
സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള നാടുകടത്തപ്പെട്ടതിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന അനുസ്മരണങ്ങളുടെ ഭാഗമായി ബ്ലോഗര്‍ ദത്തന്റെ വിവേകം ബ്ലോഗില്‍ പോസ്റ്റ് ചെയ്യപ്പെട്ട സ്വദേശാഭിമാനിയുടെ നാടുകടത്തലും വക്കം മൌലവിയും എന്ന അവസരോചിതമായ കുറിപ്പ് ഈ ആഴ്ച്ചത്തെ മാതൃഭൂമി ബ്ലോഗനയിലും പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഒരു പത്രത്തിന്റെ നിലപാടു രൂപീകരണത്തില്‍ അതിന്റെ ഉടമക്കുള്ള അവഗണിക്കപ്പെട്ട പ്രാധാന്യത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടുകൂടി ഉയര്‍ത്തിക്കാണിക്കുന്ന
ചരിത്ര നിയോഗം ഈ പോസ്റ്റിനും മുഖ്യമന്ത്രി വി.എസ്.അച്ച്യുതാനന്ദന്റെ ഓര്‍മ്മപ്പെടുത്തലിനുമുണ്ടെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.
ദത്തന്റെ പോസ്റ്റ് വായിക്കാന്‍ ഈ ലിങ്കിലൂടെ പോയാല്‍ മതിയാകും.
ചിത്രകാരന്‍ ഇതിന്റെ വെളിച്ചത്തില്‍ നമ്മുടെ പത്രമുതലാളിമാരുടെ സാംസ്ക്കാരിക സ്ഥാനത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്.
ഏതു പത്ര മാധ്യമത്തിന്റേയും സ്വഭാവം നിശ്ചയിക്കുന്നത് അതിന്റെ ഉടമയുടെ മനസ്സിലെ നന്മയുടെ അളവുതന്നെയാണ്.പത്രാധിപരുടെ ഹൃദയ ശുദ്ധിയേക്കാള്‍ പത്രത്തെ സ്വാധീനിക്കുന്നതും സാംസ്ക്കാരികോര്‍ജ്ജ്യമായി സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതും പത്ര ഉടമയുടെ ഉദ്ദേശശുദ്ധിതന്നെയാണ്. നമ്മുടെ മാതൃഭൂമി,മനോരമ,കൌമുദി പത്രങ്ങളുടെ സാംസ്ക്കാരിക വന്ധ്യതയെയും മാധ്യമം, ഇന്ത്യവിഷന്‍ തുടങ്ങിയ മാധ്യമങ്ങളുടെ സാംസ്ക്കാരിക ഉദ്ധാരണശേഷിയേയും ഇതോടുകൂടി കൂട്ടി വായിക്കേണ്ടതാണ്. ഇവിടെയെല്ലാം ചിത്രകാരന്‍ കാണുന്ന ഒരു മത സംസ്ക്കാരത്തിന്റെ സമവാക്യചേരുവയുണ്ട്. ഹിന്ദു-കൃസ്ത്യന്‍-ജൈന ഉടമസ്തതയിലുള്ള പത്രങ്ങള്‍ക്ക് നമ്മുടെ സാംസ്ക്കാരിക ഹൈന്ദവസവര്‍ണ്ണതയുടെ ചക്കരക്കുടത്തില്‍ നിന്നും സമൂഹത്തെ പുറത്തുകടത്താനോ,സ്വയം പുറത്തു കടക്കാനോ കഴിയുന്നില്ല.
മൂര്‍ച്ചയില്ലാത്ത കുഴഞ്ഞ പത്രാധിപന്മാരുടെ പടയെക്കൊണ്ട് അവര്‍ ജനക്കൂട്ടത്തിന്റെ ഒഴുക്കിന്റെ മുന്‍ നിരയിലേക്ക് മാസാല മുക്കി പൊരിച്ച നോട്ടീസുവിതരണമായി പത്രപ്രവര്‍ത്തനത്തെ ചിട്ടപ്പെടുത്തിവച്ചിരിക്കുന്നു.ട്രെന്‍ഡുകള്‍ക്കു മുന്നില്‍ സാങ്കേതികവിദ്യകൊണ്ട് ഓടിയെത്തുക എന്ന ബുദ്ധിയുടേയും, പാരംബര്യത്തിന്റേയും, പ്രഫഷണലിസത്തിന്റേയും,വായനക്കരന്റെ ശീലത്തിന്റേയും തുടര്‍ച്ചക്കപ്പുറം നമ്മുടെ സാംസ്ക്കാരിക ശാപമാകുന്നു ഇങ്ങനെയുള്ള മാധ്യമങ്ങള്‍.പണം,അധികാരം,സ്ഥാനമാനം എന്നീ അരാഷ്ട്രീയവും ലജ്ജാകരവുമായ ലക്ഷ്യങ്ങള്‍ക്കുപരി വായനക്കാരന്റെ ബോധശുദ്ധീകരണത്തിനായി ഒന്നുംതന്നെ സംഭാവന ചെയ്യാനാകാത്തവിധം ഇത്തരം പത്ര ഉടമകള്‍ ഒഴിഞ്ഞ തകര പാട്ടകളായിരിക്കുന്നു !
