചിത്രം,അയാളുടെ സാമൂഹ്യ സ്വാധീനത്തിന്റെ വലിപ്പം അത്രയേ പൊതുവെ ആരും മനസ്സില്‍ വരക്കാറുള്ളു. അതുകൊണ്ടുതന്നെ, ഭൂമിയിലെ അഭിപ്രായങ്ങള്‍ വ്യക്തിപരമായ നഷ്ടക്കച്ചവടമാകുംബോള്‍ മാത്രമേ നാം ഉത്തേജിതരാകാറുള്ളു.അല്ലാതെ സംഭവിക്കാറുള്ളത് അമിതമായ ആശയ ഭ്രാന്തോ,വിശ്വാസ അന്ധതയോ ബാധിച്ച മനുഷ്യരിലാണ്.
എന്നാല്‍, ബ്ലോഗിലെ ചിത്രം വളരെ വ്യത്യസ്തമാകുന്നു.ബ്ലോഗര്‍മാര്‍ക്ക് തങ്ങളുമായി സംവാദത്തില്‍ ഏര്‍പ്പെടുന്ന സഹബ്ലോഗര്‍മാരുടെ
അഭിപ്രായങ്ങളില്‍ നിന്നും, അതിന്റെ രാഷ്ട്രീയ ഭാവവ്യത്യാസങ്ങളില്‍ നിന്നും പരിമിതമായ അല്ലെങ്കില്‍ വളരെ നിസാരമായ ഒരു വ്യക്തിയുടെ രൂപം മാത്രമേ ലഭിക്കുന്നുള്ളു. ബ്ലോഗറുടെ പേരില്‍ നിന്നും ലഭിക്കുന്ന ആണ്‍ പെണ്‍ ലിംഗ വ്യത്യാസം, ജാതി മതം തുടങ്ങിയ മൂശകളുടെ അളവുകള്‍ ; നാട്,ജോലി,ജോലിസ്ഥലം തുടങ്ങിയ പ്രൊഫൈല്‍ വിവരങ്ങള്‍ ; പോസ്റ്റുകളില്‍ നിന്നും കമന്റുകളില്‍നിന്നും ലഭിക്കുന്ന വിശ്വാസപരവും ആശയപരവുമായ നിലപാടുകള്‍ തുടങ്ങിയ പ്രകടമായ/ലഭ്യമായ വിവരങ്ങള്‍ മാത്രം അടിസ്ഥാനമാക്കി ഒരോ ബ്ലോഗറും അന്യ ബ്ലോഗറെക്കുറിച്ച് ഒരു ചിത്രം മനസ്സില്‍ വരക്കുന്നുണ്ട്. ഇത് മനസ്സിന്റെ ഒരു സ്വാഭാവിക പ്രവര്‍ത്തനമാണ്. ഭൂമിയില്‍ നിന്നും വ്യത്യസ്ഥമായി ബൂലോകത്ത് ഒരു വ്യക്തിയുടെ ഒരു ശതമാനം പോലും നേര്‍ച്ചിത്രം ലഭ്യമാകാതിരിക്കുംബോള്‍ നമ്മുടെ മനസ്സുകളില്‍ വരക്കപ്പെടുന്ന ബ്ലോഗര്‍മാരുടെ ചിത്രത്തിന്റെ അസംസ്കൃതവസ്തു എന്തായിരിക്കുമെന്ന് ചിന്തിക്കാന്‍ ചിത്രകാരന്‍ വായനക്കാരോട് ആവശ്യപ്പെടുകയാണ്.
ഇരുട്ടുകൊണ്ടു വരക്കുന്ന ചിത്രങ്ങള്‍
മുപ്പത് കൊല്ലം മുന്‍പ് വായിച്ചതാണ്, വിക്രമാദിത്യകഥയില്‍ പുഴയില്‍ കുളിച്ചുകൊണ്ടിരുന്ന ഒരു ചിത്രകാരന്‍ തന്റെ ശരീരത്തില്‍ വന്ന് ചുറ്റിയ ഏതോ തരുണീമണിയുടെ ഒരു തലനാരിഴ അടിസ്ഥാന വസ്തുവായി ഉപയോഗപ്പെടുത്തിക്കൊണ്ട് ആ മുടിയിഴയുടെ ഉടമയായ സ്ത്രീയുടെ ബാക്കിഭാഗങ്ങള്‍ ഭാവനകൊണ്ട് പൂരിപ്പിച്ചതിലൂടെ അവളുടെ തനിമയാര്‍ന്ന ചിത്രം തന്നെ വരച്ചുവത്രെ ! അതുപോലെ എല്ലാ ബ്ലോഗര്‍മാര്‍ക്കും പ്രായോഗികപരിചയത്തിലൂടെ വളര്‍ത്തിയെടുത്ത ഭാവനയുണ്ടാകുമെന്ന് കരുതാനാകില്ലല്ലോ.
പക്ഷേ, ഏവര്‍ക്കും ഭാവനയുണ്ടെന്നു തന്നെയാണ് ഈ ചിത്രകാരന്റെ മതം. ജീവിത കാലത്ത് ആര്‍ജ്ജിച്ച അറിവും അനുഭവങ്ങളും ഒപ്പിയെടുത്ത രൂപങ്ങളും,മനസ്സിലെ ഭയത്തിന്റെ അഥവ അറിവില്ലായ്മയുടെ ഇരുട്ടും കൂട്ടിച്ചേര്‍ത്താണ് ബ്ലോഗര്‍ തന്നോട് സംവദിക്കുന്ന ബ്ലോഗറുടെ മുഴുവന്‍ രൂപം പൂര്‍ത്തിയാക്കുന്നത്. ഇങ്ങനെ നിര്‍മ്മിക്കപ്പെടുന്ന അപര ബ്ലോഗര്‍മാരുടെ ഭീഭത്സ ചിത്രങ്ങളില്‍ മുഖ്യഘടകം 99 ശതമാനത്തോളം സ്വന്തം മനസ്സിലെ ഇരുട്ടും ഒരു ശതമാനത്തില്‍ താഴെ യഥാര്‍ഥ ബ്ലോഗറുടെ പ്രൊഫൈല്‍ വിവരങ്ങളുമാണ് അടങ്ങിയിരിക്കുക. 2009 ലെ എകദേശ കണക്കുവച്ച് മുകളില്‍ പറഞ്ഞ ചേരുവകളാല്‍ നിര്‍മ്മിക്കപ്പെട്ട അഞ്ഞൂറോളം ബ്ലോഗ് ഭീകരന്മാരാണ് സംശയരോഗിയായ ഓരോ ബ്ലോഗറുടേയും മണ്ടക്കകത്തുകൂടി ഓടിക്കളിക്കുക ! ഇവരെ നേരിടാന്‍ ബൂലോകത്തിന്റെ ആകാശത്ത് അണിനിരക്കുന്ന മാലാഖവേഷം ധരിച്ച, നേരില്‍ പരിചയമുള്ള കുറച്ച് മിത്രബ്ലോഗര്‍മാര്‍ മാത്രമാണ് സംശയരോഗിയായ ബ്ലോഗര്‍മാരുടെ അവലംഭം ! എത്രപേര്‍ സഹായിക്കാനുണ്ടായാലും സംശയരോഗം ഒരു സാംക്രമിക രോഗമായി, യുദ്ധമായി മറ്റു ബ്ലോഗര്‍മാരിലേക്കും പകര്‍ന്നുകൊണ്ടിരിക്കും. രോഗം തലക്കുപിടിച്ചാല്‍ ശത്രുഭയത്താല്‍ ബ്ലോഗര്‍ വിറക്കും. എല്ലാ അയുധങ്ങളുമെടുത്ത് പെരുമാറിയിട്ടും ശത്രുക്കള്‍ അടങ്ങാതെവരുംബോള്‍ ചിലര്‍ ബ്ലോഗ് ഡിലിറ്റും. ബ്ലോഗ് മാന്യന്മാര്‍ക്ക് പറഞ്ഞ സ്ഥലമല്ലെന്ന് മനസ്സിലാക്കി ബ്ലോഗില്‍ നിന്നും കൂടുമാറും. (കാണാപ്പഠം പടിച്ച കയ്യിലിരുപ്പുകളെല്ലാം തീര്‍ന്നു എന്നേ ഈ പിന്മാറ്റങ്ങള്‍ക്ക് അര്‍ത്ഥം നല്‍കേണ്ടതുള്ളു.:)
ബ്ലോഗിലെ പോത്തുകള്‍
സാഹിത്യവും,കലയും സുഖിപ്പിക്കലും,എണ്ണയും കുഴംബുമിട്ട് ഉഴിയുന്നതുമാണെന്ന് ദൃഢവിശ്വാസം പുലര്‍ത്തുന്ന ബ്ലോഗര്‍മാരെയാണ്(ബ്ലോഗ് പുലി എന്നൊക്കെ വിശേഷിപ്പിക്കുന്നതുപോലെ) ചിത്രകാരന്‍ പോത്തുകള്‍ എന്നു നാമകരണം ചെയ്തിരിക്കുന്നത്. ശരീരത്തിനോ പ്രായത്തിനോ വിദ്യാഭ്യാസത്തിനോ,ജോലിക്കോ അനുസൃതമായി മനസ്സു വികസിക്കാത്ത ഈ ബ്ലോഗര്‍മാര്‍ പരംബരാഗതമായ പ്രമാണിത്വത്തില്‍ വിശ്വസിക്കുന്നവരും, മിക്കാവാറും ആനത്തഴംബോ,ജാതിവാലോ ഉള്ളവരുമായിരിക്കും.
പരംബരാഗതമായ ലക്ഷണശാസ്ത്രങ്ങള്‍ അനുസരിച്ച് വൃത്തവും, അലങ്കാരവും,നോക്കി ഉത്തമമാണെന്ന് ബോധ്യപ്പെട്ടാലെ ഇവര്‍
അന്യ ബ്ലോഗര്‍മാരെ മനുഷ്യരാണെന്ന് തിരിച്ചറിയു.ഇവരുടെ തിരിച്ചറിവില്‍ പെടാത്ത ഭീകരരൂപികളാണ് ചിത്രകാരനെപ്പൊലുള്ള
മഹാത്മാക്കള്‍ ! ശരീരത്തിന്റെ വലിപ്പത്തിന് അനുപാതമല്ലാത്ത തരത്തില്‍ ബ്ലോഗില്‍ എഴുതുന്നു എന്ന ഭീകരമായ കുറ്റം ഈ പാരംബര്യവാദികള്‍ക്ക് സഹിക്കാനാവുന്നതല്ല. ചുരുങ്ങിയപക്ഷം ഒരു ആനത്തഴംബുപോലുമില്ലാതെ നിങ്ങളിങ്ങനെ എഴുതാമോ എന്നും,കുറച്ചുകൂടി കുഴംബുതിരുമ്മി എഴുതുകയാണെങ്കില്‍ കല്‍പ്പിച്ച് പട്ടും വളയും നല്‍കി ആദരിക്കാന്‍ ഈ പോത്തുകള്‍ക്ക് അശേഷം വിരോധമില്ലെന്നും അരുളിചെയ്യും ! ഇവര്‍ക്ക് ഒരു ബ്ലോഗറെ നേരില്‍ കാണുംബോഴുണ്ടാകുന്ന സംശയരോഗംകൊണ്ട് സൃഷ്ടിച്ചെടുത്ത ഭീകരരൂപവും, പ്രത്യക്ഷത്തിലുള്ള യഥാര്‍ത്ഥ രൂപവും തമ്മിലുള്ള വിടവുകാരണം മനസ്സിലുണ്ടാകുന്ന മണ്ണിടിച്ചില്‍ സ്വബോധം നഷ്ടപ്പെടാന്‍ തന്നെ കാരണമാകാറുണ്ട്.ചീറ്റിപ്പോയ അമിട്ടുപോലെ ചിലര്‍ ചിരിച്ചു നില്‍ക്കും.ചിലര്‍ ഫ്രീസ് ചെയ്തപോലെ ! ചിലര്‍..ഇടിമുഴക്കത്തിന്റെ ശബ്ദത്തിനു പകരം ഒരു സ്ത്രണസ്വരം കേട്ടതിലുള്ള വൈക്ലബ്യത്തോടെ..ഹഹഹ..!!!
ഇവരുടെ തലക്കകത്തെ വൃത്തികേടിന്റെ ഉത്തരവാദിത്വം അപരിചിതനായ ബ്ലോഗര്‍ ചുമക്കണമെന്നാണ് :)
ബ്ലോഗിലെ ബ്ലോഗര്‍മാരുടെ യഥാര്‍ത്ഥ വ്യക്തിത്വവും,സ്വകാര്യ ജീവിതവും,ചികഞ്ഞെടുത്ത് അതുപയോഗിച്ച് മനസ്സില്‍ തെറ്റായി അന്യബ്ലോഗര്‍മാരുടെ ചിത്രം വരച്ച് തന്റെ വ്യക്തിത്വത്തിന്റെ ആപേക്ഷിക വലിപ്പം കണ്ടെത്തുക എന്ന വൃഥാവ്യായാമം നടത്തുന്നവരാണ് അധികവും. സത്യത്തില്‍ ഇതൊരു അധമ സ്വഭാവമാണ്. ബ്ലോഗര്‍മാര്‍ എഴുതുന്ന പോസ്റ്റുകള്‍ക്ക് അനുസൃതമായ തന്റെ ചിന്താഗതികള്‍ പങ്കുവച്ച് സ്വന്തം വഴിക്ക് തെന്നിയകന്നുപോകേണ്ടതിനു പകരം വ്യക്തികള്‍ക്കു ചുറ്റും പ്രതിക്ഷണം വച്ച് ആരാധിക്കണോ,അപമാനിക്കണോ എന്ന് തീര്‍ച്ചപ്പെടുത്താനുള്ള അടിമത്വപാരംബര്യത്തിന്റെ ചൊറിച്ചിലാണ് പലര്‍ക്കും.ഇന്റെര്‍ നെറ്റിലും ബ്ലോഗിലും എത്തിപ്പെട്ടിട്ടും പഴയ ശീലങ്ങളുടെ നമ്മുടെ വളഞ്ഞവാല്‍ പുറത്തുകാണിച്ചേ അടങ്ങു എന്നു ശാഠ്യമുള്ളവരെക്കുറിച്ച് എന്തു പറയാം!
ഒരേ മേഖലയില്‍ സഹകരിച്ച് നീങ്ങാനുള്ള സൌഹൃദപരമായ,അല്ലെങ്കില്‍ സ്വന്തം ജീവിതത്തിലേക്കോ ബിസിനസ്സിലേക്കോ ഒന്നിച്ചുപോകാനുള്ള ഒരു വ്യക്തിയെ കണ്ടെത്താന്‍ മാത്രമേ ഒരു ബ്ലോഗറുടെ വ്യക്തിഗത വിവരങ്ങള്‍ കൂടുതലായി അന്വേഷിക്കേണ്ട ആവശ്യം ബ്ലോഗര്‍മാര്‍ക്കിടയില്‍ ഉണ്ടാകുന്നുള്ളു എന്നാണ് ചിത്രകാരന്റെ നിരീക്ഷണം. അതിലൂടെ അനാവശ്യമായ സംശയരോഗത്തില്‍ നിന്നും അന്യ ബ്ലോഗര്‍മാരെ ദ്രോഹിക്കാനുള്ള സാഹചര്യത്തില്‍ നിന്നും ബ്ലോഗര്‍മാര്‍ക്ക് വിട്ടു നില്‍ക്കാനാകും.