മാധ്യമം ഓണപ്പതിപ്പ്
ഈ വര്‍ഷത്തെ മാധ്യമം ആഴ്ച്ചപ്പതിപ്പിന്റെ ഓണപ്പതിപ്പ് അവിചാരിതമായാണ് ചിത്രകാരന്റെ കണ്ണില്‍ പെട്ടത്. പൊതുവെ പത്രമാധ്യമങ്ങളുടെ വായനക്കാരനല്ലാത്ത ചിത്രകാരന്‍ നാട്ടില്‍ പോയപ്പോള്‍ സമയം പോക്കാനായി അനിയന്റെ മേശപ്പുറത്ത് പരതി ലഭിച്ച ഓണപ്പതിപ്പ് നല്ലൊരു കാഴ്ച്ചയായിരുന്നു.പരസ്യത്തിന്റെ ആധിക്യത്താല്‍ മനസ്സില്‍ നിന്നും പടിയടച്ച് പിണ്ഢം വക്കപ്പെട്ട മാതൃഭൂമി,മനോരമ ഓണപ്പതിപ്പുകള്‍ക്ക് വിപരീതമായി ഒരു സാംസ്ക്കാരിക മരുപ്പച്ചയായി മാധ്യമം പതിനൊന്ന് ജൈവ മനുഷ്യരെക്കുറിച്ച്, അവരുടെ ഋഷി സമാനമായ ധന്യമായ ജീവിത ലക്ഷ്യങ്ങളെക്കുറിച്ച് ഹൃദയ ശുദ്ധിയോടെ സംസാരിക്കുന്നു.
മാധ്യമം ആഴ്ച്ചപ്പതിപ്പ് വായിക്കാതിരിക്കുന്നതുകൊണ്ടായിരിക്കാം ചിത്രകാരന്‍ ഇങ്ങനെ അസ്ഥാനത്ത് അതിശയിച്ച് നിന്നുപോയത്.
ചിത്രകാരന്റെ അറിവില്ലായ്മയെ പൊറുക്കുക.സബ് എഡിറ്റര്‍ സവാദ് റഹ്മാന്റെ മുഖവുരയായുള്ള “ഇവരുടെ കിറുക്കാണ് നമ്മുടെ ജീവ വായു”എന്ന കുറിപ്പിനു ശേഷം
1)പോങ്ങാട്ടിരി മുണ്ടന്‍-എം.അബ്ദുള്‍ റഷീദ്,
2)ശ്രീ പഡ്‌റെ-വേണു കള്ളാര്‍,
3)പള്ളിക്കല്‍ ഭവാനി-സെയ്ഫ് ചക്കുവള്ളി,
4)മല്ലികാര്‍ജ്ജുനന്‍ കാണി-ജി.പ്രജേഷ്സെന്‍,
5)ഗൌതം സാരംഗ്,
6)കെ.വി.ദയാല്‍-കെ.എ.സെയ്ഫുദ്ധീന്‍,
7)ഫോറസ്റ്റ് കരീം-പി.കൃഷ്ണകുമാരി,
8)കെ.കെ.കുന്നത്ത്-എം.ഷിയാസ്,
9)നാരായണിയേച്ചി-കെ.പി.റഷീദ്,
10)ബഷീര്‍ സുജീവനം-സിയാദ് അഹമ്മദ്,
11)തോരപ്പ മുഹമ്മദ്-ഇബ്രാഹിം കോട്ടക്കല്‍
തുടങ്ങിയവരുടെ അനുഭവ സാന്ദ്രമായ ഫീച്ചറുകള്‍ മാധ്യമം ഓണപ്പതിപ്പിലൂടെ റിയാലിറ്റി ഷോകളില്‍ മതിമറന്നിരിക്കുന്ന മലയാളികളെ തട്ടിയുണര്‍ത്തിക്കൊണ്ട് പ്രസിദ്ധീകരിക്കാനുള്ള ഊര്‍ജ്ജ്യം വെറും പത്രാധിപന്മാരുടെ സംഭാവനയാകില്ല. പത്ര ഉടമസ്തരുടെ ആണത്വം കൂടിയാണ് ഇതിലൂടെ പ്രഖ്യാപിക്കപ്പെടുന്നത്.