സ്വതന്ത്രവും, മാന്യവുമായ ബ്ലോഗ് സംസ്കാരത്തിനായി, ബൂലോകത്തെ സംശയരോഗം അതിന്റെ കാരണങ്ങള്‍ എന്നിവയെക്കുറിച്ച് ശരിയായ ഒരു നിലപാട് ഓരോ ബ്ലോഗര്‍ക്കും ആവശ്യമായിരിക്കുന്നു. അതില്‍ എത്തിച്ചേരുവന്‍ ചിലരെയെങ്കിലും സഹായിക്കും എന്ന പ്രതീക്ഷയിലാണ് ചിത്രകാരന്‍ ബ്ലോഗിലെ സംശയരോഗത്തിന്റെ ഘടനയിലേക്ക് വെളിച്ചം വീഴ്ത്താന്‍ ശ്രമിച്ചിട്ടുള്ളത്.ഇത് ഏതെങ്കിലും പ്രത്യേക ബ്ലോഗര്‍മാരെക്കുറിച്ചുള്ള അവലോകനമല്ല. മൊത്തം ബ്ലോഗിനെ നിരീക്ഷിച്ചതില്‍ നിന്നുമുണ്ടായ അഭിപ്രായമാണ്.
ജാഗ്രതൈ:ഈ പോസ്റ്റിലെ ചിത്രകാരന്റെ സ്വന്തമായ ആശയമാണ് സംശയരോഗത്തിന്റെ രാസഘടനയെക്കുറിച്ചുള്ളത്.ആ ആശയം വികസിപ്പിച്ച് പ്രിന്റ് മീഡിയയില്‍ വല്ലവനും ലേഖനം കാച്ചുകയാണെങ്കില്‍ ചിത്രകാരന് മതിയായ ക്രെഡിറ്റ് നല്‍കേണ്ടതാണ്.അല്ലാത്തപക്ഷം എഴുതിയവന്റേയും എഡിറ്ററുടേയും പത്ര മുതലാളിയുടേയും പിതാവിനെ അന്വേഷിച്ച് പോസ്റ്റ് എഴുതുന്നതായിരിക്കും :)
(സബ് ഹെഡിങ്ങുകള്‍ക്ക് ലിങ്കു കൊടുക്കാനുള്ള മുള്ളൂക്കാരന്റെ സൂത്രം ഒന്നു പരീക്ഷിച്ചു നോക്കാന്‍ കൂടി വേണ്ടിയാണ് ഈ പോസ്റ്റ് എഴുതിയിരിക്കുന്നത്.)
Wednesday, August 26, 2009
പോള്‍ വധം ആട്ടക്കഥ
പത്രക്കാരും,ചാനലുകളും,പോലീസും,ഗുണ്ടാകലാകാരന്മാരും തകര്‍ത്തഭിനയിക്കുന്ന പോള്‍ വധ ആട്ടക്കഥയില്‍ ലക്ഷണമൊത്ത കൊട്ടേഷന്‍ സംഘാഗങ്ങളുടേയും,
സിനിമാ-സീരിയല്‍ നടിമാരുടേയും ഭാഗം അഭിനയിച്ചുകൊണ്ടിരിക്കുന്ന കലാകാരന്മാര്‍ വര്‍ത്തമാന രാഷ്ട്രീയ-സാമൂഹ്യ വ്യവസ്ഥിതിയുടെ
ഇരുളടഞ്ഞ ഭീഭത്സമായ മുഖം നമുക്ക് കാണിച്ചുതന്നിരിക്കുന്നു. നമ്മുടെ ആണത്തമില്ലാത്ത സ്ത്രൈണരാഷ്ട്രീയക്കാരുടേയും, സംബന്നകൂട്ടിക്കൊടുപ്പുകാരുടേയും വളര്‍ത്തുമൃഗങ്ങളായ കൊട്ടേഷന്‍ ഗുണ്ടകള്‍ നമ്മുടെ സംസ്ഥാനത്തിന്റെ ഭരണം ഏറ്റെടുക്കുന്ന നല്ല നാളെയെക്കുറിച്ചുള്ള ദുസ്വപ്നമാണ് ഈ ഓണക്കാലത്ത് പോള്‍ വധം ആട്ടക്കഥയിലൂടെ കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
ഒരു രാജ്യത്ത് നീതിന്യായക്രമസമാധാനപരിപാലന വ്യവസ്ഥിതി അപര്യാപ്തമാകുംബോള്‍ അഥവ നീതി വിതരണത്തില്‍ അസംതുലിതാവസ്ഥയുണ്ടാകുംബോഴാണല്ലോ നീതിയുടെ വിതരണം കരിഞ്ചന്തയില്‍ നിക്ഷിപ്തമാകുന്നത്.പണം നല്‍കി തനിക്കിഷ്ടമുള്ള
നീതി നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന ധനികരുടെ വാലായി ജനാധിപത്യ ഭരണ സംവിധാനം ചുരുങ്ങുംബോള്‍ സംഭവിക്കുന്ന
സാധാരണ സ്ഥിതിവിശേഷം ! നമുക്ക് പോള്‍ വധം ആട്ടക്കഥ ആവര്‍ത്തിച്ച് കണ്ട് ആസ്വദിച്ചുകൊണ്ടിരിക്കാം.
ആത്മബോധമില്ലാത്ത അടിമകളായ ജനങ്ങള്‍ക്ക് എന്തെങ്കിലുമിട്ട് ചവച്ചുകൊണ്ടിരിക്കണമെന്നേയുള്ളു.കീചക വധമോ, ഹിരണ്യവധമോ,പോള്‍വധമോ,സ്ത്രീ പീഢനമോ,തന്ത്രിയുടെ പെണ്ണുപിടിയോ,രാവണ വധമോ,രാമായണമോ,ഭാരതമോ,ഖുറാനോ,ബൈബിളൊ,നെഹൃരാജവംശ ചരിതമോ,മമ്മുട്ടി മോഹന്‍ലാല്‍ വീരേതിഹാസങ്ങളോ.... അങ്ങിനെ എന്തെങ്കിലും സ്ഥിരമായി ചുയിങ്ഗം പോലെ ചവക്കാന്‍ കിട്ടണമെന്നേയുള്ളു അടിമകള്‍ക്ക്.
പിന്നെങ്ങനെ ഭരണം നന്നാവും ? നമ്മളെങ്ങനെ നന്നാവും ???
Tuesday, August 25, 2009
ഗലീലിയോ -വിശ്വാസത്തിന്റെ നട്ടെല്ല് തകര്‍ത്ത ശാസ്ത്രജ്ഞന്‍
JAയുടെ കുറിഞ്ഞി ഓണ്‍ലൈന്‍ ബ്ലോഗില്‍ ഒരു കുറിപ്പുകണ്ട് ചിത്രകാരന്‍ ആ ബ്ലോഗിലെത്തിയതായിരുന്നു. മനോഹരമായി എഴുതിയ
ഗലീലിയോ ഗലീലിയുടെ ചരിത്രം തന്നെ വിശദമായി മറ്റൊരു പോസ്റ്റില്‍ എഴുതി വച്ചിരിക്കുന്നു. ബ്ലൊഗിന് ഒരു അനുഗ്രഹമായ ആ പൊശ്റ്റിന്റെ ലിങ്ക് ചിത്രകാരന്റെ റെഫറന്‍സിനായി ഇവിടെ ചേര്‍ക്കുന്നു. ഗലീലിയോ കാലവും കാഴ്ച്ചയും
chithrakaran:ചിത്രകാരന്‍ said...
400 വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മുടെ (ആധുനിക മനുഷ്യന്റെ) ജീവിതവും
വീക്ഷണവും വിശ്വാസങ്ങളും മാറ്റിമറിച്ച മഹാനായ ഗലീലിയോയെക്കുറിച്ച് സമഗ്രമായ ആറിവു നല്‍കുന്ന
ഈ പോസ്റ്റ് വായിക്കാനായതില്‍ വളരെ സന്തോഷം. നന്ദി.
ബ്ലോഗില്‍ മതത്തിന്റേയും ജാതിയുടേയും
ഇടുങ്ങിയ ഇരുട്ടറകളിലിരുന്ന്
വര്‍ഗ്ഗീയ പ്രചരണം നടത്തുന്ന സുഹൃത്തുക്കള്‍
ഈ പോസ്റ്റ് വായിച്ചിരുന്നെങ്കില്‍
അവരില്‍ കുറച്ചുപേരെങ്കിലും
സ്വതന്ത്രചിന്തയുള്ള നല്ല മനുഷ്യരായേനെ !!!
10:13 PM
ജനാധിപത്യത്തിന്റെ ലേബലില്‍....
പല ആധിപത്യങ്ങളും അടിമമനസ്സുള്ള ജനങ്ങള്‍ നിവസിക്കുന്ന രാജ്യങ്ങളില്‍ നിലവില്‍ വന്നേക്കാം.
കുറ്റം ആത്മ ബോധമില്ലാത്ത ജനങ്ങളുടേതാണ്. തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തകരേയും,ഭരണാധിപന്മാരേയും,പോലീസിനേയും,
കോടതിയേയും നിയന്ത്രിക്കാനുള്ള ഇച്ഛാശക്തി അഥവ ശരിയായ രാഷ്ട്രീയ ബോധം ആദ്യമായി ഉണ്ടാകേണ്ടത് ജനങ്ങളിലാണ്.
ശരിയായ രാഷ്ട്രീയ ബോധവും,ധര്‍മ്മ ബോധവും,നീതി-ന്യായ ബോധവുമുള്ള ജനങ്ങളെ സേവിക്കാനുള്ള ജനാധിപത്യ സംവിധാനമാണ് ഒരു രാജ്യത്തിലെ സൈന്യവും,പോലീസും,ഗവണ്മെന്റും,കോടതികളുമെല്ലാം. എന്നാല്‍, ജന്മിത്വത്തിന്റേയും ജാതീയതയുടേയും നുകത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടില്ലാത്ത നമ്മുടെ ജനങ്ങളില്‍ അത്ര വലിയ പ്രതീക്ഷയര്‍പ്പിച്ചുകൂട.അവരുടെ അടിമത്വം
മുതലാക്കി ആധിപത്യം നേടാനേ അവരുടെ പരിചാരകര്‍ മാത്രമായ ഭരണ വ്യവസ്ഥിതിയിലെ വിവിധ മെഷിനറികള്‍ ശ്രമിക്കു.
ഇതിനൊരു മാറ്റം വരാനായി ആത്മബോധമുള്ളവരുടെ സ്നേഹചിന്തകള്‍ സാധാരണ മനുഷ്യരുടെ ജീവിതങ്ങളിലേക്ക് കടന്നു ചെല്ലേണ്ടിയിരിക്കുന്നു. സാംസ്ക്കാരികതയിലൂടെ ഒരു രാജ്യത്തെ ജനങ്ങളെ ശക്തരാക്ക്ക്കേണ്ട ചുമതല അറിവുള്ളവര്‍ക്കുണ്ട്.നമ്മുടേ രാഷ്ട്രത്തിന്റേ ശക്തിക്കും,ആരോഗ്യത്തിനും,വളര്‍ച്ചക്കും, സമൃദ്ധിക്കും , സന്തോഷത്തിനും എന്താണ് ജനാധിപത്യത്തിന്റെ രാസഘടന എന്ന് നാം അന്വേഷിക്കേണ്ടിയിരിക്കുന്നു.
ബി.ആര്‍.പി.ഭാസ്ക്കറിന്റെ “ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍” എന്ന ലേഖനം വായിച്ചപ്പോള്‍ തോന്നിയ ചിത്രകാരന്റെ ചിന്തകളാണ് മുകളില്‍ എഴുതിവച്ചത്. തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ലേഖനമാണ് “ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍”. പ്രത്യേകിച്ചും രാഷ്ട്രീയം എന്നാല്‍ പാര്‍ട്ടി രാഷ്ട്രീയമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു ജനത.
Blogger chithrakaran:ചിത്രകാരന്‍ said...
അതിപ്രധാനമായ നിരീക്ഷണമാണിത്.
നമ്മുടെ രാജ്യം ഒരു കോടതിആധിപത്യ രാജ്യമായിക്കൂട.
ജനാധിപത്യ രാജ്യം എന്നത് ജനങ്ങളുടെ ആധിപത്യം നിലവിലിരിക്കുന്ന രാജ്യം തന്നെ ആയിരിക്കണം.അത് എത്ര മോശമാണെങ്കില്‍ തന്നെയും !
കോടതിക്ക് ഒരു മദ്ധ്യസ്ഥന്റെ സ്ഥാനത്തിനേ അര്‍ഹതയുള്ളു. ആ സ്ഥാനത്തിന്റെ മഹത്വം പക്ഷഭേദമില്ലാതെ ജനങ്ങള്‍ക്ക് നീതിലഭ്യമാക്കുക എന്നുള്ളതാണ്. അല്ലാതെ തങ്ങള്‍ക്കു മുന്നില്‍ വരുന്നവരെയെല്ലാം ദാര്‍ഷ്ട്ര്യത്തോടെ കുറ്റവാളികളായും,നിരപരാധികളായും മുദ്രകുത്തുക എന്നതല്ല.നീതിക്കായി കോടതിയെ സമീപിക്കുന്നവരെ പിച്ചക്കാരെപ്പൊലെ കാണുന്ന കോടതി വ്യവസ്ഥ പഴയ സവര്‍ണ്ണ നാടുവാഴിത്വത്തിന്റേയും, ബ്രിട്ടീഷ് കൊളോണിയല്‍ പാരംബര്യത്തിന്റ്യും ശേഷിപ്പായിരിക്കാം.
കോടതിയില്‍ എത്തിപ്പെടുന്ന സാധാരണ ജനങ്ങള്‍ക്ക് ചുരുങ്ങിയത് ഒന്ന് ഇരിക്കാനോ,കോടതി നടപടികള്‍
വ്യക്തമായി കേള്‍ക്കാനോ കാണാനോ പോലുമുള്ള സൌകര്യമില്ലാത്ത നീതി നിര്‍വ്വഹണം അപരിഷ്കൃതമെന്നെ പറയാനാകു.
എന്തു തന്നെയായാലും നമ്മുടെ കോടതികള്‍
വെറും പ്രതിയെ മാത്രമല്ല,കുറ്റവാളിയെപ്പോലും
ബഹുമാനിക്കുന്ന മാനവികതയിലേക്ക് വികാസം പ്രാപിക്കേണ്ടിയിരിക്കുന്നു.അത്തരം പരിഷ്ക്കരണങ്ങള്‍ക്കായി ജനങ്ങളില്‍ രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടാകേണ്ടിയിരിക്കുന്നു.
നല്ല ലേഖനം. നന്ദി.
Tuesday, August 25, 2009 7:19:00 PM IST
Monday, August 24, 2009
സനാതന ഹൈന്ദവ ശവസംസ്ക്കാരം !
പകല്‍ വെളിച്ചത്തില്‍ കാണിച്ചുതരുന്നു കിടങ്ങൂരാന്റെ ബ്ലോഗില്‍.നമ്മുടെ പുറംമ്പൂച്ചു മാത്രമായ
വൃത്തി-ശുദ്ധി നാട്യങ്ങളുടെ ജീര്‍ണ്ണമായ സാമൂഹ്യവശം മനസ്സിലാക്കാന്‍ കേരളത്തിലെ തെരുവില്‍ നാം കണ്ണടച്ച് വലിച്ചെറിയുന്ന
ഗാര്‍ഹിക വേസ്റ്റുകള്‍ കണ്ടാല്‍ മതിയാകുമെങ്കിലും, പുണ്യനദിയായി വിശേഷിപ്പിക്കപ്പെടുന്ന ഗംഗയില്‍
തള്ളുന്ന മനുഷ്യന്റെ പാതിവെന്ത മൃതദേഹങ്ങള്‍ പട്ടികള്‍ കടിച്ചുകീറുന്നത് നമ്മുടെ സാംസ്ക്കാരികതയുടെ
പൊയ്മുഖമില്ലാത്ത ചിത്രമായി കിടങ്ങൂരാന്റെ ബ്ലോഗില്‍ കാണാം. (ലോല ഹൃദയര്‍ക്ക് കാണാതിരിക്കാം)
പൊസ്റ്റ് 2009 ഫെബ്രുവരി 19 ലേതാണ്.ചിത്രകാരന്‍ ആ സമയത്ത് ബ്ലോഗില്‍ സജീവമാകാതിരുന്നതിനാലാകാം കാണാന്‍ വൈകിയത്.