ഇന്ത്യാവിഷന്
അതുപോലെത്തന്നെ, ഇന്ത്യവിഷനിലൂടെ ശനി,ഞായര്‍ ദിവസങ്ങളില്‍ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന വി.കെ.സി.സ്ട്രീറ്റ് ലൈറ്റ് എന്ന സംഗീത റിയല്‍ ഷോയില്‍ തെരുവു ഗായകരെ പൊതുധാരയിലേക്ക് കൊണ്ടുവന്ന് അവരെക്കൊണ്ട് ജീവിതത്തിന്റെ പൊള്ളത്തരം കുത്തിപ്പൊട്ടിക്കുന്ന അസാധാരണമായ ധൈര്യം ഇന്ത്യവിഷന്‍ പ്രകടിപ്പിക്കുംബോള്‍ ചിത്രകാരന്‍ അത് സമൂഹത്തിന്റെ സാംസ്ക്കാരിക പ്രതീക്ഷകളുടെ നവ മുകുളങ്ങളായാണ് കാണുന്നത്. ഇന്ത്യാ വിഷന്റെ മാനേജുമെന്റ് മുനീറിന്റെ ഹൃദയശുദ്ധിക്ക് അതിന്റെ പത്രാധിപസമിതി നല്‍കുന്ന തെളിച്ചം സമൂഹത്തിന്റെ വെളിച്ചമാകുന്നുണ്ട്.ഇന്ത്യവിഷന്‍ ടി.വി. ലൈവ് ലിങ്ക്
വളരെ പരിമിതമായ ഉദാഹരണങ്ങളെ ചിത്രകാരന്‍ പങ്കുവക്കുന്നുള്ളു എങ്കിലും,മുസ്ലീം സാംസ്ക്കാരികത നമ്മുടെ ഹിന്ദു-കൃസ്ത്യന്‍-ജൈന സാംസ്ക്കാരികതയേക്കാള്‍ നമ്മുടെ മണ്ണിന്റെ ആത്മാഭിമാനത്തിന്റെ കരുത്തും സത്യസന്ധതയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കരുത്ത് തെളിയിച്ചിരിക്കുന്നു എന്ന് ചിത്രകാരന്‍ സന്തോഷപൂര്‍വ്വം മനസ്സിലാക്കുന്നു. ഈ മാധ്യമ ഉടമകളെ കേവലം മതത്തിന്റെ കുടുസ്സു കളങ്ങളില്‍ നിര്‍ത്തി വരച്ചു പഠിച്ചത് അവര്‍ വര്‍ഗ്ഗീയതയുടെ വക്താക്കളായി നിലകൊള്ളുന്നതിനാലല്ല. ഇതര പത്ര മുതലാളികളെ അപേക്ഷിച്ച് കൂടുതല്‍ മാനവികമായ ആത്മബോധമുള്ളവര്‍ ഇവരാണെന്നതിനാല്‍ ഇവരെ ഹൈന്ദവ സവര്‍ന്നതയുടെ ജീര്‍ണതയുടെ
അഴുക്കു തീണ്ടാത്തവരെന്ന് പ്രത്യേകം എടുത്തുപറയുന്നതിനു വേണ്ടി മാത്രമാണ്.
ചിത്രകാരന്റെ കുട്ടിക്കാലത്തൊക്കെ നമ്മുടെ നാട്ടിലെ നായ്കള്‍ക്ക് ടിപ്പുവെന്ന് പേര്‍ സാധാരണമായിരുന്നു. ഹൈന്ദവ സവര്‍ണ്ണ ധാര്‍ഷ്ട്ര്യത്തിന്റെ വേട്ടപ്പട്ടികളായി എക്കാലവും നിലനിര്‍ത്താനുള്ള അധീശബോധത്തിന്റെ പരിഹാസ്യമായ ആ ഓര്‍മ്മ പോലും എത്രമാത്രം നാണം കെട്ടതാണ്. കുഞ്ഞാലിമരക്കാര്‍മാരെപ്പോലെ രാജ്യസ്നേഹമോ, ഉലയാത്ത രാഷ്ട്രീയ ബോധമോ പേടിത്തൊണ്ടന്മാരായ നമ്മുടെ ആഘോഷിക്കപ്പെടുന്ന വീരശൂരപരാക്രമികള്‍ക്ക് ഉണ്ടായിരിക്കാനിടയുണ്ടോ ? വാമനനില്‍ നിന്നും ലഭിച്ച ചതിയല്ലാതെ ഒരായുധം പോലും അവര്‍ക്കറിയുമോ ?
ലോക ഇസ്ലാമികതയുടെ വിഷമേല്‍ക്കാതെ അതിജീവിക്കുകയാണെങ്കില്‍ ... മുസ്ലീംസാംസ്ക്കാരികത നമ്മുടെ ഹിന്ദു-കൃസ്ത്യന്‍-ജൈന സാംസ്ക്കാരികതയേക്കാള്‍ സത്യത്തിന്റെയും,മാനവികതയുടേയും വഴിയില്‍ വളരെ മുന്നിലാണെന്നു മാത്രമല്ല, ഭാവി അവര്‍ക്കുള്ളതുതന്നെയാണ്.