Sunday, August 23, 2009
ബ്ലോഗര്‍മാരുടെ ഭ്രാന്ത് !
ഓരോ ബ്ലോഗറും ഒരു ഭ്രാന്തനാണെന്ന ഈ മഹനീയ കണ്ടുപിടുത്തത്തിന്റെ ആത്മ നിര്‍വൃതിയില്‍ ചിത്രകാരന്‍ അനിര്‍വചനീയ ആനന്ദം അനുഭവിക്കുകയാണ്. ഇതുവരെ ചിത്രകാരനും ചില അപൂര്‍വ്വം കവികള്‍ക്കും മത്രമേ ഭ്രാന്തുള്ളു എന്ന സങ്കടത്തിലായിരുന്നു കഴിഞ്ഞുകൂടിയിരുന്നത്. ഈ ചിന്തഗതിയില്‍ ഒരു കുതിച്ചുചാട്ടം തന്നെ നടത്താന്‍ കഴിഞ്ഞിരിക്കുന്നു ! സര്‍വ്വത്ര ഭ്രാന്താണ് ബൂലോകം....അങ്ങനെ, ബ്രാന്താലയം എന്ന് ബൂലോകത്തെ വിശേഷിപ്പിച്ച ആദ്യ ബ്ലോഗറാണ് ചിത്രകാരന്‍ എന്ന വസ്തുത ചരിത്രകാരന്മാര്‍ ഓര്‍ത്തുവക്കുക :)
മറ്റു മാധ്യമങ്ങളില്‍ നിന്നും ബ്ലോഗിനെ വ്യത്യസ്തമാക്കുന്നത് ബ്ലോഗെഴുത്തില്‍ പതിയുന്ന ബ്ലോഗറുടെ വ്യക്തിത്വത്തിന്റെ വിരലടയാളമാണ്.
അന്യരുടെ കരസ്പര്‍ശമേല്‍ക്കാത്ത നിര്‍മ്മലമായ അഭിപ്രായകുഞ്ഞുങ്ങളെ ഷ്ഡിയിടാതെ(ഷഡിയുടെ അയിത്തം മാറട്ടെ.എന്നിട്ടും മാറാത്ത അയിത്ത ബോധമുള്ളവര്‍ ഉടുപ്പ് എന്ന് തിരുത്തി വായിക്കുക.) കാണണമെങ്കില്‍ ബ്ലോഗില്‍ തന്നെ വരണം.
സത്യത്തില്‍ ബ്ലോഗ് ഒരു പ്രസവ വാര്‍ഡാണ്. ആണ്‍ ബ്ലോഗര്‍മാരും, പെണ്‍ബ്ലോഗര്‍മാരും എന്ന ലിംഗവ്യത്യാസമില്ലാതെ ഏവര്‍ക്കും ക്രിയാത്മക സന്തതികളെ പ്രസവിക്കാനുള്ള ലേബര്‍ റൂം. കംബ്യൂട്ടറിലേക്ക് നേരിട്ട് രചന നടത്തുന്ന ബ്ലോഗര്‍മാര്‍ക്ക് പ്രസവവേദനയുടെ സുഖമറിയാം. എന്നാല്‍, കടലാസില്‍ എഴുതി വെട്ടിത്തിരുത്തി പകര്‍ത്തി വക്കുന്ന സിസേറിയന്‍ ഏര്‍പ്പാട് ഇഷ്ടപ്പെടുന്നവര്‍ക്ക് അത്രക്ക് സുഖം ലഭിക്കില്ല. ജോലിക്കാരെവച്ച് ബ്ലോഗ് എഴുതിപ്പിക്കുന്നവര്‍ക്ക് വാടക ഗര്‍ഭപാത്രത്തെ ആശ്രയിക്കുന്നവരെപ്പോലെ നിസാരമായ ഉടമസ്താവകാശത്തിലുള്ള ഗര്‍വ്വുമാത്രമേ ലഭിക്കു. ഇവരെ ബ്ലോഗര്‍മാരെന്നു വിശേഷിപ്പിക്കാനുമാകില്ല.
ഇങ്ങനെ ദിവസം രണ്ടു മണിക്കൂറെങ്കിലും ബ്ലോഗിലെ പ്രസവവാര്‍ഡില്‍ പോസ്റ്റുകളൊ, കമന്റുകളോ പ്രസവിച്ച് കടന്നുകളയുന്നവരെയാണ് ബ്ലോഗ് ഭ്രാന്തന്മാര്‍ എന്നു പറയുന്നത്.വെറും ബ്ലോഗ് വായനക്കാരെ ബ്ലോഗ് ഭ്രാന്തന്‍ എന്ന അംഗീകാരം നല്‍കി ആദരിക്കാനാകില്ല. എന്നാല്‍ പോസ്റ്റെഴുതിയില്ലെങ്കിലും കമന്റെഴുതുന്ന വായനക്കാരെ ഈ അംഗീകാരത്തിന് പരിഗണിക്കാവുന്നതാണ്.
സാധാരണ ഗതിയില്‍ ബ്ലോഗ് ഭ്രാന്ത് ഒരു രോഗമല്ല. കൂടുതല്‍ സമയം ബ്ലോഗിനുവേണ്ടി ചിലവഴിക്കുന്നത് ചികിത്സ ആവശ്യമായ ഒരു രോഗമാണെന്നും പറയാം. പത്ര മാസികകള്‍ വായിക്കുംബോഴും, ടിവി കാണുംബോഴും നമുക്ക് ബ്ലോഗിലെപ്പോലെ പെട്ടെന്നു പ്രതികരിക്കാനാകില്ല. പ്രതികരിച്ചാല്‍ തന്നെ അവ ഒരാഴ്ച്ചയോ രണ്ടുമാസമൊ കഴിഞ്ഞ് ചാപിള്ള പരുവത്തില്‍ പ്രസിദ്ധീകരിച്ചാല്‍ തന്നെ ആരും ഗൌനിക്കണമെന്നില്ല. അതുകൊണ്ടുതന്നെ ബ്ലോഗില്‍ ലഭിക്കുന്ന ഉന്മാദ സുഖം(ബ്ലോഗ് ലഹരി) മറ്റു മീഡിയകളില്‍ ലഭിക്കില്ല.ജീവിതത്തിന്റെ രസം തന്നെ ഭ്രാന്തണെങ്കിലും ബ്ലോഗില്‍
ഈ ഉന്മാദ ആസക്തി നിയന്ത്രിക്കുക എന്നതാണ് ജീവിതം കുളം തോണ്ടാതിരിക്കാനുള്ള എളുപ്പവഴി :)
Saturday, August 22, 2009
വികെസി സ്ട്രീറ്റ് ലൈറ്റ് റിയലിറ്റി ഷോ!
ഭൂമിതൊടാതെ അവര്‍ സന്തോഷിക്കട്ടെ !!
അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു റിയാലിറ്റി ഷോ നല്ലൊരു ആശയമായി ജന്മമെടുത്തത് ചിത്രകാരനെ സന്തോഷിപ്പിച്ചിരിക്കുന്നു.
“വികെസി സ്ട്രീറ്റ് ലൈറ്റ്” എന്ന റിയല്‍ ഷോയിലൂടെ ഇന്ത്യാവിഷന്‍ ഒരു ചരിത്രം സൃഷ്ടിക്കുകയാണ്.കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 17 തെരുവു ഗായക കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു ജീവിത ഗന്ധിയെന്നോ സാമൂഹ്യ സ്പര്‍ശിയെന്നോ വിശേഷിപ്പിക്കാവുന്ന ഒരു റ്യാലിറ്റി ഷോ. തികച്ചും കാലഘട്ടത്തിന്റെ ഒരു ഞെട്ടലായി വിഷ്വല്‍ മീഡിയയെ ഉപയോഗിക്കുന്ന... നമ്മുടെ ബോധമണ്ഡലത്തെ ശുദ്ധീകരിക്കുന്ന ധര്‍മ്മം നിറവേറ്റുന്ന തരത്തിലുള്ള ആശയമായി തോന്നുന്നു.കാലിക്കറ്റ് ലാന്‍ഡ് മാര്‍ക്ക് ബില്‍ഡേഴ്സ് ഈ 17 തെരുവു ഗായക കുടുംബങ്ങള്‍ക്കും അവരുടെ നാട്ടില്‍ കിടപ്പാടം നിര്‍മ്മിച്ചു നല്‍കുന്നു എന്ന പ്രത്യേകതക്കു പുറമേ, നമ്മുടെ സമൂഹത്തില്‍ ഉപേക്ഷിക്കപ്പെട്ടതും നമ്മുടെ പൊങ്ങച്ച സമൂഹത്തില്‍ തീരെ അന്തസ്സില്ലാത്തതുമായ മനുഷ്യരും നമ്മുടെ സഹോദരങ്ങളാണെന്ന തിരിച്ചറിവു നല്‍കുന്ന മഹത്തായ ആശയമായി ചിത്രകാരന്‍ ഈ സംരഭത്തെ വിലമതിക്കുന്നു. പ്രമുഖ വ്യവസായിയായ വി.കെ.സി. മുഹമ്മദ് കോയയുടെ സഹകരണത്തോടെ പ്രമുഖ പരസ്യചിത്ര നിര്‍മ്മാതാവായ സുധീര്‍ അംബലപ്പാടാണ് ഈ പുതിയ ആശയം ഉയര്‍ത്തിക്കൊണ്ട് വരുന്നത്. സുധീറിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !! വി.കെ.സി. മുഹമ്മദ് കോയയുടെ മാതൃകാപരമായ നല്ല മനസ്സിനും നന്ദി പറയേണ്ടിയിരിക്കുന്നു.
ഇന്ന് ഇന്ത്യാവിഷനില്‍ ആരംഭിച്ച വി.കെ.സി. റിയാലിറ്റി ഷോയില്‍ എഴുതിക്കാണിച്ച ഒരു വാചകം ചിത്രകാരന് വളരെ ഇഷ്ടപ്പെട്ടു. “സംഗീതം ഒന്നേയുള്ളു, അതു തെരുവിലുമുണ്ട്”
ഈ പരിപാടിയുടെ നടത്തിപ്പും,നിലവാരവും,ഭാവിയും എന്തായിരിക്കുമെന്നൊന്നും ചിത്രകാരന് പ്രവചിക്കാനാകില്ല. പക്ഷേ, ഈ ആശയം ഗംഭീരമാണ്. അതു മാത്രമാണ് ഈ പോസ്റ്റിന്റെ പ്രചോദനം.
ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 8.30 ന് ഇന്ത്യാവിഷനില്‍ പ്രകഷേപണം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ് പരിപാടിയില്‍ ഇന്ന് കാണിച്ച ഭാഗങ്ങളില്‍ നിന്നും ടിവി സ്ക്രീനില്‍ നിന്നെടുത്ത ചില ഫോട്ടോകള്‍ താഴെകൊടുക്കുന്നു.








ബ്ലോഗിലെ ജാതി-മത പ്രചരണം
ബ്ലോഗില്‍ വിശ്വാസികളുമായുള്ള സംവാദങ്ങളില്‍ പങ്കെടുത്തുകൊണ്ടുള്ള അനുഭവങ്ങളില്‍ നിന്നായിരിക്കണം ലേഖനത്തിന്റെ പ്രചോദനമെന്നു തോന്നുന്നു. വിവിധ ജാതിമത വര്‍ഗ്ഗീയ സംഘങ്ങള്‍ നിലവില്‍ തങ്ങളുടെ വിഢിവിശ്വാസങ്ങള്‍ക്ക് ബ്ലോഗില്‍ പ്രാമുഖ്യം ലഭിക്കുന്നതിനായി വളരെ സംഘടിതമായി പ്രവര്‍ത്തിക്കുന്നുണ്ട്. സത്യത്തില്‍ വളരെ കഴിവും, ആത്മാര്‍ത്ഥതയും, നമയുമുള്ള ഈ ചെറുപ്പക്കാര്‍ ഈ കുത്സിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നമ്മുടെ സാമൂഹ്യ-സാംസ്ക്കാരിക രംഗത്തെ ചലനാത്മകത ഇല്ലായ്മയുടെ പരിണതഫലമാകാം. ഇവരുടെ വിശ്വാസം ശുദ്ധീകരിക്കാന്‍ അന്യര്‍ക്ക് കഴിയില്ലെങ്കിലും, സാംസ്കാരികതയുടെ പുനര്‍ദ്ധാരണത്തിലൂടെ പുരോഗമനവാദികള്‍ക്ക് ഇവരെ സാഹോദര്യത്തോടെ ആധുനികതയിലേക്ക് ആകര്‍ഷിക്കാനാകും. ബ്ലോഗിലെ സത്യാന്വേഷികള്‍ക്ക് അത്തരമൊരു സാംസ്ക്കാരിക നവീകരണത്തിന് കഴിയട്ടെ എന്നാശിക്കുന്നു.
സി.കെ ബാബുവിന്റെ ലേഖനത്തിന്റെ ലിങ്ക്.
സമാനമായ മറ്റു ചില പോസ്റ്റുകളുടെ ലിങ്കുകള്‍ കൂടി ചിത്രകാരന്റെ സൌകര്യാര്‍ത്ഥം താഴെക്കൊടുക്കുന്നു.
അനില്‍ അറ്റ് ബ്ലോഗിന്റെ മതനിരപേക്ഷതക്ക് കൂട്ടു ചേരാം ലിങ്ക്
വികടശിരോമണിയുടെ മത നിരപേക്ഷ ബ്ലോഗ് കൂട്ടായ്മ ലിങ്ക്.
chithrakaran:ചിത്രകാരന്‍ said...
വിശ്വാസിയോട് തര്‍ക്കിച്ചു സമയം കളയുന്നതില്‍ കാര്യമില്ല. ആധുനിക ശാസ്ത്രീയ കാഴ്ച്ചപ്പാടുള്ള ഒരാളെ സംബന്ധിച്ച് വിശ്വാസി പലകാരണങ്ങളാല്‍ ചിന്താശേഷി കുറഞ്ഞുപോയ ഒരു സഹജീവിയാണ്.ഭയം കാരണമോ,സാമൂഹ്യ വിലക്കുകള്‍ കാരണമൊ മനസ്സിന്റെ നവീകരണത്തിന്റെ വാതില്‍ അടഞ്ഞുപോയ
വിശ്വാസിയെ നമുക്ക് ഒന്നും ബോധ്യപ്പെടുത്താനാകില്ല.
വിശ്വാസി താന്‍ അറിവില്ലാത്തവനും ചിന്താശേഷി മരവിപ്പിക്കപ്പെട്ടവനുമാണെന്ന് സ്വയം തിരിച്ചറിയുന്ന നിമിഷത്തില്‍ മാത്രമേ അയാളുടെ മനസ്സിന്റെ വാതില്‍ തുറക്കപ്പെടുന്നുള്ളു. അതു സംഭവിക്കാത്ത കാലത്തോളം ഇറച്ചിക്കോഴികളായും, കുറുക്കന്മാരായും ദൈവത്തിനും,പുരോഹിതര്‍ക്കുമായി ജീവിക്കാനുള്ള നിയോഗമാണ് വിശ്വാസിക്ക് തിരഞ്ഞെടുക്കാനുള്ളത്.
അതായത് മതവിശ്വാസം എന്നത് അടിമത്വത്തിനു കീഴിലുള്ള അച്ചടക്കത്തോടെയുള്ള ജീവിതമാണ്.
അവര്‍ക്ക് ഇരുട്ട് പ്രകാശത്തേക്കാള്‍ സുഖപ്രദമാണ്.
എണ്ണപ്പണത്തിന്റെ അനര്‍ഹമായ സൌഭാഗ്യം നമ്മുടെ വിശ്വാസികളെ കൂടുതല്‍ വിഢികളും മന്ദബുദ്ധികളുമാക്കാന്‍ കാരണമായിരിക്കുന്നു.
ശാസ്ത്രത്തിന്റെ അക്ഷരമാല ദഹിക്കാത്തവനുപോലും ശാസ്ത്രത്തിന്റെ ഏറ്റവും പുതിയ സാങ്കേതിക സഹായം വിരല്‍ തുംബില്‍ ലഭിക്കാന്‍ അനര്‍ഹമായ സംബത്ത് ഇടവരുത്തിയിരിക്കുന്നു. മന്ദ ബുദ്ധി അതും തന്റെ മതവിശ്വാസത്തിലെ പ്രപഞ്ചത്തിന്റെ ഉടമയായ ഭഗവാന്റെ കൃപാകടാക്ഷമാണെന്നു ധരിച്ച്, ആധുനിക വാര്‍ത്താവിനിമയ സംവിധാനമായ ഇന്റെര്‍നെറ്റില്‍ പോലും മതവിശ്വാസത്തിന്റെ വിഡ്ഢിത്തം എഴുതിപ്പിടിപ്പിക്കാന്‍ പണത്തിന്റെ ഹുങ്ക് ഉപയോഗപ്പെടുത്തുന്നു.
ജീവിതത്തില്‍ ഒരു മൊബൈല്‍ ഫോണ്‍ പോയിട്ട് ഒരു തീപ്പെട്ടികൊള്ളിപോലും കണ്ടിട്ടില്ലാത്ത പ്രാകൃതരായ പഴഞ്ചന്‍ പ്രവാചകന്മാരേയും , അവന്റെയൊക്കെ പ്രപഞ്ചദര്‍ശനങ്ങളേയും സത്യമാണെന്നു സ്ഥാപിക്കാന്‍ നെറ്റില്‍ വരുന്ന വിശ്വാസികളെ മനോരോഗികളായി കണ്ട് സഹതപിക്കുക മാത്രമേ കഴിയു.
പോരേ ബാബു...? ചിത്രകാരന് ബാബുവിന്റെ ലേഖനം വായിച്ചപ്പോള്‍ ഇങ്ങനെയൊക്കെയാണ് ചിന്തിക്കാന്‍ കഴിയുന്നത് ! ഇതൊരു രോഗമാകാതിരിക്കട്ടെ എന്ന് സര്‍വ്വശക്തനായ പടച്ചോനോട് പ്രാര്‍ത്ഥിക്കട്ടെ :) ഹഹഹ....
August 21, 2009 8:33 PM
chithrakaran:ചിത്രകാരന്‍ said...നമ്മളെല്ലാവരും മനുഷ്യന്മാരാണെന്നും,ഒരൊറ്റ സമൂഹമാണെന്നും പറയുംബോള്‍ നമ്മുടെ വിഭാഗീയതയുടെ അതിരുകള്‍ തല്‍ക്കാലത്തേക്ക് ഇല്ലാതാകുന്നുണ്ട്.
ഉപരിപ്ലവമായ മാന്യതാപ്രകടനത്തിന്റെ ഭാഗമായെങ്കിലും
നാമെല്ലാം മനുഷ്യരാണെന്ന് കുറച്ചുനേരത്തേക്കെങ്കിലും
വിശ്വസിക്കാനാകുംബോള്‍ വലിയൊരു സാമൂഹ്യ നന്മയാണ് സംഭവിക്കുന്നത്. വികട ശിരോമണിയുടേയും,
അനിലിന്റേയും, ബന്ധപ്പെട്ട മറ്റു സുഹൃത്തുക്കളുടേയും ഈ ക്രിയാത്മകചിന്ത മറ്റൊരു വിഭാഗീയതയായിത്തീരും എന്ന് ചിത്രകാരന് തോന്നുന്നില്ല. മനസ്സില്‍ വിഭാഗീയതയും ജാതീയതയും ഒളിപ്പിച്ചുവക്കുന്നവര്‍ക്ക് ഒരു പക്ഷേ അത്തരം സംശയങ്ങളുണ്ടാകുക സ്വാഭാവികമാണ്.
ഇത്തരം വിഭാഗീയ-വര്‍ഗ്ഗീയ-സംശയ ചിന്തക്കാരെ കൂടി ഉള്‍ക്കൊള്ളാനാകുന്ന വിധത്തില്‍, അവരെ കൂടി തങ്ങളുടെ അവിഭാജ്യഭാഗമായി മനസ്സിലക്കി സ്നേഹിക്കാനും, വ്യക്തി ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് ആശയവിനിമയം നടത്താനും, ആത്മാര്‍ത്ഥ സൌഹൃദം നിലനിര്‍ത്താനും കഴിയുന്ന വിധം ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് കഴിയട്ടെ എന്നാണ് ചിത്രകാരന്റെ ആഗ്രഹം.
ഇങ്ങനെയൊരു സൌഹൃദം നിലനിര്‍ത്താന്‍ നാം നിലവില്‍ അന്യ ജാതി-മത-രാഷ്ട്രീയ-വര്‍ഗ്ഗീയ അംഗങ്ങളെ മുഖ്യസ്തുതി നടത്തുന്ന കപടമായ പ്രീണന തന്ത്രങ്ങളാണ് അവലംഭിച്ചുവരുന്നത്. ഈ പ്രീണന രീതി നമ്മുടെ സമൂഹത്തെ മനുഷ്യത്വവും,സ്നേഹവും,നന്മയും നശിപ്പിച്ച് കാപട്യത്തിന്റെ വര്‍ഗ്ഗീയ വീതംവയ്പ് സംഘങ്ങളുടെ
വ്യഭിചാരശാലയാക്കിയിരിക്കുന്നു.
ഇന്നത്തെ വ്യവസ്ഥിതിയില്‍ മാന്യത എന്നത് കപടമായ പെരുമാറ്റ വൈദഗ്ദ്യത്തിന്റെ
സര്‍ക്കസ്സു മാത്രമാണെന്ന് നമുക്കറിയാം.
(അതുകൊണ്ടാണല്ലോ ബ്ലോഗില്‍ കപട മാന്യനാകേണ്ടെന്ന് ചിത്രകാരന്‍ തീരുമാനിച്ചത് :)
ഈ കപട സദാചാരത്തെ സത്യസന്ധതകൊണ്ട് പകരംവക്കാന്‍,സത്യത്തെ ബഹുമാനിക്കുന്ന പരസ്പ്പര ബഹുമാനത്തിന്റെ, വ്യത്യസ്ത ചിന്താഗതിക്കാരുടെ, വിശ്വാസക്കാരുടെ, എല്ലാവരും മനുഷ്യരാണെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ലാത്ത ഒരു കൂട്ടായ്മക്ക് സാധിക്കും. പരസ്പ്പരം സംശയിക്കാതിരിക്കാന്‍, ശത്രുത തോന്നാതിരിക്കാന്‍...
ഈ പൊതുവേദിയിലെ വ്യക്തിപരമായി പരാമര്‍ശിക്കാതെയുള്ള ആശയവിനിമയ സാധ്യത ഉപയോഗപ്പെടുത്താനാകും.
ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടുബോഴും,അതെഴുതിയ ബ്ലോഗര്‍മാരെ മനുഷ്യസഹോദരനാണെന്ന ഉറച്ച ബോധത്തോടെ
ബഹുമാനിക്കാനും, സത്യസന്ധമായും സ്നേഹത്തൊടെയും അവരോട് വ്യക്തിപരമായി അടുപ്പം സൂക്ഷിക്കാനും കഴിയുന്ന പക്വമായ ഒരു സാംസ്ക്കാരികതയിലേക്ക് ഉയരാന്‍ ബ്ലോഗ്ഗര്‍മാരെ പ്രാപ്തമാക്കുന്നതില്‍ അനിലും,വികട ശിരോമണിയും വിഭാവനം ചെയ്യുന്ന ഈ സെക്കുലര്‍ കാഴ്ചപ്പാടിന് ആവശ്യത്തിന് ആഴവും പരപ്പുമുണ്ടാകട്ടെ എന്ന് ചിത്രകാരന്‍ ആശംസിക്കുന്നു.
ഇത്രയും എഴുതിയതുകൊണ്ട് ഈ കൂട്ടായ്മയുടെ രഹസ്യഅജണ്ട ചിത്രകാരന്റേതാണെന്ന് ചില സംശയ രോഗികളെങ്കിലും സംശയിച്ചുപോകും !!!
അതു ചിത്രകാരന്റെ കുറ്റമല്ലെന്ന് നന്മയുടേയും,സത്യത്തിന്റേയും,സ്നേഹത്തിന്റേയും ആരാധകനായ ചിത്രകാരന്‍ 100% ഉറപ്പുതരുന്നു :)
August 22, 2009 8:03 PM

Friday, August 21, 2009
എങ്ങനെ മലയാളത്തില്‍ ബ്ലോഗാം...കണ്ണൂരാന്റെ പുസ്തകം

കേരള ബ്ലോഗ് അക്കാദമി എന്ന ആശയത്തിന്റെ സ്ഥാപകാഗങ്ങളില്‍ ഒരാളും, ഒട്ടേറെ ബ്ലോഗ് ശില്‍പ്പശാലകളിലൂടെ
മലയാളം ബ്ലോഗിങ്ങിനെക്കുറിച്ച് പുതിയ ബ്ലോഗര്‍മാര്‍ക്ക് സരസമായി ബ്ലോഗ് പാഠങ്ങള്‍ പകര്‍ന്നു നല്‍കിയയാളുമായ കണ്ണൂരാന്റെ (ബാബുരാജ്) എങ്ങിനെ മലയാളത്തില്‍ ബ്ലോഗാം എന്ന പുസ്തകം ഡിസി. ബുക്സ് ഈ മാസം 27 ന് കൊല്ലത്തുവച്ച് പ്രകാശനം ചെയ്യുന്നു. ഡോക്റ്റര്‍.ബി.ഇക്ബാലാണ് പുസ്തകം എഡിറ്റു ചെയ്തിരിക്കുന്നത്.
മലയാളം ബ്ലോഗിങ്ങിന് ജനകീയമായ പ്രചരണം നല്‍കുന്ന ഈ സംരഭത്തെ മലയാളികള്‍ സഹര്‍ഷം സ്വാഗതം ചെയ്യും എന്നതില്‍ സംശയമില്ല.
കണ്ണൂരാന് ചിത്രകാരന്റെ ഹാര്‍ദ്ദവമായ അഭിവാദ്യങ്ങള്‍ !!! പുസ്തകത്തിനും :)
മനോരമ ഓണ്‍ലൈനില്‍ വന്ന റിവ്യു ലിങ്ക് ഇവിടെ.
Wednesday, August 19, 2009
റേഡിയോ കണ്ടുപിടിച്ചത് ഇന്ത്യക്കാരന്‍ ?
കൂടുതല്‍ ആധികാരികമായ അറിവിനായി വരുണ്‍ അഗര്‍വാളിന്റെ ലേഖനത്തിന്റെ ലിങ്കും നാറാണത്തുഭ്രാന്തന്റെ പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. സത്യാവസ്ഥ അറിയേണ്ടിയിരിക്കുന്നു.
Tuesday, August 18, 2009
കേരളത്തിന്റെ ബുദ്ധി മാന്ദ്യം !
എന്തായാലും , സവര്‍ണ്ണ ചിന്തയുടെ മഹത്വവല്‍ക്കരണമാണ് ഈ സീരിയലുകളുടെയെല്ലാം രാഷ്ട്രീയം. വിവിധ ഹിന്ദു ദൈവങ്ങളുടെ മാഹാത്മ്യവും, അല്‍ഫോസയും പരിശുദ്ധമായിരിക്കേണ്ട നമ്മുടെ ധര്‍മ്മബോധത്തെ വെറും ചരക്കാക്കി തീര്‍ക്കുന്നു. ആത്മീയതയെ വ്യഭിചരിക്കുന്നു.
Friday, August 14, 2009
ശത്രുക്കളെ സൃഷ്ടിച്ചവരെ തിരിച്ചറിയുക !!!
ഒരു പക്ഷേ, കാല്‍പ്പനികമെന്ന് തോന്നാമെങ്കിലും, അതിലെ ശത്രുക്കളെ സൃഷ്ടിച്ചവരെ കണ്ടുപിടിക്കാനുള്ള , തിരിച്ചറിവിന്റെ ആഹ്വാനമാണ് പോസ്റ്റിനെ മഹത്വമുള്ളതാക്കുന്ന ഘടകം എന്നു തോന്നുന്നു.
ശത്രുക്കളെ സൃഷ്ടിച്ചവരെ തിരിച്ചറിയുക എന്നത് അനേക തലങ്ങളുള്ള ഒരു അന്വേഷണത്തിന്റെ തുടക്കമായി അനുഭവപ്പെടുന്നു. സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തിലാണ് ആ പോസ്റ്റ് എഴുതിയിരിക്കുന്നതെങ്കിലും, എക്കാലത്തേക്കും പ്രസക്തമായ ചിന്ത !
- chithrakaran:ചിത്രകാരന്‍ said...
-
അതിമനോഹരമായിരിക്കുന്നു നിങ്ങളുടെ മാനവിക ചിന്തകള്‍. നമ്മുടെ ശത്രുക്കളെ സൃഷ്ടിച്ചവരെ തിരിച്ചറിയാനുള്ള ചരിത്രബോധം ആര്‍ജ്ജിക്കുകതന്നെയാണ് സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ആദ്യ പടി.
എന്നാല്‍ ...അക്ഷരാഭ്യാസവും, പുരോഗതിയും, പണവും, ആധുനിക സുഖ സൌകര്യങ്ങളും തലപുണ്ണാക്കി, അദ്ധ്വാനിക്കാതെ ലഭിച്ച ജനം അടിമത്വത്തിന്റെ ഭൂതത്തിന്റെ തണലില്‍ സുരക്ഷിതബോധത്തോടെ തിമര്‍ത്ത് ഉല്ലസിക്കുകയാണ്.
ശത്രുക്കളെ സൃഷ്ടിക്കുന്നവര്‍ ബോംബുമിട്ഠയിയും,രോഗാണു മഴയും നല്‍കി എന്നാണാവോ നമ്മെ കുടിയൊഴിപ്പിക്കുക ! - 14 August, 2009 8:59 PM
നാറാണത്തു ഭ്രാന്താ...,
വിലപ്പെട്ട ആറിവുകളാണല്ലോ ഈ പോസ്റ്റിലൂടെ ബൂലോകത്തെ അറിയിച്ചിരിക്കുന്നത് !
ബ്ലോഗില്‍ പ്രസിദ്ധീകരണം വ്യക്തിഗതമായതിനാല്‍
ആധികാരികമായി എന്തു ലിങ്കുണ്ടായാലും
ജനം കാര്യമാക്കില്ല.
അതുകൊണ്ടുതന്നെ വിസ്തരിച്ച തെളിവുകളോടെ,
ഭ്രാന്തനോ, മറ്റു വല്ല സുമനസ്സുകളോ ഇതൊരു
സമഗ്ര ലേഖനമായി പ്രമുഖ പത്രമാധ്യമങ്ങളിലൂടെ
പ്രസിദ്ധീകരിക്കട്ടെ എന്ന് (ദുര)അഭിമാനത്തോടെ
ആശിക്കുന്നു.
ഈ പോസ്റ്റിന് വളരെ വളരെ നന്ദി.
തലക്കെട്ട് ബൂലോകത്ത് ഉചിതം തന്നെ !
സസ്നേഹം.